Campus Alive

ഫിലോസഫിക്കല്‍ ആന്ത്രപ്പോളജിയും ആന്‍റി പൊളിറ്റിക്കല്‍ ഇസ്‌ലാമും

1.

എന്താണ് ഫിലോസഫി എന്ന ചോദ്യത്തിന് പലതരം ഉത്തരങ്ങള്‍ ലഭ്യമാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരം, ഒരു പക്ഷെ അതൊരു ഹൈഡഗേറിയന്‍ ഉത്തരമാണ്, മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള അന്വേഷണം എന്നതാണ്. ഹൈഡഗര്‍(Martin Heidegger) മനുഷ്യന്റെ ബീയിംഗിനെ ഈ ലോകത്തുള്ള എക്‌സിസ്റ്റന്‍സിന് പ്രാധാന്യം കൊടുത്തു കൊണ്ട് നിര്‍വചിക്കാന്‍ ശ്രമിച്ച ഒരു ഫിലോസഫര്‍ ആണ്. മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള അന്വേഷണം എല്ലാ ഫിലോസഫര്‍മാരും ജീവിതത്തിന്റെ ഒന്നല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ നിര്‍വഹിക്കേണ്ടി വന്നിട്ടുണ്ടാകാവുന്ന ഒന്നാണ്. അപ്പോള്‍ എന്താണ് ഫിലോസഫി എന്ന ചോദ്യത്തെ നമ്മള്‍ ഇങ്ങനെ തൃപ്തിപ്പെടുത്തും; അത് What is man എന്ന ചോദ്യത്തോടുള്ള അന്വേഷണമാണ്. അതിന്റെ മറ്റൊരര്‍ത്ഥം എന്നത് what is man എന്നത് പ്രാഥമികമായി ഒരു ഫിലോസഫിക്കല്‍ ചോദ്യം ആണ് എന്നതും കൂടിയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഫിലോസഫിക്ക് അന്വേഷിക്കാന്‍ പാകത്തില്‍ ഒരു man അവിടെ ഉണ്ടോ? What is man എന്നതിനെക്കുറിച്ചുള്ള അന്വേഷണം നിര്‍വഹിച്ച ഒരുപാട് ഫിലോസഫര്‍മാരുടെയും അവരുടെയൊക്കെ അനേകം ഉത്തരങ്ങളുടെയും ഇടയില്‍ നമുക്ക് ഒരു സിംഗിള്‍ Man എന്നതിനെ കാണാനാവില്ല. അപ്പോള്‍ പിന്നെ What is Man എന്ന (ഫിലോസഫിക്കല്‍) ചോദ്യം ലക്ഷ്യം വെക്കുന്ന ആ Man ഏതാണ്? മനുഷ്യപരിണാമപ്രക്രിയക്കിടയിലും (ആന്ത്രപ്പോളജി) ചരിത്രത്തിന്റെ വിവിധ സംഘര്‍ഷഭൂമികകള്‍ക്കുള്ളിലും (ഹിസ്‌റ്റോറിക്കല്‍) ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുന്ന ഒരു അബ്‌സല്യൂട്ട് എക്‌സിസ്റ്റന്‍സ് ഉണ്ടോ? അഥവാ, What is Man എന്ന ചോദ്യം ലക്ഷ്യം വെക്കുന്ന Man ഒരു Transcendental figure ആണോ? അല്ല, അങ്ങനെ ഒരു Transcendental Man നെക്കുറിച്ചുള്ള അന്വേഷണം സാധ്യമല്ല.മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ What is Man എന്ന ചോദ്യത്തിന്റെ ലക്ഷ്യം ഒരു സവിശേഷമായ മനുഷ്യപരിണാമത്തിന്റെയും ചരിത്രത്തിന്റെയും ഉള്ളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. അഥവാ, What is Man എന്നത് ഇനി മുതല്‍ ഒരു ഫിലോസഫിക്കല്‍ ചോദ്യമല്ല. മറിച്ച്, ആന്ത്രപ്പോളജിക്കല്‍ ചോദ്യമാണ്. അതായത്, ഫിലോസഫി മനുഷ്യ വിജ്ഞാനത്തിന്റെ ഉന്നത രൂപമാണെന്ന ധാരണ തകര്‍ന്നു എന്നര്‍ത്ഥം. ഫിലോസഫിയെ ആന്ത്രപ്പോളജി റീപ്ലൈസ് ചെയ്തു. ഇവിടെയാണ് ഫിലോസഫിക്കല്‍ ആന്ത്രപ്പോളജി ഉദയം ചെയ്യുന്നത്. എന്താണ് ഫിലോസഫിക്കല്‍ ആന്ത്രപ്പോളജി എന്ന് മനസിലാക്കാന്‍ നമുക്ക് എറ്റിനെ ബാലിബറി(Étienne Balibar)ലേക്ക് പോകാം. ഒരു ഫ്രഞ്ചു മാര്‍ക്‌സിസ്റ്റ് ഫിലോസഫറായ ബാലിബര്‍ ഹൈഡഗറിന്റെ ഒരു വിമര്‍ശകന്‍ കൂടിയാണ്. ബാലിബറിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ എല്ലായ്‌പോഴും പ്രതിനിധാനമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സംഗതിയാണ്. ബീയിംഗ് എന്നത് എന്താണ് ആ സംഭവം എന്ന്‌ അന്വേഷിക്കുന്ന ആള്‍ക്ക് പ്രത്യക്ഷപ്പെടുന്നത് റെപ്രസെന്റെഡ് ആയിട്ടാണ്. അപ്പോള്‍ അന്വേഷണത്തില്‍ ബീയിംഗ് ഒരു റെപ്രസെന്റേഷന്‍ ആണ്. അഥവാ, സബ്ജകട്. ബീയിംഗിനെക്കുറിച്ചുള്ള പഠനം/അന്വേഷണം എന്നത് അങ്ങനെ സബ്ജക്ടിനെക്കുറിച്ചുള്ള അന്വേഷണമായി പരിണമിക്കുന്നു. അഥവാ, ഹ്യൂമന്‍ സയന്‍സ് എന്നത് ഫിലോസഫിക്കല്‍ എന്നതിനേക്കാള്‍ ആന്ത്രപ്പോളജിക്കല്‍ ആണ്. കാന്‍റിനെ സംബന്ധിച്ചിടത്തോളം What is man എന്നത് സിറ്റിസണ്‍ ഇന്‍ ദ വേള്‍ഡ് എന്നതാണ് എന്നാണ് ബാലിബര്‍ പറയുന്നത്. ബാലിബര്‍ ഈയൊരു അനുമാനത്തിലേക്ക് എത്തുന്നത് കാന്‍റി (Immanuel Kant)ന്‍റെ കോണ്‍ഗ്രീറ്റ് അപ്രോച്ച് പിന്തുടര്‍ന്നു കൊണ്ടാണ്. കാന്‍റിനെ സംബന്ധിച്ചിടത്തോളം what is man എന്നത് ഒരു കോസ്‌മോളജിക്കല്‍ ചോദ്യം അല്ല. മറിച്ച്, കോസ്‌മോപൊളിറ്റിക്കല്‍ ചോദ്യമാണ്. അങ്ങനെ നോക്കിയാല്‍ Citizen in the World എന്നതാണ് What is Man എന്നതിന്റെ കോസ്‌മോപൊളിറ്റിക്കല്‍ ഉത്തരം. അതൊരു പ്രാഗ്മാറ്റിക് ആന്ത്രപ്പോളജിക്കല്‍ ഉത്തരം കൂടിയാണ്. കാന്റിന്റെ വര്‍ക്കിനെ സംബന്ധിച്ച് പല പില്‍ക്കാല ഗവേഷകരും പ്രാഗ്മാറ്റിക് ആന്ത്രപ്പോളജിയുടെ വെളിച്ചത്തില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോള്‍ Citizen in the World എന്നതിനെ ബാലിബര്‍ വിശകലനം ചെയ്തു കൊണ്ട് എത്തുന്ന രണ്ട് പ്രധാനപ്പെട്ട അനുമാനങ്ങള്‍ ഇവയാണ്. 1. ഹ്യൂമന്‍ സബ്ജക്ട് അതിന്റെ എസ്സെന്‍സിനെ മീറ്റ് ചെയ്യുന്നത് സിവിക്/പൊളിറ്റിക്കല്‍ ഹൊറൈസണിനകത്ത് ആണ്. 2. സിറ്റിസണ്‍ എന്നത് ഏതെങ്കിലും സ്ഥാപനത്തിന് വിധേയമായി മാത്രം നിലനില്‍ക്കുന്ന സബ്ജക്ട് ആയിരിക്കും എല്ലായ്‌പോഴും. അഥവാ, സെല്‍ഫ് ആട്ടോണമസ് ഇന്‍ഡിവിജ്വല്‍ എന്ന കാന്റിയന്‍ സ്വപ്‌നത്തിന് തന്നെ വിരുദ്ധം. സിറ്റിസണ്‍ എന്നതിന് ഒരുപക്ഷെ ഒരു യൂണിവേഴ്‌സല്‍ അര്‍ത്ഥം ആയിരിക്കാം ഉദ്ദേശിക്കപ്പെടുന്നത്. പക്ഷെ അത് കോസ്‌മോളജിക്കല്‍ എന്നതിനെക്കാള്‍ കോസ്‌മോപൊളിറ്റിക്കല്‍ ആയതു കൊണ്ട് തന്നെ അതിന് ഒരു സ്‌പെസിഫിക് ഹിസ്റ്റോറിക്കല്‍ റഫറന്‍സ് ഉണ്ടായേ പറ്റൂ. നാഷന്‍ സ്റ്റേറ്റ് അത്തരമൊരു റഫറന്‍സ് ആണ്. ആറ്റിച്ചുരുക്കി പറഞ്ഞാല്‍ What is Man എന്ന ഫിലോസഫിയുടെ അടിക്കല്ലായ ചോദ്യം യഥാര്‍ത്ഥത്തില്‍ അടിസ്ഥാനപമായി ആന്ത്രപ്പോളജിക്കല്‍, ഹിസ്‌റ്റോറിക്കല്‍, പൊളിറ്റിക്കല്‍ ചോദ്യമാണ്. അതായത്, സബ്ജക്ട് എന്നത് ഒരു പൊളിറ്റിക്കല്‍ എന്റിറ്റി ആണ്. അഥവാ, Man എന്നത് ഒരു പൊളിറ്റിക്കല്‍ അനിമല്‍ ആണ്.

2.

ഒരുപാട് എഴുതപ്പെട്ട കാര്യമാണ് മിഷേല്‍ ഫൂക്കോയുടെ ഇറാന്‍ വിപ്ലവം. വിപ്ലവ ഘട്ടത്തില്‍ ഫൂക്കോ ഇറാനിലേക്ക് വണ്ടി കയറുന്നുണ്ട്. ഒരു ഇറ്റാലിയന്‍ മാഗസിനും ഫ്രഞ്ചു പത്രത്തിനും വേണ്ടി വിപ്ലവം കവര്‍ ചെയ്യുകയാണ് ഉദ്ദേശം. മത-വിപ്ലവ നേതൃത്വവുമായി നേര്‍ബന്ധമില്ലാത്ത സാധാരണക്കാരെ കണ്ട് സംസാരിക്കുകയാണ് ഫൂക്കോവിന്റെ പ്ലാന്‍. രാഷ്ട്രീയ വിപ്ലവത്തിന് സാധാരണ പലകാരണങ്ങള്‍ പറയലുണ്ട്. ഭരണം സാധാജനങ്ങളെ, അവരുടെ തീര്‍ത്തും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെ ബാധിക്കുമ്പോഴാണ് ലഹളകള്‍ പൊട്ടിപ്പുറപ്പെടുക. പക്ഷെ, ഫൂക്കോ സമീപിച്ച ആളുകള്‍ പലരും പറഞ്ഞ ന്യായങ്ങള്‍ രസകരമാണ്. രക്തസാക്ഷിത്വത്തിനായുള്ള കൊതി മുതല്‍ ഇസ്‌ലാമിക് ഗവണ്‍മെന്റിന് വേണ്ടിയുള്ള അഭിവാജ്ഞ വരെ ഉണ്ട് അവയില്‍. ഇസ്‌ലാമിക് ഗവണ്‍മെന്റിനെക്കുറിച്ചുള്ള ഫൂക്കോവിന്റെ എഴുത്ത് രസകരമാണ്. അതൊരു ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നതിനേക്കാള്‍ ആത്മീയമായ ഫോഴ്‌സ് ആണ് ഫൂക്കോവിന്. ഇസ്‌ലാമിക് ഗവണ്‍മെന്റിന് വേണ്ടിയുള്ള സാധാരണക്കാരന്റെ അഭിവാഞ്ജ ഫൂക്കോവിനെ അത്രയധികം ആകര്‍ഷിച്ചിട്ടുണ്ട്. പതിമൂന്ന് ലേഖനങ്ങള്‍ ഫൂക്കോ എഴുതി. അതിലൊന്ന് തെഹ്‌റാന്‍ സര്‍വ്വകലാശാലയിലെ മതിലുകളിലൊന്നില്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ പതിച്ചു. വിപ്ലവത്തിന് തന്നെ ആവേശമായി ഫൂക്കോവിന്റെ എഴുത്തുകള്‍ മാറി. നോക്കണേ, ഗവണ്‍മെന്റാലിറ്റിയെക്കുറിച്ച് താക്കീത് നല്‍കുകയും കര്‍തൃത്വരൂപീകരണത്തില്‍ അതിന്റെ ഇടപെടലിനെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്ത സൈദ്ധാന്തികനാണ് ഇസ്‌ലാമിക് ഗവണ്‍മെന്റിനെ കുറിച്ച് ഇങ്ങനെ ഒക്കെ പറയുന്നത്. ഇസ്‌ലാമിക് ഗവണ്‍മെന്റിനെ കുറിച്ച് അന്നുണ്ടായിരുന്ന പല വിമര്‍ശനങ്ങളും ഫ്രീഡവുമായി ബന്ധപ്പെട്ടതായിരുന്നു. ആധുനിക ഭരണകൂടത്തില്‍ അനുഭവിക്കാവുന്ന സ്വാതന്ത്ര്യം ഇസ്‌ലാമിക ഗവണ്‍മെന്റിന് കീഴില്‍ ലഭ്യമല്ല എന്നത്. അപ്പോള്‍ ഫൂക്കോ യഥാര്‍ത്ഥത്തില്‍ അണ്‍ഫ്രീഡം ആയിരുന്നോ ആഗ്രഹിച്ചിരുന്നത്? ഫൂക്കോവിന്റെ പൊസിഷനെക്കുറിച്ച് അനേകം എഴുത്തുകള്‍, പുസ്തകങ്ങളടക്കം ലഭ്യമാണ്. മിക്കവാറും എഴുത്തുകളിലും ഇസ്‌ലാമിസത്താല്‍ ഫൂക്കോ വശീകരിക്കപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കകളാണ്. Seduction of Islamism എന്നാണ് അത്തരമൊരു പുസ്തകത്തിന്റെ പേരു തന്നെ. Seduction, intoxication തുടങ്ങിയ പ്രയോഗങ്ങളാണ് ഫൂക്കോവിന്റെ പൊസിഷനെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ട പ്രയോഗങ്ങള്‍. അഥവാ, ഫൂക്കോ ബുദ്ധിപരമായ പക്വതയോടെ സ്വീകരിച്ച പൊസിഷനല്ല അത് എന്നാണ്. സെഡ്യൂസ് ചെയ്യപ്പെട്ട ഫൂക്കോ എന്‍ലൈറ്റന്‍മെന്റ് റാഷണാലിറ്റിക്കെതിരെ ദെക്കാര്‍ത്തെയുടെ എഴുത്തുകളോട് പടവെട്ടിയത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. അതിന്റെ പേരില്‍ ദെറിദയോട് നിലവില്‍ തല്ലു കൂടിക്കൊണ്ടിരിക്കുകയുമാണ്. ഭ്രാന്ത് ആണ് എന്‍ലൈറ്റെന്‍മെന്റ് റാഷണാലിറ്റിക്കെതിരെ ഉള്ള ഏറ്റവും മികച്ച വിമര്‍ശമായി ഫൂക്കോ ഉയര്‍ത്തിക്കാണിച്ചത്. അപ്പോഴെന്തായാലും seduction ഫൂക്കോവിന് ഒരു പ്രശ്‌നമാകേണ്ടതില്ല, എന്ന് മാത്രമല്ല ഫൂക്കോവിന്റെ പ്രൊജക്ടിന് വിരുദ്ധവുമല്ല. അതിനെക്കുറിച്ച് കാമ്പസ് അലൈവില്‍ ഒരിക്കല്‍ എഴുതപ്പെട്ടതു കൊണ്ട് ആവര്‍ത്തിക്കുന്നില്ല. പക്ഷെ എന്റെ ആലോചനകള്‍ വികസിക്കുന്നത് മറ്റൊരു പോയിന്റിലാണ്. അത്; ഫൂക്കോവിന്റെ നിലപാടിനെക്കുറിച്ചുള്ള അനേകം കമന്റുകളില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റെ ബയോഗ്രഫറായ ജെയിംസ് മില്ലര്‍(James Miller) നടത്തിയതാണ്. മില്ലര്‍ പറഞ്ഞത്, ഫൂക്കോവിന് ആ സമയത്ത് മരണത്തോട് വല്ലാത്ത അഭിനിവേശം ആയിരുന്നു എന്നും അതാണ് ഇറാന്‍ വിപ്ലവത്തെ അദ്ദേഹം പിന്തുണക്കാന്‍ കാരണം എന്നുമാണ്. സമാനമായ അഭിപ്രായം ഡാനി പോസ്റ്റലും (Danny Postel) പറയുന്നുണ്ട്. മുഹര്‍റം ചടങ്ങിലെ രക്തസാക്ഷ്യത്വത്തോടുള്ള തിങ്ങിയൊഴുകുന്ന പാഷന്‍ ഫൂക്കോവിനെ കട്ടക്ക് സ്വാധീനിച്ചു എന്നാണ് പോസ്റ്റല്‍ പറയുന്നത്. ഇസ്‌ലാമിക വിപ്ലവത്തില്‍ ഫൂക്കോ കണ്ടത് മരണമാണ്, അത്യധികം വശ്യാകര്‍ഷകമായ മരണം.

3.

ദെറിദയുടെ എഴുത്തുകള്‍ വായിച്ചിരിക്കാന്‍ സുഖമുള്ള പോലെ വേറൊന്നുമില്ല. തൊട്ടടുത്ത വാചകങ്ങളില്‍ അത്ഭുതം ഒളിപ്പിച്ചു വെച്ചിരിക്കുന്ന എഴുത്തുകാരന്‍. വായനയുടെ ഏത് പോയന്റിലാണ് സസ്‌പെന്‍സ് എന്ന് പറയാനാകില്ല. ജനാധിപത്യം എന്ന ആശയം പലപ്പോഴും ദെറീദക്ക് മെറ്റാഫിസിക്കല്‍ ആണ്. വരാനിരിക്കുന്ന ജനാധിപത്യം എന്നാണ് എല്ലായ്‌പോഴും ദെറീദ പറയാറ്. ഒരുതരം റാഡിക്കല്‍ ഫ്യൂചരിറ്റി ആണ് അത്. മറ്റു പല ഫിലോസഫര്‍മാരെയും പോലെ ദെറിദയും ഇസ്‌ലാം എന്നു പറയുന്ന ആ സംഭവത്തെ അഭിമുഖീകരിച്ചിട്ടുണ്ട്, 1992 ല്‍ അള്‍ജീരിയയില്‍. ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് 1991 ഡിസംബറോട് കൂടി അവിടത്തെ പ്രവിശ്യാ ഇലക്ഷനുകളൊക്കെ തൂത്തു വാരി കേന്ദ്രഭരണം പിടിക്കാന്‍ സജ്ജമായി. 1992 ജനുവരിയില്‍ ഭരണക്കൈമാറ്റം ഉറപ്പായ ഘട്ടത്തില്‍ അള്‍ജീരിയന്‍ സൈന്യം ഇടപെട്ടു, ഇലക്ഷന്‍ റദ്ദാക്കി. അഥവാ, ഡെമോക്രസി പിരിച്ചു വിട്ടു. തുടര്‍ന്ന് ഇസ്‌ലാമിസ്റ്റുകളെ കൊടിയ പീഢനത്തിന് വിധേയമാക്കി. പലരേയും കൂട്ടക്കൊല ചെയ്തു. ഒളിവില്‍ പോയ ഇസ്‌ലാമിസ്റ്റുകള്‍ ആയുധ സജ്ജരായി മടങ്ങി വന്നു. അള്‍ജീരിയയില്‍ കുപ്രസിദ്ധമായ ആ സിവില്‍ വാര്‍ പൊട്ടിപ്പുറപ്പെട്ടു. ദെറിദ ജനാധിപത്യത്തെക്കുറിച്ചും പരമാധികാരത്തെക്കുറിച്ചും എഴുതുമ്പോള്‍ ഇസ്‌ലാം വരുന്നത് അതിന്റെ അപരമായിട്ടാണ്. Other of Democracy എന്നാണ് ഒരു ലേഖനത്തിന്റെ പേരു തന്നെ. പല മതേതര രാജ്യങ്ങളും കൃത്യമായി മതകീയപാരമ്പര്യം പങ്ക് വെക്കുന്നുണ്ട്. എന്നിട്ടും അവ ഗ്രീക്ക് ഭാഷയില്‍ തന്നെ ഡെമോക്രസി അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഡെമോക്രസി അവകാശപ്പെടാത്ത ഒരേ ഒരു പാരമ്പര്യം ഇസ്‌ലാമിക പാരമ്പര്യം മാത്രമാണ്. ഗെല്‍നെറൊ (Ernest Gellner)ക്കെ പറഞ്ഞത് സെക്യുലറൈസേഷന്‍ തിസീസിനെ പ്രതിരോധിക്കുന്ന ഒരേ ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്നാണെങ്കില്‍ ദെറിദ പറഞ്ഞത് ജനാധിപത്യവല്‍ക്കരണത്തെ പ്രതിരോധിക്കുന്ന പൊട്ടന്‍ഷ്യലുള്ള ഒരേ ഒരു ജീവിത സംസ്‌കാരം ഇസ്‌ലാം മാത്രമാണ് എന്നാണ്. ഇസ്‌ലാം, ദെറിദയെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തിന്റെ നേര്‍വിപരീതമാണ്. അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാള്‍വേഷന്‍ ഫ്രണ്ടിനെതിരെ ജനാധിപത്യത്തെ പിരിച്ചു വിട്ടത് ദെറിദയെ സംബന്ധിച്ചിടത്തോളം ‘ജനാധിപത്യപരം’ തന്നെയാണ്. കാരണം ജനാധിപത്യം അങ്ങനെ മാത്രമേ നിലനില്‍ക്കൂ. അതിനെ ബാധിക്കാന്‍ സാധ്യത ഉള്ള പുറത്തു നിന്നുള്ള എല്ലാവിധ രോഗാണുക്കളെയും പ്രതിരോധിക്കാന്‍ അതിന് സ്വയം രോഗാതുരമാവേണ്ടിയിരിക്കുന്നു. അങ്ങനെ ഇസ്‌ലാമിസം പോലുള്ള കടുത്ത രോഗങ്ങളെ അതിജീവിക്കാന്‍ പ്രാപ്തി നല്‍കുന്ന രോഗപ്രതിരോധശേഷി കൈവരിക്കുന്നു. ദെറിദ അതിനെ Auto immunology എന്നു വിളിക്കുന്നു. ജനാധിപത്യത്തിന് സ്വന്തത്തെ തന്നെ റദ്ദു ചെയ്യാന്‍ അവകാശമുണ്ട്, ഇസ്‌ലാം പോലുള്ള വന്‍കിട ഭീഷണികളെ അതിജീവിക്കാന്‍, അതാണ് Auto Immunology. ഇസ്‌ലാമിനെ പുറത്തു നിര്‍ത്തുന്നതിലൂടെ, അകം പുറം സൃഷ്ടിക്കുന്നതിലൂടെ, ദെറിദ ജനാധിപത്യത്തെ ഘടനാവാദ സമീപനത്തിലേക്ക് തിരികെ കൊണ്ട് പോയി വെച്ചു. ഒരുപക്ഷെ, ദെറീദയെ ഇസ്‌ലാം രാഷ്ട്രീയവല്‍ക്കരിച്ചു. അലക്‌സ് തോംസണ്‍(Alex Thomson) പറഞ്ഞ പോലെ, ജനാധിപത്യത്തെ നിര്‍വ്വചിക്കാതെ വിടാറുള്ള, എല്ലായ്‌പോഴും അതിനെക്കുറിച്ച് മെറ്റാഫിസിക്കലായി മാത്രം സംസാരിക്കാറുള്ള ദെറിദ ആദ്യമായി ജനാധിപത്യത്തെ നിര്‍വചിച്ചു. അഥവാ, ജനാധിപത്യത്തിന് ഒരു അകം നിര്‍ണയിച്ചു. ഒരേ ഒരു ഇസ്‌ലാമിന് എതിരായിക്കൊണ്ട്.

പ്രതിനിധാനത്തെക്കുറിച്ചുള്ള ക്ലെയിം കൂടിയാണ് പരമാധികാരം. പരമാധികാരത്തെ കുറച്ചു കൂടി മൂര്‍ത്തമായി നിര്‍വ്വചിച്ചത് കാള്‍ ഷ്മിത്താണ്. നോണ്‍-ലീഗല്‍ സാഹചര്യത്തില്‍, അസാധാരണ അവസ്ഥകളില്‍, ലീഗല്‍ അധികാരം റദ്ദു ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ തീരുമാനപ്പെടുക്കാനുള്ള ശക്തിയെയാണ് ഷ്മിത്ത് പരമാധികാരം എന്ന് നിര്‍വ്വചിക്കുന്നത്. നിയമത്തെ റദ്ദു ചെയ്യാനുള്ള അധികാരം എന്നും അതിനെ നിര്‍വ്വചിക്കാം. അള്‍ജീരിയയില്‍ ജനാധിപത്യം റദ്ദു ചെയ്യപ്പെട്ടത് ഒരു പരമാധികാരത്തിന്റെ ആക്ട് ആണ്. പക്ഷെ പരമാധികാരത്തിന്റെ അവശ്യം വേണ്ട ആധുനിക ഘടകം ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന ക്ലെയിം ആണ്. ആ അര്‍ത്ഥത്തില്‍ അള്‍ജീരിയയില്‍ സ്ഥാപിതമാകാവുന്ന ഇസ്‌ലാമിക ഭരണം ആധുനിക പരമാധികാരത്തിന്റെ സ്വാഭാവിക പരിണാമം ആവുമായിരുന്നു. പക്ഷെ, ഷ്മിമിത്തിയൻ നിര്‍വ്വചനപ്രകാരമുള്ള യഥാര്‍ത്ഥ പരമാധികാരം സംഭവിച്ചു, ജനാധിപത്യത്തെ റദ്ദ് ചെയതു കൊണ്ട്. ജനങ്ങളെ പ്രതിനിധീകരിച്ചില്ല എന്നതു കൊണ്ട് തന്നെ അത് അതേസമയം പരമാധികാരത്തിന്റെ ആധുനിക രൂപവുമാവുന്നില്ല. എന്നാല്‍ പ്രതിനിധീകരിക്കപ്പെടാവുന്ന ഒരു ദൈവസങ്കല്‍പം പ്രത്യക്ഷത്തില്‍ അവിടെ കാണുന്നുമില്ല. അങ്ങനെയെങ്കില്‍ ദെറിദ ജനാധിപത്യത്തെ റദ്ദ് ചെയ്യുന്നതിലൂടെ സ്ഥാപിക്കപ്പെടുന്ന പരമാധികാരം ആധുനികമല്ല, ജനകീയമല്ല, മറിച്ച് ദൈവികമായിരിക്കും. അപ്പോള്‍ പിന്നെ ആരാണ് ദെറിദയുടെ ദൈവം? ദെറിദയെ ‘ആധുനികതക്കെതിരെ’ ‘മതകീയനാ’ക്കിയത് എന്താണ്? ഇസ്‌ലാം ദെറിദയെ രാഷ്ട്രീയവല്‍ക്കരിച്ചു എന്നു പറയുന്ന പോലെ, മതവല്‍ക്കരിച്ചു എന്നും കൂടി പറയാനാകുമോ?  അപ്പോള്‍ പിന്നെ ഇതിനൊക്കെ പുറത്ത് നില്‍ക്കുന്ന ആ ഇസ്‌ലാം ശരിക്കെന്താണ്?

അരിസ്റ്റോട്ടിലിനെ അവലംബിച്ചു കൊണ്ട് ദെറിദ പറയുന്നത് ഇസ്‌ലാമിന് ജീവിതത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച് സങ്കല്‍പിക്കാന്‍ ഉള്ള ശേഷി ഇല്ല എന്നാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയം സാധ്യമല്ല എന്ന്. ഇസ്‌ലാമിക് ഫിലോസഫിക്കല്‍ പാരമ്പര്യത്തില്‍ ഗ്രീക്ക് പാരമ്പര്യവുമായുള്ള ഇടപാടുകള്‍ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. അനേകം ഗ്രീക്ക് ടെക്സ്റ്റുകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്തു. എന്നിട്ടും, ദെറിദ പറയുന്നു, അരിസ്‌റ്റോട്ടിലിന്റെ Politics എന്ന ഗ്രന്ഥം മാത്രം അസന്നിഹിതമാണ്. ആ അസന്നിഹിതത്വം, ദെറിദയെ സംബന്ധിച്ചിടത്തോളം, സൂചിപ്പിക്കുന്നത് ഇസ്‌ലാമിന്റെ തനിമയാര്‍ന്ന രാഷ്ട്രീയ-വിരുദ്ധ സ്വഭാവത്തെയാണ്. ഇസ്‌ലാം ആന്റി പൊളിറ്റിക്കല്‍ ആണ്. രാഷ്ട്രീയം എന്നത് തന്നെ ജീവിതമാണെങ്കില്‍, Man എന്നത് നിര്‍വചനത്തില്‍ തന്നെ ഒരു പൊളിറ്റിക്കല്‍ സബ്ജക്ട് ആണെങ്കില്‍, ഇസ്‌ലാം ആന്റി ലൈഫ് ആണ്. ഒരു പക്ഷെ, ആന്റി ഹ്യൂമന്‍ കൂടിയാണ്.

4.

ആന്ത്രപ്പോളജി ഹ്യൂമനെ കുറിച്ച് പഠിക്കാനുള്ള ഏര്‍പ്പാടാണെങ്കില്‍ മുസ്‌ലിമിനെക്കുറിച്ച് പഠിക്കാനുള്ള ഏര്‍പ്പാട് എന്തായിരിക്കും? എന്തായിരിക്കണം? മുസ്‌ലിമിനെക്കുറിച്ചുള്ള അന്വേഷണം ഫിലോസഫിയെ തിരികെ കൊണ്ട് വരുമോ? അതോ മറ്റൊരു മനുഷ്യവിരുദ്ധ/ആന്റി ആന്ത്രപ്പോളജിക്കല്‍ വിജ്ഞാനം മുസ്‌ലിം പഠനത്തിലൂടെ സൃഷ്ടിക്കപ്പെടുമോ?

മുഹമ്മദ് ഷാ