Campus Alive

വാട്സപ്പ്-മോദി കാലത്തെ ഹിന്ദുത്വ ആൾക്കൂട്ടം

സാർവത്രിക ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സേവനങ്ങൾ, ബയോമെട്രിക്കൽ ഐഡന്റിറ്റി സ്കീമുകൾ എന്നിവയുടെ കാര്യത്തിൽ സ്വാഭിമാനം കൊള്ളുന്ന ഇന്ത്യൻ സർക്കാർ അപൂർവമായ  അവസരങ്ങളിൽ ഇപ്പോഴും റേഡിയോഗ്രാം മുഖേന ചില ഔദ്യോഗിക വിനിമയങ്ങൾ നടത്താറുണ്ട്. ഒരു റേഡിയോ ട്രാൻസ്മിറ്ററിൽ ഇരിക്കുന്ന  ഓപ്പറേറ്റർ ഒരു സന്ദേശം ടാപ്പുചെയ്യുന്നു, തുടർന്ന് ഒരു റെസീവർ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് തൽക്ഷണ നിയമ രേഖയായ ഒരു പ്രക്ഷേപണം പുറന്തള്ളുന്നു. അങ്ങനെയാണ് 2015 ഡിസംബർ 31-ന് ഉത്തർപ്രദേശിലെ മുസഫർനഗറിലെ ജയിൽ സൂപ്രണ്ടിന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് “അടിയന്തിരം” എന്ന് വിശേഷപ്പെടുത്തിയ  ഒരു റേഡിയോഗ്രാം സന്ദേശത്തിന്റെ പകർപ്പ് ലഭിച്ചത്.

പ്രാദേശിക ജ്വല്ലറി ഉടമയുടെ മകനായ, തന്റെ 22ാം ജന്മദിനം ജയിലറക്കുള്ളിൽ ആഘോഷിച്ച, വിവേക് പ്രേമി എന്ന യുവാവിനെ സംബന്ധിച്ചായിരുന്നു ആ സന്ദേശത്തിലെ ഉള്ളടക്കം. 2015-ൽ അടുത്തുള്ള പട്ടണമായ ഷാംലിയിൽ മുഹമ്മദ് റിയാസ് എന്ന 42 കാരനായ മുസ്‌ലിം തൊഴിലാളിയെ പ്രേമി ഭീഷണിപ്പെടുത്തിയിരുന്നു. റിയാസിനൊപ്പം ഒരു പശുക്കുട്ടി ഉണ്ടായിരുന്നതിനാൽ,  പ്രാദേശിക കശാപ്പുകാർക്ക് മൃഗത്തെ എത്തിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന ആരോപണമായിരുന്നു പ്രേമി ഉന്നയിച്ചത്. പല ഹിന്ദുക്കളെ സംബന്ധിച്ചും മതനിന്ദയും ഉത്തർപ്രദേശിൽ നിയമവിരുദ്ധവും ആയ ഗോഹത്യ ഒരു നിസ്സാരമായ ആരോപണമായിരുന്നില്ല. റിയാസിനെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണം, വർഷങ്ങളായി ഗോഹത്യക്കെതിരെ കുരിശുയുദ്ധം നടത്തുന്ന തീവ്ര ഹിന്ദു യുവജന സായുധസംഘമായ ബജ്‌റംഗ്ദളിന്റെ പ്രാദേശിക നേതാവായിരുന്നു പ്രേമി എന്ന വസ്തുതയായിരുന്നു.

മുഹമ്മദ് റിയാസ് Image courtesy: WIRED

തന്റെ സഹപ്രവർത്തകരടങ്ങുന്ന ഒരു സംഘത്തോടൊപ്പം പ്രേമി റിയാസിന്റെ കൈകൾ പുറകിൽ ബന്ധിച്ച അവസ്ഥയിൽ ഷാംലിയിലെ ഏറ്റവും തിരക്കേറിയ തെരുവിലൂടെ അദ്ദേഹത്തെയും കൊണ്ട് പരേഡ് ചെയ്തു. അതും പോരാഞ്ഞിട്ട് പ്രേമി അയാൾ  അർദ്ധബോധാവസ്ഥയിലാകും വിധം ഒരു മണിക്കൂറിലധികം ബെൽറ്റ്‌ ഉപയോഗിച്ച് അടിച്ചു. ഇത് കാണാനും സ്മാർട്ഫോണിൽ റെക്കോർഡ് ചെയ്യാനും ഒരു ആൾക്കൂട്ടവും! “പശു കൊലയാളി! പശു കൊലയാളി! പശു കൊലയാളി!” ഭ്രാന്തിളകിയ മനുഷ്യനെപ്പോലെ പ്രേമി അലറി. താമസിയാതെ, പ്രേമിയുടെ ഭ്രാന്തമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പിലും യൂട്യൂബിലും വൈറലായി. ആ അങ്ങാടിയിൽ ഒതുങ്ങുന്നതിലും അധികം ജനങ്ങൾ ഒരു പാവം മനുഷ്യനെ തല്ലിച്ചതയ്ക്കുന്നത് നേരിട്ട് കാണാൻ അവിടെ കൂടി.

ന്യൂ ഡൽഹിയിൽ നിന്ന് രണ്ടര മണിക്കൂർ വടക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ചെറുകിട വ്യവസായ മേഖലകളാണ് ഷംലിയും മുസഫർനഗറും. കരിമ്പ് കൃഷി ചെയ്യുന്ന ഈ സാധാരണ ഗ്രാമങ്ങളെ ദേശീയ ശ്രദ്ധയിലേക്ക്  എത്തിക്കുന്നത് പലപ്പോഴും അവിടെ നടക്കുന്ന ആക്രമണങ്ങളാണ്. 2013-ൽ രണ്ട് ജില്ലകളിലെയും മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിലുണ്ടായ ആക്രമണങ്ങൾ 50 പേരെ കൊലചെയ്യുകയും, 50000 പേരെ ഭവനരഹിതരാക്കുകയും ചെയ്തു. അന്ന് ഉത്തർപ്രദേശ് ഭരിച്ചിരുന്ന ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് സർക്കാർ വീണ്ടും ഒരു കലാപം പേടിച് ഉടനെ തന്നെ നടപടി സ്വീകരിച്ചു. ജില്ലാ അധികാരികൾ പ്രേമിയെ അറസ്റ്റുചെയ്യുകയും പൊതു സമാധാനത്തിന് ഭീഷണിയായ ആളുകളെ കരുതൽ തടങ്കലിലിടാൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമം നടപ്പാക്കുകയും ചെയ്തു. കലാപം, മനപൂർവ്വം ഉപദ്രവിക്കൽ, സമാധാനം ലംഘിക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ പ്രേമിക്കെതിരെ ചുമത്തുകയും,  ആദ്യം തന്നെ അറസ്റ്റ് ചെയ്യപ്പെട്ട റിയാസിനെതിരെ കന്നുകാലി കള്ളക്കടത്ത്, മൃഗ ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. മാസങ്ങളോളം പ്രേമി ജയിലിൽ ചിലവഴിച്ചു.

ബജ്റംഗ്ദളിന്റെ തെരുവ് പോരാളികളും ഭരണകക്ഷിയായ ബിജെപിയും ഒരേ മാതൃസംഘടനയാണ് പങ്കിടുന്നത്. വലതുപക്ഷ അർദ്ധസൈനിക സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘമാണ് (ആർ‌.എസ്‌.എസ്) ബജ്‌റംഗ്ദൾ എന്ന സായുധസംഘവും ബി.ജെ.പി എന്ന രാഷ്ട്രീയ മുന്നണിയും വളർത്തിയത്. അങ്ങനെയിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള  റേഡിയോഗ്രാം സന്ദേശത്തോടെ മോദിയുടെ കേന്ദ്രസർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്. പ്രേമിയെ തടങ്കലിൽവയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആഭ്യന്തര മന്ത്രാലയം സന്തോഷപൂർവ്വം റദ്ദാക്കുന്നുവെന്നും, കൂടാതെ യുവ നേതാവിനെ “മറ്റേതെങ്കിലും കേസുകളിൽ ജയിലിൽ അടയ്ക്കേണ്ട ആവശ്യമില്ലെങ്കിൽ ജയിലിൽ നിന്ന് ഉടൻ തന്നെ മോചിപ്പിക്കാം” എന്നും റേഡിയോഗ്രാം പ്രഖ്യാപിച്ചു. അങ്ങനെ 2016 ജനുവരി 15-ന് വൈകുന്നേരം, മുസഫർനഗറിലെ ജയിലിനു  പുറത്ത് തന്റെ റിലീസ് ആഘോഷിക്കാനും പൂമാലകൾ ഏകി സ്വീകരിക്കാനും തിങ്ങിനിൽക്കുന്ന മറ്റൊരു ആൾക്കൂട്ടത്തിനു നടുവിൽ ഒരിക്കൽകൂടി പ്രേമി തിളങ്ങി നിന്നു. ബിജെപിയിൽ നിന്നുള്ള തീവ്ര വലതുപക്ഷ ഉദ്യോഗസ്ഥനും മറ്റ് തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന വിശിഷ്ട സംഘമായിരുന്നു പ്രേമിയെ വരവേറ്റത്. ചുളിഞ്ഞ വെള്ള കുപ്പായം ധരിച്ച ഒരു യുവാവ് പുറത്തേക്കിറങ്ങി വന്നു. ആറര മാസത്തെ ജയിൽ വാസം ആ ഉരുണ്ട മുഖത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കൊണ്ടുവന്ന് പ്രായം വർധിപ്പിച്ച പോലെ തോന്നി. സന്തോഷം അടക്കാനാകാതെ പിൻഗാമികൾ അടുത്തേക്ക് ഓടിയെത്തി പ്രേമിയുടെ തോളുകളിൽ ഒരു കാവി തുണി ചുറ്റി. ഒരാൾ നെറ്റിയിൽ തിലകം ചാർത്തിക്കൊടുത്തു. “നോക്കണം, നോക്കണം, ആരാണ് വന്നിരിക്കുന്നതെന്ന് നോക്കണം! ഹിന്ദുക്കളുടെ സിംഹം വന്നിരിക്കുന്നു!” പ്രേമിയെ തോളുകളിൽ ഉയർത്തി പിടിച്ച് പുഷ്പഹാരത്തോടെ ദൂരെ ഇരുട്ടിലേക്ക്  അപ്രത്യക്ഷമാവുമ്പോൾ ആ സംഘം പാടിക്കൊണ്ടിരുന്നു. അന്ന് രാത്രി പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തിയ പ്രേമി മെസ്സേജുകളൊക്കെ ചെക്ക് ചെയ്യാൻ ഫോൺ എടുത്ത് സിം ഇൻസേർട്ട് ചെയ്ത് ഓൺ ആക്കി. സ്ക്രീൻ കത്തിയപ്പോൾ അയാൾ ഫേസ്ബുക്കിലേക്ക് ലോഗിൻ ചെയ്തു. സ്ക്രീനിലെ  ആക്ഷനെക്കാൾ തെരുവിലെ ആക്ഷൻ ഇഷ്ടപ്പെട്ടിരുന്ന പ്രേമി ഇടക്കിടക്ക് കസിൻസിന് മെസ്സേജ് ചെയ്യാൻ അല്ലാതെ സാമൂഹ്യ മാധ്യമങ്ങൾ അധികം ഉപയോഗിച്ചിരുന്നില്ല. പക്ഷെ അന്ന് ഫേസ്ബുക് തുറക്കേണ്ട താമസം ആയിരക്കണക്കിന് മെസ്സേജുകളും നോട്ടിഫിക്കേഷനുകളും റിക്വസ്റ്റുകളും  മിന്നികത്താൻ തുടങ്ങി. എന്തെങ്കിലും വായിക്കാൻ പറ്റുന്നതിനു മുമ്പ് ഫോൺ ഫ്രീസ് ആയി ഓഫ്‌ ആക്കേണ്ടിവന്നു. പിന്നീട് ട്വിറ്ററിലും വാട്സപ്പിലും ഒക്കെ അതേപോലെ ഒരായിരം മെസ്സേജുകളും നോട്ടിഫിക്കേഷനുകളും ഉണ്ടെന്ന് കണ്ട പ്രേമി എല്ലാം സ്ക്രോൾ ചെയ്ത് വായിച്ച് തന്റെ അപ്രതീക്ഷിത പ്രശസ്തിയുടെ വ്യാപ്തി ഉൾക്കൊള്ളാൻ കുറച്ചു ദിവസങ്ങൾ തന്നെ എടുത്തു. താൻ റിയാസിനെ തല്ലുന്നത് ദേശീയ വാർത്തകളിൽ പ്രചരിച്ചിരുന്നു, എന്നാൽ സോഷ്യൽ മീഡിയയിൽ അധികവും തനിക്ക് സപ്പോർട്ട് ആണ് ലഭിച്ചത്. തന്നെ മോചിപ്പിക്കാനുള്ള മോദി ഗവണ്മെന്റിന്റെ തീരുമാനം അയാളെ വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടെത്തിച്ചു.

ആ ഒരൊറ്റ സംഭവത്തിന്റെ ഫലമായി താൻ ഉത്തർപ്രദേശിലെ മധ്യവർഗ്ഗ ഹിന്ദുക്കൾക്കിടയിൽ പ്രശസ്തനായി. മിക്കവരും തന്നെ പോലെ തന്നെ മുസ്‌ലിംകൾ ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രം ആക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഹിന്ദുക്കളെല്ലാം അപകടത്തിലാണെന്നും വിശ്വസിക്കുന്നവരായിരുന്നു. പ്രേമിയുടെ പുതിയ ഫാൻസ്‌ ഇനിയും പ്രേമിയിൽ നിന്നും പലതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ‘അപ്പോഴാണ് ഞാൻ സോഷ്യൽമീഡിയയുടെ സ്വാധീനം തിരിച്ചറിഞ്ഞത്’ പ്രേമി പിന്നീട് പറഞ്ഞു. ആദ്യമൊക്കെ സോഷ്യൽ മീഡിയയോട് വലിയ താല്പര്യം കാണിക്കാത്ത പ്രേമി ആ അവസരത്തെ ഉപയോഗിക്കപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ജയിൽ മോചിതനായി കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു: “ഞാൻ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇനി ഏതമ്മയുടെ മോനാണ് ഗോഹത്യ നടത്താൻ ധൈര്യം എന്നെനിക്ക് കാണണം.” ഒരു വർഷത്തിനകം പ്രേമി ബജ്‌റംഗ്ദളിന്റെ സംസ്ഥാന നേതൃസ്ഥാനത്തിൽ എത്തി.

ഇന്ത്യയിലെ ഏറ്റവു വലിയ രണ്ടാമത്തെ ഇംഗ്ലീഷ് പത്രമായ ദി ഹിന്ദു  എന്ന പത്രത്തിൽ സ്റ്റാഫ്‌ റൈറ്റർ ആയി 2012 മുതൽ 2018 വരെ ആറു  വർഷങ്ങളാണ് ഞാൻ ചിലവഴിച്ചത്. ജീവിതത്തിന്റെ പകുതിയിലേറെ ഭാഗവും ജീവിച്ച ഡൽഹിയിൽ നിന്നായിരുന്നു ആദ്യം ഞാൻ വർക്ക്‌ ചെയ്തിരുന്നത്. എന്നാൽ 2014 മെയ്‌ മാസത്തിൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം തലസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറം എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ ഞാൻ പശ്ചിമ ഉത്തർപ്രദേശിലേക്ക് ട്രാൻസ്ഫർ എടുത്ത് മാറി.

Image courtesy: WIRED

കുറച്ചുകാലമായി പോളിങ്ങുകളെല്ലാം വോട്ടെടുപ്പിൽ മോദിയുടെ വിജയ സാധ്യത ചൂണ്ടിക്കാണിച്ചെങ്കിലും പല ഇന്ത്യക്കാർക്കും, പ്രത്യേകിച്ച്  ലിബറൽ ആംഗ്ലോഫോൺ പ്രെസ്സിൽ പെട്ടവർക്ക്, അദ്ദേഹത്തിന്റെ വിജയം ഞെട്ടലുളവാക്കുന്നതായിരുന്നു. സ്വാതന്ത്ര്യലബ്ധി മുതൽ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസ് പാർട്ടിയെ ഒന്നുമല്ലാതാക്കുന്നത്ര ഭൂരിപക്ഷത്തോടെയാണ് മോദിയുടെ സഖ്യം വിജയിച്ചത് എന്ന അപ്രിതീക്ഷിത വഴിത്തിരിവായിരുന്നു ഒരു വശത്ത്. അതിലുപരി, ആ വിജയത്തിന് പിന്നിലെ ധ്വനിയായിരുന്നു ഉൾക്കൊള്ളാൻ ഏറ്റവും കടുപ്പം. തീവ്രവലതുപക്ഷ ഹിന്ദു ദേശീയവാദി എന്ന തരത്തിലുള്ള മോദിയുടെ ചരിത്രമാണ് അദ്ദേഹത്തിന്റെ പ്രശസ്തിയെ വർഷങ്ങളായി നിർണ്ണയിച്ചിരുന്നത്. ആർ.എസ്.എസിന്റെ യുവസേനയിലെ കാക്കി യൂണിഫോം ധരിച്ചു നടന്ന കുട്ടിക്കാലം മുതൽ അർദ്ധസൈനിക സംഘാടകനായിരുന്ന വർഷങ്ങളും  പിന്നീട് വർഗ്ഗീയ വിദ്വേഷത്തിലേക്ക് ബി.ജെ.പിയെ നയിക്കാൻ എടുത്ത പ്രയത്നങ്ങളുമെല്ലാം വളരെ വ്യക്തമായി അദ്ദേഹത്തിന്റെ താല്പര്യങ്ങളെ പ്രകടമാക്കി. 2002-ൽ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ഹിന്ദു ആയുധധാരികൾ മൂന്ന് ദിവസത്തെ വേട്ടക്കൊടുവിൽ 790 മുസ്‌ലിംകളെ കൊന്നുതള്ളിയതും, പിന്നീട് മാസങ്ങളോളം നീണ്ടു നിന്ന സംഘർഷങ്ങളുമാണ് മോദി ഭരണത്തിന്റെ ആകെത്തുക. ആ ദിവസങ്ങളിലെ ചോരക്കളിയിൽ 250 ഓളം ഹിന്ദുക്കളും കൊല്ലപ്പെട്ടു.

എന്നിട്ടുപോലും, ഗുജറാത്തിൽ ഈ അടുത്ത കാലത്ത് 21ാം നൂറ്റാണ്ടിലെ  ഇൻഫ്രാസ്ട്രക്ചറിനെയും സോഷ്യൽ മീഡിയയെയും അവബോധപൂർവ്വം മനസിലാക്കുന്ന വ്യവസായാനുകൂലിയായ ഒരു ടെക്നോ-ഉട്ടോപ്യൻ നേതാവായി സ്വയം മുദ്രകുത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യൻ, അന്തർദേശീയ സവർണ്ണ വിഭാഗങ്ങളിൽ വളരെ വലിയൊരു വിഭാഗം ഈ പ്രോപഗണ്ട ചിത്രത്തിന്റെ തിളക്കത്തിൽ മയങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ വിജയം തെളിയിച്ചത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ മോദിയുടെ യഥാർത്ഥ ബ്രാൻഡിനായി ആവേശത്തോടെ വോട്ട് ചെയ്തു എന്നതാണ്: അദ്ദേഹത്തിന്റെ പാർട്ടി താഴ്ന്ന ഉദ്യോഗസ്ഥരിലൂടെയും ഒളിഞ്ഞും മറഞ്ഞും വിശാലമായ വാട്ട്‌സാപ്പ് ലിസ്റ്റുകളിലൂടെയും പ്രചരിപ്പിച്ച തീവ്രമായ ഇസ്‌ലാമോഫോബിക്, സ്വേച്ഛാധിപത്യ റെറ്ററിക്കുകൾ ആയിരുന്നു അത്. ഡൽഹിയിൽ നേരിട്ട് കണ്ടുകിട്ടാൻ പാടായിരുന്നെങ്കിലും, അധികം ദൂരെ പോകാതെ തന്നെ എനിക്ക് ഈ മനോഭാവം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭൂരിഭാഗത്തിൽ പെടുന്നവരെ കാണാൻ സാധിച്ചു.

ഏകദേശം 220 ദശലക്ഷം ജനസംഖ്യയുള്ള ഡൽഹിയുടെ അതിർത്തിയിലുള്ള ഉത്തർപ്രദേശാണ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം. വലുപ്പത്തിനപ്പുറം, രാജ്യത്തിന്റെ സംഘർഷാത്മക ജനാധിപത്യത്തിലെ ഒരു സുപ്രധാന മണിനാദമാണ് ഈ സംസ്ഥാനം. ഇന്ത്യയുടെ “ഹിന്ദു ഹൃദയഭൂമിയുടെ” കേന്ദ്രവും 43 ദശലക്ഷം മുസ്‌ലിംകളുടെ ആവാസ സ്ഥലവുമാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തിൽ വിഭാഗീയ ചിന്താഗതിയുടെയും അക്രമത്തിന്റെയും കുറച്ചധികം സജീവമായ ഒരു കേന്ദ്രമായിരുന്നു ഞാൻ എത്തിപ്പെടാൻ ഉദ്ദേശിച്ച വടക്കുപടിഞ്ഞാറൻ മൂല. ഉദാഹരണത്തിന്, മോദിയുടെ തിരഞ്ഞെടുപ്പിന്റെ സമയത്ത്, ഈ പ്രദേശത്തു നിന്നുള്ള ഒരു കഥ ഹിന്ദി മാധ്യമങ്ങളിൽ ഒരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. മീററ്റ് പട്ടണത്തിൽ, ഒരു കൂട്ടം മുസ്‌ലിം പുരുഷന്മാർ ഒരു ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി, അവളെ ഒരു മദ്രസയിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത് ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു എന്നതായിരുന്നു അത്. ലൈംഗികതയിലൂടെയും ഡേറ്റിംഗിലൂടെയും ഇന്ത്യയെ ഇസ്‌ലാമികവൽക്കരിക്കാനുള്ള  മുസ്‌ലിംകളുടെ ഗൂഡാലോചനയായ “ലവ് ജിഹാദിന്റെ” ഭാഗമായിരുന്നു ഈ ഹീനപ്രവർത്തി എന്നായിരുന്നു പ്രചാരണം. കഥയുടെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ ഏറ്റവും തീവ്ര നിയമനിർമ്മാതാക്കളിലൊരാളായ യോഗി ആദിത്യനാഥ് എന്ന ഹിന്ദു പുരോഹിതൻ തന്റെ സന്ദേശങ്ങളെയെല്ലാം “ലവ് ജിഹാദ്”എന്ന ഭീഷണിക്ക് ചുറ്റും കേന്ദ്രീകരിച്ചു.

ലക്ഷ്യസ്ഥാനമായ മീററ്റിൽ എത്തിയപ്പോൾ ഞാൻ ആ യുവതിയെ അന്വേഷിച്ചു. അവരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് കൂട്ടമാനഭംഗത്തെക്കുറിച്ച് പോലീസിന് നൽകിയ റിപ്പോർട്ട് അവർ പിൻവലിച്ചതായി അറിഞ്ഞത്. സത്യത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിൽ ആണ് കള്ള കേസ് ഫയൽ ചെയ്യേണ്ടി വന്നതെന്നും അവർ പറഞ്ഞു. മദ്രസയിൽ അധ്യാപിക ആയിരിക്കെ ഒരു മുസ്‌ലിം യുവാവുമായി പ്രണയത്തിലായെന്നും മതം മാറാൻ ഒരിക്കലും അയാൾ നിർബന്ധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഞാൻ അവിടെ ഉള്ളപ്പോൾ തന്നെ അവർ രണ്ടുപേരും വിവാഹിതരാവുകയും ഞാൻ ആ കല്യാണത്തിന് പോവുകയും ചെയ്തു. എന്നാൽ ഈ സംഭവവികാസം റിപ്പോർട്ട്‌ ചെയ്യാൻ ഒരു ഹിന്ദി പത്രവും താല്പര്യം കാണിച്ചില്ല. മുസ്‌ലിംകൾക്കെതിരെ കെട്ടുകഥകളും ആരോപണങ്ങളും കൂട്ടിച്ചേർത്ത വിവരണങ്ങൾ അച്ചടിക്കുന്ന തിരക്കിലായിരുന്നു മാധ്യമങ്ങൾ. റിയാസിനെതിരെയുള്ള പ്രേമിയുടെ ആക്രമം ആസൂത്രിത ആക്രമണ പരമ്പരയുടെ ഒരു നാന്ദി മാത്രമായിരുന്നു.

അതേസമയം, ആഗോളതലത്തിൽ മോദി വർധിച്ചുകൊണ്ടിരിക്കുന്ന ഭീകരവൈരുധ്യങ്ങൾക്കു മീതെ പൊന്തിക്കളിച്ചുകൊണ്ടിരുന്നു. എല്ലാ ഇന്ത്യക്കാർക്കും അതിവേഗ ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എത്തിക്കാനുള്ള പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി 2015 സെപ്റ്റംബർ അവസാനത്തിൽ സിലിക്കൺവാലി സി.ഇ.ഓമാരുമായി യോഗങ്ങൾ ആരംഭിച്ചു. എന്നാൽ പ്രധാനമന്ത്രി യു.എസിൽ ചെന്നിറങ്ങി അധികം വൈകാതെ, മോദി ഗവണ്മെന്റ് മുസ്‌ലിം ഭൂരിപക്ഷ ജനസംഖ്യയുള്ള ജമ്മുകാശ്മീരിലുടനീളം മൂന്ന് ദിവസത്തേക്ക് ഇന്റർനെറ്റ്‌ സർവീസ് അടച്ചു പൂട്ടി(ഒരുപക്ഷേ ഇനി വരാനിരിക്കുന്ന ഷട്ഡൗണുകളുടെ ഒരു പ്രാഥമിക പരീക്ഷണം). പിന്നീട്, സെപ്റ്റംബർ 27-ന് പാലോ ആൾട്ടോയിൽ മോദിയുമായുള്ള ഒരു ഓപ്പൺ എയർ ടൗൺ ഹാൾ യോഗത്തിൽ മാർക്ക് സുക്കർബർഗ് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തെ  പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നേതാവ് എന്ന നിലയിൽ എല്ലാ ലോക നേതാക്കൾക്കും അവരുടെ പൗരന്മാരുമായി എങ്ങനെ ബന്ധപ്പെടണം എന്നതിന് മാതൃകയാകുക എന്നത് ഉചിതമാണ്” സുക്കർബെർഗ് പറഞ്ഞു. വിനാശകരമായ വ്യാജവാർത്തകളുടെ പ്രചാരണത്തിന് സോഷ്യൽ മീഡിയ ഉപയോഗിച്ച ബി.ജെ.പിയുടെ പ്രതിനിധിയായ മോദി തന്റെ  മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.

മുഹമ്മദ്‌ അഖ്‌ലാഖ്

മോദി ഇന്ത്യയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ആൾക്കൂട്ടക്കൊല അടുത്ത ദിവസം തന്നെ സംഭവിക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ് ഗ്രാമമായ ബിഷാഹ്റയിൽ രാത്രി സമയത്ത്, കാളക്കുട്ടിയെ മോഷ്ടിച്ച് കശാപ്പ് ചെയ്തുവെന്ന അയൽവാസിയുടെ ആരോപണത്തെ തുടർന്ന്, ഒരു ചെറിയ ജനക്കൂട്ടം 52 വയസ്സുള്ള ഇരുമ്പുപണിക്കാരനായ മുഹമ്മദ്‌ അഖ്‌ലാഖിന്റെ വീട്ടിൽ എത്തി അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങി. അതിനിടെ ആരോ ക്ഷേത്രത്തിലെ അനൗൺസ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ഗ്രാമയോരദേശങ്ങളിൽ നിന്നും ആളുകളെ വരുത്തി. പോലീസ് എത്തിയപ്പോഴേക്കും ആൾക്കൂട്ടം അടിച്ചും കത്തി കൊണ്ട് കുത്തിയും ഇഷ്ടികകൊണ്ട് തല്ലിചതച്ചും അഖ്‌ലാഖിനെ കൊന്നിരുന്നു. അദ്ദേഹത്തിന്റെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ബിഷാഹ്റയിലെത്തിയ എന്നോട് സംസാരിച്ച  ഗ്രാമവാസികൾ പലരും പശുവിനെ കൊന്നവന്റെ മരണം വലിയൊരു പ്രശ്നമാവുന്നതിൽ അത്ഭുതമാണ് പ്രകടിപ്പിച്ചത്.

അഖ്‌ലാഖിന്റെ മരണമുൾപ്പെടെ അടുത്ത മൂന്ന് വർഷങ്ങളിൽ എട്ട് ആൾക്കൂട്ട കൊലകളാണ് ഞാൻ കവർ ചെയ്തത്. പതിയെ, പതിയെ,   ഒരു പകർച്ചവ്യാധി പോലെ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹിന്ദു-മുസ്‌ലിം ആക്രമണ കേസുകൾ ട്രാക്ക് ചെയ്യുന്നതായി എന്റെ ജോലി. ഇന്ത്യൻ സംഘടനയായ ഫാക്റ്റ് ചെക്കർ സമാഹരിച്ച വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഡാറ്റാബേസ് അനുസരിച്ച്, 2009-നും 2018-നും ഇടയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള 254 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്; ഇതിൽ 90 ശതമാനവും 2014-ൽ മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് സംഭവിച്ചത്. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ കണക്കനുസരിച്ച്, 2015 മെയ് മുതൽ 2018 ഡിസംബർ വരെ 12 ഇന്ത്യൻ സംസ്ഥാനങ്ങളിലായി “പശുവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ” 44 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ മുപ്പത്തിയാറ് പേർ മുസ്‌ലിംകളായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കയിൽ വേരുകളുള്ള ‘ലിഞ്ചിംഗ്’ എന്ന പദം 2015 മുതൽ ഇന്ത്യൻ ഭാഷയുടെ ഒരു ഭാഗമായി മാറി.

പ്രഹരങ്ങൾ നേരിട്ട് നടത്തിയോ, അല്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏകോപിച്ചോ, അതും അല്ലെങ്കിൽ ഉദാഹരണത്തിലൂടെയും പ്രചാരണത്തിലൂടെയും പ്രചോദിപ്പിച്ചോ ബജ്‌റംഗ്ദൾ ഈ അക്രമണങ്ങളിലൊക്കെ വലിയൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. റിയാസിനെതിരെയുള്ള പ്രേമിയുടെ ആക്രമണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ആഘോഷിച്ചതിൽ പിന്നെ, ബജ്‌റംഗ്ദളിലെ പല തീവ്രവാദികളും പ്രേമിയെ അനുകരിച്ച് മുസ്‌ലിംകളെ ആക്രമിക്കുകയും അത് ഫിലിം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രേമിയുടെ ജയിൽ മോചനം മറ്റൊരു വിധത്തിൽ ഹിന്ദുത്വയുടെ സേവകരുടെ അക്രമങ്ങൾക്ക് ശിക്ഷയില്ല എന്ന വിശ്വാസം ശക്തമാക്കുന്നതിലൂടെ ഹിന്ദു വിജിലന്റിസത്തിന്റെ അരക്കിട്ടുറപ്പിക്കാൻ സഹായിച്ചു. 2015-നും 2018-നും ഇടയിൽ ബജ്റംഗ്ദൾ പോലുള്ള “പശുസംരക്ഷണ” ഗ്രൂപ്പുകൾ നടത്തിയ 14 ജാഗ്രതാ കൊലപാതകങ്ങളുടെ വിശകലനത്തിൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തിയത് പോലീസ് “തുടക്കത്തിൽ അന്വേഷണങ്ങൾ സ്തംഭിപ്പിച്ചു, നടപടിക്രമങ്ങൾ അവഗണിച്ചു, അല്ലെങ്കിൽ കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളുടെ മറച്ചുവെക്കലിലും ഒരു പങ്കു വഹിച്ചു” എന്നാണ്.

രാജസ്ഥാനിൽ ബജ്‌റംഗ്ൾ വിജിലന്റുകൾ പെഹ്‌ലു ഖാൻ എന്ന ക്ഷീര കർഷകനെ ആക്രമിച്ചു കൊന്നത് അറിഞ്ഞതോടെ ഞാൻ അങ്ങോട്ട് പുറപ്പെട്ടു. പെഹ്‌ലു ഖാൻ മരിക്കുന്നതിന് മുമ്പ് കൊലയാളികളുടെ പേര് പറയുന്നതുൾപ്പെടെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളും, പ്രതികളിൽ ഒരാളുടെ കുറ്റസമ്മതവും ഉണ്ടായിട്ടും പ്രതികളെ വെറുതെ വിടുകയാണ് ഉണ്ടായത്(സാങ്കേതിക പ്രശ്നം ഉന്നയിച്ച് കോടതി വീഡിയോ തള്ളിക്കളഞ്ഞു).

Image courtesy: WIRED

ഹിന്ദുത്വ വിജിലന്റുകൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തിന്റെ മറുവശത്ത് കുറ്റകൃത്യങ്ങൾ വെളിച്ചത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരുടെ അടിച്ചമർത്തലും ഉണ്ടായിരുന്നു. 2017 സെപ്റ്റംബർ തുടക്കത്തിൽ, ഹിന്ദു ദേശീയവാദികളെക്കുറിച്ച് വർഷങ്ങളായി വിമർശനാത്മകമായി റിപ്പോർട്ട് ചെയ്തിരുന്ന ഗൗരി ലങ്കേഷ് എന്ന പത്രപ്രവർത്തക അവരുടെ വീടിന് പുറത്ത് വെച്ച് വെടിയേറ്റ് മരിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കിടെ, ഞാനടങ്ങുന്ന ഒരു കൂട്ടം മാധ്യമ പ്രവർത്തകർക്ക് വധഭീഷണികൾ ലഭിച്ചു. അങ്ങനെയാണ് ഇന്ത്യയിലെ റിപ്പോർട്ടിങ്ങിൽ നിന്ന് ഒരു ഇടവേള എടുത്ത് ഞാൻ അമേരിക്കയിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്. പക്ഷെ ന്യൂയോർക്കിൽ താമസമാക്കിയതിനു ശേഷവും ഞാൻ പ്രേമിയെ കുറിച് ആലോചിച്ചുകൊണ്ടിരുന്നു. ഉത്തർപ്രദേശിലായിരുന്ന സമയത്ത് ഒന്ന് രണ്ട് തവണ അയാളെ ഞാൻ ഫോൺ വഴി ഇന്റർവ്യൂ ചെയ്തിരുന്നു. ബജ്‌റംഗ്ദളിലെ അദ്ദേഹത്തിന്റെ മുന്നേറ്റത്തെ പറ്റിയും ഞാൻ അറിഞ്ഞിരുന്നു. 2017-ൽ അദ്ദേഹം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സംഘത്തിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ തലവനായി. ഷംലിയിലെ തെരുവുകളിൽ പെട്രോൾ ചെയ്ത് ഭീതി പരത്തുകയും ഇന്റർനെറ്റ്‌ വഴി സർവെയ്‌ലൻസ് നടത്തി ഇസ്‌ലാമോഫോബിയ പരത്തുകയും ചെയ്ത അദ്ദേഹത്തിന്റെ യൂണിറ്റ് തിളങ്ങിനിന്നു. ബജ്‌റംഗ്ദളിലെ പുരോഗതിയുടെ കൃത്യമായ റെജിമെൻറ് ഷെഡ്യൂൾ അനുസരിച്ച് സംസ്ഥാന തലവനോ ഡെപ്യൂട്ടി ഹെഡോ ആകാനുള്ള വഴിയിലായിരുന്നു പ്രേമിയുടെ സഞ്ചാരം. ഹിന്ദു മധ്യവർഗ്ഗത്തിന്റെ പ്രശംസയും, സോഷ്യൽ മീഡിയയുടെ വിശാലമായ വ്യാപ്തിയും, ബി.ജെ.പിയുടെ വ്യാപ്തിയും, എല്ലാം അയാൾക്ക് പിന്നിൽ തന്നെ ആയിരുന്നു. ബജ്‌റംഗ്ദളിന്റെ പ്രവർത്തനവും പ്രേമിയുടെ വളർച്ചയും മനസ്സിലാക്കണം എന്നായിരുന്നു എനിക്ക്. എന്നാൽ ഒരു ഫേസ് ടു ഫേസ് ഇന്റർവ്യൂ അഭ്യർത്ഥിക്കാൻ തീരുമാനിച്ചപ്പോൾ, ഞാൻ മുസ്‌ലിം ആയതിനാൽ അയാൾ എങ്ങനെ പ്രതികരിക്കും എന്നെനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ, അയാൾ ഇന്റർവ്യൂവിനു സമ്മതിച്ചു. അങ്ങനെ  2019 ജനുവരിയിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങി വന്നു. ഷംലിയിൽ ഒരു തെരുവിൽ വെച്ചാണ് ഞാൻ പ്രേമിയെ കണ്ടുമുട്ടിയത്. ‘നിങ്ങൾക്കെങ്ങനെയുണ്ട്? ‘ എന്നായിരുന്നു എന്റെ ആദ്യത്തെ ചോദ്യം.

(തുടരും)

(ലേഖകൻ ഇന്ത്യയിലെ വയലൻസുകളെയും രാഷ്ട്രീയത്തെയും പറ്റി പഠിക്കുകയും എഴുതുകയും ചെയ്യുന്നു. പ്രസ്തുത വിഷയത്തിൽ ഒരു പുസ്തകം എഴുതുന്നുണ്ട് അദ്ദേഹം)

വിവർത്തനം: ഇവാന

മുഹമ്മദ് അലി