Campus Alive

കാഫ്കൻ വായനയുടെ (അ)സാധ്യതകൾ

ഒരു പൊളിറ്റിക്കൽ അല്ലാത്ത എഴുത്തുകാരന്റെ എഴുത്തുകൾക്ക് എപ്പോഴാണ്  അല്ലെങ്കിൽ എങ്ങനെയാണ് രാഷ്ട്രീയപരമായി ചലനങ്ങൾ ഉണ്ടാക്കാന്‍ കഴിയുന്നത്‌? അഥവാ രാഷ്ട്രീയവുമായി  ബന്ധമില്ലാത്ത എഴുത്തുകൾ എങ്ങനെയാണ് രാഷ്ട്രീയപരമാവുന്നത്? ഫ്രാൻസ് കാഫ്കയുടെ എഴുത്തുകളെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്ന ചില ചോദ്യങ്ങളാണിവ. കാഫ്കയെ ഒരു പൊളിറ്റിക്കൽ എഴുത്തുകാരൻ ആക്കണോ വേണ്ടയോ എന്ന ചർച്ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ആധുനിക മനുഷ്യാവസ്ഥയിൽ അസ്തിത്വപര ( Existentialism ) മായ ചില സന്ദേഹങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാൻ കഴിയുക. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നുള്ള എഴുത്തുകൾ ആയതുകൊണ്ട് അത്  അസ്ഥിത്വപരതയുടെ സ്വഭാവം ഉള്ളതായിരുന്നു അവ. എന്നിട്ടും എന്തുകൊണ്ടായിരിക്കാം കാഫ്‌ക ഒരു പൊളിറ്റിക്കൽ എഴുത്തുകാരനായി അറിയപ്പെട്ടത്?

കാഫ്ക-ബാല്യകാല ചിത്രം

സംഘർഷഭരിതമായിരുന്നു കാഫ്കകയുടെ എഴുത്തു പരിസരം. ബൊഹീമിയൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്ന ചെക്കിലെ പ്രാഗിൽ, ജർമൻ ഭാഷ സംസാരിക്കുന്ന ഒരു ജൂത കുടുംബത്തിലാണ് കാഫ്‌ക ജനിക്കുന്നത്. ബൊഹീമിയയിലെ  ചെറിയൊരു വിഭാഗം മാത്രമേ ജർമൻ ഭാഷ സംസാരിച്ചിരുന്നുള്ളൂ. ബൊഹീമിയക്കാർക്ക് ജർമൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷത്തോട് സാംസ്കാരികവും ദേശീയപരവുമായി കടുത്ത നീരസമുണ്ടായിരുന്നു. മറുവശത്ത് ജർമൻ സംസാരിക്കുന്നവരിൽ തന്നെ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു ജൂതന്മാർ. ജർമൻ സംസാരിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് ജൂതന്മാരോടും കടുത്ത വിദ്വേഷം ഉണ്ടായിരുന്നു. ഇങ്ങനെ രണ്ടു തരത്തിലുള്ള അപരവൽക്കരണവും മാനസിക സംഘർഷവും കാഫ്ക അനുഭവിച്ചിരുന്നു. മാത്രമല്ല, തന്റെ പിതാവ് ഹെർമൻ കാഫ്‌കക്ക് തന്നോടുള്ള രൂക്ഷമായ സ്വഭാവം മൂലവും കാഫ്കക്ക് വല്ലാത്ത ഏകാന്തതയും അന്യതാബോധവും അനുഭവപ്പെട്ടിരുന്നു. (തന്റെ നോവലായ Metamorphosis ഈയൊരു പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്). ഏകാന്തതയും അന്യതാബോധവും അദ്ദേഹത്തിന്റെ മിക്ക എഴുത്തുകളിലും നന്നായി പ്രതിഫലിച്ചിരുന്നു. എഴുത്തുകളിലെ മിക്ക കഥാപാത്രങ്ങളും ഏകാന്ത ജീവിത പരിസരം ഉള്ളവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ക്യാപിറ്റലിസ്റ്റ് ലോകക്രമം മനുഷ്യസമൂഹത്തിൽ വിള്ളലുകളും അപരവത്കരണവും സൃഷ്ടിച്ചതോടെയാണ് കാഫ്ക തന്റെ രചനകളിൽ പരാമർശിച്ച അന്യതാബോധം (alienation ) എന്ന ആശയത്തിന് ശ്രദ്ധ ലഭിക്കുന്നത്. ഒരുപക്ഷേ ഇതിനെക്കുറിച്ച് മാർക്സിസവും സംസാരിച്ചതിനാലാവാം ഒരു പൊളിറ്റിക്കൽ എഴുത്തുകാരനായി കാഫ്ക അറിയപ്പെട്ടത്. അതുകൊണ്ടാവാം The trial ൽ യുക്തിയെ ചോദ്യം ചെയ്യുന്ന ജോസഫ് കെ യുടെ നീക്കുപോക്കുകളെ കേവലം സ്വാഭാവിക എഴുത്തായി സോവിയറ്റ് വായനക്കാർ മനസ്സിലാക്കിയതെന്ന് അലീന വാഗ് നറോവ എന്ന ചെക്ക് എഴുത്തുകാരി പറയുന്നുണ്ട്. അതായത് കാഫ്ക ഉന്നയിക്കുന്ന അസ്തിത്വപരതപരിഗണിക്കുന്നത് പോലുമില്ല. ചുരുക്കത്തിൽ പൊളിറ്റിക്സിന്റെ പരിധിയിൽ വരാത്ത അസ്തിത്വപരതയെ പൊളിറ്റിക്സ് എന്ന് ധരിച്ചുകൊണ്ടാണ് കാഫ്‌കയെ പൊളിറ്റിക്കൽ എഴുത്തുകാരൻ ആക്കണോ വേണ്ടയോ എന്ന ചർച്ചകൾ തന്നെ തുടങ്ങുന്നത്.

രണ്ടുവർഷം മുമ്പാണ് ഞാൻ ആദ്യമായി ഫ്രാൻസ് കാഫ്കയെ വായിക്കുന്നത്. അദ്ദേഹത്തിന്റെ വിഖ്യാതമായ The trial എന്ന നോവലിന്റെ മലയാളം വിവർത്തനമായിരുന്നു ആദ്യം വായിച്ചത്. കേവലമൊരു പൊളിറ്റിക്കൽ നോവൽ എന്നതിലുപരി മറ്റൊന്നും അന്ന് ചിന്തയിൽ വന്നിരുന്നില്ല. എന്നാൽ മൈക്ക് മിഷേൽ വിവർത്തനം ചെയ്ത ഇംഗ്ലീഷ് പരിഭാഷ ഈയടുത്ത് വായിച്ചപ്പോഴുണ്ടായ ചില ആലോചനകളാണ് ഈ കുറിപ്പ് എഴുതാനും കാഫ്കയുടെ മറ്റു രചനകളെ കൂടി വായിക്കാനും പ്രേരണയാകുന്നത്. എന്നാൽ അത്തരമൊരു വായനയിൽ ആത്മനിഷ്ഠമായ രണ്ടു പ്രതിബന്ധങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്ന്, ഭാഷാപരവും ദേശീയപരവുമായി രണ്ടുതരത്തിലുള്ള അപരവൽക്കരണങ്ങൾ നേരിട്ടതു കൊണ്ടുതന്നെ ചെക്ക്, ജർമൻ എന്നിവ ചേർന്ന ഒരു പ്രത്യേക ഭാഷയിലായിരുന്നു കാഫ്ക എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകളിലെ ഭീതിതവും ആശങ്കാജനകവുമായ സാഹചര്യങ്ങളെ വിശേഷിപ്പിക്കാൻ Kafkaesque എന്ന പദം തന്നെ നിലവിൽ വന്നിട്ടുണ്ട്. ജർമൻ സാഹിത്യ വിമർശകനായ വാൾട്ടർ ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം കാഫ്‌ക അദ്ദേഹത്തിനു തന്നെ മനസ്സിലാക്കാൻ കഴിയാത്തവയെ തേടിയായിരുന്നു പോയത്. അതിനായി സ്വന്തമായൊരു ഭാഷാശാസ്ത്രം വികസിപ്പിച്ചതു കൊണ്ടു തന്നെ ബെഞ്ചമിൻ കാഫ്‌കയെ ഒരു ഭാഷാശാസ്ത്രജ്ഞൻ (philologist ) എന്ന നിലക്ക് അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇറ്റാലിയൻ ദാർശനികനായ ജിയോർജിയോ അഗമ്പൻ കാഫ്‌കയുടെ എഴുത്തുകളെ സങ്കീർണതയുടെ ഒരുതരം Gesture കൾ എന്ന് വിശേഷിപ്പിച്ചത്. അപ്പോൾ അത്തരം ഒരു പ്രത്യേക ഭാഷയിൽ ഉള്ള ഒരാളെ വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന subjectivity യും അതു വഴി മനസ്സിലാക്കപ്പെടാതെ പോകുന്ന കാഫ്കയുടെ തോതുമായിരുന്നു ഒന്നാമത്തെ പ്രതിബന്ധം. അതായത് ഭാഷയുടെ അതിർത്തി കടന്നുള്ള കാഫ്കയുടെ രചനകൾ ഉൾവഹിക്കുന്ന ആശയവൈപുല്യത്തെ വിവർത്തനം ചെയ്യാൻ സാധ്യമാണോ? അല്ലെങ്കിൽ കാഫ്കൻ രചനകളുടെ വിവർത്തനം അത്തരമൊരു ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നുണ്ടോ? രണ്ടാമത്തെ പ്രതിബന്ധം The task of a translator എന്ന വാൾട്ടർ ബെഞ്ചമിന്റെ പ്രബന്ധത്തിന് ഉള്ളടക്കമാണ്. പ്രസ്തുത പ്രബന്ധത്തിൽ വിവർത്തന കൃതിക്ക് അതിന്റെ മൂലകൃതിയോട് ഒരിക്കലും കിടപിടിക്കാൻ ആവില്ല എന്നാണ് ബെഞ്ചമിൻ വാദിക്കുന്നത്. ആത്മനിഷ്ഠതയുടെയും വസ്തുനിഷ്ഠതയുടെയുംതമ്മിലുള്ള ബന്ധമാണ് വിവർത്തനത്തിന് മൂലകൃതിക്കിടയിൽ നിലനിൽക്കുന്നത്. ആത്മനിഷ്ഠമായ മൂലകൃതിയെ വിവർത്തകൻ എത്ര ആത്മനിഷ്ഠമായ വിവർത്തനം ചെയ്താലും അത് വസ്തുനിഷ്ഠമായി മാത്രമേ ഭവിക്കുന്നുള്ളൂ. വിവർത്തന കൃതികൾക്ക് മൊത്തത്തിലുള്ള ഒരു പരിമിതിയാണിത്. അതോടൊപ്പം വിവർത്തനത്തിന് നിയമമായി ബെഞ്ചമിൻ പറയുന്നത് വിവർത്തനം വിവർത്തനപരമായതാവുക( Translatability ) എന്നാണ്. എന്നാൽ വിനിമയ യോഗ്യമല്ലാത്ത കാര്യങ്ങളെ വിനിമയ യോഗ്യമാക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് കാഫ്ക തന്നെ പറയുന്നുണ്ട്. അതായത് ഭാഷകൾക്ക് തന്നെ വഹിക്കാനാവാത്ത ചിന്തകളെ തന്റേതായ ഭാഷ നിർമ്മിച്ച് ഭാഷാന്തരീകരണം നടത്തുകയെന്നത് അത്രമാത്രം സങ്കീർണതയേറിയതാണ്. ഇത്തരം ഘടനാപരമായ ചിന്തകളാണ് പ്രാഥമികമായി എന്നെ അലട്ടിക്കൊണ്ടിരുന്നത്.

ഒരു ഇൻഷുറൻസ് കമ്പനിയിൽ വക്കീലായ കാഫ്ക നിയമ ജീവിതത്തിൽ അനുഭവിച്ച സംഘർഷങ്ങളും ഭാഷാപരവും സാംസ്കാരികവുമായി നേരിട്ട അന്യവൽക്കരണവും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും ചേർന്ന തീക്ഷ്ണ അനുഭവങ്ങളാണ് മറ്റു ജർമൻ എഴുത്തുകളിൽ നിന്ന് കാഫ്കയുടെ എഴുത്തുകളെ വ്യത്യസ്തമാക്കുന്നത്. എന്നാൽ കാഫ്കയുടെ എഴുത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന് എഴുത്തിന്റെ ഇടം കൂടി മനസ്സിലാക്കേണ്ടതുണ്ട്.  തന്റെ ഉറ്റ സുഹൃത്തായ മാക്സ് ബ്രോഡിനെഴുതിയ കത്തിൽ ജർമൻ ഭാഷയിൽ എഴുതുന്ന എഴുത്തുകാരെ കെണിയിലകപ്പെട്ട മൃഗങ്ങളോടാണ് അദ്ദേഹം ഉപമിക്കുന്നത്. നാലു അസാധ്യതകൾക്കിടയിലാണ് അവർ ജീവിക്കുന്നത് ഒന്ന്, എഴുതാതിരിക്കുക എന്നതിന്റെ അസാധ്യത. രണ്ട്, ജർമ്മൻ ഭാഷയിൽ എഴുതുക എന്നതിന്റെ അസാധ്യത.. മൂന്ന്, വ്യത്യസ്തമായി എഴുതുക എന്നതിന്റെ അസാധ്യത നാല്, എഴുതാതിരിക്കുക എന്നതിന്റെ അസാധ്യത ഇങ്ങനെ നാല് അസാധ്യതകളിൽ നിന്ന് എഴുതിയതുകൊണ്ടാണ് കാഫ്കയുടെ എഴുത്തുകൾ വളരെ സൂക്ഷ്മാർത്ഥമുള്ളതും പ്രവചനസ്വഭാവമുള്ളതും ആയി മാറിയത്.

കാഫ്കയുടെ The trial ൽ എന്നെ ആകർഷിച്ച ചില വാക്യങ്ങൾ ഉണ്ട്. പ്രധാന കഥാപാത്രമായ ജോസഫ് കെ യുടെ “നിങ്ങൾ എന്നോട് യുക്ത്യാധിഷ്ഠിതമായി പെരുമാറാൻ ആവശ്യപ്പെടുന്നു നിങ്ങളാണെങ്കിൽ നിതീകരിക്കപ്പെടാനാവാത്ത വിധം യുക്തിഹീനമായി പെരുമാറുകയും ചെയ്യുന്നു” (വിവർത്തനം എന്റേതു മാത്രം ) എന്ന വാക്യമാണ് അതിലൊന്ന്. മറ്റൊന്ന്, അവസാനഭാഗത്ത് കാഫ്ക എഴുതുന്നു: “മരിക്കാൻ കിടക്കുമ്പോൾ കെ തിരിച്ചറിയുന്നു. യുക്തി അചഞ്ചലമാണ്. നോവലിലുടനീളം യുക്തിയെ തേടിക്കൊണ്ടാണ് മുഖ്യകഥാപാത്രമായ കെ യുടെ സംസാരവും നീക്കുപോക്കുകളും. യഥാർത്ഥത്തിൽ യുക്തി യുക്തിയുടെ എന്നിങ്ങനെയുള്ള നോവലിലെ ഇതിവൃത്തങ്ങൾ ആണ് ഈ കുറിപ്പിലേക്ക് എന്നെ നയിച്ചത്. അതിലേക്ക് ഞാൻ വരാം അതിനുമുമ്പ് The trial വായിച്ചപ്പോഴുണ്ടായ വ്യക്തിപരമായ ചില കാര്യങ്ങൾ പങ്കു വെക്കാം.

ജോർജിയോ അഗന്പൻ

രാഷ്ട്ര സുരക്ഷക്കായി വിഷയികളെ സന്ദേഹാത്മകമായി നിരീക്ഷിക്കുന്ന വ്യവസ്ഥയാണ് മിക്ക ദേശ രാഷ്ട്രങ്ങളും പിന്തുടർന്നു പോരുന്നത്. ഇതിനെ ആസ്പദമാക്കി ജോർജ്ജ് ഓർവല്ലിന്റെ 1984 അടക്കം നിരവധി നോവലുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ഭാഗമായി നടക്കുന്ന നിയമ ഭീകരതയെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും പ്രമുഖമായ നോവലുകളിൽ ഒന്നാണ് The trial. ദേശ രാഷ്ടങ്ങളിലെ നിയമ ഭീകരതയുടെ കൃത്യമായ ആവിഷ്കാരമാണ് ഈ നോവൽ. ഇന്ത്യൻ നിയമ വ്യവസ്ഥയിലെ യു.എ.പി.എ പോലെ വളരെ വിചിത്രമായ ഒരു നിയമം ചുമത്തപ്പെട്ട ഒരു കുറ്റവാളിയാണ് മുഖ്യകഥാപാത്രമായ ജോസഫ് കെ. തന്നിൽ ആരോപിക്കപ്പെട്ട കുറ്റം എന്താണ് എന്ന് പോലും അറിയാനാവാതെ വർഷങ്ങളോളം കേസുമായി  മുന്നോട്ടു പോകുന്നു. കേസ് നടത്തിപ്പിനായി ബ്യൂറോക്രസിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷാവസ്ഥ, ഉത്തരം കിട്ടാതെ യുക്തിരഹിതമായ പ്രതികരണങ്ങൾ, അവസാനം വധശിക്ഷ നടപ്പിലാക്കാൻ കൊണ്ടുപോകുമ്പോൾ തിരിച്ചറിയുന്ന യുക്തിയുടെ മേൽക്കോയ്മ, ഇവയെല്ലാം ചേർന്നതാണ് നോവലിന്റെ ആകെത്തുക. യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ പോലും നടക്കാതെ വർഷങ്ങളോളം ജയിലുകളിൽ നരകയാതന അനുഭവിക്കുന്ന കുറ്റവാളികളെയും അവരെ ശിക്ഷിക്കുന്ന ബ്യൂറോക്രസിയെയും എടുത്തുകാണിക്കാൻ നിയമ സാഹചര്യങ്ങളിൽ ഈ നോവൽ മിക്കപ്പോഴും ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ ഈ നോവൽ വായിച്ചപ്പോൾ അത്തരത്തിലുള്ള ചിന്തകളല്ല എനിക്ക് തോന്നിയത്. മറിച്ച്, ചില നരവംശശാസ്ത്രപരമായ ആലോചനകളാണ്. അതായത് ബ്യൂറോക്രസിയിൽ ഒരു നിയമജ്ഞനായി പ്രവർത്തിക്കുന്ന കാഫ്ക ബ്യൂറോക്രസിയുടെ പുറത്തുനിന്ന് അകത്തേക്കു വീക്ഷിച്ചു കൊണ്ടാണ് ആധുനിക ദേശരാഷ്ട്രങ്ങളിൽ നടക്കാനിരിക്കുന്ന നിയമ ഭീകരതയെക്കുറിച്ച് പ്രവചനാത്മകമായി സംസാരിക്കുന്നത്. കാഫ്ക പ്രവർത്തിച്ചിരുന്ന ബ്യൂറോക്രസിയുടെ നിയമ സംഘർഷങ്ങൾ അതിനൊരു പക്ഷേ നിമിത്തമായിട്ടുണ്ടാകാമെങ്കിലും വളരെ പ്രവചനാത്മകമാണ് കാഫ്കയുടെ ഭാഷ. ഈയൊരു Prophetic political character നെ കുറിച്ച് അഗമ്പൻ തന്റെ Remnants of Auschwitz ൽ സംസാരിക്കുന്നുണ്ട്. അതേ കാഫ്ക തന്നെ സമകാലിക ഇന്ത്യയിലായിരുന്നു ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിൻ്റെ ബ്യൂറോക്രസിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താകുമായിരുന്നു? ഇന്ത്യൻ ബ്യൂറോക്രസിയുടെ നിയമ പരീക്ഷണങ്ങൾക്കും ഭീകരതക്കും ഇരയാകുന്ന കുറ്റവാളികളെ കുറിച്ച് എങ്ങനെയാവും കാഫ്ക എഴുതുക? ബാങ്ക് ഉദ്യോഗസ്ഥനായThe trial ലെ കെ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാകുമ്പോഴും അദ്ദേഹത്തിന് ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കേസിനെ പറ്റി അറിയാൻ സാധിക്കുന്നില്ല എന്ന പ്രശ്നം, ബ്യൂറോക്രസിയുടെ യുക്തിഹീനമായ പെരുമാറ്റങ്ങൾ എന്നിവ മാത്രമായിരുന്നു അദ്ദേഹത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ. അതേസമയം സ്വതന്ത്രമായി നടക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അഥവാജോസഫ് കെ നിയമപരമായ സമ്മർദ്ദങ്ങൾ മാത്രമേ നേരിട്ടിരുന്നുള്ളൂ. മാനസികമായി അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. അതേസമയം യുഎപിഎ ചുമത്തപ്പെട്ട് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നവർക്ക് പൂർണാർത്ഥത്തിലുള്ള സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. തങ്ങൾ ചെയ്ത കുറ്റമെന്ത്‌ എന്ന് പോലുമറിയാതെ, വിചാരണയില്ലാതെ, ദീർഘകാലത്തോളം തടവറകളിൽ കഴിയുമ്പോഴും അവർക്ക് യാതൊരു സ്വാതന്ത്ര്യവും നൽകപ്പെട്ടിരുന്നില്ല. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ഒമ്പതു വർഷത്തോളം ശിക്ഷിക്കപ്പെട്ടു ഒടുവിൽ നിരപരാധി എന്ന് പറഞ്ഞു വിട്ട മഅദനിയെ ബംഗളൂരു സ്ഫോടനക്കേസിൽ ഇനിയും തെളിയിക്കപ്പെടാതെ അറസ്റ്റ് ചെയ്യുന്നത് അറിയുമ്പോൾ എന്തായിരിക്കും കാഫ്കയുടെ പ്രതികരണം? അതും ജോസഫിൽ നിന്നും വളരെ വെത്യസ്തമായി ജാമ്യമില്ലാ കേസ്, കേസ് നടത്തിപ്പിന് ബ്യൂറോക്രസി തന്നെ സൃഷ്ടിക്കുന്ന തടസ്സങ്ങൾ, ബന്ധുക്കളെ പോലും കാണാൻ അനുവദിക്കാത്ത കാർക്കശ്യം എന്നിത്യാദി അറിയുമ്പോൾ ആധുനിക ബ്യൂറോക്രസിയുടെ യുക്തിയെ ചോദ്യം ചെയ്യാൻ ഇമ്മാനുവൽ കാന്റിനെ ഉപയോഗിച്ച കാഫ്ക ആരുടെ ,ഏത് യുക്തിയാവും ഉപയോഗിക്കുക? ജാമ്യം പോലും ലഭിക്കാതെ വർഷങ്ങളോളം ജയിലുകളിൽ നരകയാതന അനുഭവിച്ചു പുറത്തിറങ്ങുന്ന ഇത്തരം തടവുകാരാണ് The trial വായിച്ചപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.

ആധുനികത :നിയമങ്ങളുടെ യുക്തിയും യുക്തിരാഹിത്യവും

റിയലിസം, സർറിയലിസം എന്നിവ കലർന്ന ഒരുതരം എഴുത്താണ് കാഫ്കയുടെത്. സാമൂഹ്യ അധികാര കേന്ദ്ര വ്യവസ്ഥകളിൽ ഭ്രമാത്മകമായ ജീവിതം നയിക്കുന്ന കഥാപാത്രങ്ങളാണ് കാഫ്കയുടേത്. അദ്ദേഹത്തിന്റെ എഴുത്തുകളിൽ ഏറ്റവും പ്രധാന ആശയങ്ങളിൽ ഒന്നാണ് അസ്തിത്വപരമായ ഭീതി ( existential anxiety ) അഥവാ ഡാനിഷ് ദാർശനികനായ സോറൻ കീർക്കഗാഡിൽ നിന്നും കടമെടുത്ത Dread theory. പാറ മുകളിൽ നിന്ന് താഴോട്ട് നോക്കുന്ന വ്യക്തി കാണുന്ന ഭീതിയാണത്. ജീവിതത്തിലെ എല്ലാ സാധ്യതകളുടെയും അസാധ്യതകളുടെയും ഇടയിലുള്ള തിരഞ്ഞെടുപ്പിന്റെ ഭീതിയാണത്. The trial ൽ ജോസഫ് കെ യും Metamorphosis ൽ ഗ്രിഗർ സാംസയും കാണുന്ന അതേ ഭീതി. മറ്റൊരു ആശയമാണ് alienation. അന്യവൽക്കരിക്കപ്പെട്ട ജീവിതസാഹചര്യങ്ങളാവും ഈ ആശയത്തെ സ്വാധീനിച്ചിട്ടുണ്ടാവുക. തന്റെ മിക്ക രചനകളിലെ കഥാപാത്രങ്ങളും അപരവൽകൃത സാഹചര്യങ്ങളിൽ നിന്നുള്ളവരായിരുന്നു. മറ്റൊരു പ്രധാന ആശയമാണ് യുക്തിരാഹിത്യം (Absurdity ) എന്നത്. ഈ ആശയത്തിന് ഒരുപാട് ഘടകങ്ങളുടെ സ്വാധീനം ഉണ്ട്. യുക്തിയെ ചിന്തയുടെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചു കൊണ്ട് കടന്നുവന്ന ആധുനികതയെ പുൽകിക്കൊണ്ട് മിക്ക രാഷ്ട്രങ്ങളും ആധുനിക ദേശരാഷ്ട്രങ്ങളായി മാറി. അതോടെ യുക്തിക്ക് പ്രാധാന്യം വർദ്ധിച്ചു. ആധുനികതയ്ക്ക് വഴങ്ങിയ ദേശരാഷ്ട്രങ്ങളെല്ലാം സ്ഥാപനവൽകൃതമായതോടെ ദേശരാഷ്ട്ര നിയമങ്ങളും നിലവിൽവന്നു. എന്നാൽ അത്തരം നിയമങ്ങളുടെ നിയമപരത (Legality ) യെ വിമർശിച്ചു കൊണ്ട് ആധുനിക മനുഷ്യാവസ്ഥയുടെ വൈരുധ്യാത്മകത എടുത്തു കാണിക്കുകയാണ് കാഫ്ക. ആധുനിക നിയമങ്ങൾ യുക്തിപരമല്ല, മറിച്ച്, യുക്തിരഹിതമാണ് എന്നാണ് കാഫ്ക തന്റെ എഴുത്തുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. തെളിയിക്കപ്പെടാത്ത/ അന്യായമായി വിഷയികളെ തടവിലാക്കുന്ന ബ്യൂറോക്രസിയുടെ നിയമസംവിധാനങ്ങൾക്കെതിരെ വിഷയികൾക്ക് അപ്പീൽ പോകാനും സമീപിക്കേണ്ടത് ബ്യൂറോക്രസിയുടെ ഇതേ ഘടനയെ തന്നെയാണ്. അഥവാ നിയമപാലക വ്യവസ്ഥകളായ പോലീസ് അടക്കമുള്ള ബ്യൂറോക്രാറ്റിക് ഏജൻസികൾ അകാരണ (Irrational ) മായി ഒരാളെ തടവിലാക്കിയാൽ അതിന്റെ യുക്തിയെ ചോദ്യം ചെയ്യാനും ഇതേ ബ്യൂറോക്രാറ്റിക് വ്യവസ്ഥയിലെ കോടതിയെയാണ് നാം സമീപിക്കേണ്ടത്. എന്നാൽ മഅദനി കേസ്, പാനായിക്കുളം സിമി ക്യാമ്പ് എന്നിവയടക്കമുള്ള കേസുകളിൽ കോടതി നിരപരാധികളെന്ന് തീർപ്പുകൽപ്പിച്ച് കുറ്റവാളികളെ വെറുതെ വിടുമ്പോൾ അതിനെതിരെ അപ്പീൽ ചെയ്തതും ഇതേ ബ്യൂറോക്രസി തന്നെയാണ്. ചുരുക്കത്തിൽ, യുക്തിരാഹിത്യമാണ് ബ്യൂറോക്രസിയെ നിലനിർത്തുന്നത് തന്നെ.

സോറൻ കീർക്കിഗാഡ്

ബ്യൂറോക്രസിയെ കുറിച്ച് മൂന്ന് Fiction കളാണ് കാഫ്ക എഴുതിയിട്ടുള്ളത്. The trial, The castle, In the penal colony എന്നിവയാണവ. ബെഞ്ചമിന്റെ ഭാഷയിലെ ‘തർക്കശാസ്ത്ര പണ്ഡിതർ കെട്ടുകഥകളായി പരിഗണിക്കുന്ന’ ഈ രചനകൾ ബ്യൂറോക്രസിയുടെ പൊള്ളത്തരങ്ങളും ലിഖിത -അലിഖിത നിയമങ്ങൾക്കിടയിലെ യുക്തിരാഹിത്യങ്ങളും തുറന്നു കാട്ടുന്നുണ്ട്. ഇത്തരം യുക്തി രാഹിത്യങ്ങൾ ബ്യൂറോക്രസിയിൽ മാത്രമല്ല സമൂഹത്തിലും നിലനിൽക്കുന്നുണ്ട് എന്നാണ് ഭാഷാപരമായ കാല്പനികത ( linguistic imaginary ) ഉപയോഗിച്ചു കൊണ്ട് കാഫ്ക നമുക്ക് കാണിച്ചു തരുന്നത്. കാഫ്ക സമൂഹത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടി ചില പുനരാലോചനകളിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. ഴാക്ക് ലക്കാന്റെ ഭാഷയിലെ Mirror stage തന്നെയാണ് കാഫ്ക പറയുന്നത്. എന്നാൽ ലക്കാനിൽ നിന്നും വിഭിന്നമായി കാഫ്ക Mirror stage ന് ഒരു പുതിയ ദിശ നൽകുകയാണ് ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതായത് സമൂഹം സമൂഹത്തെ തന്നെ കണ്ടു ശീലിച്ച കണ്ണാടി (Mirror ) യെ തിരിച്ചുപിടിക്കാനാണ് കാഫ്ക നിർദേശിക്കുന്നത്. യുക്തിപരമല്ലാത്ത പലതും യുക്തിപരമായി മാത്രം വീക്ഷിക്കുക, യുക്തിഹീനതയെ അന്വേഷിക്കാതിരിക്കുക എന്നതാണ് യുക്തിയെ പറ്റിയുള്ള പൊതുബോധം. ഈ പൊതുബോധത്തെ തകർക്കാനാണ് കാഫ്ക ശ്രമിക്കുന്നത്. ഇതേ പൊതുബോധം തന്നെയാണ് ഇന്ത്യൻ ബ്യൂറോക്രസിയിലും നിലനിൽക്കുന്നത്. അതുകൊണ്ടാണ് നീണ്ട ഒമ്പത് വർഷത്തെ ജയിൽവാസത്തിനുശേഷം നിരപരാധി എന്നു പറഞ്ഞു വിട്ടയച്ച മഅ്ദനിയെ ബാംഗ്ലൂർ കേസിൽ വീണ്ടും ജയിലിലടച്ചപ്പോൾ അതിന്റെ യുക്തി അന്വേഷിക്കാതെ അതൊരു സ്വാഭാവിക ബ്യൂറോക്രാറ്റിക് പ്രതിഭാസമായി പൊതു സമൂഹം കണക്കാക്കുന്നതും. ഈ പൊതുബോധത്തെ അട്ടിമറിച്ചാൽ മാത്രമേ മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് അംഗീകാരം ലഭിക്കുകയുള്ളൂ.

സംഘർഷഭരിതമായ ജീവിതമായിരുന്നു കാഫ്കയുടേത്. പകൽ ബ്യൂറോക്രസിയിൽ നിയമ ജീവിതം നയിച്ച Unreal ആയ കാഫ്ക real ആകുന്നത് രാത്രിയിലാണ്. രാത്രിയിലായിരുന്നു അദ്ദേഹം Fiction എഴുതിയിരുന്നത്. പകലിൽ നിയമ സംഘർഷങ്ങളിൽ ഉഴലുന്ന കാഫ്കയുടെ ബ്യൂറോക്രസിയോടുള്ള സകലമാന വെറുപ്പും മൂർത്തിമദ്ഭാവത്തിലെത്തുന്നത് രാത്രി സമയത്താണ്. അതായത് പകൽ സമയത്തെ ഇത്തരം അനുഭവങ്ങളുടെ സമ്പൂർണ്ണ സാക്ഷാത്ക്കാരം സംഭവിക്കുന്നത് രാത്രിയിലാണ്. അതേസമയം എഴുത്തിനുള്ള ആശയ മൂലധനം സംഭരിച്ചത് പകലിലെ നിയമ ജീവിതത്തിൽ നിന്ന് തന്നെയായിരുന്നു. Fiction കൾ എഴുതുന്നതിൽ ഓഫീസിലെ പ്രമാണങ്ങൾ, അനുഭവങ്ങൾ എല്ലാം വൻതോതിൽ കാഫ്കയെ സ്വാധീനിച്ചിരുന്നുവെന്നും നിയമത്തോടുള്ള സമീപനവും എഴുത്തു രീതികളും ഒരു പരിധിവരെ നിയമ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നും അമേരിക്കൻ അറ്റോർണിയും നിയമ പണ്ഡിതനുമായ ഗ്രീൻ ബെർഗ് From kafka to kafkaesque എന്ന കൃതിയിൽ ഓർമപ്പെടുത്തുന്നുണ്ട്.

അനുഭവങ്ങളിൽ നിന്നുമാണ് കാഫ്‌ക നിയമത്തെക്കുറിച്ച് സംസാരിക്കുന്നത്. എങ്കിലും തീർത്തും Individual ആയിട്ടല്ല അദ്ദേഹം നിയമത്തെ സമീപിക്കുന്നത്. നിയമങ്ങളുടെ പൊതു സ്വഭാവത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരേസമയം അകത്തുനിന്നും പുറത്തുനിന്നും നിയമത്തെ വീക്ഷിച്ചത് തന്നെയാണ് അതിന്റെ ഒരു കാരണം. വാൾട്ടർ ബെഞ്ചമിൻ നിയമത്തെ ആസ്പദമാക്കി എഴുതിയ The Critique of violence ലെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ കാഫ്കയുടെ സംഭാവന ചെറുതല്ല ഒരുപാട് കാഫ്കൻ സങ്കീർണതകളെ ഒറ്റനോട്ടത്തിൽ തന്നെ അതിൽ കണ്ടെത്താനാവും. ചില സമയങ്ങളിൽ കാഫ്കയുടെ ഒരു Extension തന്നെയാണ് ബെഞ്ചമിൻ പറയുന്നത്. എന്നാൽ കാഫ്‌കയോ ബെഞ്ചമിനോ ബെഞ്ചമിന്റെ വ്യാഖ്യാതാക്കളോ ഒന്നും തന്നെ സംസാരിക്കുന്നത് അരാജകത്വവാദമല്ല എന്നതാണ് ഏറ്റവും പ്രധാന പ്രത്യേകത. എല്ലാവരും സംസാരിക്കുന്നത് നിയമത്തിന്റെ Absurdity യെ കുറിച്ചാണ്. വയലൻസ് ഇല്ലാതാക്കാനാണ് നിയമം സ്ഥാപിക്കപ്പെട്ടത്. എന്നാൽ നിയമത്തിന്റെ സംസ്ഥാപനം തന്നെ വയലൻസിലൂടെയാണ് എന്നാണ് ബെഞ്ചമിൻ പറയുന്നത്. അതേപ്രകാരം നീതി എന്ന ലക്ഷ്യത്തിലെത്താൻ നിയമം നടപ്പിലാക്കപ്പെടുന്നതും ഇതേ വയലൻസിലൂടെ തന്നെയാണ്. വയലൻസിനെ ഇല്ലാതാക്കി നീതിയെ സ്ഥാപിക്കാൻ വയലൻസിനെ തന്നെ ഉപയോഗിക്കുന്ന Absurdity യാണ് ബെഞ്ചമിന്റെ ഉന്നം. ഇതേ പരിപ്രേക്ഷ്യത്തിൽ, ഒരേ സ്വഭാവമുള്ള വയലൻസുകൾ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ഉണ്ടാകുന്നതിനനുസരിച്ച് നിയമാനുസൃതവും നിയമവിരുദ്ധവും ആകുന്നതിലുള്ള Absurdity യെ പ്രമുഖ നരവംശശാസ്ത്ര പണ്ഡിതനായ തലാൽ അസദും ചോദ്യം ചെയ്യുന്നുണ്ട്. വിഷയികൾ ഉപയോഗിക്കുന്ന അതേ വയലൻസ് തന്നെ സ്റ്റേറ്റ് ഉപയോഗിക്കുമ്പോൾ നിയമാനുസൃത (Legitimate ) വും വിഷയികളുടേത് മാത്രം നിയമവിരുദ്ധ (Illegitimate )മാവുകയും ചെയ്യുന്നതിലെ യുക്തിയെന്ത്? ആധുനിക കാലത്ത് മനുഷ്യന് ദൈനംദിന ജീവിതത്തിലെ ഇത്തരം ഏറ്റുമുട്ടലുകളിലേക്കാണ് കാഫ്‌കയുടെ നിയമ വായന നമ്മെ കൊണ്ടുപോകുന്നത്.

നിയമം തന്നെ ഒരുതരം വയലൻസാണ്. കാരണം കുറ്റം ചെയ്ത/ കുറ്റം ആരോപിക്കപ്പെട്ട വിഷയിയെ ഒരു ശാപമാക്കി വിധിക്കുകയാണ് നിയമം ചെയ്യുന്നതെന്ന് പ്ലാറ്റോയെ മുൻനിർത്തി ബെഞ്ചമിന്റെ വ്യാഖ്യാതാവ് ക്രിസ്റ്റഫർ മെങ്ക് പറയുന്നുണ്ട്. നിയമത്തിന്റെ വയലൻസ് ( violence of law) എന്നാൽ നിയമം വിഷയിയിൽ കൽപ്പിക്കുന്ന ശാപം (Curse of law) തന്നെയാണെന്നാണ് പ്ലാറ്റോ വാദിക്കുന്നത്. നിയമങ്ങളുടെ ഘടന തന്നെ വയലൻസ് നിറഞ്ഞതാണ് എന്നതാണ് ബെഞ്ചമിന്റെ ഭാഷ്യം. നിയമത്തിന് വിധേയമാകുന്ന കുറ്റവാളി നിയമ കുരുക്കിൽ പെട്ട് ജീവിതം തന്നെ sacrifice ചെയ്യേണ്ട അവസ്ഥയാണ് നിയമത്തിന്റെ ഘടനയിലുള്ളത്. ഒരിക്കലും അഴിക്കാൻ കഴിയാത്ത കുരുക്കാണ് ഇന്ത്യൻ ബ്യൂറോക്രാറ്റിക് നിയമങ്ങൾക്കുള്ളത് എന്ന് മഅദനി കേസ് അന്വേഷിച്ചാൽ തന്നെ മതിയാകും. ബെഞ്ചമിൻ കാഫ്ക വായിച്ച അതേ രീതിയിൽ തന്നെയാണ് അഗമ്പനും കാഫ്‌കയെ വായിക്കുന്നത്. അതേസമയം ബ്യൂറോക്രസിയെ സംബന്ധിച്ച് കാഫ്കൻ സങ്കല്പങ്ങളെ അഗമ്പൻ വികസിപ്പിക്കുന്നുണ്ട്. സ്റ്റേറ്റിനെ absolute spirit ആക്കി ഹെഗൽ വിശേഷിപ്പിക്കുന്നത് പോലെ ബ്യൂറോക്രസിയെ അഗമ്പൻ absolute evil എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്യൂറോക്രസിയുടെ പ്രവർത്തനത്തിലെ യുക്തിരാഹിത്യം, അതിലെ വയലൻസ് അടങ്ങിയ ഘടന എന്നിവയൊക്കെയാണ് absolute evil കൊണ്ട് അഗമ്പൻ അർത്ഥമാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യമേഖലയിലെ ഏറ്റവും പ്രമുഖ ദൈവശാസ്ത്രജ്ഞൻ എന്നാണ് അഗമ്പൻ കാഫ്കയെ വിശേഷിപ്പിക്കുന്നത്. The trial നെ കുറിച്ച് ശ്രദ്ധേയമായ ചിന്തകൾ പങ്കു വെച്ച് അഗമ്പൻ അതിലെ കോടതിയെ അജ്ഞാതനായ ദൈവ ( unknown god) മായിട്ടാണ് വിശേഷിപ്പിക്കുന്നത്. അഗമ്പനെ സംബന്ധിച്ചിടത്തോളം കോടതിയുടെ ആത്യന്തിക ലക്ഷ്യം വിധി പ്രസ്താവനയാണ്. അല്ലാതെ നീതി സ്ഥാപിക്കലോ സത്യത്തെ തെളിയിക്കലോ അല്ല. വിധിനിർണയം (Judgement ) ഒരു മാർഗം അല്ല സ്വയം ഒരു ലക്ഷ്യം ആണ്. ഇത്തരത്തിൽ All powerful ആയ എന്നാൽ ഒരിക്കലും പിടികൊടുക്കാത്ത ഒരു അജ്ഞാത ദൈവമാണ് കോടതി എന്നാണ് അഗമ്പന്റെ പക്ഷം.

വാൾട്ടർ ബെഞ്ചമിൻ

കാഫ്കയെ മനസ്സിലാക്കുന്നതിൽ ബെഞ്ചമിൻ ഒരുപാട് ദൂരം മുന്നോട്ടു പോയിട്ടുണ്ടെങ്കിലും അദ്ദേഹം കാഫ്കയെ മനസ്സിലാക്കുന്നത് Irrational framework ലാണ്. ബെഞ്ചമിൻ തന്നെ എക്സ്പീരിയൻസ് എന്ന കൃതിയിലും experience ന്റെ യുക്തിരഹിത വശ ( Irrational aspects ) ങ്ങളെയാണ് അന്വേഷിക്കുന്നത്. എന്നാൽ യുക്തി/ യുക്തിരാഹിത്യത്തിന്റെ ഏറ്റുമുട്ടലുകളെ പറ്റിയാണ് കാഫ്ക സംസാരിക്കുന്നത് The castle ലെ ഒരു വാചകം നോക്കാം. നിയമം ഒരിക്കലും അവഗണിക്കപ്പെടില്ല എന്ന് നിങ്ങൾ വിചാരിക്കും. അതൊരിക്കലും സംഭവിക്കില്ല എന്ന കാര്യത്തിൽ നിങ്ങൾ പൂർണമായി ശരിയാണ് താനും പക്ഷേ രാത്രിയിൽ അത് സംഭവിക്കില്ലെന്ന് ആർക്ക് ഉറപ്പിച്ചു പറയാൻ കഴിയുക അത് സംഭവിക്കുക തന്നെ ചെയ്യും.” ഇവിടെ യുക്തിയും അയുക്തിയും ഒരേസമയം പ്രവർത്തിക്കുന്നു ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ കാഫ്ക നമുക്ക് കാണിച്ചു തരുന്നത്. കാഫ്കയെ സംബന്ധിച്ചിടത്തോളം യുക്തിയും അയുക്തിയും ആധുനികതയുടെ ഇരുവശങ്ങൾ തന്നെയാണ്.

ആധുനികത കാഫ്കയിൽ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ആധുനികജീവിതം സൃഷ്ടിച്ച വിള്ളലുകളും കാഫ്‌കയെ അങ്ങേയറ്റം ബാധിച്ചിരുന്നു എന്നും അവ തന്റെ എഴുത്തുകളിൽ പ്രകടമായിരുന്നുവെന്നും സൂസൻ ഹാൻഡിൽമാൻ തന്റെ The fragments of redemption എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ആധുനികത സുതാര്യത, യുക്തി എന്നിവയൊക്കെ വാദിച്ചെങ്കിലും അവയുടെ വൈപരീത്യ വ്യവസ്ഥകളെയാണ് അത് കൊണ്ടുവന്നതെന്ന് കാഫ്‌ക കുറ്റപ്പെടുത്തുന്നുണ്ട്. ആധുനികത കൊണ്ടുവന്ന സ്റ്റേറ്റ് നിയമങ്ങൾ അൽപ്പം പോലും സുതാര്യ (Transparency ) മല്ലെന്നും വിഷയികൾക്ക് ഒരിക്കലും പിടികൊടുക്കാതതാണ് അതെന്നും The problems of our law ൽ കാഫ്ക കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല നിയമത്തെ അറിയാനുള്ള അന്വേഷണം പാഴ്‌വേലയാണ് എന്നും അതിൽ ഒരു യുക്തിയും ഇല്ലെന്നും അത് നമ്മെ വട്ടം കറക്കുന്ന ഒരു വ്യവസ്ഥയാണ് അതെന്നുമാണ് Before the law എന്ന parable ൽ അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

എൻ.മുഹമ്മദ് ഖലീൽ