Campus Alive

‘നീതിരഹിതമായ സംവിധാനത്തിൽ നീതിമാനായ വ്യക്തിയുടെ ശരിയായ സ്ഥാനം ജയിലിലാണ്’

(മുസ്‌ലിം ആക്ടിവിസ്റ്റും ഗവേഷകനുമായ ഷർജീൽ ഉസ്മാനിയുടെ അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ജൂലൈ 11ന് ഇർഫാൻ അഹ്മദ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)


ഞാൻ ഷർജീൽ ഉസ്മാനിയെന്ന ഭീകരനുമായാണ് ബന്ധപ്പെട്ടതെന്നോ! അങ്ങനെയാണിപ്പോൾ യുപി പോലിസ്‌ ഭീകര വിരുദ്ധ സെല്ലിന്റെ ഔദ്യോഗിക ഭാഷ്യം (ദി പ്രിന്റിന്റെ റിപ്പോർട്ട് പ്രകാരം).

വ്യക്തിപരമായി ഞാൻ ഷർജീൽ ഉസ്മാനിയെ നേരിൽ കണ്ടിട്ടില്ല. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ, ഒരു രാഷ്ട്രീയ നരവംശ ശാസ്ത്രജ്ഞനെന്ന നിലക്ക് എനിക്കുണ്ടായ താൽപര്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ പൊതു രചനകൾക്കിടയിൽ അദ്ദേഹത്തിന്റെ പേര് പലവുരു കടന്നുവരികയുണ്ടായി. നല്ലൊരു എഴുത്തുകാരനും അന്വേഷണ കുതുകിയായ ചിന്തകനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രചനകൾ പൊതു വേദികളിൽ ലഭ്യവുമാണ്. അലീഗഢിൽ നടന്ന പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയാണ് ഷർജീൽ എന്ന് ഞാൻ അറിഞ്ഞിരുന്നു. ‘ഫസ്റ്റ് പോസ്റ്റിൽ’ അദ്ദേഹം എഴുതിയ ലേഖനം വായിച്ചതായും ഓർക്കുന്നു. സംഘടിത ഹിംസയെക്കുറിച്ചും അതിൽ പൊലീസിനുള്ള പങ്കിനെക്കുറിച്ചും പ്രതിപാദിക്കുന്ന സാമാന്യം ദൈർഘ്യമുള്ള ഗവേഷണാത്മക ലേഖനമായിരുന്നു അത്. തീർച്ചയായും അതൊരു പൂർണ ലേഖനമായിരുന്നില്ല. ഒരു ലേഖനവും സമ്പൂർണമാവുകയുമില്ല. എന്നാൽ ബിരുദാനന്തര ബിരുദം പോലും പൂർത്തിയാക്കിയിട്ടില്ലാത്ത (ഫേസ്ബുക്ക് വിവരങ്ങൾ പ്രകാരം) ഒരു യുവ പണ്ഡിതനെന്ന നിലക്ക് അദ്ദേഹത്തിന്റെ ശ്രമം ശ്ലാഘനീയമാണ്.

ഷർജീൽ ഉസ്മാനി

ഇതാണ് അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായതും. നീതിയുക്തമായ ഏതു കോടതിയിലും തികഞ്ഞ അനീതിയെന്ന് മനസ്സിലാക്കാവുന്ന ഷർജീലിന്റെ അറസ്റ്റ്, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെയുള്ള ഭരണകൂട ഹിംസയുടെ മൂന്നാം ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഡൽഹി വംശഹത്യക്ക് മുൻപു നടന്നതായിരുന്നു ആദ്യ ഘട്ടം. വംശഹത്യക്കു ശേഷം യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം, നിരപരാധികളായ നൂറുകണക്കിനാളുകളെ, വിശിഷ്യാ ന്യൂനപക്ഷങ്ങളെ അറസ്റ്റു ചെയ്തുകൊണ്ട് ഭരണകൂട സംവിധാനങ്ങൾ നടത്തിയ ഹിംസയാണ് രണ്ടാം ഘട്ടം. ഷർജീലിന്റെ അറസ്റ്റ് മൂന്നാം ഘട്ടത്തെയാണ് കുറിക്കുന്നത്.

ആദ്യ രണ്ടു ഘട്ടങ്ങളിൽ നിന്നു ഭിന്നമായി, ഗർഭിണിയായ ‘സഫൂറ സർഗാർ’ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികളും ഗവേഷകരും തടവിലടക്കപ്പെടുന്ന മൂന്നാം ഘട്ടത്തിൽ, ഷർജീൽ കൂടുതലായി സംസാരിക്കുകയും നീതിക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തുകൊണ്ടിരുന്നു. എനിക്ക് അദ്ദേഹത്തെ പൂർണമായും അറിയാത്തതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് അധികം സംസാരിക്കുക സാധ്യമല്ല. എന്നാൽ ഇവിടെ വ്യക്തമാവുന്ന സംഗതി, ചിന്തിക്കുകയും, സ്വതന്ത്ര വ്യക്തി എന്ന നിലക്ക് സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും സമത്വത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ ഭരണകൂടം ഭയക്കുന്നു എന്നതാണ്. അത്തരമൊരു വിമർശന ചിന്തയിൽ ഗവണ്മെന്റ് ഏറ്റവും ആകുലപ്പെടുന്നു. ഷർജീലിന്റെയും സഹാകാരികളുടെയും അറസ്റ്റ് ‘ഹെൻറി തെറൂ’ (Henry Thoreau) മുന്നോട്ടു വെച്ച അടിസ്ഥാനപരമായ ഒരു ചോദ്യത്തെ പുനരുദ്ധരിക്കുന്നുണ്ട്. ജയിൽ ശിക്ഷയനുഭവിക്കുകയുണ്ടായ അദ്ദേഹം നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: “ഭൂരിപക്ഷവുമായി സമീകരിക്കുമ്പോൾ ന്യൂനപക്ഷം ശക്തിഹീനരാണ്, അപ്പോൾ അവർ ന്യൂനപക്ഷം പോലുമല്ലാതാവുന്നു. നീതിരഹിതമായ സംവിധാനത്തിൽ നീതിമാനായ വ്യക്തിയുടെ ശരിയായ സ്ഥാനം ജയിലിലാണ്”.

ഷർജീൽ ഉൾപ്പെടെ, ഇന്ത്യയൊട്ടാകെ അകാരണമായി തടവിലാക്കപ്പെട്ട മുഴുവനാളുകളെയും ഉടനെ നിരുപാധികമായി വിട്ടയക്കാനുള്ള പ്രക്ഷോഭങ്ങളിൽ ഞാനും പങ്കുചേരുന്നു. ഗവണ്മെന്റിന്റെ ഭീകര വിരുദ്ധ ഏജൻസിയാൽ (എ.ടി.എസ്) അറസ്റ്റു ചെയ്യപ്പെടേണ്ടുന്ന ഭീകരനാണ് ഷർജീലെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ, ഏപ്രിൽ 29ന് (2020) അദ്ദേഹം എനിക്കയച്ച ഇ-മെയിൽ ചുവടെ ചേർക്കുന്നു. അതുവായിച്ച് നിങ്ങൾക്ക് വിധിപറയാവുന്നതാണ്. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്നു മനസ്സിലാക്കാൻ ഈ മെയിൽ സഹായകമായേക്കും.

ഇർഫാൻ അഹ്മദ് ഫെയ്സ്ബുക്കിൽ പങ്കു വെച്ച ചിത്രം

“ഹലോ സർ,

ഞാൻ ഷർജീൽ ഉസ്മാനി. അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. ഈ മെയിൽ താങ്കൾക്ക് ശരിയാം വിധം ലഭിക്കണമേയെന്നു പ്രാർഥിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും (സി.എ.എ) ദേശീയ പൗരത്വ പട്ടികക്കെതിരെയും (എൻ.ആർ.സി) പ്രക്ഷോഭമാരംഭിച്ച വിദ്യാർഥികളിൽ ഒരാളാണു ഞാൻ. താങ്കൾക്കറിവുള്ളതു പോലെ, പ്രക്ഷോഭമാരംഭിച്ച ശേഷം വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കുറ്റവാളിവൽക്കരിക്കുകയും അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുകയാണ് ഇന്ത്യൻ ഗവണ്മെന്റ്. ലോക്ക്ഡൗൺ കാലത്തു പോലും അറസ്റ്റുകൾ തുടർകഥയായി. ആയിരത്തിലധികം ആക്ടിവിസ്റ്റുകൾ ഇതിനോടകം ജയിലിലടക്കപ്പെട്ടു.

എന്നിരുന്നാലും, ജയിലിനു പുറത്തുള്ള വിദ്യാർഥി-ആക്ടിവിസ്റ്റുകൾ വർഗീയത, ഇസ്‌ലാമോഫോബിയ, ഭൂരിപക്ഷവാദം, ദേശീയത തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ലക്ച്ചർ സീരീസുകൾ ആരംഭിച്ചിട്ടുണ്ട്. തദ്വിഷയകമായി തങ്ങളുടെ ബോധ്യങ്ങളെ പരിപുഷ്ടിപ്പെടുത്തുന്നതിനും, തുടർന്ന് ഇന്ത്യൻ ജനതയിലേക്ക് പൊതുവായും, മുസ്‌ലിം സമൂഹത്തിലേക്ക് പ്രത്യേകമായും പ്രസരിപ്പിക്കുന്നതിനും വേണ്ടിയാണിവ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ‘എത്നിക് സ്റ്റഡീസ്’ വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ ‘റമോൺ ഗ്രോസ്ഫുഗൾ’ ‘എന്തുകൊണ്ടാണ് ഇസ്‌ലാമോഫോബിയ വംശീയതയാവുന്നത്’ എന്ന വിഷയത്തിൽ ഞങ്ങളോട് സംസാരിക്കുകയുണ്ടായി.

‘സൂം’ വഴി സംഘടിപ്പിക്കപ്പെട്ട വീഡിയോ മീറ്റിങ്ങിൽ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള നൂറോളം ആക്ടിവിസ്റ്റുകൾ പങ്കെടുക്കുകയുണ്ടായി. ഇവരെ പ്രതിനിധീകരിച്ചുകൊണ്ട് താങ്കളുടെ ഒരു ലക്ച്ചർ ആവശ്യപ്പെടാനാണ് ഞാനീ എഴുത്ത് അയക്കുന്നത്. താങ്കളുടെ ഉൾക്കാഴ്ചയുള്ള വിശകലനങ്ങൾ ഞങ്ങൾക്കു തീർച്ചയായും ഉപകാരപ്രദമാവും. താങ്കൾക്കു സൗകര്യപ്രദമാകുന്ന ഒരു സമയത്ത് അൽപ സമയം ഞങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നതിൽ ഞങ്ങൾ ധാന്യരാണ്” – ഷർജീൽ ഉസ്മാനി


വിവർത്തനം: അഫ്സൽ ഹുസൈൻ

ഇര്‍ഫാന്‍ അഹ്മദ്‌