Campus Alive

പ്രവാചക പ്രണയം പാട്ടെഴുത്തിലൂടെ

(എഴുത്തുകാരനും ഗാനരചയിതാവുമായ ഡോ. ജമീൽ അഹ്മദുമായി കാമ്പസ് അലൈവിന് വേണ്ടി തൂബ റുഖിയ നടത്തിയ നടത്തിയ അഭിമുഖം. ജമീൽ അഹ്മദ് ഇരുപത് വർഷത്തോളമായി ഗാനരചനാ രംഗത്തുണ്ട്. കേരളത്തിൽ ഇസ്‌ലാമിക ഗാനരചനാ രംഗത്ത് പുതിയൊരു ശൈലി തന്നെ കൊണ്ടുവരാൻ ശ്രമിച്ച അദ്ദേഹം തന്റെ പാട്ടെഴുത്തിനെ കുറിച്ചും ‘മുഹമ്മദ് റസൂലുല്ലാഹ് ഗസലുകൾ’ എന്ന ആൽബത്തെ കുറിച്ചും സംസാരിക്കുന്നു)


 

‘ആദം’, ‘അല്ലാഹുവിന് സ്തുതിയുടെ പാട്ടുകൾ’, തുടങ്ങിയ വിഷയങ്ങളിലുള്ള ഗാന രചനയിൽ നിന്ന് ‘മുഹമ്മദ്‌ റസൂലുല്ലാഹ് ഗസലുകൾ’ എന്നതിലേക്ക് എത്തിയപ്പോൾ താങ്കളുടെ എഴുത്ത് ശൈലിയിൽ വന്ന ഭാവനാപരമായ വ്യത്യാസം എന്താണ്? ഗസലുകൾ എന്ന വിശേഷണം അതിന് കൊടുത്തത് എന്ത്‌കൊണ്ടാണ്? ആദം, അല്ലാഹു തുടങ്ങിയവയുടെ രചന/ആലാപന ശൈലി ഗസലുകൾ അല്ലാത്തതിനാലാണോ? അതല്ലെങ്കിൽ പ്രവാചക സ്നേഹത്തെ കൂടുതൽ പ്രകടമാക്കുന്ന സാധ്യത ഗസൽ രചനകൾക്ക് ഉള്ളത്കൊണ്ടാണോ? വ്യക്തമാക്കാമോ?

ജമീൽ അഹ്മദ്:ആദം‘ എന്ന ആൽബമാണ് ആദ്യം ഉണ്ടായത്. ആ ആൽബത്തിനു പിന്നിലുണ്ടായിരുന്നത് എസ് ഐ ഒ സംവേദന വേദിയാണ്. 1999 – 2000 കാലങ്ങളിൽ മലപ്പുറം ജില്ലയിലെ ധർമഗിരി എന്ന കുന്നിൻ മുകളിൽ നടന്ന പ്രശസ്തമായ നാടകക്യാമ്പിന്റെ സമാപനസമ്മേളനത്തിൽ വെച്ചാണ് വ്യത്യസ്തമായ ഒരു സംഗീത ആൽബത്തെക്കുറിച്ച് ആലോചന ഉണ്ടാകുന്നത്. അക്കാലത്തും ഞാൻ പാട്ടുകൾ എഴുതിയിരുന്നു. അമീൻ യാസിറിന്റെ ആൽബത്തിലൊക്കെ പാട്ടുകളെഴുതിയിരുന്ന ആളായിരുന്നു ആ സമയത്ത് ഞാൻ. പക്ഷേ അന്ന് നിലനിൽക്കുന്ന മലയാളത്തിലെ ഗാനരചനാ സമ്പ്രദായങ്ങളിൽ നിന്നും, അന്നത്തെ മാപ്പിളപ്പാട്ട് രചനാ സമ്പ്രദായങ്ങളിൽ നിന്നും, നമ്മുടെത്തന്നെ ഇസ്‌ലാമിക ഗാനരചനാ സമ്പ്രദായങ്ങളിൽ നിന്നും, അൽപം വ്യതിയാനത്തോടെ എഴുതപ്പെട്ട ഒരു രചനയാണ് ആ ഗാന ആൽബത്തിനു വേണ്ടത് എന്ന ചർച്ചയുണ്ടായി. ചർച്ചകൾക്ക് നേതൃത്വം കൊടുത്തിരുന്നത് അന്നത്തെ സംവേദനവേദിയുടെ സംസ്ഥാന ഡയറക്ടർ ജാബിർസുലൈം ആയിരുന്നു. മലയാള കവിതയുടെ തനതായ ചിട്ടവട്ടങ്ങളൊന്നും ഇപ്പോഴും നമ്മുടെ ഇസ്‌ലാമിക ഗാനങ്ങളിൽ വന്നിട്ടില്ലായെന്നും, മാപ്പിളപ്പാട്ടുകളുടെ ചുവടുപിടിച്ച് ഒരു പുതുമ സൃഷ്ടിക്കുകയാണ് യു.കെ (യു.കെ അബൂസഹല) ചെയ്തതെന്നും, യു.കെയുടെ പാരമ്പര്യത്തെ നമ്മൾ സർഗാത്മകമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നും അപ്പോൾ ഞാനൊരാശയം പറഞ്ഞു. അഭിപ്രായം പറഞ്ഞാൽ പിന്നെ അതിന്റെ ചുമതല ഏൽക്കേണ്ടി വരിക എന്നത് നമ്മുടെ ഒരു പൊതുവായ പ്രവണതയാണല്ലോ. അങ്ങനെ അത് എന്റെ തലയിലായി. ശേഷം വിഷയത്തെക്കുറിച്ചായി ആലോചന. അപ്പോൾ ഞാൻ പറഞ്ഞു, നമ്മുടെ കുട്ടികൾക്ക് ഇതുവരെ കിട്ടാത്ത ഒരു ചരിത്രം കിട്ടണം. മനുഷ്യ ചരിത്രത്തെക്കുറിച്ച് ഇതുവരെ കിട്ടാത്ത ഒരു ഭാവന അവർക്ക് കിട്ടേണ്ടതുണ്ട്. അതിന് ആദം എന്ന ഒരു പ്രമേയമെടുക്കാം എന്നായി ചർച്ച. ടി. കെ ഉബൈദ് സാഹിബ് എഴുതിയ പ്രശസ്ത ബാലസാഹിത്യമായിരുന്നു ‘ആദംഹവ്വ’ എന്ന പേരിൽ ഐ പി എച്ച് പുറത്തിറക്കിയ പുസ്തകം. ആ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം രചന നിർവഹിക്കേണ്ടത്. അതോടൊപ്പം മനുഷ്യസൃഷ്ടിപ്പ് എന്താണ് എന്ന ഒരു ആശയംകൂടി അതിൽ വരണം എന്നു തീരുമാനമായി. അങ്ങനെയാണ് ആ പാട്ടുകൾ എഴുതി തുടങ്ങുന്നത്. പത്തു പാട്ടുകൾ എഴുതി. ശേഷം ജാബിർ സുലൈം തന്നെയാണ് അതിന്റെ ഈണങ്ങൾ പാടിയൊരുക്കിയത്. അക്ബറും ബിൻസിയുമൊക്കെ അന്ന് കൂടെയുണ്ടായിരുന്നു. ആ പാട്ടുകൾ ഉണ്ടാക്കിയ ഒരു തരംഗം വലുതായിരുന്നു. നേരത്തെ പറഞ്ഞതുപോലെ മലയാള കാവ്യസംസ്കാരത്തിന്റെ ഉപകരണങ്ങളെടുത്ത് ഇസ്‌ലാമിക വിഷയങ്ങൾ എഴുതുന്നതിലുള്ള ഒരു പുതുമ പെട്ടെന്നുതന്നെ സ്വീകരിക്കപ്പെട്ടു. അപ്പൊഴേക്കും എസ് ഐ ഒ വിന്റെ നേതൃത്വം മറ്റൊരു മീഖാതിലേക്ക് മാറി. അപ്പോഴാണ് ആദമിന് ഒരും തുടർച്ച വേണമെന്നുള്ള ചർച്ച വരുന്നത്. അങ്ങനെയാണ് അതിന്റെ രണ്ടാമത്തെ ഭാഗമായ ‘അല്ലാഹുവിന് സ്തുതിയുടെ പാട്ടുകൾ‘ ഇറങ്ങുന്നത്. അതു പക്ഷേ, ചില്ലറ ആശയക്കുഴപ്പങ്ങൾ കാരണം എസ് ഐ ഒ ക്ക് ഏറ്റെടുക്കാനായില്ല. ഞാനാകട്ടെ, ആ ഒരു രീതിയിലുള്ള രചനകളിലൂടെ ഏറെ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. പിന്നീട് സംവേദന വേദി തന്നെ ‘അറിവിന്റെ പാട്ടുകൾ’ ഇറക്കി. ആദം ആൽബത്തിന്റെയും ആ കാവ്യസംസ്കാരത്തിന്റെയും ആ ഗാന രീതികളുടെയും ആ ആലാപന സൗന്ദര്യത്തിന്റെയും തുടർച്ച മൂന്നോ നാലോ മീഖാതുകളിൽ  ആവർത്തിക്കപ്പെട്ടു. അതിലുണ്ടായ ഇടർച്ചകളും തുടർച്ചകളുമൊക്കെ ചരിത്രത്തിന്റെ ഭാഗമായി.

അതിന്റെ ഘട്ടത്തിലാണ് മുഹമ്മദ് നബി(സ) യെക്കുറിച്ച് ഇത്തരം വ്യത്യസ്തമായ ഒരു രചനയെക്കുറിച്ചുള്ള ആലോചന വരുന്നത്. അപ്പോഴേക്കും 2015 ആയിട്ടുണ്ട്. ഏറെക്കുറേ 20 വർഷം നമ്മൾ പിന്നിട്ടു. 20 വർഷത്തെ വളർച്ചയുണ്ടായി. സംഗീതത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും കവിതയെക്കുറിച്ചും രചനയെക്കുറിച്ചും ആലാപനത്തെക്കുറിച്ചുമൊക്കെയുള്ള ഞങ്ങളുടെ സ്വന്തം ബോധ്യങ്ങൾ മാറി. ഞങ്ങളുടെ രചനാ സമ്പ്രദായങ്ങൾ മാറി. മലപ്പുറത്ത് ഞങ്ങൾ പത്തു പന്ത്രണ്ട് ആളുകളുടെ ഒരു കൂട്ടായ്മയുണ്ട്. “ഗ്രീൻ” എന്നാണതിന്റെ പേര്. ഞാനും സമീർ ബിൻസിയും ഹിക്മത്തുള്ളയും ഐ.സമീലും ബശീർ മിസ്അബും അക്ബറും ഷാനവാസും ഒക്കെ അതിലെ ആളുകളാണ്.  ഏകദേശം പത്തുമുപ്പത് വർഷമായി തുടരുന്ന ഒരു ബന്ധമാണത്. ഗ്രീനിന്റെ ആഭിമുഖ്യത്തിലാണ് ‘മുഹമ്മദ് റസൂലുല്ലാഹ്’ എന്ന ആൽബത്തെക്കുറിച്ചുള്ള ആലോചനയുണ്ടാകുന്നത്. സംഗീത സംവിധാനം നൽകുന്നതിനു മുമ്പുതന്നെ അതിന് ഗസലുകളുടെ ഒരു രൂപം വേണമെന്ന് ആലോചിക്കുകയായിരുന്നു. അത് അപ്പോഴുണ്ടായ ഒരു ആലോചനയാണ്. അല്ലാതെ ഗസലുകൾക്ക് എന്തെങ്കിലും പ്രത്യേകതയുള്ളത് കൊണ്ടോ റസൂലുല്ലാഹ് (സ) യുടെ ഗാനങ്ങൾ ഗസലുകളായാൽ എന്തെങ്കിലും മാറ്റമുണ്ടാകും എന്നോ കരുതിയിട്ടല്ല. യഥാർത്ഥത്തിൽ അവ ഗസലുകളല്ല. ഗസലുകൾ രചിക്കുന്നതിന് വേറെ ചില നിർമാണ ശൈലിയാണാവശ്യം. അത് മലയാളത്തിൽ പെട്ടെന്ന് സാധ്യമല്ല. ഉറുദുവിൽ രചിക്കുന്നതുപോലെ മലയാളത്തിൽ പൂർണമായും സാധ്യമല്ല. സമീർ ബിൻസിക്ക് വേണ്ടി ഞാൻ ചില ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ട് എങ്കിലും സാങ്കേതികമായി അവ പരാജയപ്പെടുകയാണ് പതിവ്. നല്ല രചനകളാണെങ്കിലും ഗസൽ എന്ന രീതിയോട് ചില്ലറ സാമ്യങ്ങളേ വരുത്താൻ കഴിയൂ. ഗസലിന്റെ ആലാപന ശൈലി സ്വീകരിക്കുക എന്ന ഒരു രീതിയാണ് ആ പാട്ടിന്റെ നിർമാണത്തിൽ ഞങ്ങൾ പാലിച്ചത്. അതുകൊണ്ട് അതിന് ഗസൽ എന്നു പേര് കൊടുത്തു. അല്ലാതെ ആ പാട്ടുകൾ അവതരിപ്പിക്കാൻ ഗസലിന്റെ രീതി ഉണ്ടെങ്കിലേ ശരിയാകൂ എന്ന ആലോചനയിൽ നിന്നൊന്നുമല്ല അത് ഗസലുകളായി മാറിയത്.

മുഹമ്മദ്‌ റസൂലുല്ലാഹ് ഗസലുകളി‘ൽ താങ്കളുടെ വരികൾ പ്രവാചക സ്നേഹത്തിന്റെ ആഴമേറിയ പ്രതലങ്ങൾ കോറിയിടുന്നുണ്ട്. ഒരു ഭാഷാ അദ്ധ്യാപകൻ എന്ന മികവാണോ, പ്രവാചകനോടുള്ള അതിയായ സ്നേഹം എന്ന സവിശേഷതയാണോ ആ വരികളെ വികസിപ്പിക്കാൻ സഹായകമായത്?

ജമീൽ അഹ്മദ്: ഇതൊരു വല്ലാത്ത ചോദ്യമാണ്. ഇതിനെ എങ്ങിനെ നേരിടണം എന്നും എനിക്കറിയില്ല. ഒരർത്ഥത്തിൽ മനുഷ്യന് അല്ലാഹു നൽകിയ കഴിവുകളിൽ വലിയ ഒരു കഴിവാണ് രചന എന്നത്. അത് ഏത് രചനയായാലും. ഒരാൾ ചെയ്യുന്ന പണി ഏറ്റവും ഭംഗിയായി നിർവഹിക്കാൻ അല്ലാഹു അയാൾക്ക് കൊടുക്കുന്ന ഒരു ഇഹ്സാനുണ്ട്. ഈ ഇഹ്സാനിലാണ് ആ കലാകാരനോ കലാകാരിയോ തന്റെ മികവ് കണ്ടെത്തുന്നത്. ഇഹ്സാനിന്റെ നിർവചനമായി റസൂലുല്ലാഹ് (സ) പറഞ്ഞത് “അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് എന്ന രീതിയിൽ നീ ഇബാദത്തുകൾ (ആരാധന) ചെയ്യുക” എന്നാണ്. മനുഷ്യജീവിതത്തിലെ എല്ലാ കർമങ്ങളും ഇബാദത്താണ് എന്നാണ് ഇസ്‌ലാമിന്റെ ഏറ്റവും ശരിയായ ഒരു വ്യാഖ്യാനം. എല്ലാ അടക്കവും അനക്കവും ഇബാദത്താണ്. അങ്ങനെയാണെങ്കിൽ നാം പാട്ട് പാടുന്നതും കവിത രചിക്കുന്നതും ലേഖനമെഴുതുന്നതും പത്രമിറക്കുന്നതും സിനിമ പിടിക്കുന്നതും അങ്ങാടിയിൽ കച്ചവടം ചെയ്യുന്നതും പറമ്പിൽ പണിയെടുക്കുന്നതും എല്ലാം ഇബാദത്താണ്. ഈ ഇബാദത്ത് എങ്ങനെ ചെയ്യണം? നാം അല്ലാഹുവെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധത്തോടു കൂടി ചെയ്യുക. അപ്പോൾ നമ്മൾ അത് ഏറ്റവും സുന്ദരമായി നിർവഹിക്കും. നമ്മൾ ഒരു സദസ്സിനു മുന്നിൽ വെച്ച് നടത്തുന്ന പ്രകടനവും ഒറ്റക്ക് മുറിയിൽ വെച്ച് നടത്തുന്ന പ്രകടനവും വ്യത്യാസമുണ്ടാവുമല്ലോ. ആളുകൾ നമ്മെ കാണുന്നുണ്ട് എന്ന തോന്നലിൽ ചെയ്യുന്നതാണ് ഏറ്റവും മനോഹരമാവുക. ആളുകളുടെയെല്ലാം നാഥനായ പടച്ചവൻ നമ്മെ കാണുന്നുണ്ട് എന്നു കരുതി നിങ്ങൾ കച്ചവടം ചെയ്തു നോക്കൂ, പറമ്പിൽ പണിയെടുത്ത് നോക്കൂ, പാട്ട് പാടി നോക്കൂ, പടച്ചവൻ കാണുന്നുണ്ട് എന്നു കരുതി ക്ലാസെടുത്ത് നോക്കൂ… കുറേ മനുഷ്യർ കാണുന്നുണ്ട് എന്ന വിചാരത്തോടു കൂടി ചെയ്യുന്നതിനേക്കാൾ എത്രയോ സുന്ദരമായിരിക്കും പടച്ച തമ്പുരാൻ നമ്മെ കാണുന്നുണ്ട് എന്ന വിചാരത്തോടു കൂടി ചെയ്യുന്നത്. എഴുത്താണല്ലോ എന്റെ ഒരു മേഖല. പടച്ച തമ്പുരാൻ വായിക്കും എന്ന രീതിയിൽ എഴുതുന്ന എഴുത്താണ് റസൂലുല്ലാഹ്(സ) യെക്കുറിച്ച് എഴുതുമ്പോൾ ഉണ്ടാവുന്നത്. എല്ലാ എഴുത്തിലും അങ്ങനെ തോന്നിക്കൊള്ളണം എന്നില്ല. ഇസ്‌ലാമിക ഗാനങ്ങൾ എഴുതുമ്പോൾ പടച്ച തമ്പുരാൻ ഇത് കേൾക്കുന്നു എന്ന ഒരു ബോധം എന്നിൽ വരുന്നുണ്ട്. അത് അല്ലാഹു നിറക്കുന്നതാണ്. അപ്പോൾ ഉണ്ടാകുന്ന എഴുത്ത് ഒരു പക്ഷേ കൂടുതൽ കാവ്യാത്മകമാകുന്നുണ്ടാകാം. അത് കാവ്യാത്മകമാകുന്നതിന് എന്റെ ഭാഷാപരമായ അറിവുകളും അനുഭവങ്ങളും സഹായകമാകുന്നുമുണ്ടാവാം. അല്ലാഹു തരുന്ന ഒരു സംഗതിയാണത്. എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. അല്ലാഹു എപ്പോഴാണോ അത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത് അപ്പോൾ അതില്ലാതാവുകയും അല്ലാഹു എപ്പോഴാണോ അത് തരുന്നത് അപ്പോൾ അത് ഉണ്ടാവുകയും ചെയ്യും. അത് വലിയ മികവിന്റെ കാര്യമൊന്നുമല്ല, അതങ്ങനെ സംഭവിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ “യാ ഇലാഹീ” എന്ന അതി സുന്ദരമായ ഒരു പരാതിക്കത്ത് പടച്ച തമ്പുരാന് എഴുതുന്നത് ഈയൊരവസ്ഥയിലാണ്. ഇതെനിക്കു താ എന്നു പറഞ്ഞുകൊണ്ട്. കവിതയെ എനിക്കു താ പടച്ചവനേ എന്നു പറയുന്ന, ടി. ഉബൈദിന്റെ സുന്ദരമായ ശ്ലോകങ്ങളുണ്ട്. ഇത് ലോകത്ത് എല്ലാ എഴുത്തുകാരും നേരിട്ട ഒരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയെ മറികടക്കുക എന്നതാണ് പ്രധാനം. മുഹമ്മദ്‌ (സ) യെക്കുറിച്ചു മാത്രമല്ല, ഏത് വിഷയത്തെക്കുറിച്ചും പാട്ടെഴുതുമ്പോൾ അതിനെ മറികടക്കാനുള്ള ഒരു പ്രാർത്ഥനയോടുകൂടിയാണ് നമ്മളത് ചെയ്യുന്നത്. അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് ശരിയാകുന്നു എന്നു മാത്രം.

ജമീൽ അഹ്മദ്

ദൈവ പ്രീതിയെക്കുറിച്ചും, പ്രവാചക പ്രകീർത്തനവും വിഷയമാകുന്ന രചനകളിൽ സാമൂഹിക വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും വിശദാംശങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ടോ? അതോ രണ്ടും രണ്ടായി പരിഗണിക്കുന്നതാണോ കൂടുതൽ അനുയോജ്യം? ഇതിൽ ക്രിയാത്മകമായ ഒരു തീരുമാനം എടുക്കുന്ന ഘട്ടത്തിൽ പരിഗണിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

ജമീൽ അഹ്മദ്: അല്ലാഹുവിന് സ്തുതികൾ എഴുതുമ്പോഴും റസൂലുള്ള (സ) ക്ക് പ്രകീർത്തനമെഴുതുമ്പോഴും സാമൂഹിക പരിവർത്തനത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണുത്തരം. എഴുതുന്ന സമയത്ത് നമ്മൾ വളരെ ബ്ലാങ്ക് ആണ്. എഴുതാനിരിക്കുന്നു, എഴുതുന്നു. എന്റെ മക്കൾ അപ്പുറത്ത് കളിക്കുമ്പോഴും തമാശ പറയുമ്പോഴുമൊക്കെ ഞാൻ ചിലപ്പോൾ ഇപ്പുറത്തിരുന്നെഴുതും. ഞാൻ എഴുതാൻ വേണ്ടി സ്വകാര്യത അന്വേഷിച്ചു പോകുന്ന ആളൊന്നുമല്ല. ആലോചിച്ചുണ്ടാക്കി എഴുതുന്ന ഒരു സ്വഭാവം എനിക്കില്ല. എഴുതാൻ പറഞ്ഞാൽ എഴുതുക. ആ എഴുതുന്ന സമയത്ത് എന്താണോ എഴുത്തിൽ വരുന്നത്, അത് സ്വീകാര്യമാക്കുക. ഇതാണെന്റെ പൊതുവെ ഉള്ള രീതി. ബഹളങ്ങളാണ് എനിക്കിഷ്ടം. തിരക്കുകളുള്ളിടത്താണ് ഞാനുണ്ടാവുക. സുഹൃത്തുക്കളൊക്കെ എപ്പോഴും ഇതു പറഞ്ഞ് കളിയാക്കാറുണ്ട്. നഗരമാണ് എനിക്കിഷ്ടപ്പെട്ട സ്ഥലം. പലപ്പോഴും എഴുതാൻ വേണ്ടി ഞാൻ തിരക്കുകളിലേക്കാണു പോവുക. അപ്പോൾ ആലോചിച്ചുറപ്പിച്ചുണ്ടാക്കുന്ന ഒന്നല്ല എഴുത്തിൽ വരിക. റസൂൽ (സ) യെക്കുറിച്ച് എന്താണോ മനസിൽ വരുന്നത് അതങ്ങെഴുതും. അതിൽ സാമൂഹിക പരിവർത്തനത്തെക്കുറിച്ച് എന്തെങ്കിലും വേണമെന്നോ വിപ്ലവത്തെക്കുറിച്ച് എഴുതണമെന്നോ ആലോചിക്കാറില്ല. ചിലപ്പോൾ അതും വരും എന്നേയുള്ളൂ. യഥാർത്ഥത്തിൽ എനിക്കറിയില്ല, ഇത്തരം ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയണമെന്ന്.

പിന്നെ ഇത് രണ്ടിനും മധ്യെ തീരുമാനം എടുക്കേണ്ട ഒരു ഘട്ടത്തിൽ എന്തു ചെയ്യും എന്നാണ് ചോദ്യം. ഇശ്ഖ് വേണോ സാമൂഹികമാറ്റം വേണോ എന്ന് തീരുമാനിക്കാനുള്ള ഒരു ഘട്ടം വന്നാൽ എന്തു ചെയ്യുമെന്നെനിക്കറിയില്ല. റസൂലുള്ള(സ) യോടുള്ള സ്നേഹം തന്നെയാണ് സാമൂഹിക പരിവർത്തനമെന്നും യഥാർത്ഥത്തിലുള്ള സാമൂഹിക പരിവർത്തനം റസൂലുള്ള(സ) യോടുള്ള സ്നേഹം ആണെന്നതുമല്ലേ ശരി… അപ്പോൾ ഒരു തീരുമാനം എടുക്കേണ്ട കാര്യമൊന്നുമില്ല. അങ്ങെഴുതും. അതു തന്നെ.

കേരളത്തിൽ പാരമ്പര്യമായിത്തന്നെയുള്ള മദ്രസാ സംസ്കാരത്തിൽ, മാപ്പിളപാട്ടിനോട് ചേർന്നു നിൽക്കുന്ന പ്രവാചക പ്രകീർത്തന ഗാനങ്ങൾ കാണാൻ സാധിക്കും. ഇത് ഇസ്‌ലാമിക നവോത്ഥാന ചിന്താമണ്ഡലങ്ങളുടെ യുക്തിക്കും ആസ്വാദനസംസ്കാരത്തിനും ദഹിക്കാത്ത ഒന്നായി വിമർശിക്കപ്പെടാറുമുണ്ട്. അത് നബിദിനവുമായി ബന്ധപ്പെട്ട വിശ്വാസ വിജ്ഞാന വൈവിധ്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് വിലയിരുത്താനും സാധിക്കും. ഞാൻ അന്വേഷിക്കാൻ ആഗ്രഹിക്കുന്നത് താങ്കൾ സംഗീതാസ്വാദനത്തിന് പാരമ്പര്യം നവോത്ഥാനം എന്ന ദ്വന്ദം നിർണയിക്കുന്നുണ്ടോ? താങ്കളുടെ ‘മുഹമ്മദ്‌ റസൂലുല്ലാഹ് ഗസലുകൾ’ ഇതിനിടയിൽ ഒരു പാലം തീർക്കുന്നു എന്ന് കരുതാൻ സാധിക്കുമോ?

ജമീൽ അഹ്മദ്: റസൂൽ (സ) യുടെ പ്രകീർത്തന ചരിത്രത്തിന് റസൂലിനോളം തന്നെ പഴക്കമുണ്ട്. അതായത്, റസൂൽ ജീവിച്ചിരിക്കുന്ന കാലത്തേ അദ്ദേഹത്തെക്കുറിച്ചുള്ള മദ്ഹുകൾ അദ്ദേഹത്തെ കേൾപ്പിച്ചു തന്നെ പാടിയിരുന്നു. അതാണല്ലോ യഥാർത്ഥത്തിൽ ‘ഖസീദത്തുൽ ബുർദ’. ഇമാം ബുസൂരിയുടെ ‘ഖസീദത്തുൽ ബുർദ’ യഥാർത്ഥത്തിൽ ആദ്യം രചിച്ചത് കഅ്ബുബ്നു സുഹൈർ (റ) ആണ്. റസൂലുള്ളയുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ പ്രകീർത്തിച്ചു പാടിയതിന് കഅ്ബിന്റെ തോളിൽ റസൂൽ സ്വന്തം പുതപ്പ് അണിയിച്ചു കൊടുത്തു. ബുർദ എന്നാൽ പുതപ്പ് എന്നാണർത്ഥം. അപ്പോൾ കഅ്ബുബ്നു സുഹൈർ (റ) നെപ്പോലെ ഇസ്‌ലാം സ്വീകരിച്ച ഒരു കവി റസൂൽ (സ) യുടെ മുഖത്ത് നോക്കി പ്രകീർത്തനങ്ങൾ ചൊരിഞ്ഞു എന്നാണ് അതിനർത്ഥം. മുഖത്ത് നോക്കി പ്രകീർത്തനങ്ങൾ ചൊരിയരുത് എന്നത് പ്രവാചകന്റെ മറ്റൊരു അധ്യാപനമാണ്. അതുകൂടി നമ്മൾ അറിയണം. പക്ഷേ പുകഴ്ത്തുന്നത് കവിതയിലൂടെയാണെങ്കിൽ കുഴപ്പമില്ല എന്നാണല്ലോ അതിന്റെ മറ്റൊരർത്ഥം. റസൂലുള്ള(സ) യെ പുകഴ്ത്തിയ ആൾക്ക് അദ്ദേഹം പുതപ്പ് സമ്മാനിക്കുകയാണല്ലോ ചെയ്തത്. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ അവാർഡാണ് ആ പുതപ്പ്. ഞാൻ പറഞ്ഞുവരുന്നത് അന്ന് തുടങ്ങിയതാണ് ഈ പ്രകീർത്തനത്തിന്റെ ചരിത്രം എന്നാണ്. ആയിരത്തഞ്ഞൂറോളം വർഷങ്ങളുടെ വളർച്ചയുമുണ്ടായിട്ടുണ്ടതിന്. എത്ര ഭാഷകളിൽ, എത്ര സംസ്കാരങ്ങളിൽ, എത്ര രീതികളിൽ, എത്രയെത്ര മനുഷ്യരിലൂടെ ആ പ്രണയം ഒഴുകുന്നു… ഒരിടത്ത് അത് ലേഖനമായി വരുന്നു, ഇപ്പുറത്ത് കവിതയായി വരുന്നു എന്ന വ്യത്യാസം മാത്രം. ലേഖനത്തിൽ പ്രകീർത്തിച്ചാൽ മഹത്താണെന്നും കവിതയായാൽ മോശമാണ് എന്നും ഇല്ല. എന്നാൽ, കാവ്യപ്രകീർത്തനത്തോടനുബന്ധിച്ച മറ്റ് ആചാരങ്ങൾ… അതൊരു ഫിഖ്ഹീ വിഷയമാണ്. എനിക്കു അത് വിശദമാക്കാൻ അറിയില്ല. സ്തുതിപാടുന്നത് ഹറാമാണോ ഹലാലാണോ, മൗലിദ് ബിദ്അത്താണോ എന്നൊക്കെ പറയാൻ ഞാൻ ഒരു പണ്ഡിതനല്ല. എന്നെ സംബന്ധിച്ചിടത്തോളം അല്ലാഹു കുറേ ആളുകൾക്ക് കൊടുത്തതു പോലെ എനിക്കു തന്ന കഴിവാണ് കവിതയെഴുത്ത്. ലേഖനമെഴുതാൻ കഴിവുകൊടുത്തവർ റസൂലുള്ളയെപ്പറ്റി ലേഖനമെഴുതുന്നു, പ്രസംഗിക്കാൻ കഴിവ് കൊടുത്തവർ റസൂലുള്ളയെക്കുറിച്ച് പ്രസംഗിക്കുന്നു, ചിലർ നാടകം കളിക്കുന്നു, ചിലർ സിനിമയെടുക്കുന്നു. എനിക്കു തന്നത് കവിതാ രചന ആയതുകൊണ്ട് ഞാൻ കവിതയെഴുതുന്നു, അത്രമാത്രം. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളെക്കുറിച്ച് എഴുതുക എന്നതാണ് ഒരു കവിയുടെ ഏറ്റവും വലിയ ആഗ്രഹം. ചിലർ പ്രണയിനിയെക്കുറിച്ചെഴുതും. ചിലർ ഉമ്മയെപ്പറ്റി, ചിലർ മക്കളെപ്പറ്റി, ചിലർ രാഷ്ട്രീയനേതാക്കളെപ്പറ്റി, മഹദ് വ്യക്തിത്വങ്ങളെപ്പറ്റി, മറ്റു ചിലർ പടച്ചതമ്പുരാനെപ്പറ്റി, ഇനിയും ചിലർ ഇതെല്ലാത്തിനെ പറ്റിയുമെഴുതും. ഞാൻ റസൂലുള്ള (സ) യെക്കുറിച്ചെഴുതിക്കൊണ്ട് ദീനിന് വിരുദ്ധമായാതൊന്നും ചെയ്യുന്നില്ല എന്നാണു വിശ്വാസം. അതിന്റെ ആചാരപരവും ഇസ്‌ലാമികവുമായ കാര്യങ്ങൾ പറയാൻ ഞാനർഹനല്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, കവിത എഴുത്തിലൂടെ തെറ്റു ചെയ്തെന്ന് ആരും ഗുണ ദോഷിച്ചിട്ടുമില്ല. മുഹമ്മദ് റസൂലുല്ലാഹ് ഗസലുകളെക്കുറിച്ച് ആദ്യം വന്ന പ്രശംസ പ്രബോധനം വാരികയിലാണ്. ബദീഉസ്സമാനാണ് അത് എഴുതിയത്. എതിർപ്പൊന്നും എനിക്ക് ഉണ്ടായിട്ടില്ല.

കുറഞ്ഞ കാലത്തെ പാരമ്പര്യമേയുള്ളൂ മലയാള ഗസലിന്. എന്നാൽ കേരളത്തിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ ഇന്ന് ഗസലിന്  സാധാരണക്കാർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഈ ഒരു സമകാലിക പ്രവണതയും, ചരിത്രവും, മുഹമ്മദ് റസൂലുല്ലാഹ് ഗസലുകളുടെ രചനയിലും സ്വാധീനിച്ചിരുന്നില്ലേ?

ജമീൽ അഹ്മദ്: ഗസൽ എന്ന് പറയുന്ന കാവ്യരചനാ രീതി മലയാളത്തിൽ ഈ  അടുത്തകാലത്തുണ്ടായതാണ്. ഒരു പത്തോ പതിനഞ്ചോ വർഷമേ  ആയിട്ടുള്ളൂ മലയാളത്തിൽ ഗസൽ എന്ന രചനാരീതി ഉണ്ടായിട്ട്. മലയാള കവിതയിൽ ഗസലുകളുടെ വിവർത്തനമുണ്ടായിട്ടുണ്ട്. സുഗതകുമാരിയുടെയും വൈലോപ്പിള്ളിയുടെയും ഒ.എൻ.വിയുടെയുമൊക്കെ ചെയ്ത ഉറുദു ഗസൽ വിവർത്തനങ്ങൾ വായിച്ചിട്ടുണ്ട്. മിർ തഖി മീറിന്റെയും ഫയ്സ് അഹമ്ദ് ഫൈസിന്റെയും ഗാലിബിന്റെയും ഒക്കെ വിവർത്തനം മലയാളത്തിൽ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ മലയാളത്തിന് സ്വന്തമായി ഗസൽ എന്ന രചനാരീതി ഉണ്ടായിട്ടില്ല. അത് ഉണ്ടാകാനും വഴിയില്ല. കാരണം, ഉറുദുവിലെ കാവ്യഭാഷയുമായി നേരിട്ട് ബന്ധമുള്ള, ഉറുദു വ്യാകരണത്തോട് പിണഞ്ഞുകിടക്കുന്ന ഒന്നാണ് ഗസൽ രചനാരീതി. നമ്മുടെ സുഹൃത്തായ സമീർ ബിൻസി ഇക്കാര്യത്തിൽ കുറെ എഴുതുകയും പറയുകയും ചെയ്‌തിട്ടുണ്ട്. ഉറുദുവിനെപ്പോലെ, മലയാളത്തിൽ അത്തരം പ്രത്യയങ്ങൾ കവിതയിൽ പെട്ടെന്ന് വിളക്കിച്ചേർക്കാൻ കഴിയുകയില്ല. ഉറുദുവിലെ റദ്ദീഫാ, കാഫിയ പോലെയുള്ള ചില സാങ്കേതികകാര്യങ്ങളാണ് ഗസൽ രചനയിൽ അവലംബിക്കുന്നത്. മലയാളത്തിൽ അത് സാധ്യമാക്കാനുള്ള ചില ശ്രമങ്ങളൊക്കെ നടത്താം എന്നുമാത്രം. അത്തരം ചില ശ്രമങ്ങളൊക്കെ നടന്നിട്ടുമുണ്ട്. ചിലരൊക്കെ പരമാവധി വിജയിച്ചിട്ടുമുണ്ട്. സച്ചിദാനന്ദന്റെ ചില മലയാളം ഗസലുകൾ ഉറുദു ഗസലുകളെ അനുസ്മരിപ്പിക്കും. പുതിയ ചില കവികളും നന്നായി എഴുതുന്നുണ്ട്. പിന്നെ ഗസലിന്റെ ഒരു ആശയരീതിയുണ്ട്. വളരെ ഹൃദയംഗമമായ വിഷയങ്ങൾ സംസാരിക്കുന്ന ഒരു രീതി. പ്രണയം, ദുഃഖം, വിരഹം പോലെയുള്ള കാര്യങ്ങൾ ഒക്കെ ആവിഷ്കരിക്കൽ. അത്തരം വിഷയങ്ങളും മലയാളത്തിൽ പലരും എടുത്തിട്ടുണ്ട്. തീവ്രമായ കവിതകളും ഗസലിലുണ്ട്, ബിൻസിയൊക്കെ വളരെ ശക്തമായ ഗസലുകൾ ആലപിക്കുന്നത് കേട്ടിട്ടുണ്ട്.

എങ്കിലും ഗസൽ മലയാളത്തിൽ ധാരാളം സ്വീകരിക്കപെട്ടിട്ടുണ്ട്. ഹിന്ദി ഗാനങ്ങളുടെ സ്വാധീനം പണ്ട് തൊട്ടേ മലയാളത്തിൽ ഉണ്ടല്ലോ. ഒരുപക്ഷെ ഹിന്ദി ഗാന ആസ്വാദകരിലെ മലയാളികൾ ധാരാളമുണ്ട്. ഹിന്ദിയിലെ ഖവാലികളെപ്പോലെ, സിനിമാഗാനങ്ങളെപ്പോലെ, ഗസലുകളും ആസ്വദിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദി/ഉറുദു ഗസലുകളാണ് കൂടുതൽ ആസ്വദിക്കപ്പെടുന്നതും. മലയാളം ഗസലുകൾ ആസ്വദിക്കാനുള്ള ഒരു പ്രവണത അല്ലെങ്കിൽ ഒരു ഫാഷൻ ഉണ്ടായത് ഉമ്പായി എന്ന ഗായകന്റെ അതിപ്രചാരത്തിനു ശേഷമാണ്. ഇപ്പോൾ ധാരാളം പേർ മലയാളത്തിൽ ഗസലുകൾ എഴുതാൻ ശ്രമിക്കുകയും അതിന് സംഗീതം കൊടുക്കുകയും ആലപിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

ആ ഒരു ട്രെൻഡ് കൊണ്ടാണോ മുഹമ്മദു റസൂലുല്ലാഹി എന്ന ആൽബത്തിന് ഗസൽ എന്ന് പേരിട്ടത് എന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരം. ഇങ്ങനെയും ആകാം എന്ന് കാണിച്ചു കൊടുക്കണം എന്ന് ഞങ്ങൾക്ക് തോന്നി. അതിൽ എല്ലാം ഗസൽ അല്ല. ഷാനവാസ് പാടിയ ചില ഗാനങ്ങളൊക്കെ അതിസുന്ദരമായ ലളിതഗാനങ്ങളാണ്. ഗസലുകൾ എന്ന് ഒരു കോമൺ പേര് നൽകി എന്നേയുള്ളൂ.

താങ്കളുടെ രചനകൾ ജനപ്രിയമാക്കുന്നതിൽ ഗായകർക്കും മറ്റ് പിന്നണി പ്രവർത്തകർക്കും ചെറുതല്ലാത്ത പങ്കുണ്ടല്ലോ.. താങ്കളുടെ രചനകൾക്ക് ജീവൻ നൽകുന്നവരെപ്പറ്റി പറയാമോ?

ജമീൽ അഹ്മദ്: എന്റെ പാട്ടുകളിൽ രചന മാത്രമാണ് എന്റേത്. അത് ജനങ്ങൾക്കിടയിൽ എത്തിക്കുന്നത് അതിനു പിന്നിൽ പ്രവർത്തിച്ചവരാണ്. എന്നെ സംബന്ധിച്ചിടത്തോളം അതിൽ ഏറ്റവും പ്രധാനം ഗായകരാണ്. കാരണം അവരുടെ ശബ്ദത്തിലാണല്ലോ അത് ആളുകൾ കേൾക്കുന്നത്. അങ്ങനെ ഒരാൾ പാടിയില്ലെങ്കിൽ ആ പാട്ട് ഉണ്ടാവുമായിരുന്നില്ല. ഷാനവാസും സമീർ ബിൻസിയും ഇമാം മജ്ബൂറുമൊക്കെ പാടുമ്പോഴാണ് അത് പാട്ടായി മാറുന്നത്. പിന്നെ ഇതിനു സംഗീതം നൽകിയ മുഹ്‌സിൻക്ക, ഓർക്കസ്ട്ര നിർണയിച്ച അക്ബർ… ഇവരൊക്കെ ഇതിന്റെ ഓരോ അണുവിനും ഉത്തരവാദികളാണ്. അവരാണ് യഥാർത്ഥ ഉത്തരവാദികൾ, ഞാനല്ല. എന്റെ വരികൾ അവർ എടുക്കുന്നു എന്നേയുള്ളു. ഒരു ടീം ഉണ്ട് ഞങ്ങളുടെ കൂടെ. അൽഹംദുലില്ലാഹ് അതൊരു നല്ല സംഗതിയാണ്. എനിക്ക് പിന്തുണ നൽകാനും എന്നെക്കൊണ്ട് എഴുതിപ്പിക്കാനും അത് പാട്ടാക്കി മാറ്റാനുമുള്ള സുഹൃത്തുക്കളുടെ ഒരു വലയമുണ്ട്. ഞാൻ മൂളിയാൽ അതെന്താണെന്ന് ബിൻസിക്കും ഷാനവാസിനും മനസ്സിലാകും. തിരിച്ചും. വർഷങ്ങളായി ഹൃദയബന്ധമുള്ള ആളുകളാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ ഓരോ ഭാവവ്യത്യാസം പോലും ഞങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും. ഈയൊരു ടീം ആണ് അത് ചെയ്യുന്നത്. ഇതിലൊന്നും വെളിച്ചത്തു വരാത്ത മറ്റൊരാളുണ്ട്. സമീർ കോടൂർ. അവനാണ് ഇതൊക്കെ കോർഡിനേറ്റ് ചെയ്യുന്നത്. മുഹമ്മദ് റസൂലുല്ലാഹി ഗസലുകളുടെ പിന്നിലുള്ള നിർവാഹക ശേഷി മുഴുവൻ സമീറിന്റെ കൈയിലാണ്. മലപ്പുറത്തെ കൂട്ടായ്മയിലുള്ള ഓരോ വ്യക്തിയുടെയും പങ്കാളിത്തം പണമായും പിന്തുണയായും ഈ സംരംഭത്തിനു പിന്നിലുണ്ടായിട്ടുണ്ട്. ഇങ്ങനെ വളരെ സൗഹൃദം നിറഞ്ഞ, ഹൃദയൈക്യമുള്ള, ഈമാനിന്റെ പേരിൽ ബന്ധിക്കപ്പെട്ട കുറെ ആളുകളാണ് ഞങ്ങൾ. അതിന്റെ ഒരു കൂട്ടായ്മയാണിത്. മലപ്പുറത്തെ ഗ്രീൻ എന്നയീ കൂട്ടായ്മയും അതിന്റെ വലിയ ഘടകമാണ്. ഒരുപക്ഷെ ഇതിനേക്കാൾ നല്ല രചനകൾ നടത്തുന്ന, ഇതിനേക്കാൾ നന്നായി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകൾ വേറെയുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം കൂട്ടായ്മകളിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല എന്നതാണൊരു പ്രശ്നം. സംവേദനവേദി പോലുള്ള സംവിധാനങ്ങൾ അത്തരം ആളുകളെ കണ്ടെത്തി അവരുടെ രചനകൾകൂടി പ്രകാശനങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് വേണ്ടത്. എനിക്കും ബിൻസിക്കുമൊക്കെ കിട്ടുന്ന ഒരു പിന്തുണ അവർക്ക് കിട്ടിക്കൊള്ളണമെന്നില്ല. അവരെക്കൂടി വെളിച്ചത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. റസൂലിനെക്കുറിച്ചു മാത്രമല്ല, ഏത് വിഷയത്തെ കുറിച്ചുമുള്ള ഇത്തരം പാട്ടുകൾ കൂടുതൽ രചിക്കപ്പെടട്ടെ. അജ്മൽ മമ്പാടിനെപ്പോലെ, അമീൻ കാരക്കുന്നിനെപ്പോലെ നല്ല പാട്ടുകൾ എഴുതുന്ന ധാരാളം ചെറുപ്പക്കാർ ഇപ്പോഴുണ്ട്. അമീൻ യാസിർ, ഉബൈദ് കുന്നക്കാവ് എന്നിവരെപ്പോലുള്ള നല്ല സംഗീത സംവിധായകരും നമുക്കുണ്ട്. ഇവർക്കൊക്കെ ഇങ്ങനെയൊരു ബെൽറ്റ്‌ ഉണ്ടായാൽ ഒരുപക്ഷെ, സംഗീത ലോകത്തുള്ള വലിയ കൂട്ടായ ആവിഷ്കാരങ്ങൾക്ക് നമുക്ക്  പിന്തുണകൊടുക്കാൻ കഴിയും.

സമീർ ബിൻസി, ജാബിർ സുലൈം, ഷാനവാസ്

ഇത്തരം രചനകളുടെ മേഖലയിലേക്ക്, പ്രത്യേകിച്ച് ഇസ്‌ലാമിക ഗാന രചനാ മേഖലയിലേക്ക് പെൺകുട്ടികളുടെ വരവ് വളരെ കുറവായിട്ടാണ് കാണുന്നത്. മലയാളത്തിൽ പ്രത്യേകിച്ചും കുറവാണ്. അതെന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മലയാളത്തിൽ സിനിമാഗാന രചയിതാക്കളിൽ വളരെ കുറവാണ് സ്ത്രീകളുടെ സാന്നിധ്യം. അതിലും കുറവാണ് ഇസ്‌ലാമിക ഗാനങ്ങളുടെ രചനയിൽ, ഇത്തരം സ്തുതികളും കീർത്തനങ്ങളും ഒക്കെ രചിക്കാനുള്ള ഒരു വിലക്കുകളും എതിർപ്പുകളും ഇല്ലല്ലോ. പെൺകുട്ടികൾ അഭിനയിക്കുന്നതിലും നൃത്തംചെയ്യുന്നതിലും പുറത്തേക്കിറങ്ങുന്നതിലും ഒക്കെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ പെൺകുട്ടികൾ മികച്ച രചന നടത്തുന്നതിൽ ഏതു പണ്ഡിതർക്കാണ് അഭിപ്രായവ്യത്യാസമുള്ളത്? പെൺകുട്ടികൾ മദ്ഹ് എഴുതുന്നതിൽ ആർക്കാണ് എതിർപ്പുള്ളത്? എന്നിട്ടുപോലും മുസ്ലിം പെൺകുട്ടികൾ ഇത്തരം രചനകളുടെ രംഗത്തേക്ക് വരുന്നില്ല എന്നത് വലിയ ഒരു സങ്കടമാണ്. ഞാൻ പറയുന്നത്, മലപ്പുറത്തുള്ള ഞങ്ങളുടെ ഒരു കൂട്ടായ്മ കൊണ്ട് വികസിച്ചതാണ് എന്റെ ഈ പാട്ടുകളും ആൽബങ്ങളുമൊക്കെ. അത്തരമൊരു കൂട്ടായ്മക്ക് പ്രോത്സാഹനം നൽകാൻ കേരളത്തിൽ ജി ഐ ഒവിന് ഒക്കെ കഴിയേണ്ടതുണ്ട്. അവർ ഒന്നും നടത്തിയിട്ടില്ല എന്നല്ല, എന്നാൽ അതിനിയും ശക്തമാക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.

“മുഹമ്മദ് നബിയോരെൻ കിനാവിൽ വന്നുദിക്കുവാൻ ഇനിയെത്ര സുജൂദിൽ ഞാൻ ഇരന്നിടേണം” – (മുഹമ്മദ്‌ റസൂലുല്ലാഹ് ഗസലുകൾ)

“അല്ലാഹുവല്ലാത്തതെല്ലാം വെറും മാഞ്ഞുപോകുന്ന വെളിച്ചം, അവനെ അറിയാത്തവന്ന് കെട്ടുപോകുന്നു ജീവിതം തുച്ഛം” – (അല്ലാഹുവിന് സ്തുതിയുടെ പാട്ടുകൾ)

റസൂലിനെ കുറിച്ചുള്ള താങ്കളുടെ രചനകൾ ഒരു വിശ്വാസി ഇനിയും കണ്ടെത്താത്ത പ്രവാചക സ്നേഹത്തിന്റെ ആഴത്തെ ധാരാളമായി അന്വേഷിക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള രചനകൾ കൂടുതലും അല്ലാഹുവിന്റെ “അനിർവചനീയമായ ശക്തിയെ” ഒരു താക്കീതിന്റെ ശൈലിയിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ട് ഗാന സമാഹാരങ്ങളെയും മുൻനിർത്തി പരിശോധിച്ചാൽ ഇതൊരു ശരിയായ നിരീക്ഷണമാണെന്നു കരുതാമോ? പ്രവാചകാനുരാഗത്തിന്റെ ആഴമുള്ള ഒരു തലത്തിലേക്ക് രചന നിർവഹിച്ച താങ്കളിൽ നിന്ന് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ സവിശേഷമായ രചനകൾ ഇനിയും പ്രതീക്ഷിക്കാമോ?

ജമീൽ അഹ്മദ്: ഈയൊരു ചോദ്യം എന്നോട് മുമ്പും പലരും ചോദിച്ചിട്ടുണ്ട്. റസൂലുള്ളയെ കുറിച്ച് എഴുതുന്നത് പോലെയല്ലല്ലോ നിങ്ങൾ അല്ലാഹുവെ കുറിച്ചെഴുതുന്നത് എന്ന്. ഞാനത് ആലോചിക്കാൻ കുറെ ശ്രമിച്ചിട്ടുണ്ട്, എന്താണ് അതിന്റെ കാരണമെന്ന്. സത്യം പറഞ്ഞാൽ അതിനെങ്ങനെയാണ് മറുപടി നൽകേണ്ടതെന്ന് എനിക്കറിയില്ല. ഒരു കാരണം പറയാം. അല്ലാഹുവിന് സ്തുതിയുടെ പാട്ടുകൾ എഴുതാൻ ജാബിർ സുലൈം ആണ് എന്നെ നിർബന്ധിച്ചത്, എന്നെ നിർദേശിച്ചത്. അത് എഴുതുന്നതിന് മുമ്പ് അദ്ദേഹം രണ്ട് അസ്സയിന്മെന്റുകൾ എനിക്ക് തന്നിരുന്നു. ഒന്നാമത്തേത് അല്ലാഹുവിന്റെ അസ്മാഉൽ ഹുസ്നയെക്കുറിച്ച് പഠിക്കണം. ഒരു വർഷമാണ് എനിക്കതിനു നൽകിയ സമയം. അങ്ങനെ അല്ലാഹുവിന്റെ 99 നാമങ്ങൾ, വിജ്ഞാന കോശത്തിലെ അള്ളാഹു എന്ന ടൈറ്റിൽ ഒക്കെ ഞാൻ ഇരുന്നു വായിച്ചു പഠിക്കുകയാണുണ്ടായത്. ‘അള്ളാഹു ഖുർആനിൽ’ പോലെയുള്ള കെ. സി അബ്ദുള്ള മൗലവിയുടെ പുസ്തകമൊക്കെ എന്നിലുണ്ടാക്കിയ ഉൾകാഴ്ച ചെറുതല്ല. അന്ന് കിട്ടിയ പുസ്തകങ്ങൾ അതായിരുന്നു. ഈയൊരു ടാസ്ക് ആണ് അദ്ദേഹം ആദ്യമായി നിർദേശിച്ചത്. അങ്ങനെ എഴുതിയ പാട്ടാണ് “അല്ലാഹുവെ കണ്ണാൽ കാണുകില്ല അവൻ കാണുന്നു എല്ലാമെല്ലാം” എന്നുള്ളതൊക്കെ. അത് “ബസ്വീർ” എന്ന നാമത്തിന്റെ വേറൊരു പറച്ചിലാണ്. രണ്ടാമതായി അദ്ദേഹം നിർദേശിച്ചത് അല്ലാഹുവെക്കുറിച്ച് ഖുർആനിൽ വന്നിട്ടുള്ള ആയത്തുകൾ പ്രത്യേകം പഠിക്കാനാണ്. അങ്ങനെ ഞാൻ ധാരാളം ആയത്തുകൾ എടുത്തു പഠിച്ചു. ഇങ്ങനെ അല്ലാഹുവിന് സ്തുതിയുടെ പാട്ടുകൾ എഴുതുന്നതിന് മുമ്പ് അല്ലാഹുവെക്കുറിച്ച് ഞാൻ നേടിയ ഒരു അറിവുണ്ട്. ആ അറിവിൽ നിന്നാണ് ഞാനത് എഴുതുന്നത്. അപ്പോൾ എഴുതുന്നത് പലതും ഒരു തരം ജ്ഞാനത്തിന്റെ വെളിപ്പെടൽ ആയിരിക്കും. മാത്രമല്ല അതിലെ ഒരോ വരികളെയും ജാബിർ സുലൈം എന്റെ കൂടെ നടന്ന്  പഠിപ്പിക്കുകയായിരുന്നു. ഞാനന്ന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ പി എച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം കേരളത്തിൽനിന്ന് ട്രെയിൻ കേറി വന്ന്, എന്റെ ഹോസ്റ്റലിൽ താമസിച്ച്, എന്നോടൊപ്പം നടന്ന് ഈ പാട്ടുകൾ പാടി അതിന്റെ ഓരോ വരിയിലും വാക്കിലും എന്നെ തിരുത്തി ആണ് മുന്നോട്ട് പോയത്. ഞങ്ങളിത് പലയിടത്തും എഴുതിയിട്ടുണ്ട്.

എന്നാൽ ‘മുഹമ്മദ്‌ റസൂലുള്ളാഹി’ ജ്ഞാനത്തിൽ നിന്ന് വരുന്ന പാട്ടല്ല, അതൊരു സ്നേഹത്തിൽ നിന്ന് വരുന്ന പാട്ടാണ്. അതിന് ഞാൻ പ്രത്യേകമായ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ല. റസൂലുള്ള (സ) എന്ന ഒരു അസാമാന്യ മനുഷ്യൻ, നമ്മുടെ ഉള്ളിലുണ്ടാക്കുന്ന അനിർവചനീയമായ സ്നേഹത്തിന്റെ പ്രതികരണമാണത്. എത്ര സ്നേഹം കൊടുത്താലാണത് തീരുക… കാരണം നമുക്ക് അത്രയും സ്നേഹം തന്ന ഒരാൾ, അതാണ് റസൂലുള്ള (സ). ഇനി, ഷാനവാസ് മാഷ് പ്രകാശനം ചെയ്യാൻ പോകുന്ന ഒരു പാട്ടുണ്ട്. ഒന്നു രണ്ടാഴ്ചക്കുള്ളിൽ അത് പുറത്തുവരും. അതിൽ “എത്ര നീ സ്നേഹിച്ചിടുന്നു റസൂലിനെ” എന്ന് കവി ഓരോരുത്തരോടും ചോദിക്കുകയാണ്. അങ്ങനെ പ്രാവിനോട് ചോദിക്കുമ്പോൾ അത് പറയുന്നത് “ഓരോ ചിറകടിയൊച്ചക്കുമർത്ഥം മുഹമ്മദ് ആണ് എന്നാണ്. എണ്ണാൻകഴിയാത്ത, അനന്തമായ ഒരു പ്രണയം. അങ്ങനെ നമുക്ക് മറ്റൊരാളെയും പ്രണയിക്കാൻ കഴിയില്ല. ആകാശം പറയുന്നത്, ഞാനെത്ര വിശാലമാണോ അത്രയും വിശാലമാണ് റസൂലിനോടുള്ള എന്റെ പ്രണയം എന്നാണ്. ഭൂമിയിൽ ഓരോ പൂവ് വിരിയുന്നതും മുഹമ്മദ്‌ റസൂലുള്ള (സ) ക്കു വേണ്ടിയാണ് എന്നാണാ  കവിത. ഈയൊരു നിതാന്ത പ്രണയമാണ് മദ്ഹ് ഗാനങ്ങളിലൂടെ ഞങ്ങൾ ആവിഷ്കരിക്കുന്നത്. അറിവിനെക്കാൾ കൂടുതൽ അനുരാഗമാണ് അവയിലുള്ളത്. അല്ലാഹുവിനെക്കുറിച്ചുള്ള എഴുത്തുകൾ അറിവിന്റേതും മുഹമ്മദ്‌ റസൂലുള്ളയെക്കുറിച്ചുള്ള എഴുത്തുകൾ അനുരാഗത്തിന്റെയുമാണ്.


തയ്യാറാക്കിയത്: തൂബ റുഖിയ

ഡോ. ജമീൽ അഹ്മദ്