Campus Alive

ഇസ്‌ലാം: ചരിത്രവും വ്യാവഹാരിക പാരമ്പര്യവും

What is Islam: The Importance of Being Islamic- 9

സത്യത്തിന്റെയും അര്‍ത്ഥത്തിന്റെയും വ്യത്യസ്തവും വൈരുദ്ധ്യപൂര്‍ണ്ണവുമായ സാധ്യതകളെ അന്വേഷിച്ച ഒരു ചരിത്ര പാരമ്പര്യത്തെക്കുറിച്ചാണ് ഞാനിതുവരെ സൂചിപ്പിച്ചത്. അലക്‌സാണ്ടര്‍ നിഷ് അതിനെ വിശേഷിപ്പിച്ചത് മുസ്‌ലിം മതപാരമ്പര്യത്തിന്റെ അമ്പരപ്പിക്കുന്ന ബഹുസ്വരത എന്നാണ്. വളരെ വൈവിധ്യപൂര്‍ണ്ണവും പരസ്പരം സംഘര്‍ഷത്തില്‍ നിലനില്‍ക്കുന്നതുമായ ആശയങ്ങളും സങ്കല്‍പ്പങ്ങളുമാണ് മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവയെല്ലാം വിശ്വാസികള്‍ വിവധങ്ങളായ സന്ദര്‍ഭങ്ങളില്‍ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണദ്ദേഹം പറയുന്നത്.

ഇസ്‌ലാം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തനമായി മനസ്സിലാക്കാവുന്നതാണ്. മസ്ദര്‍ എന്നതാണ് ഇസ്‌ലാം എന്ന പദം സൂചിപ്പിക്കുന്നത്. അതൊരു ക്രിയാവാക്യമാണ്. പൂര്‍ണ്ണമായി കീഴൊതുങ്ങുക, അടിയറവ് വെക്കുക എന്നൊക്കെ അതിന് അര്‍ത്ഥം പറയാവുന്നതാണ്. അതൊരു വ്യക്തി ചെയ്യുന്ന പ്രവര്‍ത്തനമാണ്. അപ്പോള്‍ ഇസ്‌ലാമിനെ ചെയ്യുന്നതിലൂടെയാണ് (പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണ്) ഒരാള്‍ മുസ്‌ലിം ആയിത്തീരുന്നത്. നമ്മള്‍ നേരത്തെ അഭിമുഖീകരിച്ച ആറ് പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് തന്നെ വളരെ വൈവിധ്യപൂര്‍ണ്ണമായ ആവിഷ്‌കാരങ്ങളിലൂടെയാണ് മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കണ്ടെത്തിയിരുന്നത് എന്ന് മനസ്സിലാക്കുകയുണ്ടായി. അഥവാ, അവര്‍ ഇസ്‌ലാമിനെ നിര്‍വ്വചിച്ചതും അനുഭവിച്ചതുമെല്ലാം വ്യത്യസ്തമായ രീതിയിലായിരുന്നു എന്നര്‍ത്ഥം. ഏകതാനകമായ ഒരു സ്വഭാവം ഇസ്‌ലാമിനുണ്ടായിരുന്നില്ല. അവിടെ ഹിക്മത്തുല്‍ ഇശ്‌റാഖിനെയും വഹ്ദത്തുല്‍ വുജൂദിനെയും ദൈവികസത്യത്തെ മനസ്സിലാക്കാനുള്ള വഴിയായി കണ്ടവരും അവയെ ദൈവികനിഷേധമായി മനസ്സിലാക്കിയവരും ഉണ്ടായിരുന്നു. ശരീഅത്തിനെ ഹഖീഖത്തിന്റെ കീഴില്‍ മനസ്സിലാക്കിയവരും ഹഖീഖത്തിനെ ശരീഅത്തിന് താഴെയായി പ്രതിഷ്ഠിച്ചവരും ഉണ്ടായിരുന്നു. ഇമേജിനെ നിഷിദ്ധമായി കണ്ടവരും അല്ലാത്തവരും പരസ്പരം മുഖാമുഖം തന്നെയായിരുന്നു ജീവിച്ചിരുന്നത്. അവയെല്ലാം തന്നെ ഇസ്‌ലാമിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയായാണ് മനസ്സിലാക്കേണ്ടത്. മുസ്‌ലിം ആകുന്നതിന്റെ അര്‍ത്ഥത്തെ തേടിയുള്ള അന്വേഷണങ്ങളായിരുന്നു അവ. അപ്പോള്‍ വാചികമായ അര്‍ത്ഥത്തെ മുന്‍നിര്‍ത്തി മാത്രം ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്.

ഇസ്‌ലാം എന്നത് ഒരു വ്യക്തിയുടെ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കുമ്പോഴും വ്യക്തിക്കതീതമായി നിലനില്‍ക്കുന്ന പ്രതിഭാസമാണത് എന്ന് കൂടി നാം കാണേണ്ടതുണ്ട്. തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് പുറത്തുള്ള ലോകത്ത് നിലനില്‍ക്കുന്ന ഇസ്‌ലാമിനെ ഒരു മുസ്‌ലിം വ്യക്തി മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല, അതുമായി ഇടപാടുകള്‍ സാധ്യമാക്കാനും അവന് കഴിയണം. തനിക്ക് പുറത്തുള്ള ഇസ്‌ലാമുമായി എന്‍ഗേജ് ചെയ്യാന്‍ കഴിയുമ്പോഴാണ് ഒരു മുസ്‌ലിം വ്യക്തി ആഗോള മുസ് ലിം ഉമ്മത്തിന്റെ ഭാഗമായിത്തീരുന്നത്. അപ്പോഴാണ് അവന്‍ ഒരു സമുദായ സ്വത്വത്തിന്റെ ഭാഗമായിത്തീരുന്നത്.

ഈ മൂന്ന് ഘടകങ്ങളും (വ്യക്തിഗത ഇസ്‌ലാം, വ്യാവഹാരിക ഇസ്‌ലാം, സമുദായ ഇസ്‌ലാം) മാനുഷിക-ചരിത്ര പ്രതിഭാസമായ ഇസ്‌ലാമിന്റെ വിവിങ്ങളായ ആവിഷ്‌കാരങ്ങളാണ്. മുസ്‌ലിം ഉമ്മത്ത് എന്നതുതന്നെ ഇങ്ങനെ വൈരുദ്ധ്യമായിത്തന്നെ ഇസ്‌ലാമിനെ ആവിഷ്‌കരിക്കുന്ന വ്യക്തികളുടെ കളക്റ്റിവിറ്റിയാണ്. അപ്പോള്‍ ഇസ്‌ലാമിനെ മനസ്സിലാക്കണമെങ്കില്‍ ഓരോ വ്യക്തിതലത്തിലും സംഭവിക്കുന്ന ഇസ്‌ലാമിക ആവിഷ്‌കാരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഘടനാപരമായ ബന്ധത്തെക്കുറിച്ചും ഇസ്‌ലാമിന്റെ അര്‍ത്ഥത്തെക്കുറിച്ച വ്യത്യസ്തങ്ങളായ വിശദീകരണങ്ങളെക്കുറിച്ചും നാം വിലയിരുത്തേണ്ടതുണ്ട്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഇസ്‌ലാം എന്നത് അമൂര്‍ത്തമോ യാഥാര്‍ത്ഥ്യമോ ആയ, മാനസികമോ സാമൂഹികമോ ആയ ഒരുപാട് ഇസ്‌ലാമുകളുടെ സാധ്യതകളെ സൂചിപ്പിക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ സുന്നി ഇസ്‌ലാമിന്റെ വൈവിധ്യമാര്‍ന്ന ചരിത്രപാരമ്പരത്തിലൂടെയാണ് ഞാന്‍ യാത്ര ചെയ്യുന്നത്. വളരെ ഭാഗികമായ മുസ്‌ലിം അനുഭവങ്ങളില്‍ നിന്ന് മാത്രമുള്ള ഇസ്‌ലാം വായനയാണ് എന്റേത് എന്ന ആരോപണം തടയാന്‍ വേണ്ടിയാണത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഒരുപാട് ഇസ്‌ലാമുകളുടെ സാധ്യതകളിലൂടെ ഇസ്‌ലാമിനെ വായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

അബുല്‍ ഹസന്‍ അല്‍ അശ്അരിയുടെ ഒരു എഴുത്തോട് കൂടിയാണ് ഞാന്‍ ഈ അധ്യായം ആരംഭിച്ചത്. ഒന്നുകൂടി ഞാനതിവിടെ പരാമര്‍ശിക്കാം: ‘പ്രവാചകന് ശേഷം ആളുകള്‍ ഒരുപാട് വിഷയങ്ങളില്‍ അഭിപ്രായ വിത്യാസം വെച്ചുപുലര്‍ത്തിയിട്ടുണ്ട്. വ്യത്യസ്ത ഗ്രൂപ്പുകളും വിഭാഗങ്ങളുമായി അവര്‍ തരം തിരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമാണ് അവരെയെല്ലാം ഒരുമിച്ചു ചേര്‍ത്തത്.’ ഞാന്‍ ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ഉന്നയിച്ച ആറ് ചോദ്യങ്ങളും അശ്അരിയുടെ ഈ വര്‍ത്തമാനത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. അഥവാ, ആ ചോദ്യങ്ങളിലെല്ലാം തന്നെ എന്താണ് ഇസ്‌ലാം എന്ന ചോദ്യത്തിനുള്ള ഉത്തരം അടങ്ങിയിട്ടുണ്ട്. ആ ചോദ്യങ്ങളെല്ലാം തന്ന സത്യത്തെക്കുറിച്ച വൈരുദ്ധ്യപൂര്‍ണ്ണമായ അവകാശവാദങ്ങളാണ്. അവയെച്ചൊല്ലി സംഘര്‍ഷങ്ങളും സമവായങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. ഈ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമാണ് വളരെ സാര്‍വ്വലൗകിമായി എന്താണ് ഇസ്‌ലാം എന്ന ചോദ്യത്തെ സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്നത്. അപ്പോള്‍ What is Islam എന്ന ചോദ്യത്തെ അഭിമുഖീകരിക്കണമെങ്കില്‍ ഒരു ചരിത്രാന്വേഷണം തന്നെ വേണ്ടിവരും.

ഇസ്‌ലാമിനെ ചരിത്രപരമായി മനസ്സിലാക്കുക എന്നത് പ്രധാനം തന്നെയാണ്. അതുപോലെ എങ്ങനെ, എപ്പോള്‍ നമ്മള്‍ ഇസ്‌ലാം എന്ന പദം ഉപയോഗിക്കുന്നു എന്നതും ഒരു വിഷയമാണ്. കാരണം ഒരു കാര്യത്തെ പേരുവിളിച്ച് വിശേഷിപ്പിക്കുന്നതിലൂടെ നമ്മളതിന് ഒരു പ്രത്യേക അര്‍ത്ഥം സമ്മാനിക്കുകയാണ് ചെയ്യുന്നത്. നമ്മളൊരു കാര്യത്തെ ഇസ്‌ലാമികം എന്നു വിശേഷിപ്പിക്കുമ്പോള്‍ അതിലൂടെ നാം ചെയ്യുന്നത് നമ്മള്‍ ഇസ്‌ലാമികം എന്നു വിശ്വസിക്കുന്ന ഒരു മൂല്യത്തെ അതിലേക്ക് ചേര്‍ക്കുക എന്ന പ്രവര്‍ത്തിയാണ്. അഥവാ, ആ കാര്യത്തെ പ്രമാണവല്‍ക്കരിക്കുകയാണ് നാം ചെയ്യുന്നത്. അതുപോലെത്തന്നെ ഒരു കാര്യത്തെ അനിസ് ലാമികം എന്നു വിശേഷിപ്പിക്കുന്നതും വേറൊരു തരത്തിലുള്ള പ്രമാണവല്‍ക്കരണമാണ്. എന്താണ് ഇസ്‌ലാം എന്ന് നമ്മള്‍ മനസ്സിലാക്കിയ ഒരു മൂല്യത്തെ കേന്ദ്രീകരിച്ചാണ് നാമതിനെ അനിസ്‌ലാമികം എന്നു വിളിക്കുന്നത്. ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദൈവശാസ്ത്രപരവും അല്ലാത്തതുമായ സംഘര്‍ഷങ്ങളെല്ലാം ഞാനിവിടെ സൂചിപ്പിച്ച എന്താണ് ഇസ്‌ലാം എന്ന നിര്‍വ്വചനത്തെ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. ഇസ്‌ലാമിക നിയമം, ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമിലെ സമ്പദ് വ്യവസ്ഥ, ഇസ്‌ലാമിലെ സ്ത്രീകളുടെ പദവികള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംവാദങ്ങളും സംഘര്‍ഷങ്ങളുമെല്ലാം അതിനുദാഹരണമാണ്. ഈ നാമവിശേഷണങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയുമെല്ലാം അക്കാദമിക രംഗത്ത് ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ ആവിഷ്‌കാരങ്ങളെയും കുറിച്ച നിര്‍വ്വചനങ്ങളും വിശേഷണങ്ങളുമെല്ലാം വളരെ സജീവമാണ്. ആധുനികതയെ മുന്‍നിര്‍ത്തിയും നമ്മള്‍ ഇസ്‌ലാമികം\അനിസ് ലാമികം എന്ന നിര്‍വ്വചനത്തിന് ശ്രമിക്കാറുണ്ട്. അഥവാ, ആധുനികതയുടെ ലോകബോധത്തിന് പുറത്ത് നില്‍ക്കുന്ന വ്യക്തികളെയും പാരമ്പര്യങ്ങളെയുമെല്ലാം ആധുനിക മുസ്‌ലിംകള്‍ ആധുനികതയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇവിടെ ആധുനികതയെ മുന്‍നിര്‍ത്തിയാണ് എന്താണ് ഇസ്‌ലാം എന്ന ചോദ്യം പോലും ഉയര്‍ത്തപ്പെടുന്നത്.

ശഹാബ് അഹ്മദ്‌