Campus Alive

സ്വവര്‍ഗ്ഗലൈംഗികതയും ഇസ്‌ലാമിന്റെ സദാചാര സങ്കല്‍പ്പവും: ചില ആലോചനകള്‍

IPC 377 ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നതിനാൽ അത് ഭാഗികമായി റദ്ദു ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഒരു നിയമം നടപ്പാക്കുമ്പോഴും റദ്ദ് ചെയ്യമ്പോഴും ഏതൊക്കെ സമുദായങ്ങളെയാണോ അത് ബാധിക്കുന്നത് അവർക്ക് അനുഗുണമാവുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമെന്ന നിലക്ക് ഈ വിധി ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തി സ്വാതന്ത്രത്തിനുള്ള അംഗീകാരമാണ്. അതുപോലെ ട്രാൻസ്ജെന്റര്‍ വിഭാഗക്കാർ ഏതൊരു നിയമത്തിന്റെ പേരിലാണോ പോലീസിന്റെ വേട്ടയാടലിന് ഇരകളാക്കപ്പെട്ടിരുന്നത്, അതിൽ നിന്നുള്ള സംരക്ഷണം ഈ നിയമം റദ്ദാക്കപ്പെടുന്നതിലൂടെ ലഭിക്കുന്നു. ഭരണഘടനാ മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിയമനിർമാണത്തിന്റെ മാനദണ്ഡം എന്നതിനാൽ തന്നെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന നിലക്ക് സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളേയോ മറ്റു ധാർമിക കാഴ്ച്ചപ്പാടുകളേയോ പരിഗണിക്കണമെന്നില്ല. എന്നാൽ നിയമത്തിനപ്പുറം വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ അവരുടെ ധാര്‍മിക കാഴ്ച്ചപ്പാടുകള്‍ക്കകത്തു നിന്നുകൊണ്ട്‌ വിഷയത്തെ വിമർശിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം കൂടി വക വെച്ച് നൽകപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ധാർമിക കാഴ്ചപ്പാടിൽ സ്വവർഗലൈംഗികത തീര്‍ത്തും അശ്ലീലവും പാപവുമാണ്. മനുഷ്യന്റെ പ്രകൃതത്തിനു വിരുദ്ധമായ കർമമായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. ലിബറൽ കാഴ്ചപ്പാടനുസരിച്ച് മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുകയോ ബാധിക്കപ്പെടുമ്പോഴോ ചെയ്യുമ്പോള്‍ മാത്രമാണ് വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിക്കപ്പെടാവുന്നത്. അതിനാൽ തന്നെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ അത് -സ്വവർഗമായാലും അല്ലെങ്കിലും- തെറ്റായ പ്രവർത്തനമാകുന്നില്ല. എന്നാൽ മറ്റൊരു വ്യക്തിയുടെ അവകാശത്തെ ഹനിക്കാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിക്കേണ്ടതില്ലെന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. അല്ലാഹുവിന്റെ അവകാശങ്ങൾ ഹനിക്കാതിരിക്കുക എന്നത് അതിൽ പ്രധാനമാണ്. അവൻ നിശ്ചയിച്ച പരിധികളിൽ നിൽക്കുക എന്നതാണ് അവനു നൽകേണ്ടുന്ന അവകാശം. അതാണ് ഇസ്‌ലാം മനസിലാക്കുന്ന ധാർമികതയും.

സ്വവർഗരതിയെ കുറിച്ച് ഖുർആൻ അതിരുകവിച്ചിൽ എന്നാണ് പ്രയോഗിച്ചത്. മനുഷ്യന്റെ താൽപര്യങ്ങളും ആഗ്രഹങ്ങളും ചോദനകളും പരിധികളില്ലാതെ സാക്ഷാൽക്കരിക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം നിരാകരിക്കുന്നു. അതാകട്ടെ സമ്പൂർണമായ നിരാകരണമല്ല മറിച്ച് പരിധികളിൽ നിന്നു കൊണ്ടുള്ള ആഗ്രഹ പൂർത്തീകരണവും ആസ്വാദനങ്ങളും നിശ്ചയിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ലോകത്തെ ആസ്വാദനത്തെയും സ്വാതന്ത്രത്തെയും കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നിർണയിക്കപ്പെടുന്നതും. മനുഷ്യ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമാധികാരം അല്ലാഹുവിനാണെന്ന നിലക്ക് ഇഷ്ടാനിഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും തിരഞ്ഞെടുപ്പ് അല്ലാഹുവിന്റെ കൽപനാധികാരത്തിനും താല്പര്യത്തിനും നൽകുക എന്നതാണ് വിശ്വാസത്തിന്റെ തേട്ടം.

മനുഷ്യന്റെ പ്രകൃതത്തിനനുയോജ്യമായ രീതിയിലുള്ള ലൈംഗികജീവിതത്തെ തന്നെ കൃത്യമായ അതിരുകള്‍ നിശ്ചയിച്ച് ക്രമപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. അതിനപ്പുറമുള്ള താൽപര്യങ്ങളെയും ചോദനകളെയും നിയന്ത്രിക്കുക എന്നതാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഹോർമോൺ വ്യതിയാനങ്ങളും മറ്റു ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നവർക്ക് പൊതു നിയമം തന്നെയാണ് ഈ വിഷയത്തിൽ ബാധകമാകുന്നത്. വൈദ്യശാസ്ത്രത്തിലൂടെ പരിഹരിക്കാനാകുന്നവർ അത്തരം മാർഗങ്ങളവലംബിക്കണം. മതമനുശാസിക്കുന്ന സദാചാര നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് അത്തരമൊരു ജീവിതം സാധ്യമല്ലാത്തവർ ആത്മനിയന്ത്രണം പാലിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാനാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. ഈ ലോകത്ത് ജീവിതത്തിലെ ആസ്വാദനങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് ക്ഷമയവലംബിക്കുന്നതിലൂടെ പകരം ഒരുപാടിരട്ടിയായി ലഭിക്കുന്ന മറ്റൊരു ലോകമുണ്ടെന്ന കാഴ്ചപ്പാട് അവർക്കുള്ള നീതി ഉറപ്പു വരുത്തുന്നുണ്ട്. അനശ്വരമായ, ആത്യന്തിക നീതി ലഭിക്കുന്ന ഇസ്‌ലാമിന്റെ പരലോകസങ്കല്‍പ്പത്തെ മുന്‍നിര്‍ത്തിയാണ് മാറ്റിവെക്കപ്പെടേണ്ട ഇഷ്ടങ്ങളേയും താല്‍പര്യങ്ങളേയും വ്യക്തിസ്വാതന്ത്ര്യത്തേയുമെല്ലാം മനസ്സിലാക്കേണ്ടത്. അവിടെയാണ് നീതി സമ്പൂർണമായി നടപ്പാക്കപ്പെടുന്നത് എന്നതിനാല്‍ അനീതിയെ കുറിച്ച ആശങ്കകൾക്ക് ഇവിടെ സ്ഥാനമില്ല.

ദൈവത്തേയും അവനിൽ നിന്നുള്ള ധാർമിക ശിക്ഷണങ്ങളെയും അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം സ്വവർഗലൈംഗികത ഒരു പ്രശ്നമല്ല. അതുപോലെ സദാചാരവുമായി ബന്ധപ്പെട്ട് വ്യക്തിയേയും സമൂഹത്തേയും സ്വാധീനിക്കുന്നത് നിയമങ്ങളേക്കാൾ വിശ്വാസ ജീവിത കാഴ്ച്ചപ്പാടുകളാണെന്നതിനാൽ ഇത് നിയമ വിധേയമാക്കുന്നതിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട കാര്യം വിശ്വാസികൾക്കുമില്ല. കാരണം നിയമങ്ങൾക്കപ്പുറമുള്ള ചില ബോധങ്ങളും ബോധ്യങ്ങളുമാണ് എത്തിക്സ് രൂപപ്പെടുന്ന അടിസ്ഥാനം തന്നെ. അതോടൊപ്പം തങ്ങളുടെ കാഴ്ചപ്പാടിൽ തെറ്റായതും സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഒരു കാര്യത്തെ എതിർക്കുക എന്നത് സമൂഹത്തോടുള്ള ഗുണകാംക്ഷ എന്ന നിലക്കും ധാർമിക ബാധ്യത എന്ന നിലക്കും ഇസ്‌ലാം പഠിപ്പിക്കുന്ന വലിയ അധ്യാപനം കൂടിയാണ്.

സുഹൈബ് സി ടി