Campus Alive

ബാല്‍ക്കന്‍-ബംഗാള്‍ മുസ്‌ലിം ആവിഷ്‌കാരങ്ങളും ദൈവശാസ്ത്ര ബഹുസ്വരതയും

What is Islam: The Importance of Being Islamic- Part- 7

ഇസ്‌ലാമിനെക്കുറിച്ച് ഞാനിതുവരെ ഉന്നയിച്ച ചോദ്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുസ്‌ലിം ചരിത്രവുമായി തന്നെ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ചോദ്യങ്ങളാണവ. അവയെല്ലാം തന്നെ 1350-1850 കാലഘട്ടങ്ങളില്‍ ബാല്‍ക്കന്‍ മുതല്‍ അനത്തോലിയ വരെയും ഇറാന്‍, മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, ഉത്തരേന്ത്യ തുടങ്ങിയ ഇടങ്ങളിലെല്ലാം വളരെയധികം സജീവമായിരുന്ന ആവിഷ്‌കാരങ്ങളായിരുന്നു. അഥവാ, Balkans-To-Bengal Complex എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന ഈ ഇടങ്ങളിലെല്ലാം വളരെ സവിശേഷമായ നാഗരികതകളും സംസ്‌കാരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അവയെല്ലാം തന്നെ ഇസ്‌ലാമിക സംസ്‌കാരം, ഇസ്‌ലാമിക നാഗരികത എന്നു തന്നെയായിരുന്നു സ്വയം അടയാളപ്പെടുത്തിയിരുന്നത്.

Balkans-to-Bengal Complex നെ സംസ്‌കാരത്തിലുള്ള സാമ്യത എന്ന നിലക്കല്ല മനസ്സിലാക്കുന്നത്. മറിച്ച് ഇസ്‌ലാമിക ജീവിതത്തിന്റെയും ചിന്തയുടെയും ഒരു പൊതുവായ ആവിഷ്‌കാരം എന്ന നിലക്കാണ്. ഇസ്‌ലാമിന് പുറത്ത്‌\അകത്ത് എന്ന് വര്‍ഗീകരിക്കുക സാധ്യമല്ലാത്ത വിധം സങ്കീര്‍ണ്ണവും സവിശേഷവുമായിരുന്നു അവ. Balkans-to-Bengal Complex നെ നമുക്ക് മുസ്‌ലിം ചരിത്രത്തിന്റെ വികാസാനന്തര ഘട്ടം (post-formative stage) എന്ന് വിളിക്കാവുന്നതാണ്. മുസ്‌ലിമാകുന്നതിന്റെ (being muslim) വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളുടെ ഘട്ടമാണത്. ആ ഘട്ടത്തിലാണ് മുസ്‌ലിം ലോകത്ത് തിയോളജിയും ഫിലോസഫിയുമെല്ലാം അവയുടെ എല്ലാ തരത്തിലുമുള്ള വൈവിധ്യങ്ങളോടും കൂടി തന്നെ വികസിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടോടു കൂടിയാണ് മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായിരുന്ന ദൈവശാസ്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നത്. അതിനര്‍ത്ഥം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കി എല്ലാവരും പിരിഞ്ഞുപോയി എന്നല്ല. മറിച്ച്, അഭിപ്രായ വ്യത്യാസങ്ങളോടു കൂടിത്തന്നെ ഇസ്‌ലാമിക സമൂഹം എന്ന നിലയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനമായിരുന്നു അത്. നാല് മദ്ഹബുകളും മുസ്‌ലിം ലോകത്ത് അങ്ങനെയാണ് നിലനിന്നത്. പരസ്പരം വെച്ചുപുലര്‍ത്തുന്ന വീക്ഷണങ്ങള്‍ക്ക് നേര്‍വിപരീതമാകുമ്പോള്‍ തന്നെ എല്ലാ മദ്ഹബുകളെയും സ്വീകരിക്കാനും എന്‍ഗേജ് ചെയ്യാനും മുസ്‌ലിംകള്‍ക്ക് സാധിച്ചിരുന്നു. മാത്രമല്ല, ഇക്കാലത്താണ് സുല്‍ത്താന്‍ (soverign), മലിക്ക് (രാജാവ്), ഖലീഫ, പാഡിഷാഹ് (emperor) തുടങ്ങിയ എല്ലാ സങ്കല്‍പ്പങ്ങളും ഒരു രാഷ്ട്രീയ ഭാവന (political imagination) എന്ന നിലയില്‍ മുസ്‌ലിം ലോകത്ത് (Balkans-to-Bengal Complex) സാര്‍വ്വലൗകികമായി തന്നെ മനസ്സിലാക്കപ്പെടുന്നത്.

ഇതര മുസ്‌ലിം സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള പ്രദേശങ്ങളില്‍ വഖഫ് സംവിധാനത്തിന്റെ വികാസഫലമായി മദ്രസ്സാ സ്ഥാപനങ്ങള്‍ നിലവിലുണ്ടായിരുന്നു. വീടുകളെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന മത അധ്യാപനങ്ങള്‍ക്ക് പകരമായിരുന്നു അത്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ വൈവിധ്യമാര്‍ന്ന നിരവധി ടെക്‌സ്റ്റുകള്‍ അവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. ലോജിക്കിനെക്കുറിച്ച ആഥിര്‍ അദ്ദീന്‍ അല്‍ അബ്ഹാരിയുടെ ഇസഗുജി (Isagoge), നജ്മുദ്ദീന്‍ അല്‍ ഖസ്വീനി അല്‍ കാത്തിബിയുടെ അല്‍-രിസാല അല്‍-ശംസിയ്യ, ഡയലറ്റിക്‌സിനെക്കുറിച്ച ശംസുദ്ദീന്‍ അല്‍ സമര്‍ഖന്ധിയുടെ രിസാല സമര്‍ഖന്ദിയ്യയും അതിന്റെ വ്യാഖ്യാനവും, ഡയലക്റ്റിക്കല്‍ ഫിലോസഫിക്കല്‍ തിയോളജിയെക്കുറിച്ച അബ്ദുദ്ദീന്‍ അല്‍ ഇജിയുടെ മവാഖിഫ്, അബുല്‍ താന അല്‍ ഇസ്ഫഹാനിയുടെ മതാലി അല്‍ അന്‍സാര്‍, തഫ്തസാനിയുടെ ശര്‍ഹ് അല്‍ മഖാസിദ്, മുഅ്തസിലിയായിരുന്ന സമഖ്ശരിയുടെ കശ്ശാഫ്, ബയ്ദാവിയുടെ അന്‍വാറുല്‍ തന്‍സീല്‍, ഹദീസ് വിജ്ഞാനം (സഹീഹ്, ബുഖാരി, മിശ്ഖാത്തുല്‍ മസാബിഹ്), ഫിഖ്ഹ് (ബുര്‍ഹാനുദ്ദീന്‍ അല്‍ മര്‍ഗിനാനിയുടെ ഹിദായ അടക്കം) തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്.

സൂഫി ത്വരീഖകളുടെ വളരെ സജീവമായ പ്രവര്‍ത്തനങ്ങളാണ് Balkan-to Bengal Complex ന്റെ മറ്റൊരു പ്രത്യേകത. സാമുദായികാടിസ്ഥാനത്തിലുള്ള ഒരു കളക്ടിവിറ്റി ത്വരീഖകളെ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്നു. ഖാന്‍ഖാഹ്, സവിയാഹ്, ദര്‍ഗ, തെക്കെഹ്, മര്‍ക്കസ് തുടങ്ങിയ വ്യത്യസ്ത പേരുകളാണ് അവക്കുണ്ടായിരുന്നത്. ദിക്ര്‍, സമാഅ്, സിയാറത്ത്, ഇഅ്തികാഫ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നിരുന്നത്. കൂടാതെ സൂഫി ടെക്സ്റ്റുകളും തഅ്‌ലീമുകളും അവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. സൂഫിസത്തെക്കുറിച്ചും സൂഫി പ്രസ്ഥാനങ്ങളെക്കുറിച്ചും പറയുമ്പോള്‍ വളരെ പ്രധാനപ്പെട്ട നാമമാണ് ഇബ്‌നുഅറബി. അദ്ദേഹത്തിന്റെ മിസ്റ്റിക്കല്‍ തത്വചിന്ത പ്രധാനമായും സദ്‌റുദ്ദീന്‍ ഖുനാവി, ദാഊദ് അല്‍ ഖയ്‌സരി തുടങ്ങിയവരിലൂടെയാണ് പ്രചരിപ്പിക്കപ്പെട്ടത്. സൂഫിസത്തില്‍ വേരൂന്നിയ ചിന്താപദ്ധതിയാണ് അവര്‍ വികസിപ്പിച്ചത്. അതേസമയം തത്വചിന്തയുടെ ഭാഷയായിരുന്നു അവരുടേത്. Ibn .Arabi wa mawlid lughah jadidah എന്ന പുസ്തകമെഴുതിയ സുആദ് അല്‍ ഹാക്കിം പറഞ്ഞത് പോലെ ഒരു പുതിയ ഭാഷയുടെ ജനനമായിരുന്നു അത്. സൂഫിസം എന്നത് തന്നെ പതിവ് ഭാഷാ കീഴ്‌വഴക്കങ്ങളെ അപനിര്‍മ്മിക്കുന്ന പുതിയൊരു ഭാഷയാണ് മുന്നോട്ടുവെക്കുന്നത്. ഇബ്‌നുഅറബിയുടെ മറ്റൊരു വ്യാഖ്യാതാവായ അബ്ദുറാസിഖ് കഷാനി സൂഫി കണ്‍സപ്റ്റുകളെക്കുറിച്ച ഒരു നിഘണ്ടു തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഇബ്‌നുഅറബിയുടെ അല്‍-ഇന്‍സാനുല്‍ കാമില്‍ (Perfect Human Being) എന്ന ആശയം തത്വചിന്താലോകത്ത് ഏറെ പ്രാധാന്യമുള്ളതാണ്. അസീസി നസാഫി (ഇറാന്‍), അബ്ദുല്‍ കരീം അല്‍ ജിലി (യെമന്‍) എന്നിവര്‍ അതിനെ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ സമ്പൂര്‍ണ്ണതയെക്കുറിച്ച സമാനമായ മറ്റൊരു ആശയമാണ് സുഹ്‌റവര്‍ദിയുടെ നൂര്‍ (ഇശ്‌റാഖ്). ബാല്‍ക്കന്‍ മുതല്‍ ബംഗാള്‍ വരെയുള്ള ഇടങ്ങളില്‍ ഇബ്‌നുഅറബിയുടെയും സുഹ്രവര്‍ദിയുടെയും മിസ്റ്റിക്കല്‍ തത്വചിന്തകള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആത്മവുമായി (self) ബന്ധപ്പെട്ട തത്വചിന്താപരമായ ആലോചനകളാണ് അവര്‍ രണ്ടുപേരും നടത്തുന്നത്. അതിനെക്കുറിച്ച് അഞ്ചാമത്തെ അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. ആത്മത്തെക്കുറിച്ച (self) വ്യവഹാരങ്ങള്‍ ബാല്‍ക്കന്‍-ബംഗാള്‍ ഇസ്‌ലാമിക സമൂഹങ്ങളുടെ ആഖ്യാനപാരമ്പര്യം തന്നെയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇബ്‌നുസീന, സുഹ്രവര്‍ദി, റൂമി, ഇബ്‌നുഅറബി, തൂസി, ഹാഫിസ്, ഫരീദുദ്ദീന്‍ അത്താര്‍, ജാമി, ശബിസ്താരി എന്നിവരുടെയെല്ലാം എഴുത്തുകളും അധ്യാപനങ്ങളുമെല്ലാം വളരെ വ്യാപകമായി തന്നെ അവിടങ്ങളില്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. സൂഫീ ജ്ഞാനലോകവുമായി ബന്ധപ്പെട്ട സന്ദേഹങ്ങളും സംഘര്‍ഷങ്ങളും ഇസ്‌ലാമിക നിയമ പണ്ഡിതര്‍ക്കിടയില്‍ സജീവമായി നിലനില്‍ക്കുന്ന കാലം തന്നെയായിരുന്നു അത് എന്നതാണ് ശ്രദ്ധേയം. അക്കാലത്തെ ഇസ്‌ലാമിന്റെ വ്യാഖ്യാനശാസ്ത്ര ഇടപാടുകള്‍ സൂഫി ജ്ഞാനലോകവുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്. അതിനാല്‍ തന്നെ ഇസ് ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച് പാരമ്പര്യം, പാരമ്പര്യേതരം എന്ന വിഭജനത്തെ മുന്‍നിര്‍ത്തിയുള്ള നോട്ടങ്ങള്‍ക്ക് പരിമിതിയുണ്ട്. അങ്ങനെയല്ല ഇസ് ലാമിക ലോകത്ത് ജ്ഞാനവ്യവഹാരങ്ങളും ഇടപാടുകളും നിലനിന്നിട്ടുള്ളത്. മുഴുവന്‍ സങ്കീര്‍ണ്ണതകളോടും കൂടിത്തന്നെ അതിനെ സമീപിക്കുന്നതാണ് അഭികാമ്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാത്ത പക്ഷം ആധുനികതയുടെ തന്നെ ബൈനറിയെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നമ്മളുടെ ജ്ഞാന ഇടപാടുകള്‍ പരിമിതപ്പെടും. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച നിര്‍ണ്ണയപരമായ സമീപനമാണത്.

ചുരുക്കത്തില്‍ ബാല്‍ക്കന്‍-ബംഗാള്‍ മുസ്‌ലിം സമൂഹങ്ങള്‍ മുസ്‌ലിം ആകുന്നതിന്റെ (on being muslim) നിര്‍മ്മാണാത്മകമായ പുതിയ സാധ്യതകളാണ് അന്വേഷിച്ചത്. അവര്‍ക്കൊരിക്കലും പാരമ്പര്യത്തിന്റെ ഭാരമുണ്ടായിരുന്നില്ല. വളരെയധികം നിര്‍മ്മാണാത്മകവും വികാസപരവുമായ തിയോളജിയെ അവര്‍ നിരന്തരം ആവിഷ്‌കരിച്ചു കൊണ്ടിരുന്നു. ഇബ്‌നുസീന, സുഹ്രവര്‍ദി, ഇബ്‌നുഅറബി എന്നിവരുടെ തത്വചിന്താപരമായ ആലോചനകളായിരുന്നു അവരുടെ ദൈവശാസ്ത്ര ഇടപാടുകളെ നയിച്ചിരുന്നത്. പാരമ്പര്യത്തെ മുന്‍നിര്‍ത്തി തങ്ങളുടെ മുസ്‌ലിം ആകലിനെ (Being Muslim) അവര്‍ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുമുള്ള ദൈവശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെയും നിലനിനിര്‍ത്തിക്കൊണ്ടു തന്നെ കളക്ടീവായി തന്നെ നിലനില്‍ക്കാന്‍ ബാല്‍ക്കന്‍-ബംഗാള്‍ സമൂഹങ്ങള്‍ക്ക് സാധ്യമായത്. ഇസ്‌ലാമിന്റെ തന്നെ പുതിയൊരു പദസഞ്ചയത്തെ തന്നെയാണ് അവര്‍ സാധ്യമാക്കിയത്. (തുടരും)

 

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ശഹാബ് അഹ്മദ്‌