Campus Alive

‘ഫ്രഞ്ച് ഹിസ്റ്റീരിയ’: ഇസ്‌ലാമോഫോബിയ മുതൽ സാമൂഹിക വൈരം വരെ

ഒന്ന്, രാജ്യത്തെ മുസ്‌ലിംകളുമായി ശുഭ ബന്ധത്തിന് തങ്ങൾ തയ്യാറല്ല, രണ്ട് സ്വത്വബോധത്തെ വലിച്ചെറിയാൻ തയ്യാറാണെങ്കിൽ ഫ്രഞ്ച് പൗരനായി കൂടെ കൂട്ടാം; മോൺപിലിയറിലെയും, ട്യൂ ലൂസിലെയും ടൗൺ ഹാളുകളിൽ  പ്രവാചകനെ അപകീർത്തിച്ചുള്ള കാർട്ടൂണുകൾ പ്രദർശിപ്പിച്ച് കൊണ്ട് ഫ്രാൻസ് ആവർത്തിക്കുന്ന വസ്തുതകൾ ഇതാക്കെയാണ്. നിരപരാധിത്യത്തിന്റെ അനുമാനങ്ങൾ, സ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ, നിയമവാഴ്ച തുടങ്ങിയ മനുഷ്യാവകാശങ്ങളെല്ലാം ഫ്രഞ്ച് മുസ്‌ലിംകൾക്ക് അന്യമാണ് . ഓരോ ദിവസം കൂടുന്തോറും ഫ്രാൻസിൽ ഇസ്‌ലാമോഫോബിയയെ ബൗദ്ധികമായി വിമർശിക്കുകയെന്നതും സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടത്തുകയെന്നതും അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

സാമുവൽ പാറ്റി എന്ന ഹൈസ്കൂൾ അദ്ധ്യാപകന്റെ കൊലപാതകം; ഫ്രാൻസിൽ ഇസ്‌ലാം വിരുദ്ധതക്ക് ശക്തി പകർന്ന അടുത്ത കാല സംഭവമാണിത്. ‘ഷാർലി എബ്ദോ’ എന്ന ഫ്രഞ്ച് മാഗസിൻ ഈ കാർട്ടൂൺ പുന:പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം കൊല്ലപ്പെട്ട അധ്യാപകനോടുള്ള ഐക്യദാർഢ്യമല്ല. മറിച്ച്, ഏതൊരു സംഘർഷത്തെയും പ്രതിസന്ധിയെയും ആളിക്കത്തിക്കാൻ കാത്തുനിൽക്കുന്ന ഫ്രഞ്ച് വിദ്വേഷ രാഷ്ട്രീയത്തിന് ഒരു അവസരമൊരുക്കികൊടുക്കുക മാത്രമാണിത് ചെയ്തത്. കൊലപാതകം നടന്ന രീതിയും കൊലയാളി പങ്കിട്ട സന്ദേശവും പങ്കുവെച്ച് കൊണ്ട് ഫ്രഞ്ച് ഭരണകൂടം ‘ഇസ്‌ലാമിക വിഘടന വാദ’ത്തെ (ഫ്രാൻസിന്റെ ‘ഫ്രഞ്ച് ഇസ്‌ലാം’ എന്ന പദ്ധതിയുടെ ഏറ്റവും പൈശാചികമായ ഭാഗമാണിത്) നേരിടാനെന്ന പേരിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും സാമൂഹിക മണ്ഡലത്തിൽ നിന്ന് തന്നെ ഒരു നിയമാനുസൃത അടിത്തറ കണ്ടെത്തി.

ഫ്രഞ്ച് സാമൂഹിക ഘടനക്ക് നിരക്കാത്ത പ്രദേശങ്ങൾ ഫ്രാൻസിനുള്ളിലുണ്ടെന്നും സാമുദായികവാദം (communitarianism) ഫ്രഞ്ച് റിപ്പബ്ലിക്കിനെ ഭിന്നിപ്പിക്കുന്നുവെന്നുമുള്ള, പ്രസിണ്ടണ്ട് ഇമ്മാനുവൽ മാക്രാണും മറ്റ് രാഷ്ട്ര ഉദ്യോഗസ്ഥരും ഉത്പാദിപ്പിക്കുന്ന പ്രതിപാദനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൽ ഒരു കേസിനെ മാത്രം പ്രതീകമാക്കി തെളിയിക്കപ്പെട്ടു. കൂടാതെ, നിയമവാഴ്ച നിർത്തലാക്കി കൊണ്ടുള്ള പുതിയ നടപടികൾ വഴിയേ നടപ്പിലാക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു.

‌ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാമാനിയൻ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഒട്ടേറെ സ്ഥാപനങ്ങളിലും അധ്യാപകന്റെ കൊലപാതകവുമായി ബന്ധമില്ലാത്തവരിലേക്കും പോലീസ് നടപടികളുണ്ടാകുമെന്നും, കൂട്ടത്തിൽ ഇതൊരു “സന്ദേശമാണെന്നും” പറയുകയുണ്ടായി. ഈ സന്ദേശത്തിലൂടെ, തങ്ങൾ ‌നിയമവാഴ്ചക്കെതിരെ പ്രവർത്തിക്കുമെന്നും ഈ സന്ദേശമറിയിക്കേണ്ട ഒരു ശത്രു തങ്ങൾക്കുണ്ടെന്നുമാണ് ഫ്രാൻസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു അദ്യശ്യ (യഥാർത്ഥത്തിൽ ദൃശ്യമായ) ശത്രുവിനെതിരെയുള്ള ഈ പുതിയ യുദ്ധപ്രഖ്യാപനം പൊതുമണ്ഡലത്തിൽ എല്ലാ മുസ്‌ലിംകളെയും നോട്ടപ്പുള്ളികളാക്കി തീർക്കുന്ന ഒരുതരം ഹിസ്റ്റീരിയയാണ്. വർഷങ്ങളായി നിർവ്വചിക്കാനും ഒരു നിയമപരമായ ചട്ടക്കൂടിനുള്ളിൽ വരച്ചിടാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ‘ഇസ്‌ലാമോഫോബിയ’ എന്ന സംജ്ഞ സ്റ്റേറ്റ് വിശ്വാസി സമൂഹത്തെ ഒന്നടങ്കം എതിരിടുന്ന ഈ പുതിയ പ്രതിസന്ധിയെ വിശദീകരിക്കാൻ അപര്യാപ്തമാണ്. ഇനിയങ്ങോട്ട്, വിശ്വാസ സ്വാതന്ത്ര്യം, പൗരത്വ സേവനങ്ങൾ, സാമൂഹിക നയങ്ങൾ തുടങ്ങിയ അവകാശങ്ങളനുഭവിക്കാൻ പോലും മുസ്‌ലിം സമൂഹം അർഹരല്ല. മറിച്ച്, ഇനിമുതലവർ രാഷ്ട്ര സുരക്ഷയുടെയും ഇസ്‌ലാം വിരുദ്ധ നയങ്ങളുടെയും ലക്ഷ്യങ്ങൾ മാത്രമാണ്.

‌ഫ്രാൻസിലെ ഈ പുതിയ ശത്രുതാപരമായ രാഷ്ട്രീയ സമീപനങ്ങളുടെ ആദ്യത്തെ ഇര അവിടത്തെ ഇസ്‌ലാമോഫോബിയക്കെതിരായി നിലകൊള്ളുന്ന ഒരു സംഘടനയാണ് (CCIF). എല്ലാ വർഷവും ഫ്രാൻസിലെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വിവേചനത്തിനും ഇസ്‌ലാമോഫോബിയയുടെ ഹിംസകൾക്കും ഇരയാവുന്നവരുമായി ചേർന്നുനിൽക്കുകയും അവർക്കാവശ്യമായ നിയമോപദേശങ്ങൾ നനൽകുകയും ചെയ്തുവരുന്ന സംഘടനയാണിത്. ഭരണകൂട റിപ്പോർട്ടുകളിൽ വിഘടനവാദ പ്രസ്ഥാനമായി മുദ്രകുത്തപ്പെട്ട ഈ സംഘടന നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഇരകളുടെ ശബ്ദമാകാൻ ശ്രമിക്കുന്നതാണ്. അവകാശ സംരക്ഷണത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ നയങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ സംഘടനയുടെ നിരോധനം, വാസ്തവത്തിൽ, ഫ്രഞ്ച് ഭരണകൂട പദ്ധതികൾ എങ്ങോട്ടേക്കാണ് നയിക്കുന്നത് എന്നാണ് കാണിക്കുന്നത്. ഫ്രഞ്ച് സാമൂഹിക മണ്ഡലത്തിൽ ‘ഇസ്‌ലാമോഫോബിയ’ എന്ന വാക്കിന് ബൗദ്ധികമായി അവമൂല്യനം സംഭവിക്കുകയും പ്രസ്തുത വാക്ക് പ്രയോഗിക്കുന്നവരെ പോലും വിഘടനവാദം ആരോപിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇരയാക്കപ്പെടുന്നവർ കുറ്റവാളികളായി മാറുന്ന, ശിരോവസ്ത്രം, താടി, പേര്, വംശം തുടങ്ങിയ സ്വത്വ അടയാളങ്ങളുടെ പേരിൽ മുസ്‌ലിംകളെ അവമതിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഈയൊരു അന്തരീക്ഷത്തിൽ വിശ്വാസ സ്വാതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും ഒരു ഉട്ടോപ്പ്യയായി മാറിയിരിക്കുന്നു.

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഈ അന്തരീക്ഷത്തിൽ മുസ്‌ലിംകൾക്കും മസ്ജിദുകൾക്കും നേരയുള്ള ആക്രമണങ്ങൾ മാധ്യമങ്ങളുടെ പരിഗണനാ വിഷയമാവുന്നത് അപൂർവ്വമാണ്; ഒന്നോ രണ്ടോ മാത്രം. ഒക്ടോബർ 18 ന് ഈഫൽ ടവറിന് സമീപത്തു വെച്ച് ശിരോവസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ ‘വൃത്തികെട്ട അറബുകൾ’ എന്ന് അധിക്ഷേപിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. അതേപോലെ, അതിന്റെ തലേ ദിവസം രണ്ട് തുർക്കി വനിതകളെ പോലീസ് റോഡിലിട്ട് മർദ്ദിക്കുകയുണ്ടായി. ബോഡോയിലെയും ബെസിയേയിലെയും മസ്ജിദുകൾക്ക് നേരെയും ആക്രമണമുണ്ടായി. പക്ഷേ, ഇത് പോലെയുള്ള സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിമുഖത കാണിക്കുന്നു.

‌മുസ്‌ലിംകളുടെ മൗലികാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും മുൻനിർത്തിയുളള വിമോചന ശബ്ദങ്ങൾ ഫ്രാൻസിന്റെ ഒരു മൂലയിലും മുഴങ്ങി കേൾക്കില്ല. കാരണം, ഗവൺമെന്റിന്റെ തീവ്ര-വിദ്വേഷ നയങ്ങളെ വിമർശിക്കുന്ന ഏതൊരാളും പാർശ്വവൽകരിക്കപ്പെടുന്നു. അതിന്റെ സമീപകാല ഇരയാണ് ‘നിക്കോളാസ് കാഡെൻ’. ഫ്രാൻസിലെ മതേതരത്വ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഔദ്യോഗിക കമ്മിറ്റിയുടെ ചെയർമാനായ അദ്ദേഹം, പുതിയ സംഭവവികാസങ്ങളോട് ‘മതേതരസംരക്ഷണത്തേക്കാൾ മുസ്‌ലിംകളെ ദ്രോഹിക്കുന്ന ഒരു ഘട്ടത്തിലേക്ക് അവ എത്തിയിരിക്കുന്നു’ എന്നാണ് പ്രതികരിച്ചത്. ഈ പ്രസ്താവനകൾക്ക് ശേഷം കാഡെനെതിരെ സോഷ്യൽമീഡിയാ ലിഞ്ചിങ്ങുകൾ മുതൽ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കണമെന്ന ആവശ്യം വരെ പല കോണുകളിൽ നിന്നും ഉയർന്നു വന്നു.

തിന്മ സാധാരണമായി മാറിയ ഈ പുതിയ സന്ദർഭത്തിൽ ഫ്രഞ്ച് സമൂഹത്തിലെ മുസ്‌ലിംകളുടെ സ്ഥാനവും അവരോടുള്ള മനോഭാവവും 1930 കളിൽ യൂറോപ്പിൽ ജൂതന്മാർ അനുഭവിച്ച സെമിറ്റിക്ക് വിരുദ്ധ നടപടികളോട് സാമ്യമുള്ളതാണ്. ‘അഭിപ്രായസ്വാതന്ത്രത്തിന്റെയും ആവിഷ്കാര സ്വാതന്ത്രത്തിന്റെയും’ പര്യായമായി ഇസ്‌ലാമോഫോബിയ മാറിയ ഈ ഘട്ടത്തിൽ കർതൃത്വം നഷ്ടപ്പെട്ട, സ്വന്തം നിലനിൽപ്പ് കൊണ്ട് തന്നെ കുറ്റവാളികളാവുന്ന വിഷയികളായി മുസ്‌ലിംകൾ മാറിയിരിക്കുന്നു. ഫ്രഞ്ച് ഭരണകൂടം മുന്നോട്ട് വെക്കുന്ന കുടിയേറ്റ നയത്തിന്റെ ഭാഗമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ മൂടിവെക്കപ്പെടുമ്പോൾ, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മുമ്പിൽ നിരന്തരമായി സ്വയം തെളിയിക്കപ്പെടേണ്ട  ‘അപരനായി’ മുസ്‌ലിംകൾ  മാറുന്നു.


വിവർത്തനം: മുഹമ്മദ് റാഷിദ് വി.പി

Courtesy: AnadoluAgency

Orkun Elmacigil