Campus Alive

ഫ്രാന്‍സിന്റെ ഇസ്‌ലാമുമായുള്ള ‘പ്രതിസന്ധി’: അധിനിവേശത്തിന്റെ രണ്ട് നൂറ്റാണ്ടുകള്‍

 

ഫ്രാന്‍സ് വലിയൊരു പ്രതിസന്ധിയിലാണ്. സ്വദേശികളും വിദേശികളുമായ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മതേതരത്വം (laicité) എന്ന ഓമനപ്പേരിട്ട് അധികാരികളും അല്ലാത്തവരുമായ ക്രിസ്ത്യന്‍ ഫ്രഞ്ച് പുരോഗമന തീവ്രവാദികള്‍ അതിന് നിയമ സാധുത കണ്ടെത്താനും നിരന്തരം ശ്രമിക്കുന്നുണ്ട്.

ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയക്കെതിരായി പ്രവർത്തിക്കുന്ന ഒരു സംഘടന (The Collectif contre l’islamophobie en France – CCIF) 2019 ലെ  ഇസ്‌ലാമോഫോബിയ സംബന്ധിയായ 1043 സംഭവങ്ങളാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. 2017 നെ അപേക്ഷിച്ചു 77% വര്‍ദ്ധനവുണ്ടിതില്‍. അതില്‍ 68 ശാരീരികാക്രമണങ്ങള്‍ (6.5%), 618 വിവേചന സംഭവങ്ങള്‍ (59.3%), 210 വിദ്വേഷ പ്രസംഗങ്ങളും വംശീയ വിദ്വേഷത്തിന് പ്രേരിപ്പിച്ച സംഭവങ്ങളും (20.1%), 93 അപകീര്‍ത്തി സംഭവങ്ങള്‍ (8.9%),  22 മുസ്‌ലിം പുണ്യ സ്ഥലങ്ങളിലെ നശീകരണ പ്രവര്‍ത്തനങ്ങള്‍ (2.1%), ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 32 സംഭവങ്ങള്‍ (3.1%) എന്നിവ ഉള്‍പ്പെടും.

ഫ്രഞ്ച് ക്രിസ്ത്യാനിറ്റിയുടെയും ‘മതേതരത്വം’ എന്ന ലേബലൊട്ടിച്ച വ്യവസ്ഥിതിയുടെയും മുസ്‌ലിം വിരോധം ഫ്രാൻസിലെ മാധ്യമങ്ങളുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും ഫ്രഞ്ച് സര്‍ക്കാരിന്റെയും വരെ ദൈന്യം ദിന സംഭാഷണങ്ങളുടെ ഭാഗമാണ്. വാസ്തവത്തില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രഭാഷണങ്ങളെ സ്വാഭാവികവത്ക്കരിക്കുന്നതിലൂടെ, മുസ്‌ലിംകളനുഭവിക്കുന്ന സ്ഥാപനവത്കൃത വിവേചനങ്ങളെ മാത്രമല്ല അത് സാധൂകരിക്കുന്നത്. മറിച്ച് ഫ്രാന്‍സിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ ഹിംസകളെ കൂടിയാണ്. 2019 ജൂണില്‍ ബ്രെസ്റ്റ് പള്ളിയില്‍ (Brest) ജനപ്രിയ ഇമാം റാഷിദ് എല്‍ജായിയെ ഉന്നം വെച്ച് നടന്ന വെടിവെപ്പും 2019 ഒക്ടോബറില്‍ ബയോണി (Bayonne) മസ്ജിദിനെതിരെയുള്ള, നാല് പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ ആക്രമണവുമെല്ലാം ഇതിന്റെ ഉദാഹരണമായി എണ്ണാം. ഫ്രാന്‍സിന് പുറത്ത് 2019 ല്‍ ന്യൂസിലാന്‍ഡിലെ ക്രിസ്റ്റ്ചര്‍ച്ച് നഗരത്തിലെ പള്ളിയില്‍ ഭീകരവാദി നടത്തിയ കൂട്ടക്കൊലയും ഇതിനുദാഹരണം തന്നെ. അന്ന് 50 മുസ്‌ലിം ആരാധകരുടെ ജീവനുകളാണ് പൊലിഞ്ഞത്, 49 പേര്‍ക്ക് പരിക്കും. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചതാകട്ടെ, ഇസ്‌ലാമോഫോബിക് ഫ്രഞ്ച് ചിന്തകനായ റെനോഡ് കാമുവിന്റെ (Renaud Camus) ഹിംസാത്മക സിദ്ധാന്തങ്ങളുമായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആഭ്യന്തരമന്ത്രി ക്രിസ്റ്റഫ് കാസ്റ്റാനറും 2019 ഒക്‌ടോബറില്‍, ഫ്രാന്‍സില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഫ്രഞ്ച് മുസ്‌ലിംകളുടെ വിശ്വാസവുമായും സംസ്‌കാരവുമായും കൂട്ടിച്ചേര്‍ത്തു പറയുകയുണ്ടായി. താടി വളര്‍ത്തല്‍, അഞ്ചു നേര നമസ്‌കാരം, ഹലാല്‍ ഭക്ഷണം കഴിക്കല്‍ എന്നിവയെല്ലാം ഭീകരവാദികളുടെ പ്രതീകങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുമുണ്ടായി. പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും യേശുവിന്റെ നാമമാണ് എന്നത് തികച്ചും യാദൃശ്ചികമാണ്. ക്രസ്തുവിന്റെ പേരുള്ള എല്ലാവരും ഇസ്‌ലാമുമായി പ്രതിസന്ധിയുള്ളവരാണ് എന്നിത് അർത്ഥമാക്കുന്നില്ല, മറിച്ച് അവരിൽ ചിലർ മാത്രമേ മുസ്‌ലിം വിരുദ്ധ “മതേതരത്വം” ഉള്ളവരായുള്ളൂ.

ഇസ്‌ലാമിനെ വിമോചിപ്പിക്കുന്നു

കഴിഞ്ഞ ആഴ്ച മാക്രോണ്‍ പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു; “സമകാലിക ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന വലിയ പ്രതിസന്ധിയാണ് ഇസ്‌ലാം മതം. ഈ രാജ്യത്ത് മാത്രമല്ല ഞങ്ങളീ പ്രശ്‌നം കാണുന്നത്”. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വൈദേശിക സ്വാധീനങ്ങളില്‍ നിന്ന് ‘വിമോചിപ്പിക്കാനുള്ള’ മാര്‍ഗ്ഗങ്ങള്‍ താന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി പള്ളികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. വാസ്തവത്തില്‍, ഇസ്‌ലാമിനെ ‘വിമോചിപ്പിക്കാന്‍’ ഒരുമ്പെടുന്ന ആദ്യ ഫ്രഞ്ച് ഭരണാധികാരിയൊന്നുമല്ല മാക്രോണ്‍.

പഴയ ഫ്രഞ്ച് ‘മതേതര’ പാരമ്പര്യത്തിന്റെ ഭാഗം തന്നെയാണിതും. 1798 ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഈജിപ്തിനും ഫലസ്തീനുമെതിരെ പടയോട്ടം നടത്തിയപ്പോൾ ഈജിപ്ത്യരോട് അദ്ദേഹം ഒരു കള്ളം പറഞ്ഞു. താനും തന്റെ സൈന്യവും ‘ഭക്തരായ മുസ്‌ലിംകളാണെ’ന്നും തങ്ങളിവിടെ വന്നത് മുസ്‌ലിംകളെ മംലൂക്കുകളുടെ കിരാത വാഴ്ചയില്‍ നിന്ന് വിമോചിപ്പിക്കാനാണെന്നും അദ്ദേഹം തട്ടിവിട്ടു. നെപ്പോളിയന്റെ ബുദ്ധിപരമായ പദ്ധതിയായിരുന്നു അത്. പക്ഷേ ഇരു രാജ്യങ്ങളിലും അത് വിലപ്പോയില്ല. ചതി തിരിച്ചറിഞ്ഞ ഇരുകൂട്ടരും അദ്ദേഹത്തെ എതിര്‍ത്തു മുന്നേറി. പദ്ധതി വിജയിച്ചില്ലെങ്കിലും, എണ്ണിത്തിട്ടപ്പെടുത്താന്‍ ആകാത്തത്രയും കൊടിയ പീഡനങ്ങള്‍ അഴിച്ചു വിട്ടാണ് അദ്ദേഹവും സൈന്യവും ഫ്രാന്‍സിലേക്ക് തിരിച്ചത്. രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് നെപ്പോളിയനും ഫ്രാന്‍സിനും ഇസ്‌ലാമിനോടുണ്ടായിരുന്ന പ്രതിസന്ധി ഫലസ്തീനിയന്‍ നഗരമായ ഏക്‌റയില്‍(Acre) വെച്ച് നേരിട്ട പരാജയമായിരുന്നു. എന്നാൽ, അതിന് മൂന്ന് ദശകങ്ങള്‍ക്കിപ്പുറം, ഫ്രാന്‍സ് അള്‍ജീരിയയെ കീഴ്‌പ്പെടുത്തിയപ്പോൾ മുസ്‌ലിംകളെ പിടിച്ചടക്കാനും കൊള്ളയടിക്കാനും അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചടുക്കാനും നേരത്തേത് പോലെ കളവ് പറയേണ്ട ആവശ്യമില്ലായിരുന്നു.

ഇമ്മാനുവല്‍ മാക്രോൺ

ഫ്രഞ്ച് രാജാവ് ചാള്‍സ് പത്താമന്‍ 1830 ല്‍ ഫ്രാന്‍സ് അള്‍ജീരിയ കീഴടക്കിയതിന്റെ ന്യായീകരണമായി ഉപയോഗിച്ചത്, ഫസ്റ്റ് റിപ്പബ്ലികിന് കീഴിലെ ഇറ്റാലിയന്‍ സൈനികനീക്കത്തിന്റെ സമയത്ത്, നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യത്തിന് അള്‍ജീരിയന്‍ വ്യാപാരികള്‍ വിതരണം ചെയ്തിരുന്ന ധാന്യത്തിന്റെ വായ്പ തിരിച്ചടക്കുന്നത് ഫ്രാൻസ് നിരാകരിച്ച സംഭവമായിരുന്നു. അപ്പറഞ്ഞ അള്‍ജീരിയന്‍ വ്യാപാരികള്‍ വാസ്തവത്തില്‍ ഇറ്റലിയിലെ തുറമുഖ നഗരമായ ലിവോര്‍ണോയില്‍ നിന്നുള്ള ബാക്രി, ബുസ്‌നക് (Barci and Busnac) എന്നീ ജൂതകുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. പണവ്യാപാരം ആയിരുന്നു ഈ കുടുംബങ്ങളുടെ മുഖ്യ വരുമാനമാര്‍ഗം. അക്കാലത്ത്, ഫ്രാന്‍സിൽ നടന്ന സംവാദങ്ങള്‍ക്ക് ഒരു ‘സെമിറ്റിക് വിരുദ്ധ മുഖ’മുണ്ടായിരുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ഇതേ ചാള്‍സ് രാജാവ് തന്നെയാണ് ഹെയ്തിയിലെ അടിമകള്‍ക്കെതിരെ 1825 ല്‍ നിലപാടെടുത്ത് മുന്നോട്ടു വന്നത്. ഫ്രഞ്ച് കൊളോണിയലിസത്തെയും അടിമ സമ്പ്രദായത്തെയും അട്ടിമറിച്ച വിമോചിതരായ ഹെയ്തി അടിമകൾ, ഫ്രാൻസിന്റെ നയതന്ത്രനയത്തിന്റെ ഭാഗമായി കാലങ്ങളായി തങ്ങളെ അടിമകളാക്കി വെച്ചിരുന്ന വെള്ളക്കാരായ ഫ്രഞ്ച് ഉടമകള്‍ക്ക് സംഭവിച്ച ധനനഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു രാജാവ് പ്രഖ്യാപിച്ചത്. വര്‍ഷം 1827 ല്‍ അള്‍ജീരിയന്‍ ഒട്ടോമന്‍ അധികാരിയായിരുന്ന ഹുസൈന്‍ ദെയ് (Hussein Dey) ഫ്രഞ്ച് രാജ്യപ്രതിനിധിയായിരുന്ന പിയറി ദേവലിനോട് കടം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടു. ധിക്കാരത്തോടെ ദേവല്‍ അത് തിരസ്‌കരിച്ചു. ഈ ധിക്കാരം കണ്ട് കുപിതനായ ദെയ്, ഈച്ചയെ ആട്ടുന്ന ഉപകരണം കൊണ്ട് ദേവലിനെ മൂന്നുവട്ടം പ്രഹരിക്കുകയും (ഫ്രഞ്ചുകാര്‍ ഇതിനെ the coup d’éventail incident/ The Fly Whisk Incident എന്നാണ് വിളിക്കുന്നത്) ദെയ് അദ്ദേഹത്തെ ‘ദുഷ്ടന്‍, വഞ്ചകന്‍, ബിംബാരാധനകനായ നികൃഷ്ടന്‍’ എന്നൊക്കെ വിളിക്കുകയും ചെയ്തു.

അള്‍ജീരിയക്കെതിരായ പടയോട്ടം

1830 ജൂണ്‍ മധ്യത്തിലാണ് ഫ്രാന്‍സിന്റെ സൈനികപ്രവേശം ഉണ്ടാകുന്നത്. ജൂലൈ അഞ്ചോടെ അള്‍ജീരിയക്കാര്‍ പരാജയപ്പെടുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഫ്രാന്‍സ് അള്‍ജീരിയന്‍ ഖജനാവ് പൂര്‍ണ്ണമായും കൊള്ളയടിച്ചു. 43 മില്യണോളം ഫ്രാങ്ക് പണം സ്വര്‍ണ്ണമായും വെള്ളിയായും അടിച്ചുമാറ്റി. ഫ്രഞ്ച് പട്ടാളത്തിനു വേണ്ടി ചെലവഴിച്ചതായും അല്ലാതെയും ഇതിലുമെത്രയോ തുക വേറെയും വരും. ഒരു പക്ഷേ, ഇപ്പോഴും ഫ്രാന്‍സുമായി കടബാധ്യതയുള്ള പല ദക്ഷിണാഫ്രിക്കന്‍ ദരിദ്ര രാഷ്ട്രങ്ങളും, ഫ്രാന്‍സ് അന്ന് നടത്തിയ അധിനിവേശം കണക്കിലെടുത്ത്, ഫ്രാൻസിനെ ആക്രമിച്ച് അവരുടെ ഖജനാവ് കൊള്ളയടിച്ച് തങ്ങൾ എത്രത്തോളം ‘ഫ്രഞ്ച്സ്വഭാവത്തിൽ’ ആകൃഷ്ടരാണെന്ന് തെളിയിക്കേണ്ടതുണ്ടെന്ന് തോന്നുന്നു!

Fly whisk incident

അധിനിവേശത്തിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും മാര്‍ച്ച് 2-ന് ഫ്രഞ്ച് നാഷണല്‍ അസംബ്ലിയോട് വിവരിക്കുന്ന ചാള്‍സ്, അതിലൊന്നായി പറയുന്നത് അല്‍ജീരിയന്‍ അധിക്ഷേപത്തിന് (The Fly Whisk Incident) പ്രതികാരം ചെയ്യുന്നതാണെന്നാണ്. കടല്‍ക്കൊള്ളക്ക് അറുതി വരുത്താനും അല്‍ജീരിയന്‍ മണ്ണ് ക്രിസ്ത്യാനിറ്റിക്ക് വീണ്ടെടുക്കാനും കൂടിയാണത്രേ അത്.

ഫ്രാന്‍സിന് ക്രിസ്ത്യാനിറ്റിയോടുള്ള പ്രതിബദ്ധത അടുത്തറിയാന്‍ ഫ്രഞ്ച് സൈന്യം കീഴടക്കിയ മുസ്‌ലിം പള്ളികളുടെ അവസ്ഥ പരിശോധിച്ചാല്‍ മതിയാകും. അവയെയെല്ലാം തോക്കിൻമുനയിൽ നിര്‍ത്തി, ചര്‍ച്ചുകളും കത്തീഡ്രലുകളുമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. 1612 ല്‍ പണിതീര്‍ത്ത, അല്‍ജീരിയയിലെ ഏറ്റവും വലിയ ഓട്ടോമന്‍ പള്ളിയായ ‘കെച്ചാവുഅ’ പള്ളി (Ketchaua Mosque) വരെ പരിണാമത്തിന് വിധേയമായിരുന്നു. 1832 ഡിസംബറില്‍ സെയ്ന്റ് ഫിലിപ്പ് കത്തീഡ്രലായി മാറ്റുകയായിരുന്നു അതിനെ. അതേ വര്‍ഷം തന്നെയായിരുന്നു ഓഫിയ ഗോത്രത്തെ (Ouffias) ഒന്നടങ്കം ഫ്രാന്‍സില്‍ നിന്ന് തൂത്തെറിഞ്ഞത്. സ്ത്രീകളോടോ കുട്ടികളോടോ യാതൊരു അനുകമ്പയും അവര്‍ കാട്ടിയില്ല. ആ ഗോത്രക്കാരുടെ സകല സമ്പത്തും അവര്‍ പിടിച്ചെടുക്കുകയും ചെയ്തു.

സമകാലീന ഫ്രഞ്ച് ക്രിസ്ത്യന്‍ മേലാളന്മാരും വെള്ളക്കാരായ ബുദ്ധിജീവികളും മാത്രമല്ല ഇസ്‌ലാമിനെ വെറുത്തിരുന്നതും മുസ്‌ലിംകളോട് വംശീയത കാണിച്ചിരുന്നതും. 1840 കളിലേ അതുണ്ട്. അക്കാലത്തെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഫ്രാന്‍സിലെ ചിന്തകനായിരുന്ന അലക്‌സി ദെ ടോക്യവെല്ലിയുടെ (Alexis de Toqueville) ഇവ്വിഷയകമായ നിലപാട് ഇവിടെ ശ്രദ്ധേയമാണ്. ഒരിക്കലദ്ദേഹം എഴുതിയതിങ്ങനെ: “ആഫ്രിക്കയില്‍ രണ്ട് വ്യത്യസ്ത നിയമവ്യവസ്ഥകള്‍ ഉണ്ടാകുന്നത് സാധ്യവും അനിവാര്യവുമാണ്. കാരണം രണ്ട് വ്യത്യസ്ത ജനവിഭാഗങ്ങളെയാണ് അവിടെ നാം അഭിമുഖീകരിക്കുന്നത്. അവിടത്തെ കൊളോണിയല്‍ കുടിയേറ്റക്കാരായ യൂറോപ്യന്മാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അവരുമായി ബന്ധപ്പെട്ടതാണല്ലോ. അതില്‍ പ്രത്യേകിച്ചൊന്നും മറുത്ത് പറയാനില്ല”.

ഫ്രാന്‍സ് ചെയ്തു കൂട്ടിയ മൃഗീയ പീഡനങ്ങളെ എതിര്‍ക്കുന്നവരെ ദുര്‍ബലഹൃദയര്‍ എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. അള്‍ജീരിയന്‍ ജനതക്കെതിരെ റാസിയാസ് എന്ന സൈനികരെ നിയോഗിച്ചതിനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. അലക്‌സി പറയുന്നു, “നാം നിരായുധരായ കുട്ടികളെയും സ്ത്രീ-പുരുഷന്മാരെയും പിടികൂടിയതും, വിളകള്‍ക്ക് തീയിട്ടതും, നിലവറകള്‍ കൊള്ളയടിച്ചതും ശരിയായില്ല എന്ന് പറയുന്നവരോട് ഞാന്‍ യോജിക്കുന്നില്ല. ഞാനൊരുപക്ഷേ അവരില്‍ പലരെയും ബഹുമാനിക്കുന്നുണ്ടെങ്കിലും, ഇപ്പറഞ്ഞതിനോട് വിയോജിപ്പാണ്. ഇവയെല്ലാം ഒരു അനിവാര്യതയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അറബികള്‍ക്കെതിരെ യുദ്ധം ചെയ്യണമെന്ന് പറയുന്ന ഓരോരുത്തരും സ്വയം സന്നദ്ധരായി മുന്നോട്ട് വരേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം യൂറോപ്പിലെ എല്ലാ യുദ്ധങ്ങളിലും നടക്കുന്നതും, യുദ്ധ നിയമം കൃത്യമായി അംഗീകാരം നല്‍കുന്നതുമായ മറ്റു പലതിനേക്കാളും വലുതൊന്നുമല്ല അല്‍ജീരിയയില്‍ ഫ്രാന്‍സ് നടത്തിയത്”.

ഫ്രഞ്ച് ക്രൂരതകൾ

1871 ല്‍ ഫ്രഞ്ച് ഭരണത്തിനെതിരെ അള്‍ജീരിയന്‍ മുസ്‌ലിംകള്‍ വീണ്ടും വിപ്ലവപ്രക്ഷോഭം സംഘടിപ്പിച്ചു. അല്‍ മുഖ്‌റാനിയെന്ന പ്രാദേശിക നേതാവിനു പിന്നില്‍ 1,50,000 ത്തോളം ജനങ്ങള്‍ അണിനിരന്നു. ഫ്രഞ്ച് സൈന്യത്തിന്റെ യുദ്ധക്കോപ്പുകള്‍ തുരുതുരാ പ്രതികരിച്ചു. ലക്ഷക്കണക്കിനാളുകളെ വംശഹത്യ നടത്തി. 1960 കളുടെ ഒടുക്കത്തില്‍ ഫ്രാന്‍സ് കാരണമുണ്ടായ ക്ഷാമത്തിന്റെ പരിണിതിയെന്നോണം കൊല്ലപ്പെട്ടവരെയും ചേർത്ത് അള്‍ജീരിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം (1 മില്ല്യൺ അൽജീരിയക്കാർ) ജനങ്ങള്‍ ആകെ കൊല്ലപ്പെട്ടു. ഒട്ടേറെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഫ്രഞ്ച് സൈന്യം തകര്‍ത്തു തരിപ്പണമാക്കി. അള്‍ജീരിയൻ സമൂഹത്തിന്റെ ഉന്നതരെയൊന്നടങ്കം ഇല്ലായ്മ ചെയ്തു. അതുകൊണ്ടൊന്നും പക്ഷേ, ഫ്രാന്‍സിന്റെ ഇസ്‌ലാമുമായുള്ള ‘പ്രതിസന്ധി’ പരിഹരിക്കപ്പെട്ടില്ല.

1901 ല്‍ ഇസ്‌ലാം പ്രതിസന്ധിയില്‍ ഫ്രാന്‍സ് കൂടുതല്‍ ഉല്‍ക്കണ്ഠരായി. ‘നിസ്സംശയം ഫ്രാന്‍സ് വലിയ മുസ്‌ലിം ശക്തി കേന്ദ്ര പ്രദേശമാണ്/ആകുന്നു’ എന്ന ചിന്ത അവരെ ആകുലപ്പെടുത്തി. മുസ്‌ലിം ജനസാന്ദ്രതയേറിയ പുതിയ കോളനികള്‍ രൂപപ്പെടുത്തുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാം എങ്ങനെയായിരിക്കും എന്ന് അവര്‍ക്ക് അറിയണമായിരുന്നു. ഇതൊരു ഗുരുതരമായ ആശങ്കയായി മാറുകയും, അറിവിന് വേണ്ടിയുള്ള ‘കൊളോണിയൽ’ അന്വേഷണം ഒരു അനിവാര്യതയായിത്തീരുകയും ചെയ്തു ഫ്രാന്‍സിന്. അങ്ങനെയാണ് ഫ്രഞ്ച് കൊളോണിയല്‍ ജേണലായ ‘Questions diplomatiques et coloniales’ ന്റെ എഡിറ്ററായ എഡ്‌മണ്ട് ഫാസി (Edmond Fazy) ഇറങ്ങിത്തിരിക്കുന്നത്, 2000 ത്തോടെ ‘ഇസ്‌ലാമിന്റെ ഭാവി’ എങ്ങനെയാകുമെന്ന് അന്വേഷിക്കാന്‍.

ഇസ്‌ലാമിന്റെ ഭാവി

സമകാലീന ഇസ്‌ലാമോഫോബിക് ഫ്രഞ്ച് ക്രിസ്ത്യന്‍സിനെ പോലെ തന്നെ ഫാസിയും, ഉയര്‍ന്നു വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ വ്യാകുലപ്പെട്ടിരുന്നു. സത്യത്തിലുള്ളതിനേക്കാളും കുറച്ചു കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവരുടെ ആധി വര്‍ദ്ധിപ്പിച്ചു. (ഫാസി പറയുന്നത്, ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് -300 മില്യണ്‍- വരും മുസ്‌ലിംകള്‍ എന്നാണ്) ആഫ്രിക്കയിലേക്കുള്ള മതപ്രബോധന ദൗത്യത്തെയും ആശങ്കയോടെയാണവര്‍ നിരീക്ഷിച്ചത്.

തന്റെ ജേണലില്‍ ഇസ്‌ലാമിക ദൈവശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇടമുണ്ടായിരുന്നു. ഇസ്‌ലാമിക ദൈവശാസ്ത്രത്തെയും മുസ്‌ലിം ഉലമാക്കളെയും യൂറോപ്യന്‍ ആധുനികതക്ക് അനുഗുണമാകും വിധം പരിവർത്തിക്കുക, ഒരു ആധുനികമായി ഇസ്‌ലാമിനെ അവതരിപ്പിക്കുക എന്നതിനോടു കൂടെ മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നു, ഒട്ടോമന്‍ സാമ്രാജ്യത്തെ ദുര്‍ബലമാക്കുകയായിരുന്നു അത്.

ഉത്തരാഫ്രിക്കയിലെ ഫ്രഞ്ച് കൊളോണിയല്‍ കുടിയേറ്റക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ‘French School of Arabists’ ന്റെ അധികാരികളാണിതിന് ഒട്ടു മിക്ക പ്രായോഗികോപദേശങ്ങളും നല്‍കിയിരുന്നത്. അവരിലൊരാളായ, മതത്തെ പറ്റിയും ഇസ്‌ലാമിനെ പറ്റിയും പഠിച്ച എഡ്‌മോണ്ട് ഡോട്ട് (Edmond Doutte), മുസ്‌ലിം മതഭ്രാന്ത്, അസഹിഷ്ണുത എന്നിവയെപ്പറ്റി സദാ വാചാലനാകുന്നുണ്ട്. പാരമ്പര്യ ഇസ്‌ലാം പഠിച്ചു വരുന്ന മുസ്‌ലിംകള്‍ ‘തങ്ങളില്‍ നിന്ന് അകലുന്നതാ’യാണ് അവര്‍ക്ക് തോന്നിയത്. എന്നാല്‍ പ്രാദേശിക മുസ്‌ലിം ജനതയാകട്ടെ, കോളനികളുമായും ‘ഞങ്ങളുടെ ശീലങ്ങളു’മായും സമരസപ്പെട്ടു കൊണ്ടിരിക്കുകയാണ്. ‘ഊതിപ്പെരുപ്പിച്ച മതപരമായ പ്രകടനപരത’യെ അടിച്ചമര്‍ത്തുന്നതിനേക്കാള്‍ ഈയൊരു മാര്‍ഗമായിരുന്നു യൂറോപ്പിന് കൂടുതല്‍ ഫലപ്രദം. ‘നേരെമറിച്ച് യൂറോപ്പിന്റെ സങ്കല്പങ്ങളുമായും ആശയങ്ങളുമായും ചേര്‍ന്നു നില്‍ക്കുന്ന ഒരു പുതിയ ഇസ്‌ലാമിനെ പടുത്തുയര്‍ത്താൻ നമുക്ക് കഴിയും. ഈയൊരു ദിശയില്‍ വര്‍ത്തിക്കുന്ന പണ്ഡിത യുവയുഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കുവാനും പള്ളികളുടെയും മദ്‌റസകളുടെയും മുസ്‌ലിം സര്‍വകലാശാലകളുടെയും എണ്ണം വർദ്ധിപ്പിക്കുവാനുമായി പുതിയ സിദ്ധാന്തങ്ങള്‍ പിന്തുടരുന്ന ജീവനക്കാരെ അവിടങ്ങളിൽ നിയോഗിക്കുന്നത് ഉറപ്പുവരുത്താനും കഴിയും’, ഡോട്ടിന്റെ ഇത്തരം വിവരണങ്ങൾ പരിചിതമായി തോന്നിയേക്കാം. സമകാലിക ലോകത്തെ ഏതൊരു രാഷ്ട്രീയക്കാരനും പണ്ഡിതനും സംസാരിക്കാവുന്നതേയുള്ളൂ ഇതെല്ലാം. ഏതൊരു ഫ്രഞ്ച് പൗരനും മറ്റു പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ പൗരനും ചിന്തിക്കാവുന്നതേയുള്ളൂ.

അള്‍ജീരിയൻ മുസ്‌ലിം ജഡ്ജിമാരെ “യുക്ത്യാധിഷ്ഠിതമായി” പരിശീലിപ്പിച്ചടുക്കുവാനായി, ഫ്രാന്‍സ് രൂപീകരിച്ച ത്ലെംസന്‍ മദ്‌റസയുടെ (Tlemcen Madrasa) ഡയറക്ടറായ എം. വില്യം മാർക്കെയ് (M. William Marcais), ഫ്രാന്‍സ് രൂപപ്പെടുത്തികൊണ്ടിരിക്കുന്ന (അദ്ദേഹമതില്‍ പങ്കാളി ആണ്) ‘പുതിയ’/’ആധുനിക’ ഇസ്‌ലാമിനോട് താത്പര്യമുള്ളയാളാണ്. അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള ഇസ്‌ലാം ‘ഫ്രാന്‍സിന്റെ വിധി’യുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.

ഇത് കടം വീട്ടാനുള്ള നേരം

ഇസ്‌ലാമിനെ യൂറോപ്യന്‍ ക്രിസ്ത്യാനിറ്റിയുടെയോ ഫ്രഞ്ച് സെക്യുലറിസത്തിന്റെയോ (laicite) ഭാഗമാക്കാനുള്ള പദ്ധതി ഈ 2020 ലും നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും അത്ര തൃപ്തികരമല്ല ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്. വിശേഷിച്ചും ഫ്രാന്‍സില്‍ നിന്ന് സിറിയയിലെ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇതുവരെയും നിലച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫ്രാന്‍സ് നിര്‍മ്മിച്ചെടുക്കുന്ന ഇസ്‌ലാമിന് ഇതുവരെയും അത് നിര്‍ത്താനായിട്ടില്ലത്രേ.

“Let the Muslims live their faith”

മാക്രോണിന് കീഴിലുള്ള ഫ്രഞ്ച് രാഷ്ട്രം, അതിലെ മുസ്‌ലിം പൗരന്മാർക്കെതിരെ നടത്തുന്ന സ്ഥാപനവല്‍കൃത വിവേചനങ്ങൾക്ക് യാതൊരു കുറവും ഇതേ വരെ ഉണ്ടായിട്ടില്ല. ഫ്രഞ്ച് വിപ്ലവത്തിനും മുമ്പേയുള്ള മുസ്‌ലിം വിദ്വേഷ വ്യവഹാരം തന്നെയാണ് ഫ്രാന്‍സ് ഇപ്പോഴും പിന്തുടരുന്നത്. യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു പന്തലിച്ച വിദ്വേഷ ഫാസിസ്റ്റ് സംസ്‌കാരവും വെള്ള ക്രിസ്തീയ മേധാവിത്വവും 1930 കളിലെ യൂറോപ്യന്‍ സംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഇത് ഫ്രാന്‍സില്‍ മാത്രമുള്ളതല്ല. എന്നിരുന്നാലും ഫ്രാന്‍സ് ഇസ്രായേലിനെ പോലെ വിദ്വേഷം പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും ഒഴിവാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

മുസ്‌ലിംകളുമായി ഫ്രാൻസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഫ്രഞ്ച് അധീശ ബോധത്തിന്റെ(French chauvinism) പ്രതിസന്ധി തന്നെയാണ്. വെള്ള ക്രിസ്ത്യൻ മേധാവിത്വവും ഫ്രഞ്ച് സെക്യുലറിസവും തങ്ങളുടെ രാജ്യം ഒരു മൂന്നാം കിട നവ-കൊളോണിയൽ ശക്തിയാണ് എന്ന സത്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. പിന്തിരിപ്പന്‍ സംസ്‌കാരവും അനര്‍ഹമായ പ്രതാപവുമാണ് അവര്‍ക്കുള്ളത്. കരീബിയന്‍ നാടുകള്‍ തൊട്ട് ആഫ്രിക്ക വരെയും തെക്കുകിഴക്കനേഷ്യ വരെയുമുള്ള പ്രദേശങ്ങളില്‍ അവര്‍ നടത്തിയ വംശഹത്യാ പാപങ്ങളത്രയും ഏറ്റു പറയാത്ത കാലത്തോളം അത് അനര്‍ഹം തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടു തൊട്ട് ലക്ഷക്കണക്കിനാളുകളെയാണവര്‍ കൊന്നു കൂട്ടിയത്. ലോകത്തെമ്പാടും അവര്‍ നടത്തിയ കൊലപാതകങ്ങളും കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തും കടം വീട്ടുകയാണ് ഫ്രാന്‍സ് ഇനി ചെയ്യേണ്ടത്. അന്നു മാത്രമേ ഫ്രാന്‍സിന്റെ ‘ഇസ്‌ലാമിനോടും’ അതിനോടുതന്നെയുമുള്ള പ്രതിസന്ധി അവസാനിക്കൂ.

 

(ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ബൗദ്ധിക ചരിത്ര വിഭാഗത്തിലും ആധുനിക അറബ് രാഷ്ട്രീയത്തിലും പ്രൊഫസറാണ് ലേഖകന്‍)


വിവര്‍ത്തനം: എം. നിസാം

ജോസഫ് മസാദ്‌