Campus Alive

നജ്‌മൽ ബാബു: ഒസ്യത്തിൻെറ നിരാകരണവും അഴിഞ്ഞുവീണ മതേതര മുഖംമൂടിയും

ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ ഒരു പൗരന്റെ ഒരു മുസ്ലിം ഖബര്‍സ്ഥാനില്‍ ഖബറടക്കണമെ അവസാനത്തെ ആഗ്രഹത്തെ നിഷേധിച്ച് യുക്തിവാദികളായ ബന്ധുക്കള്‍ക്ക് വീട്ടില്‍ ചിതയൊരുക്കാന്‍ അനുവദിച്ച കേരളത്തിലെ രാഷ്ട്ര സംവിധാനങ്ങളും പൗരസമൂഹവും രാഷ്ട്രീയ നേതൃത്വവും നവോത്ഥാന മതേതര കേരളത്തിന്റെ സവര്‍ണ്ണ ബ്രാഹ്മണിക മുഖത്തെയാണ് വെളിവാക്കുന്നത്. നജ്മല്‍ ബാബു എന്ന ടി.എന്‍ ജോയി കേരളത്തെ സംബന്ധിച്ചിടത്തോളം അപരിചിതനല്ല, മറിച്ച് കേരളത്തിലെ ഇടത്- പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ മതപരിവര്‍ത്തനവും വാര്‍ത്തകളില്‍ ഇടം പിടിച്ചതുമാണ്. അദ്ദേഹം ഇതിനുമുമ്പുതന്നെ പള്ളിക്കമ്മറ്റിയിലേക്ക് തന്നെ ഖബറടക്കണമെന്ന് കത്തയക്കുകയും മാധ്യമങ്ങള്‍ക്ക് മുമ്പിലും അഭിമുഖങ്ങളിലും നിരന്തരമായി അത് ആവര്‍ത്തിക്കുകയും ചെയ്തതാണ്. ഹാദിയയുടെ വിഷയത്തില്‍ നാം കണ്ടതുപോലെ മതേതര കേരളത്തിന്റെ സവര്‍ണ്ണ- ബ്രാഹ്മണിക യുക്തിയാണ് നജ്മല്‍ ബാബുവിന്റെ വിഷയത്തിലും കേരളപൊതുബോധത്തില്‍ പ്രവര്‍ത്തിച്ചതെന്ന് കാണാം.

എന്നാല്‍ ഇത് മതപരിവര്‍ത്തനത്തെയും അതിന്റെ അനന്തരഫലങ്ങളെയും പറ്റി, ഹാദിയയില്‍ കണ്ടതുപോലെ പരിവര്‍ത്തിതന്റെ ജീവിതത്തെ പറ്റി മാത്രമല്ല, മറിച്ച് നജ്മല്‍ ബാബുവിന്റെയും മുഹമ്മദ് ഹാജി എന്ന സൈമണ്‍ മാസ്റ്ററുടെയും- അദ്ദേഹം ക്രിസ്തുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് വരികയും പള്ളിയില്‍ ഖബറടക്കപ്പെടാന്‍ ആഗ്രഹിക്കുകയും എന്നാല്‍ കുടുംബത്താല്‍ നിഷേധിക്കപ്പെടുകയും ചെയ്ത ആളാണ്- വിഷയങ്ങളില്‍ കാണുന്നത് പോലെ പരിവര്‍ത്തിതന്റെ മരണത്തെ പറ്റിയുമുള്ള വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ നമുക്ക് പ്രേരണയാവുന്നത്. R. S. S കാരാല്‍ കൊല്ലപ്പെട്ട ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഫൈസലിന്റെ കാര്യത്തില്‍ സ്റ്റേറ്റും സമൂഹവും എടുത്ത നിരുത്തരവാദപരമായ നിലപാടുകള്‍ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം എന്നത് എത്രത്തോളം അപകടകരമായ ഒന്നായാണ് വായിക്കപ്പെടുന്നത് എന്നതിന് തെളിവാണ്. കേരളം ഇസ്ലാമിനെയും മുസ്ലിംകളെയും അപരസ്ഥാനത്ത് നിര്‍ത്തുന്നു എന്ന് രേഖകള്‍ വെച്ച് പറയാന്‍ കഴിയില്ലെങ്കിലും ധാരാളം തെളിവുകള്‍ അതിനുള്ളതായി കാണാന്‍ കഴിയും. UAPA ചുമത്തി ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ് എന്നുള്ളതും, മുസ്ലിം ഭൂരിപക്ഷ ജില്ലയെ മിനി പാകിസ്ഥാനായി മുദ്രകുത്തുന്നതും, മുസ്ലിം നേതാക്കളുടെ ഇമെയില്‍ ചോര്‍ത്താന്‍ സ്‌റ്റേറ്റ് സംവിധാനങ്ങള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നതും, മുസ്ലിം രാഷ്ട്രീയ പ്രതിനിധാനത്തിനു വേണ്ടിയുള്ള ന്യായമായ ആവശ്യങ്ങളെ വര്‍ഗ്ഗീയതയായും വിഭാഗീയതയായും ചിത്രീകരിക്കുന്നതും, മുസ്ലിം ജനസംഖ്യ കൂടിയ മേഖലകള്‍ വിദ്യാഭ്യാസത്തിലും സാമൂഹ്യ-രാഷ്ട്രീയ മേഘലകളിലും ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നതും, അറബിക് സര്‍വ്വകലാശാലക്കുവേണ്ടിയുള്ള ആവശ്യം നിരന്തരമായി നിരാകരിക്കപ്പെടുന്നതും ഇസ്ലാമിനെയും മുസ്ലിംകളെയും അപരസ്ഥാനത്ത് നിര്‍ത്തുന്നതിന്റെ തെളിവാണ്.

മുസ്ലിം രാഷ്ട്രീയ സ്വത്വം എങ്ങനെയാണ് പൊതു ഇടത്തില്‍ വ്യാഖ്യാനിക്കപ്പെടുത് എന്ന് പരിശോധിക്കുമ്പോള്‍, ‘തീവ്രവാദി’ ‘മതഭ്രാന്തന്‍’ പട്ടങ്ങളും ആഖ്യാനങ്ങളും ക്യാമ്പുസ്സകളിലും പൊതുമണ്ഡലങ്ങളിലും മുസ്ലിം ആക്റ്റിവിസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും ധാരാളമായി ചാര്‍ത്തിക്കൊടുക്കുന്നതായി കാണാം. ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാനപരമായ രാഷ്ട്രീയാവകാശമായ മതം തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നു എന്നതാണ് നജ്മല്‍ ബാബുവിന്റെ വിഷയത്തില്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞത് ഇടത് പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി മുസ്ലിം സംഘടനകളെ ഹിന്ദുത്വ ശക്തികളുമായി താരതമ്യപ്പെടുത്തുന്നത് അവരുടെ വൈജ്ഞാനികമായ പാപ്പരത്തം എന്നതിലുപരി അവരില്‍ വേരാഴ്ത്തിയ ബ്രാഹ്മണിക ബോധത്താലാണ് എന്നാണ്. എങ്ങനെയാണ് മുസ്ലിം അപരന്‍ നിര്‍മ്മിക്കപ്പെടുന്നതും നിലനിര്‍ത്തപ്പെടുന്നതും എന്നതിനെ പറ്റി വ്യത്യസ്തങ്ങളായ വായനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും രാഷ്ട്രീയപാര്‍ട്ടികളും അവയുടെ വ്യവഹാരങ്ങളും നിശബ്ദദയിലാണെന്ന് കാണാം. രാജ്യത്തിനകത്ത് മുസ്ലിം എന്നത് പ്രത്യേക തരത്തില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന പൗരശരീരങ്ങളാണ് എന്ന കാര്യം ആര്‍ക്കും അറിയാഞ്ഞിട്ടല്ല, യു.പി യിലെ തുടര്‍ച്ചയായ വ്യാജ ഏറ്റുമുട്ടലുകളും, ജുനൈദിനെ കൊന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതും, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതും, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ വലിയ അളവില്‍ വെട്ടിക്കുറക്കുന്നതും, മതേതര പാര്‍ട്ടികള്‍ രാഷ്ട്രീയ ബാധ്യത ആവാതിരിക്കാന്‍ വേണ്ടി മുസ്ലിംകളെ തങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും മുതല്‍ ഇന്നലെ (8/10/18) ഡല്‍ഹി ഹൈക്കോടതി നജീബ് അഹ്മദിന്റെ കേസ് അവസാനിപ്പിക്കാന്‍ സി.ബി,ഐ ക്ക് അനുമതി നല്‍കിയതില്‍ പോലും പ്രകടമാവുന്നത് കൃത്യമായ മുസ്ലിം വിരുദ്ധതയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ശക്തി പ്രാപിച്ചതും ഗുജറാത്ത് വംശഹത്യയിലൂടെ പ്രകടമായതുമായ ഇത്തരത്തിലുള്ള സ്റ്റേറ്റിന്റെ മുസ്ലിം വിരുദ്ധതയാണ് തീവ്ര ഇടത് സാമൂഹ്യ പ്രവര്‍ത്തകനായ ടി.എന്‍ ജോയിയെ മതപരിവര്‍ത്തനമാണ് ഏറ്റവും വലിയ രാഷ്ട്രീയ ഐക്യപ്പെടല്‍ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്.

ബാഹ്യമായ ഇത്തരം രാഷ്ട്രീയ കാരണങ്ങള്‍ക്കപ്പുറം ഇസ്ലാമിന്റെ ആത്മീയ വശം അദ്ദേഹത്തെ പുതിയ ജീവിത കാഴ്ചപ്പാടുകളിലേക്ക് നയിക്കുകയും അദ്ദേഹം സ്വയം വിളിച്ച അല്ലാഹുവിലേക്കുള്ള വഴി അദ്ദേഹം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. നജ്മല്‍ ബാബുവിന്റെ ശരീരത്തോടെ കാണിച്ച അനീതിക്കെതിരെയുള്ള സമരമുറയായി ഇസ്ലാം സ്വീകരിച്ച നോവലിസ്റ്റ് കമല്‍സി ചവറയെയും ഇതിനുമുമ്പ് നടന്ന ഫൈസലിന്റെ കുടുംബത്തിന്റെ ഇസ്ലാം സ്വീകരണവുമെല്ലാം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഇസ്ലാമിന്റെയും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്റെയും ജാതിയെ മറികടക്കാനുള്ള രാഷ്ട്രീയ പ്രാപ്തി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിനാല്‍ ഇനിയെങ്കിലും ഇസ്ലാമിന്റെ സമ്പമായ ആത്മീയശക്തിയെ ഇടത് പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല പലപ്പോഴും മതത്തിന്റെ ആശയങ്ങള്‍ക്കും ഭാഷാ പ്രയോഗങ്ങള്‍ക്കും മുമ്പില്‍ അവര്‍ അമ്പരന്നു നില്‍ക്കുതായി കാണാം. ജെ.എന്‍.യു വില്‍ നട ‘ഇന്‍ഷാ അല്ലാഹ്’ ഡിബേറ്റ് അതിന് തെളിവാണ്. ‘ഇന്‍ഷാ അല്ലാഹ്’ എന്നത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന ഭാഷാ ഉപയോഗത്തില്‍ പെട്ടതാണ്. അത് ആത്മീയതയിലൂന്നിയ രാഷ്ട്രീയത്തെ നിര്‍മ്മിച്ചെടുക്കുകയും അതിലൂടെ രാഷ്ട്രീയബോധത്തില്‍ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാമോഫോബിയ എന്നത് ചില ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ പടച്ചുവിടുന്ന മിഥ്യാധാരണയാണെന്നാണ് ഇപ്പോഴും ജെ.എന്‍.യു വിലെ എസ്. എഫ്. ഐ ക്കാര്‍ വിശ്വസിക്കുന്നത് എന്ന കാര്യത്തില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല.

മതപരിവര്‍ത്തനം എന്ന പ്രവര്‍ത്തി മുതല്‍ മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും രാഷട്രീയ കര്‍തൃത്വത്തെപറ്റിയും മത ചിഹ്നങ്ങളുടെ പൊതു ഇടങ്ങളിലെ പ്രതിനിധാനവുമെല്ലാം പരിശോധിക്കുമ്പോള്‍ ഇസ്ലാമിന്റെയും മുസ്ലിമിന്റെയും സാമൂഹികത എന്നത് അടിസ്ഥാനപരമായി പൊതുജീവിതം, സ്വകാര്യജീവിതം എന്നിങ്ങനെയുള്ള വിഭജനത്തെ ചോദ്യം ചെയ്യുന്നതായി കാണാം. അത് കൊണ്ടാണ് നജ്മലിന്റെ മരണത്തിനു ശേഷവും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം മതേതര പൊതുമണ്ഡലത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. നജ്മല്‍ ബാബുവിന്റെ തിരഞ്ഞെടുക്കലും അദ്ദേഹത്തിന്റെ മരണവും സാമൂഹിക- രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ തിരിച്ചറിയാനുള്ള സന്ദര്‍ഭമായി മനസ്സിലാക്കുക എന്നതിനപ്പുറം പുരോഗമന ഇടങ്ങളുടെ മതേതര മുഖംമൂടികളെ തുറന്നുകാണിക്കാനുള്ള അവസരവുമായിക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.

(എസ് ഐ ഒ ജെ എൻ യു ഘടകം പുറത്തിറക്കിയ പ്രസ്താവന)