Campus Alive

കോവിഡ് നൽകുന്ന പാഠങ്ങൾ

(Covid-19 ന്റെ സാഹചര്യത്തിലെ സംവാദത്തിൽ പ്രമുഖ ഇറ്റാലിയൻ ഫിലോസഫർ റോക്കോ റോഞ്ചി പ്രതികരിക്കുന്നു)

അനിയന്ത്രിതമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വൈറസ്, ഉത്തരാധുനിക കാലത്തെ മനുഷ്യാവസ്ഥകളെ പ്രതീകവൽക്കരിക്കുന്ന രൂപകമായി മാറിയിട്ടുണ്ട്. നാൽപതു വർഷം മുൻപ് എയ്ഡ്സ് രോഗത്തിലൂടെ സംഭവിച്ചതു തന്നെയാണ് ഇപ്പോൾ കോറോണയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ചലനങ്ങൾ, ആഗോളവൽക്കരണത്തിന്റെ ഫലങ്ങൾ, ഇന്റർനെറ്റ് യുഗത്തിലെ വിനിമയങ്ങളും പരിവർത്തനങ്ങളും എന്നുതുടങ്ങി അതിഭൗതികമായ കാര്യങ്ങളിലുള്ള സിദ്ധാന്തങ്ങളുടെ വരെ പരീക്ഷണോപാധിയായി ഈ പകർച്ചവ്യാധി മാറിയിട്ടുണ്ട്. വൈറസ് കാരണമുണ്ടാകുന്ന ഒറ്റപ്പെടൽ, വിശ്വാസരാഹിത്യം, അപരനെക്കുറിച്ച സംശയം എന്നിവയെല്ലാം അതിന് ഒരു ജനായത്ത-പരമാധികാര (populist sovereign) മാനം നൽകുന്നു. വൈറസിനെതിരെ ലോകരാഷ്ട്രങ്ങൾ എടുത്തിട്ടുള്ള  നടപടികൾ, അടിയന്തരാവസ്ഥയെ (state of exception) ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ നടപടി ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ തത്വശാസ്ത്രത്തിൽ നിന്ന് അനന്തരമെടുക്കപ്പെട്ടതാണ്. ഉൽപാദനം, മാനേജ്മെന്റ്, ഭരണനിർവഹണം എന്നീ കാര്യങ്ങളിൽ, ആധുനിക പരമാധികാരം (modern sovereignity),ബയോ-പൊളിറ്റിക്കലാണെന്ന ഫൂക്കോയുടെ സിദ്ധാന്തത്തെ ഉറപ്പിക്കുന്ന നടപടിയാണിത്. വൈറസിന്റെ മൗലികമായ അജ്ഞാതത്വം, ക്യാപിറ്റലിസത്തിന്റെ അധീശത്വത്തെ ഉറപ്പിക്കുന്ന അമൂർത്ത സ്വഭാവം കൈക്കൊള്ളുന്നുണ്ട്. വളരെ വേഗം പടർന്നുപിടിക്കുന്ന വൈറസിന്റെ പ്രത്യേകതയെ മുന്നിൽ വെച്ചുകൊണ്ട്, ആലോചനാശൂന്യവും (prereflexive) വൈറലുമായ (എളുപ്പം പടർന്നുപിടിക്കുന്ന) ഓൺലൈൻ വിനിമയങ്ങളോട് അതിനെ സാദൃശ്യപ്പെടുത്താവുന്നതാണ്. അവസാനമായി, എന്നാൽ കുറവല്ലാത്ത വിധത്തിൽ, വൈറസ് നിത്യ മാനുഷികാവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരുപക്ഷേ നാം നമ്മുടെ അസ്‌ഥിത്വത്തിന്റെ തേട്ടവും ധാർമികതയും മറന്നുപോയിരിക്കാം, നമ്മുടെ നശ്വരതയെയും പരിമിതികളെയും തൊട്ട് വിസ്‌മൃതിയിലായിരിക്കാം. ഇപ്പോൾ ഈ വൈറസ് ഇവിടെയുള്ളത്, അതിന്റെ നിർബന്ധിത ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മെ ധ്യാനനിരതരാക്കാനും നമ്മുടെ വ്യതിചലനങ്ങളെ ശരിപ്പെടുത്താനുമാണ്. ഈ പരിഗണനകളെല്ലാം ന്യായവും കൃത്യമായി സാധൂകരിക്കാവുന്നതുമാണ്. എന്നാൽ, ഇത് അവയുടെ ന്യൂനതയായും ഭവിക്കാറുണ്ട്. മേൽപറഞ്ഞ പരിഗണനകൾ പ്രസക്തമാകുന്നത്, അജ്ഞമായതിനെ- അതിനെക്കുറിച്ച് അറിവു നൽകിക്കൊണ്ട്- കുറച്ചു കൊണ്ടുവരുന്നതിനാലാണ്. തികച്ചും സൈദ്ധാന്തികമായ ഒരു ഭാവനയോടുള്ള പ്രതികരണത്തിന്റെ അബോധജന്യമായ തെളിവായി അവ വൈറസിനെ അവതരിപ്പിക്കുന്നു. വൈറസിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട വിമാശനാത്മക സമീപനങ്ങളിൽ, ഉപരിസൂചിത അറിവുകളെ സാക്ഷ്യപ്പെടുത്താൻ കോവിഡ്-19നെ ഒരു സയൻസ്‌ ഫിക്ഷന്റെ പേരായാണ് അവർ വായിച്ചുകൊണ്ടിരിക്കുന്നത്.

റോക്കോ റോഞ്ചി

വൈറസ് ബാധ ഒരു ഇവന്റിന്റെ (event) സവിശേഷതകൾ പ്രകടമാക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിന് അതിന്റേതായ നന്മകളും ഉണ്ടാകും. ഇവെന്റുകൾ അവ സംഭവിച്ചു എന്നതുകൊണ്ടു മാത്രമല്ല പ്രസക്തമാകുന്നത്. കേവലം ചില സംഭവവികാസങ്ങളുണ്ടായി എന്നതുകൊണ്ടുമല്ല. ഇവെന്റുകൾ വസ്തുതകളല്ല (facts). കേവലമായ ചില വസ്തുതകൾ എന്നതിലുപരി ഇവെന്റുകൾക്ക് ചില നന്മകളുണ്ടാകും(virtues). അവയ്ക്ക് നിശ്ചിത ഗതിവേഗവും ആസ്തികളും വഴികളുമുണ്ടാകും. ചിലത് ബാക്കിയാക്കികൊണ്ടാണ് അവ കടന്നുപോവുക. ഇക്കാരണം കൊണ്ടു തന്നെയാണ് ഇവെന്റുകൾ നിശ്ചിതമായ ആഘാതങ്ങളുണ്ടാക്കുന്നു എന്നു പറയുന്നത്. ആഘാതമില്ലെങ്കിൽ അതൊരു ഇവന്റല്ല. അങ്ങനെയെങ്കിൽ എന്താണ് ഇവെന്റുകൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം? ഇവെന്റുകൾ, അവ സംഭവിക്കുന്നതിനു മുൻപ് അസാധ്യമായിരുന്ന പല പരിവർത്തനങ്ങളും സാധ്യമാക്കുന്നു. യഥാർഥത്തിൽ ‘ശേഷത്തിലേക്കാണ്’ ഇവെന്റുകൾ തുടങ്ങുന്നത്. ചുരുക്കത്തിൽ, ‘ശരിയായ സാധ്യതകൾ’ ഉത്പാദിപ്പിക്കുന്നു എന്നതാണ് ഇവെന്റുകളുടെ പ്രസക്തി. ഇവിടെ ‘സാധ്യതകൾ’ എന്നതുകൊണ്ട് ഉദ്ദേശ്യം ‘നിർവഹണ സാധ്യതയുള്ളത്’ (doable) എന്നാണെന്ന് ഓർമ വേണം. സാധ്യത എന്നാൽ ഒരു കാര്യം ചെയ്യാൻ/സംഭവിപ്പിക്കാൻ/നിർവഹിക്കാൻ സാധിക്കുക എന്നതാണ്. സാധ്യത എന്നത് അമൂർത്തമായ ഒരു സങ്കൽപ്പനമല്ല. ഈ ലോകത്തേക്കാൾ മികച്ച മറ്റൊരു ലോകത്തെക്കുറിച്ച സ്വതന്ത്ര പരിചിന്തനവുമല്ല. പ്രായോഗികമായ തലത്തിൽ നിന്നുകൊണ്ടും അതിഭൗതികമായ(metaphysical) കാര്യങ്ങളിൽ ഏർപ്പെടാതെയും, സാധ്യത എന്നതുകൊണ്ട് ഉദ്ദേശ്യമാകുന്നത് ‘ശേഷി’യെയാണ് (potency). ‘ശേഷി’ എന്നാൽ നിശ്ചിതകാര്യം നിർവഹിക്കാനുള്ള യോഗ്യതയുമാണ്. അതുകൊണ്ടുതന്നെ ഒരു ഇവെന്റിന്റെ നന്മ(virtue) എന്നത് അതിനുമുൻപ് അസാധ്യവും അചിന്തിതവുമായ പദ്ധതികൾ/രീതികൾ അതോടുകൂടി സാധ്യമാകുന്നു എന്നതാണ്. ഒരു ഇവന്റിനെ കുറിച്ചുള്ള ആലോചനകൾ അതുൽപ്പാദിപ്പിക്കുന്ന ഭാവിയിൽ നിന്നു മാത്രമേ തുടങ്ങുക സാധ്യമാകൂ. കാരണം, അത് പരിവർത്തിപ്പിച്ചു കൊണ്ടേയിരിക്കുന്നു. യാഥാർഥ്യങ്ങളെ, അതിന്റെ സാധ്യതകളോടു കൂടി ഇവെന്റുകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ഇവെന്റുകളെ കുറിച്ച് ചിന്തിക്കുമ്പോൾ രൂപപ്പെടേണ്ട സാമാന്യധാരണ എന്തെന്നാൽ, ‘അനിവാര്യമായ നന്മകളെ’ നിർമിച്ചെടുക്കാനുള്ള അവസരമായി അതിനെ മനസ്സിലാക്കുക എന്നതാണ്.

കോവിഡ്-19 ഇവന്റ് കൊണ്ടുവന്നേക്കാവുന്ന ഭാവിയെക്കുറിച്ചുള്ള സൂചനകൾ മനസ്സിലാക്കാൻ സാധിക്കുമാറ് അതിനോടടുത്താണ് നാമുള്ളത്. നമ്മുടെ ഭീതി മനുഷ്യസഹജമാണ്. അതാകട്ടെ നമ്മെ വിശ്വാസയോഗ്യരല്ലാത്ത സാക്ഷികളായി മാറ്റുന്നു. എന്നാൽ അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ സൂചനകൾ വൈറസ് ദൃശ്യപ്പെടുത്തുന്നുണ്ട്. അവിചാരിതമായ ചില യാഥാർഥ്യങ്ങളെ അത് മുന്നോട്ടുവെക്കുന്നു. പ്രഥമപ്രധാനമായി, മതിലുകളുമായി(അതിർത്തി) ബന്ധപ്പെട്ട സങ്കൽപ്പങ്ങളുടെ പെട്ടെന്നുള്ള അദൃശ്യമാകലാണ്. ആഗോളവൽക്കരണം നേരിടുന്ന പ്രതിസന്ധികൾക്കുള്ള മറുമരുന്ന്, അതിർത്തികളുടെയും ശക്തമായ ഐഡന്റിറ്റികളുടെയും പുനർനിർവചനമാണെന്ന ബോധ്യത്തിലേക്ക് ലോകം പൊതുവിൽ ചാഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് വൈറസ് പിടിമുറുക്കുന്നത്. പോപ്പുലിസം പുസ്തകങ്ങളെ വെറുക്കുന്നു. എന്നാൽ സൈദ്ധാന്തികമായി, നരവംശ ചിന്തയിലൂടെ രൂപപ്പെടുന്ന ‘സംസ്കാര’ത്തിന്റെ അപ്രമാദിത്യത്തിൽ അത് വിശ്വാസമർപ്പിക്കുന്നു. ചരിത്രപരവും സമ്പ്രദായികവും കാല്പനികവുമായ സമുദായത്തെയാണ് അത് വിഭാവനം ചെയ്യുന്നത്. വ്യാഖ്യാനപരമായി, ആ സമുദായം പ്രാദേശികമായിരിക്കും. അതിന്റെ ആജന്മശത്രു, സർവലൗകികതയുടെ വരണ്ട പ്രതിനിധാനവുമായിരിക്കും. പോപ്പുലിസത്തിന്റെ കാഴ്ചയിൽ അതിനേക്കാൾ അന്യമായത് പ്രകൃതിയാണ്. പോപ്പുലിസം വിഭാവന ചെയ്യുന്ന സമുദായത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി ചൂഷണം ചെയ്യാനുള്ള ഉപാധിയായി മാത്രമാണ് പ്രകൃതിയെ അത് മനസ്സിലാക്കുന്നത്. ഇതു പറയുമ്പോൾ, ബ്രസീലിയൻ പ്രസിഡന്റ് ബോൾസോനാരോയെയും ആമസോൺ വനനശീകരണത്തെയും കുറിച്ച് ഓർക്കണം, ട്രംപിനേയും കാലാവസ്ഥാവ്യതിയാനത്തെ അലംഭാവപൂർവം കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് ഓർക്കണം, സാൽവിനിക്ക് ഗ്രെറ്റ തുങ്ബർഗിനോടുള്ള കലിയെയും കുറിച്ച ഓർക്കണം. മനുഷ്യത്വം എക്‌സെപ്ഷണലാണെന്ന വിചാരത്തിൽ പോപ്പുലിസത്തിന് സംശയമേതുമില്ല. എന്നാൽ ഇതിന്റെ വിരുദ്ധ്യോക്തിയെന്നോണം പോപ്പുലിസം ഒരു വിശ്വാസപ്രമാണം കൂടിയാണ്. ഒരു പോപ്പുലിസ്റ്റ് കുരിശു ചുംബിച്ചാൽ ഞാൻ പറയുക, ഉപരിസൂചിത എക്‌സെപ്ഷനെ ഉറപ്പിക്കുന്ന തരത്തിൽ ദൈവശാസ്ത്രപരമായി അത് പ്രവർത്തിക്കുന്നത് കൊണ്ടാണെന്നാണ്. ചുരുങ്ങിയ ദിവസസങ്ങൾക്കുള്ളിൽ, എന്നാൽ വളരെ വേഗത്തിൽ നമ്മുടെ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച് വ്യാകുലരാവാൻ വൈറസ് നമ്മെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ദിനേനെയുള്ള പ്രവർത്തനങ്ങളിൽ, ആഗോള സമൂഹത്തിന്റെ ഭാവിക്കുവേണ്ടി, അതിലുപരി പ്രകൃതിയോട് ഇടപെടുന്ന മനുഷ്യസമൂഹത്തിന്റെ ഭാവിക്കുവേണ്ടി. സാംസ്കാരികവും ആന്ത്രോപ്പോസെൻട്രിക്കുമായ (മനുഷ്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര പ്രതിഭാസം എന്ന സിദ്ധാന്തം) മുൻധാരകളെ മറികടക്കാൻ മന്ദഗതിയിലുള്ള, ഫലശൂന്യമായ വിദ്യാഭ്യാസ വ്യവസ്ഥ ഇനിയും പ്രാപ്തമായിട്ടില്ല. പ്രപഞ്ചത്തിന്റെ ഒരു ഭാഗം എന്ന നിലക്കും, ഭാഗമാകാൻ ആഗ്രഹിക്കുന്നവർ എന്ന നിലക്കും മനുഷ്യർ തമ്മിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമാറ് മനുഷ്യനെ പരിവർത്തിപ്പിക്കാൻ ഒരു ചുമ മതിയാകും എന്ന അവസ്ഥയാണ് ഇന്നുള്ളത്.

വൈറസ് മൂലമുണ്ടാകുന്ന ആഘാതത്തിൽ വസ്തുനിഷ്ടമായ ഗതിവേഗത്തോടെ, അത് നമുക്ക് കാണിച്ചുതരുന്നത് എല്ലാം എന്നതുകൊണ്ട് ഉദ്ദേശ്യം എല്ലാം എന്നുതന്നെയാണെന്നും, എക്‌സെപ്ഷന് കാരണമാകുന്ന തരത്തിൽ പ്രകൃതിയിൽ ഒരു സ്വയംഭരണ പ്രദേശവും നിലനിൽക്കുന്നില്ല എന്നുമാണ്. പദാർത്ഥത്തിനുമേൽ പ്രാമുഖ്യം അവകാശപ്പെടുന്ന ആത്മാവിനെ പരിഹസിച്ചുകൊണ്ട് സ്പിനോസ(spinoza) എഴുതുന്നതു പോലെ, പ്രകൃതിയിൽ ഒന്നിനും മറ്റൊന്നിനുമേൽ അധീശത്വമില്ല. വൈറസിന്റെ അദ്വൈതത്വം കാടനും അതിന്റെ ഉള്ളടക്കം ക്രൂരവുമാണ്. എന്നാൽ ഒരുപക്ഷേ സംസ്കാരം വിച്ഛേദിക്കപ്പെടുകയാണെങ്കിൽ, അത് തടസ്സങ്ങളും പുതിയ രീതികളുമുണ്ടാക്കുകയാണെങ്കിൽ, മനുഷ്യത്വം എന്ന ആശയത്തിൽ പങ്കുചേരുന്നതിന് തട്ടുകളുണ്ടാക്കുകയാണെങ്കിൽ, ‘നമ്മൾ’ (us) ‘അപരിഷ്‌കൃതരായ അവർ’ (barbarians) എന്ന വിഭജനം സൃഷ്ടിക്കുകയാണെങ്കിൽ, വൈറസ് അവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. എല്ലാവർക്കും വേണ്ടി പൊതുവായ പരിഹാരം കണ്ടെത്താൻ നമ്മെ നിർബന്ധിപ്പിക്കുകയും ചെയ്യുന്നു. കാരണം ആർക്കും, ഇതുപോലൊരു സമയത്ത്‌, മറ്റാരുടെയും സഹായമില്ലാതെ ഒറ്റക്ക് രക്ഷപ്പെടുന്നതിനെ കുറിച്ച് ആലോചിക്കാൻ സാധ്യമല്ല. പ്രകൃതിയെ കൂട്ടുപിടിക്കാതെ രക്ഷപ്പെടാമെന്നും ചിന്തിക്കുക വയ്യ. ഈ പകർച്ചവ്യാധി റെഡ്‌സോണുകൾ ഉണ്ടാക്കുമെന്നും, ആഭ്യന്തര അടച്ചുപ്പൂട്ടലുകൾക്കും സൈനികവൽക്കരണത്തിനും കാരണമാകുമെന്നും പറയപ്പെടുന്നു. ഇവിടെയാണ് വിഷയത്തിന്റെ മർമം. ഇവിടെ ഉദ്ദേശിക്കപ്പെടുന്ന മതിലിന്, പണക്കാരൻ പാവപ്പെട്ടവനെ പുറത്തുനിർത്താൻ പണികഴിപ്പിക്കുന്ന മതിലിന്റെ അർഥമല്ല ഉള്ളത് എന്ന് സുതരാം വ്യക്തമാണ്. ഈ മതിൽ മറ്റുള്ളവർക്ക് കൂടി വേണ്ടി നിർമ്മിക്കപ്പെടുന്ന മതിലാണ്. ഇതുപോലുള്ള സമയങ്ങളിൽ ‘നിന്റെ അയൽക്കാരൻ’ എന്നത് ‘ആരോ’ എന്ന അർഥത്തിലേക്ക് ചുരുക്കപ്പെടുന്നു. ഈ മതിൽ, എല്ലാ അർത്ഥത്തിലും, പരസ്പരം കൈകൊടുക്കാതിരിക്കാൻ ഒരു മീറ്റർ അകലം പാലിക്കുന്നത് ഉൾപ്പെടെ, ‘ആരുമായും’ ഇന്ന് അസാധ്യമാണ്. അത് പരസ്പരം സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാനുള്ള മാർഗമാണ്, മറിച്ച് പുറംതള്ളലിന്റെ(exclusion) മാർഗമല്ല. ഫാഷിസ്റ്റ് ആഖ്യാനങ്ങൾക്ക് ഈ മതിലിനെ സമുചിതമായി സമീപിക്കാനും, പരസ്പരം ഭിന്നിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ എത്രകണ്ട് ശെരിയാണെന്ന് പറയാനും സാധിക്കാത്തത് ഉപരിസൂചിത വസ്തുതയെ ഉറപ്പിക്കുന്നതാണ്. വൈറസ് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കുറച് നാളുകളെങ്കിലും, ഫാഷിസ്റ്റുകൾക്ക് അവരുടെ ആയുധം(ഭിന്നിപ്പിക്കൽ) മാറ്റിവെക്കേണ്ടതായിട്ടു വരുന്നു.

രാഷ്ട്രീയ രംഗത്ത് വൈറസ് കാരണമുണ്ടാകാൻ പോകുന്ന പ്രത്യാഘതങ്ങളെ മനസ്സിലാക്കാൻ മാത്രം അതിനോട് അടുത്താണ് നാമുള്ളത്. ഇവിടെ പ്രത്യേക ശ്രദ്ധയർഹിക്കുന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയത്തിന്(political) മുൻപുണ്ടായിരുന്ന പ്രമുഖ്യത്തെ വൈറസ് തിരിച്ചുനൽകും എന്നതാണത്. ക്ലാസ്സിക്കൽ ചിന്തയിൽ രാഷ്ട്രീയത്തിന്റെ പ്രമുഖ്യത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമുണ്ടായിരുന്നു (metaohor), ആർത്തലക്കുന്ന കടലിലൂടെ കപ്പലോടിക്കുന്ന ഒരു നാവികന്റെ ചിത്രമാണത്. കഴിഞ്ഞകാല ചിന്തകന്മാരെല്ലാം റിയലിസ്റ്റുകളായിരുന്നു, സുരക്ഷിതമായി യാത്ര അവസാനിപ്പിക്കാൻ പറ്റിയ ഒരു കര എവിടെയുമില്ല എന്നവർക്ക് അറിയുമായിരുന്നു. ഈ പ്രയാണം, അവർ പറയുന്നതനുസരിച്ച്, അനിവാര്യമായിരുന്നു, ജീവിതം അല്ലതാനും. രാഷ്ട്രീയത്തെ കഴുകി വെളുപ്പിക്കുന്ന ഘടകം ഒരു ‘സ്ഥിതിയാകുന്നു’ (nature). ഭാഗ്യവും സാധ്യതയും സാഹസവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ഉപരിസൂചിത ഘടകത്തിന്റെ ശക്തിയെ പരീക്ഷണവിധേയമാക്കുന്നതിലെ രാഷ്‌ട്രീയ ‘നന്മ’(Political ‘Virtue’) എന്നുള്ളത്, അതുവഴി തീക്ഷ്ണമായ ബുദ്ധിവൈഭവത്തോടെയും ഉല്പതിഷ്ണുതയോടെയുമുള്ള(metis) ഭരണനിർവഹണം സാധ്യമാകുന്നു എന്നതാണ്. രാഷ്ട്രീയം അത്രകണ്ട് സവിശേഷമാകുന്നത്, ‘ഹ്യൂമൻ ഓൾ ടൂ ഹ്യൂമൻ’ (human, all too human) എന്ന നീഷേയുടെ മിഥ്യാധാരണയെ നിരാകരിക്കുന്നതു കൊണ്ടാണ്. അതേസമയം, ‘ക്രൂരമായ പദാർത്ഥത്തിനെതിരെ’ (matter) യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ‘ആത്മാവെന്ന’ (spirit) ആധുനിക മനുഷ്യന്റെ ആധ്യാത്മിക സ്വപ്നങ്ങളെ അത് സാധ്യമാക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിനുള്ള പ്രാമുഖ്യം പ്രകൃതിയെ ഭരിക്കുന്നതിലാണ് മറിച്ച് കീഴ്പെടുത്തുന്നതിലല്ല. ആ ഭരിക്കുന്ന ഗവണ്മെന്റിന്റെ രാഷ്ട്രീയ പ്രകൃതത്തെ പൂർണാർഥത്തിൽ വ്യക്തമാക്കുന്നതിന്, പ്ലേറ്റോക്ക് (plato) ഏറെ പ്രിയപ്പെട്ട ‘കാട്ട ഡൈനമിൻ’ (kata dynamin) ഫോർമുലയെ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാകുന്നു. വുഹാനിലെ ഒരു ചുമ വഴി പരിഹാസ്യമാകുന്നത് കീഴ്പെടുത്തലിനെ (domination) കുറിച്ചുള്ള ഹൈപ്പോതീസിസുകളാണ്. ഉപരിസൂചിത ‘നാവികനെ’ കഴിയുന്നത്ര വേഗത്തിൽ അനിവാര്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കാൻ നിർബന്ധിക്കുന്നതാണ് ഈ ചുമ. കോവിഡ്-19 വൈറസിനും ചില നന്മകളുണ്ട്. ചില പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ രാഷ്ട്രീയത്തോട്(political) അത് ആവശ്യപ്പെടുന്നു. രാഷ്ട്രീയ രംഗത്തിന് നഷ്ടപ്പെട്ടുപോയ അപ്രമാധിത്യം വൈറസ് തിരികെ നൽകുന്നു. സാങ്കേതികമായ നിർവഹണങ്ങളിലുള്ള അപര്യാപ്തതയും ശേഷിയില്ലായ്മയും സ്വയം പ്രഖ്യാപിച്ചുകൊണ്ട് പരമാധികാര(sovereign) വൃത്തങ്ങൾക്കുമുന്നിൽ ആജ്ഞാനുവർത്തികളായി രാഷ്ട്രീയം മാറിയ കാലം മുൻപുണ്ടായിരുന്നു. വുഹാനിലെ സംഭവത്തിനുശേഷം അനിയന്ത്രിതമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധിയുടെ ‘ആർത്തിരമ്പുന്ന കടലിൽ’ എടുക്കേണ്ട നടപടിക്രമങ്ങളുടെ അജണ്ട നിശ്ചയിക്കാൻ ‘നാവികനായ’ രാഷ്ട്രീയത്തിനേ കഴിയൂ(ഗ്രീക്കുകാർ രാഷ്ട്രീയ നന്മയെ(political virtue) സൂചിപ്പിക്കാൻ ‘cybernetics’ എന്നാണ് സൂചിപ്പിക്കുന്നത്. ഇതാകട്ടെ കപ്പൽ യാത്രയുമായി ബന്ധപ്പെട്ട പദപ്രയോഗമാണ്). കുറച്ച് ആഴ്ചകൾക്ക് മുൻപുവരെ മിഥ്യയായി തോന്നിയിരുന്ന ഒരു വാദം ഇപ്പോൾ പ്രസക്തിയാർജിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണനയുണ്ട് എന്ന വാദമാണത്. സാമ്പത്തിക രംഗമാകട്ടെ, തന്റെ പ്രജകളെ കുറിച്ച് ശ്രദ്ധയുള്ള ‘നാവികന്റെ’ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതുമാണ്.

അവസാനമായി, വൈറസ് നമ്മളോട് ധ്യാനനിരതരാകാൻ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ഈ ധ്യാനത്തിന് ഹേതു, അസ്ഥിരമായ മനുഷ്യബന്ധങ്ങളും വരാനിരിക്കുന്ന വിപത്തുകളുമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ക്ഷണികതയെ പ്രതിഫലിപ്പിക്കാൻ കോവിഡ്-19 തന്നെ വേണമെന്നില്ല. വൈറസിനു മേലുള്ള ഈ ആശ്ചര്യം ഇതുവരെ അവസാനിച്ചിട്ടില്ല. ജേർണലിസ്റ്റുകൾ സ്റ്റുഡിയോയിലിരുന്ന് വൈറസിന് നന്ദി പറയുന്നതിനെക്കുറിച് വീമ്പു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യഥാർഥത്തിൽ മനുഷ്യരാശി പറ്റിക്കപ്പെടുകയാണ്. അവസാനം അവർക്കുതന്നെ അവരുടെ വാദത്തിലെ സത്താപരമായ അരക്ഷിതത്വം ബോധ്യപ്പെട്ടിരിക്കുന്നു. വൈറസ് നമ്മുടെയും മറ്റുള്ളവരുടെയും നിലനിൽപ്പിനെയും ഭാഗധേയത്തെയും കുറിച് സംസാരിക്കുന്നുണ്ട്. പെട്ടെന്ന്, എന്തോ നമ്മെ കൊളുത്തിവലിക്കുന്നതായി അനുഭവപ്പെടുന്നു. നമ്മെ കീഴ്പ്പെടുത്തുന്ന, നമ്മുടെ ഇച്ഛകളെ പരിഗണിക്കാതെ നമ്മുടെ അവയവങ്ങളിൽ വളരുന്ന ഒന്ന്. നമ്മുടെ സ്വാതന്ത്രം ഇത്രത്തോളം രാജിയാക്കപ്പെടുകയാണോ?. ഒരു സംഭവത്തിന്റെ അനിവാര്യതകളോട് സംഘർഷത്തിലായിരിക്കുമ്പോൾ സ്വാതന്ത്രം എന്നത് കേവലമായ ഒരു ആശയം മാത്രമായി മാറുന്നു. വൈറസിന്റെ നന്മകളെ കുറിച്ച് ചർച്ചചെയ്യുമ്പോൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, സ്വാതന്ത്യ്രം എന്നതിനെക്കുറിച്ച് കുറച്ചുകൂടി ഗൗരവതരമായ ആലോചനകൾ അത് പങ്കുവെക്കുന്നു എന്നതാണ്; വിധി നമുക്ക് നീട്ടിനൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ നാം ആർജിച്ചെടുക്കുന്ന സ്വാതന്ത്യ്രം എന്നതാണത്. സ്വതന്ത്രമാവുക എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ചെയ്യേണ്ടുന്ന കാര്യങ്ങളെ ചെയ്യുക/ചെയ്യാൻ സാധിക്കുക എന്നതാണ്. ഇതൊരു കേവല തത്വശാസ്ത്ര സംഗ്രഹം മാത്രമല്ല. വൈറസിന്റെ വ്യാപനത്തിന് തടയിടാൻ പരിശ്രമിക്കുന്ന ആയിരങ്ങളുടെ സമർപ്പണത്തിലും ദൃഢനിശ്ചയത്തിലും ഈ ആശയം നമുക്ക് ദർശിക്കാം.

വിവർത്തനം: അഫ്സൽ ഹുസൈൻ

റോക്കോ റോഞ്ചി