Campus Alive

ഉമ്മത്തീ ഐക്യം: ചില പുനരാലോചനകൾ

(ഇസ്‌ലാം അതിർത്തികൾപ്പുറം: 21-ാം നൂറ്റാണ്ടിലെ ഉമ്മത്തീ ഐക്യം’, ലേഖനത്തിന്റെ  അവസാന  ഭാഗം)


നിലവിലെ നമ്മുടെ അവസ്ഥയിൽ മാറ്റമുണ്ടാകണമെങ്കിൽ നാമെങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിനെ കുറിച്ച, പ്രത്യേകിച്ച് നമ്മുടെ ആലോചനകളിൽ നാം അംഗീകരിച്ചിട്ടുള്ള അന്തർലീനമായിക്കിടക്കുന്ന അനുമാനങ്ങളെയും ചട്ടക്കൂടുകളെയും യുക്തികളെയും കുറിച്ച പര്യാലോചന നടത്താനും അതിൽ മാറ്റമുണ്ടാക്കാനും നമുക്ക് ശേഷിയുണ്ടാകേണ്ടതുണ്ട്. മറ്റൊരർത്ഥത്തിൽ, അശുഭകരമോ പ്രതിരോധപരമോ ആയ മനഃസ്ഥിതി വെച്ചുപുലർത്തുന്നതിലുപരി ‘ചെയ്യാൻ കഴിയും’ എന്ന രീതിയിൽ ഏത് പ്രശ്നവും പരിഹരിക്കാൻ ശേഷിയുള്ള മനസ്ഥിതിയാണ് നമുക്കാവശ്യം. ‘പകുതി കാലിയാണ്’ എന്നതിലുപരി ‘പകുതി ഫുള്ളാണ്’ എന്നു പറയുന്ന പോലെയാണ് മുസ്‌ലിം ഐക്യം അധികരിപ്പിക്കുക എന്ന വെല്ലുവിളിയോടുള്ള കാഴ്ചപ്പാട്. ഭാവിയിലെ ഉമ്മത്തീ ഐക്യത്തെ പുനഃസങ്കല്പനം ചെയ്യുന്നതിന് നമുക്ക് ഒരു ധാർമ്മിക വീക്ഷണമുണ്ടാവുകയും ഒരു അന്തർദേശീയ നൈതിക സമുദായമെന്ന നിലയിൽ പ്രവർത്തിക്കുകയും വേണം. സാമ്പത്തിക വിദഗ്ധൻ റോഡ്നി ഷേക്സ്പിയർ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട്;

“ഉമ്മത്തിനെ നിന്ദിക്കുകയും അവഹേളിക്കുകയും അതിന്റെ ഊർജ്ജം ചോർത്തിക്കളയുകയും ചൂഷണം ചെയ്യുകയും പ്രതിരോധിക്കുകയും സാധ്യമായ എല്ലാ തരത്തിലും ഉമ്മത്ത് വികാസം പ്രാപിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന ചതിക്കുഴികളെ തിരിച്ചറിഞ്ഞാൽ അസുഖകരമായ വർത്തമാനകാലത്തെ തിരുത്താനും പ്രൗഢമായ ഭാവി നിർമ്മിച്ചെടുക്കാനും ഉമ്മത്തിന് കഴിയും. സമ്പദ് വ്യവസ്ഥ, ധാർമ്മികത, പണം, അവ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയുമായാണ് ബന്ധപ്പെട്ടതാണ് ആ ചതിക്കുഴികൾ.”[1]

ഉദാഹരണങ്ങൾ, നമ്മെ നയിക്കുകയും മത-മതേതര നേതാക്കളും വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധരുമായ ആളുകൾ തമ്മിലുള്ള പരസ്പര സഹകരണത്തെ ശക്തിപ്പെടുത്തിക്കൊണ്ട് നമ്മുടെ നിപുണതകളെ കൃത്യമായി നാം വിതരണം ചെയ്യുകയും വേണ്ടതുണ്ട്. അതിന് നിഷ്പക്ഷവും പരസ്പര പങ്കാളിത്തങ്ങൾ നിർമ്മിച്ചെടുക്കാൻ ശേഷിയുള്ളതുമായ നൈതികവും ക്രിയാത്മകവും ഭാവിയെ കുറിച്ച് ബോധ്യമുള്ളതുമായ തേതൃത്വങ്ങളെ രൂപപ്പെടുത്തിയെടുക്കാനുതകുന്ന താഴേക്കിടയിലുള്ള ശൃംഖലകളെ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങളെ കുറിച്ച് നാമാലോചിക്കാറുള്ള രീതിയിൽ ഇതിന് സംഘടിതമായ വൈഭവവും വൻതോതിലുള്ള കൂട്ടായ ശ്രമങ്ങളും  ആവശ്യമായി വരും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടിതമായ സമീപനങ്ങളില്ലാതെ നമ്മുടെ സമുദായങ്ങൾക്കോ സ്ഥാപനങ്ങൾക്കോ ഭരണകൂടങ്ങൾക്കോ സാധിക്കില്ല.

രണ്ടായിരങ്ങളുടെ അവസാനത്തിൽ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെ പ്രപഞ്ചത്തിലെ ക്ഷീരപഥത്തെ (Galaxy) വർഗ്ഗീകരിക്കാൻ വേണ്ടി ഒരുമിച്ച് കൂട്ടിയ ഓക്സഫോർഡ് യൂണിവേഴ്സിറ്റിയുടെ ഗാലക്സി സൂ പോലെ പ്രശ്നപരിഹാരത്തിനുള്ള സംഘടിത സമീപനങ്ങളുടെ അനേകം ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു “Big mind” സമീപനത്തിൽ വലിയ തോതിലുള്ള സംയോജനവും സംഘാടനവും സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയുമുള്ള വിവരങ്ങളുടെ പ്രസിദ്ധീകരണവുമൊക്കെ ഉള്ളടങ്ങിയിരിക്കുന്നു.[2] ദൈവശാസ്ത്രം, ധാർമ്മികത, രാഷ്ട്രീയം, നിയമം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, വികസന പഠനങ്ങൾ, ഫ്യൂച്ചേഴ്സ് സ്റ്റഡീസ് തുടങ്ങി നിരവധി ഡൊമെയ്‌നുകളിൽ നിന്നുള്ള വൈദഗ്ധ്യം ഈ ജനക്കൂട്ടത്തിൽ നിന്ന് ലഭിക്കുന്നു. ഒന്നിച്ച് പരിഹാരം കാണുക എന്നതിനർത്ഥം, പ്രധാനപ്പെട്ട ഘടകങ്ങളെയും കാരണങ്ങളെയും മാതൃകകളെയും ബന്ധങ്ങളെയും തിരിച്ചറിയുക, അവയെ എല്ലാവർക്കും ലഭ്യമായ ഒരു ഭാഷയിൽ അവതരിപ്പിക്കുക എന്ന് തുടങ്ങിയ ധാരാളം കാര്യങ്ങളുടെ വ്യത്യസ്ത തരം സമന്വയ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനുള്ള ശേഷി എന്നത് കൂടിയാണ്. വിമർശന ചിന്ത, സർഗ്ഗാത്മകത, പ്രതിഫലനം, പ്രായോഗികമായ പരിഹാരങ്ങളിലേക്ക് നമ്മുടെ രീതിയിൽ പ്രവർത്തിക്കുക എന്നിങ്ങനെയുള്ള രേഖീയമായ ഒന്നെന്നതിനേക്കാൾ ഇത് പലപ്പോഴും വൃത്താകാരത്തിലുള്ള ഒരു പ്രക്രിയയാണ്.

സംഘടിതമായ വൈഭവ ശക്തി മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ പ്രയോഗിക്കണമെന്നതിനർത്ഥം അവയെക്കുറിച്ചുള്ള ആഴമേറിയ വിശകലനങ്ങളും വ്യത്യസ്ത തരം ആലോചനകളും നമുക്കുണ്ടാവുകയും നിലവിൽ ഫലം കാണാത്ത അടിസ്ഥാനീയങ്ങളെ മറികടക്കുകയും വേണമെന്നും ആണ്. ഇതിന് വിഭാഗീയവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ അന്തരങ്ങളെ തിരിച്ചറിഞ്ഞ് സമുദായങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ തന്നെ ഇതൊരിക്കലും പറയുന്നതു പോലെ പ്രാവർത്തികമാക്കാൻ എളുപ്പമല്ല. സന്നദ്ധ മനോഭാവം വികസിപ്പിച്ചെടുക്കുകയും പരസ്പരം സഹകരിച്ചുക്കൊണ്ടുള്ള കൂടുതൽ ഫലപ്രദമായ പ്രതികരണങ്ങളെ സംഘടിപ്പിക്കാൻ ആവശ്യമായ നെറ്റ്‌വർക്കുകൾ നിർമ്മിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ഇതിനർത്ഥം. നിലവിലെ സമുദായ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് പള്ളികളെ പരമാവധി പ്രയോജനപ്പെടുത്തുകയും അവയെ സ്ത്രീകൾക്കും യുവാക്കൾക്കും ലഭ്യമാക്കുകയും നേതൃസ്ഥാനത്തും തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിലും അവരെ ഉൾപ്പെടുത്തുകയും ചെയ്യുക, NGO-കളെ പിന്തുണയ്ക്കുകയും സാമൂഹിക വെല്ലുവിളികളെ നേരിടാൻ പുതിയ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സൃഷ്ടിക്കുക, സമാധാനത്തോടെയുള്ള സഹവർത്തിത്വം വർദ്ധിപ്പിക്കുന്നതിനും സമൂഹം മൊത്തത്തിൽ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമായി മറ്റ് മതങ്ങളുമായും ന്യൂനപക്ഷ സമുദായങ്ങളുമായും കൂടുതൽ ബന്ധം സ്ഥാപിക്കുക തുടങ്ങിയവയെ ഞാൻ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച ഒരു മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടും. കോവിഡിന്റെ സമയത്ത് പ്രാദേശിക സമുദായങ്ങളെ സഹായിക്കാൻ മുസ്‌ലിങ്ങൾ മുൻനിരയിലുണ്ടായിരുന്നു എന്നത് ഇതിന്റെ ഏറ്റവും നല്ലൊരു ഉദാഹരണമാണ്. റെസ്റ്റോറന്റുകളും മസ്ജിദുകളും ഫുഡ് ബാങ്കുകൾ സ്ഥാപിക്കുകയും ഭവനരഹിതർക്ക് ഭക്ഷണമെത്തിച്ചു നൽകുകയും ചെയ്തു കൊണ്ട് യു.കെയിലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ഈ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു.

സിയാഉദ്ദീൻ സർദാർ

മുസ്‌ലിം ചിന്തകനായ സിയാഉദ്ദീൻ സർദാർ ഇപ്രകാരം എഴുതുന്നു; “ഇസ്‌ലാം അനിവാര്യമായും ഒരു ഭാവി കേന്ദ്രീകൃതമായ ലോകവീക്ഷണമാണ്. ഇഹലോകവും പരലോകവും മെച്ചപ്പെടുത്തുക എന്നത് അതിന്റെ പരിഗണനാ വിഷയമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിലെ മൗലികമായ ആശയങ്ങൾക്ക് ഭാവിയെക്കുറിച്ചുള്ള ഒരു മാനം സഹജമായി തന്നെയുണ്ടെന്നത് ഒട്ടും അത്ഭുതകരമല്ല.”[3] ഭാവി പ്രവചിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും അനുഭവസിദ്ധമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി അതേക്കുറിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ നമുക്ക് സാധിക്കും. അവ രൂപപ്പെടുത്താനുള്ള മൂർത്തമായ ആലോചനകൾ നാം നടത്തേണ്ടതുണ്ട്. അഥവാ, നിലവിലെ പ്രവണതകളെന്തൊക്കെയാണ്, എങ്ങനെയാണ് മാറ്റങ്ങളുണ്ടാവുന്നത്, സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളും സാധ്യതകളുമെന്തൊക്കെയാണ് അതിൽ തന്നെ അപകടകരമായവ ഏതൊക്കെ, പ്രയോജനകരമായവ ഏതൊക്കെ എന്നെങ്ങനെ തിരിച്ചറിയാം തുടങ്ങിയവയെക്കുറിച്ച ധാരണയുണ്ടാക്കുക എന്നാണിതിന്റെ ഉദ്ദേശം. ഉമ്മത്തിലെ നല്ല മാറ്റങ്ങൾ ഒറ്റരാത്രി കൊണ്ട് സംഭവിക്കുന്നതല്ല, മറിച്ച് ആഗോളതലത്തിൽ തലമുറകളിലൂടെയുള്ള ശ്രമങ്ങളിലൂടെ മാത്രമേ അത് സംഭവിക്കുകയുള്ളൂ എന്നതുകൊണ്ട് നിലവിൽ നാമെവിടെയാണ് എത്തിനിൽക്കുന്നതെന്നും അടുത്ത പത്തോ ഇരുപതോ മുപ്പതോ വർഷം കൊണ്ട് നാമെവിടെയാണ് എത്താൻ സാധ്യത എന്നതിനെ കുറിച്ചുമുള്ള കൃത്യമായ ധാരണയും നമുക്കാവശ്യമാണ്. സിയാഉദ്ദീൻ സർദാർ ‘post normal times’ എന്ന് വിശേഷിപ്പിച്ച മാറ്റത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇതേപ്പറ്റി അദ്ദേഹം എഴുതുന്നു: “പഴയ യാഥാസ്ഥിതികതകൾ നശിച്ചുകൊണ്ടിരിക്കുകയും പുതിയവ ഇനിയും ജനിക്കാനിരിക്കുകയും, കുറച്ച് കാര്യങ്ങൾ മാത്രം മനസ്സിലാകുന്നതായുള്ളതുമായ ഒരു ഇടക്കാലഘട്ടം.”[4] കോവിഡിന്റെ ഘട്ടത്തിലും റഷ്യൻ-ഉക്രൈൻ യുദ്ധത്തിന്റെ ഘട്ടത്തിലും നാം കണ്ടതുപോലെ, പഴയ സാമൂഹ്യ-രാഷ്ട്രീയ ഭൂമികകളെ അടിമുടി മാറ്റിമറിക്കാൻ കെല്പുള്ള പുത്തൻ പ്രവണതകളും പ്രതിസന്ധികളും സാങ്കേതികവിദ്യകളും ഉദയം ചെയ്യുന്ന ഒരു സമയമാണത്. ധാർമ്മികതയെയും സ്വത്വത്തെയും ചുറ്റിപ്പറ്റിയുള്ള സ്ഥാപിത ആശയങ്ങൾ ഒറ്റരാത്രികൊണ്ട് വെല്ലുവിളിക്കപ്പെടുകയും മാറ്റപ്പെടുകയും ചെയ്യുന്ന സാമൂഹിക മേഖലയിലും ഇത് സംഭവിക്കകുകയും “സാധാരണമല്ലാത്തതും അസാധാരണവുമായ സങ്കൽപ്പങ്ങളും സംഭവങ്ങളും എവിടെനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടുകയും വ്യാപിക്കുകയും പ്രബലമാവുകയും ചെയ്യാം.”[5]

തങ്ങളുടെ സമൂഹങ്ങളെ നല്ലരീതിയിൽ പരിവർത്തനവിധേയമാക്കാൻ ശ്രമിക്കുന്ന മുസ്‌ലിങ്ങൾ പരിഗണിക്കേണ്ടുന്ന കാര്യങ്ങളിവയൊക്കെയാണ്. നാടകീയമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ വരാൻ പോകുന്ന രണ്ട് ദശകങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ സ്തംഭനാവസ്ഥ, ഏകാധിപത്യ ഏകീകരണം, കലാപങ്ങൾ, ആഭ്യന്തരയുദ്ധങ്ങൾ, തടസ്സപ്പെട്ട പരിവർത്തനങ്ങളും വിപ്ലവങ്ങളും തുടങ്ങിയ അവസ്ഥകളുടെ വേദനാജനകമായ തുടർച്ച തന്നെയായിരിക്കും. എങ്കിലും, രാഷ്ട്രം നടപ്പിലാക്കുന്ന നിയമങ്ങളിലൂടെയും നയങ്ങളിലൂടെയും നിർമ്മിക്കപ്പെടുന്നതാണ് സാമൂഹിക ഘടകങ്ങളെന്നിരിക്കെ അവയെ വെല്ലുവിളിക്കാനും മാറ്റാനുമുള്ള വൈയക്തികവും സംഘടിതവുമായ കർതൃത്വമുള്ളത് സാധാരണ ജനങ്ങൾക്കാണ്. നമ്മുടെ പ്രശ്നങ്ങളെ തീർത്തും സവിശേഷവും അപരിഹാര്യവുമാണെന്ന രീതിയിൽ പ്രത്യേകമായ എന്തോ എന്ന രീതിയിൽ കാണുന്ന പ്രവണതയെ നാം ചെറുക്കേണ്ടതുണ്ട്. പകരം, അതിലും വലിയ സാർവ്വത്രിക പ്രശ്നങ്ങളെ കാണുകയും മനുഷ്യരെന്ന നിലയിൽ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന അടിയന്തര പ്രശ്നങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ രൂപപ്പെടുത്താനും പരിസ്ഥിതി പ്രതിസന്ധി പോലുള്ള ആഗോള വെല്ലുവിളികൾ പരിഹരിക്കാനുമുള്ള സഹായങ്ങൾ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും വേണം. വനനശീകരണം, നഗരവൽക്കരണം, മലിനീകരണം, പാരിസ്ഥിതികമായ അസ്ഥിരത, മൃഗജന്യ രോഗങ്ങൾ, വെള്ളപ്പൊക്കം എന്നിവ അടുത്ത രണ്ട് ദശകങ്ങളിൽ മുസ്ലിം രാജ്യങ്ങളെ ബാധിക്കാനുള്ള സാധ്യതയും, സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിലും ഈ രാജ്യങ്ങളുടെ സ്വയം ആഹാര വസ്തുക്കൾ പ്രദാനം ചെയ്യാനുള്ള ശേഷിയിൽ ഇത് തുടർന്നുണ്ടാക്കുന്ന സ്വാധീനവും കണക്കിലെടുക്കുമ്പോൾ ഇവ കൂടുതൽ അടിയന്തരമാണ്. യമൻ പോലുള്ള യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലും ബംഗ്ലാദേശിന്റെ തെക്കൻ തീരത്തിന്റെ വലിയൊരു ഭാഗത്തോടൊപ്പം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമായിത്തീരാൻ സാധ്യതയുള്ള മാലിദ്വീപിലും ഇവ ഇതിനോടകം തന്നെ നാം കണ്ടതാണ്. കുടിയേറ്റത്തിലും ജനസംഖ്യാ സ്ഥാനചലനത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് കാലാവസ്ഥാ വെല്ലുവിളികൾ, അതൊരുപക്ഷേ രാഷ്ട്രീയ സംഘട്ടനങ്ങളിലേക്ക് വ്യാപിക്കുകയും ലോകത്തിലെ ഭൂരിപക്ഷവും മുസ്‌ലിങ്ങൾ ഉൾപ്പെടുന്ന അഭയാർത്ഥി പ്രവാഹത്തെ കൂടുതൽ വഷളാക്കുകയും ചെയ്തേക്കാം.

ദാരിദ്ര്യത്തെയും സാമൂഹിക അസമത്വങ്ങളെയും അഭിമുഖീകരിക്കാനുള്ള നയങ്ങളും, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക നയങ്ങളും വികസിപ്പിച്ചെടുക്കുന്നതിലുള്ള മുസ്‌ലിം രാഷ്ട്രങ്ങളുടെ പരാജയത്തിലേക്കും ഇത്തരം പ്രശ്നങ്ങൾ നയിക്കും. അതോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സർവെയിലൻസ്, ട്രാൻസ്‌ഹ്യൂമനിസം അല്ലെങ്കിൽ വരും തലമുറയിലുണ്ടാവാൻ പോകുന്ന ബിഗ് ഡാറ്റ, 3D പ്രിന്റിംഗ്, AI എന്നിവയൊക്കെ സംയോജിപ്പിച്ച ആപ്പുകൾ എന്നിവയുമൊക്കെയായി ബന്ധപ്പെട്ട ശാസ്ത്രപരവും സാങ്കേതിക വിദ്യാപരവുമായ സംവാദങ്ങളുടെ ദിശയെ സ്വാധീനിക്കാനുള്ള ശേഷി നേടുന്നതിൽ നിന്ന് മിക്ക മുസ്‌ലിം രാജ്യങ്ങളും ഒരുപാട് പിന്നിലാണ്. മറുവശത്ത്, പുരോഗമന ചിന്താഗതിക്കാരായ ഭരണകൂടങ്ങൾ തങ്ങളാഗ്രഹിക്കുന്ന സമൂഹങ്ങളെ കുറിച്ച് പുനർവിചിന്തനം ചെയ്യാൻ നൂതനമായ വഴികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഫിൻലാൻഡ് “Committee for the future” എന്ന പേരിൽ ഒരു കമ്മറ്റി സ്ഥാപിക്കുകയും പിന്നീട് നിയമനിർമ്മാണത്തിൽ പൊതുജനങ്ങൾക്ക് സംഭാവന ചെയ്യാനുതകും വിധത്തിൽ ഒരു ഓപ്പൺ മിനിസ്ട്രി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.[6] അതുപോലെ, ഐസ്‌ലാൻഡിലെ ദേശീയ പാർലിമെന്റ് ഓൺലൈൻ വഴിയും പ്രതിനിധി കമ്മീഷൻ ഉപയോഗപ്പെടുത്തിയും ഭരണഘടനയെ മാറ്റിയെഴുതാനുള്ള തുറന്ന പ്രക്രിയയിൽ പൊതുജനങ്ങളെ കൂടി ഭാഗഭാക്കാക്കിയ ഘട്ടത്തിൽ സമാനമായ കാര്യങ്ങൾ ഐസ്‌ലാൻഡും നടപ്പിലാക്കിയിട്ടുണ്ട്. നീണ്ട ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ മുസ്‌ലിങ്ങളെ ഒന്നിപ്പിക്കുക എന്ന അസാധ്യമെന്ന് തോന്നിയേക്കാവുന്ന ദൗത്യം അത്രകണ്ട് അസാധ്യമല്ലെന്ന് മനസ്സിലാവും. യൂറോപ്പ് നൂറുകണക്കിന് വർഷങ്ങളായി യുദ്ധത്തിലായിരുന്നുവെന്നും, ഒടുവിൽ 20-ാം നൂറ്റാണ്ടിൽ രണ്ട് ലോകയുദ്ധങ്ങൾക്കും ദശലക്ഷക്കണക്കിന് മരണങ്ങൾക്കും ശേഷം മാത്രമാണ് യൂറോപ്പ് സമാധാനപരമായ ഒരു ഒത്തുതീർപ്പിൽ എത്തുകയും ചെയ്തതെന്ന് പ്രത്യേകം ഓർമിക്കേണ്ടതാണ്. സമാധാന പരമായ ജനാധിപത്യ രൂപങ്ങളിലേക്ക് എത്താൻ യൂറോപ്പിന് നൂറ്റാണ്ടുകൾ വേണ്ടി വന്നിട്ടുണ്ട്, ഈയടുത്ത് മാത്രമാണ് യൂറോപ്യൻ യൂണിയൻ പോലൊരു പ്രായോഗിക സംവിധാനത്തിന് രൂപം കൊടുക്കാൻ കഴിഞ്ഞത്. പക്ഷേ എന്നിട്ടുപോലും തീവ്ര വലതുപക്ഷവും, പോപ്പുലിസവും, സ്വേച്ഛാധിപത്യ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് വിജയവുമൊക്കെയടങ്ങുന്ന അസ്ഥിരമായ ഒരു കാലഘട്ടത്തിലൂടെയാണ് അത് കടന്നുപോയി കൊണ്ടിരിക്കുന്നത്. നാടകീയമായ മാറിമറിയലുകൾ ചരിത്രത്തിൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അസാധ്യമായവ സാധ്യമാവും. തങ്ങൾ കീഴടക്കിയ ജനതയുടെ പിൻഗാമികൾ ഒരു ദിവസം അവരുടെ ഭൂഖണ്ഡത്തിലെ മില്ല്യൺ കണക്കിന് വരുന്ന ജനസംഖ്യയായി തീരുമെന്നോ ഇങ്ങനെ ഒരു സുപ്രധാന സാന്നിധ്യമായി മുസ്‌ലിങ്ങൾ മാറുമെന്നോ യൂറോപ്യൻ ശിൽപ്പികൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല. ഒരു മുപ്പത് വർഷം മുൻപ് അൾട്രാ സെക്കുലറിസ്റ്റായിരുന്ന തുർക്കി ഇന്നു കാണുന്ന ഇസ്‌ലാമിക വൽക്കരണ പ്രക്രിയക്ക് വിധേയമാവുമെന്നോ അല്ലെങ്കിൽ അന്ന് ഏറെ യാഥാസ്ഥിതികരായിരുന്ന സൗദി അറേബ്യ ഇന്ന് ഈ അപ-ഇസ്‌ലാമികവൽക്കരണത്തിന് (‘ആധുനികവൽക്കരണം’) വിധേയമാവുമെന്നോ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? വെറും സംസാരം കൊണ്ടോ സമരം കൊണ്ടോ അനീതികളെ തുറന്നു കാട്ടിയതു കൊണ്ടോ മാത്രം നാം ആഗ്രഹിക്കുന്ന പരിവർത്തനം സംഭവിക്കുകയില്ല. വിമർശിക്കുമ്പോൾ തന്നെ നിർമ്മാണാത്മക പ്രക്രിയകളിലും നാം ഇടപെട്ടു കൊണ്ടിരിക്കണം. പ്രമുഖ ഇന്റർ ഫെയ്ത്ത് ആക്ടിവിസ്റ്റായ എബോ പട്ടേൽ ഓർമ്മപ്പെടുത്തുന്നു; “അധികാര സ്ഥാനത്തിരിക്കുന്നവരെ വിമർശിക്കുകയെന്നത് ഒരു സംഗതിയും മറ്റുള്ളവരെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ളവരായി മാറുകയെന്നത് മറ്റൊരു സംഗതിയുമാണ്. കാര്യങ്ങൾ നടത്തിക്കൊണ്ടുപോവുന്നത് ജനജീവിതം മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക… മോശം കാര്യങ്ങൾ ഇല്ലാതാക്കൻ വേണ്ടി എതിർക്കുക സാധ്യമാണ്, പക്ഷേ പക്ഷേ ഒരു നല്ല കാര്യം സാധ്യമാക്കണമെങ്കിൽ അതിനെ നിങ്ങൾ നിർമ്മിക്കണം.”[7] നാം ഭാവിയിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഫലങ്ങൾ നിസ്സംശയമായും ഇന്ന് വിത്ത് വിതച്ചുകൊണ്ടേ ആരംഭിക്കാനാവൂ.

എബോ പട്ടേൽ

മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള അഭിലാഷം സാധ്യമാണെന്ന് മാത്രമല്ല, സമാന വീക്ഷണമുള്ളവരുമായി ബന്ധപ്പെടുന്നതിലൂടെയും നമ്മുടെ പ്രാദേശിക മുസ്‌ലിം സമുദായങ്ങൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളിൽ പ്രവർത്തിച്ചു പഠിക്കുന്നതിലൂടെയും സ്വ സമുദായങ്ങളിൽ നിന്നു തന്നെ ആരംഭിച്ച് കൈവരിക്കാൻ കഴിയുന്നതുമാണത്.. ലോകോത്തര ശാസ്‌ത്രജ്ഞരും ഡോക്‌ടർമാരും അക്കാദമിക് വിദഗ്ധരും നമുക്ക് ധാരാളം ഉള്ളപ്പോൾ തന്നെ, ദർശനാത്മകമായ നേതൃത്വം നൽകാനും സങ്കീർണ്ണമായ, ബഹുമുഖ വെല്ലുവിളികൾക്കുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ വികസിപ്പിക്കാനും അതിനായി തങ്ങളുടെ അറിവ് ഉപയോഗിക്കാനും ശേഷിയുള്ള സ്ഥൂല ചിന്തകരും പൊതു ബുദ്ധിജീവികളും ബഹുമുഖ പണ്ഡിതരും നമുക്ക് കുറവുണ്ട്. നമ്മുടെ ഭിന്നതകളെ അതിജീവിക്കുന്നതിലും വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ ഉള്ളവരായേക്കാമെങ്കിലും മുസ്‌ലിങ്ങൾ തമ്മിൽ ഐക്യം വേണമെന്നതിലും എല്ലാവരെയുടെയും പരിഗണനയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന കാര്യത്തിലും യോജിപ്പുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിലും നാമിനിയും മെച്ചപ്പെടേണ്ടതുണ്ട്. മുസ്‌ലിങ്ങളെ ഒന്നിപ്പിക്കുന്ന നഗര വ്യാപകവും പ്രാദേശികവുമായ വേദികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ തേടുകയെന്നാണ് പ്രായോഗികമായി ഇത് അർത്ഥമാക്കുന്നത്. ഉമ്മത്തിന്റെ ആശയവിനിമയവും സഹകരണവും വർദ്ധിപ്പിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഇതിനകം തന്നെ നാം നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്.

ഒട്ടുമിക്ക മുസ്‌ലിം സമുദായങ്ങളിലും പ്രാദേശികവും ദേശീയവുമായ തലത്തിൽ ഇവയിൽ മിക്കതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൂടുതൽ ഫലപ്രദമായ ഏകോപനത്തിലൂടെയും കഴിവുകളുടെയും വിഭവങ്ങളുടെയും പങ്കുവയ്ക്കലിലൂടെയും ഇത് മെച്ചപ്പെടുത്താൻ കഴിയും, കൂടാതെ നല്ല പ്രവർത്തനങ്ങളെ ഹൈലൈറ്റ് ചെയ്യുകയും ആഘോഷിക്കുകയും വേണം. 500-ലധികം പള്ളികളും ഇസ്‌ലാമിക സംഘടനകളും കീഴിൽ പ്രവർത്തിക്കുന്നതാണ് യു.കെയിലെ മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ. നിരവധി പ്രശ്‌നങ്ങളിൽ വിജയകരമായി ലോബിയിംഗ് നടത്താനും ഭരണകൂടത്തിനും ബ്രിട്ടീഷ് മുസ്‌ലിം  സമുദായങ്ങൾക്കും ഇടയിൽ മധ്യവർത്തിയെന്ന നിലയിലുള്ള പ്രധാന സ്ഥാപനമായി മാറാനും ഇതിന് കഴിഞ്ഞിട്ടുണ്ട്. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകൾ ഒരുക്കുകയും അമേരിക്കൻ മുസ്‌ലിംകളെ സമൂഹത്തിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്ന CAIR, ISNA, ICNA, MANA തുടങ്ങിയ നിരവധി സ്ഥാപിത ദേശീയ സംഘടനകളാണ് യു.എസിലുള്ളത്. ഭൂഖണ്ഡ തലത്തിൽ തന്നെ യൂറോപ്യൻ മുസ്‌ലിംകളെ ഏകോപിപ്പിക്കാനും അവർക്ക് വേണ്ടി വാദിക്കാനും സഹായിക്കുന്ന സമാനമായ അഫിലിയേറ്റ് ബോഡികളാണ് യൂറോപ്പിലെ കൗൺസിൽ ഓഫ് യൂറോപ്യൻ മുസ്‌ലിംസ്, FIOE, FEMYSO, യൂറോപ്യൻ ഫോറം ഓഫ് മുസ്‌ലിം വുമൺ തുടങ്ങിയ സംഘടനകൾ. എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ഇത്തരത്തിൽ താരതമ്യപ്പെടുത്താവുന്ന ഗ്രൂപ്പുകളും സംരംഭങ്ങളും ഉണ്ട്, എന്നാൽ ഇവ തമ്മിൽ കൂടുതൽ തന്ത്രപരമായ സഹകരണം നമുക്കാവശ്യമാണ്.

ഉമ്മത്തീ ഐക്യം ഉത്തേജിപ്പിക്കാൻ ശേഷിയുള്ള അന്താരാഷ്ട്ര വേദികൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടുതൽ പ്രയാസമേറിയ വെല്ലുവിളിയാണ്. “ഇസ്‌ലാമിന്റെ അനശ്വരമായ അധ്യാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക, ആത്മീയ മേഖലകളിൽ അടുത്ത സഹകരണവും പരസ്പര സഹായവും” പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തിൽ നിലവിൽ വന്ന ഒരു സംഘമെന്ന നിലയിൽ ഇതിനേറ്റവും ശേഷിയുള്ളത് ഒ.ഐ.സി (Organisation of Islamic Cooperation) യാണ്.[8] ലക്ഷ്യങ്ങളെച്ചൊല്ലിയുള്ള ഭിന്നതകളും ഒ.ഐ.സിയുമായി അനുബന്ധ രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരവും കാരണം ഇതത്ര ഫലപ്രദമല്ലെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇസ്‌ലാമിക് ഡെവലപ്മെന്റ് ബാങ്ക്, ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട് തുടങ്ങിയ സംവിധാനങ്ങളിലൂടെയും യു.എൻ പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ ഇസ്‌ലാമിക വീക്ഷണങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നതിലൂടെ OIC ചില നല്ല സ്വാധീനം തത്തുകയുംകയും ചെയ്തിട്ടുണ്ട്.[9] അത് ഇപ്പോഴും നിലനിന്നു പോവുന്നതു തന്നെ അന്താർദേശീയ മുസ്‌ലിം സ്ഥാപനങ്ങളുടെ ശക്തമായ ആവശ്യകതയെ വിളിച്ചോതുന്നുണ്ട്. ഇത്തരം അന്താരാഷ്‌ട്ര വേദികളുടെ പതിവുപ്രവർത്തനങ്ങൾ തുടർന്നു പോകുന്നതിനു പകരം, അവയെക്കുറിച്ച് ഉയർന്നുവരുന്ന പ്രസക്തമായ ആശങ്കകളോട് അവ പ്രതികരിക്കേണ്ടതുണ്ട്.

ഉപസംഹാരം: “നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാളും വലുതാണ് നമ്മെ ഒന്നിപ്പിക്കുന്നത്

മുകളിലെ ആപ്തവാക്യം മുസ്‌ലിങ്ങളുടെ കാര്യത്തിൽ സവിശേഷമായി അനുയോജ്യമാണ്. അൻവർ ഇബ്രാഹീമിന്റെ നിരീക്ഷണം കാണുക; “ഉമ്മത്ത് ഒരു ആശയവും പ്രയോഗവുമെന്ന നിലയിൽ ചരിത്രത്തിലുടനീളം ഐക്യത്തിനകത്തുള്ള ബഹുസ്വരതയെയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.”[10] ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം അതിന്റെ സമ്പന്നമായ ആളുകൾ, സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയാൽ ശ്രദ്ധേയമാണ്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഇന്ന് മുസ്‌ലിങ്ങൾക്കിടയിലുള്ള ഭിന്നിപ്പ് അവരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ചില പണ്ഡിതർ നിരീക്ഷിക്കുന്നത് പോലെ ഇസ്‌ലാമിന്റെ ആന്തരികമായ അതിർവരമ്പുകൾ വിഭാഗീയമോ ആശയപരമോ പ്രദേശപരമോ ആയ വ്യത്യാസങ്ങൾക്കനുസൃതമായാണ് വിഭജിച്ചിരിക്കുന്നത്. സുന്നികൾ-ശിഈകൾ, സൂഫികൾ-സലഫികൾ എന്നിവർ തമ്മിലുള്ള സംഘർഷങ്ങൾ, സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ശത്രുത എന്നിവയൊക്കെ ഇസ്‌ലാമിക ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുണ്ട്.[11] ഈ ഭിന്നതകൾ ആഴത്തിലുള്ളവ ആയിരിക്കേ തന്നെ, വൈവിധ്യമാർന്ന ഇസ്‌ലാമിക പാരമ്പര്യങ്ങളെ ഒന്നിപ്പിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങളും തുടരുന്നുണ്ട്. ഉദാഹരണത്തിന്, 2005-ൽ, എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള 552 മതപണ്ഡിതരും ബുദ്ധിജീവികളും ഒപ്പുവെച്ച ഒരു മാനിഫെസ്റ്റോയായ ‘അമ്മാൻ സന്ദേശം’ അവതരിപ്പിക്കാനും ഇസ്‌ലാമിന്റെ അസഹിഷ്ണുത പതിപ്പുകളുടെ ഉയർച്ചയെ പ്രതിരോധിക്കുകയും മുസ്‌ലിംകൾക്കിടയിലെ വൈവിധ്യമാർന്ന ദൈവശാസ്ത്രപരവും നിയമപരവുമായ ഗ്രൂപ്പുകളെ അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ജോർദാനിലെ അബ്ദുല്ല രാജാവ് ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. സുന്നീ ശിയാ സംവാദത്തിനാവശ്യമായ തത്വങ്ങൾ അന്തരിച്ച പ്രമുഖ പണ്ഡിതനായ ഷെയ്ഖ് യൂസുഫുൽ ഖർദാവി അവതരിപ്പിച്ചു.[12] അതിനുപുറമേ, ഇറാനിലെ ആയത്തുല്ലാ അലി ഖുമൈനിയെയും ഇറഖിലെ അലി അൽ സിസ്താനിയെും പോലുള്ള പ്രമുഖ ശിയാ അധികാരികളും സുന്നി ഇടങ്ങൾക്കും രൂപങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ വിലക്കികൊണ്ടുള്ള കൊണ്ടുള്ള അനവധി ഫത്‌വകൾ പുറപ്പെടുവിച്ചിട്ടുണ്ട്.[13]

സുന്നീ-ശിയാ ഐക്യത്തിന് വേണ്ടിയുള്ള ഈ ആഗ്രഹം ഏറ്റവുമൊടുവിൽ പാശ്ചാത്യൻ മുസ്‌ലിം സമുദായങ്ങളിൽ കാണാൻ കഴിയും. യു.കെയിലെ, മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ, മോസ്‌ക് ആൻഡ് ഇമാംസ് നാഷണൽ അഡ്വൈസറി ബോർഡ്, അൽ-ഖോയ് ഫൗണ്ടേഷൻ, മുസ്‌ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, കൗൺസിൽ ഓഫ് യൂറോപ്യൻ ജമാഅത്ത്, മജ്‌ലിസ് ഉലമ ഷിയ യൂറോപ്പ് എന്നീ സംഘടനകൾ മുസ്‌ലിം ഐക്യത്തെയും സഹകരണത്തെയും കുറിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കി.[14] ആഗോള തലത്തിൽ പാശ്ചാത്യൻ ഇമാമുമാർക്കും പണ്ഡിതർക്കും സംഘടനകൾക്കും വീക്ഷണപരമായ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022-ന്റെ തുടക്കത്തിൽ നിലവിൽവന്ന ഗ്ലോബൽ ഇമാംസ് ആൻഡ് സ്കോളേഴ്സ് ചാർട്ടർ ആണ് മറ്റൊരു പ്രധാന സംരംഭം.[15] ഉമ്മത്തിന്റെ ആത്മീയവും സാമൂഹികവും ധാർമ്മികവും ബൗദ്ധികവുമായ പുരോഗതിക്കായി പരിശ്രമിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. നിലവിൽ ബ്രിട്ടീഷ് ബോർഡ് ഓഫ് സ്‌കോളേഴ്‌സ് & ഇമാംസ്, യൂറോപ്യൻ കൗൺസിൽ ഓഫ് ഇമാംസ്, നോർത്ത് അമേരിക്കൻ ഇമാംസ് ഫെഡറേഷൻ, കനേഡിയൻ കൗൺസിൽ ഓഫ് ഇമാംസ്, ഓസ്‌ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ, ഉലമ കൗൺസിൽ ഓഫ് ന്യൂസിലാൻഡ്, യുണൈറ്റഡ് ഉലമ കൗൺസിൽ ഓഫ് സൗത്ത് ആഫ്രിക്ക എന്നീ സംഘടനകൾ ഇതിന്റെ ഭാഗമാണ്. വ്യത്യസ്ത മുസ്‌ലിം ആഭിമുഖ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ പണ്ഡിതർക്കിടയിലെ അർത്ഥവത്തായ സഹകരണവും സമവായ രൂപീകരണവും വളരെ പ്രധാനമാണ്, അതിനുള്ള അടിത്തറയാണ് ഇത്തരം വേദികൾ. മുസ്‌ലിം ലോകത്തെ സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നതകൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ഉമ്മത്തീ വികാരം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവർ നിലവിലുള്ള ഭിന്നതകളെ വലുതാക്കി പരസ്പരം അകന്നു കൊണ്ടിരിക്കുകയാണെങ്കിൽ മുസ്‌ലിങ്ങൾ ഒന്നിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ആധുനിക ദേശരാഷ്ട്രങ്ങളുടെ ‘കല്പിത സമുദായങ്ങളി’ൽ നിന്ന് വ്യത്യസ്തമായി ഉമ്മത്തീ ഐക്യം യാഥർത്ഥ്യമാണ്.[16] മറ്റൊരു തരത്തിൽ പറഞ്ഞാൽ, “ഉമ്മത്ത് എന്നാൽ ഉമ്മത്തിയ്യാണ്”. മിക്ക വിശ്വാസികളെ സംബന്ധിച്ചും അവരുടെ രക്തത്തിന് സമാനമായ പ്രാധാന്യമാണ് വിശ്വാസ ബന്ധത്തിനുള്ളത്. ഈ ബന്ധം ശക്തിപ്പെടുത്തുകയും മുസ്‌ലിങ്ങൾ തമ്മിലുള്ള നിർവ്വഹണപരവും സുസ്ഥിരവും ഫലപ്രദവുമായ സഹകരണങ്ങളുടെ ദിശയിലേക്ക് നമ്മുടെ സംഭാഷണങ്ങളെ തിരിക്കാൻ സഹായകരമായ പുതിയ പ്രതി-ആഖ്യാനങ്ങൾ നിർമ്മിക്കുകയും ചെയ്യേണ്ടത് ഇനി നമ്മളാണ്. ചരിത്രത്തിൽ എന്നത്തേക്കാളുമുപരി ഐക്യത്തിനു വേണ്ടിയുള്ള അഭിലാഷം ഇന്ന് ശക്തവും അനിവാര്യവുമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ മുന്നോട്ടു പോക്കിന്റെ പ്രാരംഭ കേന്ദ്രങ്ങളായി പരിഗണിക്കാവുന്ന ഉമ്മത്തീ വികാരത്തിന്റെ അനവധി സൂചനകൾ ഈ ലേഖനം വരച്ചുകാണിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മുസ്‌ലിങ്ങളിൽ മിക്കവരും 30 വയസ്സിന് താഴെയുള്ളവരാണെന്ന വസ്തുത. മുസ്‌ലിം യുവ ജനങ്ങൾ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല, മറിച്ച് നിലവിലെ മാറ്റങ്ങളുടെ സുപ്രധാന കർത്താക്കൾ കൂടിയാണ്. ദശലക്ഷക്കണക്കിന് വരുന്ന സംരംഭകർ, ബിസിനസ്സുകാർ, സാങ്കേതിക വിദഗ്ധർ, അധ്യാപകർ, ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ, പത്രപ്രവർത്തകർ എന്നുതുടങ്ങിയ ഇതിനകം തന്നെ അവരവരുടെ മേഖലകളെ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നവരുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയും ഉമ്മത്തിന് ഗുണപരമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.

മുസ്‌ലിങ്ങൾക്കിടയിലെ ഭിന്നതകളെയും തരംതാണ രാഷ്ട്രീയത്തെയം മറികടന്ന് നന്മ പ്രോത്സാഹിപ്പിക്കാൻ സന്നദ്ധരായ മികച്ച പണ്ഡിതന്മാർ, ചിന്തകർ, എഴുത്തുകാർ, നയ നിരീക്ഷകർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, സാധാരണ മുസ്‌ലിങ്ങൾ എന്നിവരെ ഒരുമിച്ചുകൂട്ടാനുള്ള പ്രക്രിയകളും നാം ആരംഭിക്കേണ്ടതുണ്ട്. പല കാര്യങ്ങളിലായി പരസ്പരം ഭിന്നിപ്പുള്ളവരാണ് നമ്മളെന്നത് നമുക്ക് ധാരണയുണ്ട്, പക്ഷേ വിശാലമായ ഉമ്മത്തീ ഐക്യം അത്യാവശ്യമാണെന്ന കാര്യത്തിൽ നാം യോജിക്കേണ്ടതുണ്ട്. സമാനമായ വികാരമുള്ളവരും നിലവിലെ അവസ്ഥയെ നല്ല രീതിയിൽ മാറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വലിയൊരു സംഖ്യയെ നമ്മൾ വിലകുറച്ച് കാണരുത്. നാം നേരിടുന്ന വെല്ലുവിളികളികളെ അഭിമുഖീകരിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിക്കാനും പ്രധാന പ്രശ്നങ്ങളിൽ സമവായം രൂപീകരിക്കാനും വിശകലനങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റാനും മാറ്റത്തിന്റെ വക്താക്കളായ ഈ സമാന മനസ്കർ സഹായികളാണ്. ആവശ്യമായ ആശയും അടിത്തറയും നമുക്ക് നിലവിലുണ്ട്, ഇനി അതിനുമുകളിൽ കെട്ടിപ്പടുക്കാം. ഐക്യത്തെ മുകളിൽ നിന്ന് അടിച്ചേൽപ്പിച്ചത് കൊണ്ട് ഏകീകരണമുണ്ടാക്കാൻ കഴിയില്ല, അത് താഴേ തട്ടിൽ നിന്ന് പരിശ്രമങ്ങളായി ഉയർന്നുവരണം. അതിനാൽ ബാക്കിയാവുന്ന വെല്ലുവിളി ഇതാണ്; ഐക്യമുള്ള ഉമ്മത്ത് നമുക്ക് വേണമെന്നുണ്ടെങ്കിൽ അതിനു വേണ്ടി പണിയെടുക്കാൻ തയ്യാറാണോ?

(അസാനിച്ചു)

(വിവർത്തനം: മൻഷാദ് മനാസ്. ലേഖനത്തിന്റെ 1, 2 ഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക).


അവലംബം

[1] Rodney Shakespeare, Foreword in Masudul Alam Choudhury, The Islamic World System, xii.

[2] Geoff Mulgan, Big Mind: How Collective Intelligence can Change our World (Princeton: Princeton University Press, 2018).

[3] Sardar, Ziauddin, Jordi Serra, and Scott Jordan, Muslim Societies in Postnormal Times: Foresights for Trends, Emerging Issues and Scenarios (United Kingdom: International Institute of Islamic Thought and Centre for Postnormal Policy & Futures Studies, 2019), 5.

[4]  Ziauddin Sardar (ed.), The Postnormal Times Reader (Herndon, VA: International Institute of Islamic 71 Thought, Centre for Postnormal Policy & Futures Studies, and MAHYA, 2020), 5, https://iiit.org/wpcontent/uploads/BiB-The-Postnormal-Times-Reader-Combined.pdf

[5] Sardar, The Postnormal Times Reader

[6] കൂടുതൽ വിശദാംശങ്ങൾക്ക് “Committee for the Future,” Parliament of Finland, https://www.eduskunta.fi/EN/ valiokunnat/tulevaisuusvaliokunta/Pages/default.aspx

[7]  Eboo Patel, “Our World Needs Social Change Agents: Here’s how to be an Effective Activist,” Chicago Tribune, July 18, 2022: https://www.chicagotribune.com/opinion/commentary/ct-opinion-activisminterfaith-coalition-bridge-building-20220718-q7uyai5lejhwbe6bkk7v5fupoi-story.html

[8] OIC General Secretariat, “Declarations of the First Islamic Summit Conference,” OIC Declarations and Resolutions of Heads of States and Ministers of Foreign Affairs Conferences 1389-1401 H. (1969-1981), n.d., p.18, cited in Abdullah Ahsan, Ummah or Nation: Identity Crisis in Contemporary Muslim Society, (Leicester, UK: Islamic Foundation, 1992), 108

[9] In December 2019, the Kuala Lumpur conference in Malaysia convened with 20 Muslim countries attending to discuss issues of unity and co-operation among Muslims. For an event review see Mohammad Hashim Kamali, “Kuala Lumpur Summit on a Unified Currency for Muslim Countries,” IAIS Bulletin 53 (Nov-Dec 2019), 3-4.

[10] Anwar Ibrahim, “The Ummah and Tomorrow’s World,” Futures 23, no. 3 (April 1991): 302-310, at 306

[11] Piscatori and Saikal, Umma Beyond Borders, 3

[12] Sagi Polka, “Taqrib al-Madhahib — Qaradawi’s Declaration of Principles Regarding Sunni-Shi’i Ecumenism,” Middle Eastern Studies 49, no. 3 (May 2013): 414-429.

[13] Ali Mamouri, “Shiite leaders forbid insults against Sunnis,” Al-Monitor, January 13, 2015: https://80 www.al-monitor.com/originals/2015/01/iran-iraq-fatwa-sunni-shiite-insults.html.

[14] “Joint Statement on Muslim Solidarity and Unity,” MCB, May 14, 2013, https://mcb.org.uk/mcb-81 updates/joint-statement-on-muslim-soldarity-and-unity/

[15] “The Global Imams & Scholars’ Charter – The Global Imams & Scholars Network”, The British Board of Scholars & Imams, April 30, 2022, https://www.bbsi.org.uk/the-global-imams-scholars-charter-theglobal-imams-scholars-network/.

[16] Benedict R. Anderson, Imagined Communities: Reflections on The Origin and Spread of Nationalism (London: Verso, 1991).

സാദിഖ് ഹാമിദ്