Campus Alive

മുസ്‌ലിം രാഷ്ട്രീയത്തോടുള്ള ലിബറൽ തർക്കങ്ങൾ

അടിസ്ഥാനപരമായി ഓറിയന്റലായ ലിബറൽ കാഴ്ചയ്ക്കകത്ത്, ലിബറൽ എന്ന സംവർഗ്ഗത്തിനു കീഴിൽ ‘വിമോചനം’ സാധ്യമാകുന്നതും അതുവഴി നാമമാത്രമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്ന വിശാലവും ഏകോന്മുഖവുമായ മതേതരത്വത്തിനകത്തേക്ക് സ്വാംശീകരിക്കപ്പെടേണ്ടതും ‘പരിഷ്കരിക്കപ്പെടേണ്ടതു’മായ, സാമൂഹികവും സാംസ്കാരികവുമായി പിന്നാക്കം നിൽക്കുന്ന ഒന്നായാണ് ഒരു സാധാരണ മുസ്‌ലിമിനെ ചിത്രീകരിക്കുന്നത്. എന്നാൽ അധികാര സ്ഥാനങ്ങളും ഇടങ്ങളും കയ്യാളുന്ന ശക്തികളാണ് ഈ ‘പിന്നോക്കാവസ്ഥ’ അവരിലടിച്ചേൽപ്പിക്കുന്നതെന്ന് ഇവർ മനസ്സിലാക്കുന്നില്ല. വാസ്തവത്തിൽ, ഇതു പോലെയുള്ള  പിതൃത്വ സമീപനം ഒരു മുസ്‌ലിം വ്യക്തിയുടെ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്നതിനു പകരം, അവരെ മതപരമായ സ്വത്വത്തിലേക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ചുരുക്കികെട്ടലിനെ ചെറുക്കുവാൻ വേണ്ടി മുഖ്യധാരാ അധീശ ഇടത്തിൽ നിരുപാധികമായി തന്റെ മുസ്‌ലിം സ്വത്വത്തെ തുറന്നു പ്രഖ്യാപിക്കുന്നവരെ  വിഘടനവാദിയെന്ന് വിളിക്കുകയും ചെയ്യുന്നു.

മുസ്‌ലിം സ്വത്വവുമായി ബന്ധപ്പെട്ട എന്തിനേയും മനഃപൂർവം അദൃശ്യവൽക്കരിക്കുന്ന സമീപനം ഉപഭൂഖണ്ഡത്തിന്റെ വിഭജന കാലം തൊട്ടേ കാണാൻ കഴിയും. തങ്ങൾ രാജ്യദ്രോഹികളോ രാജ്യത്തിനെതിരെ അക്രമം പ്രേരിപ്പിക്കുന്നവരോ അല്ല എന്ന് തെളിയിക്കാൻ ഒരു മുസ്‌ലിം ഇന്ത്യയിൽ ജനിച്ചു വളർന്ന് ഇന്ത്യൻ പൗരത്വം ഉള്ളവനായാൽ മാത്രം പോര, മറിച്ച് തന്റെ മുസ്‌ലിം സ്വത്വത്തെ തന്നെ നിർബന്ധിതമായി കൈവെടിയണമായിരുന്നു. പാക്കിസ്ഥാന്റെ രൂപീകരണത്തിന് കാരണമായ സവർണ പങ്കാളികളുടെ വരേണ്യ അധീശ രാഷ്ട്രീയത്തിന്റെ ബലിയാടായ, പ്രധാനമായും ബഹുജൻ മുസ്‌ലിംകളുടെ, സ്വത്വത്തിന് മീതെ വീണ കറകൾ ഇല്ലാതാക്കാൻ തുർക്കി ഫെസ് എന്ന തൊപ്പിയെ ഖാദി തൊപ്പി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക, യാതൊരു മടിയുമില്ലാതെ പ്രത്യേക ഇലക്ട്രേറ്റ് വിട്ടുകൊടുക്കുക, മക്കളെ ഉറുദുവിനു പകരം ഹിന്ദി പഠിപ്പിക്കാൻ സമ്മതിക്കുക, എന്നിങ്ങനെ അനന്തമായ ‘പ്രായശ്ചിത്തങ്ങൾ’ ഒന്നും മതിയാകാതെ വന്നു. ഇതിനുപുറമെ, വിഭജനാനന്തരം ഇന്ത്യൻ യൂണിയനോടുള്ള മുസ്‌ലിങ്ങളുടെ വിശ്വസ്തതയെക്കുറിച്ച ‘പ്രഖ്യാപനത്തിന് തെളിവ്’ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു താക്കീത് കൂടി സർദാർ വല്ലഭായ് പട്ടേലിൽ നിന്ന്  വന്നു (ജലാൽ, 1997).

ഹർഷ് മന്ദർ

‘മുസ്‌ലിം ചോദ്യം’ സംബന്ധിച്ച തർക്കങ്ങൾ

രണ്ട് വർഷം മുമ്പ് ‘മുസ്‌ലിം ചോദ്യ’ത്തെ സംബന്ധിച്ച വിവാദപരമായ ഒരു ലിബറൽ സംവാദം നടന്നിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ ഹർഷ് മന്ദറിന്റെ ഒരു കോളത്തിന് രാമചന്ദ്ര ഗുഹ മറുപടി നൽകിയതോടെയാണ് എല്ലാം ആരംഭിച്ചത്. ആ ലേഖനത്തിൽ, കോൺഗ്രസിനെ ഒരു മുസ്‌ലിം പാർട്ടിയായി കണക്കാക്കപ്പെടുന്നുവെന്ന സോണിയ ഗാന്ധിയുടെ ഭയത്തെക്കുറിച്ചായിരുന്നു മന്ദറിന്റെ ആശങ്ക. എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടിയോ അല്ലെങ്കിൽ ഭാഗികമായി ഗംഗ-ജമുനി തഹ്‌സീബിന് (ഹിന്ദു-മുസ്‌ലിം ഐക്യം) വേണ്ടിയോ ആണ് കോൺഗ്രസ് നിലകൊള്ളുന്നതെന്ന് ശ്രീമതി ഗാന്ധിക്ക് നയതന്ത്രപരമായി പ്രതികരിക്കാമായിരുന്നു. പക്ഷേ, വർദ്ധിച്ചു വരുന്ന ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, ജനകീയ പൊതു വികാരത്തെ കുറിച്ച് കോൺഗ്രസ് മേധാവിക്ക് ബോധ്യപ്പെട്ടിരിക്കണം.

എന്നിരുന്നാലും, രാമചന്ദ്ര ഗുഹ ഹർഷ് മന്ദറിന് എഴുതിയ വിയോജന കുറിപ്പിൽ,  സമുദായത്തെ  നയിക്കാൻ ഒരു ‘പുരോഗമന ലിബറൽ എലൈറ്റ്’ (Avant-guard liberal elite) വേണമെന്ന് കാണിക്കാൻ ഹാമിദ് ദൽ‌വായുടെ രചനകളെ അദ്ദേഹം പുനർനിർമ്മിക്കുന്നു. ഗുഹ, ദൽ‌വായിയെ ഇങ്ങനെ ഉദ്ധരിക്കുന്നു: “മതേതര ചേരിയിലേക്കും ഏകീകൃത ഇന്ത്യൻ സമൂഹത്തിലേക്കും മുസ്‌ലിംകളെ സമന്വയിപ്പിക്കണമെങ്കിൽ, വർഗീയവാദ ആശയങ്ങളെയും പ്രവണതകളെയും നിരന്തരം വിമർശിക്കുന്ന ഒരു വിഭാഗം മുസ്‌ലിം ലിബറലുകൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത്തരം മുസ്‌ലിം ലിബറലുകളും ഹിന്ദു ലിബറലുകളും മറ്റുള്ളവരും ചേർന്ന് ഒരു ആധുനിക ഇന്ത്യൻ ലിബറൽ വിഭാഗം ഉണ്ടാകുന്നു”.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വിഭാഗം ലിബറൽ നേതൃത്വം ഉണ്ടായിരിക്കുക എന്ന മുൻവ്യവസ്ഥ പാലിക്കപ്പെടാത്തത് കൊണ്ടാണ് മുസ്‌ലിംകൾ ഇന്ത്യൻ സമൂഹത്തിലേക്ക്  ഇഴുകിചേരാത്തത്. പട്ടികജാതി സംവരണത്തിനുള്ള അവകാശം 1950-ലെ രാഷ്ട്രപതി ഉത്തരവിലൂടെ നഷ്ടമായ  പട്ടികജാതി മുസ്‌ലിംകളോട് വിശാലമായ ചട്ടക്കൂടിലേക്ക് സംയോജിക്കാൻ ആയിരുന്നു ആവശ്യപ്പെട്ടത്. വി.എച്ച്.പിയുടെ ‘പെഹലെ കസായി, ഫിർ ഇസായി’ (ആദ്യം കശാപ്പുകാർ -മുസ്‌ലിംകൾ  എന്നർത്ഥത്തിൽ- പിന്നെ ക്രിസ്ത്യാനികൾ) എന്ന മുദ്രാവാക്യത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന വംശീയവത്കരണത്തോട് ലിബറൽ വിഭാഗങ്ങൾക്കിടയിൽ നിന്ന് കുറഞ്ഞ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതേസമയം, ന്യൂനപക്ഷങ്ങളോട് അവകാശനിഷേധം കാണിക്കുകയും കീഴാള  പോരാട്ടങ്ങളെ നിഷ്പ്രഭമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തെ, ഭീമമായ അധികാര ബന്ധങ്ങളെ നിരാകരിച്ചുകൊണ്ട്, അരികുകളിൽ നിന്നുള്ള സാമുദായിക ശബ്ദങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രീയമായി പ്രക്ഷുബ്ധവും വർദ്ധിച്ചുവരുന്ന വിദ്വേഷാത്മകവുമായ നിലവിലെ സാമൂഹിക വ്യവസ്ഥിതിയിൽ, സൂക്ഷ്മമായ ലിബറൽ ഘടനക്കകത്തേക്ക് ‘സംയോജി’ക്കുക എന്നതിനേക്കാളുപരി ഭൗതികമായ നിലനിൽപ്പിനെക്കുറിച്ചും പൗരത്വ അവകാശങ്ങളെക്കുറിച്ചുമാണ് മുസ്‌ലിംകൾ ബോധവാന്മാരായിട്ടുള്ളത്.

രാമചന്ദ്ര ഗുഹ

‘മതേതരവൽക്കരണ ആധുനികരുടെ’ സംഘത്തിൽ പെട്ട,  ബിജെപിയുടെ അക്കൗണ്ടിലെ ഒരു ‘നല്ല മുസ്‌ലിം’ എന്ന് ഗുഹ ആരിഫ് മുഹമ്മദ് ഖാനെ വിളിക്കുന്നു. നല്ല മുസ്‌ലിമിനെയും-ചീത്ത മുസ്‌ലിമിനെയും കുറിച്ച വ്യവഹാരം ഇന്ത്യൻ ദേശീയതയുടെ തുടക്കം മുതൽക്കേ നിലനിൽക്കുന്നുണ്ടെങ്കിലും നല്ല മുസ്‌ലിം എന്ന ആശയത്തെ സംബന്ധിച്ച മതേതര പാർട്ടികളുടെയും ബി.ജെ.പിയുടെയും സങ്കൽപങ്ങൾ വ്യത്യസ്തമാണ്. മതേതര പാർട്ടികളെ സംബന്ധിച്ചിടത്തോളം, നല്ല മുസ്‌ലിംകൾ എന്നാൽ ദേശസ്‌നേഹികളും ദേശീയവാദികളുമായ, ‘നാനാത്വത്തിൽ ഏകത്വത്തിന്റെ’ ഒരു ഉറവിടമാണ്. അതേസമയം ബിജെപിയെ സംബന്ധിച്ചാവട്ടെ മുസ്‌ലിം സ്വത്വം ദേശീയ സ്വത്വത്തിന് വിരുദ്ധമാണെന്ന് പ്രകടിപ്പിക്കുന്നവരാണ്.

ഖാലിദ് അനീസ് അൻസാരി ഉന്നയിച്ച വാദങ്ങളെ ആരും കാര്യമായി വിമർശന വിധേയമാക്കിയിട്ടില്ലെന്ന് തോന്നുന്നു. ഹിന്ദുനെസ്, ഇസ്‌ലാമികത (Muslimness) എന്നീ സങ്കൽപ്പങ്ങൾക്ക് പുറമെ, മതങ്ങളിലുടനീളമുള്ള കീഴാള ജാതികളുടെ ‘പ്രതി-ആധിപത്യ ഐക്യപ്പെടലുകൾക്ക്’ വേണ്ടി വാദിച്ച പസ്മാന്ദ ആശയക്കാരെ അദ്ദേഹം ഉദ്ധരിച്ചു. സമാനമായ മറ്റനേകം വാദങ്ങളെ കുറിച്ചും ആലോചിച്ചിരുന്നെങ്കിൽ, ആധുനിക ഇന്ത്യൻ ലിബറൽ വർഗത്തിന്റെ അമ്പരപ്പിക്കുന്ന ജാതി സ്ഥാനത്തെ അതുവഴി കണ്ടെത്താമായിരുന്നു.

(നിരു)പാധികമായ സഖ്യം

ലിബറൽ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിന്റെ(Inclusiveness) കൽപനകൾ മതേതര ദേശീയതയുടെയോ മത വർഗീയതയുടെയോ ബൈനറികളിലാണ് പ്രകടമാകുന്നത്. ഇത് മൂലം തന്റെ  ദേശീയത തെളിയിക്കാനുള്ള ഉത്തരവാദിത്വം എല്ലായ്പ്പോഴും മുസ്‌ലിമിന്റെ മേൽ പതിക്കുന്നു, അതും മുസ്‌ലിം സ്വത്വത്തെ മാറ്റി നിർത്തിക്കൊണ്ട്. വൈവിധ്യങ്ങളെ നിരാകരിക്കുകയും ഒരു സമൂഹത്തെ മുഴുവൻ ‘കീഴാള’ സമൂഹമായി അട്ടിമറിക്കുകയും ചെയ്യുന്ന ഒരു ഏകശിലാത്മക ‘ഇന്ത്യൻ സ്വത്വം’ ആണ് ഇത് മുന്നോട്ടുവെക്കുന്നത്. കീഴാളന്റെ ‘വക്താവ്’ ആകുന്നതിനെക്കുറിച്ചുള്ള ലിബറൽ ഉത്കണ്ഠകൾ രസകരമാണ്. അവ, മൈക്ക് പാസ് ചെയ്യുന്നതിന് പകരം സ്വയം കീഴാള മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യുകയും സ്വീകാര്യതക്ക് വേണ്ടി അതിനെ ഉയോഗിക്കുകയും ചെയ്യുന്നു. എന്നാലീ കീഴാള സ്വത്വങ്ങൾ തലമുറകളായി സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. അവരെ കേൾക്കാനും അവർ മുന്നോട്ടു വെക്കുന്ന നിബന്ധനകളോടെ അവരോട് ഐക്യപ്പെടാനും ഈ സ്വയം പ്രഖ്യാപിത സഖ്യകക്ഷികൾ തയ്യാറാണോ എന്നതാണ് യഥാർത്ഥ ചോദ്യം.

സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ പങ്കെടുത്തത്  സമീപകാലത്തെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലാണ്. ഒരു ജൈവിക പ്രസ്ഥാനമായി ഉയർന്നുവന്ന് പിന്നീടത് ക്രമേണ ലിബറൽ വൈറ്റ് വാഷിംഗിന് ഇരയായി. ഇന്ത്യൻ സമൂഹത്തിൽ അന്തസ്സുറ്റ ജീവിതം നയിക്കാനുള്ള ഒരു മുസ്‌ലിമിന്റെ സ്വാതന്ത്ര്യത്തെയും സ്വത്വ പ്രകാശനത്തെയുമായിരുന്നു പ്രക്ഷോഭം ദൃഷ്ടാന്തീകരിച്ചിരുന്നത്. എന്നാൽ, ആളുകൾ തൊപ്പിയും ബുർഖയും ധരിച്ച് തെരുവിലിറങ്ങിയപ്പോൾ, ലാ ഇലാഹ ഇല്ലല്ലാഹയും അല്ലാഹു അക്ബറും മുദ്രാവാക്യങ്ങളാക്കി ഉയർത്തിയപ്പോൾ, റോഡിൽ നിസ്കരിക്കുകയും തങ്ങളുടേതായ പൊതു ഇടങ്ങളെ കയ്യേറുകയും ചെയ്തപ്പോൾ, മുഴുവൻ ഇന്ത്യൻ ജനതയെയും ബാധിക്കുന്നു എന്ന് പറയപ്പെടുന്ന പൗരത്വ നിയമങ്ങൾക്കെതിരെയുള്ള ഒരു ‘ഇന്ത്യൻ’ പ്രക്ഷോഭത്തെ ‘തീവ്രമായി’ രാഷ്ട്രീയവൽക്കരിച്ചു എന്ന ആരോപണം മുസ്‌ലിംകൾക്ക് നേരിടേണ്ടി വന്നു. പൗരത്വ നിയമങ്ങൾ ഇന്ത്യൻ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വച്ചുള്ളതും 2014 ഡിസംബറിന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഹിന്ദു, സിഖ്, പാർസി, ജൈന, ബുദ്ധ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഒരു ബാക്ക്ഡോർ അത് വാഗ്ദാനം ചെയ്യുന്നതിനാലും ഇത് തീർത്തും നഗ്നമായ (തെറ്റായ) വ്യാഖ്യാനമാണ്. അതിനാൽ ഒരു ബഹുജന മുസ്‌ലിം പ്രക്ഷോഭത്തിനാണ് പൗരത്വ ഭേദഗതി ഊന്നൽ നൽകുന്നത്.

മതേതര ഉത്കണ്ഠകളുടെ അനാച്ഛാദനം

ഹിന്ദുത്വത്തോടും ‘ഇസ്‌ലാമിക’ തീവ്രവാദത്തോടും പോരാടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശശി തരൂരിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയും ബഹുസ്വരത ‘മത മൗലികവാദം’ ആയി മാറാതിരിക്കാൻ വേണ്ടി ലാ ഇലാഹ ഇല്ലല്ലാഹയെ പോലുള്ള മുദ്രാവാക്യങ്ങൾ നിരസിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അതിലൂടെ പ്രക്ഷോഭത്തോട്  നിരുപാധികമായി ഐക്യപ്പെടുന്നതിനുപകരം, ഭരണഘടനയെ സംരക്ഷിക്കുന്നതിൽ വ്യാപൃതരാവുകയും ഭാരത് മാതാ കീ ജയ് പോലുള്ള ദേശസ്നേഹ മുദ്രാവാക്യങ്ങൾ ഉയർത്തുകയും അങ്ങനെ ദേശീയത സംരക്ഷിക്കേണ്ട ആവശ്യകത സൃഷ്ടിക്കുകയും ചെയ്തു. അതുപോലെ, ഹം ക്യാ ചാഹ്‌തെ? ആസാദി! എന്ന മുദ്രാവാക്യം  നിരവധി പ്രതിഷേധ സ്ഥലങ്ങളിൽ മുഴങ്ങിയപ്പോൾ, പുരോഗമന വൃത്തങ്ങൾ ഫാസിസത്തിന്റെ പിടിയിൽ നിന്ന് ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള ഒരു ‘ഇന്ത്യൻ’ പോരാട്ടമായിതിനെ കണക്കാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്ത്യൻ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ‘ആസാദി’ എന്ന പദത്തിന്റെ അർത്ഥം തികച്ചും മറ്റൊന്നാണ്. രാഷ്ട്രത്തിനകത്ത് അവരുടെ പൗരത്വത്തിനായി പോരാടുന്നതിലൂടെ ഇന്ത്യൻ മതേതര ധാർമ്മികഭാവനയിൽ തങ്ങൾക്ക് തുടക്കത്തിലേ കിട്ടേണ്ടിയിരുന്ന ഇടം നേടിയെടുക്കാനുള്ള അവകാശമാണ് അവർക്ക് ആസാദി. ഇന്ത്യൻ ലിബറലുകൾ ഉയർത്തുന്ന ‘ആസാദി’യെ പറ്റി ഇത് സംശയങ്ങൾ  ജനിപ്പിക്കുന്നു.

ഷർജീൽ ഇമാം

പൗരത്വ നിയമങ്ങൾക്കെതിരെ കടുത്ത പ്രകോപനം ഉണ്ടായിരുന്നിട്ടും, തുടർന്നുള്ള അറസ്റ്റുകളുടെ പരമ്പരയിൽ സ്റ്റേറ്റ് ആദ്യമായി ലക്ഷ്യമിട്ട പ്രക്ഷോഭകാരിയായ ഷർജീൽ ഇമാമിന്റെ അറസ്റ്റിനെതിരെ ഒരു ശബ്ദവും ഉയർന്നിട്ടുണ്ടായിരുന്നില്ല. ‘പുരോഗമന’ ശബ്ദങ്ങളുടെ പ്രതികരണം വ്യവസ്ഥാബന്ധിതമായ ഐക്യദാർഢ്യത്തിലും നിർലോഭമായ തുറന്ന കത്തുകളിലും ഒതുങ്ങി; ഇമാമിന്റെ അറസ്റ്റിനെ തള്ളി കളയുകയും, രാജ്യദ്രോഹവും യു.എ.പിഎയും പോലുള്ള ക്രൂരമായ നിയമങ്ങളെ തള്ളി പറയുകയും ചെയ്തെങ്കിലും, എന്നാൽ വലതുപക്ഷ പ്രചാരണത്തിന്റെ ഭാഗമായി വേട്ടയാടപ്പെട്ട ഒരാളുടെ ‘ഭ്രാന്തൻ വാർത്തമാനത്തെ’ പിന്തുണയ്ക്കാൻ അവർ വിസമ്മതിച്ചു. ഒരു മുസ്‌ലിം പണ്ഡിതന്റെ സത്യസന്ധമായ വാദങ്ങളോടുള്ള മതേതര ഉത്കണ്ഠകൾ പുറത്തുവരുന്നത് ഇവിടെ നാം കാണുന്നു. ലിബറൽ രാഷ്ട്രീയത്തിന്റെ പ്രകടനപരതയെയും ടോക്കണിസത്തെയും ഇമാം വിമർശിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ മതേതര/വർഗീയ പ്രത്യയശാസ്ത്രജ്ഞരുടെ ബൈനറികളിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല. പകരം, സാമൂഹ്യനീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ രാഷ്ട്രീയ പ്രാതിനിധ്യം മാത്രമല്ല, പലരെയും അസ്വസ്ഥമാക്കുന്ന രീതിയിൽ ഒരു ദൈവശാസ്ത്രമെന്ന നിലയിൽ ഇസ്‌ലാമുമായുള്ള വിമർശനാത്മക സമീപനത്തിലും വേരൂന്നിയതായിരുന്നു. അധികാരത്തോട് സത്യം സംസാരിച്ചതിന് ഇമാം ജയിലിൽ കഴിയുമ്പോൾ, താൻ ഉൾപ്പെടുന്ന മുഴുവൻ സമുദായത്തിനും ഭവിച്ച വിധിയുടെ ഭാരം അദ്ദേഹം സ്വയം വഹിക്കുന്നു. ഇന്ത്യൻ മുസ്‌ലിമിന്റെ കൂട്ടായ അഭിലാഷങ്ങൾ അദ്ദേഹം ഒരു മടിയുമില്ലാതെ അവതരിപ്പിച്ചതാണ് എല്ലാ വശത്തുനിന്നും പിന്തിരിപ്പൻ പ്രതികരണങ്ങൾക്ക് കാരണമായത്.

മനഃപൂർവ്വം അട്ടിമറിക്കപ്പെട്ട ഒരു കൂട്ടത്തിന്റെ ഉറച്ച രാഷ്ട്രീയത്തിന്റെ ജൈവികമായ രൂപീകരണം ലിബറലുകളെ സംബന്ധിച്ച് അപ്രിയകരമാണ്. ഇമാമിന്റെ അടിയറവ് പറയാത്ത മുസ്‌ലിം സ്വത്വം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യം ഉയർത്തിയ ജാമിഅയിലെ വനിതാ പ്രവർത്തകർ, ഷാരൂഖ് പത്താൻ സ്വയം പ്രതിരോധത്തിനായി പോലീസിന് നേരെ തോക്ക് ചൂണ്ടിയത്, ഇവയെല്ലാം മുഖ്യധാരാ രാഷ്ട്രീയ വിവരണങ്ങളുടെ അച്ചിൽ ചേരാത്ത  പ്രതിരോധ പ്രവർത്തനങ്ങളാണ്. മുസ്‌ലിമിനെ ‘രക്ഷിക്കുന്നതിൽ’ സംഭവിച്ച നിരാശ, തോക്ക് ചൂണ്ടി നിൽക്കുന്ന ഹൈപ്പർമസ്കുലിനായ ഭരണകൂട മെഷിനറികൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന പ്രകടനങ്ങളിലേക്ക് ലിബറൽ വ്യവഹാരങ്ങളെ ഒതുക്കുന്നു.


(തൽജാപൂർ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽസയൻസിൽ വിദ്യാർത്ഥികളാണ് ലേഖകർ)

വിവർത്തനം: ഇവാന

കടപ്പാട് മക്തൂബ് മീഡിയ

കാർത്തിക ജയകുമാർ/മുഹമ്മദ് ജഅ്ഫർ