Campus Alive

സെക്സുലരിസം: നിഖാബ് നിരോധന വ്യവഹാരങ്ങളും മതേതര ശരീരത്തിന്റെ ലൈംഗീക നിർണ്ണയങ്ങളും.

(പൊതു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനും ആശുപത്രികൾ, സർവ്വകലാശാലകൾ, പൊതുഗതാഗതം തുടങ്ങിയ ഭരണകൂട സേവനങ്ങൾ സ്വീകരിക്കാനും സ്ത്രീകൾ തങ്ങളുടെ മുഖപടങ്ങൾ നീക്കണമെന്ന നിയമം പാസാക്കിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കനേഡിയൻ സ്റ്റേറ്റ് ആയ ക്യുബെക്ക്. എല്ലാ മതചിഹ്നങ്ങളും പൊതു യിടത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന തരത്തിൽ പ്രസ്തുത ബില്ല് വീണ്ടും കാനഡയിൽ സംവാദ വിഷയമാവുകയാണ്. കേരളത്തിലും നിഖാബ് വീണ്ടും സംവാദവിഷയമായി തീരുന്ന സാഹചര്യത്തിൽ നിഖാഖ് നിരോധന ചർച്ചകളിലൂടെ വെളിവാകുന്ന മതേതര ശരീരത്തിന്റെ ലിംഗ നിർണ്ണയങ്ങളെ കുറിച്ച് 2014ൽ immanent frame ൽ ജെന്നിഫർ.എ. സെൽബിയും മായാന്തി.എൽ. ഫെർണാഡോയും  ചേർന്ന് എഴുതിയ Short Skirts and Niqab bans: On sexuality and the secular body എന്ന ലേഖനത്തിന്റെ ആശയ വിവർത്തനം തുടർ സംവാദങ്ങൾക്കായി പ്രസിദ്ധീകരിക്കുകയാണ്.)

 

പൊതുസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനും ആശുപത്രികൾ, സർവ്വകലാശാലകൾ, പൊതുഗതാഗതം തുടങ്ങിയ ഭരണകൂട സേവനങ്ങൾ സ്വീകരിക്കാനും സ്ത്രീകൾ തങ്ങളുടെ മുഖപടങ്ങൾ നീക്കണമെന്ന നിയമം പാസാക്കിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കനേഡിയൻ സ്റ്റേറ്റ് ആയ ക്യുബെക്ക്. എല്ലാ മതചിഹ്നങ്ങളൂം പൊതുയിടത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന തരത്തിൽ പ്രസ്തുത ബില്ല് വീണ്ടും കാനഡയിൽ സംവാദ വിഷയമാവുകയുണ്ടായി

2011 ൽ ഫ്രാൻസിൽ പാസാക്കിയ നിഖാബ് നിരോധന നിയമങ്ങളുടെ യുക്തി തന്നെയാണ് കൂബെക്ക് ബില്ലിലും പ്രതിധ്വനിക്കുന്നത്. ലിംഗനീതിയും സ്ത്രീവിമോചനവുമാണ് ഇത്തരം നിയമങ്ങളുടെ പ്രാഥമിക ലക്ഷ്യമായി ഈ രാജ്യങ്ങൾ കാണുന്നത്. സ്വതന്ത്ര്യവും സമത്വവും ലിംഗസമത്വത്തിലൂടെയും ലിംഗസ്വാതന്ത്രത്തിലൂടെയും ആവിഷ്കരിക്കുന്ന ഒരു മതേതര മോഡലാണ് ഫ്രാൻസും ക്യുബെക്കും ഇവിടെ പിൻപറ്റാൻ ശ്രമിക്കുന്നത്. സെക്സുലരിസം എന്ന് പ്രമുഖ ഫെമിനിസ്റ്റ് ചരിത്രകാരിയായ ജോൺ ഡബ്ലു സ്കോട്ട് വിശേഷിപ്പിച്ച മതേതര ലിബറൽ വ്യവഹാരത്തെയാണ് നിഖാബ് നിയന്ത്രണം പോലുള്ളവ പ്രതിനിധീകരിക്കുന്നത്. മതേതരത്വത്തെ സ്ത്രീകളുടെ ലൈംഗീക സ്വതന്ത്ര്യവും ലൈംഗീക സമത്വവും ഉറപ്പു വരുത്തുന്ന ഏറ്റവും മികച്ച ഉപാധിയായി കാണുകയും അതുവഴി പടിഞ്ഞാറിനെ സ്ത്രീ മർദ്ദകരായ ഇസ്ലാം പോലുള്ള ഇതരരിൽ നിന്ന് വേറിട്ട് കാണുകയും ചെയ്യുന്നതിനെയാണ് സ്കോട്ട് സെക്സുലരിസം എന്ന് വിശേഷിപ്പിച്ചത്.

മുഖപടത്തോടുള്ള മതേതര പ്രതികരണങ്ങളെ കുറിച്ച് ഒരുപാട് എഴുതപ്പെട്ടുണ്ട്. രാഷ്ട്രീയ സെക്യുലരിസത്തോട് മുഖപടവും ഇസ്ലാമിക ഭക്തിയും മുന്നോട്ട് വെക്കുന്ന ചോദ്യങ്ങളെയാണ് അവയിൽ പലരും കേന്ദ്രീകരിച്ചത്. എന്നാൽ മതപരത പോലെ തന്നെ മതേതരത്വവും മുന്നോട്ട് വെക്കുന്ന ധാർമികവും, സാമൂഹികവും, ഭൗതികവുമായ ചിത്തഗുണങ്ങളെ അന്വേഷിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. അഥവാ മതേതരത്വത്തിന്റെ രാഷ്ട്രീയത്തെ മാത്രമല്ല അതിന്റെ ഇന്ദ്രിയാനുഭവങ്ങളെ കുറിച്ചും വൈകാരിക പ്രതലത്തെ കുറിച്ചും മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഒരു മതേതര ശരീരം ഉണ്ടോ എന്ന ചോദ്യം ചാൾസ് ഹിഷ്ക്കിന്ദ് മുമ്പ് ചോദിച്ചിരുന്നു. അതു പോലെ മതേതര വിഷയിക്ക് മാത്രം ബാധകമായ രീതിയിൽ മനുഷ്യാനുഭൂതികളുടെ സവിശേഷമായ രൂപവിന്യാസം ഉണ്ടോ? അതാണോ നമ്മുടെ മതേതര സമൂഹത്തെ നിർണ്ണയിക്കുന്നത്? മൈകൾ വാർണർ ചോദിക്കുന്നത് പോലെ എന്താണ് മതേതരത്വത്തിന്റെ ജീവിതവും മൂർത്തമായ ഭാവവും?ശാരീരികമായ മതേതരത്വവും മതേതര യുക്തിയുടെ നേരിയ ആഖ്യാനങ്ങളും ബന്ധപ്പെട്ട് നിൽക്കുന്നത് എങ്ങനെയാണ്?

ചാള്‍സ് ഹിഷ്‌കിന്ദ്‌

ലൈംഗീകവും ലിംഗഭേദത്തിലൂന്നിയ മാനദണ്ഡങ്ങളിലൂടെ മതേതര ശരീരം നിർണ്ണയിക്കപ്പെടുന്ന ഘടകങ്ങളെ വരച്ചിടാനാണ് നിഖാബ് നിരോധനത്തെ വിശകലനം ചെയ്ത് ഞങ്ങൾ ശ്രമിക്കുന്നത്. അഥവാ ഒരു മതേതര ശരീരമുണ്ടോ എന്ന ചോദ്യത്തെക്കാൾ ശരീരത്തിനു മേൽ വിശിഷ്യാ സ്ത്രീ ശരീരങ്ങൾക്ക് മേലുള്ള മതേതര നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കുന്നതാണ് ഈ ലേഖനം. മതേതര ശരീരം ലിംഗപദവിയുടെയും (Gender) ലിംഗഭേദത്തിൻറെയും (Sex) നിയന്ത്രണങ്ങളിലൂടെ എങ്ങനെ രൂപപ്പെടുന്നു എന്നതാണ് ഞങ്ങളുടെ മൗലികമായ ചോദ്യം. എന്താണ് ശരിയായ സ്ത്രീ വിഷയി, സ്ത്രൈണത എന്നീ ചോദ്യങ്ങൾക്ക് സവിശേഷമായ പെരുമാറ്റച്ചട്ടം ഇറക്കുക വഴി മതേതരത്വവും ലിംഗപരമായ ചുമതലകളും തമ്മിലുള്ള ബന്ധമാണ് ഫ്രഞ്ച് / ക്യുബെക്ക് കേസുകളിലൂടെ വെളിവാകുന്നത്.

ഈജിപ്തിൽ നിന്നുള്ള, കുടിയേക്കാരിയായ, നിഖാബ് ധരിച്ച സ്ത്രീ ഫ്രഞ്ച് ഭാഷാ പഠനത്തിന് പ്രത്യേക അനുമതിക്കായി അപേക്ഷിച്ചതിനെ തുടർന്നാണ് ക്യുബെക്ക് ദേശീയ അസംബ്ലിയിൽ ഈ ബില്‍ അവതരിപ്പിക്കപ്പെടുന്നത്. വ്യക്തികൾ പൊതുതത്വം എന്ന നിലയിൽ സേവനങ്ങൾ സ്വീകരിക്കുമ്പോൾ അവരുടെ മുഖം കാണിക്കണമെന്ന മാർഗ്ഗനിർദ്ദേശം ബിൽ മുന്നോട്ടു വെച്ചു. സ്ത്രീ-പുരുഷ തുല്യത, ഭരണകൂടത്തിന്റെ മതപരമായ നിഷ്പക്ഷത എന്നീ തത്വങ്ങളെ ബഹുമാനിക്കാത്തവർക്ക് രാജ്യത്ത് താമസിക്കാനുള്ള അംഗീകാരം നൽകാനാവില്ല എന്ന് ഭരണാധികാരികൾ ഉറപ്പിച്ച് പറഞ്ഞു. സ്ത്രീകളുടെ അവകാശത്തെയും മതേതര നിഷ്പക്ഷതയെയും കൂട്ടി ചേർത്ത് കാണുന്ന ഈ പ്രവണത കൗൺസിൽ ഓൺ ദി സ്റ്റാറ്റസ് ഓഫ് വുമൺ പുറത്തിറക്കിയ 161 പേജുള്ള റിപ്പോർട്ടിലും വ്യക്തമായിരുന്നു.

2004 ലെ ശിരോവസ്ത്ര നിരോധന നിയമത്തിന് മുന്നോടിയായി ഫ്രഞ്ച് സ്റ്റാറ്റസി കമ്മീഷൻ റിപ്പോർട്ട് ക്യുബെക്ക് റിപ്പോർട്ടിൽ ഉദ്ധരിക്കപ്പെടുകയുണ്ടായി. വ്യത്യസ്ത ലിംഗവിഭാഗങ്ങൾക്കിടയിലെ തുല്യത എന്ന തത്വമില്ലാതെ മതേതരത്വം സങ്കൽപിക്കാനാവില്ല എന്നായിരുന്നു ഫ്രഞ്ച് കമ്മീഷൻ നിലപാട്. ലിംഗസമത്വം എന്ന മതേതര പ്രതിബദ്ധതക്ക് ഭീഷണിയായിത്തീരുന്ന കനേഡിയൻ ബഹുസാംസ്കാരിക വാദത്തെയും കുബെക്കെൻ തുറന്ന ജനാധിപത്യത്തെയും CSF റിപ്പോർട്ട് വിമർശിക്കുകയും ചെയ്തു. റിപ്പോർട്ട് പൊതുവായി എല്ലാ രാഷ്ട്രീയ-മത തീവ്രവാദങ്ങളെയും ഉൾകൊള്ളുന്ന ഭാഷയിലാണ് എഴുതപ്പെട്ടതെങ്കിലും മിക്ക ഉദാഹരങ്ങളും ഇസ്ലാമുമായും മുസ്ലിംങ്ങളുമായും ബന്ധപ്പെട്ടതായിരുന്നു! അങ്ങനെ റാഡിക്കൽ ഇസ്ലാമിനോടുള്ള പോരാട്ടം സ്ത്രീ അവകാശങ്ങളുമായും പുതിയ മതേതര പ്രതിബന്ധതയുമായും കൂട്ടിച്ചേർക്കുകയും ചെയ്തു. ശിരോവസ്ത്രം അഴിച്ച സ്ത്രീയുടെ മുഖത്തെ കുറിച്ച റിപ്പോർട്ടിന്റെ ഊന്നൽ ശ്രദ്ധേയമായിരുന്നു. നിക്ഷ്പക്ഷമായിത്തീരുന്നതിന് സ്ത്രീശരീരങ്ങൾ മതമുക്തവും അവരുടെ മുഖം നഗ്നവുമായിരിക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് വാദിക്കുന്നു.

നിരപേക്ഷമായ ഒരു വസ്ത്രധാരണ രീതിയും തുറന്നിട്ട മുഖവും സ്ത്രീകളെ പുരുഷാധിപത്യപരമായ മതപാരമ്പര്യങ്ങളിൽ നിന്ന് രക്ഷിക്കുമെന്നും അതവർക്ക് സാമൂഹികവും പൗരത്വപരവുമായ അവകാശങ്ങൾ തുറന്ന് നൽകുമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. കത്തോലിക്കാ സത്തയിൽ നിന്ന് മതേതരത്വം ഒരിക്കൽ സ്ത്രീയെ സംരക്ഷിച്ചത് പോലെ ഇസ്ലാമിൽ നിന്നും മതമുക്തമായ ശരീരനിർമ്മിതിയിലൂടെ സ്ത്രീ ശരീരത്തെ സംരക്ഷിക്കാനാവും എന്നും റിപ്പോർട്ട് കരുതുന്നു.

നിഖാബ് നിരോധനത്തെ കുറിച്ചുള്ള വിപുലമായ ഒരാഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും നഗ്നമുഖം അഥവാ മുഖപടമില്ലാത്ത മുഖം എന്ന നിരന്തരമായ പ്രയോഗം ശ്രദ്ധിക്കേണ്ടതാണ്. തുറന്ന മുഖം എന്നാൽ ശിരോവസ്ത്രമില്ലാത്തത് എന്ന് മാത്രമാണ് അർത്ഥം. അല്ലാതെ മേക്കപ്പോ ടാറ്റു പോലുള്ള മുദ്രണങ്ങളോ മറ്റു അലങ്കാരങ്ങളോ അല്ല. ഇത് ഇസ്‌ലാം
എന്ന സവിശേഷ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്നതും ക്യുബെക്കൻ മതേതരത്വത്തിന്റെ സവിശേഷമായ ലിംഗഭേദങ്ങളും നിയമങ്ങളും ലിംഗ നിർവ്വഹണങ്ങളും ഊട്ടിയുറപ്പിക്കുന്നതുമാണ്. സ്ത്രീകളുടെ തുറന്ന മുഖത്തോടുള്ള അടുപ്പം റിപ്പോർട്ടിൽ സ്പഷ്ടമാവുമ്പോഴും ആ അടുപ്പത്തിൽ പ്രകടമാവുന്ന ലിംഗ  ഭേദക്രമങ്ങളെ അത് പരിഗണിക്കുന്നില്ല.

നിക്കോളാസ് സര്‍ക്കോസി

2008 ൽ ദേശീയ അസംബ്ലിയിലെ ഡെപ്യൂട്ടി ലീഡറായ ആൻഡ്രി ഗെറിൻ തന്റെ സ്റ്റേറ്റിൽ വർധിച്ചു വരുന്ന നിഖാബ് ധാരിണികളെ കുറിച്ച് സംസാരിക്കുകയുണ്ടായി. മുഖപടത്തെ കുറിച്ച ഫ്രഞ്ച് വ്യവഹാരം പോലെ സാമൂഹികശാസ്ത്രപരമായ ഒരു തെളിവും കൂടാതെ വൈകാരികമായ അഭിപ്രായ പ്രകടനങ്ങളെ മാത്രം അവലംബിച്ചാണ് ഗെറിൻ ഈ പ്രസ്താവനകൾ നടത്തിയത്, അദ്ദേഹവും 57 മറ്റ് അംഗങ്ങളും മുഖാവരണം എന്ന പ്രശ്നത്തെ പഠിക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചു. പ്രസിഡണ്ട് നിക്കോളസ് സർക്കോസി ഇതംഗീകരിക്കുകയും ഗെറിനെ പഠന കമ്മീഷൻ അദ്ധ്യക്ഷനാക്കുകയും ചെയതു. ഒരൊറ്റ നിഖാബ് ധാരിണികളെയും അഭിമുഖീകരിക്കാതെയാണ് 211 വ്യക്തികളെ അഭിമുഖം നടത്തി 658 പേജുള്ള റിപ്പോർട്ട് 2010 ജനുവരിയിൽ ദേശീയ അസംബ്ലിയിൽ സമർപ്പിച്ചത്.

മുഖപടം അണിയുന്ന സ്ത്രീകൾക്ക് അവരുടെ അന്തസും സ്ത്രീത്വവും വ്യക്തികൾ എന്ന നിലയിലുള്ള സ്വത്വവും നഷ്ടമാകുന്നതായി ഈ റിപ്പോർട്ട് വാദിച്ചു. നിഖാബ് അത് ധരിക്കുന്നവർക്ക് സമ്പൂർണ്ണ വ്യക്തിത്വം തന്നെ നിഷേധിക്കുന്നു എന്നായിരുന്നു അവരുടെ വാദം. പക്ഷെ അതെങ്ങനെ എന്ന ചോദ്യത്തിന് സ്ത്രൈണതയെ കുറിച്ച സവിശേഷ ഭാവനകളെ സൂചിപ്പിച്ചാണ് ഗെറിൻ കമ്മീഷൻ മറുപടി നൽകിയത്. 2009 ൽ പുറത്തിറങ്ങിയ Skirt Day എന്ന സിനിമയെ സൂചിപ്പിച്ചാണ് ഈ വാദഗതി ഉയർത്തി വിട്ടത്.

അരികുവൽക്കരിക്കപ്പെട്ട നഗരപ്രാന്തത്തിലെ ഒരു സ്കൂൾ അധ്യാപികയുടെ അനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അവിടെ ആൺകുട്ടികൾക്ക് സ്ത്രീകളെ ഒരു ബഹുമാനവുമില്ല. ഒരു ദിവസം പ്രധാനധ്യാപകന്റെ വിലക്കുണ്ടായിട്ടും തന്റെ ഇഷ്ട വസ്ത്രമായ സ്കേർട്ട് ധരിച്ച് അധ്യാപിക സ്കൂളിലെത്തുന്നു. അത് അവർ അപമാനിക്കപ്പടാൻ കാരണമാവുന്നു. തുടർന്നുണ്ടാവുന്ന സംഘർഷങ്ങൾക്കൊടുവിൽ അധ്യാപിക വിദ്യാർത്ഥികളിൽ നിന്ന് കണ്ടെടുത്ത തോക്ക് ഉപയോഗിച്ച് അവരെ ബന്ധികളാക്കുന്നു. ബന്ധികളെ മോചിപ്പിക്കണമെങ്കിൽ സർക്കാർ ഒരു ദിവസം സ്കേർട്ട് ഡേ ആയി പ്രഖാപിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. സ്കേർട്ട് ഇടുന്നവർ വേശ്യകളല്ല എന്ന് ഗവർമെന്റ് പ്രഖ്യാപിക്കുകയും സ്കേർട്ട് ധരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ദിവസം പോലീസുമായുള്ള സംഘർഷത്തിൽ അവർ കൊല്ലപ്പെടുകയും അവരുടെ ശവസംസ്കാര ചടങ്ങിൽ പെൺകുട്ടികൾ സ്കേർട്ട് ധരിച്ച് വരികയും ചെയ്യുന്നു. സിനിമക്കൊടുവിൽ അധ്യാപികയും നഗര പ്രാന്തത്തിലെ കുടിയേറ്റ മുസ്ലിംകളെ പോലെ നോർത്ത് ആഫ്രിക്കൻ കുടിയേറ്റക്കാരിയാണെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ഗെറിൻ കമ്മീഷൻ അവരുടെ റിപ്പോർട്ടിൽ ഒരു ഭാഗം തന്നെ ഈ സിനിമക്കായി മാറ്റി വെച്ചിരുന്നു. ഈ സിനിമയെ കുറിച്ച് സംവദിക്കുന്നതിന് കമ്മീഷൻ പലരെയും ക്ഷണിച്ചു. റിപ്പബ്ലിക്കൻ ഫെമിനിസ്റ്റായ എലിസബത്ത് ബാറ്റിന്റർ കുടിയേറ്റക്കാർക്ക് ഭുരിപക്ഷമുള്ള ഒരു പബ്ലിക് സ്കുളിൽ സിനിമ കണ്ട അനുഭവം കമ്മീഷനുമായി പങ്ക് വെച്ചു. ആ പ്രദേശത്തും സ്കർട്ട് ധരിക്കുന്ന പെൺകുട്ടികളുടെ അഭാവമാണ് അവരുടെ ശ്രദ്ധ പതിഞ്ഞ വിഷയം.

സിനിമയിലേത് പോലെ മഗ്രിബ് മുസ്‌ലിംകളുടെ സാംസ്കാരിക ശീലങ്ങളും അത് പെൺകുട്ടികൾക്ക് മേൽ മാന്യമായ വസ്ത്രധാരണം നടത്തുന്നതിനുള്ള സമർദ്ദവുമാണ് സ്കർട്ട് ധാരിണികളുടെ കുറവിന് കാരണമെന്നും അവർ വാദിച്ചു. വുമൺസ് വേൾഡിന്റെ ഒലിവിയ കാറ്റൻ കുടിയേറ്റകർക്കിടയിലെ സ്കേർട്ട് ധാരണികളായ പെൺകുട്ടികളുടെ കുറവും ആണത്തമുള്ള പെൺകുട്ടികളെ കുറിച്ചുള്ള അവരുടെ ആശങ്കകളും കമ്മിഷനു മുന്നിൽ വെച്ചു.

സ്കേർട്ട് ഡേ ഒരു സിനിമ മാത്രമല്ല ദൈനംദിനാനുഭവമാണെന്നാണ് മറ്റു ചിലർ സംഗ്രഹിച്ചത്. സിനിമയെ കുറിച്ച ഈ ദീർഘ ചർച്ച ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. കുടിയേറ്റക്കാരായ യുവതികളിലെ മിനി സ്കേർട്ടിന്റെ അഭാവം എന്ന അനുബന്ധകഥ എങ്ങനെയാണ് മുഖാവരണത്തിന്റെ പൊതു ഇടത്തിലെ സ്വീകാര്യതയെ കുറിച്ച ഒരു അന്വേഷണത്തിൽ പ്രധാനമാവുന്നത്? ഒലിവിയ കാറ്റൻ ആ ബന്ധം വ്യക്തമാക്കുന്നുണ്ട്. സ്കർട്ട് ധാരിണികളുടെ കുറവും ആണത്വം പ്രകടിപ്പിക്കുന്ന പെൺകുട്ടികളുടെ സാന്നിധ്യവും ചെറുപ്പകാരികൾക്ക് പെണ്ണത്വം നിഷേധിക്കുന്ന സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അത് സ്ത്രീ സമത്വം നശിക്കുന്നതിന്റെ ലക്ഷണമാണ്. ഇതെല്ലാം ഇസ്ലാമീക മതമൗലീക വാദത്തിന്റെ ഉയർച്ചയുടെ പ്രതിഫലനമാണ്. നിഖാബ് അതിന്റെ പ്രതിനിധാനമാണ്.

ഫലേദ അമാറ

ഷോർട്ട് സ്കേർട്ട് ധാരിണികളുടെ കുറവിലുള്ള അമ്പരപ്പിനോടൊപ്പം റിപ്പോർട്ടിലെ പെണ്ണത്തത്തെ കുറിച്ച ആഖ്യാനങ്ങൾ കൈവരിക്കുന്ന സവിശേഷ രൂപവും ശ്രദ്ധിക്കേണ്ടതാണ്. 2004 ലെ ശിരോവസ്ത്ര നിരോധന നിയമത്തെ അതിശകതമായി പിന്തുണച്ച ഫ്രാൻകോ മഗ്രിബി ഫെമിനിസ്റ്റ് മൂവ്മെന്റി (NPNS)ന്റെ സ്ഥാപക, ഫദേല അമാറയുടെ വാദങ്ങൾ ഇതിനുദാഹരമാണ്. തങ്ങളുടെ പെണ്ണത്തത്തെ കാണിക്കുന്ന ഷോർട്ട് സ്കർട്ട്, ഇറുകിയ ജീൻസ്, ലോ കട്ട് ബ്ലൗസ് എന്നിവ ധരിക്കുന്നത് ഞങ്ങൾ സ്വാഭാവികമായി കരുതുന്നു എന്നായിരുന്നു അവരുടെ വാദം. മറ്റൊരു NPNS നേതാവായ സിഹെം ഹബ്ച്ചി മുഖാവരണം സ്ത്രീ വ്യകതിത്വം നഷ്ടപ്പെടുത്തുന്നതായി കമ്മീഷനു മുന്നിൽ സാഷ്യപ്പെടുത്തി. താൻ മുഖപടധാരിണികളെ പോലെ തന്റെ ശരീരത്തെ കുറിച്ച് ലജ്ജിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ഹബ്ച്ചി തന്റെ ജാക്കറ്റു ഊരിമാറ്റി തുറന്ന ഷോൾഡർ കാണിക്കുകയും ചെയ്തു. തുറന്ന ഷോൾഡർ പ്രതിനിധീകരിക്കുന്നത് മതേതരത്തിന്റെ ഗ്ലേഷണമാണെന്ന് അഭിനന്ദിച്ച കമ്മീഷൻ അവരുടെ നടപടിയെ കൈയടിച്ച് പ്രോൽസാഹിപ്പിച്ചു. മുഖാവരണത്തിനെതിരായ വിമർശനങ്ങൾ മതതരത്വത്തെ പ്രതിരോധിക്കുന്നതിനായാണ് ഗെറിൻ കമ്മീഷനും ഹബ്ച്ചിയും അംറയും ഉന്നയിക്കുന്നത്. മതേതര മൂല്യങ്ങളായ വ്യക്തിത്വത്തിൻറെ സ്വയം നിർണ്ണയാവകാശം, ലിംഗ സമത്വം എന്നിവയെ സവിശേഷമായ ഹെട്രോ ഫെമിനിറ്റിയുമായും ലൈംഗീക ചട്ടക്കൂടുകളുമായും ബന്ധപ്പെടുത്തിയാണ് ഈ വാദം ഇവർ ഉന്നയിക്കുന്നത്.

സിഹെം ഹബ്ച്ചി

മേക്കപ്പ്, ഷോർട്ട് സ്കേർട്ട്  തുടങ്ങിയ ചില സൗന്ദര്യ ശീലങ്ങളും തുറന്നിട്ട കാലുകൾ, ചുമലുകൾ, മറക്കാത്ത മുടി, തുറന്ന മുഖം തുടങ്ങിയ ശരീരപ്രദർശനത്തിന്റെ ചില രൂപങ്ങളുമാണ് സവിശേഷമായി പെണ്ണത്തമായി മനസ്സിലാക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മേക്കപ്പിടുന്നതും വസ്ത്രങ്ങൾ അഴിക്കുന്നതും സ്വാഭാവികതയായും പ്രകൃതിപരമായ ശീലമായും കണക്കാക്കുകയും അതാണ് സ്ത്രീകൾ വ്യക്തികൾ എന്ന നിലയിൽ കാംക്ഷിക്കുന്നത് എന്നു ഭാവിക്കുകയും ചെയ്തുകൊണ്ടാണ് ഈ പെണ്ണത്തമാതൃക സ്വാഭാവികവൽകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിഖാബ് തടയുമെന്ന് കരുതുന്ന പ്രലോഭിപ്പിക്കാനുള്ള കഴിവാണ് ഈ പെണ്ണത്തത്തിന്റെ മറ്റൊരു സ്വാഭാവികത. നാൻസി എന്ന സിറ്റിയുടെ മേയറായ അൻഡ്രി റോസിനോട്ട് ഗെറിൻ കമ്മീഷനു മുന്നിൽ സാക്ഷ്യപ്പെടുത്തിയത് അതാണ്. തങ്ങളുടെ പ്രതിഛായക്ക് മേൽ സ്ത്രീകൾക്ക് നിയന്ത്രണമില്ലാത്ത, തങ്ങളെ സ്വയം പ്രത്യക്ഷപ്പെടുത്താനാവാത്ത, എപ്പോഴും പുറത്ത് നിൽക്കേണ്ടി വരുന്ന, ആരെയും ആകർഷിക്കാനാവാത്ത (Seduce) ഒരു ലിംഗക്രമത്തിന്റെ ഭാഗമായാണ് റോസിനോട്ട് നിഖാബിനെ കാണുന്നത്. റോസിനോട്ടിന്റെ ഈ പരാമർങ്ങൾ ഫ്രഞ്ച് മുഖപട ചർച്ചയെ കുറിച്ച ജോൺ ഡബ്ലു സ്കോട്ടിന്റെ ശ്രദ്ധേയമായ നീരീക്ഷണങ്ങൾ വെച്ച് പരിശോധിക്കേണ്ടതുണ്ട്.

ഫ്രഞ്ച് സെക്കുലർ റിപ്പബ്ലിക്കൻ പ്രത്യശയാസ്ത്രത്തിൽ കർതൃത്വ രൂപീകരണം കേവലം സംവാദാത്മകം മാത്രമല്ല മൗലീകമായി തന്നെ ലിംഗഭേദത്തിലൂന്നിയതുമാണ് എന്നാണ് സ്കോട്ട് വാദിക്കുന്നത്. പുരുഷ കാമനകളെ ആശ്രയിച്ച് നിൽക്കുന്ന സ്ത്രൈണ സ്വത്വങ്ങളെ പുരുഷൻമാർ അഭിവാദ്യം ചെയ്യും. ഈ പുരുഷ കാമനകളാവട്ടെ ദൃശ്യ ഉദ്ദീപനങ്ങളെ ആശ്രയിച്ചുമാണ് നിലനിൽക്കുന്നത്. പ്രലോഭനവും ആൺനോട്ടങ്ങളും കർത്യത്വ രൂപീകരണത്തിൽ അതിനാൽ പ്രധാനമാണ്. സ്ത്രീ മുഖങ്ങളുടെയും ശരീരങ്ങളുടെയും ദൃശ്യാസ്വാദനമാണ് ഇവിടെ സ്ത്രീയെ പെണ്ണിനെ പോലെയാക്കിത്തീർക്കുന്നത്. സ്ത്രീ ശരീരവും മുഖവും കാണാനുള്ള പുരുഷന്റെ കഴിവ് അവനെ ആണാക്കി തീർക്കുന്നത് പോലെ…, ഈ നിലയിൽ നോക്കുമ്പോൾ നിഖാബ് സ്ത്രീകളുടെ പെണ്ണത്തത്തിനും പുരുഷന്മാരുടെ ആണത്തത്തിനും മേലുള്ള കൈയ്യേറ്റം മാത്രമല്ല, വിശാലമായി പറയുകയാണെങ്കിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും വിഷയികൾ എന്ന നിലയിലുള്ള നിലനിൽപ്പിനു തന്നെ വെല്ലുവിളിയാണ്.

ഇത് ലിംഗഭേദവും ലിംഗപദവിയും തമ്മിലുള്ള വ്യത്യാസം തകർത്ത് സ്ത്രീ ശരീരവും സ്ത്രൈണ ലിംഗ പദവിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നു. അപ്രകാരം പുരുഷശരീരവും ആൺലിംഗ പദവിയും. ഇതുകൊണ്ടാണ് ഷോർട്ട് സ്കേർട്ടും മേയ്ക്കപ്പും പെണ്ണത്തത്തിന്റെ ഉറപ്പിക്കലായും തങ്ങളുടേതായ ഇടം ഉറപ്പിക്കലായും വായിക്കപ്പെടുന്നത്. ജീവശാസ്ത്രപരമായ ലൈംഗീക വ്യത്യാസങ്ങളിലുള്ള ഈ മതേതതര ഊന്നൽ ഒരേ സമയം നിഖാബ് വിരോധികളെ ഉച്ചസ്ഥായിലുള്ള പെണ്ണത്ത ചട്ടക്കൂടിന്റെയും അതേ സമയം തന്നെ സ്ത്രീ സമത്വത്തിന്റെയും യോദ്ധാക്കളാക്കുന്നു!

ക്യുബെക്കിലെയും ഫ്രാൻസിലെയും നിഖാബ് നിരോധനവാദികളുടെ ജീവശാസ്ത്രപരമായ ലിംഗഭേദങ്ങളിലുള്ള ഊന്നൽ ശ്രദ്ധേയമാണ്. ലിംഗ സമത്വത്തിനു വേണ്ടിയുള്ള മതേതര വ്യവഹാരങ്ങളുടെ അടിത്തറ ശാരീരിക ലിംഗഭേദങ്ങളോടുള്ള പ്രതിബദ്ധതയാണ് എന്നതാണ് ശ്രദ്ധേയം. ഈ പ്രതിബദ്ധത നിലനിർത്തിയാണ് നിഖാബിന്റെ സഹജമായ ലിംഗ വ്യത്യാസങ്ങളെ കുറിച്ച വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം.

ലിംഗഭേദവും ലിംഗപദവിയും മതേതര വ്യവഹാരങ്ങൾക്കും ശീലങ്ങൾക്കും എത്രമേൽ അടിസ്ഥാനപരമാണ് എന്നതും മതേതര ശരീരത്തെ കുറിച്ച ഈ വിശകലനങ്ങളിൽ ശ്രദ്ധേയമാണ്. ചാൾസ് ഹിഷ്കിന്ദും വാർനറും മറ്റു പലരും പറഞ്ഞത് പോലെ മതേതരം എന്നത് രാഷ്ടീയവും വൈകാരിക നിരപേക്ഷവുമായ സ്ഥലങ്ങളുടെ വേർതിരിവല്ല, മറിച്ച് ശക്തമായ ചട്ടക്കൂടുകളും, വൈകാരികതയും, അനുഭൂതികളും, മൂർത്തമായ മനോഭാവങ്ങളും, ധാർമ്മിക ഭാവുകത്വങ്ങളും നിറഞ്ഞ ഒരിടമാണ്, അതിനാൽ മതശരീരത്തെ പോലെ തന്നെ മതേതര ശരീരവും സ്പഷ്ടമല്ലാത്ത അഭാവമായല്ല (Unmarked Absence) മറിച്ച് അടയാളപ്പെട്ട പൂർണ്ണ സ്ഥലം (Marked Fullness) എന്ന നിലക്ക് തന്നെയാണ് പരിശോധിക്കപ്പെടേണ്ടത്. ഇത്തരം ഒരു വിശകലനം മതേതര ശരീരം വഹിക്കുന്ന ശാരീരിക അനുഭൂതികളെയും, സഹജഭാവങ്ങളെയും, ചട്ടക്കൂടുകളെയും അതിനെ നിർണ്ണയിക്കുന്ന ലിംഗഭേദങ്ങളുടെയും ലിംഗപദവികളുടെയും നിശിതമായ വിശകലനങ്ങളിലൂടെയ സാധ്യമാവൂ.

ജെന്നിഫര്‍.എ.സെല്‍ബി, മായന്തി.എല്‍.ഫെര്‍ണാണ്ടോ