Campus Alive

ഹസന്‍ ഹനഫിയും ഇടതുപക്ഷ ഇസ്‌ലാമും

ഈജിപ്ഷ്യൻ ചിന്തകൻ, പരിഷ്‌കർത്താവ്, ഗ്രന്ഥകർത്താവ്, ഫിലോസഫി പ്രൊഫസർ, ഇസ്‌ലാമിക് ലെഫ്റ്റ് എന്ന  രാഷ്ട്രീയ സംജ്ഞയുടെ ഉപജ്ഞാതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ഹസൻ ഹനഫി സമകാലിക  അറബ്- ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ അനിഷേധ്യമായ ഭാഗദേയം വഹിക്കുന്നു. ആദ്യകാലങ്ങളിൽ ഇഖ്‌വാനുൽ മുസ്‌ലിമിനോട്  ചേർന്ന് പ്രവർത്തിച്ച ഹസൻ ഹനഫി 1970 കളോടെ ഇടതുപക്ഷ ചായ്‌വുള്ള നിലപാടുകള്‍ സ്വീകരിച്ചു. 1967ൽ കൈറോ യൂണിവേഴ്സിറ്റിയിൽ ഇസ്‌ലാമിക്- യൂറോപ്യൻ ഫിലോസോഫി അധ്യാപകനായി. സ്പിനോസ, എഫ്രായിം, ലെസ്സിങ്, സാർത്രെ തുടങ്ങിയവരെ അദ്ദേഹം അറബിയിലേക്ക്‌ ഭാഷാന്തരം ചെയ്തു. 1981ൽ അദീൻ വാ സൗറ ഫി മിസ്ർ (മതവും വിപ്ലവവും ഈജിപ്തിൽ  1952- 1981) എന്ന ബൃഹത്തായ എട്ടു വാള്യങ്ങളുള്ള ഗ്രന്ഥം തയ്യാറാക്കി. അതെ വര്‍ഷം തന്നെ ഇസ്‌ലാമിക് ലെഫ്റ്റ്‌ എന്ന പേരിൽ ഒരു പിരിയോഡിക്കൽ തുടങ്ങുകയും മുസ്‌ലിം നാടുകളിലെ പരിഷ്കരണത്തിനായി മുന്നോട്ടുവെച്ച പ്രോജക്ടുകളെല്ലാം അപര്യാപ്തമായതിനാലാണ് ഇത് തുടങ്ങിയതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ജമാലുദ്ദിൻ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവരുടെ ഉർവത്തുൽ വുസ്ക്ക, അൽ മനാർ എന്നീ പ്രസിദ്ധീകരങ്ങളോടാണ് ഹസൻ ഹനഫി തന്റെ പ്രോജക്ടിനെ കണക്ട് ചെയ്യുന്നത്. ഇസ്‌ലാമിക തത്വചിന്തയിലെ പ്രധാന വ്യക്തിത്വങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പഠനങ്ങളുണ്ട്.

‘ഇസ്‌ലാമിക് ലെഫ്റ്റ്’ എന്ന ഹസൻ ഹനഫിയുടെ ആശയം ഇസ്‍ലാമിക വ്യവഹാരങ്ങളിൽ വ്യതിരിക്തമായ ചിന്തയാണ്. സിറിയൻ ഇഖ്‌വാനുൽ മുസ്‌ലിമീൻ നേതാവായിരുന്ന മുസ്തഫ അൽ- സിബാഇയുടെ ‘ഇസ്‌ലാമിക് സോഷ്യലിസം’ എന്ന ചിന്തയോട് സാദൃശ്യമുള്ള ‘ഇസ്‌ലാമിക് ലെഫ്റ്റ്’ ഈജിപ്തിൽ  ഏറെ ചർച്ചകള്‍ക്ക്‌ വഴിയൊരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക പൈതൃകത്തിൽ അഭിമാനം കൊള്ളുക, അത് ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ പ്രാദേശികവും വൈദേശികവുമായ ആധിപത്യത്തെ ചെറുത്ത്‌ തോൽപ്പിക്കുക, മുസ്‌ലിം സമൂഹത്തിൽ തന്നെയുള്ള  അനീതിയിലധിഷ്ഠിതമായ ധനത്തിന്റെ വിതരണത്തെ ചോദ്യം ചെയ്യുക, മതതീവ്രത, സിയോണിസം, പിന്നാക്കാവസ്ഥ, മുസ്‌ലിം രാഷ്ട്രങ്ങളിൽ തന്നെയുള്ള സ്വേച്ഛാധിപത്യം എന്നിവയെ ചെറുക്കുക തുടങ്ങിയവയാണ് ഹസൻ ഹനഫി  ഇസ്‍ലാമിക്  ലെഫ്റ്റ് എന്ന ആശയം കൊണ്ട്  പ്രധാനമായും ഉദ്ദേശിക്കുന്നത്. ചിന്തകളിലെ ഇടതുപക്ഷാനുഭാവം കാരണം മുസ്‌ലിം പ്രസ്ഥാന വൃന്ദങ്ങളിൽ അനഭിമതനാണെങ്കിലും സെക്യൂലറിസ്റ്റുകൾ അദ്ദേഹത്തെ ഇസ്‌ലാമിസ്റ്റ്‌ ആയിട്ടാണ് കാണുന്നത്. ഏകദേശം 1989  വരെയും സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങള്‍ ഇസ്‌ലാമിക വിപ്ലവത്തിന് പ്രേരണ നൽകുന്നു എന്ന് വാദിച്ചുകൊണ്ട് അദ്ദേഹത്തിന് പ്രവേശനം നിരോധിച്ചിരുന്നു.

അധികാരത്തിലേറിയ രാഷ്ട്രീയ  ശക്തികളെല്ലാം ഇസ്‌ലാമിനെ ഉപരിപ്ലവമായി മാത്രമേ സമീപിച്ചിട്ടുള്ളൂ എന്നഭിപ്രായപെട്ട ഹസൻ ഹനഫി, ഈ ഭരണകൂടങ്ങളെല്ലാം പാശ്ചാത്യരാഷ്ട്രങ്ങൾ, പ്രാദേശിക ഫ്യൂഡലിസം, മുതലാളിത്തം എന്നിവയുമായി സഖ്യത്തിലാവുകയാണുണ്ടായതെന്നു വിമർശിച്ചു. സമഗ്രമായ പരിവർത്തനത്തിനു ശ്രമിക്കുക എന്നതിലുപരി രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെക്കുന്നത്‌ ഇസ്‌ലാമിനന്യമാണെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു. മുൻ പ്രസിഡണ്ട് അൻവർ സാദത്ത്‌ ഇഖ്‌വാനുൽ മുസ്‌ലിമൂനിനെ രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് സ്‌പോൺസേർഡ് മത പരിപാടികൾ ആരംഭിച്ചതിനെ ഹസൻ ഹനഫി ശക്തമായി വിമർശിച്ചിരുന്നു. ഇടതുപക്ഷ ആശയങ്ങളും ഇസ്‌ലാമിക ചിന്തകളും ഒരുപോലെ സമ്മേളിച്ച ഹസൻ ഹനഫിയുടെ ചിന്തകൾ  നീതിയിലധിഷ്ഠിതമായ ഭരണക്രമത്തെ കുറിച്ചുള്ള ആലോചനകളാണ് മുന്നോട്ട് വെക്കുന്നത്.

മുസ്‌ലിം പ്രസ്ഥാനങ്ങൾ ഇസ്‌ലാമിക സാംസ്‌കാരിക പൈതൃകത്തെ (അൽ- മൌറുസുൽ സഖാഫ) കൂടുതൽ വിമർശനാത്മകമായി സമീപിക്കാതെ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുകയും രാഷ്ട്രീയമായി  പ്രതിലോമശക്തിയായി മാത്രം മാറുകയും ചെയ്യുകയാണ് എന്ന്‌ ഹസൻ ഹനഫി അഭിപ്രായപ്പെടുന്നു. കൃത്യമായ രാഷ്ട്രീയ പദ്ധതികൾ രൂപീകരിക്കാൻ സാധിക്കാത്തത് ഇത്തരം പ്രസ്ഥാനങ്ങളുടെ ദൗർബല്യമാണ്. ഫ്യുഡലിസം, കൊളോണിയലിസം തുടങ്ങിയ സാമൂഹിക വിപത്തുകളെ എതിരിടാൻ പൊതുജനത്തെ ഉപയോഗിച്ചുകൊണ്ടുതന്നെ വിപ്ലവ പ്രസ്ഥാനം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. എല്ലാർവര്‍ക്കും സ്വീകാര്യമായ ഈ പാർട്ടി അല്ലാഹുവിന്റെ വിശിഷ്ട ജനത്തിന്റെ പ്രതിനിധി ആകുമെന്നും (caliph of  Allah’s chosen  people) അദ്ദേഹം ആഗ്രഹിക്കുന്നു.

ആധുനിക കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളെയും ഹസൻ ഹനഫി വിമർശന വിധേയമാക്കുന്നുണ്ട്. സാമൂഹിക നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ നേടിയെക്കുന്നതിൽ ഈ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. പടിഞ്ഞാൻ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളും ജനങ്ങളിൽ നിന്നും അകന്നു പോയി. ലിബറൽ പ്രസ്ഥാനങ്ങള്‍ ഉപരി വർഗ വിഷയങ്ങളിൽ  ഒതുക്കപ്പെടുകയും പടിഞ്ഞാറന്‍ സംസ്‌കാരത്തിന് വിധേയപ്പെടുകയും ചെയ്തു. സമൂഹത്തിൽ സ്വാധീനമുള്ള   മധ്യവർഗം  കൂടുതലും പരിവര്‍ത്തനത്തിന്‌ പകരം സ്റ്റാറ്റസ് കോ നിലനിർത്താനാണ് ശ്രമിച്ചത്. ഈ സാഹചര്യത്തിൽ ഇസ്‌ലാമിക് ലെഫ്റ്റ് എന്ന ആശയം കൂടുതൽ അനുയോജ്യമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. മതത്തിലെ വിപ്ലവ ബോധത്തെ പ്രകടമാക്കുക എന്നതാണ് ഇസ്‌ലാമിക് ലെഫ്റ്റിന്റെ ലക്ഷ്യം. ഇസ്‌ലാം നമ്മുടെ പൈതൃക സ്വത്തും വിപ്ലവം ഈ കാലഘട്ടത്തിന്റെ തേട്ടവുമാണ്. സാമൂഹിക പരിഷ്കരണത്തിൽ (ഇസ്‌ലാഹ്) തുടങ്ങി സമഗ്രമായ നവജാഗരണം (അൽ- നഹ്ദ അൽ ശാമില) സംഭവിക്കുന്നതിലൂടെയാണ് വിപ്ലവം സാധ്യമാകുന്നത്. എല്ലാ പ്രവാചകരും വിപ്ലവകാരികളും പരിഷ്കർത്താക്കളും ആയിരുന്നു. സാമൂഹിക- ധാർമിക പതനത്തിന്നെതിരെ ഉയർന്നു വന്ന വിപ്ലവകാരികളാണ് പ്രവാചകരെന്നാണ് ഖുർആൻ തന്നെ അവരെക്കുറിച്ചു പറയുന്നത് എന്നതിനാൽ വിപ്ലവത്തെ പുറത്തു നിന്ന് മതത്തിലേക്ക് ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.

Al Azhar

തൗഹീദ് എന്ന ഇസ്‌ലാമിക ആശയം എല്ലാ സമൂഹവും അല്ലാഹുവിന്റെ മുൻപിൽ തുല്യരാണെന്നും അതിനാൽ തന്നെ വംശം ലിംഗം എന്നതിൽ വ്യതാസമില്ലാതെ തുല്യ മാനുഷിക മൂല്യങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എന്നുമാണ്. ഇതുകൊണ്ടാണ് മുസ്‌ലിം സൈന്യം ഈജിപ്തിൽ പ്രവേശിച്ചപ്പോൾ വിമോചകർ എന്ന നിലയിൽ പ്രദേശവാസികൾ അവരെ സ്വീകരിച്ചത്. ഇസ്‌ലാം അതിടപെട്ട സംസ്കാരങ്ങളെയും ഭാഷകളെയും മതങ്ങളെയും സംരക്ഷിക്കുകയാണുണ്ടായത്. ഒരു ഉമ്മത്ത്‌ എന്ന നിലയിൽ ഫെഡറൽ സിസ്റ്റം ആയിട്ടാണ് ഇസ്‌ലാം നിലനിന്നത്. ഇസ്‌ലാമിന്റെ കീഴിൽ അധിവസിച്ച എല്ലാവരുടെയും അവരവരുടെ മതം അനുസരിച്ചു ജീവിക്കാനുള്ള അവകാശങ്ങൾ ഇസ്‌ലാം അംഗീകരിച്ചു കൊടുക്കുകയാണുണ്ടായത്. ക്രിത്യാനികൾ, യഹൂദർ, ഹിന്ദുക്കൾ എന്നിവരുടെ ജീവിതാനുഭവങ്ങൾ ഇതിനു ഉദാഹരണമാണ്. ക്രിസ്തുമതത്തിലെ ചർച്ച്‌ പോലെ ഒരു കേന്ദ്രീകൃത ഘടനയല്ല ഇസ്‌ലാമിന്റേത്‌. അൽ അസ്ഹർ യുണിവേഴ്സിറ്റിയോ ഇന്റർനാഷണൽ യൂണിയൻ ഓഫ് മുസ്‌ലിം സ്കോളർസോ ഒന്നും തന്നെ ഇസ്‌ലാമിന്റെ പൊതുവായ  അധികാരകേന്ദ്രങ്ങൾ അല്ല, മറിച്ച്‌ ചായ്‌വുകളില്ലാത്ത പണ്ഡിത വ്യവഹാരങ്ങളിലാണ് ഇസ്‌ലാമികമായ മേൽക്കോയ്മ നിലനിൽക്കുന്നത് എന്ന് ഹസൻ ഹനഫി നിരീക്ഷിക്കുന്നു.

പാശ്ചാത്യവൽക്കരണം, സംസ്കാരികവും മതപരവുമായ തലങ്ങളിൽ മുസ്‌ലിംകളെ ഒറ്റപ്പെടുത്തൽ, മുസ്‌ലിം സമൂഹത്തിലെ  വികസനത്തിന്റെ അപര്യാപ്തത, ദാരിദ്യം, ധാർമികതയുടെ പിൻബലമില്ലാതെ അധികാരം ഉപയോഗിച്ച് നിയമം നടപ്പിലാക്കൽ എന്ന് തുടങ്ങി മറ്റനേകം ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പാകത്തിൽ ഇസ്‌ലാമിക ദൈവ ശാസ്ത്രത്തിലൂടെ ലിബറേഷൻ തിയോളജി വികസിപ്പിച്ചെടുക്കുക എന്നത് അനിവാര്യമാണെന്ന് ഹസൻ ഹനഫി അഭിപ്രായപ്പെടുന്നു. നീതിയിലധിഷ്ഠിതവും ദയാപരവുമായ സമൂഹത്തിന്റെ നിർമാണമാണ് അദ്ദേഹം ചിന്തിക്കുന്നത്. മുസ്‌ലിം സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടത് അധികാരപ്രയോഗത്തിലൂടെയല്ല, വ്യക്തവും സുചിന്തിതവുമായ രീതിശാസ്ത്രം അതിനനിവാര്യമാണ്. ശക്തിയുപയോഗിച്ചു ഇസ്‌ലാമിനെ നടപ്പിലാക്കുന്നതോ ‘സ്റ്റേറ്റ് ഇസ്‌ലാ’മിന്റെ പ്രയോഗവത്കരണമോ ഈ പ്രശ്നത്തിന്‌ പരിഹാരമാകുന്നില്ല. അത് കൂടുതൽ പ്രശ്നത്തിന് വഴിവെക്കുകയാണുണ്ടാകുന്നത്. അറബ് സമൂഹത്തിന്റെ ഇച്ഛാ ശക്തിയും  രാഷ്ട്രീയ അവബോധവും പ്രകടമാക്കിയ അറബ് വസന്ത (Arab Spring) വിപ്ലവങ്ങളെ  പരാജയം എന്ന നിലയിൽ കാണാൻ കഴിയില്ല എന്നാണ് ഹസൻ ഹനഫി അഭിപ്രായപ്പെടുന്നത്. ലിബറൽ- വെസ്റ്റേൺ ചിന്തകളിലധിഷ്ഠിതമായ ബൗദ്ധികഘടനയിൽനിന്നു  മുക്തി പ്രാപിക്കാത്ത കാലത്തോളം കാതലായ ഫലങ്ങൾ സൃഷ്ടിക്കുകയില്ല എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. നിലവിൽ മിലിറ്ററി- ഏകാധിപത്യ ഭരണകൂടങ്ങൾ എന്നിവയിൽ കുടുങ്ങിക്കിടക്കുകയാണ് അറബ് -മുസ്‌ലിം സമൂഹങ്ങൾ. എല്ലാവര്ക്കും ഭക്ഷണം, സ്വാതന്ത്ര്യം, നീതി എന്ന ശരിയായ മുദ്രാവാക്യങ്ങൾ ഈ രണ്ട് ഭരണ വ്യവസ്ഥകൾക്കുള്ളിലും അടിച്ചമര്‍ത്തപ്പെടുകയാണ്.

Ahmed ‘Urabi

നിശിതമായ പാശ്ചാത്യ വിമർശനം ഹസന്‍ ഹനഫിയുടെ രചനകളിൽ കാണാൻ കഴിയും. അറബ് മുസ്‌ലിം നാടുകളിൽ  വിശിഷ്യാ ഈജിപ്തിൽ ഫ്രഞ്ച്- ബ്രിട്ടീഷ് അധിനിവേശങ്ങൾ ചെലുത്തിയ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ പ്രതിലോമകരമായാണ് ഭവിച്ചതെന്നാണ് ഹസൻ ഹനഫി വിലയിരുത്തുന്നത്. ആഗോളവൽക്കരണത്തെ പാശ്ചാത്യ മേധാവിത്വത്തിന്റെ അടയാളമായി  കാണുന്ന ഹസൻ ഹനഫി ഇതിലൂടെ സംബന്ധിച്ച മനുഷ്യാവകാശ ലംഘനങ്ങൾ, അധിനിവേശങ്ങൾ എന്നിവയെയെല്ലാം വിമര്‍ശനവിധേയമാക്കുന്നുണ്ട്. യൂറോ കേന്ദ്രീകൃത പ്രത്യയ ശാസ്ത്രങ്ങളെ ചർച്ചാവിധേയമാക്കുന്ന ഹസൻ ഹനഫി ഇസ്‌ലാമിക ലോകത്ത്‌ സെക്യൂലറിസ്റ് ഭരണ വ്യവസ്ഥക്ക് യാതൊരു സാധ്യതയുമില്ല എന്നഭിപ്രായപ്പെടുന്നു. മുസ്‌ലിം സമൂഹങ്ങളിൽ ഇസ്‌ലാമിന്‌ ആഴത്തിൽ സ്വാധീനമുള്ളതിനാൽ സെക്യൂലറിസ്റ് രീതി അപ്രാപ്യമാണ്. ചരിത്രപരമായി തന്നെ 1881- 82ലെ അഹ്‌മദ്‌ ഉറാബി പാഷയുടെ വിപ്ലവത്തിന്റെ പരാജയത്തോടെ സെക്കുലർ ചിന്തയുടെ സാധീനം പോലും അറബ് മുസ്‌ലിം സമൂഹത്തിൽ ഇല്ലാതായി എന്നാണ് അദ്ദേഹം  നീരിക്ഷിക്കുന്നത്.

അറബ്- ഇസ്‌ലാമിക ലോകത്തിന്റെ ഐക്യം, പാശ്ചാത്യ അധിനിവേശത്തിൽ നിന്നും സിയോണിസ്റ്റ് സ്വാധീനത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം, ലോക നാഗരികതയിൽ ഇസ്‌ലാമിന് മുൻപ് ഉണ്ടായിരുന്ന വൈജ്ഞാനികമായ ഔന്നത്യം വീണ്ടെടുക്കൽ എന്നീ വിഷയങ്ങളിൽ ഹസൻ ഹനഫി സജീവമായി അക്കാദമിക വ്യവഹരങ്ങളിൽ ഇടപെടാറുണ്ട്. ഇസ്‌ലാമിക തത്വചിന്ത, അറബ് സമൂഹത്തെ കുറിച്ചുള്ള നിരീക്ഷണങ്ങൾ, ഇസ്‌ലാമിക ശിക്ഷണ രീതികൾ, പാശ്ചാത്യവത്കരണം, രാഷ്ട്രം, സമൂഹം, സമുദായം, ഇസ്‌ലാമിക നാഗരികത, അറബ് ഇസ്‌ലാമിക ഏകത, അല്ലാഹുവിന്റെ അസ്തിത്വം, ആധുനിക ചിന്തകളും അവയുടെ സ്വാധീനവും, പരിഷ്കരണം, ഇസ്‌ലാമിക പൈതൃകം, ഈജിപ്തിലെ ഇസ്‌ലാമിന്റെ വളർച്ചയും പ്രക്ഷോഭങ്ങളും എന്നിങ്ങനെ  നിരവധി വിഷയങ്ങളിൽ അദ്ദേഹത്തിനു രചനകൾ ഉണ്ട്.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്