Campus Alive

അടിയന്തരാവസ്ഥയും നൈതികരാഷ്ട്രീയത്തിന്റെ അപചയവും (ജോർജിയോ അഗമ്പൻ: ക്ലാരിഫിക്കേഷൻസ്)

(കോവിഡ്-19 പശ്ചാത്തലത്തിൽ ഇറ്റലിയിലെ ഭരണകൂട നടപടികളോടുള്ള അഗമ്പന്റെ അഭിപ്രായത്തോട് പലതരം പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവയോടുള്ള അദ്ദേഹത്തിന്റെ വിശദീകരണം)

ഭയമാണ് ഏറ്റവും മോശം ഉപദേശകൻ, എന്നാൽ ആരും കണ്ടില്ലെന്നു നടിക്കുന്ന പല കാര്യങ്ങളും കൂടുതൽ തെളിമയോടെ പ്രത്യക്ഷപ്പെടുത്താൻ അതിന് സാധിക്കുന്നു. ഇവിടെ രോഗത്തിന്റെ തീവ്രതയെക്കുറിച്ച അഭിപ്രായപ്രകടനങ്ങളല്ല, മറിച്ച് പകർച്ചവ്യാധി സൃഷ്ടിക്കുന്ന നൈതികവും (ethical) രാഷ്ട്രീയപരവുമായ (political) പ്രത്യാഘാതങ്ങളെ കുറിച്ച് പറയുക എന്നതാണ് പ്രാധാന്യമർഹിക്കുന്നത്. ആദ്യത്തെ സംഗതി, രാജ്യത്തെങ്ങും (ഇറ്റലി) പടർന്നുപിടിച്ച ഭീതിയുടെ സാഹചര്യത്തിൽ ആളുകൾ നിശ്ചല ജീവിതത്തിലാണ് (bare life) വിശ്വാസമർപ്പിക്കുന്നത്. ജീവിതത്തിന്റെ സാധാരണ ക്രയവിക്രയങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഉദ്യോഗം, സൗഹൃദങ്ങൾ എന്നുവേണ്ട, മതപരവും രാഷ്ട്രീയപരവുമായ മുഴുവൻ വ്യവഹാരങ്ങളും രോഗം പിടിപെടുമെന്ന ഭയത്താൽ ഇറ്റാലിയൻ ജനത ഉപേക്ഷിച്ച മട്ടാണ്. നിശ്ചല ജീവിതവും, അത് നഷ്ടപ്പെടുമെന്ന ഭയവും ആളുകളെ ഒന്നിപ്പിക്കുന്ന ഘടകങ്ങളല്ല, മറിച്ച് അവരെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളാണ്. മറ്റു മനുഷ്യരുമായി സുരക്ഷിതമായ ഒരു മീറ്റർ അകലം പാലിക്കാൻ നാം നിർബന്ധിതരാണ്. സമാനമായി, അലയാൻന്ദ്രോ മാൻസോനിയുടെ നോവലിൽ പ്ലേഗ് പടരാൻ സാധ്യതയുള്ളവരുമായി അകലം പാലിക്കുന്നതിനെക്കുറിച്ച് പറയുന്നതായി കാണാം. മരണപ്പെട്ട ആളുകൾക്ക് ശരിയായ സംസ്കരണം പോലും അവകാശമാകുന്നില്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുപോലും നമുക്കറിയില്ല. അയൽപക്ക ബന്ധങ്ങൾ പോലും മുറിക്കപ്പെടുന്നു. അപ്പോഴും എന്തുകൊണ്ടാണ് ചർച്ചുകൾ മൗനവലംബിക്കുന്നത് എന്നതാണ് ആശ്ചര്യകരം!. ഇനിയുമെത്രനാൾ എന്നറിയാതെ മാനുഷിക ബന്ധങ്ങൾ ഇപ്രകാരം തുടർന്നുപോകുന്ന അവസ്ഥയെക്കുറിച്ച് നിങ്ങളെന്താണ് വിചാരിക്കുന്നത്? അതിജീവിക്കുക എന്നതല്ലാതെ മറ്റൊരു മൂല്യവുമില്ലാത്ത ഒരു സമൂഹത്തെ കുറിച്ചും?

ആദ്യത്തേതിന് സമാനമായി ഉൽക്കണ്ഠയുളവാക്കുന്ന മറ്റൊരു കാര്യം, പകർച്ചവ്യാധി മൂലം പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ (state of exception) ആളുകൾക്ക് ശീലമായ മട്ടാണ്. തന്മൂലം അതൊരു സാധാരണ നടപടിക്രമമായി മനസ്സിലാക്കപ്പെടുന്നു. ഇപ്പോളുള്ളതിനെക്കാൾ ഗുരുതരമായ പകർച്ചവ്യാധികൾ മുൻപ് ഉണ്ടായിട്ടുണ്ട്. പക്ഷേ ആളുകളുടെ സാധാരണ ചലനങ്ങളെപ്പോലും വിലക്കുന്ന തരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണമായി അവ മനസ്സിലാക്കപ്പെട്ടിരുന്നില്ല. നിരന്തരമായ പ്രതിസന്ധികളുടെയും അടിയന്തര സാഹചര്യങ്ങളുടെയും നടുവിൽ ജീവിക്കുന്ന മനുഷ്യർ, തങ്ങളുടെ ജീവിതം രാഷ്ട്രീയപരവും സാമൂഹികവും മാനവികവുമായ മാനങ്ങളുള്ള, എന്നാൽ കേവലമായ ഒരു ജൈവിക അവസ്ഥയിലേക്ക് (biological condition) ചുരുക്കപ്പെടുക്കായാണെന്ന വസ്തുത ശ്രദ്ധിച്ചുകാണില്ല. നിരന്തരമായി അടിയന്തരാവസ്ഥയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ സ്വതന്ത്ര സമൂഹം എന്ന് വിളിക്കുക സാധ്യമല്ല. നിലവിൽ നാം ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹം ‘സുരക്ഷാ കാരണങ്ങൾ’ എന്ന പേരിൽ തങ്ങളുടെ മൗലികമായ സ്വാതന്ത്ര്യം പോലും സ്റ്റേറ്റിന് അടിയറവെച്ചുകൊണ്ട് ഭീതിയിലും അസ്ഥിരതയിലും കഴിഞ്ഞുകൂടുന്നവരാണ്.

വൈറസ് ബാധയോട് ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, നിരന്തരമായ അടിയന്തരാവസ്ഥകൾ, കർഫ്യൂ കാലത്തെ (യുദ്ധസമാനമായ) ജീവിതം എപ്രകാരമാണോ, അപ്രകാരം ജീവിക്കാൻ നമ്മളെ നിർബന്ധിച്ചുകൊണ്ടിരിക്കുകയയാണ്. ഓരോ വ്യക്തിക്കുള്ളിലും പതിയിരിക്കുന്ന അവ്യക്തമായ ശത്രുവിനോടുള്ള യുദ്ധമാണ് ഏറ്റവും അസംബന്ധമായിട്ടുള്ളത്. ഇത് യഥാർത്ഥത്തിൽ ഒരു ആഭ്യന്തര യുദ്ധമാകുന്നു. എന്നാൽ ശത്രു നമ്മുക്ക് പുറത്തല്ല, ഉള്ളിൽ തന്നെയാണുള്ളത്!

ഇപ്പോഴുള്ള സാഹചര്യങ്ങൾ മാത്രമല്ല, തുടർന്ന് വരാനിരിക്കുന്ന കാര്യങ്ങളും നമ്മെ വിഷമിപ്പിക്കുന്നതാണ്. സാധാരണയായി, യുദ്ധാനന്തരം അത് സമാധാനത്തിനുള്ള മാർഗങ്ങളായി മുള്ളുവേലികൾ മുതൽ ആണവായുധ നിർമാണ കേന്ദ്രങ്ങൾ വരെയുള്ള അനേകം ടെക്നോളജികളെ അവശേഷിപ്പിക്കാറുണ്ട്. അപ്രകാരം, മെഡിക്കൽ അടിയന്തരാവസ്ഥ അവസാനിച്ചു കഴിഞ്ഞാലും, യൂണിവേഴ്‌സിറ്റികളും കോളജുകളും അടച്ചുകൊണ്ട് ഓൺലൈനിലേക്ക് അക്കാദമിക രംഗത്തെ ചുരുക്കുന്നതും, ‘രാഷ്ട്രീയം പറച്ചിലും’ മറ്റു പൊതു-സാംസ്കാരിക കൂട്ടായ്മകളും പിരിച്ചുവിടുന്നതും ഗവണ്മെന്റ് നിലനിർത്തും. കേവലം ഡിജിറ്റൽ മെസേജുകളിലേക്ക് അവയെ ചുരുക്കിക്കളയും. ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ പോലും അപ്രകാരം മെഷീനുകളിലേക്ക് ചുരുങ്ങും.

വിവർത്തനം: അഫ്സൽ ഹുസൈൻ

ജോർജിയോ അഗമ്പൻ

ജോർജിയോ അഗമ്പൻ അറിയപ്പെടുന്ന ഇറ്റാലിയൻ ഫിലോസഫറും രാഷ്ട്രീയ സൈദ്ധാന്തികനുമാണ്.