Campus Alive

‘ഇനിയുമുണ്ടാവും, ഈ വഴിയിൽ തന്നെ’

(ജയിൽ മോചിതനായ ഡോ. കഫീൽ ഖാനുമായി മൃദുല ഭവാനി നടത്തിയ സംഭാഷണം, കടപ്പാട്: യൂണിവേഴ്സിറ്റി കലക്ടീവ്)


 

ഡോ കഫീല്‍ ഖാന്‍, ഗോരഖ്പൂര്‍ ഓക്‌സിജന്‍ ദുരന്തത്തിന് ശേഷം താങ്കള്‍ ഒരു ഡോക്ടര്‍ എന്നതിലും കൂടുതലാവുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നോ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ ആവശ്യമായ പിന്തുണയൊന്നും ഇല്ലാതെ നൂറ്റിയമ്പതിലേറെ മെഡിക്കല്‍ ക്യാമ്പുകള്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി നടത്തി. അതിന് ശേഷം ബഹ്‌റൈച് ജില്ലാ ആശുപത്രിയിലെ കുഞ്ഞുങ്ങളെ ബാധിച്ച ‘നിഗൂഢരോഗം’ തിരിച്ചറിയാന്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് താങ്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടരമാസം തടവില്‍ കഴിയേണ്ടിവന്നു. വളരെ പ്രധാനപ്പെട്ട ഗവേഷണങ്ങളും വെളിപ്പെടുത്തലുകളും നടത്താന്‍ കഴിഞ്ഞ ഈ കാലയളവിനെ പറ്റി പറയാമോ?

കഫീൽ ഖാൻ: ബി.ആർ.ഡി ഓക്‌സിജന്‍ ദുരന്തത്തിന് മുമ്പ് ഞാനൊരു സാധാരണ ഡോക്ടര്‍ ആയിരുന്നു, ഹോസ്പിറ്റലില്‍ പോയി വരുന്ന, കുടുംബവുമായി സമയം ചെലവഴിക്കുന്ന ഒരാള്‍. ബി.ആർ.ഡി ഓക്‌സിജന്‍ ട്രാജഡിക്ക് ശേഷമുള്ള ഒമ്പത് മാസത്തെ തടവിനിടയില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ശിക്ഷിക്കപ്പെടുന്നത് നല്ല കാര്യം ചെയ്തതുകൊണ്ട് ആണെന്നാണ്. ഡോക്ടര്‍ ആയ, നല്ല കുടുംബമുള്ള, പിന്തുണയ്ക്കാന്‍ നിരവധി പേരുള്ള ഒരാളായിരിക്കുമ്പോഴും കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിച്ചതിന് ശിക്ഷിക്കപ്പെടുകയായിരുന്നു. എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്? ഞാന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ആളുകള്‍ എന്നെ വിളിക്കാന്‍ തുടങ്ങി, ഞാന്‍ ഇന്ത്യ മുഴുവനും യാത്ര ചെയ്തു. നിരവധി സാമൂഹ്യ പ്രവര്‍ത്തകരെ അറിഞ്ഞു. ഇന്ത്യയില്‍ പലതും സംഭവിക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഭക്ഷണം, വസ്ത്രം, താമസ സ്ഥലം, ആരോഗ്യം, തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്ക് പകരം കഴിഞ്ഞ എട്ടുപത്തു വര്‍ഷങ്ങളായി സംഭവിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും, ഇന്ത്യയില്‍ സംഭവിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തികാവസ്ഥയുടെയും പേരില്‍ ആളുകള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലായിടത്തും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലേറെ കുഞ്ഞുങ്ങളെ ചികിത്സിച്ചു. അതില്‍ നിന്നും മനസ്സിലായത് ബി.ആർ.ഡി ഓക്‌സിജന്‍ ദുരന്തം ഇന്ത്യയുടെ തകര്‍ന്ന ആരോഗ്യ വ്യവസ്ഥയുടെ ഒരു ക്രൂരമുഖം മാത്രമാണ് എന്നാണ്. 2019 ജനുവരിയില്‍ ‘ഹെല്‍ത് ഫോര്‍ ഓള്‍’ എന്ന ക്യാമ്പയിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. 13 മുഖ്യമന്ത്രിമാരെ ആ പദ്ധതിയുമായി പോയി കണ്ടു. ജൂലൈ 2019ല്‍ ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനെയും കണ്ടു. ഓരോ വ്യക്തിക്കും ആരോഗ്യ പരിചരണത്തിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നതായിരുന്നു ഞങ്ങളുന്നയിച്ച പ്രധാന ആവശ്യം. പ്രധാനപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളെക്കാള്‍ അവര്‍ സംസാരിക്കുന്നത് രാമ ക്ഷേത്രത്തെക്കുറിച്ചും ഷംഷാന്‍ ഖബറിസ്ഥാനെക്കുറിച്ചും അലി ബജ്‌റംഗ് ബലി, സിഎഎ, എന്‍ആര്‍സി, എന്നിവയെക്കുറിച്ചെല്ലാമാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍, ഒരു മനുഷ്യജീവി എന്ന നിലയില്‍, ഒരു ഇന്ത്യന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത് അനീതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല എന്നാണ്. ഇത് എന്റെ മാത്രം ഉത്തരവാദിത്തമല്ല, ഉത്തരവാദിത്തമുള്ള എല്ലാ ഇന്ത്യന്‍ പൗരരുടെയുമാണ്, പ്രത്യേകിച്ച് ഇന്ത്യയെ തകര്‍ക്കുന്ന, ജനാധിപത്യവും ഭരണഘടനയും അപകടത്തിലായിരിക്കുമ്പോള്‍. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് വയനാട്ടിലെ ആദിവാസി മേഖലയില്‍, ദലിത് പ്രദേശം എന്ന് ഞാനതിനെ വിളിക്കും, അവിടെ ടോയ്‌ലറ്റ് പോലും ഉണ്ടായിരുന്നില്ല. നിരവധി ടിബി കേസുകള്‍ അവിടെ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങോട്ടേക്ക് ആരും പോകുന്നുണ്ടായിരുന്നില്ല. ആരോഗ്യസംവിധാനങ്ങളും ഉണ്ടായിരുന്നില്ല. അവിടെ ജീവിക്കുന്നവര്‍ ഇപ്പോഴും സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നതുപോലെ തന്നെയാണ്. അപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ചു എന്നതിന്റെ അര്‍ത്ഥം എന്താണ്? അവരുടെ ജീവിതം ഇപ്പോഴും ദുരിതം നിറഞ്ഞതാണ്. നമ്മള്‍ അവരെക്കുറിച്ച് സംസാരിക്കണം.

ഈ കാര്യങ്ങള്‍ തന്നെയായിരുന്നു അലിഗഢ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്, അല്ലേ?

കഫീൽ ഖാൻ: അതെ. ഇത് ചരിത്ര പ്രധാനമായ വിധിയാണ് എന്ന് ഞാന്‍ പറയും. വളരെ വൈകി ഏഴ് മാസങ്ങള്‍ കഴിഞ്ഞാണ് വന്നതെങ്കിലും… ജുഡീഷ്യറിയുടെ ഈ ഇടപെടല്‍ അത്രയും പ്രാധാന്യമുള്ളതാണ്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മഥുര്‍ പുറപ്പെടുവിച്ച 42 പേജുകളുള്ള ഈ ഓര്‍ഡര്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്, ബിആര്‍ഡി ഓക്‌സിജന്‍ ദുരന്തത്തിന് ശേഷം ഡോ.കഫീല്‍ ഖാനെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ഭരണകൂട വേട്ട നടക്കുന്നുണ്ട് എന്നാണ്. അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം തെരഞ്ഞെടുത്തു എന്നത് അത്ഭുതപ്പെടുത്തുന്നതാണ് എന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി. ഈ പ്രസംഗം വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഉള്ളടക്കം ഉണ്ടെന്ന് പറയാവുന്ന ഒന്നും തന്നെ ഈ പ്രസംഗത്തില്‍ ഇല്ലെന്നും പ്രസംഗം രാജ്യത്തെപൗരരുടെ അഖണ്ഡതയെയും ഐക്യത്തെയും കുറിച്ച് ആണ് എന്നും ജഡ്ജ് പറയുന്നു. ഡോ കഫീല്‍ സംസാരിക്കുന്നത് വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും തൊഴിലില്ലായ്മയെയും സമ്പദ് വ്യവസ്ഥയെയും കുറിച്ചാണ് എന്ന് വിധിയില്‍ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ചില വരികള്‍ മാത്രം അടർത്തിയെടുത്തു, ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ഒരാളും അത് ചെയ്യാന്‍ പാടില്ല എന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 10ന് ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും നാല് ദിവസത്തെ നിയമവിരുദ്ധ തടവിന് ശേഷം ദേശീയ സുരക്ഷാ നിയമം എനിക്ക് മേല്‍ ചുമത്തപ്പെട്ടു എന്നതും ജഡ്ജി വിധിയില്‍ പരാമര്‍ശിക്കുന്നു. ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ സിറ്റി എസ് പിക്ക് കത്തെഴുതി, എസ്പി അലിഗഢ് എസ്എസ്പിക്ക് കത്തെഴുതി, എസ്എസ്പി അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതി, ഈ നാല് കത്തുകളും ഒരേ രൂപത്തിലും ഒരേ ഭാഷയിലും ഒരേ കുറ്റകൃത്യങ്ങള്‍ ആരോപിക്കുന്നതും ആയിരുന്നു എന്നതും ജഡ്ജി നിരീക്ഷിച്ചു. ഈ മുഴുവന്‍ പദ്ധതിയെയും നിയമവിരുദ്ധമായാണ് ജഡ്ജി വിലയിരുത്തിയത്.

ദേശീയ സുരക്ഷാ നിയമം ദേശ വിരുദ്ധര്‍ക്കും ഭീകരവാദികള്‍ക്കും എതിരെ ഉപയോഗിക്കാനുള്ളതാണ്, സാധാരണ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കേണ്ടതല്ല. ഓരോ മൂന്നുമാസവും പുതിയ പുതിയ തെളിവുകള്‍ ഉണ്ടാക്കി എന്‍എസ്എയുടെ കാലാവധി നീട്ടാം. ഓരോ തവണ കാലാവധി നീട്ടിയപ്പോഴും അവര്‍ അവകാശപ്പെട്ടത് ഡോ.കഫീല്‍ പുറത്തിറങ്ങിയാല്‍ അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കും എന്നാണ്. ഇന്ത്യ മുഴുവന്‍ കോവിഡ് ലോക്ഡൗണില്‍ ആയിരിക്കെ, പുറത്തിറങ്ങിയാല്‍ ഈ ഡോക്റ്റര്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന ഈ വാദത്തെയും ജഡ്ജ് ചോദ്യം ചെയ്തു.

ഈ വിധിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എങ്ങനെയാണ് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ശേഷവും അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസും ചേര്‍ന്ന് ഡോക്റ്റര്‍ക്കെതിരെ എന്‍എസ്എ ചുമത്താനുള്ള നീക്കങ്ങള്‍ നടത്തിയത് എന്ന് വിശദീകരിക്കുന്നത് തന്നെയല്ലേ?

കഫീൽ ഖാൻ: അതെ.

ഭരണകൂടത്തിനെതിരെ ശബ്ദിക്കരുത് എന്ന് അവര്‍ താങ്കളോട് ജയിലില്‍ വെച്ച് ആവശ്യപ്പെടുകയുണ്ടായി. 2019ല്‍ അന്വേഷണ കമ്മീഷന്‍ താങ്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷം വീണ്ടും ഭരണകൂടത്തിനെതിരെ സംസാരിച്ചു എന്ന് കുറ്റമാരോപിച്ച് വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. സമാനമായ രീതിയല്ലേ പിന്നീട് അവര്‍ പിന്തുടര്‍ന്നത്?

കഫീൽ ഖാൻ: ഞാന്‍ മൂന്നുവര്‍ഷങ്ങളായി സസ്‌പെന്‍ഷനിലാണ്. അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് കിട്ടിയതിന് ശേഷവും അവര്‍ എന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണ് ഉണ്ടായത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നെ അറസ്റ്റ് ചെയ്തതിന് ശേഷം പിന്നീടുള്ള 72 മണിക്കൂറുകള്‍ ഞാന്‍ അവരുടെ കസ്റ്റഡിയില്‍ ആയിരുന്നു. ഫെബ്രുവരി 1ന് പുലര്‍ച്ചെ മാത്രമാണ് അവര്‍ എന്നെ മഥുര ജയിലിലേക്ക് മാറ്റിയത്. 72 മണിക്കൂര്‍ അവരെന്നെ അത്രയധികം പീഡിപ്പിച്ചു. എന്നെ നഗ്നമാക്കി മര്‍ദ്ദിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ എനിക്ക് തന്നില്ല. മാനസിക പീഡനം മാത്രമായിരുന്നില്ല, ഇത്തവണ ശാരീരിക പീഡനവും ഉണ്ടായി. അവരെന്നോട് വിചിത്രമായ ചോദ്യങ്ങളാണ് ചോദിച്ചത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിദേശത്തേക്ക് പോയിട്ടുണ്ടോ എന്ന് ചോദിച്ചു, എന്റെ പാസ്‌പോര്‍ട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്, എനിക്കെങ്ങനെ പോകാന്‍ കഴിയും? കോടിക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്താനുള്ള പൗഡര്‍ കണ്ടുപിടിച്ചിട്ടുണ്ടോ?  ഞാനൊരു ഡോക്ടറാണ്, എനിക്ക് സ്വന്തമായി ലാബ് ഇല്ല എന്ന് ഞാന്‍ പറഞ്ഞു. ബിആര്‍ഡി മെഡിക്കല്‍ കൊളേജില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെപ്പറ്റി സംസാരിക്കരുത് എന്ന് അവര്‍ പറഞ്ഞു, സിഎഎയെപ്പറ്റിയും എന്‍ആര്‍സിയെപ്പറ്റിയും സംസാരിക്കരുത് എന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളെ പറ്റി സംസാരിക്കരുത് എന്ന് പറഞ്ഞു. ആദ്യത്തെ അഞ്ച് ദിവസങ്ങള്‍ അവരെന്നെ ഇടുങ്ങിയ ഒരു സെല്ലില്‍ അടച്ചിട്ടു. അത്രയും ദിവസങ്ങളില്‍ ആകെ രണ്ട് ചപ്പാത്തിയും കുറച്ച് വെള്ളവും മാത്രമാണ് എനിക്ക് തന്നത്. അതും അത്രയധികം ആവശ്യപ്പെടുകയും അലറുകയും ചെയ്ത ശേഷം. വിശപ്പ് കൊണ്ട് എന്റെ കുടലില്‍ കൊളുത്തിവലിക്കുന്നുണ്ടായിരുന്നു, ഞാന്‍ ഭ്രാന്തമായി നിലവിളിക്കുകയായിരുന്നു. എനിക്ക് വായുവില്‍ ഭക്ഷണം കാണാന്‍ കഴിയുന്നത്രയും ഭീകരമായിരുന്നു അത്. എന്റെ കുടുംബം കോടതിയെ സമീപിച്ച ശേഷം മാത്രമാണ് എനിക്കവരെ കാണാന്‍ കഴിഞ്ഞത്. ജയിലിലെ അവസ്ഥയും ഭീകരമായിരുന്നു.

അലിഗഢിൽ ഡോ.കഫീൽ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ദൃശ്യം

ജയിലില്‍ നിന്നും ഡോക്റ്റര്‍ മൂന്നോ നാലോ കത്തുകള്‍ എഴുതിയിരുന്നു, കോവിഡ് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഏത് തരത്തിലുള്ള ദുരന്തമാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്ന് മാര്‍ച്ചില്‍ എഴുതിയ കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, അതേപ്പറ്റി പറയാമോ?

കഫീൽ ഖാൻ: ജനുവരി 27ന് ഞാനൊരു വീഡിയോ ചെയ്തു, എന്റെ അറസ്റ്റിന് മുമ്പ്.  ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്ന ഡോ.കഫീല്‍ ഖാന്‍ ഒഫീഷ്യല്‍ എന്ന എന്റെ യൂട്യൂബ് ചാനലിൽ,  കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വീഡിയോകൾ ഞാൻ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കൊറോണ വൈറസ് ചൈനയില്‍ ആളുകളെ കൊന്നുതുടങ്ങിയപ്പോള്‍ അതേപ്പറ്റി ഞാന്‍ വീഡിയോ ചെയ്തു. ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥ മുഴുവനും തകര്‍ന്നതാണ്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ദക്ഷിണേന്ത്യ താരതമ്യേന നല്ല അവസ്ഥയിലാണ്. ഇന്ത്യയില്‍ വൈറസ് ബാധയുണ്ടായാല്‍ എല്ലാം താറുമാറാകും എന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് ആ വീഡിയോ ചെയ്തത്. വൈറസ് ബാധ ഇന്ത്യയില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് ഞാന്‍ ആ വീഡിയോയില്‍ വ്യക്തമാക്കി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍ നിന്നും മാര്‍ച്ച് 19ന് പ്രധാനമന്ത്രിക്ക് കത്തെഴുതി, ആ കത്തില്‍ കൊറോണ വൈറസിനെ കുറിച്ച് എല്ലാം എഴുതിയിരുന്നു. കൊറോണ വാരിയറായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഞാന്‍ കത്തിലൂടെ അറിയിച്ചു. ഇന്ത്യയിലെ ആരോഗ്യവ്യവസ്ഥയുടെ അവസ്ഥ കാരണം, 72% ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമല്ല. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളും ജനസാന്ദ്രത കൂടിയതായതിനാല്‍ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേറിയതാകും എന്നും കത്തില്‍ സൂചിപ്പിച്ചു. സാമൂഹ്യവ്യാപന ഘട്ടത്തില്‍ നമ്മള്‍ എത്തി എന്ന കാര്യം സര്‍ക്കാര്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെങ്കിലും ഇന്ന് നാല്‍പത് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ഉണ്ട്, 75,000ത്തിലേറെ മരണങ്ങളും ഉണ്ടായി.

എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അതല്ലെങ്കില്‍ പിരിച്ചുവിടണമെന്നും ഞാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. എനിക്ക് കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകണം. വാക്‌സിന്‍ റിസര്‍ച്ചിന്റെ ഭാഗമാകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അതൊന്നുമല്ലെങ്കില്‍ ഞാന്‍ ബിഹാറിലും അസമിലും പ്രളയബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും.

ഇന്ത്യയിലെ മിക്കവാറും ജയിലുകള്‍ തിങ്ങിനിറഞ്ഞതാണ്, പല ജയിലുകളില്‍ നിന്നും നൂറിലേറെ കോവിഡ് ബാധിതര്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തില്‍ ജയിലിനകത്ത് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ എങ്ങനെയാണ്?

കഫീൽ ഖാൻ: ജയിലില്‍ വൈറസ് വ്യാപനം നിയന്ത്രിക്കല്‍ സാധ്യമല്ല. ഉത്തര്‍പ്രദേശിലെ 71 ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നത് 72-74,000 ആണ്, എന്നാല്‍ ഇപ്പോള്‍ തന്നെ 1.5 ലക്ഷം തടവുകാരാണ് ഈ ജയിലുകളില്‍ ഉള്ളത്. മഥുര ജയിലില്‍ 554 തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്, 1600 തടവുകാരാണ് അവിടെയുള്ളത്. രോഗബാധിതരെ വേര്‍തിരിക്കലും സാധ്യമായിരുന്നില്ല. സാമൂഹ്യ അകലം പാലിക്കല്‍ ഒരു വിദൂര സ്വപ്‌നമായിരുന്നു. ഓരോ അരമണിക്കൂറിലും രണ്ട് മണിക്കൂറിലും എല്ലാം കൈ കഴുകല്‍ സാധ്യമല്ല. അത്രയും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ മാസ്‌ക് ധരിക്കല്‍ തന്നെ പ്രയാസകരമായിരുന്നു.

അമ്പത് പേര്‍ മാത്രം കഴിയേണ്ടുന്ന ബാരക്കില്‍ 150 പേര്‍ കഴിഞ്ഞിരുന്നു, ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറും പലപ്പോഴും നമ്മള്‍ ഈ ബാരക്കില്‍ തന്നെ ആയിരിക്കും. ആളുകള്‍ തുമ്മുകയും കീഴ്ശ്വാസം വിടുകയും ചുമക്കുകയും എല്ലാം ചെയ്യുന്ന ഒരു അന്തരീക്ഷത്തില്‍ അത് സാധ്യമായിരുന്നില്ല. മഥുര ജയിലില്‍ കോവിഡ് എത്തിയപ്പോള്‍ 54 തടവുകാര്‍ കോവിഡ് ബാധിതരായി. ജയിലിന് പുറത്ത് തന്നെ താല്‍ക്കാലികമായ ജയിലുകള്‍ തുറന്നിരുന്നു, പുതിയ തടവുകാര്‍ക്ക് വേണ്ടിയാണ് അത്. അവര്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രം ജയിലിലേക്ക് മാറ്റുന്ന രീതി. ജയില്‍ അധികൃതരും പൊലീസും പുറത്തുപോകുന്നത് തടയാന്‍ കഴിയില്ല, അവര്‍ വരുമ്പോള്‍, ജയിലിലേക്ക് ഭക്ഷണം കൊണ്ടുവരുമ്പോള്‍ എല്ലാം കൊറോണ ജയിലിനകത്ത് എത്തുന്നു. എന്റെ ബാരക്കിലും രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഞാനും ടെസ്റ്റ് നടത്തിയിരുന്നു, പക്ഷേ നെഗറ്റീവ് ആയിരുന്നു.

2018ല്‍ ജയില്‍ മോചിതനായ ശേഷവും താങ്കള്‍ വാര്‍ത്താ തലക്കെട്ടുകളില്‍ വിശേഷിപ്പിക്കപ്പെട്ടത് ഗോരഖ്പൂര്‍ ഓക്‌സിജന്‍ ദുരന്തത്തിലെ കുറ്റാരോപിതന്‍ എന്ന രീതിയിലാണ്. അത് ഒഴിവാകാന്‍ രണ്ടര വര്‍ഷത്തോളം എടുത്തു. ഡോക്റ്ററുടെ കേസ് പല ഘട്ടങ്ങളിലായി പല തരത്തില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ കസ്റ്റഡിയില്‍ തുടരുമ്പോഴും ജാമ്യം കിട്ടി എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉള്‍പ്പെടെ. ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ഡോക്റ്ററുടെ കേസിനെ എങ്ങനെയെല്ലാമാണ് ബാധിച്ചിരുന്നത്?

കഫീൽ ഖാൻ: ഡിജിറ്റല്‍ മീഡിയയിലാണ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ജീവിച്ചിരിക്കുന്നത്. എന്നാല്‍, ടിവി, പ്രിന്റ് മാധ്യമങ്ങളില്‍ കൂടുതലും പക്ഷം പിടിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനമാണ് നടത്തുന്നത്, അത് ഭരണകൂടത്തിന്റെ സ്വാധീനം കൊണ്ട് ആകണം. കാരണം ബിആര്‍ഡി മെഡിക്കല്‍ കൊളേജ് ദുരന്തത്തിന് ശേഷം അവര്‍ എന്നെ കൊലയാളിയായി ചിത്രീകരിച്ചു. അവരെന്നെ ഹീറോ ആയും വില്ലനായും ചിത്രീകരിച്ചു. മെഡിക്കല്‍ അലംഭാവത്തിനും അഴിമതിക്കും ഓക്‌സിജന്‍ ടെണ്ടര്‍ ഇടപാടുകള്‍ക്കും തെളിവുകള്‍ ഇല്ലെന്നു വ്യക്തമാക്കുന്ന അലഹാബാദ് ഹൈക്കോടതി വിധി വന്നെങ്കിലും, കേസില്‍ എനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചെങ്കിലും അവര്‍ എന്നെ വിവാദ ഡോക്ടര്‍ എന്ന് വിളിച്ചു. അര്‍ണബ് ഗോസ്വാമി എന്നെ എഴുപത് കുട്ടികളുടെ കൊലയാളി എന്ന് വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു, ഇന്ത്യാ ടിവിയിലെ രജത് ശര്‍മ, അങ്ങനെ നിരവധി പേരുണ്ട്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ഇപ്പോഴും ജീവനോടെയുണ്ട്. ഇന്ത്യ മുഴുവനും ജാതി, മതം സാമ്പത്തിക മൂലധനം തുടങ്ങിയ ഘടകങ്ങളാല്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. അത് എല്ലാവരെയും ഭീതിപ്പെടുത്തേണ്ട കാര്യമാണ്, എന്നെ മാത്രമല്ല.

ഇത്തവണയും ഞാന്‍ ജയില്‍ മോചിതനായപ്പോള്‍ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖത്തിന് വേണ്ടിയും എന്റെ കാഴ്ചപ്പാടുകള്‍ അറിയാനും വിളിച്ചു. എന്തുകൊണ്ടാണ് താങ്കള്‍ തടവിലാക്കപ്പെട്ടത്? എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശ് ഗവണ്മെന്റ് ഈ രീതിയില്‍ വേട്ടയാടുന്നത്? പക്ഷേ ആരും ഉത്തര്‍പ്രദേശ് ഗവണ്മെന്റിനോട് ഇത് ചോദിക്കാന്‍ ധൈര്യപ്പെടുന്നില്ല, എന്തുകൊണ്ടാണ് അവര്‍ എന്നെയും എന്റെ കുടുംബത്തെയും വേട്ടയാടുന്നത് എന്ന്.

എന്റെ സഹോദരന് നേരെ വധശ്രമം ഉണ്ടായപ്പോൾ ആ പരിസരത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുണ്ടായിരുന്നു, ഓര്‍ക്കുന്നുണ്ടാകും. രണ്ട് വര്‍ഷമായിട്ടും ആ കേസില്‍ ഒരു അറസ്റ്റും അന്വേഷണവും ഉണ്ടായിട്ടില്ല. ചാര്‍ജ് ഷീറ്റ് പോലും ഇല്ല. ആരാണ് എന്റെ സഹോദരനെ കൊലപ്പെടുത്താന്‍ നോക്കിയത് എന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. മാധ്യമങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ ഉത്തരവാദികളെ ചോദ്യം ചെയ്യുന്നില്ല.

ഡോക്ടറുടെ കേസ് ഇന്ത്യയുടെ തകര്‍ന്ന ആരോഗ്യ വ്യവസ്ഥയിലേക്കുള്ള ഒരു സൂചകമായിരുന്നു. ഹെല്‍ത് ഫോര്‍ ഓള്‍ എന്ന പദ്ധതിയുമായി താങ്കള്‍ എംപിമാരെയും മുഖ്യമന്ത്രിമാരെയും കാണുകയുണ്ടായി. എങ്ങനെയായിരുന്നു പദ്ധതിയോടുള്ള ഇവരുടെ പ്രതികരണം?

കഫീൽ ഖാൻ: ഞാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെയും കണ്ട് ‘ഹെല്‍ത് ഫോര്‍ ഓള്‍’ പ്രൊപോസല്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഇരുപത്തിയഞ്ച് വ്യക്തികള്‍ ചേര്‍ന്നൊരു കൂട്ടായ്മയുടേതാണ് ഈ പദ്ധതി. ചിലര്‍ ഡോക്റ്റര്‍മാരാണ്, ചിലര്‍ അഭിഭാഷകരാണ്, ചിലര്‍ സാമൂഹ്യപ്രവര്‍ത്തകരാണ്. ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചത് യുനൈറ്റഡ് നേഷന്‍സില്‍ നിന്നും വേള്‍ഡ് ബാങ്കില്‍ നിന്നും ലോക ആരോഗ്യ സംഘടനയില്‍ നിന്നെല്ലാമാണ്. ബിആര്‍ഡിയില്‍ ഒരു ദിവസം മാത്രം എഴുപത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട 2017ല്‍ രണ്ട് ലക്ഷം കുഞ്ഞുങ്ങളാണ് ഇന്ത്യയിലാകെ മരണപ്പെട്ടത് എന്ന വസ്തുത ഞങ്ങള്‍ മനസ്സിലാക്കി. 2018ല്‍ ലോക ആരോഗ്യ സംഘടന പറയുന്നു 8.8ലക്ഷം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരണപ്പെട്ടു എന്ന്. ഓരോ മണിക്കൂറിലും ഇന്ത്യയില്‍ നൂറ് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ടിബി ബാധിതരായി 4.5 ലക്ഷം പേര്‍ മരിക്കുന്നു. എച്ച്‌ഐവി ബാധിതരുള്ള മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. നമ്മുടെ ജനസംഖ്യയുടെ 72% ജനങ്ങള്‍ക്ക് ആരോഗ്യ സംവിധാനങ്ങളിലേക്ക് പ്രവേശനമില്ല. ഗ്രാമീണമേഖലകളില്‍ 51,000 പേരെ ചികിത്സിക്കേണ്ട ബാധ്യത ഒരു ഡോക്റ്റര്‍ക്കാണ്. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ഈ പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ഇതിനോട് അവര്‍ യോജിച്ചിരുന്നുവെങ്കില്‍, അവര്‍ ഈ ഡാറ്റ പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതിനോടവര്‍ പ്രതികരിക്കുമായിരുന്നു, ജിഡിപിയുടെ പത്ത് ശതമാനം ആരോഗ്യത്തിന് വേണ്ടി ചെലവഴിക്കുക എന്ന ഞങ്ങളുടെ ആവശ്യത്തോട് അവര്‍ പ്രതികരിച്ചിരുന്നെങ്കില്‍ നമ്മള്‍ കോവിഡിനെ നേരിടാന്‍ മെച്ചപ്പെട്ട തയ്യാറെടുപ്പുള്ളവരായി മാറിയേനെ. എഴുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. ഒരു മരണം ആ വ്യക്തിയുടെ കുടുംബത്തെ അത്രയധികം തളര്‍ത്തുന്നതായിരിക്കും. മറ്റു രാജ്യങ്ങളിലെ വര്‍ധിച്ച മരണസംഖ്യയുമായി ഇന്ത്യയിലെ മരണസംഖ്യയെ താരതമ്യം ചെയ്യരുത്. ഇപ്പോള്‍ ഇന്ത്യ ലോകത്തില്‍ തന്നെ രണ്ടാമതാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍. ശൈത്യകാലം വരികയാണ്, ജയിലില്‍ വെച്ച് എന്റെ കണക്കുകൂട്ടല്‍ മുപ്പത് മുതല്‍ നാല്‍പത് ലക്ഷം വരെയായിരുന്നു കേസുകളുടെ എണ്ണം. നമ്മള്‍ ഇതിനകം ആ സംഖ്യ കടന്നു. ഡിസംബറോടുകൂടി പത്തുലക്ഷം കേസുകള്‍ ആകുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. കുട്ടികളെ സൂപ്പര്‍സ്‌പ്രെഡര്‍ ആയി കണക്കാക്കാം, അവര്‍ വഴി വൃദ്ധരിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. ശൈത്യകാലം വാര്‍ധക്യത്തിലുള്ളവര്‍ക്ക് അപകടകരമായിരിക്കും. മരുന്നുകള്‍ കൊണ്ട് ഈ വൈറസിനെ നേരിടാന്‍ കഴിയില്ല, വാക്‌സിന്‍ വരുന്നതുവരെ നമ്മള്‍ കാത്തിരിക്കേണ്ടിവരും. അടുത്ത ഒരു വര്‍ഷത്തില്‍ വാക്‌സിന്‍ ലഭ്യമാകും എന്ന് എനിക്ക് തോന്നുന്നില്ല. നീണ്ട കാലത്തേക്ക് പ്രതിരോധശേഷി നിലനിര്‍ത്തുന്ന വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ സമയമെടുക്കും.

ഹെല്‍ത് ഫോര്‍ ഓള്‍ പദ്ധതിക്കായി ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും?

കഫീൽ ഖാൻ: നമ്മള്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിലവില്‍ ഞാനെന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ ഏഴര മാസങ്ങളിലൂടെയാണ് അവര്‍ക്ക് കടന്നുപോകേണ്ടിവന്നത്. അതുണ്ടാക്കിയ സാമ്പത്തിക ബാധ്യതയും ട്രോമയും അത്ര വലുതാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നും ഉത്തര്‍പ്രദേശ് വിട്ടു എന്നും ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുപോകാന്‍ ഭയക്കുന്നു എന്നുമെല്ലാം പ്രചരണങ്ങളുണ്ട്. ഈ പോരാട്ടത്തില്‍ എന്നെ പിന്തുണച്ച എല്ലാവരോടും ഈ മാധ്യമത്തിലൂടെ ഞാന്‍ ഉറപ്പുനല്‍കുകയാണ്, ഞാന്‍ ഭയന്നോടുന്നില്ല. ഞാന്‍ തലകുനിക്കില്ല. ഞാന്‍ ഉത്തര്‍പ്രദേശ് വിട്ടുപോകുന്നില്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ചേരുന്നില്ല. ഡോക്റ്ററായി പ്രവര്‍ത്തിക്കുന്നതിലാണ് എന്റെ സന്തോഷം. ഞാന്‍ ഡോക്ടറായി തന്നെ പ്രവര്‍ത്തനം തുടരും.

ജാമിഅ, അലിഗഢ്, ജെഎന്‍യു തുടങ്ങിയ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഇരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിച്ചതിന് തടവറയിലാണ്. പക്ഷേ സമരങ്ങള്‍ തുടരും, ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ഈ പാന്‍ഡമിക് ആണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ഐക്യത്തോടെ പോരാടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എന്‍ആര്‍സിയെക്കുറിച്ച് വീണ്ടും സംസാരിച്ചുതുടങ്ങിയാല്‍ നമ്മള്‍ പ്രതിഷേധം തുടരും.

ജയിലില്‍ ഏത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു സഹതടവുകാരായി ഉണ്ടായിരുന്നത്?

കഫീൽ ഖാൻ: എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു, പക്ഷേ ഭൂരിഭാഗവും ദലിതരും മുസ്‌ലിങ്ങളും ആയിരുന്നു. അവര്‍ക്കെല്ലാം എന്റെ കേസിനെപ്പറ്റി അറിയുമായിരുന്നു. ഭരണകൂടം ആരെയാണ്, എന്തിനാണ് ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് അതിന്റെ പ്രതിഫലനമാണ് ജയില്‍. വോട്ട് ബാങ്ക് രാഷ്ട്രീയമാണത്. ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം ഫയല്‍ ചെയ്ത 150 എന്‍എസ്എ കേസുകളില്‍ പകുതിയും ഗോഹത്യ കുറ്റമാരോപിച്ചുകൊണ്ടുള്ളവയാണ്. യുവാക്കളുടെ മനസ്സ് മുറിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഈ മുറിവുകള്‍ എളുപ്പത്തില്‍ ഉണങ്ങാത്തവയായിരിക്കും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള സമരങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും തുടരുന്നു. ഭരണഘടന രൂപീകരിക്കുമ്പോള്‍ ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്തതൊന്നും വലിയൊരു വിഭാഗത്തിന് ലഭ്യമായിട്ടില്ല. അവകാശങ്ങള്‍ നല്‍കേണ്ടവയല്ല, ലഭ്യമാകേണ്ടവയാണ്. 90% നിയമവാഴ്ചയും നടക്കുന്നത് പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലാണ്. വളരെ ചുരുക്കം ചിലര്‍ക്കാണ് കീഴ് കോടതിയിലേക്കും ഹൈ കോടതിയിലേക്കും സുപ്രിം കോടതിയിലേക്കും പരാതിയുമായി പോകാന്‍ കഴിയുന്നത്.

എന്നിട്ടും പതിനാല് തവണയാണ് ഹൈ കോടതി എന്റെ കേസ് മാറ്റിവെച്ചത്. നിരവധി ജഡ്ജിമാരാണ് എന്റെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. സുപ്രീം കോടതിയെ സമീപിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്, നമുക്ക് എങ്ങനെ നീതി കിട്ടും? 1932 ലെ പൂനാ പാക്റ്റില്‍ മഹാത്മാ ഗാന്ധിയുടെ ഇടപെടല്‍ എന്താണെന്ന് നമുക്കറിയാം. ബാബാ സാഹേബ് അംബേദ്കറുടെ ദീര്‍ഘമായ കാലത്തേക്കുള്ള കാഴ്ചപ്പാട് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും സ്വന്തം ജനതയ്ക്ക് നീതി ലഭിക്കില്ല എന്നതായിരുന്നു. എന്നാല്‍, ഗാന്ധി പൂനാ പാക്റ്റിനോട് യോജിച്ചില്ല.

യുവാക്കളോട് എന്താണ് പറയാനുള്ളത്?

കഫീൽ ഖാൻ: സത്യം തുറന്നുപറയാന്‍ ഭയപ്പെടരുത്. നിങ്ങള്‍ എത്രത്തോളം ഭയക്കുന്നുവോ അത്രത്തോളം ഫാസിസ്റ്റ് ശക്തികള്‍ നിങ്ങളെ ഭയപ്പെടുത്തും. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്നും സംസാരിക്കുക, ഹൃദയത്തോട് മറുപടി പറയുക. എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് ഇത്രയും അടിച്ചമര്‍ത്തപ്പെട്ടിട്ടും എവിടെനിന്നാണ് വീണ്ടും സംസാരിക്കാനുള്ള ധൈര്യം കിട്ടുന്നത് എന്ന്. നിങ്ങള്‍ കാരണമാണ് അത് എന്നാണ് എന്റെ മറുപടി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉറപ്പാണ് അത്. ആരുടെ കണ്ണില്‍ നോക്കിയും അത് പറയാന്‍ എനിക്ക് സാധിക്കും. ദേശീയത മതം പോലെ ജന്മനാ കിട്ടുന്നതാണ്. ഞാനൊരു മുസ്ലിം ആണ്, ഞാനൊരു മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഞാന്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നത് എന്റെ വിശ്വാസമാണ്. അതെന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കപ്പെടരുത്. ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്. അന്നുമുതല്‍ ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള ക്ഷണങ്ങളെ ഞാന്‍ നിരസിക്കുന്നത് എനിക്ക് ഇവിടെ ജോലി ചെയ്യണം എന്നുള്ളതുകൊണ്ടാണ്. നിങ്ങൾ ധൈര്യത്തോടെ തുറന്നു സംസാരിക്കുക.

 

ഡോ. കഫീൽ ഖാൻ