Campus Alive

ഇന്ത്യന്‍ മുസ്‌ലിംകളുടെ മാനിഫെസ്റ്റോ

നമ്മുടെ രാജ്യത്തെക്കുറിച്ച് പറയപ്പെടുന്ന ഒരു നിർവചനം ദേശങ്ങളുടെ ദേശം (Nation of Nations) എന്നാണ്. അഥവാ എല്ലായിടത്തും ദേശം(Nation) ഉളളപ്പോൾ ലോകത്തി​ന്റെ രാഷ്​ട്രീയ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ദേശങ്ങളുടെ ദേശം എന്നാണ്. ദേശരാഷ്ട്രം സ്ഥാപിതമാകുന്നതിന് ആധാരമായി വന്നിട്ടുളള ഭാഷാ, സംസ്‌കാരം, വംശം തുടങ്ങിയ എല്ലാവിധ പരിഗണനകളെയും മറികടന്നുകൊണ്ടുളള അത്ഭുതകരമായ ഒരു സംവിധാനമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യമെന്നാണ്​ നമ്മള്‍ ഇതുവരേക്കും ആശ്വസിച്ച് പോരുന്നത്. ഒരുപക്ഷേ ഇതിന്​ സമാനമായ സാഹചര്യം നിലനില്‍ക്കുന്ന മറ്റൊരു രാഷ്​ട്രം അത് യു.എസ്​.എ അഥവാ അമേരിക്കൻ ഐക്യ നാടുകൾ മാത്രമായിരിക്കും. നമ്മുടെ ഭരണഘടനയുടെ തുടക്കത്തില്‍ എഴുതിവെച്ചിട്ടുളള ശ്രദ്ധേയമായ മൂന്ന് വാക്കുകളുണ്ട്. ലിബര്‍ട്ടി, ഇക്വാലിറ്റി​, ഫ്രറ്റേണിറ്റി എന്നിവയാണത്. ഒന്ന് സ്വാതന്ത്രമാണെങ്കിൽ മറ്റൊന്ന് സമത്വമാണ്, മറ്റൊന്ന് സൗഹാര്‍ദമോ സാഹോദര്യമോ ആണ്. ഈ മൂന്നും പരസ്പരം ബന്ധിതമാണ് എന്നുളളത് മാത്രമല്ല ഒന്നിനെ കൂടാതെ മറ്റൊന്നിനെ കുറിച്ച് മാത്രം വാചാലമാവുന്നത് കപടതയാണ് എന്ന്​ ഉന്നയിക്കാനുളള വേദിയായി ഈ സന്ദര്‍ഭം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്. എങ്ങനെയാണ് നമുക്ക് നീതിയില്ലാതെ സൗഹൃദത്തെ കുറിച്ച് സംസാരിക്കാനാവുക. സൗഹൃദവും നീതിയുമില്ലാതെ എങ്ങനെയാണ് നമുക്ക്​ സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രം സംസാരിക്കാന്‍ സാധിക്കുക.  ‘വിശ്വാസം അഭിമാനമാണ്​, സാഹോദ​ര്യം പ്രതിരോധമാണ്​’ എന്ന പ്രമേയം എസ്​. ഐ. ഒ ഇൗ സമ്മേളനത്തിന്​ തെരഞ്ഞെടുത്തത്​ ഈ മൂന്ന് കാര്യങ്ങളും പരസ്പരം ബന്ധിതമാണ് എന്ന് മനിസ്സിലാക്കുന്നതിനാലാണ്. ‘ആസാദി’യെ കുറിച്ച് പറയുകയും ജസ്​റ്റിസിനെ കുറിച്ചും അതുപോലെ തന്നെ ഫ്രറ്റേണിറ്റിയെകുറിച്ചും മറന്നുപോകുകയും ചെയ്യുന്നത് എത്രമാത്രം കാപട്യമാണ് എന്നത് ഈ സമൂഹത്തോട്​ വീണ്ടും വീണ്ടും ചോദിക്കാന്‍ എസ്.ഐ.ഒ നിര്‍ബന്ധിതമാകുകയാണ്. അതുകൊണ്ട് ഫ്ലാഷ്​മോബുകളെക്കാള്‍ ഞങ്ങള്‍ക്ക് ദിവസവും നടന്ന് കൊണ്ടിരിക്കുന്ന അറുകൊലകളുടെ ഫ്ലാഷ്​ ന്യൂസുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. പര്‍ദ്ദ തുണിയേക്കാള്‍ കൂടുതല്‍ മയ്യിത്ത് കഫൻ പുടവയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒരു സമുദായമാണ് ഞങ്ങൾ.അതിനാൽ തന്നെ മുന്‍ഗാമികളെ കുറിച്ച് സംസാരിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ പറ്റൂ എന്നതിനാൽ കൂടിയാണ് ഞങ്ങള്‍ക്ക് ഇത്തരം പ്രമേയം തെരഞ്ഞെടുക്കേണ്ടിവരുന്നത്. നമുക്കറിയാം എസ്​. ഐ. ഒ അതിന്റെ പ്രവര്‍ത്തകരെ പഠിപ്പിച്ചിട്ടുളളത് പണ്ട് അലി ജാ അലി ഇസ്സത്ത് ബെഗോവിച്ച് പഠിപ്പിച്ചത് പോലെ വിധേയത്വത്തെക്കാള്‍ കൂടുതല്‍ അനുസരണത്തെ കുറിച്ച് സംസാരിക്കാനാണ്, വിനയത്തെക്കാള്‍ കൂടുതല്‍ ധൈര്യത്തെ കുറിച്ച് സംസാരിക്കാനാണ്, ഒൗദാര്യത്തെക്കാള്‍ കൂടുതല്‍ നീതിയെ കുറിച്ച് സംസാരിക്കാനാണ്. മാനവിക ഗുണങ്ങളില്‍ മഹത്തരമാണ് ഒൗദാര്യമെങ്കിലും നീതിയില്ലാത്ത ഒൗദാര്യം അപ്രസക്തമാണ്. അതുകൊണ്ട് വിനയത്തെക്കാള്‍ കൂടുതല്‍ ധൈര്യം പഠിക്കേണ്ടുന്ന പുതിയ കാലത്ത് അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കാന്‍ നമ്മള്‍ ഇവിടെതന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പരി​ച്ഛേദം മാത്രമാണ് ഇന്നിവിടെ നടന്നുക്കൊണ്ടിരിക്കുന്ന സമ്മേളനം.

നമ്മുടെ പ്രമേയത്തിന്റെ ആദ്യഭാഗം വിശ്വാസം അഭിമാനമാണ് എന്നതാണ്. വിശ്വാസം അഭിമാനമാണെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കേണ്ടിവരുന്നത് പല കാപട്യങ്ങളെയും തുറന്ന് കാണിക്കാനാണ്. നിങ്ങളുടെ വിശ്വാസത്തെ ഉപേക്ഷിച്ച് നിങ്ങള്‍ക്ക് നല്ല മനുഷ്യനാകാന്‍ ഇവിടെയിതാ ഒരു സുവര്‍ണാവസരം എന്ന ലിബറലുകളുടെ സ്‌നേഹസമ്രണമായ വര്‍ത്തമാനങ്ങളോട് ഞങ്ങള്‍ പറയുന്നു, ഞങ്ങള്‍ക്ക് ഞങ്ങളുടെ വിശ്വാസം അഭിമാനം തന്നെയാണ്. ‘യകീനെ മുഹകം, അമല്‍ പേഹം, മുഹബ്ബത്ത് ഫാത്തിഹെ ആലം, ജിഹാദെ സിന്ദഗാനീമെ യെ മര്‍ദ്ദോം കി ഷംഷീറെ’ എന്ന കവിതയിലൂടെ അതിജീവന പ്രതിസന്ധിയുടെ കവലയില്‍ ഞങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനുളള ഒരേയൊരു ആദര്‍ശം അചഞ്ചലമായ വിശ്വാസവും അതുപൊലെ സാഹോദര്യത്തിലൂന്നിയ പ്രതിരോധവുമാണെന്ന് ഇസ്‌ലാമിന്റെ മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ നമ്മളെ പഠിപ്പിക്കുന്നു. നമ്മളുടെ വിശ്വാസം സാമൂഹിക തലത്തിലും‍ വ്യക്തിതലത്തിലും ഭരണത്തിലും രാഷ്ട്രത്തിലും അടുക്കളയിലും അങ്ങാടിയിലും എല്ലാമുൾകൊളളുന്നതാണ്​. ഇൗ മഹത്തായ ഇസ്‌ലാമിനെ അവതരിപ്പിക്കാനുളള ശ്രമം നടത്തുന്ന ഒരു കൊച്ചു പ്രസ്ഥാനമെന്ന നിലയില്‍ നമുക്ക് പറയാനുളളത് സയ്യിദ് മൗദൂദി അദ്ദേഹത്തിന്റെ സത്യസാക്ഷ്യം എന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ പറഞ്ഞ കാര്യമാണ്​.  കമ്മ്യൂണിസത്തിന്റെറയും അതുപോലെ മുതലാളിത്തത്തിന്റെറയും അവസാനത്തെ കുറിച്ച് പ്രവചിച്ച ശേഷം സയ്യിദ് മൗദൂദി ചോദിക്കുന്നുണ്ട്​ ‘മൂസയുടെ വടി കക്ഷത്തുണ്ടായിരിക്കെ മറ്റുള്ളവരുടെ വടിയും  കയറും കണ്ട്​ നമ്മൾ ഭയന്നിരിക്കയാണോ?’. എന്ന്. ഇവിടെ ലിബറലുകളുടേയും മറ്റും കയ്യിലെ വടികളും കയറുകളും കണ്ട് നമ്മള്‍ ഭയന്ന ഒരു വിഡ്ഢിത്തം ചരിത്രത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് അതിലും വലിയ ‘മൂസയുടെ വടി’ കക്ഷത്തിലുണ്ടെന്ന, അഥവാ ‘വിശ്വാസം അഭിമാനമാണെ’ന്ന് നമ്മള്‍ പ്രഖ്യാപിക്കുന്നത്. ചിലർ നമുക്ക് ഓഫര്‍ ചെയ്യുന്നത്​ വിശ്വാസം ഒഴിഞ്ഞ് നമ്മള്‍ ‘മനുഷ്യനായി’ തീർന്നാൽ കരഗതമാകുന്ന അവസ്ഥയാണ്​. അതിന് ഇഖ്ബാല്‍ പറഞ്ഞ മറുപടിയാണ് നമുക്ക് പറയാനുളളത്. അടിമയായി അഥവാ ഇസ്​ലാമിൽ നിന്ന്​ സ്വതന്ത്രനായി നടക്കുമെങ്കില്‍ കേളികൊട്ടും ആനയും അമ്പാരിയും കൊട്ടും കൊരവയുമായി നമ്മളെ ആനയിക്കാനാളുണ്ടെങ്കില്‍, തൽകാലം നിങ്ങളോട് ‘സോറി’ പറയാനേ ഞങ്ങൾക്ക്​ കഴിയൂ എന്നാണത്​. ഞങ്ങള്‍ക്ക് ഞങ്ങളുടെ വിശ്വാസം തരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും ചെറുതൊന്നുമല്ല. ലിബറൽ സുഹൃത്തുക്കളെ, നിങ്ങളാവശ്യപ്പെടുന്നത് തന്നെയല്ലേ മോഹന്‍ ഭഗവതും വേറൊരു രീതിയില്‍ ആവശ്യപ്പെടുന്നത്? ആര്‍. എസ്. എസ് ശാഖയില്‍ വിജയദശമി ദിനത്തില്‍ മോഹൻ ഭഗവത്​ പറയുന്നതിന്റെ ചെറിയ ചില്ലറ വ്യത്യാസമല്ലേ നിങ്ങളുടെ വര്‍ത്തമാനങ്ങളിലുമുളളത്? 4300 ലധികം ചെറുതും വലുതുമായ കലാപങ്ങളെ, അതുമല്ലെങ്കില്‍ ആസൂത്രിതമായ വംശഹത്യക്കുളള നീക്കങ്ങളെ നേരിട്ട ഇന്ത്യന്‍ മുസ്‌ലിമിന്റെ അനുഭവങ്ങളെ കൂട്ടിവെച്ചുകൊണ്ട് നോക്കുമ്പോള്‍ ഞങ്ങള്‍ക്ക്​ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്​. അവരുടെ കുര്‍ത്തയും പൈജാമയും തൊപ്പിയും  മതചിഹ്നങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങളും നിങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഒരൗദാര്യവും ഞങ്ങള്‍ ചോദിക്കുന്നില്ല. ഈ രാജ്യത്തിന്റെ ഭരണഘടന ഞങ്ങള്‍ക്ക് നല്‍കുന്ന അവകാശം മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്​. ഈ രാജ്യത്തിന്റെ ഭരണഘടന രാജ്യത്തെ പൗരനുകൊടുക്കുന്ന ഏത്​ വിശ്വാസവും സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുളള സ്വാതന്ത്ര്യമാണത്​. അതിനെ മറന്നുകൊണ്ട് മനുഷ്യനാകണമെങ്കില്‍ വിശ്വാസമൊഴിവാക്കണമെന്നുളള ഫോര്‍മുല സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.ഇൗ പ്രമേയത്തിന്റെ രണ്ടാം ഭാഗം ‘സാഹോദര്യം പ്രതിരോധമാണ്’ എന്നാണ്​. സാഹോദര്യത്തി​ന്റെ വിശാലമായ ആകാശത്തെ കുറിച്ച് സംസാരിച്ചും എല്ലാവരോടും പുഞ്ചിരിയും സൗമ്യതയും നൽകി കൊണ്ടും മാത്രമാണ് ഒരു വിശ്വാസിക്ക് സുന്ദരമായ മരണനിമിഷം പോലും സാധ്യമാകൂ എന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍. പക്ഷെ ആ സാഹോദര്യത്തിന്റെ അടിസ്ഥാനവും നീതിയാകണമെന്നുളളത് നമ്മള്‍ മറന്നുപോകരുത്. നീതിയില്ലാത്ത സാഹോദര്യത്തെ കുറിച്ച് തീര്‍ച്ചയായും നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്. അതില്‍ പൊളളത്തരങ്ങളുണ്ട്, അതില്‍ അന്യായങ്ങളുണ്ട്, അതില്‍ അക്രമമുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനുളള കാരണം ഇസ്സത്​ ബെഗോവിച്​ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ജയിൽ കുറിപ്പുകളി’ല്‍ പറയുന്നുണ്ട്​. നിങ്ങള്‍ ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് നിങ്ങളുടെ മുന്നിലുളള മനുഷ്യരെ സ്‌നേഹിക്കാതിരിക്കാന്‍ മറന്ന് പോകരുത് എന്നാണദ്ദേഹം പറയുന്നത്​. അദ്ദേഹം അത് പഠിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി (സ)യില്‍ നിന്നാണ്. പ്രവാചകന്‍(സ) പഠിപ്പിച്ചത് ‘നീ നി​ന്റെ സഹോദരനെ സഹായിക്കണം,  അവന്‍ അക്രമിയായാലും അക്രമിക്കപ്പെടുന്ന അവസ്ഥയിലായാലും’ എന്നാണ്​. അപ്പോൾ സ്വഹാബിമാർ ചോദിച്ചു: ‘പ്രവാചകരേ,  അക്രമിക്കപ്പെടുന്നവനെ സഹായിക്കുന്നത് മനസ്സിലാക്കാം. എങ്ങനെയാണ് അക്രമിയെ സഹായിക്കുക​?. പ്രവാചകന്‍ പറഞ്ഞു: ‘അവന്റെ അക്രമത്തില്‍ നിന്ന് അവനെ തടയുക’. അക്രമിക്കപ്പെടുന്നവന് നീതി ലഭിക്കാനുളള പരിശ്രമത്തില്‍ നിങ്ങള്‍ ഏര്‍പ്പെടണം. അതുകൊണ്ട് നിഷ്​പക്ഷം എന്ന് പറയുന്ന ഒരു പക്ഷമില്ല. നീതിയുടെ പക്ഷമേ ഉളളൂ. അക്രമം അപ്പുറം, ഇപ്പുറം അതിന് നടുവില്‍ എന്നൊരു പക്ഷമില്ല; സത്യത്തിന്റെറയും അസത്യത്തിന്റെയും പക്ഷത്തില്‍ സത്യത്തിന്റെ പക്ഷത്തോടൊപ്പം നിങ്ങള്‍ ചേരണം. ഇന്ത്യയിലെ വംശീയതയെ, അതല്ലെങ്കില്‍ അതിന്റെ കരാളത നക്കിത്തുടച്ച മനുഷ്യജീവിതങ്ങളെ മറന്ന് നമുക്ക് നീതിയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല. കാരണം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസിയുടെ വിശ്വാസം പൂര്‍ണമാകുന്ന പ്രക്രിയകളെ കുറിച്ച് പ്രവാചകന്‍ പറഞ്ഞതതാണ്. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ സ്‌നേഹിക്കണം, പോരാ അല്ലാഹുവിന് വേണ്ടി കോപിക്കാനും നിങ്ങള്‍ പഠിക്കണം. അല്ലാഹുവിനോടുളള മുഹബ്ബത്തും അവന്‍ പ്രദാനം ചെയ്ത ഈ ഭൂമിയുടെ ജീവതാളമായ നീതിയും മുന്നില്‍ വെച്ച്‌ സാഹോദര്യത്തിന്റെ വിശാലമായ പ്രതിരോധക്കോട്ട ഉയർത്താന്‍ നമുക്ക്​ സാധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എസ്​. ഐ. ഒയുടെ മുദ്രാവാക്യങ്ങളില്‍ നമുക്ക് രോഹിത് വെമുലയെ കുറിച്ച്, രോഹിത് വെമുല വിദ്യാര്‍ഥിയല്ല ദലിത് വിദ്യാര്‍ഥിയാ(ണ്)യിരുന്നു എന്ന് തന്നെ പറയേണ്ടി വരുന്നത്. 2013നും 2015നും ഇടയില്‍ ഇന്ത്യയിലെ വ്യത്യസ്തമായ യൂണിവേഴ്‌സിറ്റികളില്‍ 23 പേര്‍ മരണപ്പെടുമ്പോള്‍, ആത്മഹത്യ ചെയ്യുമ്പോള്‍ അതില്‍ 22 പേരും ദലിത് വിദ്യാര്‍ഥികളാകുമ്പോള്‍ ഇന്ത്യയിൽ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നമുണ്ട് എന്നതിന് പകരം ആ പ്രശ്‌നത്തിന്റെ രാഷ്ട്രീയത്തെ നമ്മള്‍ ഉന്നയിക്കുന്നത്. ജെ.എന്‍.യു എന്ന പുരോഗമന ഇടതുപക്ഷ ഇടമെന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തുനിന്ന് നമുക്ക് ‘പാക്കിസ്ഥാന്‍ മുല്ലാസ് ഗോ ബാക്ക്’ എന്ന ചുമരെഴുത്തുകള്‍ കാണാന്‍ സാധിക്കുന്നുവെങ്കില്‍ നജീബ് അഹ്മദ് എന്നുളളത് ഒരു വിദ്യാര്‍ഥിയുടെ പ്രശ്‌നം മാത്രമല്ല മറിച് ഒരു മുസ്‌ലിം വിദ്യാര്‍ഥിയുടെ പ്രശ്‌നമാണെന്ന് പറയാന്‍ നമുക്ക് സാധിക്കുന്നത്. അതുകൊണ്ടാണ്​ 200 പേരടങ്ങുന്ന ജനക്കൂട്ടം സാക്ഷിയാക്കി ഹാഫിദ് ജുനൈദ് കൊല ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിമിന് നേരെയുളള വംശവെറിയെ കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. 1800 കിലോമീറ്ററിലധികം അപ്പുറം രാജസ്​ഥാനിൽ പോയി ജോലിചെയ്യുന്ന അഫ്രസുല്‍ ഇസ്‌ലാം എന്ന വ്യക്തിയെ പിറകില്‍ നിന്ന് കുത്തിയ ശേഷം ജീവനോടെ ചുട്ടുകരിക്കപ്പെടുമ്പോള്‍ അതിന് പിന്നില്‍ കാമറകണ്ണുമായി നില്‍ക്കുന്ന 14 വയസ്സുകാരനെ കുറിച്ച്, റിയാസ് മൗലവിയെ കൊന്ന 17 വയസ്സുകാരനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ടിവരുമ്പോള്‍ ഈ രാജ്യത്തെ ജനതയെ സംബന്ധിച്ചും നമുക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ നേതാക്കളെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പുതിയ കാല ജനാധിപത്യത്തില്‍ നേതാക്കള്‍ സ്വന്തം ജനതയെ തെരഞ്ഞെടുക്കുന്ന ഒരു രാഷ്ട്രീയത്തോട് നമുക്ക് കലഹിച്ച് മാത്രമാണ് മുന്നോട്ട് പോകാന്‍ സാധിക്കുക. ‘ഹഖ് കോ ഹഖ് വോ ഇന്‍സാഫ് കീ ബേ ഹൗഫ് ഹിമായത്ത് കീഹേ യേ ബഗാവദ് ഹോതോ ഹമ്‌നേ ബഗാവദ് കീ ഹേ’ സത്യത്തിന്റെയും നീതിയുടേയും മാര്‍ഗത്തില്‍ കലഹത്തോടുകൂടി തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും വകഞ്ഞ് മാറ്റിക്കൊണ്ട് മുന്നോട്ട്‌പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുളളത്. ‘യേ ബഗാവത്ത് ഹേ തോ’ ഇതാണ് കൊടിയ അക്രമമെങ്കില്‍ ‘ഹമ്‌നേ ബഗാവത്ത് കീഹേ’ കാലഘട്ടത്തി​ന്റെ കൊടിയ അക്രമത്തിന്​ പ്രതിരോധം തീര്‍ക്കാന്‍ നിങ്ങളൊരുങ്ങുക കൂട്ടരെ എന്നുമാത്രമാണ് ഈ സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുളളത്.എസ്‌. ഐ. ഒ കൊല്ലത്ത്‌ സംഘടിപ്പിച്ച ദക്ഷിണ കേരള സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം.

തയ്യാറാക്കിയത്‌: അബ്ദുല്‍ വാഹിദ്‌

നഹാസ്‌ മാള