Campus Alive

ഓ.ബി.സി സംവരണാവകാശവും മോദി സർക്കാരിന്റെ ചതിപ്രയോഗങ്ങളും

താഴേക്കിടയിലുള്ളവർക്കും ഓ.ബി.സി വിഭാഗത്തിൽ പെട്ടവർക്കും വേണ്ടി മോഡീ സർക്കാർ അകമഴിഞ്ഞ് പ്രവർത്തിക്കുന്നുണ്ട് എന്ന തെറ്റിദ്ധാരണ  സാമൂഹ്യമാധ്യമങ്ങൾ വഴി സാധാരണക്കാരിലേക്ക് ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത് എൻ.‌സി.‌ബി.‌സിയെ (നാഷണൽ കമ്മീഷൻ ഫോർ ബാക്ക്‌വേർഡ് ക്ലാസസ്) പ്രാരംഭ സ്റ്റാറ്റ്യൂട്ടറി പദവിയിൽ നിന്നും ഭരണഘടനാ പദവിയിലേക്ക് ഉയർത്തിയതാണ് ഈ പ്രചാരണത്തിന് ആക്കം കൂട്ടിയ ഒരു ഇനം. എന്നാൽ ഓ.ബി.സി വിഭാഗത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനത്തെ കേവലമൊരു സർക്കാർ ഉപകരണം ആക്കി മാറ്റുകയാണ് ഇതുവഴി സംഭവിച്ചത്. ഇങ്ങനെയൊരു സ്ഥാപനത്തെ വെറും ആലങ്കാരിക പദവിയിലേക്ക് മാറ്റുന്നത് പിന്നോക്ക വിഭാഗങ്ങളുടെ അവസര സമത്വത്തിനുള്ള അവകാശത്തെ വ്യവസ്ഥാപിതമായി നിഷേധിക്കുന്നതിന് തുല്യമാണ്.

ക്രീമി ലെയർ സ്റ്റാറ്റസ് തീരുമാനിക്കുന്നതിനുള്ള ഒരു മാനദണ്ഡമായ കുടുംബ വരുമാനം കണക്കാക്കുന്നതിനായി “ശമ്പള വരുമാനം” ഉൾപ്പെടുത്തുക എന്ന സർക്കാർ നിലപാട് എൻ‌.സി‌.ബി.സി.ക്ക് സ്വീകരിക്കേണ്ടി വന്നത് ഇതിന് നല്ലൊരു ഉദാഹരണമാണ്. പിന്നോക്ക വിഭാഗങ്ങളുടെ താല്പര്യങ്ങൾ പരിഗണിച്ച് പ്രവർത്തിക്കുന്നതിന് പകരം ഒ‌ബി‌സി വിരുദ്ധ നയങ്ങൾ‌ അംഗീകരിക്കുന്നതിനുള്ള ഒരു ഉപകരണമായി മാറിയിരിക്കുകയാണ് എൻ.സി.ബി.സി.

ക്രീമി ലെയർ സ്റ്റാറ്റസ് കണ്ടെത്തുന്നതിനായി “കുടുംബ വരുമാനം” കണക്കാക്കുന്നതിൽ ശമ്പള വരുമാനം ഉൾപ്പെടുത്താനുള്ള തീരുമാനം 2020 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ, 2020 മാർച്ചിൽ എൻ.‌സി.‌ബി.‌സി ഈ നീക്കത്തെ എതിർക്കുകയും, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സർക്കാരിന് ഒരു കത്തയക്കുകയും ചെയ്തു. എന്നാൽ പിന്നീട് സർക്കാർ എൻ.സി.ബി.സിയെ തങ്ങളുടെ വരുതിയിലാക്കുകയും, ഒടുവിൽ അജ്ഞാതമായ കാരണങ്ങളാൽ, എൻ.‌സി.‌ബി.‌സി സർക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുകയുമാണ് ഉണ്ടായത്. ഇത് പൊതുമേഖലാ തൊഴിൽ ഇടങ്ങളിൽ വളരെ കുറഞ്ഞ പ്രാതിനിധ്യം ഉള്ളതും എന്നാൽ ക്രീമി ലെയർ എന്ന ആശയത്തിന്റെ പ്രത്യേക ഇരകളായതുമായ പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണ പ്രക്രിയയുടെ അടിത്തറ മാന്തുകയാണ് ചെയ്യുന്നത്.

ഇതിലെ വിരോധാഭാസം എന്തെന്നാൽ, ഓ.ബി.സി ശാക്തീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്ദ്ധരടങ്ങുന്ന എൻ.‌സി.‌ബി.‌സിയുടെ ഉപദേശം സർക്കാർ സ്വീകരിക്കേണ്ടിടത്ത് എൻ.‌സി.‌ബി.‌സിക്ക് സർക്കാർ വരയ്ക്കുന്ന വരയിൽ നിൽക്കേണ്ടി വരുന്നു എന്നതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമായ ഓ.ബി.സി വിഭാഗത്തിന്റെ അവസര തുല്യത തടസ്സപ്പെടുത്തുന്നു. എൻ.‌സി.‌ബി.‌സിയെ ഭരണഘടനാപരമായ പദവിയിലേക്ക് ഉയർത്തുന്നതിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേകിച്ച് എന്ത് ഗുണമാണ് ലഭിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരങ്ങളൊന്നും ഇല്ല.

ഈ മേഖലയിലെ വിദഗ്ദ്ധരെ എൻ‌.സി.‌ബി.‌സി ഉൾക്കൊള്ളാതിരിക്കുകയും,  അതിന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും സ്വതന്ത്രമായിരിക്കാൻ അനുവദിക്കാതിരിക്കുകയും അതിന്റെ ഉപദേശം  മാനിക്കപ്പെടാതിരിക്കുകയും, അതേസമയം നിയമപരമോ ഭരണഘടനാപരമോ ആയ പദവി പോലുമില്ലാത്ത കമ്മിറ്റികളുടെ കാഴ്ചപ്പാടുകൾക്ക് പോലും വിധേയപ്പെടുകയും ചെയ്യുകയാണ് എങ്കിൽ ഓ.ബി.സി വിഭാഗങ്ങൾക്ക്  ഉപയോഗപ്രദമായ ഒരു ഗുണവും ഈ സ്ഥാപനത്തിന് നൽകാനാവില്ല. അതിനാൽ സർക്കാർ ഓ.ബി.സിയെ വളരെയധികം സഹായിക്കുന്നുവെന്ന പ്രചരണം പൊള്ളയായ അവകാശവാദം മാത്രമായി തുടരുന്നു. വാസ്തവത്തിൽ,  തൊഴിലവസരങ്ങളിൽ തുല്യത നേടാനുള്ള അവകാശവും ഉന്നത പഠന സ്ഥാപനങ്ങളിൽ പ്രവേശിക്കാനുള്ള അവകാശവും കവർന്നെടുക്കുന്നതിനാണ് മോദീ ഭരണകൂടം ഓ.ബി.സി സംവരണത്തെ ആസൂത്രിതമായി ലക്ഷ്യമിടുന്നത്.

 


(ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനും ആക്ടിവിസ്റ്റുമാണ് ലേഖകൻ)

വിവർത്തനം: ഇവാന

കടപ്പാട്: Madhyamam

അഡ്വ: കെ കൊണ്ടല റാവു