Campus Alive

ഷെയ്ഖ് ഹംസ യൂസുഫും ഇസ്‌ലാമിക പാരമ്പര്യത്തിലെ പ്രതിരോധ സംവാദങ്ങളും

അറബ് വിപ്ലവ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതിനായി യു.എ.ഇ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് യു.എസുകാരനായ മുസ്‍‍‍‍ലിം പണ്ഡിതന്‍ ഷെയ്ഖ് ഹംസ യൂസുഫ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ ഏകാധിപത്യ രാജ്യമായ യു.എ.ഇ അറബ് ദേശങ്ങളിലെ ജനാധിപത്യ ഭരണകൂടത്തിനായുള്ള സാമൂഹിക പോരാട്ടങ്ങളെ ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ്. ആ പ്രദേശത്ത് ശക്തരായ യു.എ.ഇയെ പിന്തുണച്ചുകൊണ്ട് ഒരു ദേശത്ത് മുഴുവന്‍ സമാധാനം പുനസ്ഥാപിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് ഹംസ യൂസുഫ് സ്വയം കരുതുന്നത്. ഈയടുത്ത് 2006ലെ സിറിയന്‍ വിപ്ലവത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും അതിനാല്‍ തന്നെ അദ്ദേഹം മാപ്പുപറയുകയുമുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനത്തെ ഈ ലേഖനം ചര്‍ച്ച ചെയ്യുന്നില്ല, മറിച്ച് സാമൂഹിക വിപ്ലവം എന്ന ആശയം എങ്ങനെയാണ് പരമ്പരാഗത ഇസ്‍ലാമിക പണ്ഡിതര്‍ ചര്‍ച്ച ചെയ്തതെന്നും സ്വേഛാധിപത്യത്തോട് എങ്ങനെയെല്ലാമാണവര്‍ പ്രതികരിച്ചതെന്നും ചര്‍ച്ച ചെയ്യാനാണ് ഇവിടെ ഉദ്ധേശിക്കുന്നത്. ‘Hamza Yusuf’s response to the criticism for working with Trump administration’ എന്ന പേരില്‍ പുറത്തുവന്ന ഹംസ യൂസുഫിന്റെ പ്രതികരണവും ഈ ലേഖനം ചെറുതായി ചര്‍ച്ച ചെയ്യുന്നു. ആഗസ്റ്റ് അവസാനം ഇറങ്ങിയ ഈ ചെറിയ ക്ലിപ് ചിലപ്പോള്‍ ‘ട്രംപ് വിവാദം’ മുന്‍കൂട്ടി കണ്ടുകൊണ്ട് ഇറക്കിയതായിരിക്കാം, എന്നിരുന്നാലും ഹംസ യൂസുഫ് സ്വേഛാധിപത്യ ഭരണകൂടങ്ങളെ പിന്തുണക്കുന്നു എന്ന് അത് തെളിയിക്കുന്നുണ്ട്.

ഷെയ്ഖ് ഹംസ യൂസുഫ്

എറ്റവും വലിയ സ്വേഛാധിപതികളാണെങ്കില്‍ പോലും ഭരണാധികാരികളെ അനുസരിക്കണമെന്നാണ് ഇസ്‍ലാമിക പാരമ്പര്യം വ്യക്തമായി പഠിപ്പിക്കുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. സ്വേഛാധിപതികളെ അനുസരിക്കണം എന്നാണ് ഇസ്‍ലാമിക പാരമ്പര്യം അസന്ദിഗ്ധമായി പറയുന്നത് എന്ന കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ഷെയ്ഖിന്റെ വാദം തെറ്റാണെന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആയിരത്തി നാനൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള ഇസ്‍ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിലെ ഏതെങ്കിലും ഒരു പ്രത്യേക ചിന്താരീതിയെ ഷെയ്ഖ് ഹംസ യൂസുഫിനെ പോലുള്ള ഒരു പണ്ഡിതന് എങ്ങനെയാണ് മുഖ്യധാരാ ഇസ്‍ലാമിക പാരമ്പര്യമായി വരച്ചുകാട്ടാന്‍ കഴിയുക? ഈ വാദത്തില്‍ നില്‍ക്കുന്നതിന് പകരം, ഈ വാദത്തെ വിശദീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. (ഈ മാസം ആദ്യത്തില്‍ ഞാന്‍ ഹംസ യൂസുഫിന് ഈ ലേഖനം അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും ഇത് പ്രസിദ്ധീകരിക്കുന്നത് വരെ എനിക്ക് അദ്ദേഹത്തില്‍ നിന്നും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല).

ഭരണകൂടങ്ങളെയെല്ലാം എതിര്ക്കുക VS ഭരണകൂടത്തെ എതിര്ക്കുക

പൗരന്‍ എല്ലാ അര്‍ഥത്തിലും ഭരണാധികാരിക്ക് വിധേയപ്പെടാനാണ് ഇസ്‍ലാമിക പാരമ്പര്യം ആവശ്യപ്പെടുന്നത് എന്ന് ഹംസ യൂസുഫ് വാദിക്കുന്നു. വ്യത്യസ്തങ്ങളായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ വാദം മുന്നോട്ട് വെക്കുന്നത്, അവയെയെല്ലാം തന്നെ ഞാന്‍ ഇവിടെ വിശകലന വിധേയമാക്കുന്നുണ്ട്. ആദ്യമായി, ഇസ്‍ലാം ഭരണകൂടത്തെ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു, അല്ലാത്തപക്ഷം എതിരാളികള്‍ കലാപങ്ങളുണ്ടാക്കും എന്നതിനാലാണത്. ഖുര്‍ആനെയും സുന്നത്തിനെയും അടിസ്ഥാനപ്പെടുത്തി സ്വേഛാധിപത്യഭരണാധികാരികളെ പിന്തുണക്കുന്നതിനെ എതിര്‍ത്ത ഭൂരിഭാഗം പാരമ്പര്യപണ്ഡിതന്മാരുടെയും അഭിപ്രായങ്ങളെ ഇത് വളച്ചൊടിക്കുന്നുണ്ട്. ഭരണവ്യവസ്ഥയെ ഇല്ലാതാക്കാന്‍ ഈ പണ്ഡിതന്മാരൊന്നും വാദിക്കുന്നില്ല, മറിച്ച് സ്വേഛാധിപത്യത്തിനെ മാത്രമാണ് അവര്‍ എതിര്‍ത്തു പോന്നത്. അപ്പോള്‍ തന്നെ ഷെയ്ഖ് ഹംസ യൂസുഫ് സ്വേഛാധിപതികളെ എതിര്‍ക്കുന്നതും ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ തന്നെ എതിര്‍ക്കുന്നതും തമ്മില്‍ കൃത്യമായി വ്യത്യാസം കാണുന്നുമില്ല.

സങ്കീര്ണ്ണമായ പാരമ്പര്യം

ഇത്തരം സ്വേഛാധിപതികളെ എതിര്‍ക്കുക എന്നതിനപ്പുറം, എങ്ങനെയെല്ലാമാണ് അത്തരം ഭരണകൂടങ്ങളെ ഒരാള്‍ എതിര്‍ക്കേണ്ടത്- മനസ്സുകൊണ്ടുള്ള എതിര്‍പ്പു മുതല്‍ സായുധ മുന്നേറ്റങ്ങളിലൂടെയുള്ള തിരിച്ചടികള്‍ വരെ- എന്നതിനെ പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഇസ്‍ലാമിക പാരമ്പര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇമാം ഗസ്സാലിയെയും(മരണം.505/1111) ഇബ്‌നു റജബ് അല്‍ ഹന്‍ബലിയെയും(മരണം.795/1393) ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെയും(മരണം.852/1449) പോലുള്ള പില്‍ക്കാല പണ്ഡിതന്മാര്‍ ഈ രണ്ട് അഭിപ്രായങ്ങളിലും ഉള്‍പ്പെട്ടവരാണ്, സായുധവിപ്ലവം പ്രത്യേകഘട്ടത്തില്‍ മാത്രം പരിമിധമാണെന്ന് പലരും അഭിപ്രായപ്പെടുന്നു, കൂടുതല്‍ പണ്ഡിതരും സ്വേഛാധിപത്യത്തെ വാക്കുകള്‍ കൊണ്ട് എതിര്‍ക്കാനാണ് പഠിപ്പിക്കുന്നത്. ആദ്യകാലത്ത് ജീവിച്ച, പ്രവാചക കുടുംബത്തില്‍ പെട്ട ഹുസൈന്‍(റ) അടക്കമുള്ള ആളുകള്‍ സ്വേഛാധിപത്യത്തിനെതിരെ സായുധകലാപം നയിക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തവരാണ്. അതുപോലെ തന്നെ പ്രവാചക അനുചാരിയായ അബ്ദുല്ലാഹിബ്‌നു സുബൈറും, അബൂബക്കര്‍(റ) ന്റെ പേരമകനും, സുബൈര്‍(റ) ന്റെയും അവ്വാമി(റ)ന്റെയും മകനും സ്വര്‍ഗം കൊണ്ട് വാഗ്ദത്തം ചെയ്യപ്പെട്ട മറ്റു രണ്ട് സഹാബാക്കളും മക്ക കേന്ദ്രീകരിച്ച് ഖിലാഫത്ത് രൂപീകരിക്കുകയും ഉമവി ഭരണകൂടത്തിനെതിരെ സൈനികനീക്കം നടത്തുകയും ചെയ്തിട്ടുണ്ട്.

ഡോ.ഉസാമ അൽ അസമി

എന്നിരുന്നാലും ഇത്തരം മഹാന്മാരായ മുസ്‍ലിം പണ്ഡിതന്മാരുടെ ശക്തമായ സായുധവിപ്ലവ മാതൃകകളെ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മുസ്‍ലിം പണ്ഡിതര്‍ കൈവെടിയുകയും മറ്റുള്ള തരത്തില്‍ ഭരണകൂട വിമര്‍ശനങ്ങള്‍ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഷെയ്ഖ് ഹംസ യൂസുഫിന്റെ വാദങ്ങള്‍ക്ക് വിപരീതമായി ക്രൂരന്മാരായ ഭരണാധികാരികളോടുള്ള വാക്കാലുള്ള വിമര്‍ശനമാണ് ഇസ്‍ലാമിക പാരമ്പര്യത്തിന്റെ കാതല്‍ എന്നല്ല ഞാന്‍ വാദിക്കുന്നത്. മറിച്ച്, യു.എ.ഇയുമായി സഹകരിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹംസ യൂസുഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ചും യു.എ.ഇ എന്ന അറബ് ലോകത്തിലെ വിനാശകാരിയോടൊപ്പം, ഇസ്‍ലാമിക പാരമ്പര്യത്തില്‍ അടിത്തറ കണ്ടെത്തുന്നത് പാരമ്പര്യത്തെ വളച്ചൊടിക്കുന്നത് മൂലമാണെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇസ്‍ലാമിക വെസ്റ്റില്‍ നിന്നുള്ള  ഷെയ്ഖ് അഹ്മദ് സാറൂഖ്(മരണം.899/1442), ഷെയ്ഖ് അബൂബക്കര്‍ അത്തര്‍തുഷി(മരണം.520/1126) എന്നീ മാലികി പണ്ഡിതന്മാരെ മാത്രമാണ് അദ്ദേഹം തന്റെ വാദത്തെ സാധൂകരിക്കാനായി വ്യക്തമായി പ്രതിപാദിക്കുന്നത്. ഒരേ ചിന്താധാരയില്‍ നിന്നുള്ള, ഭൂമിശാസ്ത്രപരമായി ഏകദേശം ഒരേ സ്ഥലങ്ങളില്‍ നിന്നുള്ള, നാനൂറോളം വര്‍ഷങ്ങള്‍ മാത്രം വ്യത്യാസമുള്ള രണ്ട് പണ്ഡിതന്മാരെ അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ഒരാള്‍ക്ക് ആയിരത്തി നാനൂറ് വര്‍ഷം പഴക്കമുള്ള ഇന്ത്യമുതല്‍ കിഴക്ക് ദേശങ്ങള്‍ വരെയും റഷ്യമുതല്‍ വടക്കുവരെയും ദക്ഷിണ ആഫ്രിക്ക മുതല്‍ തെക്ക് വരെയും വ്യാപിച്ചുകിടക്കുന്ന ഒരു പാരമ്പര്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുക?

എന്താണ് പാരമ്പര്യം പറയുന്നത്?

ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഒരേ ചിന്താധാരയില്‍ നിന്നുള്ള പ്രമുഖരായ പണ്ഡിതന്മാരെയും സ്വേഛാധിപത്യ ഭരണകൂടങ്ങളെ പറ്റിയുള്ള അവരുടെ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെയും ചെറുതായി പരിചയപ്പെടുത്താം. പ്രമുഖരായ നാല് ഇമാമുമാരും സായുധ വിപ്ലവത്തെ പിന്തുണച്ചവരാണെന്ന് കാണാം. ഷെയ്ഖ് അബ്ദുള്ള ദുമൈജിയുടെ- അദ്ദേഹം സായുധ കലാപത്തിന് എതിരായിരുന്നു- പഠനത്തില്‍ ഇമാം അബൂഹനീഫയും ഇമാം മാലികും സ്വേഛാധിപതികള്‍ക്കെതിരെയുള്ള കലാപങ്ങളെ പിന്തുണച്ചിരുന്നു എന്നും, ഇമാം ശാഫിയുടെയും ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെയും ചില വിധിന്യായങ്ങള്‍ കലാപത്തെ പിന്തുണക്കുന്നതാണെന്നും കൃത്യമായി പറയുന്നുണ്ട്. ഈ പണ്ഡിതരുടെ ചിന്തകള്‍  ഇസ്‌ലാമിലെ നാല് പ്രധാന കര്‍മശാസ്ത്ര ചിന്തകളായി വികസിച്ച് വന്നതിന് ശേഷവും അവരുടെ പാത പിന്തുടര്‍ന്നുകൊണ്ട് പില്‍ക്കാല പണ്ഡിതന്‍മാര്‍ സമാനമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വേഛാധിപതികളോട് സായുധ കലാപം നടത്തുക എന്നതാണ് പില്‍ക്കാല ഇസ്‌ലാമിക പാരമ്പര്യത്തില്‍ പ്രധാനമായും നിലനിന്നിരുന്ന ആശയം എന്ന ധാരണ ഒഴിവാക്കാനായി ഹോള്‍ബര്‍ഗ്-പ്രൈസ് ജേതാവായ ഇസ്‌ലാമിക ചരിത്രകാരന്‍ മിഷേല്‍ കുക്കിന്റെ(Micheal Cook) നന്മ കല്‍പ്പിക്കുക തിന്മ വെടിയുക എന്ന ആശയത്തെ വിശദീകരിക്കുന്ന ആധികാരിക പഠനത്തില്‍ നിന്നുമുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തിക്കൊണ്ട് ഈ ഭാഗം തുടങ്ങുന്നു’ ക്രൂരനായ ഭരണാധികാരിയാകുമ്പോള്‍, ഇസ്‌ലാമിക പാരമ്പര്യത്തില്‍ കൃത്യമായ അഭിപ്രായം കാണാം: നിശിതമായ വിമര്‍ശനം അനുവദനീയവും സായുധ കലാപം എതിര്‍ക്കപ്പെട്ടതുമാണ്.

മിഷേല്‍ കുക്ക്‌

അതേസമയം തന്നെ ഈ അഭിപ്രായത്തെ വകവെക്കാതെ സ്വേഛാധിപതികള്‍ക്കെതിരെ കലാപത്തിന് തെളിവുകള്‍ സഹിതം ആഹ്വാനം ചെയ്യുകയും ഭരണകുടത്തിന് വിധേയപ്പെടാതെ നിലനില്‍ക്കുകയും ചെയ്ത ധാരാളം പണ്ഡിതന്മാരെയും കാണാം. മാലികി മദ്ഹബില്‍ പെട്ട ഖാദി അബൂബക്കര്‍ അല്‍-അറബി(മരണം.543/1148) സ്വേഛാധിപതികള്‍ക്കെതിരായ കലാപം തങ്ങളുടെ മദ്ഹബിന്റെ പ്രധാന കാഴ്ച്ചപ്പാടാണെന്ന് വാദിക്കുന്നു. അതുപോലെ തന്നെ ഹനഫി ധാരയില്‍ നമുക്ക് അബൂബക്കര്‍ അല്‍ ജസ്സാസിനെ(മരണം.370/981) കാണാം. ഹമ്പലീ പണ്ഡിതന്മാരിലെ പ്രമുഖരായ ഇമാം ഇബ്‌നു ആഖില്‍(മരണം.513/1119), ഇബ്‌നുല്‍ ജൗസി(മരണം.597/1201) , ഇബ്‌നു റജബില്‍ ഹമ്പലി തുടങ്ങിയവര്‍ ഈ നിലപാട് എടുത്തതായി കാണാം. ഷാഫി പണ്ഡിതന്മാര്‍ക്കിടയിലെ സായുധകലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്റെ പരിമിതമായ ഗവേഷണത്തില്‍ അധികമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ധാരയിലെ പ്രമുഖനായ പണ്ഡിതന്‍ ഇമാം ഫഖ്രുദ്ദീന്‍ റാസി(മരണം.606/1210)യുടെവാദം ഷെയ്ഖ് ഹംസയുടെ വാദിക്കുന്നതില്‍  നിന്നും വിഭിന്നമായി ‘സായുധകലാപം അധികസമയവും നിരോധിക്കപ്പെട്ടതും എന്നാല്‍ സ്വേഛാധിപതി ക്രൂരതകള്‍ മാത്രമാണ് ചെയ്യുന്നതെങ്കില്‍ അനുവദനീയമാണെന്നും’ആണ്. സമാനമായി ഷാഫി പാരമ്പര്യത്തിലെ തന്നെ പ്രമുഖനായ പണ്ഡിതരായ ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ പോലുള്ള പണ്ഡിതന്മാര്‍ സ്വേഛാധിപതികളെ കുറിച്ച് ‘ അവരെ പ്രശ്‌നങ്ങളും കലഹങ്ങളുമില്ലാതെ താഴെയിറക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നും നിര്‍ബന്ധമാണെങ്കില്‍ കലാപം നടത്തണമെന്നും അല്ലാത്തപക്ഷം ക്ഷമ അവലംബിക്കണമെന്നും’ എഴുതുന്നുണ്ട്. ഷെയ്ഖ് ഇബ്‌നു ഹജറിനെ പോലുള്ള ഒരു പണ്ഡിതന്‍ തന്റെ ഏറ്റവും പ്രധാനപ്പെട്ട സഹീഹുല്‍ ബുഖാരിയെ കുറിച്ചുള്ള ഗ്രന്ഥത്തില്‍ ഇത്തരം നിലപാടുകള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ഷാഫി ചിന്താധാരയില്‍ അത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് കാണാം. ഒന്നു കൂടി ഷെയ്ഖ് ഹംസ യൂസുഫിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി സ്വേഛാധിപതികള്‍ക്കെതിരെ പ്രതികരിച്ച ഒരൊറ്റ പണ്ഡിതന്‍ പോലും അരാജകത്വപരമായി എല്ലാ ഭരണകൂടങ്ങളെയും തകര്‍ക്കാന്‍ വേണ്ടി വാദിച്ചതായി കാണാന്‍ കഴിയില്ല. പകരം സ്വേഛാധിപതികളെ ഇല്ലാതാക്കിക്കൊണ്ട് നീതിമാനായ ഭരണാധികാരിയെ സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്.

സ്വേഛാധിപതികളെ പറ്റിയുള്ള ഗസ്സാലിയുടെ പ്രതികരണങ്ങള്

ഷെയ്ഖ് ഹംസ യൂസുഫ് പിന്‍പറ്റുന്ന, ഇസ്‌ലാമിക പാരമ്പര്യത്തിലെ മഹാനായ പണ്ഡിതനായ ഇമാം ഗസ്സാലിയുടെ പ്രതികരണങ്ങള്‍ ഇനി നോക്കാം. ഇമാം ഗസ്സാലി സായുധ കലാപങ്ങളെ എതിര്‍ത്തിരുന്നെങ്കിലും മറ്റെല്ലാ തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. മിഷേല്‍ കുക്കിന്റെ നേരത്തെ പറഞ്ഞ പുസ്തകത്തില്‍ നിന്നും ഒരുഭാഗം കൂടി ഇവിടെ ചേര്‍ക്കുന്നു. നന്മ കല്‍പ്പിക്കുക, തിന്മ വെടിയുക എന്നതിനെ എങ്ങനെയെല്ലാമാണ് ഇമാം ഗസ്സാലി നോക്കിക്കണ്ടത് എന്നതിനെ പറ്റി വിശദമായി പ്രതിപാദിച്ചതിന് ശേഷം കുക്ക് എഴുതുന്നു’ നാം കണ്ടതുപോലെ ഈ വിഷയത്തെ കുറിച്ചുള്ള ഗസ്സാലിയുടെ നിഗമനങ്ങള്‍ക്ക് ചെറിയ അളവില്‍ റാഡിക്കല്‍ സ്വഭാവമുണ്ട്. അദ്ദേഹത്തിന്റെ ഗുരുനാഥനായ സല്‍ജൂക്ക് ഭരണകാലത്തെ ഹനഫി പണ്ഡിതരുടെ അതിരുകടന്ന ദേശഭക്തിക്കെതിരെ പ്രതികരിച്ച ജുവൈനിയില്‍ നിന്നാവാം അദ്ദേഹത്തിനത് ലഭിച്ചത്. ഭരണാധികാരികളിലും പണ്ഡിതരിലും ഒതുങ്ങി നില്‍ക്കാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഈ സന്ദേശമെത്തിക്കുക എന്നതായിരിക്കാം അദ്ദേഹം ചെയ്ത ദൗത്യം. അത്യാവശ്യ ഘട്ടങ്ങളില്‍ ആയുധമെടുക്കാന്‍ അദ്ദേഹം അനുവാദം നല്‍കി എന്നുള്ളതും ഭരണാധികാരിയുടെ അനുവാദം കൂടാതെ തന്നെ ദൗത്യ നിര്‍വഹണം നടത്താനായി സായുധസേന്നയെ നിര്‍മിക്കുന്നതിന് അദ്ദേഹം പിന്തുണ നല്‍കി എന്നതും എടുത്തുപറയേണ്ടുന്ന കാര്യങ്ങളാണ്. സായുധകലാപത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനെ പറ്റി ചോദിച്ചാല്‍ അദ്ദേഹം മനുഷ്യന്റെ കരങ്ങളില്‍ അവന്റെ ജീവന്‍ സുരക്ഷിതമാവുന്നതിന് മുന്‍ഗണന നല്‍കുന്ന ഇമാം ഗസ്സാലി നീതിമാനല്ലാത്തഭരണാധികാരിക്ക് ശക്തമായതും വിട്ടുവീഴ്ച്ചയില്ലാത്ത തരത്തിലുമുള്ള താക്കീത് നല്‍കാനും വിധിച്ചിട്ടുണ്ട്.’

ഇമാം ഗസ്സാലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ The Revival of the Religious Sciences മുന്‍നിര്‍ത്തിയാണ് ചര്‍ച്ച ചെയ്യുന്നത്. അത്തരം ഗ്രന്ഥങ്ങളെല്ലാം തന്നെ ഒരിക്കല്‍ കൂടി ആധുനിക പണ്ഡിതരില്‍ ചെറിയൊരു വിഭാഗം വാദിക്കുന്നത് പോലെ ഇസ്‌ലാമിക പാരമ്പര്യവും പണ്ഡിതന്മാരും അവരുടെ പ്രധാന കൃതികളും ഒന്നും തന്നെ സ്വേഛാധിപത്യഭരണത്തെ പിന്തുണക്കുന്നതിനെ സാധൂകരിക്കുന്നില്ല.

ആധുനിക മാറ്റങ്ങളും മൂല്യങ്ങളും

എന്നാല്‍ ആധുനിക കാലത്ത് നമ്മുടെയെല്ലാം ശ്രദ്ധയില്‍ വരേണ്ടുന്ന മാറ്റങ്ങള്‍ വന്നതായി കാണാം. ആധുനികതയില്‍ ജനാധിപത്യം പോലുള്ള പുതിയ ഭരണകൂട വിഭാവനകള്‍ സാമൂഹികത നഷ്ടപ്പെടാതെ തന്നെ അധികാര കൈമാറ്റങ്ങള്‍ സാധ്യമാക്കിക്കൊണ്ട് യഥാര്‍ഥ സ്വേഛാധിപതിക്ക് ചെയ്യാന്‍ കഴിയാത്ത മറ്റു പല ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചിട്ടുമുണ്ട്. അവരുടെ അഭിപ്രായത്തില്‍ ആധുനികതക്ക് മുമ്പുള്ള ചിന്തകര്‍ക്ക് വിഭാവന ചെയ്യാന്‍ കഴിയാത്തവിധം ഏകാധിപതികള്‍ ഓര്‍വെല്ലിയന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഇടങ്ങള്‍ കയ്യടക്കുകയും ക്രൂരതകള്‍ നടത്തുകയും മനുഷ്യരെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ജനാധിപത്യമാണോ സ്വേഛാധിപത്യമാണോ തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല.

ഷെയ്ഖ് ഹംസ യൂസുഫിന്റെ സ്വന്തം ഗുരുവായ ഷെയ്ഖ് യൂസുഫുല്‍ ഖര്‍ദാവിയെയും(ജനനം.1345/1926) ഹംസ യൂസുഫിന്റെ അടുത്തകാലം വരെ ഗുരുസ്ഥാനീയനായിരുന്ന ഷെയ്ഖ് അബ്ദുള്ള വിന്‍ ബയ്യയെയും(ജനനം.1353/1935) പോലുള്ള ആധുനിക പണ്ഡിതര്‍ മുസ്‌ലിം ലോകത്തെ ബാധിച്ചിരിക്കുന്ന സ്വേഛാധിപത്യത്തിനെതിരെ ഇസ്‌ലാമികമായ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്നതായി കാണാം. മുന്‍കാലങ്ങളില്‍ ചില പണ്ഡിതന്മാര്‍ വാദിച്ചത് പോലെ സ്വേഛാധിപത്യത്തിനെതിരെ സായുധകലാപത്തിന് ആഹ്വാനം ചെയ്യുന്നതില്‍ നിന്നും വിഭിന്നമായി അറബ് വിപ്ലവം പോലുള്ള സമാധാനപരമായ രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണ് ആധുനിക പണ്ഡിതര്‍ വാദിക്കുന്നത്. എന്നിരുന്നാലും അത്തരം ആഹ്വാനങ്ങള്‍ ലിബിയ,സിറിയ പോലുള്ള രാജ്യങ്ങളില്‍ ഹിംസാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. സമാധാനപരമായ സമരങ്ങളോട് ഭരണകൂടങ്ങള്‍ ഹിംസാത്മകമായി പ്രതികരിച്ചത് കൊണ്ടാണത് സംഭവിച്ചത്.

ഭരണകൂടത്തെ പറ്റിയുള്ള ഷെയ്ഖ് ഹംസയുടെ അഭിപ്രായം

ഷെയ്ഖ് ഹംസ യൂസുഫിന്റെ അഭിപ്രായത്തില്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ അവയെ ഇല്ലാതാക്കാനായി ഇത്തരം ഭരണകൂടങ്ങളെ വെല്ലുവിളിക്കുന്നു. പ്രക്ഷോഭങ്ങളെ പറ്റിയുള്ള അത്തരമൊരു ധാരണ സ്വേഛാധിപതികളുടെ പ്രതികരണത്തെ കാര്യകാരണ ബന്ധങ്ങളുള്ള പ്രകൃതി നിയമമായി കണക്കാക്കുന്നുണ്ട്. ഒരാള്‍ സ്വേഛാധിപത്യത്തിനെതിരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിക്കുകയും അവിടെ രക്തരൂക്ഷിതമായ സ്വേഛാധിപത്യ ഹിംസ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്താല്‍, പ്രക്ഷോഭകാരി അവനെ തന്നെ പഴിചാരേണ്ടി വരും. ഈ ഒരു കാഴ്ചപ്പാടിനകത്ത് ഗവണ്‍മെന്റിന് ക്രൂരവും ഏകാധിപത്യപരവും ആകേണ്ടതായി വരുന്നു. എന്നാല്‍ ലോകത്തിലെ ഏകദേശം പകുതി രാജ്യങ്ങളില്‍ ജനാധിപത്യം സ്ഥാപിതമാവുകയും അത് നിരന്തരം വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് കൂടുതല്‍ ഉത്തരവാദിത്തബോധവും കുറഞ്ഞ ഹിംസയുമുള്ള ഗവണ്‍മെന്റിനെ ഏകാധിപത്യത്തിന് പകരമായി എന്തുകൊണ്ട് പിന്തുണക്കുന്നില്ല?

ഈ ചോദ്യം ചോദിക്കുന്നതിന് പകരമായി, രാജ്യത്തിനും ജനങ്ങള്‍ക്കും യാതൊരു സംഭാവനയും അര്‍പ്പിക്കാത്ത ഏകാധിപത്യത്തെ പിന്തുണച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു. ഗവണ്‍മെന്റ് നിര്‍ബന്ധമായും ഉണ്ടാവേണ്ടതും അനുഗ്രഹവുമാണെന്ന് പറയുന്ന അദ്ദേഹം ‘ ലിബിയയിലെ ജനങ്ങളോട് തങ്ങളുടെ ഭരണാധികാരി തങ്ങള്‍ക്ക് അനുഗ്രഹമല്ലേ എന്ന് ചോദിക്കുക, യമനിലെ ജനങ്ങളോട് അവരുടെ ഭരണാധികാരി നല്ലവനല്ലേ എന്ന് ചോദിക്കുക, സിറിയയിലെ ജനങ്ങളോട് അവരുടെ ഭരണാധികാരി നല്ലവനല്ലെ എന്ന് ചോദിക്കുക’ എന്നിങ്ങനെ തന്റെ വിമര്‍ശകരെ വെല്ലുവിളിക്കുന്നു. അത്തരം പരാമര്‍ശങ്ങളുടെ ഏറ്റവും ദുരന്ത ഫലമെന്നത് ഈ രാജ്യങ്ങളെല്ലാം തന്നെ ഷെയ്ഖ് ഹംസ യൂസുഫ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് യു.എ.ഇ ഗവണ്‍മെന്റിനാല്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും വിനാശകരമായ വിദേശകാര്യ നയങ്ങളുള്ള ഈ ഗവണ്‍മെന്റാണ് മധ്യേഷ്യയില്‍ ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ ഭരണകൂടങ്ങളെ തകര്‍ക്കുകയും സ്വേഛാധിപതികളെ നിലനിര്‍ത്തുകയും ചെയ്യുന്നത്

സമാപനം

ചുരുക്കത്തില്‍, ഷെയ്ഖ് ഹംസ യൂസുഫ് ഗവണ്‍മെന്റുകളെ പിന്തുണക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ വിമര്‍ശകരെ ബാധിക്കുന്ന പ്രശ്‌നമല്ല. മറിച്ച് നല്ല ഭരണകൂടങ്ങള്‍ അത്യധികം ആവശ്യമായിട്ടുള്ള ഒരു പ്രദേശത്ത് അവയെ ഫലപ്രദമായി എതിര്‍ക്കാനായി ദുഷിച്ച ഭരണകൂടങ്ങളെ അദ്ദേഹം പിന്തുണക്കുന്നു എന്നതാണിവിടെ യഥാര്‍ഥ പ്രശ്‌നം. എന്നാല്‍ ഈ പ്രദേശങ്ങളില്‍ സമാധാനം സ്ഥാപിക്കാനാണ് യു.എ.ഇയെ പിന്തുണക്കുന്നത് എന്ന് അദ്ദേഹം വാദിക്കുമ്പോള്‍ തെളിവുകള്‍ കൂടാതെ അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. തന്റെ പദവി ഉപയോഗപ്പെടുത്തിക്കൊണ്ട് ആയിരക്കണക്കിനാളുകളെ കൊന്നുകൊണ്ടുള്ള നിഴല്‍ യുദ്ധം നടത്തിക്കൊണ്ട് സര്‍ക്കാറുകളെ താഴെയിറക്കുന്നത് നിര്‍ത്താന്‍ അദ്ദേഹത്തിന് സമ്മര്‍ദം ചെലുത്താം. അതിന് കഴിഞ്ഞില്ലെങ്കില്‍, പിന്നെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്തെന്നാല്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളെ ഉപേക്ഷിച്ചുകൊണ്ട് എങ്ങനെയാണോ യു.എ.ഇ അടിച്ചമര്‍ത്തലുകളെ മൂടിവെക്കാനും സാധൂകരിക്കാനും തന്റെ സ്വാധീനത ഉപയോഗപ്പെടുത്തുന്നത് അതേ സ്വാധീനം ഉപയോഗപ്പെടുത്തിക്കൊണ്ട് ആ പ്രദേശങ്ങളില്‍ സംഭവിക്കുന്നത് ഏറ്റവും ഫലപ്രദമായ രീതിയില്‍ ആഗോള ശ്രദ്ധയിലെത്തിക്കാന്‍ ശ്രമിക്കുക എന്നതാണ്.

അല്ലാഹു എല്ലാമറിയുന്നു.

(ഓക്‌സ്‌ഫോഡ് യുണിവേഴ്‌സിറ്റി Contemporary Islamic Studies ഡിപാർട്‌മെന്റിലെ ലെക്ച്ചററാണ് ഡോ.ഉസാമ അല്‍ അസമി)

ഡോ.ഉസാമ അല്‍ അസമി