Campus Alive

ഹിന്ദു ദേശീയത ഇന്ത്യയെ വംശീയ ജനാധിപത്യത്തിലേക്ക് പരിവര്‍ത്തിപ്പിച്ചതെങ്ങനെ?

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ അതിന്റെ മതേതര ഭരണഘടനയിൽ വിഭാവനം ചെയ്ത മൾട്ടി കൾച്ചറൽ മാത്യകയിൽ നിന്ന് കൂടുതൽ അകലേക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു. ഒരു ന്യുനപക്ഷമെന്ന നിലയിൽ മുസ്ലിംകളുടെ അഡ്മിനിസ്ട്രേഷൻ മേഖലകളിലും ,പോലീസിലും, പട്ടാളത്തിലും ഉണ്ടായിരുന്ന കുറഞ്ഞ പ്രാതിനിധ്യം തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിന്നുള്ള പൂർണ്ണമായ തുടച്ചു നീക്കലിലേക്ക് പ്രവേശിക്കാൻ തുടങ്ങിയ വർഷമായിരുന്നു 2014.

പൊതുമണ്ഡലവും സാമൂഹിക സ്ഥാപനങ്ങളും മുസ്‌ലിംകളെ അരികുവത്കരിക്കുക മാത്രമല്ല ചെയ്യുന്നത്‌, മറിച്ച് സൈനികവൽകരിക്കപ്പെട്ട ഹിന്ദു ദേശീയ സംഘങ്ങളുടെ നിരന്തര അക്രമണങ്ങൾക്കും അവർ ഇരയാക്കപ്പെടുന്നു. ഘർവാപസി എന്ന പേരിൽ ഹിന്ദു മതത്തിലേക്ക് പുന:പരിവർത്തനം നടത്തിയും, പൊതു ഇടങ്ങളിലെ മുസ്‌ലിം പ്രാർത്ഥനകൾ തടസ്സപ്പെടുത്തിയും, റെസിഡൻഷ്യൽ ഏരിയകളിൽ താമസ സൗകര്യം നിഷേധിച്ചും, ന്യൂനപക്ഷങ്ങളെ പൊതുമണ്ഡലത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ് ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ. ഭൂരിപക്ഷ സമുദായത്തെ മുസ്ലിം സമുദായത്തിൽ പൂർണ്ണമായും വേർപ്പടുത്താനും  അവർ ശ്രദ്ധിക്കുന്നു. മിശ്രവിവാഹങ്ങളും മറ്റും തടയുന്നതിന്റെ ലക്ഷ്യം അതാണ്. അതിനെല്ലാമപ്പുറത്തായിരുന്നു പശുരക്ഷയുടെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ. ഇത്തരം കൊലകൾക്കും അക്രമങ്ങൾക്കും മിക്കപ്പോഴും പോലീസ് സംരക്ഷണം ലഭിക്കാറുണ്ട്. പശുസംരക്ഷകരും പോലീസും തമ്മിലുള്ള ഈ ഐക്യത്തിന് പല വിശദീകരണങ്ങളും നമുക്ക് കാണാം.

പോലീസിൽ മുസ്‌ലിം പ്രാതിനിധ്യം കുറവാണ് എന്നു മാത്രമല്ല നിയമ സംവിധാനങ്ങളിൽ മുഴുവനും നുഴഞ്ഞു കയറുന്നതിലുള്ള ഹിന്ദു ദേശീയ വാദികളുടെ വിജയം കൂടിയായി അതിനെ മനസ്സിലാക്കേണ്ടതുണ്ട്. കോബ്ര പോസ്റ്റും ഗുലാലി ഡോട്ട് കോമും മംഗലാപുരത്തെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് മുമ്പ് നടത്തിയ ഒരു അഭിമുഖത്തിൽ  കർണാടകയിൽ നിന്നുള്ള ഒരു BJP എം.പി  ഇതു തുറന്നു പറഞ്ഞതാണ്. ‘ഞങ്ങളുടെ കുട്ടികളെ പോലീസിൽ ചേർക്കാറുണ്ട്. 60% യുവകോൺസ്റ്റബിൾ മാരും ഞങ്ങളുടെ വിദ്യാർത്ഥികളാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങൾക്കവിടെ ഞങ്ങളുടെ കാര്യകർത്താക്കൾ ഉണ്ട് ‘ അദ്ദേഹം പറഞ്ഞുവെക്കുന്നു.

രണ്ടാമതായി സായുധ ഹിന്ദുത്വം നിയമവിരുദ്ധമാണെന്ന ബോധ്യമുണ്ടായിരിക്കേ തന്നെ തങ്ങളാണ് ഭൂരിപക്ഷ മതത്തിന്റെ സംരക്ഷകര്‍ എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് വലിയ വിഭാഗം ജനങ്ങളുടെയും സമ്മതി നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. “ഇതു ഹിന്ദുസ്ഥാൻ ആണ്. ഏത് പാർട്ടിയാണ് ഭരിക്കുന്നത് എന്നത് പോലും അത്ര മേൽ പ്രസക്തമല്ല. ഈ ജനാധിപത്യ  രാജ്യത്ത്  കാര്യങ്ങൾ ചെയ്തെടുക്കാൻ ഞങ്ങൾക്ക് പല വഴികളുണ്ട്. ഞങ്ങൾ പിക്കറ്റിങിനും പ്രതിഷേധത്തിനും പോയാൽ കലാപമുണ്ടാവുമെന്ന് പോലീസിനറിയാം. അതിനാൽ അവർ അവരുടെ ശക്തി ഉപയോഗിച്ചു ഞങ്ങളോട് സഹകരിക്കും.” സംഗീത് സോം എന്ന ബി. ജെ. പി നേതാവ് വളച്ചു കെട്ടില്ലാതെ പറയുന്നു.

തങ്ങളുടെ നിയമ വ്യാഖ്യാനങ്ങൾ ഏത് പാർട്ടിയെ കൊണ്ടും നടപ്പിലാക്കി എടുപ്പിക്കാനുള്ള ഈ ശേഷി RSS ന്റെ പദ്ധതികളുടെ വിജയത്തെയാണ് കാണിച്ചുതരുന്നത്. ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രമായി, രാഷ്ട്രീയ അധികാരം ഇല്ലാതെ തന്നെ ഹിന്ദു സമുദായത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് 1925 മുതൽ അവർ ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്നവരുടെ താൽപര്യങ്ങൾ പ്രധാനമായിരിക്കെ തന്നെ തങ്ങളുടെ ജോലിയെ തടസ്റ്റപ്പെടുത്താതെയും സഹായിച്ചും ഭരണകൂടം നിൽക്കണമെന്നാണ് ആർ എസ് എസ് ആഗ്രഹിക്കുന്നത്.

ഭരണത്തലപ്പത്തിരുന്ന് വ്യക്തികളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് ആർ .എസ്. എസിന് നന്നറിയാം. ജനാധിപത്യത്തിന്റെ ചില സ്വഭാവങ്ങളുമായി താദാത്മ്യപ്പെട്ട് കൊണ്ട്, താഴേതട്ടില്‍ ദീര്‍ഘകാലം പണിയെടുത്താല്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന ബോധ്യം അവര്‍ക്കുണ്ട്.

രാജ്യത്തിനു പുറത്ത് ജനാധിപത്യം പിന്തുടരുന്നു എന്ന മികച്ച പ്രതിഛായ ഉണ്ടാവുകയും അതേസമയം തന്നെ ജനാധിപത്യ വ്യവസ്ഥയുടെ ഹൃദയഭാഗത്ത് തന്നെ ഭൂരിപക്ഷഭരണം തുടരുകയും ചെയ്യുന്നു എന്നുള്ളത് ഹിന്ദു ഭൂരിപക്ഷവാദികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. ഹിന്ദുത്വത്തിന്റെ പേരിൽ ഒരിക്കൽ ഭൂരിപക്ഷം കിട്ടി കഴിഞ്ഞാൽ  ഈ ഭരണക്രമത്തിൽ നിന്ന്  അവർ നേട്ടങ്ങൾ കൊയ്യും. അഥവാ ഇന്ത്യ ഒരു വംശീയ ജനാധിപത്യത്തെയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഈ സങ്കൽപം തന്നെ ചില വൈരുധ്യങ്ങൾ വഹിക്കുന്നുണ്ട്. കാരണം സാമാന്യ ജനത്തെ (Demos) ഇത് രണ്ടായി തരം തിരിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരിൽ ചില പൗരൻമാർക്ക് മറ്റു പൗരൻമാർക്കുള്ള അവകാശങ്ങൾ നിഷേധിച്ചാണ് ഈ വിഭജനം. എന്നാല്‍ വംശീയ ജനാധിപത്യത്തിനകത്ത് ജീവിക്കുന്ന ഭൂരിപക്ഷ സമുദായങ്ങള്‍ കാര്യങ്ങളെ അത്തരത്തില്‍ മനസ്സിലാക്കുന്നുമില്ല.

ഒരു ജൂത രാഷ്ട്രം എന്ന നിലയിൽ ഇസ്രായേൽ വംശീയ ജനാധിപത്യത്തെ പിന്തുണക്കുന്നത്  അതിനുദാഹരണമാണ്. 1995 ൽ ഇസ്രായേൽ ജൂതൻമാർക്കിടയിൽ സംഘടിപ്പിച്ച ഒരു ഒപിനിയൻ പോളിൽ  74.1% ആളുകളും അഭിപ്രായപ്പെട്ടത് ഭരണകൂടം ജൂതൻമാർക്ക് അറബികളേക്കാൾ മുൻഗണന നൽകണമെന്നാണ്. ഇത്തരം മുൻഗണനകൾ അറബികൾക്കെതിരായ വിവേചനമായി അധികം ജൂതരും മനസ്സിലാക്കുന്നില്ലെന്നാണ് ഇതിലെ ഏറ്റവും സവിശേഷമായ വസ്തുത. ജൂത സ്റ്റേറ്റിലെ ജൂത പൗരൻമാരായതിനാൽ തങ്ങൾ ഈ മുൻഗണനക്ക് അർഹരാണ് എന്നാണ് അവർ കരുതുന്നത്.

സാമ്മി സ്മൂഹ

സംഘർഷങ്ങങ്ങൾ നിയന്ത്രിക്കുന്നതിനുള്ള രീതി എന്ന നിലയിൽ വംശഹത്യയെക്കാളും, വംശീയ ഉൻമൂലനത്തെക്കാളും, ജനങ്ങളെ കൂട്ടമായി മാറ്റി പാർപ്പിക്കുന്നതിനേക്കാളും, ജനാധിപത്യവിരുദ്ധ അധീശത്വത്തേക്കാളും നല്ലതാണ് വംശീയ ജനാധിപത്യം എന്നാണ്  ഇസ്രായിലിനെ പിന്തുണച്ച് സാമ്മി സ്മൂഹ (Sammy smooha) വാദിക്കുന്നത്. പക്ഷെ അത് ന്യൂനപക്ഷങ്ങളെ നിതാന്തമായ രണ്ടാകിട പൗരത്വത്തിലേക്കും വംശീയ ആധിപത്യത്തിനു കീഴിലേക്കുമാണ് നയിക്കുന്നത് എന്നത് അദ്ദേഹം പരിഗണിക്കുന്നില്ല. വിരോധാഭാസമെന്ന് തോന്നാവുന്ന തരത്തിലാണ് സ്മൂഹ വംശീയ ജനാധിപത്യത്തെ കുറിച്ച ചർച്ച അവസാനിപ്പിക്കുന്നത്. ആഴത്തിൽ വിഭജിക്കപെട്ട സാമൂഹിക അന്തരീക്ഷങ്ങളിൽ അനുയോജ്യമായ പ്രത്യേക തരത്തിലുള്ള ജനാധിപത്യക്രമത്തെയാണ് ഇസ്രായീലിന്റെ വംശീയ ജനാധിപത്യം മുന്നോട്ട് വെക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിചിത്ര വാദം!

അത്തരമൊരു സമീപനം യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളെ കീഴ്‌പ്പെടുത്തപ്പെട്ട രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു. ഇന്ത്യയില്‍ അത്തരമൊരു സാമൂഹിക വികാസം ഹിന്ദുരാഷ്ട്രം എന്ന ബില്ല് ഭരണഘടനാ ഭേദഗതിയിലൂടെ നിയമമാക്കപ്പെടുന്ന ദിവസത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കും.

 

(അംഗന.പി.ചാറ്റർജിയും തോമസ് ബ്ളോം ഹാൻസെനും ക്രിസ്റ്റഫർ.ജെ.ഫോൾട്ടും എഡിറ്റ് ചെയ്ത Majoritarian State: How Hindu Nationalism is changing India എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസകത ഭാഗത്തിന്റെ സ്വതന്ത്ര വിവർത്തനം)

കടപ്പാട്: www.telegraphindia.com