Campus Alive

എച്ച്.സി.യുവിലെ ‘ഫാഷിസ്റ്റ് വിരുദ്ധ’ ഇടത് ബഹിഷ്ക്കരണവും, മുസ്‍ലിം രാഷ്ട്രീയ സങ്കൽപവും

സംഘ്പരിവാർ ശക്തികൾ കാമ്പസിനകത്തും പുറത്തും അധികാരം കൈയ്യാളുന്ന സാഹചര്യത്തിലാണ് ഹൈദരാബാദ് സർവ്വകലാശാല 2019 സെപ്തംബർ 26ന് യൂണിയൻ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സംഘ്പരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെയും, രോഹിത് വെമുലയുടെ മരണത്തിനുത്തരവാധിയായ കൊലയാളി വൈസ് ചാൻസലർ അപ്പറാവുവിന്‍റെ നേതൃത്വത്തിലുള്ള ബ്രാഹ്മണ-റെഡ്ഢി-കമ്മ അഡ്മിനിസ്ട്രേഷന്റെയും കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ സമഗ്രാധിപത്യമാണ് കാമ്പസിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ അരങ്ങേറിയത്.

സ്വാതന്ത്രാനന്തരം വികസിച്ച ദേശീയത/ മതേതര ആഖ്യാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും എഴുപതുകളിലെ ജെ.എൻ.യുവിലെ വരേണ്യ-ഇടത് ഫാന്റസികളെ തിരുത്തികൊണ്ടുമുള്ള മണ്ഡൽ- ബാബരിയാനന്തര വിദ്യാർഥിത്വം ജാതി, മതം, ലിംഗം, പ്രദേശം, ഭാഷ തുടങ്ങി വിവിധങ്ങളായ സാമൂഹിക -രാഷ്ട്രീയ കര്‍തൃത്വങ്ങളെ ജ്ഞാനമണ്ഡലങ്ങളിലും വിദ്യാർത്ഥി പൊതുഇടത്തിലും അഭിമുഖീകരിച്ചു കൊണ്ട് രൂപപ്പെടുത്തിയെടുത്ത രാഷ്ട്രീയ വ്യവഹാരങ്ങളുടെ ആദ്യകാല പരീക്ഷണ പ്രദേശങ്ങളിലൊന്നാണ് ഹൈദരാബാദ് സർവ്വകലാശാല.  ദലിത്, മുസ്‍ലിം, ആദിവാസി വിഭാഗങ്ങളിൽ നിന്ന് സാമൂഹിക മൂലധനവും പ്രിവിലേജുകളുമില്ലാത്ത ശരീരങ്ങൾ സർവ്വകലാശാലയിലേക്ക് കടന്നുവരുകയും സ്വയം സംഘടിക്കുകയും ചെയ്തതോടെ കാമ്പസുകളിൽ നിലനിന്നിരുന്ന സവർണ-മെറിറ്റ് ബോധത്തെ നിരന്തരം അസ്വസ്ഥപ്പെടുത്തി. ഇന്ത്യയിലെ ബ്രാഹ്മണ-ഹിന്ദു ദേശീയത പുറത്തു നിർത്തിയ മുസ്‌ലിം വിദ്യാർത്ഥികൾ 2006ലെ ഒ.ബി.സി സംവരണത്തിന് ശേഷമാണ് വിശേഷിച്ചും കേന്ദ്ര സർവ്വകലാശാലകളിലേക്ക് കടന്നുവരുന്നത്. ഈയർത്ഥത്തിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ ബഹുജൻ രാഷ്ട്രീയത്തിന്റെ ചരിത്രം മുസ്‍ലിം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്. കാമ്പസിലേക്ക് കടന്നു വരുന്ന മുസ്‍ലിം  വിദ്യാർത്ഥികളുടെ ആത്മാഭിമാനബോധത്തോടെയുള്ള നിലനിൽപ്പിന് മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളായ എസ്.ഐ.ഒ യും, എം.എസ്.എഫും ഒക്കെ നിർവ്വഹിച്ച പങ്ക് നിസ്തുലമാണ്. അംബേദ്ക്കറെറ്റ് – ആദിവാസി – ബഹുജൻ മുതൽ കാശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ മറ്റു സാമൂഹ്യ വിഭാഗങ്ങളുമായുള്ള മുസ്‍ലിം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സംവേദനങ്ങളും ഇടപെടലുകളും, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഉയർത്തിക്കൊണ്ട് ‍വരുന്നതിലും ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട അപകർഷതാ ബോധങ്ങളെ സംഘടിച്ച് മാറ്റിയെഴുതുന്നതിലും നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. രോഹിത് വെമുല പ്രക്ഷോഭങ്ങളും സംഭവങ്ങളും ഇതിന്റെ പ്രകടമായ പ്രതിഫലനമാണ്.

സാമൂഹിക നീതിക്കായുള്ള രോഹിത് വെമുല മൊമന്‍റാനന്തരം കാമ്പസില്‍ കൂടുതൽ ദൃശ്യമായ ഇസ്‍ലാം/മുസ്‍ലിം രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എസ്.ഐ.ഒയും എം.എസ്.എഫും
ഇടത് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയെ നിരന്തരം അസ്വസ്ഥപ്പെടുത്തികൊണ്ടിരിക്കുന്നുണ്ട്. തീവ്ര വലതുപക്ഷ വംശീയ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയെ എസ്.ഐ.ഒ യുമായി സമീകരിച്ചും, കോളോണിയൽ കാലയളവിൽ ഹിന്ദു ഏകീകരണത്തിനായി നിർമിച്ച മുസ്‍ലിം വിരുദ്ധ വ്യവഹാരങ്ങളിലൊന്നായ ‘വർഗീയത’  എം.എസ്.എഫിൽ ചാർത്തിയുമാണ് സവർണ- ഹിന്ദു -കമ്മ്യൂണായ എസ്.എഫ് ഐ  ഇസ്‍ലാമോഫോബിയ വ്യവസായം കാമ്പസിൽ പ്രചരിപ്പിക്കുന്നത്. എസ്.എഫ്.ഐ മുന്നോട്ട് വെക്കുന്ന ‘വിദ്യാർത്ഥി’ എന്ന കാറ്റഗറിയിൽ നിന്ന് സംഘടിത മുസ്‍ലിം രാഷ്ട്രീയ സംഘടനകളിലെ  മുസ്‍ലീങ്ങൾ പുറത്താണ്. അംബേദ്ക്കറിസ്റ്റുകളുമായും(ASA) ട്രൈബൽ സംഘടനകളുമായും(TSF) ‘മാതിക’ സബ് കാസ്റ്റ് രാഷ്ട്രീയവുമായും (DSU) പോലും സംഖ്യമുണ്ടാക്കുന്ന എസ്.എഫ്.ഐ തങ്ങളുടെ വർഗ നിലപാട് റദ്ദു ചെയ്യുകയും ചെയ്യുന്നു. ‘മതം’ എന്ന സവിശേഷ കാറ്റഗറിയിൽ മുസ്‍ലിം സംഘടിത രാഷ്ട്രീയ അസേർഷനുകളെ രാക്ഷസീയവൽക്കരിക്കുന്ന എസ്.എഫ്.ഐ കാമ്പസിലെ ഇസ്‍ലാമോഫോബിയയുടെ പ്രഖ്യാപിത രൂപമാണ്.

ഈയർത്ഥത്തിൽ തീവ്ര-വലതുപക്ഷ വിദ്യാർത്ഥി സംഘടനക്കെതിരെ നിർമിക്കുന്ന എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെയും, ലിബറൽ കാമ്പസ് ജനാധിപത്യത്തിനായുള്ള മുന്നണിയേയുമെല്ലാം മുസ്‍ലിമിനൊരുക്കുന്ന ചതിക്കുഴികളായാണ് മനസ്സിലാക്കേണ്ടത്. എ.ബി.വി.പിയെ മുൻനിർത്തി എസ്.എഫ്.ഐ സൃഷ്ടിക്കുന്ന ഈ ഭയം മുസ്‍ലിം വിദ്യാർത്ഥി രാഷ്ട്രീയത്തെ പൂർണാർത്ഥത്തിൽ ഇല്ലാതാക്കാനുള്ളതാണ്. മറ്റൊരർത്ഥത്തിൽ അധികാര സമവാക്യത്തിനായി പുരോഗമന-ലിബറൽ-ബ്രാൻഡിൽ ‘ജാതി’ ‘ആന്തരികമായി’ ഹിന്ദു മതേതര സ്വീകാര്യതയായും, അപ്പുറത്ത് സംവാദം പോലും സാധ്യമല്ലാത്ത മതം=മുസ്‍ലിം=വർഗീയത= ഇസ്‍ലാമിക രാഷ്ട്രം എന്നീ ചാപ്പകളാൽ തുടച്ച് നീക്കേണ്ട ‘ബാഹ്യ’ സംവർഗ്ഗങ്ങളായാണ് ഇസ്‍ലാമോഫോബിയയുടെ വക്താക്കളായ എസ്.എഫ്.ഐ കണക്കാക്കുന്നത്.

സംഘ്‍പരിവാർ ഫാഷിസത്തിന്റെ പ്രഥമ ഇരകളായ മുസ്‍ലിം സഹോദരങ്ങളുടെ അനുഭവങ്ങൾ കാമ്പസുകളിൽ മുസ്‍ലിം രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾ സ്വയം സംഘടിച്ച് രാഷ്ട്രീയമായി ഉയർത്തുമ്പോൾ അതിനെതിരെ അഡ്മിന്റെയും, എ.ബി.വി.പിയുടേയുമൊക്കെ ഭാഗത്തുനിന്ന് നിരന്തരം ഷോക്കോസ് നോട്ടീസുകളും, വധഭീഷണികൾ വരെയും നേരിടുന്നുണ്ട്. കാമ്പസിൽ ഫാക്കൽറ്റികൾ ഉൾപ്പെടെയുള്ള സ്വയം പ്രഖ്യാപിത ആവിഷ്ക്കാര ജനാധിപത്യവാദികൾ പോലും മുസ്‍ലിം വിഷയങ്ങളിൽ, രാഷ്ട്രീയ ചോദ്യങ്ങളിൽ സെലക്ടീവായ മൗനത്തിലും വിവരക്കേടിലുമാണ് നിലകൊള്ളുന്നത്.

ഇടത് ഫാന്റസികളിലാണ് ഇപ്പോഴും ഇത്തരക്കാരുടെ ആവിഷ്ക്കാര ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം. ഇത്തരത്തിലുള്ള എല്ലാ മുസ്‍ലിം അനുഭവങ്ങളേയും റദ്ദ് ചെയ്ത് കൊണ്ടാണ് മുസ്‍ലിം വിദ്യാർത്ഥികളുടെ വോട്ടുകൾ മതി സംഘടനകളെ വേണ്ട എന്ന ‘മനുഷ്യ സംഗമം’ ലെവലിൽ ഈ വർഷത്തെ എച്ച്.സി.യുവിലെ വിദ്യാർത്ഥി യൂണിയൻ ഇലക്ഷൻ മാറി തീരുന്നത്. എന്നാൽ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ‘ഫാഷിസ്റ് വിരുദ്ധ’ സഖ്യത്തിന്റെ ഈയൊരു ‘പുറന്തള്ളലിൽ’ നിന്നാണ് മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തങ്ങളുടെ രാഷ്ട്രീയ കര്തൃത്വവും രാഷ്ട്രീയ ചോദ്യങ്ങളും കണ്ടെത്തുന്നത്. മുസ്‍ലിം വിദ്യാർത്ഥികളെ വോട്ടുബാങ്കായും, ഇരകളായും നിലനിർത്തി പോരുന്നതിനെ വെല്ലുവിളിച്ചു കൊണ്ട് മുസ്‍ലിം രാഷ്ട്രീയത്തിന് സ്വതന്ത്രമായ ചോദ്യങ്ങളുണ്ട്, അസ്ഥിത്വമുണ്ട് , സ്വയം സംഘടിക്കാനുള്ള അവകാശമുണ്ട് എന്നിവ ഉയർത്തിപിടിച്ചാണ് മുസ്‍ലിം വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ എം.എസ്.എഫും, മുസ്‍ലിം രാഷ്ട്രീയ കര്‍തൃത്വത്തെ ഗൌവരത്തില്‍ കാണുന്ന ഫ്രറ്റേണിറ്റിയും ചേർന്ന് മുസ്‍ലിം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പുതിയ ഇടർച്ചക്ക് ഈ വർഷത്തെ എച്ച്.സി.യു വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ തുടക്കം കുറിക്കുന്നത്.

മുസ്‌ലിം രാഷ്ട്രീയ വിഭാവനകളെയും തങ്ങളുടെ ദൈവികതയിൽ നിന്നും അവർ കണ്ടെത്തുന്ന സാമൂഹിക നീതിയുടെ പുതിയ പാഠങ്ങളെയും ലിബറൽ-മതേതര സുവിശേഷങ്ങൾ കൊണ്ട് അധികകാലം മൂടിവെക്കാൻ കഴിയില്ല എന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വർഷത്തെ എച്ച്.സി.യു ഇലക്ഷന്‍. എം.എസ്.എഫിന്റെ മുഹമ്മദ് ഷമീം പ്രസിഡന്റ് പാനലിലേക്കും ഫ്രട്ടേണിറ്റി മൂവ്മെൻറിന്റെ ജിയാദ് ഹുസൈൻ വൈസ് പ്രസിഡന്റ് പാനലിലേക്കും മത്സരിക്കുന്നു. ബഹുജൻ സ്റ്റുഡന്റസ് ഫ്രണ്ട് ഈ പാനലിനെ പുറത്തു നിന്ന് പിന്തുണക്കുന്നുണ്ട്.

(ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി വിഭാഗം പി.എച്ച്.ഡി വിദ്യാര്‍ഥിയും എസ്.ഐ.ഒ, എച്ച്.സി.യു യൂണിറ്റ് പ്രസിഡന്റുമാണ് സി യഹ്‍‍യ)

സി യഹ്‍യ