Campus Alive

ഇസ്‌ലാമിക ഫിലോസഫിയും റാഡിക്കല്‍ സാമൂഹികതയെക്കുറിച്ച പുതിയ ഭാവനകളും: ക്രിസ്റ്റ്യന്‍ ജാംബറ്റിനെ വായിക്കുമ്പോള്‍

1949 ല്‍ അള്‍ജീരിയയില്‍ ജനിച്ച ക്രിസ്റ്റ്യന്‍ ജാംബറ്റ് ഇസ്‌ലാമിക് ഫിലോസഫിയിലാണ് ( മലയാളത്തിലെ തത്വചിന്ത എന്ന പദം അറുബോറാണ് എന്നതിനാലാണ് ഒഴിവാക്കുന്നത്) സ്‌പെഷ്യലൈസ് ചെയ്യുന്നത്. ശീഈ മിസ്റ്റിക്കല്‍ ഫിലോസഫിയില്‍ ഒരുപാട് സംഭാവനകളര്‍പ്പിക്കുകയും ഫിനോമിനോളജിയില്‍ ഫോക്കസ് ചെയ്ത് കൊണ്ട് Alone with Alone: Creative Imagination in Ibn Arabi എന്ന പുസ്തകമെഴുതുകയും ചെയ്ത ഹെന്റി കോര്‍ബിന്റെ ശിഷ്യനുമാണദ്ദേഹം. മാവോ, ലക്കാന്‍, ഫൂക്കോ, ദെല്യൂസ്, ബാദിയോ തുടങ്ങിയവരുടെ ഫിലോസഫിയെ വികസിപ്പിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ ചിന്തകളെ രൂപപ്പെടുത്തുന്നത്. ജലാലുദ്ദീന്‍ റൂമിയുടെയും ഓസ്‌കാര്‍ വൈല്‍ഡിന്റെയും രചനകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിലോസഫിക്കല്‍ സമീപനങ്ങളെ വായിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പിലൂടെ ഞാന്‍ നടത്തുന്നത്. അതേസമയം The Act of Being: The Philosophy of Revelation in Mulla Sadra എന്ന പുസ്തകം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ എന്ന ആത്മവിമര്‍ശനവും എനിക്കുണ്ട്. കാരണം അദ്ദേഹത്തിന്റെ മിക്ക മേജര്‍ വര്‍ക്കുകളും ഫ്രഞ്ചിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കുറേയൊക്കെ പ്രിയ സുഹൃത്തായ ഷഹാന വായിച്ച് തന്നെങ്കിലും ഇപ്പോഴും എനിക്ക് പ്രവേശനം ലഭിക്കാത്ത ഒരുപാട് മേഖലകളുണ്ട്. അതിനാല്‍ തന്നെ ഈ കുറിപ്പ് ജാംബെറ്റിനെ വായിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണെന്ന് ആദ്യമേ പറഞ്ഞ്‌കൊള്ളട്ടെ. അല്ലാഹു സ്വീകരിക്കട്ടെ. പിഴവുകള്‍ പൊറുത്ത് തരട്ടെ ( ആമീന്‍)

ph

ജാംബെറ്റിനെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് എല്ലാ വിധ Fixation കള്‍ക്കും എതിരായ ഒരു കലാപമാണ്. ഈ ലോകത്തോടല്ല, ഈ ലോകത്തിന്റെ സംഘര്‍ഷങ്ങളോടല്ല അത് സംവദിക്കുന്നത്. മറിച്ച്, പുതിയൊരു ലോകത്തോടാണ്. ജാംബറ്റ് പറയുന്ന പുതിയ ലോകം ഇമാജിന്‍ ചെയ്യുന്നത് റാഡിക്കലായ സാമൂഹ്യതയെയാണ് (Radical Sociality). നിയമത്തിന്റെ മെറ്റീരിയാലിറ്റിയെയെല്ലാം മറികടക്കുന്ന\തകര്‍ക്കുന്ന സാമൂഹ്യഭാവനയാണത്. അതേസമയം ഈ റാഡിക്കല്‍ സോഷ്യാലിറ്റി എന്നത് ഒരിക്കലും എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്ന\ചെയ്യേണ്ട ഒന്നല്ല. മറിച്ച് ഒരു becoming process ആണത്. അപ്പോഴാണ് സെല്‍ഫിനെക്കുറിച്ച് തന്നെയുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുക. ജാംബറ്റിനെ സംബന്ധിച്ചിടത്തോളം സെല്‍ഫ് എന്നത് Individual Subject അല്ല. മറിച്ച് കമ്മ്യൂണിറ്റേറിയന്‍ ആണ്. അലമൂത്ത് സമുദായത്തെക്കുറിച്ച് പറയുന്നിടത്ത് ( A Counter phenomenology of Spirit) ജാംബെറ്റ് അത് സൂചിപ്പിക്കുന്നുണ്ട്. അഥവാ, സെല്‍ഫിനെ രൂപപ്പെടുത്തുന്നത് സ്വന്തത്തോട് തന്നെയുള്ള നിരന്തരമായ സംഘര്‍ഷങ്ങളാണ്. ആന്‍മ്മേരി ഷിമ്മല്‍ തസവ്വുഫിനെക്കുറിച്ച് എഴുതുന്നിടത്ത് (Mystical Dimension of Islam) ഈ self-abolishment നെക്കുറിച്ച് പറയുന്നുണ്ട്. തസവ്വുഫിനെ ഷിമ്മെല്‍ മനസ്സിലാക്കുന്നത് സെല്‍ഫിന്റെ തുടര്‍ച്ചയായ സംഹാരവും നിര്‍മ്മാണവും സാധ്യമാക്കുന്ന റാഡിക്കലായ ഒരു ജീവിത രീതിയായാണ്. ഇങ്ങനെ സെല്‍ഫിനോട് സാധ്യമാക്കേണ്ട കലാപത്തെക്കുറിച്ച് തന്നെയാണ് ജാംബെറ്റും സൂചിപ്പിക്കുന്നത്.

മാവോയുടെ ചിന്തകള്‍ ജാംബെറ്റിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ വ്യക്തമാണ്. അതേ സമയം തന്നെ മാവോയിലുള്ള മിസ്റ്റിസിസത്തിന്റെയും ഇമാജിനേഷന്റേയും അഭാവത്തെ ഐഡന്റിഫൈ ചെയ്ത് കൊണ്ട് വേറൊരു രീതിയില്‍ മാവോയുടെ ഫിലോസഫിയെ അദ്ദേഹം വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വിപ്ലവത്തെ ജാംബെറ്റ് മനസ്സിലാക്കുന്നത് ഒരു മിസ്റ്റിക്കല്‍ ആക്ടായാണ്. ഈ മിസ്റ്റിക്കല്‍ അപ്രോച്ചിന്റെ അഭാവത്തിന്റെ പേരില്‍ തന്റെ സമകാലീകരായ മാവോയിസ്റ്റുകളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. കാരണം, ജാംബറ്റിനെ സംബന്ധിച്ചിടത്തോളം സ്പിരിറ്റിനെയും ലോകത്തെയും Dual ആയി മനസ്സിലാക്കുന്നത് അബന്ധമാണ്. Dialectical ആയ ബന്ധമല്ല അവ തമ്മിലുള്ളത് എന്നാണദ്ദേഹം പറയുന്നത്.

ann
ആന്‍മ്മേരി ഷിമ്മല്‍

ശീഈ ഈസോട്ടറിക് ഫിലോസഫിയിലാണ് ജാംബറ്റ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്പിരിറ്റും ലോകവും തമ്മിലുള്ള സംഘര്‍ഷം ഏറ്റവും തീക്ഷണമായി നിലനില്‍ക്കുന്നത് ശീഈ ഈസോട്ടറക് ട്രഡീഷനിലാണ്. ജാംബറ്റ് പറയുന്നത് ഈ സംഘര്‍ഷം വളരെ മൗലികമാണ് എന്നാണ്. കാരണം അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധത്തെ നിര്‍വ്വചിക്കുന്നത് നിയമങ്ങളും നിയന്ത്രണങ്ങളുമല്ല. വെര്‍ട്ടിക്കലായ അധികാരബന്ധമല്ല അല്ലാഹുവും മനുഷ്യനും തമ്മില്‍ നിലനില്‍ക്കുന്നത്. മറിച്ച് ആത്മീയ ബന്ധമാണ്. ഈ ആത്മീയ ബന്ധമാണ് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിര്‍വ്വചിക്കുന്നത്. Creative Freedom എന്നാണ് ജാംബെറ്റ് അതിനെ വിളിക്കുന്നത്. പക്ഷെ, അപ്പോഴും അല്ലാഹുവിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ ക്രിയേറ്റീവ് ഫ്രീഡത്തിന് പുതിയ ഇമേജിനേഷനുകള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ അല്ലാഹുവിലേക്ക് മടങ്ങണമെങ്കില്‍, അല്ലാഹുവുമായുള്ള സമാഗമം സാധ്യമാകണമെങ്കില്‍ തന്റെ ഈഗോയെ ഇല്ലാതാക്കണമെന്ന് മനുഷ്യന്‍ മനസ്സിലാക്കുന്നു. മൂസാ നബിയും അല്ലാഹുവും തമ്മില്‍ തൂറ് സീനയില്‍ നടന്ന സംഭാഷണത്തെ മെറ്റഫറിക്കലായി എടുത്ത് കൊണ്ട് വളരെ മനോഹരമായി self-annihilation നെക്കുറിച്ച് ഇസുത്സു എഴുതുന്നുണ്ട്. അഥവാ, മൂസ്സാ നബിയുടെ കൈയിലുണ്ടായിരുന്ന വടി നീക്കം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സംസാരം സാധ്യമായത് എന്നാണ് ഇസുത്സു പറയുന്നത്. ഇവിടെ വടിയെയാണ് മനുഷ്യന്റെ ഈഗോ എന്ന് മെറ്റഫറിക്കലായി ഇസുത്സു വിശേഷിപ്പിക്കുന്നത്. അധികാര മനോഭാവം, അഹങ്കാരം, അസൂയ, സ്വന്തത്തെക്കുറിച്ച ആത്മവിശ്വാസം എന്നിങ്ങനെ വിവിധ ഭാവങ്ങളില്‍ ദൈവത്തിനും മനുഷ്യനുമിടയില്‍ നിലനില്‍ക്കുന്ന മറയാണത്. ഈ മറ Abolish ചെയ്യുമ്പോള്‍ മാത്രമാണ് അല്ലാഹുവുമായുള്ള മനുഷ്യന്റെ സമാഗമം സാധ്യമാവുക. സ്വന്തത്തെ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞു എന്ന ഹദീസ് വചനത്തെ മുന്‍നിര്‍ത്തി ഇബ്‌നു അറബി unveiling എന്നാണ് ഈ പ്രോസസിനെ വിളിക്കുന്നത്. ജാംബെറ്റ് പറയുന്നത് ലോകത്ത് നിലനില്‍ക്കുന്ന മുഴുവന്‍ അധികാര ഘടനകളെയും abolish ചെയ്യാന്‍ ശേഷിയുള്ള മിസ്റ്റിക്കല്‍ അനുഭവമാണ് unveiling എന്നാണ്. ഫ്രാന്‍സില്‍ ഈയടുത്ത് അനാര്‍ക്കിസ്റ്റുകള്‍ ഇസ്‌ലാം ആശ്ലേഷിച്ച സംഭവം ഇതിനോട് ചേര്‍ത്ത് വായിക്കുക. ( അത് ശ്രദ്ധയില്‍ പെടുത്തിയ പ്രിയ സുഹൃത്ത് സാദിഖിനോട് കടപ്പാട്)

IzutsuToshihiko
ഇസുത്സു

അപരിമേയമായ ക്രിയേറ്റീവ് ഫോര്‍സായാണ് ഡിവൈന്‍ ആക്ടിനെ ജാംബെറ്റ് മനസ്സിലാക്കുന്നത്. അഥവാ, സ്പിനോസയൊക്കെ സൂചിപ്പിച്ച പോലെ ദൈവത്തിന്റെ ക്രിയേറ്റീവ് ഫോര്‍സ് എന്നത് ഏകകവും സവിശേഷവുമാണ്. അതിനാല്‍ തന്നെ ജാംബെറ്റിനെ സംബന്ധിച്ചിടത്തോളം being എന്നത് വാള്‍ട്ടിമോ ഒക്കെ പറഞ്ഞത് പോലെ (Of reality: The purpose of philosophy) മെറ്റീരിയലായ നമ്മുടെ ഇമേജിനേഷനുകളെയെല്ലാം തകിടം മറിക്കുന്ന ഒരു process phenomenon ആണ്. അല്ലാഹുവിന്റെ ക്രിയേഷന്‍ തന്നെ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രോസസ്സ് ആണല്ലോ. അപ്പോള്‍ ഡിവൈന്‍ ആക്ട് സ്വയം തന്നെ fixation നെയും repetition നെയും മറികടക്കുന്നുണ്ട്. അതിനാല്‍ being എന്നത് നിലക്കാത്ത ഒരു ആക്ട് ആണ്. മെറ്റമോര്‍ഫോസിസ് എന്നാണ് ജാംബറ്റ് being നെ വിളിക്കുന്നത്.

റീസണെയും റെവലേഷനെയും dual ആയി മനസ്സിലാക്കുന്ന ഫിലോസഫിക്കല്‍ അപ്രോച്ചിനെയും ജാംബെറ്റ് ചോദ്യം ചെയ്യുന്നുണ്ട്. മനുഷ്യനകത്ത് നിലനില്‍ക്കേണ്ട prophetic essence എന്നത് ഈ duality യെ മറികടക്കുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണമാകുന്നത്. കാരണം മെറ്റീരിയാലിറ്റിയും സ്പിരിച്ച്വാലിറ്റിയും തമ്മിലുള്ള വിഭജനം ഇസ്‌ലാമിന്റെ ഫിലോസഫിക്കല്‍ ട്രഡീഷന് അന്യമാണ്. മാത്രമല്ല, മെറ്റീരിയലായ ഭാവനകളില്‍ നിലനില്‍ക്കുന്ന വെര്‍ട്ടിക്കലായ അധികാര ബന്ധങ്ങളെ പലപ്പോഴും ഡിസ്‌റപ്റ്റ് ചെയ്യുന്നത് സ്പിരിച്ച്വാലിറ്റിയാണ്. അത് കൊണ്ടാണ് ഫൂക്കോ ഇറാന്‍ വിപ്ലവത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ പൊളിറ്റിക്കല്‍ സ്പിരിച്ച്വാലിറ്റിയെക്കുറിച്ച് സംസാരിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണക്കാലത്ത് മലബാറില്‍ നിലനിന്നിരുന്ന Hal yerikum എന്ന ഒരു റാഡിക്കല്‍ മൂവ്‌മെന്റിനെക്കുറിച്ച് പ്രിയ സുഹൃത്ത് വാജിദ് ഒരിക്കല്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നു. Transcendence\immanence എന്ന വിഭജനത്തെ അപ്രസക്തമാക്കുന്ന സാമൂഹ്യ കലഹങ്ങളായിരുന്നു അവര്‍ നടത്തിയത്. ജാംബെറ്റ് തന്നെ വിശദീകരിക്കുന്ന അലമൂത്ത് സമുദായത്തിന്റെ പ്രത്യേകതയും അതായിരുന്നു. നമ്മുടെ നാട്ടിലെ ദമ്മാജ് സലഫികളും ഈ റീസണ്‍\ റെവെലേഷന്‍ duality യെ മറികടക്കുന്ന മിസ്റ്റിക്കലായ റാഡിക്കല്‍ സോഷ്യാലിറ്റിയെയാണ് വിഭാവനം ചെയ്യുന്നത്.

deleuze-photo-hecc81lecc80ne-bamber
ദെല്യൂസ്

ഇനി നമുക്ക് ശീഈ ഈസോട്ടറിക്ക് ഫിലോസഫിയിലെ നിര്‍ണ്ണായക സാന്നിധ്യങ്ങളായ മുല്ലാ സദ്‌റയെയും സുഹ്‌റവര്‍ദിയെയും ജാംബറ്റിലൂടെ വായിക്കാന്‍ ശ്രമിച്ച് കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. സുഹ്‌റവര്‍ദിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ നൂറിന്റെയും ഇമാജിനേഷന്റെയും അടിസ്ഥാനത്തിലാണ് അബ്‌സല്യൂട്ട് ക്രിയേറ്റിവിറ്റി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്റെ ഈഗോയിലൂടെ (അധികാര മനോഭാവം, ആത്മപ്രശംസ, അഹങ്കാരം, ലോകമാന്യത തുടങ്ങിയവ ഉദാഹരണം) അവന്‍ തടയാന്‍ ശ്രമിക്കുന്നത് ഈ അബ്‌സല്യൂട്ട് ക്രിയേറ്റിവിറ്റിയുടെ അനന്തമായ ആവിഷ്‌കാരങ്ങളെയാണ്. സുഹ്‌റവര്‍ദി പറയുന്നത് അല്ലാഹുവിന്റെ നൂര്‍ മറഞ്ഞാണ് കിടക്കുന്നത് എന്നാണ്. ഈ നൂറില്‍ നിന്നാണ് പ്രതിഫലനങ്ങളോ ഇമേജുകളോ ഉല്‍ഭവിക്കുന്നത്. അല്ലാഹുവിന്റെ നൂറാണ് അവക്ക് existence നല്‍കുന്നത്. ഈ നൂറിനെ അല്ലാഹു വിലക്കുകയാണെങ്കില്‍ അവക്കൊന്നും തന്നെ സ്വന്തമായ നിലനില്‍പ്പില്ല. മനുഷ്യന്റെ ജീവിതം തുടങ്ങുന്നത് തന്നെ ഈ നൂറില്‍ നിന്നാണ്. occidental exile എന്നാണ് മനുഷ്യ ജീവിതത്തെ ജാംബെറ്റ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ exile ആയിരിക്കുമ്പോഴും തങ്ങളുടെ ജീവിതത്തിന്റെ ഉത്ഭവത്തിലേക്ക് തന്നെ മടങ്ങാനുള്ള അഭിവാജ്ഞ മനുഷ്യനുണ്ട്. എന്നാല്‍ അല്ലാഹുവിലേക്ക് മടങ്ങാനുള്ള innate ആയ അഭിവാജ്ഞ മനുഷ്യന്‍ മറക്കുന്നത് തന്റെ existence ന്റെ ഉത്ഭവത്തെ മറക്കുമ്പോഴാണ്. അങ്ങനെയാണ് മിസ്റ്റിക്കല്‍\മെറ്റീരിയല്‍ എന്ന വിഭജനം മനുഷ്യനില്‍ ഉടലെടുക്കുന്നത്. അല്ലാഹുവിന്റെ sovereignty യെയും വെല്ലുവിളിക്കുന്ന ഒരു sovereign subject ആയി മനുഷ്യന്‍ മാറുന്നത് അങ്ങനെയാണ്. അതേസമയം exile ആയ ജീവിതത്തില്‍ നിന്നും മാറി അല്ലാഹുവിന്റെ നൂറിനെ പ്രകാശിപ്പിക്കുന്ന കണ്ണാടിയാകാന്‍ കഴിയുന്ന സബ്ജകറ്റുകളെക്കുറിച്ചും സുഹ്‌റവര്‍ദി പറയുന്നുണ്ട്. അധികാരത്തെ തന്റെ സെല്‍ഫില്‍ നിന്നും പരിപൂര്‍ണ്ണമായി നീക്കം ചെയ്യാനും തനിക്ക് ചുറ്റുമുള്ള അധികാരഘടനകളെ വെല്ലുവിളിക്കാനും കഴിയുന്ന സബ്ജക്ടുകളാണവ.

മുല്ലാ സദ്‌റയെ സംബന്ധിച്ചിടത്തോളം എല്ലാ being നെയും നിലനിര്‍ത്തുന്നത് ഡിവൈന്‍ ആക്ടാണ്. അഥവാ being എന്നത് fixitive ആയ ഒരു entity അല്ല. മറിച്ച്, സ്പിനോസയും ദെല്യൂസുമൊക്കെ സൂചിപ്പിച്ചത് പോലെ നിര്‍വ്വചനങ്ങള്‍ സാധ്യമല്ലാത്ത വിധം Ambigous ആയ ഒരു ബിക്കമിങ് പ്രോസസ്സാണ്. തോഷിക്കോ ഇസുത്സു അതിനെക്കുറിച്ച് തന്റെ The concept of reality and existence എന്ന പുസ്തകത്തില്‍ വിശദമായി എഴുതുന്നുണ്ട്. മുല്ല സദ്‌റ being ന്റെ ഇമ്മനന്റായ സാധ്യതകളെയാണ് അന്വേഷിക്കുന്നത്. അലമൂത്ത് സമുദായത്തെക്കുറിച്ച തന്റെ പഠനത്തില്‍ ജാംബെറ്റും അത്തരം സാധ്യതകളെ വികസിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അഥവാ, ചരിത്രപരമായ സമയത്തെയും കാലത്തെയുമെല്ലാം മറികടക്കുന്ന മെസിയാനിക്ക് ആയ പ്രതിഭാസമായാണ് being നെ ജാംബെറ്റ് അടയാളപ്പെടുത്തുന്നത്. Act of being എന്നാണ് ഈ മെസിയാനിക്ക് പ്രതിഭാസത്തെ ജാംബറ്റ് വിളിക്കുന്നത്. പുതിയൊരു ലോകത്തിന്റെ ക്രിയേഷന് വേണ്ടിയുള്ള മിസ്റ്റിക്കലായ ആക്ടാണത്. നിയമത്തിന്റെയും അധികാരത്തിന്റെയുമെല്ലാം മെറ്റീരിയാലിറ്റിയില്‍ നിന്ന് കുതറി മാറി schizophrenic ആകാനുള്ള ( ദെല്യൂസിനോട് കടപ്പാട്) റാഡിക്കല്‍ പൊട്ടന്‍ഷ്യലുള്ള സെല്‍ഫിന്റെ ക്രിയേഷനാണ് അവിടെ നടക്കുന്നത്. പുതിയൊരു ഭാഷയും സാമൂഹ്യഭാവനയുമാണ് അത് നമുക്ക് സമ്മാനിക്കുന്നത്.

 

ജാംബെറ്റിനെ ശ്രദ്ധയില്‍ പെടുത്തിയ പ്രിയ സുഹൃത്ത് വാജിദിനോട് നന്ദി രേഖപ്പെടുത്തുന്നു.

Reference:

christian Jambet, Act of being: The philosophy of Revelation in Mulla Sadra

Henry Corbin, Alone with Alone: Creative Imagination in Ibn Arabi

Christain Jambet, A counter phinomenology of spirit

Annmerie Shcimmel, Mystical Diamension of Islam

Thoshiko Izutsu, The concept and Reality of Existence

Delueze and guttari, Anti-oedipus

Shaikh Qusheiri, Priniciples of Sufism

Valtimo, Of Realtiy: The purpose of philosophy

സിബ്ഗത്തുള്ള സാഖിബ്‌