Campus Alive

ഹിന്ദുത്വ, ക്വിയർ ആക്ടിവിസം, ഇസ്‌ലാമോഫോബിയ

(ഹിന്ദു ദേശീയ വ്യവഹാരങ്ങളും ലൈംഗിക ന്യൂനക്ഷങ്ങളിലെ അപകോളനീകരണവും‘ – ലേഖനത്തിന്റെ രണ്ടാം ഭാഗം)


 

ഇന്ത്യയിൽ നടന്നു കൊണ്ടിരുന്ന ക്വിയർ ആക്ടിവിസത്തിൽ വലിയ ദിശാമാറ്റം കൊണ്ടുവന്ന ഒന്നായിരുന്നു 2018 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ആർട്ടിക്കിൾ 377 നെ റദ്ദ് ചെയ്തുകൊണ്ടുള്ള വിധിപ്രഖ്യാപനം. ലിബറൽ-ബ്രാഹ്മണിക്കൽ ക്വിയർ ആക്ടിവിസത്തോടൊപ്പം തന്നെ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ക്വിയർ ആക്ടിവിസവും കഴിഞ്ഞ കുറച്ചു ദശകങ്ങളായി ബോധപൂർവം ഉയർന്നു വരുന്നുണ്ട്. ആദ്യകാലങ്ങളിൽ ക്വിയർ ആക്ടിവിസത്തിനു എതിരെ നിൽക്കുകയും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തവരായിരുന്നു ഹിന്ദു വലതുപക്ഷം എന്നതാണ് കൗതുകകരമായ വസ്തുത. ലെസ്ബിയൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ ‘ഫയർ’ എന്ന സിനിമ നിരോധിക്കണം എന്നവർ തൊണ്ണൂറുകളിൽ ആവശ്യപ്പെട്ടിരുന്നു. വളരെ പരസ്യമായി ഹോമോഫോബിക് ആയ നിലപാട് തുറഞ്ഞു പറഞ്ഞ സന്ദർഭമായിരുന്നു അത്. വളരെ അടുത്ത കാലം വരെയും ബി.ജെ.പിയും ആർ.എസ്.എസ്സും സ്വവർഗ്ഗലൈംഗികതയെ എതിർക്കുകയാണ് ചെയ്തത്. ഹിന്ദുത്വ വാദികളുടെ പ്രധാനപ്പെട്ട ഒരു ദ്വന്ദ നിർമാണമാണ് ഭാരതം-ഇന്ത്യ എന്നത്. ഇന്ത്യയുടെ സംസ്കൃത (ബ്രാഹ്മണിക്കൽ) വാക്കായ ഭാരതം ‘യഥാർത്ഥമായ’ ഗ്രാമീണ ഇന്ത്യയെ സൂചിപ്പിക്കുകയും അതിനു വിപരീതമായി ‘ഇന്ത്യ’ എന്ന പദം നാഗരിക വരേണ്യ ഇന്ത്യയെയും സൂചിപ്പിക്കുന്നു. ഇത്തരമൊരു വാദഗതിയെ കൂട്ടുപിടിച്ചു ഇവർ സ്വവർഗ്ഗലൈംഗികത ഒരു നാഗരിക, വരേണ്യ, പാശ്ചാത്യൻ സംഗതിയാണെന്നും “യഥാർത്ഥ” ഗ്രാമീണസ്വഭാവം എന്നത് ഭിന്നലൈംഗികത(heterosexuality) ആണെന്നും പറയുന്നു. 2014 ൽ സ്വവർഗ്ഗലൈംഗികതയെ എതിർത്തുകൊണ്ട് പറഞ്ഞത് “വ്യക്തി സ്വാതന്ത്യം” എന്ന പേരിൽ സദാചാരത്തെയും സാമൂഹിക ക്രമത്തെയും പാരമ്പര്യത്തെയും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നാണ്.

2014 ൽ നരേന്ദ്ര മോദിക്ക് കീഴിൽ വലിയ ഭൂരിപക്ഷത്തോടുകൂടി ഹിന്ദുത്വ തീവ്ര വലതുപക്ഷ രാഷ്ട്രീയം അധികാരത്തിൽ വന്നു. കൂടുതൽ ഭൂരിപക്ഷത്തോടുകൂടി അവർ 2019 ലും തിരഞ്ഞടുക്കപ്പെട്ടതോടുകൂടി എല്ലാ മർദ്ദിത വിഭാഗങ്ങൾക്കെതിരെയുമുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചു. അതേ സമയം ക്വിയർ മുന്നേറ്റങ്ങൾക്കുള്ള സംഘപരിവാർ പിന്തുണ വളരെയധികം കൂടുകയും ചെയ്തു. കൊളോണിയൽ ഹോമോഫോബിയയുടെ പിടിയിൽ നിന്നും തങ്ങളെ വിമോചിപ്പിച്ച മഹാനായ നേതാവായിട്ടാണ് മോദിഭക്തന്മാരായ സ്വവർഗാനുകൂലികൾ നരേന്ദ്ര മോദിയെ കണ്ടത്. എന്നാൽ, അധികാരത്തിൽ എത്തിയതു മുതൽ ഹോമോഫോബിക്കായ നയനിലപാടുകൾ സർക്കാർ സ്വീകരിച്ചിരിക്കുന്നതായി കാണാനും കഴിയും. 2018 ൽ ഉണ്ടായ വിധിയുടെ അവസരത്തിൽ മൗനം പാലിക്കുകയായിരുന്നു ബിജെപി. 2017 ൽ ക്വിയർ വ്യക്തികൾക്കുള്ള വധശിക്ഷയെ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ ഇന്ത്യ തള്ളുകയാണുണ്ടായത്. 2018 ൽ ജോലിയിടത്തിലെ വിവേചനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ നിന്ന് ‘sexual orientation’ എടുത്തുമാറ്റുകയും ചെയ്തിരുന്നു. ട്രാൻസ് വ്യക്തികളെ കൊല്ലാൻ ഉള്ള ബില്ല് എന്ന് വിശേഷിപ്പിക്കപ്പെട്ട Transgender Persons (Protection of Rights) Bill എന്ന കിരാത നിയമം 2018 ൽ ആണ് സർക്കാർ പാസ്സാക്കിയത്. രാജ്യത്താകമാനം പ്രധിഷേധം ഇരമ്പിയെങ്കിലും പലതവണ മാറ്റിവെക്കുകയും അവസാനം സർക്കാർ ബില്ല് പാർലമെൻറിൽ പാസാക്കുകയും ആണ് ചെയ്തത്.

വളരെ ആശ്ചര്യകരം എന്ന് പറയാം, ആർഎസ്എസ് വിധിയെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഇവ്വിഷയകമായി പലവിധത്തിൽ ഉള്ള നിലപാടുകൾ ആർഎസ്എസ് നേതാക്കൾ എടുത്തിട്ടുണ്ട്. ചിലർ ഇതിനെ ‘മനഃശാസ്ത്രപരമായ വിഷയമായി’ കാണുമ്പോൾ മറ്റു ചിലർ ഇതിനെ ‘പ്രകൃതിവിരുദ്ധമായി’ കണക്കാക്കുന്നു. വിധിയെ സ്വാഗതം ചെയ്യുകയും LGBTQ ആളുകൾ സമൂഹത്തിന്റെ ഭാഗം ആണെന്ന് പറയുകയും ചെയ്യുമ്പോൾ തന്നെ, heterosexual ആയ ജാതികൾ തമ്മിലും, മതങ്ങൾ തമ്മിലുമുള്ള മിശ്ര/പ്രണയ വിവാഹങ്ങൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്നു. വൈരുധ്യങ്ങൾ നിറഞ്ഞ ആർഎസ്എസ്സിന്റെ സമീപനവും ബിജെപിയുടെ കരുതിക്കൂട്ടിയുള്ള മൗനവും ക്വിയർ ഹിന്ദുത്വ ആക്ടിവിസ്റ്റുകൾക്ക് കിട്ടുന്ന അകമഴിഞ്ഞ പിന്തുണയോട് കൂട്ടി വായിക്കുമ്പോൾ ചിത്രം വ്യക്തമാണ്. ഹിന്ദുത്വം നിരന്തരം ഉല്പാദിപ്പിക്കുന്ന നിയോലിബറൽ, ജാതീയ, ഇസ്‌ലാമോഫോബിക് ദേശീയ നിലപാടുകളെ പിന്തുണക്കുന്നിടത്തോളം ക്വിയർ സമൂഹത്തെ ആർഎസ്എസ് ‘ഹിന്ദു ആലയിലേക്ക്’ സ്വാഗതം ചെയ്യും. മറ്റൊരു അർത്ഥത്തിൽ ഹിന്ദുത്വ പദ്ധതിയുടെ പ്രചാരകരായി മാറുകയാണ് അവർക്ക് സന്ധി ചെയുന്ന ക്വിയർ ഹിന്ദുത്വവാദികൾ.

പ്രമുഖ ജാതി ഹിന്ദു ക്വിയർ ആക്ടിവിസ്റ്റുകളായ അശോക് റോ കവി, ലക്ഷ്മി നാരായൺ ത്രിപാഠി തുടങ്ങിയവർ പരസ്യമായി ജാതീയത ഇസ്‌ലാമോഫോബിയ, തീവ്രദേശീയത എന്നിവയെ ശക്തമായി അനുകൂലിക്കുകയും മോദി സർക്കാരിന് വേണ്ടി വലിയ രീതിയിൽ ആക്ടിവിസം നടത്തുകയും ചെയ്തവരാണ്. ക്രിസ്തുമതം, ഇസ്ലാം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുയിസത്തിൽ ഒരിക്കലും സ്വവർഗരതി പാപമായി കണക്കാക്കിയിരുന്നില്ല എന്ന് കവി വാദിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ ഹോമോഫോബിയയുടെ മൂലകാരണം ക്രിസ്തുമതവും കോളോണിയലിസവുമാണ്. വിചിത്രമെന്ന് പറയട്ടെ, ഹിന്ദുത്വക്ക് സ്വവർഗ്ഗലൈംഗികതയും ഹോമോഫോബിയയും പാശ്ചാത്യ ആശയങ്ങളാണ്. ഇത്തരം വൈരുധ്യങ്ങൾ ക്രിസ്തുമതത്തിനും ഇസ്‌ലാമിനുമെതിരെ ആവശ്യാനുസരണം ഹിന്ദുത്വ പദ്ധതിക്ക് എടുത്തുപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ എന്ന നിലയിൽ വേണം മനസ്സിലാക്കാൻ. കവിയെ സമ്പന്ധിച്ചിടത്തോളം ദലിത് ക്വിയർ, മുസ്ലിം ക്വിയർ എന്നിവ ക്വിയർ മുന്നേറ്റത്തെ പുറകോട്ടടിക്കുന്ന സ്വത്വങ്ങളാണ്.

അശോക് റോ കവി

ലക്ഷ്മി നാരായൺ ത്രിപാഠി ഒരു പ്രമുഖ കിന്നാർ ആക്ടിവിസ്റ്റും സെലിബ്രിറ്റിയുമാണ് (കിന്നാർ എന്നത് ഹിജഡ എന്നതിന് പകരം ചിലർ ഉപയോഗിക്കുന്ന സംസ്‌കൃത പദം ആണ്). സ്വന്തം പേരിൽ രണ്ടു ജാതിപ്പേരുകൾ ഉണ്ടെങ്കിലും ത്രിപാഠി കിന്നാർ സമുദായത്തിനകത്തു ജാതിയോ മതമോ ഇല്ല എന്ന് വാദിക്കുന്നു. 2016 ൽ ഇന്ത്യൻ പട്ടാളം അതിർത്തി കടന്നുകൊണ്ട് പാകിസ്താനെ ആക്രമിച്ചപ്പോൾ ത്രിപാഠി മോദിയോട് ഒരു ‘കിന്നാർ ബറ്റാലിയൻ’ ഉണ്ടാക്കാൻ അപേക്ഷിച്ചിരുന്നു. 2018 ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു രാമക്ഷേത്രം നിർമിക്കണമെന്ന ഹിന്ദുത്വ വാദികളുടെ പ്രഖ്യാപനത്തെ പരസ്യമായി പിന്തുണച്ചിരുന്നു. ത്രിപാഠിയുടെ നിലപാടുകളെ വിമർശിച്ചുകൊണ്ട് ചില ക്വിയർ വ്യക്തികൾ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇസ്‌ലാമോഫോബിക്കും ബ്രാഹ്മണിക്കലും ദേശീയതാവാദപരവുമായ ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുകയും ഒരു പ്രമുഖ കിന്നാർ ശബ്ദമായി മാറാനും തന്റെ ജാതി പ്രിവിലേജ് ഉപയോഗിച്ച് ത്രിപാഠി ശ്രമിക്കുകയാണ് എന്ന വിമർശനമാണ് അവർ ഉന്നയിച്ചത്.

ലക്ഷ്മി നാരായൺ ത്രിപാഠി

2018 ൽ സ്വവർഗ്ഗരതിക്ക് അനുകൂലമായ ഒരുപാട് ഹിന്ദുത്വ ലേഖനങ്ങൾ വന്നിരുന്നു. അതിൽ ഒരു ആർഎസ്എസ് അംഗം എഴുതിയ ഒന്നിൽ ഇപ്രകാരം പറയുന്നു: “സ്വവർഗ്ഗലൈംഗികതക്ക് അനുകൂലമായാണ് എക്കാലവും പ്രാചീന ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും നിലനിന്നത് എന്നതൊരു യാഥാർഥ്യമാണ്”. മറ്റൊരു ലേഖകൻ വാദിക്കുന്നത് ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയും അപേക്ഷിച്ചു ഹിന്ദുയിസത്തിന്റെ ഒരു പ്രമാണികഗ്രന്ഥവും ഹോമോഫോബിക് അല്ല എന്നാണ്. കോളനിയാനന്തര ഇന്ത്യയിൽ ഹോമോഫോബിയ വളരാനുള്ള കാരണമായി അദ്ദേഹം പഴിചാരുന്നത് ക്രിസ്ത്യൻ, മുസ്ലിം സദാചാരബോധങ്ങളെയാണ്. ക്രിസ്ത്യൻ, മുസ്ലിം നേതാക്കളോടൊപ്പം കൂടുന്നു എന്ന പരാതിയും ചില ഹിന്ദുത്വ വാദികൾക്കെതിരെ അദ്ദേഹം ഉന്നയിക്കുന്നു. ഹോമോഫോബിക് ഹിന്ദു വലതുപക്ഷം അമേരിക്കൻ ക്രിസ്ത്യൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പറയുന്നു ഇദ്ദേഹം.

2018 ലെ വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഒരു ലിബറൽ രാജ്യമായ ഇന്ത്യയിൽ ഇനിയും സ്വവർഗരതി നിയമവിധേയമാക്കാത്തതിന്റെ കാരണം ‘ഇന്റർസെക്ഷണാലിറ്റി’യുടെ ആകുലതയാണ് എന്ന് പറയുന്നു. ഇടതു ലിബറൽ ക്വിയർ വ്യക്തികളിൽ നിന്നുമുള്ള സ്വവർഗാനുകൂലികളായ ഇന്ത്യക്കാർക്ക് നേരിടേണ്ട വിവേചനം മോദി അധികാരത്തിൽ വന്നാൽ കുറയുമെന്ന് മറ്റൊരാൾ വാദിക്കുന്നു. ഈ ലേഖനങ്ങളും ലേഖകരുമെല്ലാം തന്നെ കാവിവത്കരണവും ഇസ്‌ലാമോഫോബിയയും നിയോലിബറൽ ഇടതുവിരുദ്ധ നയങ്ങളുമെല്ലാം ചേർന്ന ‘ഹോമോഹിന്ദുനാഷണലിസം’ എന്താണെന്ന് പറഞ്ഞുതരുന്നു. മേൽജാതി ക്വിയർ ആക്ടിവിസ്റ്റുകൾ വളരെ എളുപ്പത്തിൽ കാശ്മീർ അധിനിവേശം, ഇസ്‌ലാമോഫോബിയ, നിയോലിബറൽ-ബ്രാഹ്മണിക്കൽ ജാതി ആക്രമണങ്ങൾ എന്നിവയെ നിരാകരിക്കാനും അതെ സമയം തങ്ങളെ ബിജെപിയും ആർഎസ്എസും വിമോചിപ്പിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

പ്രവാസികളായിട്ടുള്ള ഹിന്ദു ദേശീയവാദികളും സമാനമായ തന്ത്രമാണ് ഉപയോഗിക്കുന്നത്. കാലിഫോർണിയയിലെ സ്കൂൾ പുസ്തകങ്ങളിൽ ക്വിയർ സമുദായത്തിന് തുല്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്‌താവനയിൽ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്ന സഘടനയും ഒപ്പിട്ടിരുന്നു. ഹിന്ദുയിസവും സ്വവർഗ്ഗലൈംഗികതയും എന്ന നയവിശദീകരണത്തിൽ ഹിന്ദുമതം എല്ലാ ലൈംഗികതകളെയും ഉൾക്കൊള്ളുകയും ഒരേ ലിംഗങ്ങൾ തമ്മിലുള്ള വിവാഹങ്ങളെ പിന്താങ്ങുകയും ചെയ്യുന്ന മതമാണെന്ന് പറയുന്നു. LGBT ആളുകളെ ഹിന്ദുക്കൾ അംഗീകരിക്കുകയും ‘മോക്ഷം’ പ്രാപിക്കാനുള്ള യാത്രയിൽ അവരെയും കൂടെ കൂട്ടണമെന്നും ആവശ്യപ്പെടുന്ന സംഘടന ഇന്ത്യയിൽ നിലനിൽക്കുന്ന ഹോമോഫോബിയ കൊളോണിയലിസത്തിന്റെ സംഭാവന ആണെന്ന് ആരോപിക്കുന്നു. അമേരിക്കയിലും ഇസ്രയേലിലും മറ്റുമുള്ള ഹോമോനാഷണലിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനരീതി തന്നെയാണ് HAFന്റേതും.

2019 ഓഗസ്റ്റിൽ കാശ്മീരിന് മേൽ ഇന്ത്യയുടെ അധിനിവേശം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആർട്ടിക്കിൾ 370 റദ്ദ് ചെയ്തിരുന്നു. കാശ്മീരികളെ സംബന്ധിച്ചിടത്തോളം അവരുടെ പരമാധികാരത്തിനു മുകളിലുള്ള വ്യക്തമായ കടന്നുകയറ്റമായിരുന്നു അത്. ഒരു വലിയ വിഭാഗം ഇന്ത്യക്കാരും ഭരണകൂടവും വാദിച്ചത് കശ്മീരിലെ ക്വിയർ സമുദായം അടക്കമുള്ള അടിച്ചമർത്തപ്പെട്ടവർക്ക് ആശ്വാസകരമായ തീരുമാനം ആവും എന്നായിരുന്നു. ഇന്ത്യൻ ഭരണഘടന ഇനിമുതൽ കശ്‌മീരിനും കൂടി ബാധകമാവുമെന്നതിനാൽ ഇന്ത്യയിലേതുപോലെ കാശ്മീരി ക്വിയർ, ട്രാൻസ് വ്യക്തികളെയും ഇതിലൂടെ ‘വിമോചിപ്പിക്കാം’ എന്നാണ് അവർ വാദിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത ദിവസം ഹിന്ദു ക്വിയർ സംഘടന ആയ ക്വിയർ ഹിന്ദു അലയൻസ് പൂർണമായ കാശ്മീരോട് കൂടിയ ഇന്ത്യയുടെ ഭൂപടവും ‘കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരൊറ്റ ഇന്ത്യ എന്ന അടികുറിപ്പും ആയിരുന്നു ട്വീറ്റ് ചെയ്തത്. ഭൂപടത്തിലെ കാശ്മീരിന്റെ ഭാഗത്തിന് ഒരു കാവിതലപ്പാവുകൂടി ഉണ്ടായിരുന്നു. സ്വവർഗ്ഗലൈംഗികതയെ ക്രിമിനൽവത്കരിക്കുന്ന നിയമങ്ങളൊന്നും ഇല്ലാതിരുന്ന കാശ്മീരിനെ ഇപ്രകാരം തെറ്റായി ചിത്രീകരിക്കുന്നതിലൂടെ തങ്ങൾ അവിടെത്തെ ക്വിയർ സമുദായത്തെ വിമോചിപ്പിക്കുകയാണ് എന്ന തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, മറ്റു കാശ്മീരികളെ പോലെ തന്നെ ക്വിയർ വ്യക്തികളും ഭരണകൂട ഭീകരത, വാർത്താവിനിമയ വിലക്ക് തുടങ്ങിയ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട് എന്നും അതിനൊന്നും 370 റദ്ദ് ചെയ്തത് പരിഹാരമാവില്ല എന്നതുമാണ് യാഥാർഥ്യം.

ക്വിയർ ട്രാൻസ് പ്രശ്നങ്ങളെ മനസിലാക്കണമെങ്കിൽ ബ്രാഹ്മണ്യ മേൽകോയ്മയെ മനസ്സിലാക്കിയേ തീരൂ. കോളോണിയലിസവും ബ്രാഹ്മണ്യ മേൽകോയ്മയും ബന്ധെപെട്ട് കിടക്കുന്നത് കൊണ്ടുതന്നെ അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അപകോളനീകരണത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ജാതി വിരുദ്ധ മുന്നേറ്റങ്ങളെ കൂടി പഠനവിധേയമാക്കുമ്പോഴാണ് അവ പൂർണമാവുക. അനിരുദ്ധ ദത്ത, റെയ്ന റോയ് എന്നിവർ വാദിക്കുന്നതുപോലെ ഇന്ത്യൻ സാഹചര്യത്തിൽ വ്യത്യസ്തമായ ഐഡന്റിറ്റികളെ കൃത്യമായി മാനസ്സിലാക്കാതെ എല്ലാത്തിനെയും കേവലം ട്രാൻസ്‍ജെൻഡർ എന്ന ഗണത്തിൽ പെടുത്തുന്നതിനെ മറികടക്കാൻ ‘ട്രാൻസ്ജെൻഡർ’ എന്നതിനെ തന്നെ അപകോളണീകരിക്കേണ്ടതുണ്ട്.

കോളനീകരണത്തിന്റെ (Coloniality) യുക്തിക്കകത്തേക്ക് ജാതിയെ സന്നിവേശിപ്പിക്കാൻ ബ്രാഹ്മണ്യാധീശത്വത്തിനു സാധിച്ചിട്ടുണ്ട്. കൊളോണിയൽ ഇന്ത്യയിൽ മേൽജാതി ദേശീയത ആധിപത്യം ഉറപ്പിച്ചത് ‘കോളനിവത്കരിക്കപ്പെടാത്ത ദേശീയ സ്വത്വത്തിന്റെ ആത്മീയ/ആന്തരിക മണ്ഡലത്തെ പ്രതാപവത്കരിച്ചുകൊണ്ടാണ്’ എന്ന് എം.എസ്.എസ് പാണ്ഡ്യൻ വിമർശിക്കുന്നുണ്ട്. ഇത്തരമൊരു ദ്വന്ദം ഉപയോഗിച്ചാണ് മേൽജാതി നേതാക്കൾ ഒരേസമയം ബ്രിട്ടീഷുകാരേക്കാളും കീഴ്ജാതിക്കാരേക്കാളും തങ്ങൾ ആത്മീയമായി ഔന്നിത്യം ഉള്ളവരാണെന്ന് സ്ഥാപിച്ചത്. അതേസമയം വരേണ്യർ വെള്ളവംശീയതയും കൊളോണിയൽ അധികാരവും ലഭിക്കാൻ ആശിച്ചിരുന്നു എന്നതും യാഥാർഥ്യമാണ്. ഈ പ്രവർത്തനങ്ങളെല്ലാം തന്നെ സവർണരും അവർണരും തമ്മിലുള്ള ജാതി-അധിഷ്ഠിത ലൈംഗിക-ലിംഗഭേദ വ്യത്യാസങ്ങളെ കൂടുതൽ ആഴമുള്ളതാക്കി മാറ്റി. സത്യത്തിൽ ഇതിലൂടെയെല്ലാം ആണ് ‘ഇന്ത്യൻ സംസ്കാരം എന്നാൽ ബ്രാഹ്മണ്യ സംസ്കാരം’ എന്ന കാഴ്ചപ്പാട് തന്നെ ഉണ്ടാക്കി എടുത്തത്. ജാതിയുടെയും കോളോണിയലിസത്തിന്റെയും കൂടിച്ചേരലുകൾ സ്വാതന്ത്ര്യാനന്തരവും തുടരുന്നതായി കാണാം. ജാതിയും ലൈംഗികതയും തമ്മിലുള്ള ക്രയവിക്രയങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ ഹിന്ദുത്വ തീവ്രവലതുപക്ഷം എപ്രകാരമാണ് ക്വിയർ സമുദായങ്ങളെയും മത, ജാതി മിശ്രവിവാഹങ്ങളെയും എതിർക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കൂ. ക്വിയർ രാഷ്ട്രീയത്തിന്റെ അപകോളനീകരണം നടക്കണമെങ്കിൽ എല്ലാത്തരം കൊളോണിയൽ, ഇസ്‌ലാമോഫോബിക്, ബ്രാഹ്മണിക്കൽ ഘടനകളോടുമൊപ്പം തന്നെ ‘ഹോമോഹിന്ദുനാഷണലിസ്റ്റ്’ തന്ത്രങ്ങളെയും ചെറുക്കേണ്ടതുണ്ട്. 2018 ലെ സ്വവർഗരതിയെ നിയമവിധേയമാക്കിയുള്ള വിധിപ്രഖ്യാപനം ഇന്ത്യയിലെ ക്വിയർ ആക്ടിവിസത്തെ വികേന്ദ്രീകൃതമാക്കുമെന്നും ഒപ്പം, ക്വിയർ, ട്രാൻസ്, ലൈംഗികത നിർവചിക്കപ്പെട്ടിട്ടില്ലാത്ത ആളുകൾ തുടങ്ങിയ എല്ലാ വ്യക്തികളുടെയും ‘മറവിയിലേക്ക് തള്ളപ്പെട്ട’ പോരാട്ടങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും പ്രത്യാശിക്കാം.


വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ

നിഷാന്ത് ഉപാധ്യായ്

Department of Ethnic Studies, University of Colorado Boulder, Boulder, CO,
USA.