Campus Alive

നരവംശശാസ്ത്രവും ഇസ്‌ലാമും: രീതി ശാസ്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ?  

Islam, politics,anthropology എന്ന പുസ്തകത്തിൽ Being Good in Ramadhan; Ambivalence,fragmentation and the moral selves in the lives of young Egyptians എന്ന ശീർഷകത്തിൽ പ്രമുഖ ഈജിപ്ഷ്യൻ നരവംശശാസ്ത്രജ്ഞൻ  സമൂലി ശീൽക്കെ (Samulie Schielke) തയ്യാറാക്കിയ പഠനമാണ് ഈ കുറിപ്പിനാധാരം.

നരവംശശാസ്ത്രത്തിന് മതത്തെ പഠിക്കാൻ കഴിയുമോ എന്നതിലപ്പുറം ഇസ്‌ലാമിനെ പഠിക്കാൻ കഴിയുമോ എന്ന ചോദ്യം വളരെ പ്രസക്തമായി ഇന്നും നിലനിൽക്കുകയാണ്. അതേ പോലെ നരവംശശാസ്ത്രം എന്തിനെയാണ് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് എന്നതും നരവംശ ശാസ്ത്രത്തെ തന്നെ കുഴക്കിക്കൊണ്ടിരിക്കുകയാണ്. അത്തരം അടിസ്ഥാനപരമായ വിഷയങ്ങളിലേക്ക് കടക്കുന്നതിന് പകരം Formation of the Secular എന്ന പുസ്തകത്തിൽ തലാൽ അസദ് പരാമർശിക്കുന്നത് പോലെ ‘മുസ്‌ലിം ജീവിതത്തിലൂടെ എങ്ങനെ ഇസ്‌ലാം രൂപപ്പെടുന്നുവെന്നതാണ് നരവംശശാസ്ത്രത്തിന്റെ അന്വേഷണം’ എന്ന് ഉപസംഹരിക്കലായിരിക്കും ഉചിതമെന്ന് തോന്നുന്നു. എങ്കിലും നരവംശശാസ്ത്രത്തിന്റെ നിലവിലെ രീതി ശാസ്ത്രങ്ങ(Methodology)ളിലൂടെ എത്രത്തോളം ഇസ്‌ലാമിനെ മനസ്സിലാക്കാനും മനസ്സിലാക്കിയതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട് എന്നതും നരവംശശാസ്ത്രത്തെ തന്നെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ഇക്കാര്യം മാറ്റി നിർത്തി നിലവിൽ നരവംശശാസ്ത്രം ഇസ്‌ലാമിനെ പഠിക്കാനുപയോഗിക്കുന്ന ചില രീതി ശാസ്ത്രങ്ങളെ വിമർശനാത്മകമായി സമീപിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഈജിപ്ഷ്യൻ നരവംശശാസ്ത്രജ്ഞനായ സമൂലി ശീൽക്കെ Being good in Ramadan എന്ന ലേഖനത്തിൽ റമളാനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. “റമളാനിൽ വല്ലാത്തൊരു ധാർമികത ഉണ്ടാവുകയും അതൊരു പൊതുബോധമായി മാറുകയും ചെയുന്നുണ്ട്”. തുടർന്ന്‌ അദ്ദേഹം റമളാനിനെ ഒരു exceptional morality ആയിട്ടാണ് അവതരിപ്പിക്കുന്നത്. ‘റമളാനിന് മുമ്പും ശേഷവുമുളള മാസങ്ങളിൽ കളള്, പെണ്ണ്, പോൺ വീഡിയോകൾ, മറ്റ് ലൈംഗിക ആസക്തികളിലൊക്കെയായി അഭിരമിച്ചിരുന്നവർ റമളാൻ എന്ന പവിത്രമാസം വരുമ്പോൾ അവയെല്ലാം ത്യജിച്ച് ഇലാഹീ സ്മരണയിലേക്ക് നീങ്ങുന്നതിനെ ഒരു സവിശേഷ പ്രതിഭാസമായിട്ടാണ് ശീൽക്കെ കാണുന്നത്. ‘പതിനൊന്നു മാസം കുപ്പി ഒരു മാസം തൊപ്പി’ എന്ന തരത്തിലുളള നാടൻ വിമർശന ശൈലിയായിരുന്നുവെങ്കിൽ ശീൽക്കെയെ അംഗീകരിക്കാമായിരുന്നു. പക്ഷേ റമളാനിനെ Morality കൊണ്ട് അളക്കാൻ ശ്രമിക്കുകയും Muslim every day self making (മുസ്‌ലിം പൊതുജീവിതം) നെ മനസ്സിലാക്കാനുളള ഒരു ഉപകരണമായി Morality യെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു എന്നിടത്താണ് പ്രശ്നം. Morality (ധാർമ്മിക) ക്ക് മതത്തിനകത്തും പുറത്തും വ്യത്യസ്തമായ വിധങ്ങളിലാണെങ്കിലും സ്വതന്ത്രമായ അസ്ഥിത്വമുണ്ട്. അങ്ങനെയൊരസ്ഥിത്വമുളള Morality യെ ഉപയോഗിച്ച് മുസ്‌ലിം ജീവിതങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അതിൽ എത്രത്തോളം അപ്രമാദിത്യം നില നിൽക്കുന്നു എന്നാണ് ഞാൻ ചോദിക്കുന്നത്. കാരണം മതത്തിനകത്തെ ഒരു സദ് പ്രവർത്തി ചിലപ്പോൾ മതത്തിനു പുറത്ത് അധാർമ്മികതയും മതത്തിനു പുറത്തെ സദ് പ്രവർത്തി മതത്തിൽ ധാർമ്മികതയല്ലാതാവുകയും ചെയ്യുന്നുണ്ട്. അത് മതത്തിന്റെ അടിസ്ഥാന നിയമങ്ങളെ ആശ്രയിച്ചാണെന്നു മാത്രം. ഇപ്പറഞ്ഞതിൽ നിന്നും Morality മതത്തിന്റെ കേവലമൊരു ഭാഗം മാത്രമാണെന്ന് മനസ്സിലാക്കാം. അല്ലാതെ മതത്തിന്റെ കേന്ദ്രീകരണ ഭാഗമല്ല. എന്നാൽ മതത്തെ പറ്റിയുളള ധാരണാ പിശകുകളായിരിക്കും Every day self making നെ മനസ്സിലാക്കാനുളള മുഖ്യ ഉപകരണമായി Morality യെ ഉപയോഗിക്കാൻ ശീൽക്കെയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. Every day Muslim self making നെ മനസ്സിലാക്കാൻ മാഗ്നസ് മാസ്ഡൻ (Magnus Marsden), സമൂലി ശീൽക്കെ, ലിസ ദെബി വെക് (Liza debevec) എന്നിവരൊക്കെ സ്വീകരിച്ച സമീപനങ്ങളിൽ നിന്ന് വ്യക്തമാവുന്നത്, മതം എന്നത് അവരെ സംബന്ധിച്ചിടത്തോളം ധാർമ്മിക മൂല്യങ്ങളുടെ ആകെത്തുകയാണെന്നാണ്. അതുകൊണ്ടായിരിക്കാം മുസ്‌ലിം പൊതുജീവിതത്തെ ധാർമ്മിക വ്യതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്താൻ ശീൽക്കെ ശ്രമിച്ചത്. ഇസ്‌ലാം പഠനത്തിനായി പടിഞ്ഞാറിൽ സ്വീകരിച്ചിരിക്കുന്ന ഓറിയൻറലിസ്റ്റാനന്തര രീതിശാസ്ത്രമായിട്ടേ നരവംശശാസ്ത്രത്തെ മനസ്സിലാക്കാൻ കഴിയുകയുളളൂ. അതു കൊണ്ട് തന്നെ പടിഞ്ഞാറൻ ആശയങ്ങൾ ഉൾവഹിക്കുന്ന ഉപകരണങ്ങളായിരിക്കും നരവംശശാസ്ത്രം നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുക. ‘മതം’ എന്നതിന് പടിഞ്ഞാറൻ ഭാഷയിൽ ഒരു കൂട്ടം വിശ്വാസങ്ങളും ആചാരങ്ങളും എന്നേ അർത്ഥമുളളൂ. ആ നിലക്ക് കമ്മ്യൂണിസം വരെ ഒരു മതമായി എണ്ണേണ്ടി വരും. ഇവിടെയാണ് തലാൽ അസദിന്റെ സമീപനം വ്യതിരിക്തമാവുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ Religion എന്നത് യൂറോകേന്ദ്രീകൃത ആശയമാണ്. കേവലം വിശ്വാസം / ആചാരം എന്നതിലുപരി പ്രകൃതിയുടെയോ ദൈവത്തിന്റെയോ തന്നെ divinity യെ Religion എന്ന പദം ഉൾക്കൊളളുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ദീൻ എന്ന പദം ഉൾക്കൊളളുന്ന അത്രയും അർത്ഥത്തെ ഉൾക്കൊളളാൻ Religion എന്ന പദത്തിനാവില്ല. അതിനാൽ Religion എന്ന പദത്തിനു പകരം ദീൻ (din) എന്ന പദം തന്നെ പ്രയോഗിക്കേണ്ടതുണ്ട്‌. നരവംശശാസ്ത്രം ഇത് വരെ മതത്തെ കുറിച്ച് പഠിച്ചത് Religion എന്ന പദത്തിന്റെ വിവക്ഷയനുസരിച്ചാണ്. ഈ പദം മാറ്റി din (ദീൻ) എന്ന പദത്തിന്റെ വിവക്ഷയിൽ നിന്നാവണം ഇസ്‌ലാമിനെ പറ്റിയുളള പഠനങ്ങൾ എന്നാണ് അസദ് വാദിക്കുന്നത്. ഇസ്‌ലാമിനെ പഠിക്കാൻ ശ്രമിക്കുന്ന നരവംശശാസ്ത്രം ആദ്യം ചെയ്യേണ്ടത് അതുപയോഗിക്കുന്ന ഉപകരണങ്ങൾ (tools), ആശയങ്ങൾ (ideas) എന്നിവക്ക് എത്രത്തോളം യാഥാർത്ഥ്യത്തോട് കൂറുപുലർത്താനാകും എന്നാണ് അന്വേഷിക്കേണ്ടത്.

സബ മഹ്മൂദ്

ഇവിടെ ശീൽക്കെ റമളാനിനെ ഒരു Exceptional Morality എന്ന് വിശേഷിപ്പിച്ച് മാറ്റി നിർത്തുമ്പോൾ ബാക്കി നിൽക്കുന്ന ചില ചോദ്യങ്ങളുണ്ട്. പ്രഥമമായി, ‘റമളാനിൽ മുസ്‌ലിംകൾക്കിടയിൽ ഒരു പ്രത്യേക തരം തഖ്‌വ (pious) രൂപപ്പെട്ട് വരുന്നുണ്ട്’ എന്ന ശീൽക്കെയുടെ വാദവും Exceptional Morality എന്ന ആശയവും (concept) ആന്തരികമായി കലഹത്തിലേർപ്പെടുന്നുണ്ട്. Exceptional Morality എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ റമളാനിൽ മാത്രമുണ്ടാകുന്ന ഒരു പ്രത്യേക തരം Morality എന്നതാണ്. അങ്ങനെ വരുമ്പോൾ മുസ്‌ലിംകൾക്ക് എങ്ങനെ pious ആവാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രശ്നം. കാരണം സബ മഹ്മൂദ് (Saba Mahmood) അടക്കമുളളവർ പറയുന്നത് Pious എന്നാൽ ഒരു ആദ്ധ്യാത്മിക അവസ്ഥയാണെന്നാണ്. pious ആവാൻ ദൈവകൽപ്പന ഉളളത് കൊണ്ടോ, ദൈവത്തിൽ വിശ്വാസമുളളത് കൊണ്ടോ അല്ല, മറിച്ച് അനവരതമായ ബാഹ്യ പെരുമാറ്റത്തിലൂടെയും പ്രകടനത്തിലൂടെയും രൂപപ്പെടുന്നതാണത്. അപ്പോൾ തുടർച്ച (continuity) അത്യാവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ റമളാനിൽ മാത്രം Morality ഉണ്ടായത് കൊണ്ട് കാര്യമില്ല; മറ്റു മാസങ്ങളിലെല്ലാം അവിഛിന്നമായി അതു നിലനിന്നുപോരണം, അപ്പോഴേ pious എന്ന അവസ്ഥ കൈവരികയുളളൂ. റമളാനിലെ സൽകർമ്മങ്ങളെ കൊണ്ട് pious  എന്ന അവസ്ഥ മൂർച്ഛിക്കുന്നുവെന്ന് മാത്രം. അതിനാൽ തന്നെ റമളാൻ എന്നത് കേവലം ഒരു മാസത്തെ Exceptional Morality അല്ല, മറിച്ച് വർഷം മുഴുവനും റമളാന്റെ പവിത്രത മനസ്സിൽ സൂക്ഷിച്ച്, റമളാൻ ആഗതമാവുമ്പോൾ മനസ്സൊരുങ്ങി സ്വീകരിക്കുക എന്നതാണ് മുസ്‌ലിമിന്റെ ജീവിതരീതി. പിന്നെ റമളാൻ കഴിഞ്ഞാൽ വിശ്വാസി തെറ്റൊന്നും ചെയ്യുന്നില്ല എന്ന അതി വാദമൊന്നും എനിക്കില്ല. എങ്കിലും Exceptional Morality ആയിട്ടൊന്നും വിശ്വാസി അതിനെ കാണാൻ ശ്രമിക്കുകയില്ല. വിശ്വാസിയുടെ മനസ്സ് എന്നും ചാപല്യങ്ങൾക്കധീനപ്പെട്ടതാണ്. അവന്റെ വിശ്വാസം തന്നെ ഒരു പരീക്ഷണമാണ്. തെറ്റുകളിലേക്ക് വഴുതി വീഴുക എന്നത് സ്വാഭാവികം. അല്ലാതെ Immoral Entertainment നുളള ഒരു വിരാമമല്ല റമളാൻ കൊണ്ട് വിശ്വാസി ഉദ്ദേശിക്കുന്നത്.

സബ മഹ്മൂദും ചാൾസ് ഹിഷ്‌കിന്ദു (Charles Hirschkind) മൊക്കെ അഭിപ്രായപ്പെടുന്നത് പോലെ ഒരു മതത്തിലെ ആചാരം ethical ആയി മാറുന്നത് ആ ആചാരത്തിൽ അന്തർലീനമായി കിടക്കുന്ന ആന്തരിക സൗന്ദര്യം കൊണ്ടും അനുഷ്ഠിക്കുന്നവർ അതിനെ പറ്റി മനസ്സിൽ വെച്ചു പുലർത്തുന്ന നിയ്യത്തുകളെ കൊണ്ടുമാണ്. എന്നു വെച്ചാൽ കാലങ്ങളായി മനസ്സിൽ റമളാനിന്റെ പവിത്രത കാത്ത് സൂക്ഷിക്കുകയും റമളാൽ ആഗതമാവുമ്പോൾ അതിനെ സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് റമളാൻ ഒരു ethical act ആവുന്നതും മുസ്‌ലിംകൾക്ക് അതൊരു ethical self cultivation (ആത്മ സംസ്കരണം – Ethical Self cultivation എന്നാൽ ഒരു ആചാരം/അനുഷ്ഠാനം അനുഷ്ഠിക്കുന്നയാളിൽ ഉണ്ടാക്കുന്ന സ്വാധീനവും ആത്മസംസ്കരണവും അടങ്ങിയ പ്രക്രിയയാണ്. എന്നാൽ എല്ലാ ആചാരങ്ങൾക്കും അങ്ങനെയാവാൻ സാധിച്ചുകൊളളമെന്നില്ല.) ന്റെ ഘടകമായി മുസ്‌ലിംകൾക്കനുഭപ്പെടുന്നതും. ഒരു അനുഷ്ഠാനമോ കർമ്മമോ ethical self cultivation ന്റെ ഘടകമായി മാറുന്നത് അതിന്റെ നിയ്യത്ത് കൊണ്ടും അർപ്പിത മനസ്സോടെ അവധാനപൂർവ്വം ചെയ്യുന്ന പ്രവൃത്തിയെ കൊണ്ടുമാണ്. ആ നിലക്ക് റമളാൻ ethical self cultivation ന്റെ ഒരു ഘടകമായി മാറുന്നുണ്ട്. ഇതിലൂടെ ആ കർമ്മം (ഉദാ: റമളാൻ) ചെയ്യുന്ന വ്യക്തിക്ക് ആത്മ സംസ്കരണത്തിന് വഴിയൊരുങ്ങുകയും അതിലൂടെ മതപരത (Religiosity) വർദ്ധിക്കുകയും ചെയ്യുന്നു. പറഞ്ഞ് വരുന്നത് റമളാനിനെ Exceptional Morality യെന്ന് വിശേഷിപ്പിച്ച്, Morality ക്ക് താൽക്കാലിക കാലാവധി പതിച്ച് നൽകുമ്പോൾ ശീൽക്കെ തന്നെ ഉണ്ടാകുമെന്ന് വാദിക്കുന്ന pious എന്ന അവസ്ഥ അതിനോട് വിരുദ്ധമാകുന്നുണ്ട്. അപ്പോൾ പിന്നെ റമളാൻ ethical self cultivation  ന്റെ  ഘടകമല്ലാതാവുകയും കേവലം ആചാരമായി ചുരുങ്ങുന്നുവെന്നുമാണ് ശീൽക്കെയുടെ വാദങ്ങളുടെ ഗതി. കാരണം ഒരു കർമ്മം pious എന്ന അവസ്ഥ ഉൽപ്പാദിപ്പിക്കാൻ കഴിവുണ്ടെങ്കിലേ ethical self cultivation ന്റെ ഘടകമാവുന്നുളളൂ.

സമൂലി ശീൽക്കെ

രണ്ടാമതായി, There is too much Islam in the Anthropology of Islam എന്ന ശീൽക്കെയുടെ വാദമാണ് പ്രശ്നം. ഈജിപ്ഷ്യൻ സാഹചര്യത്തിലെ ethical self cultivation നെ മനസ്സിലാക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് Morality തന്നെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. അങ്ങനെയാണ് ഈ വാദത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നതെന്നും സമ്മതിക്കുന്നുണ്ട്. അടിസ്ഥാനപരമായി ethical self cultivation ധാർമ്മികതയെ ഉദ്ദീപിപ്പിക്കുന്നതാകയാൽ, മതത്തിനകത്തും പുറത്തും സ്വതന്ത്ര അസ്ഥിത്വമുളള ധാർമ്മികതയെ analytical tool ആയി എടുത്തപ്പോൾ അതിന്റെ ഉത്തരങ്ങളിലും അതിന്റെ ഫലങ്ങൾ കാണാനായി. അതു കാരണമായി മതത്തിനു പുറത്ത് നിൽക്കുന്ന ethical self cultivationനുകളെയും (മതത്തിനകത്തും പുറത്തുമുളള ധാർമ്മികതക്ക് വ്യത്യസ്തവും വൈരുദ്ധ്യവുമായ അർത്ഥങ്ങളുണ്ടെന്ന് നേരത്തേ പറഞ്ഞുവല്ലോ) മതത്തിനകത്ത് പെടുത്താൻ ശ്രമിച്ചു. അതു കാെണ്ടാണ് ഇസ്‌ലാമിന്റെ നരവംശശാസ്ത്രത്തിൽ ഒരു പാട് ഇസ്‌ലാമുകളുണ്ടെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നത്.

മൂന്നാമതായി ശീൽക്കെ വാദിക്കുന്നത്, ഒരു ആരാധനാ കർമ്മത്തിന്റെ perfection അല്ല, അതിലെ വ്യത്യസ്ത തരങ്ങൾ, പാളിച്ചകൾ, ഉഭയാർത്ഥങ്ങൾ എന്നിവയാണ് Muslim every day self making നെ തീരുമാനിക്കാവുന്ന ഘടകങ്ങൾ എന്നാണ്. എന്നാൽ ഈ നിരീക്ഷണത്തിന് എന്ത് രീതി ശാസ്ത്രവും സമീപനവുമാണ് അദ്ദേഹം സ്വീകരിക്കുക? ഏതടിസ്ഥാനത്തിലാണ് ആരാധനാ കർമ്മങ്ങളിലെ വ്യത്യസ്തതയെ അദ്ദേഹം തരം തിരിക്കുക? Every day self making നെ പഠിക്കാനുളള നിരീക്ഷണ കേന്ദ്രങ്ങളെ മാത്രമാണ് ശീൽക്കെ പറഞ്ഞു വെച്ചത്. എങ്ങനെ നിരീക്ഷിക്കാം എന്ന് പറയാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. നരവംശശാസ്ത്രത്തിലെ പ്രധാന ആശങ്ക തന്നെ വൈവിധ്യവും വൈജാത്യവും നിറഞ്ഞ മനുഷ്യ ജീവിതങ്ങളെ വരച്ചിടുകയും അതിൽ നിന്ന് shared commonalities കണ്ടെത്തുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക രീതിശാസ്ത്രത്തെ സമീപിക്കാതെ ശീൽക്കെ നടത്താൻ ശ്രമിക്കുന്ന നിരീക്ഷണങ്ങൾ വൃഥാവിലാകാനേ വഴിയുളളൂ

ഇവിടെയല്ലാം ശീൽക്കെക്ക് പറ്റിയ ഒരു തെറ്റുണ്ട്. റമളാനിനെ നിരീക്ഷിക്കുമ്പോഴും ethical self cultivation, everyday self making എന്നിവ പഠിക്കുമ്പോഴും അദ്ദേഹം മതപരത ( Religiosity) പരിഗണിക്കാൻ വിട്ടു പോയി. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദൈനംദിന ജീവിതത്തെ നിർണ്ണയിക്കുന്ന സുപ്രധാന ഭാഗമാണ് വിശ്വാസം. സമൂഹത്തിൽ അവനെ അടയാളപ്പെടുത്തുന്നതും വേർതിരിക്കുന്നതും ആ വിശ്വാസമാണ്. നരവംശശാസ്ത്രം ‘മതപരത’യെക്കൂടി വ്യക്തമായി പരിഗണിച്ചാൽ ഇസ്‌ലാമിനെ പഠിക്കുമ്പോൾ ഒരു പരിധി വരെ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ സാധിച്ചേക്കാം. കാരണം മതപരതയെന്നത് morality, piety, culture എന്നിവയെല്ലാം ഉൾകൊളളുന്ന ഒന്നാണ്. ശീൽക്കെ പറഞ്ഞത് പോലെ ആരാധനാ കർമ്മങ്ങളിലെ വ്യത്യസ്തതകളെ everyday self making മനസ്സിലാക്കാനുളള ഘടകമായി സ്വീകരിക്കാവുന്നതാണ്. പക്ഷേ അതിൽ മതപരത പരിഗണിക്കാതെ ആരാധനാ കർമ്മങ്ങളിലെ വൈജാത്യങ്ങൾ മാത്രം വരച്ചിട്ട് ഒരു ഉപസംഹാരത്തിലെത്താതെ പോകുകയോ ,അല്ലെങ്കിൽ ഏതെങ്കിലുമൊന്നിന് perfection എന്ന പട്ടം പതിച്ചു നൽകുകയോ ചെയ്താൽ അതൊരു ഏകാധിപത്യ രീതി ശാസ്ത്രമായിരിക്കും. ആ ഭയമായിരിക്കാം മതകീയ ജീവിതത്തിന്റെ ethnography വരച്ചിടാൻ ശീൽക്കെയെ തടയുന്ന ഘടകം. അതിനാൽ മതപരത കൂടി പരിഗണിച്ച് ആരാധനാ കമ്മങ്ങളിലെ വ്യത്യസ്തതകൾ അടയാളപ്പെടുത്തുക മാത്രം ചെയ്ത് perfection തീരുമാനിക്കാനുളള അവകാശം സമൂഹത്തിന് വിട്ടുകൊടുക്കുന്നതായിരിക്കും നരവംശശാസ്ത്രത്തിന് ഉചിതം. അപ്പോൾ തലാൽ അസദ് പറഞ്ഞ tradition എന്ന ആശയമുപയോഗിച്ച് perfection കണ്ടെത്തുകയും ചെയ്യാം (perfection തീരുമാനിക്കൽ നരവംശശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും).
വാസ്തവത്തിൽ നരവംശശാസ്ത്രത്തിന് ഒരിക്കലും എന്താണ് ഇസ്‌ലാം എന്നതിനെ പറ്റി സംസാരിക്കാൻ കഴിയില്ല. അതിനാൽ വ്യത്യസ്ത മുസ്‌ലിം ജീവിത രീതികളെ  വരച്ചിടുകയും ചരിത്രവും സാംസ്കാരിക പരവുമായ സാഹചര്യങ്ങളിൽ എങ്ങനെ മുസ്‌ലിം മുസ്‌ലിമാവുന്നു എന്നും നിരീക്ഷിക്കലായിരിക്കും നല്ലത്. അല്ലാതെ നിലവിലെ സാഹചര്യങ്ങളെ മാത്രം റഫറൻസ് ആയി എടുത്താൽ ശീൽക്കെക്ക് പിണഞ്ഞത് പോലുളള വലിയ അബദ്ധങ്ങൾ പിണഞ്ഞേക്കാം.

References:
1. Mahmood, sabha; Politics of Piety, the Islamic revival and the feminist subject, Princeton University Press, 2005
2. Nadiya Fadil and Mayanthi Fernando; Rediscovering the ‘ everyday ‘ Muslim, journal of ethnographic theory,2015
3. Schielke, Samulie; Being good in Ramadan: Ambivalence, fragmentation, and moral self in the lives of young Egyptians, journal of  royal anthropological Institute, 2009
4. Schielke, Samulie; Second thought about the anthropology of Islam, or how to make sense of grand schemes in everyday life,DEU,2010

(പുനൂർ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

എൻ.മുഹമ്മദ് ഖലീൽ