Campus Alive

മതേതര ഹിംസയും മുസ്‌ലിം രാഷ്ട്രീയത്തിന്റെ പുതിയ ആകാശങ്ങളും

സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം മതേതരത്വത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയുള്ള മുറവിളികള്‍ മുമ്പത്തേക്കാളും ശക്തമായിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി ശക്തിയാര്‍ജിച്ചു വരുന്ന ആഗോള മതരാഷ്ട്രീയത്തിന് നേരെയാണ് ഈ മുറവിളികള്‍ വിരല്‍ ചൂണ്ടുന്നത്.  മതമൗലികവാദത്തെയും മിലിറ്റന്‍സിയെയും പ്രോല്‍സാഹിപ്പിക്കുന്നതായി സംശയിക്കപ്പെടുന്ന വ്യവഹാരങ്ങളും പ്രാക്ടീസുകളുമാണ് അവ ഉന്നമിടുന്നത്. അതേസമയം മതേതരത്വത്തിന്റെ സ്ഥാപനവല്‍ക്കരണത്തിലാണ് മുസ്‌ലിം ലോകത്ത് ജനാധിപത്യത്തിന്റെ ഭാവി നിലനില്‍ക്കുന്നത് എന്ന് ഇടത്-ലിബറലുകള്‍ വാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിനെ ആഭ്യന്തരമായ പരിഷ്‌കരണത്തിന് വിധേയമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും അതേറ്റ് പിടിക്കുന്നുണ്ട്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള സെക്കുലര്‍ പൊതുസമ്മതത്തെയും അതിന്റെ പ്രയോഗവല്‍ക്കരണത്തെയുമാണ് ഞാന്‍ ഈ പഠനത്തില്‍ അന്വേഷിക്കുന്നത്. ചരിത്രപരമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു കാറ്റഗറിയായതിനാല്‍ തന്നെ മതേതരത്വത്തിന് ഒരു നിശ്ചിതമായ നിര്‍വ്വചനം നല്‍കാനോ അമേരിക്കയിലും മുസ്‌ലിം ലോകത്തും അതിന് സംഭവിച്ചിട്ടുള്ള രാഷ്ട്രീയ പരിണാമത്തെ അഭിസംബോധന ചെയ്യാനോ ഞാനിവിടെ തുനിയുന്നില്ല. എന്റെ ലക്ഷ്യം വളരെ ലളിതമാണ്: ഇസ്‌ലാമിനെക്കുറിച്ച സമകാലിക അമേരിക്കന്‍ വ്യവഹാരങ്ങളില്‍ അന്തര്‍ലീനമായ മതേതരത്വത്തിന്റെ പ്രത്യേക തരം വ്യാഖ്യാനത്തെയാണ് ഞാനിവിടെ പരിശോധിക്കുന്നത്. മുസ്‌ലിം ലോകത്തെക്കുറിച്ച അമേരിക്കന്‍ സുരക്ഷാ-വിദേശ നയത്തിന്റെ ആശങ്കകള്‍ ഈ വ്യാഖ്യാനനിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്.

മതേതരത്വത്തിന്റെ ആധുനിക പ്രതിഭാസത്തെക്കുറിച്ച് ധാരാളം ഉല്‍ഭവ കഥകളുണ്ട്. മതസഹിഷ്ണുതയെക്കുറിച്ച സെക്കുലര്‍ വ്യവഹാരമാണ് അവയിലൊന്ന്. അഥവാ, മതത്തിന്റെ പേരില്‍ നടന്ന യൂറോപ്യന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പരിഹാരം എന്ന നിലക്കാണ് ആധുനിക മതേതരത്വത്തിന്റെ ഉല്‍ഭവം. സംഘര്‍ഷത്തിലായിരുന്ന വ്യത്യസ്ത ക്രൈസ്തവ മതവിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ചാലകശക്തിയായാണ് സെക്കുലരിസം പ്രവര്‍ത്തിച്ചത്. എന്നാല്‍ അപ്പോഴും ദേശരാഷ്ട്രത്തിന്റെ കൈകളിലേക്കായിരുന്നു അധികാരം കേന്ദ്രീകരിക്കപ്പെട്ടത്. രാഷ്ട്രീയം, സാമ്പത്തികം, മതം, കുടുംബം എന്നിങ്ങനെ വ്യത്യസ്ത സ്ഥാപനങ്ങളിലായി സമൂഹം വേര്‍തിരിക്കപ്പെടുകയും അവയെല്ലാം നിയന്ത്രിക്കുന്ന അധികാരസ്ഥാപനമായി സ്റ്റേറ്റ് മാറുകയും ചെയ്തു. സ്റ്റേറ്റ്-ചര്‍ച്ച്, രാഷ്ട്രീയം-മതം എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ സാധ്യമാക്കാന്‍ മതേതരത്വത്തിന് കഴിഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക മതത്തോട് ആഭിമുഖ്യം പുലര്‍ത്താന്‍ സ്റ്റേറ്റിന് കഴിയാത്തതിനാല്‍ മതസഹിഷ്ണുതയും മതസ്വാതന്ത്ര്യവും പുലരുന്ന സാമൂഹ്യാന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കാന്‍ സ്റ്റേറ്റിന് കഴിയും എന്നതായിരുന്നു സെക്കുലരിസത്തിന്റെ പ്രധാനവാദം. സമ്പൂര്‍ണ്ണമായ ഒരു മത-രാഷ്ട്ര വിഭജനമായിരുന്നു സെക്കുലരിസം സാധ്യമാക്കിയത്.

 

വ്യക്തിപരവും സാമൂഹ്യവുമായ സ്വാതന്ത്ര്യങ്ങളെ ക്രമപ്പെടുത്തുകയാണ് ലിബറലിസം ചെയ്യുന്നതെങ്കില്‍ വിവേചന സ്വാതന്ത്ര്യത്തെക്കുറിച്ച തത്വമാണ് സെക്കുലരിസത്തെ ലിബറല്‍ രാഷ്ട്രീയ തത്വചിന്തയുടെ കേന്ദ്രബിന്ദുവാക്കുന്നത്. എല്ലാ ദേശരാഷ്ട്രങ്ങളും മത-രാഷ്ട്ര വിഭജനത്തെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ അവ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.( ഉദാഹരണത്തിന് ചൈന, ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍). ലിബറല്‍ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന തത്വമാണ് ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങളിലെല്ലാം മതസ്വാതന്ത്ര്യത്തിന് ഏകാത്മകമായ മാതൃകയാണുള്ളത് എന്നല്ല. മറിച്ച്, എങ്ങനെയാണ് മതവും രാഷ്ടീയവും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് ലിബറല്‍ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന പൊതു സംവാദങ്ങളെത്തന്നെ തകിടം മറിക്കും വിധം ലിബറല്‍ ദേശരാഷ്ട്രങ്ങള്‍ മതവിഷയങ്ങളില്‍ ഇടപെടുന്നുണ്ട് എന്നാണ് ഞാന്‍ വാദിക്കുന്നത്. അഥവാ, ലിബറല്‍ രാഷ്ട്രീയാധികാരത്തിന്റെ അടിത്തറയായ മത-രാഷ്ട്രീയ വിഭജനം എന്ന വ്യവഹാരം നിശ്ചിതമായ നിര്‍വ്വചനങ്ങള്‍ സാധ്യമല്ലാത്ത വിധം സങ്കീര്‍ണ്ണമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അതേസമയം മതസംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമായാണ് അമേരിക്കന്‍ ലിബറലുകളും പുരോഗമനകാരികളും സെക്കുലരിസത്തെ അവതരിപ്പിക്കുന്നത്.

എന്നാല്‍ ലിബറല്‍-സെക്കുലര്‍ ഭരണസംവിധാനങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളെ തന്നെ തുറന്ന് കാട്ടുന്ന പഠനങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. മതവും ആധുനിക ഭരണസംവിധാനങ്ങളും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനെ വിശദീകരിക്കാന്‍ മത-രാഷ്ട്ര വിഭജന വ്യവഹാരങ്ങള്‍ക്ക് കഴിയില്ല. പടിഞ്ഞാറിതര സമൂഹങ്ങളില്‍ മാത്രമല്ല മതവും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നത്. സെക്കുലര്‍ എന്ന് പറയപ്പെടുന്ന അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും അത് നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെയെല്ലാം രാഷ്ട്രീയ സംസ്‌കാരം നിര്‍ണ്ണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും മതപ്രസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സെക്കുലര്‍ വ്യവഹാരങ്ങള്‍ പറഞ്ഞ് തന്ന വളരെ ലളിതമായ ബന്ധമല്ല മതവും രാഷ്ട്രീയവും തമ്മില്‍ നിലനില്‍ക്കുന്നത്. അമേരിക്കയില്‍ കീഴ്‌ക്കോടതികളും മേല്‍ക്കോടതികളും മതത്തിന്റെ പൊതുസാന്നിധ്യത്തെ തടയുന്നുണ്ട്. മതം എന്താണ് പൊതുരംഗത്ത് പറയേണ്ടത്‌\പറയരുതാത്തത് എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അമേരിക്കയില്‍ കോടതികള്‍ക്കാണുള്ളത്. ഫ്രാന്‍സിലെ മുഖമക്കനാ നിരോധനവും സെക്കുലര്‍ സ്‌റ്റേറ്റ് മതകാര്യങ്ങളില്‍ ഇടപെട്ടതിന്റെ ഫലമാണ്. മുഖമക്കന പോലെയുള്ള കാര്യങ്ങള്‍ ലിബറലിസത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ സ്വകാര്യമായ തെരെഞ്ഞെടുപ്പാണ്. അപ്പോള്‍ പിന്നെ എന്തിനാണ് സ്റ്റേറ്റ് ഇടപെടുന്നത്.?

മതപ്രവര്‍ത്തനങ്ങളുടെ മേലുള്ള സ്റ്റേറ്റിന്റെ നിയന്ത്രണത്തെ ലിബറലുകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക മതത്തോട് സ്‌റ്റേറ്റ് അനുഭാവം പുലര്‍ത്തുമെന്ന ആശങ്ക അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. വലത്പക്ഷ ക്രിസ്ത്യന്‍ അജണ്ടയെ സജീവമായി പിന്തുണച്ച ബുഷ് ഭരണകൂടത്തോടുള്ള ലിബറല്‍ വിമര്‍ശനത്തില്‍ ഈ ആശങ്ക വളരെ പ്രകടമാണ്. മതപരമായ വിഷയങ്ങളില്‍ നിക്ഷ്പക്ഷത പാലിക്കേണ്ട സ്റ്റേറ്റ് വലത്പക്ഷ ക്രൈസ്തവതയെ പിന്തുണക്കുന്നു എന്നതായിരുന്നു വിമര്‍ശനം. ഫ്രാന്‍സിലെ ഭരണകൂടം പൊതുവിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചപ്പോഴും ലിബറലുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും നല്‍കേണ്ട സ്റ്റേറ്റ് മതവിഷങ്ങളില്‍ നിക്ഷ്പക്ഷത പുലര്‍ത്തുന്നില്ല എന്നതായിരുന്നു മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളെയും വിശകലനം ചെയ്ത്‌കൊണ്ട് ലിബറലുകള്‍ വാദിച്ചത്. മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രം കണ്ട് വന്നിരുന്ന ഈ പ്രശ്‌നം പടിഞ്ഞാറന്‍ ലിബറല്‍-ജനാധിപത്യ രാഷ്ട്രങ്ങളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നവര്‍ വേവലാതിപ്പെട്ടു. അത് പരിഹരിക്കാനാവശ്യമായ ഒരുപാട് നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ട് വെച്ചു. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പ് വരുത്തുന്നതിലൂടെ സെക്കുലര്‍ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന വാദമാണ് ചിലര്‍ മുന്നോട്ട് വെച്ചത്. മതപരമായ വിഷയങ്ങളില്‍ നിന്ന് സ്റ്റേറ്റ് പരിപൂര്‍ണ്ണമായി പിന്‍വാങ്ങുക എന്നാണ് മറ്റ് ചിലര്‍ നിര്‍ദേശിച്ചത്. മറ്റ് ചിലരാകട്ടെ, മതസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പോലും സ്‌റ്റേറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയുണ്ടായി.

സെക്കുലരിസം എന്ന രാഷ്ട്രീയ സംവര്‍ഗ്ഗത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് ലിബറലുകള്‍ സ്റ്റേറ്റ്‌\മത വിഭജന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ആശങ്കകള്‍ പങ്ക് വെക്കുന്നത്. മതത്തെ പൊതുമണ്ഡലത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യുക എന്ന സെക്കുലരിസത്തിന്റെ അടിസ്ഥാന തത്വത്തെ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അതേ സമയം തന്നെ മതസംഘര്‍ഷങ്ങളെ പരിഹരിക്കാന്‍ സെക്കുലരിസം അത്യാവശ്യമാണ് എന്ന വാദങ്ങളെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ചോദ്യം ചെയ്യാന്‍ അവര്‍ തയ്യാറാകുന്നുമില്ല. അതേസമയം പൊതുമണ്ഡലത്തില്‍ നിന്നും മതത്തെ തടഞ്ഞ് നിര്‍ത്തുന്നതിന് പകരം മതത്തെക്കുറിച്ച വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുകയാണ് സെക്കുലരിസം ചെയ്യുന്നതെന്ന് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാണ്. സ്റ്റേറ്റ് നേരിട്ട് തന്നെ നടത്തുന്ന മത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് സാധ്യമാകുന്നത്. ഇവിടെ ദേശരാഷ്ട്രങ്ങള്‍ സ്വയം തന്നെ ദൈവശാസ്ത്രപണ്ഡിതരായി മാറുകയാണ് ചെയ്യുന്നത്. മതവിശ്വാസങ്ങളെയും മതപ്രവര്‍ത്തനങ്ങളെയും പൗരനിയമത്തിന് കീഴില്‍ കൊണ്ട് വരികയാണ് ദേശരാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഫ്രഞ്ച് സെക്കുലരിസത്തെ വിശകലനം ചെയ്ത് കൊണ്ട് തലാല്‍ അസദ് പറയുന്നത് മതജീവിതങ്ങളെ നിയന്ത്രിച്ച് കൊണ്ടുള്ള സെക്കുലര്‍-ലിബറല്‍ സ്റ്റേറ്റിന്റെ ഇടപെടലുകളെ സെക്കുലര്‍ മൂല്യങ്ങളുടെ നിരാകരണമായി കാണാന്‍ കഴിയില്ല എന്നാണ്. മറിച്ച്, സെക്കുലര്‍ വ്യവഹാരങ്ങള്‍ക്കകത്ത് തന്നെ അന്തര്‍ലീനമായ പ്രശ്‌നമാണത്. പരമാധികാരത്തിന്റെ ( sovereign power) ആവിഷ്‌കാരമാണതെന്നാണ് അസദ് പറയുന്നത്. രാഷ്ട്രീയാധികാരത്തിനും മതജീവിതത്തിനും തുല്യസ്വാതന്ത്ര്യം മതേതരത്വം നല്‍കുന്നുണ്ടെങ്കിലും സ്റ്റേറ്റാണ് മതപ്രവര്‍ത്തനങ്ങളെയും വിശ്വാസസംഹിതകളെയും നിര്‍വ്വചിക്കുന്നതെന്നാണ് അസദിന്റെ വാദം. യു.എസ് കോണ്‍ഗ്രസ്സ് രൂപം നല്‍കിയ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം ആക്ടി( IRFA) ന്റെ പേരില്‍ പുറത്തിറങ്ങിയ ഒരു പ്രസ്താവന വായിച്ചാല്‍ എങ്ങനെയാണ് ദേശരാഷ്ട്രങ്ങള്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സെക്കുലര്‍ തത്വങ്ങളെ സ്വാംശീകരിക്കുന്നത് എന്ന് മനസ്സിലാകും. 1998 ല്‍ ക്ലിന്റന്‍ പ്രസിഡന്റായിരുന്ന കാലത്താണ് IRFA പ്രാബല്യത്തില്‍ വരുന്നത്. മതസ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ യു. എസ് ഭരണകൂടത്തിന് മതജീവിതങ്ങളെ നിയന്തിക്കാനുള്ള അവകാശമാണ് IRFA നല്‍കിയത്. അസദിന്റെ വാദപ്രകാരം സെക്കുലര്‍ മൂല്യങ്ങളോടുള്ള നിരാകരണമായല്ല, മറിച്ച് സെക്കുലരിസത്തിന്റെ തന്നെ വികാസമായാണ് അതിനെ കാണേണ്ടത്.

 

അത്‌പോലെ സെക്കുലരിസത്തിന് എല്ലാ മതപാരമ്പര്യങ്ങളോടും നിക്ഷ്പക്ഷ സമീപനമാണെന്ന വാദവും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. ഏത് ദേശസംസ്‌കാരവും ഭൂരിപക്ഷ മതമൂല്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുക എന്ന ലളിതമായ വാദമല്ല ഞാനുന്നയിക്കുന്നത്. എന്റെ അഭിപ്രായമിതാണ്: സെക്കുലരിസം വാഗ്ദാനം ചെയ്ത രാഷ്ട്രീയ പരിഹാരം മത-രാഷ്ട്രീയ വിഭജനമോ മതസ്വാതന്ത്ര്യമോ അല്ല. മറിച്ച് സെക്കുലരിസമാണ് മതവ്യവഹാരങ്ങളെ നിര്‍വ്വചിക്കുന്നതും നിര്‍ണ്ണയിക്കുന്നതും. ദേശരാഷ്ട്രത്തിലൂടെ മാത്രമല്ല ഈ മതേതരവല്‍ക്കരണ പ്രക്രിയ നടപ്പിലാക്കപ്പെടുന്നത്. ചില സാമൂഹ്യഗ്രൂപ്പുകളും വ്യക്തികളും അതേറ്റെടുക്കാറുണ്ട്. വ്യത്യാസങ്ങളെയും ബഹുസ്വരതയെയും ആഘോഷിക്കുകയല്ല സെക്കുലരിസം ചെയ്യുന്നത്. മറിച്ച് ചില മത സമൂഹങ്ങളെ ലിബറല്‍ രാഷ്ട്രീയ സംജ്ഞകളാല്‍ നിര്‍വ്വചിക്കുകയാണ് ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ സെക്കുലരിസം അതിനായി വയലന്‍സ് ഉപയോഗിക്കാറുണ്ട്. മതേതരത്വത്തിന്റെ മതസഹിഷ്ണുതയെക്കുറിച്ച് ആവേശം കൊള്ളുന്നവര്‍ മേല്‍പ്പറഞ്ഞ വസ്തുതകളെ വിശകലനം ചെയ്യേണ്ടതുണ്ട്.

സെക്കുലരിസവും ദേശരാഷ്ട്രവും ചേര്‍ന്ന് നടപ്പിലാക്കുന്ന മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഞാനിനി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്ന യു.എസ് ഭരണകൂടം അതിനായി സെക്കുലര്‍ വ്യവഹാരങ്ങളെ ഉപയോഗിക്കുന്നത് എങ്ങെനെയാണ് എന്നാണ് ഞാന്‍ പരിശോധിക്കുന്നത്. അഥവാ, യു.എസ് ഭരണകൂടത്തിന്റെ അധീശരാഷ്ട്രീയത്തില്‍ സെക്കുലരിസത്തിന്റെ സ്ഥാനത്തെക്കുറിച്ച് വിശകലനം ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സലഫി ഇസ്‌ലാമില്‍ നിന്നും മുസ്‌ലിം സമൂഹത്തെ രക്ഷിക്കാനുള്ള വ്യാപകമായ പ്രചാരണമാണ് യു.എസ് നടത്തുന്നത്.

മുസ്‌ലിം സമൂഹത്തെ അച്ചടക്കം പഠിപ്പിക്കാനുള്ള യു.എസ് മിലിട്ടറി ക്യാംപെയ്‌ന്റെ വേറൊരു രൂപമാണത്. യു.എസ് താല്‍പര്യങ്ങളെയും പാശ്ചാത്യ മൂല്യങ്ങളെയും വെല്ല്‌വിളിക്കുന്ന മതവിശ്വാസവും ജീവിതരീതിയും വെച്ച്പുലര്‍ത്തുന്ന മുസ്‌ലിംകള്‍ സമൂലമായ ഒരു പരിഷ്‌കരണത്തിന് വിധേയമാകേണ്ടതുണ്ട് എന്നതായിരുന്നു യു.എസ് ഭരണകൂടത്തിന്റെ ന്യായം.

പാശ്ചാത്യ കാഴ്ചപ്പാടിലുള്ള സംസ്‌കാരത്തെയും രാഷ്ട്രീയ ക്രമത്തെയും സാമൂഹ്യ ഭാവനയെയും മുറുകെപ്പിടിക്കുന്നവര്‍ എന്ന വിശേഷണം ലഭിച്ചിട്ടുള്ള ലിബറല്‍ മുസ്‌ലിംകളില്‍ അമേരിക്ക തങ്ങള്‍ക്ക് പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഈ മുസ്‌ലിം ലിബറലുകളും ബുദ്ധിജീവികളും യു.എസ് വിദേശനയത്തെ അംഗീകരിക്കുന്നവരല്ല. മാത്രമല്ല, ഇറാഖ്-അഫ്ഗാന്‍ അധിനിവേശങ്ങളെ അവരില്‍ പലരും എതിര്‍ത്തിട്ടുമുണ്ട്. എന്നാല്‍ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു.എസ് ഭരണകൂടത്തിന്റെ സഹകാരികളായി മുസ്‌ലിം ലിബറലുകള്‍ മാറുന്നത്. ഏത് മതസമൂഹങ്ങളുടെയും അതിജീവനം അവയുടെ വ്യാഖ്യാനപരതയിലാണ് നിലകൊള്ളുന്നത് എന്നതിനാല്‍ തന്നെയാണ് മുസ്‌ലിംകളുടെ മതേതരവല്‍ക്കരണപ്രക്രിയയുടെ മുന്നോടിയായി വ്യാഖ്യാന പ്രവര്‍ത്തനങ്ങളെ ( interpretive acts) യു.എസ് ഭരണകൂടം പ്രധാനമായി കാണുന്നത്. അതിനാല്‍ തന്നെ പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണത്തെ മാതൃകയാക്കി ഇസ്‌ലാമിനെ പുനര്‍വായിക്കാന്‍ ശ്രമിക്കുന്ന സെക്കുലര്‍-ലിബറല്‍ മുസ്‌ലിം പരിഷ്‌കരണ വാദികളെ യു.എസ് കൂട്ട്പിടിക്കുന്നത് സ്വാഭാവികമാണ്. യു.എസ് സാമ്രാജ്യത്വ താല്‍പര്യങ്ങളും സെക്കുലര്‍-ലിബറല്‍ മുസ്‌ലിം അജണ്ടകളും ഇവിടെ പരസ്പരം കൈ കോര്‍ക്കുകയാണ് ചെയ്യുന്നത്.

ഒരു മതത്തോടും പ്രത്യേക ചായ്‌വ് പുലര്‍ത്താത്തത് കൊണ്ടല്ല യു.എസ് ഭരണകൂടം മതേതരമാകുന്നത്. മറിച്ച്, വലത്പക്ഷ ക്രൈസ്തവ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെയാണ്. സെക്കുലരിസം മതത്തെയും മതജീവിതങ്ങളെയും പരിവര്‍ത്തിപ്പിക്കുന്ന രാഷ്ട്രീയ സംവര്‍ഗ്ഗമാണെങ്കില്‍ ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള യു.എസിന്റെ ശ്രമം ഒരു സെക്കുലര്‍ പ്രവര്‍ത്തനം തന്നെയാണ്. മത-രാഷ്ട്രീയ വിഭജനത്തിനപ്പുറം അധിനിവേശം ചെയ്യുന്ന മുസ്‌ലിം രാഷ്ട്രങ്ങളെ സംസ്‌കാരവും അച്ചടക്കവും പഠിപ്പിക്കുക എന്ന ജോലിയാണ് ദേശരാഷ്ട്രത്തെ മുന്‍നിര്‍ത്തി മതേതരത്വം ചെയ്യുന്നത്. മുസ്‌ലിം പരിഷ്‌കരണവാദികളുടെ കാഴ്ചപ്പാടുകളും യു.എസ് മിലിട്ടറി താല്‍പര്യങ്ങളെയും പരസ്പരം കൈ കോര്‍ക്കുന്ന മതേതരത്വം എന്ന ജ്ഞാന പദ്ധതിയുടെ ഘടനയെയാണ് ഇനി ഞാന്‍ പരിശോധിക്കാനാഗ്രഹിക്കുന്നത്. സമകാലിക മുസ്‌ലിം സമൂഹം അനുഭവിക്കുന്ന വെല്ലുവിളികളെ ( പിന്നാക്കാവസ്ഥ, പരമ്പരാഗതത്വം, മതമൗലികവാദം) രണ്ട് വിഭാഗവും മനസ്സിലാക്കുന്നത് ഒരേ രീതിയില്‍ തന്നെയാണ്. മാത്രമല്ല, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങളിലും ധാരാളം സാമ്യതകള്‍ കണ്ടെത്താന്‍ കഴിയും. ദൈവശാസ്ത്രപരമായ നിര്‍ദേശങ്ങളാണ് രണ്ട് കൂട്ടരും പരിഹാരമായി മുന്നോട്ട് വെക്കുന്നത്. ജ്ഞാനോദയം സിദ്ധിച്ച മതവിഷയികള്‍ (Religious Subjects)അങ്ങനെയാണ് പിറവിയടുക്കുക എന്നാണ് ലിബറല്‍ മുസ്‌ലിംകളും അമേരിക്കന്‍ ഗവണ്‍മെന്റും ഒരേ സ്വരത്തില്‍ പറയുന്നത്.

അമേരിക്കയുടെ ഇറാഖ് അധിനിവേശം മുസ്‌ലിം നാടുകളില്‍ അമേരിക്കയുടെ സ്വീകാര്യത നഷ്ടപ്പെടാന്‍ കാരണമായതായി ഭൗമരാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മലേഷ്യ, മൊറോക്കൊ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ സര്‍വ്വെ പ്രകാരം മുമ്പൊന്നും അമേരിക്കയുടെ സ്വീകാര്യത ഇത്രത്തോളം താഴ്ന്നിട്ടില്ല. മാത്രമല്ല, ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ ലോകത്തുടനീളം അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയും പുതിയ രാഷ്ട്രീയാലോചനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടികളെയും മിലിറ്റന്റ് സംഘടനകളെയും ഗവണ്‍മെന്റിതര സേവന സംഘങ്ങളെയുമെല്ലാം ഭീകരവാദത്തിന്റെ പേരില്‍ വേട്ടയാടാന്‍ തുടങ്ങിയതിന് ശേഷവും ഇസ്‌ലാമിക രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. ഈ തിരിച്ചടിയെ നേരിടാന്‍ വൈറ്റ് ഹൗസ് നാഷണല്‍ സെക്ക്യൂരിറ്റി കൗണ്‍സില്‍ (NSC) മുസ്‌ലിം വേള്‍ഡ് ഔട്ട്‌റീച്ച് ( Muslim world outreach) എന്ന ഒരു പദ്ധതിക്ക് രൂപം നല്‍കുകയുണ്ടായി. ‘ഇസ്‌ലാമിനെ ആഭ്യന്തര പരിവര്‍ത്തനത്തിന് വിധേയമാക്കുക’ എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്ഷ്യം. കൂടാതെ യു.എസ് ഭരണകൂടം ആധുനികരെന്നും ജനാധിപത്യ മൂല്യങ്ങളുള്ളവരെന്നും കരുതുന്ന മുസ്‌ലിം ബുദ്ധിജീവികളെയും സംഘടനകളെയും മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.

പ്രോജക്ടിനായി അനുവദിക്കപ്പെട്ട പണം USAID ( United States Agency For International Development) വഴിയാണ് എത്തിക്കപ്പെട്ടത്. ഇസ്‌ലാമിക പ്രഭാഷകരെ പരിശീലിപ്പിക്കുക, ഇസ്‌ലാമിക് സ്‌കൂളുകള്‍ സ്ഥാപിക്കുക, മതമൗലികവാദം പഠിപ്പിക്കുന്ന മദ്രസകളെ വൈജ്ഞാനികമായി വെല്ലുവിളിക്കുക, പൊതുവിദ്യാലയങ്ങളിലെ കരിക്കുലത്തെ പരിഷ്‌കരിക്കുക, മാധ്യമരംഗത്ത് ശ്രദ്ധ പതിപ്പിക്കുക ( റേഡിയോ, സാറ്റലൈറ്റ് ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക, ഇസ്‌ലാമിക പ്രഭാഷണ ഷോകള്‍ സംഘടിപ്പിക്കുക, മുസ്‌ലിം രാജ്യങ്ങളിലെ മീഡിയാ രംഗത്ത് പൊതു മതസംവാദത്തിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുക) തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം ചെലവഴിക്കപ്പെട്ടത്. ഈ പ്രോജക്ടിന് ഒരൊറ്റ ലക്ഷ്യമാണുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ മതമൗലികവാദപരമായ വ്യാഖ്യാനത്തിനെതിരെ ‘പുരോഗമന ഇസ്‌ലാമിനെ’ പ്രോല്‍സാഹിപ്പിക്കുക. സോവിയേറ്റ് യൂനിയനെതിരെ ശീതയുദ്ധത്തിന്റെ കാലത്ത് അമേരിക്ക സ്വീകരിച്ച യുദ്ധതന്ത്രങ്ങളോട് ഇതിന് ഏറെ സാമ്യതയുണ്ട്. ഒരൊറ്റ വ്യത്യാസം മാത്രം: ‘പുരോഗമന’ ഇസ്‌ലാമിന് വേണ്ടിയുള്ള പുതിയ ക്യാപെയ്‌ന് തിയോളജിക്കലായ ഒരജണ്ടയുണ്ട്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു പ്രതിനിധി പറയുന്നത് നോക്കൂ: ശീതയുദ്ധം (Cold War) വളരെ എളുപ്പമായിരുന്നു. അദൈവികമായ പ്രത്യയശാസ്ത്രത്തിനെതിരായ യുദ്ധമായിരുന്നു അത്. എന്നാല്‍ നമ്മുടെ പുതിയ യുദ്ധത്തിന് തിയോളജിക്കലായ അജണ്ടയുണ്ട്.’ ദേശരാഷ്ട്രത്തിന്റെ മതപരമായ വിഷയങ്ങളിലുള്ള നിക്ഷപക്ഷതയെക്കുറിച്ച ലിബറല്‍ ആശങ്കകള്‍ വ്യാപകമാണെങ്കിലും മുസ്‌ലിംകളെ പരിഷ്‌കരിക്കാനുള്ള അമേരിക്കന്‍ പ്രോജ്ക്ടിനെതിരെ അമേരിക്കയിലോ പുറത്തോ ഉള്ള ലിബറലുകള്‍ ആരും ഒന്നും പറഞ്ഞിട്ടില്ല. ഇസ്‌ലാം പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട് എന്നത് ലിബറലുകളും റാഡിക്കലുകളും ഒരുപോലെ പങ്ക് വെക്കുന്ന വാദമാണ് എന്നാണ് ഈ നിശ്ശബ്ദത തെളിയിക്കുന്നത്. ഇനിയത് സൈനിക നീക്കത്തിലൂടെയാണെങ്കില്‍ പോലും അവര്‍ക്ക് യാതൊരു കുഴപ്പവുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്ത് വില കൊടുത്തും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്.

 

സെപ്റ്റംബര്‍ 11 ന് ശേഷം ഇസ്‌ലാമിക് ഫണ്ടമെന്റലിസ്റ്റുകള്‍ ലോകത്തിന്റെ തന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പാരമ്പര്യ ഇസ്‌ലാമാണ് ( Traditionalist Islam) പടിഞ്ഞാറന്‍ മൂല്യങ്ങള്‍ക്കും ജനാധിപത്യ ഭാവനകള്‍ക്കും ഭീഷണി എന്നതാണ് സെക്കുലര്‍-ലിബറല്‍ ബുദ്ധിജീവികളുടെ പുതിയ കണ്ടുപിടിത്തം. ലോക ജനസംഘ്യയുടെ തന്നെ വലിയൊരു ഭാഗം പാരമ്പര്യ ഇസ്‌ലാമിനെ പിന്തുടരുന്നവരാണ് എന്നാണ് അവരുടെ വാദം. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള നാഷണല്‍ സെക്ക്യൂരിറ്റി റിസേര്‍ച്ച് ഡിവിഷന്‍ ഓഫ് ദ റാന്‍ഡ് കോര്‍പ്പറേഷന്‍ ( NSRDRC) എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു: ‘ പാരമ്പര്യവാദികള്‍ വിശ്വസിക്കുന്നത് ഖുര്‍ആനാണ് ദൈവത്തിന്റെ യഥാര്‍ത്ഥ വചനമെന്നാണ്. യാഥാസ്ഥികമായ മൂല്യങ്ങളെയും വിശ്വാസങ്ങളെയും അവര്‍ മുറുകെ പിടിക്കുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മ്മങ്ങള്‍ അവര്‍ കൃത്യമായി അനുഷ്ഠിക്കുന്നു. ഇസ്‌ലാമിക ജീവിത രീതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അവര്‍ ശരീഅ പണ്ഡിതരോട് അഭിപ്രായം ചോദിക്കുന്നു’. ഖുര്‍ആനോടും ഇസ്‌ലാമിലെ നിയമപരമായ വിഷയങ്ങളോടുമുള്ള പരമ്പരാഗത മുസ്‌ലിംകളുടെ ഇടപാടുകളില്‍ വൈവിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: ‘ ചിലര്‍ നിയമത്തിന്റെ അക്ഷരങ്ങളില്‍ കടിച്ച് തൂങ്ങുന്നു. മറ്റു ചിലര്‍ ദൈവിക വചനങ്ങളെ വ്യാഖ്യാനങ്ങള്‍ക്കും പുതിയ വായനകള്‍ക്കും വിധേയമാക്കുന്നു. അതേസമയം മതപണ്ഡിതര്‍ പറയുന്നത് ചോദ്യങ്ങളില്ലാതെ അനുസരിക്കുന്ന പ്രവണത പരമ്പരാഗത മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമാണ്. അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ പിന്നാക്കത്തിന്റെ മുഖ്യകാരണം അതാണ്’. ( Benard, Civil Democratic Islam, 32-34)

അതേസമയം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ പരമ്പരാഗത വാദികള്‍ വയലന്‍സിനെയും ഭീകരതയെയും പ്രോല്‍സാഹിപ്പിക്കാത്തവരാണെന്നും മതസംവാദങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നും അവരുടെ നേതാക്കള്‍ സാമൂഹ്യ വിഷയങ്ങളില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത്‌പോലെ ദേശരാഷ്ട്രത്തിന്റെ പിന്തുണ തേടാറുണ്ടെങ്കിലും പരമ്പരാഗതവാദികള്‍ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി രാഷ്ട്രത്തോട് കലാപത്തിലേര്‍പ്പെടാറില്ല എന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിംകളുടെ ജീവിതരീതികളും അവരുടെ സാമൂഹ്യസ്ഥാനവും പരിഷ്‌കരിക്കുക എന്നതാണ് പാരമ്പര്യവാദികള്‍ ലക്ഷ്യം വെക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാരിറ്റി സംഘടനകളും സ്‌കൂളുകളും പ്രിന്റിംഗ് പ്രസ്സുകളും പള്ളികളും സാമൂഹ്യക്ഷേമ പദ്ധതികളും അമേരിക്കയില്‍ വ്യാപകമായി വളരാന്‍ കാരണം പാരമ്പര്യവാദികളാണ് എന്ന് പോലും റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പറയാതെ പോയ ഒരു കാര്യമുണ്ട്. 1970 മുതല്‍ നിയോ-ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദ്ദത്താല്‍ സാമൂഹ്യസേവനങ്ങളില്‍ നിന്നും പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്രങ്ങള്‍ പിന്‍വാങ്ങിയപ്പോള്‍ മുസ്‌ലിം ലോകത്ത് ഇത്തരം സന്നദ്ധ സംഘടനകളാണ് പുതിയൊരു വഴി തുറക്കുന്നത് എന്ന വസ്തുതയാണത്.

മുസ്‌ലിം പാരമ്പര്യവാദികള്‍ ചെയ്യുന്ന സാമൂഹ്യ നന്‍മകളെ അംഗീകരിക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തെ ത്വരിതപ്പെടുത്താന്‍ അവരുമായൊരു കൂട്ട്മുന്നണി സാധ്യമാക്കാന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നില്ല. രണ്ട് കാര്യങ്ങളാണ് അതിന് കാരണമായി പറയുന്നത്: ഒന്നാമതായി, അമേരിക്ക മുസ്‌ലിം നാടുകളില്‍ നടത്തുന്ന അധിനിവേശത്തെ പാരമ്പര്യവാദികള്‍ ശക്തമായി വിമര്‍ശിക്കുന്നു. രണ്ടാമതായി, പാരമ്പര്യവാദികളുടെ ഖുര്‍ആന്‍ സമീപനം പാശ്ചാത്യ ജ്ഞാനോദയ മൂല്യങ്ങള്‍ക്ക് എതിരാണ്. മുസ്‌ലിം മതമൗലികവാദികളല്ല, മറിച്ച് പാരമ്പര്യവാദികളെയാണ് റിപ്പോര്‍ട്ടില്‍ ഉന്നം വെക്കുന്നത് എന്നതാണ് ഏറെ രസകരം. റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട് പ്രധാന ആരോപണങ്ങള്‍ ഇവയാണ്: 1: ഖുര്‍ആനിന്റെ ദൈവികതയിലുള്ള അവരുടെ വിശ്വാസവും അതിനെ ഒരു ചരിത്ര പുസ്തകമായി സ്വീകരിക്കുന്നതിലുള്ള പരാജയവും; 2: മുഹമ്മദ് അദ്ദേഹം ജീവിച്ച കാലത്തിന്റെ ഉല്‍പ്പന്നമാണെന്നും ആധുനിക കാലത്ത് അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും മനസ്സിലാക്കാനുള്ള അവരുടെ വൈമനസ്യം; 3: ശരീഅ പിന്തുടരുന്നതിലുള്ള കാര്‍ക്കശ്യം.

അമേരിക്കന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള ഒരു ബുദ്ധിജീവി സംഘം ഇത്രത്തോളം സമയവും അധ്വാനവും ചെലവഴിച്ച് മുസ്‌ലിം വ്യാഖ്യാന പാരമ്പര്യത്തെ അവലോകനം ചെയ്യുന്നു എന്നതാണ് ഏറെ രസകരം. അതോടൊപ്പം തന്നെ അത്ഭുതമുളവാക്കുന്ന കാര്യമാണ് മതമൗലികവാദികളെക്കാള്‍ പാരമ്പര്യവദികളെയാണ് റിപ്പോര്‍ട്ട് ഭീഷണിയായി കാണുന്നത് എന്നത്. റിപ്പോര്‍ട്ട് എഴുതിയവരുടെ ഭാവനയിലുള്ള ഒരു ജനാധിപത്യ ലോകത്തിന് വെല്ലുവിളിയാണ് പാരമ്പര്യവാദികളുടെ ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ എന്നതാവാം കാരണം. റിപ്പോര്‍ട്ടിന്റെ ഉപസംഹാരത്തില്‍ പറയുന്നത് നോക്കൂ: ‘ ജ്ഞാനോദയ മൂല്യങ്ങളാണ് ആധുനിക ജനാധിപത്യത്തിന്റെ അടിത്തറ. പാരമ്പര്യവാദം അതിനെ വെല്ലുവിളിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം, സെക്കുലരിസം, തുടങ്ങിയ മൂല്യങ്ങള്‍ക്കെല്ലാം എതിരാണത്’.

എന്നാല്‍ 1970, 80 വര്‍ഷങ്ങളില്‍ സോവിയേറ്റ് റഷ്യക്കെതിരെ പാരമ്പര്യ വാദികളായ അഫ്ഗാന്‍ മുജാഹിദുകളുമായി സഖ്യം സ്ഥാപിക്കാന്‍ അമേരിക്കക്ക് മടിയുണ്ടായിരുന്നില്ല. ആ സമയത്ത് ആരും റിപ്പോര്‍ട്ടുമായി വന്നിരുന്നില്ല. അത്‌പോലെ മിഡിലീസ്റ്റിലുള്ള പാന്‍-അറബ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ചെറുക്കുന്നതിനായി വഹാബി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന സൗദി ഗവണ്‍മെന്റിനെ പിന്തുണക്കാനും അമേരിക്കക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം രാഷ്ട്രീയ നീക്കങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും മുസ്‌ലിം ലോകവുമായി പുതിയൊരു രാഷ്ട്രീയ ഇടപാട് സാധ്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. മുസ്‌ലിം ലോകത്തുടനീളം അലയടിക്കുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തിന് കാരണം പാരമ്പര്യവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ വെല്ലുവിളിയെ നേരിടാന്‍ അധികാര രാഷ്ട്രീയമല്ല, മറിച്ച് സെക്കുലര്‍ തിയോളജിയാണ് യു.എസ് ഭരണകൂടം മുന്നോട്ട് വെക്കുന്നത്. മതത്തെ നിഷ്‌കാസനം ചെയ്യുന്ന ജ്ഞാനപദ്ധതിയായല്ല സെക്കുലരിസം ഇവിടെ പ്രവര്‍ത്തിക്കുന്നത്. മറിച്ച് മതത്തെ ലിബറല്‍ രാഷ്ട്രീയ ക്രമമനുസരിച്ച് പുന: ക്രമീകരിക്കുകയാണ് സെക്കുലരിസം ചെയ്യുന്നത്.

മതേതര വ്യാഖ്യാനശാസ്ത്രം

നാം മുകളില്‍ സൂചിപ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവട്പിടിച്ച് ധാരാളം ന്യൂസ്‌പേപ്പര്‍ ലേഖനങ്ങളും ടെലിവിഷന്‍ പരിപാടികളും പുറത്തിറങ്ങുകയുണ്ടായി. അവയെല്ലാം ഒരേ സ്വരത്തില്‍ മുസ്‌ലിംകളോടാവശ്യപ്പെട്ടത് ഖുര്‍ആനെ ചരിത്രവല്‍വല്‍ക്കരിക്കാനാണ്. അഥവാ, ക്രിസ്റ്റ്യാനികളുടെ ബൈബിള്‍ സമീപനം പോലെ. റിപ്പോര്‍ട്ടില്‍ പറയുന്നത് നോക്കൂ: ‘ പുതിയ കാലത്തിന് യോജിക്കാത്ത ഒരുപാട് മത അധ്യാപനങ്ങള്‍ ബൈബിള്‍ പഴയ നിയമത്തിലും ഖുര്‍ആനിലുമുണ്ട്. എന്നാല്‍ ബൈബിള്‍ നിയമങ്ങളെ അക്ഷരംപ്രതി അനുസരിക്കണമെന്ന് ഇന്നാരും പറയുകയില്ല. മറിച്ച്, ജൂതമതത്തിന്റെയും ക്രൈസ്തവതയുടെയും യഥാര്‍ത്ഥ സന്ദേശം അക്ഷരവായനകളെ അതിജയിക്കുന്നതാണ് നാം കാണുന്നത്. ബൈബിളിനെ നാമൊരു ചരിത്രപുസ്തകമായാണ് കാണുന്നത്’. റിപ്പോര്‍ട്ടിലുടനീളം പാരമ്പര്യവാദികളായ മുസ്‌ലിംകളെ ബുദ്ധിയില്ലാത്തവരും കോമാളികളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതിയ കാലത്ത് പുതിയ സമീപനമാണ് പാരമ്പര്യവാദികള്‍ ഖുര്‍ആനോട് സ്വീകരിക്കേണ്ടത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍, ഒരു മതഗ്രന്ഥം എന്നതിലുപരി ഒരു ചരിത്രപുസ്തകമായും സാംസ്‌കാരിക രേഖയായും മുസ്‌ലിംകള്‍ ഖുര്‍ആനെ സമീപിക്കണം.

ഇനി ഞാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും വിധമുള്ള ഖുര്‍ആന്‍ സമീപനം സ്വീകരിച്ച സമകാലിക മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെ എഴുത്തുകളെ പരിശോധിക്കാം. പുരോഗമനകാരികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ജ്ഞാനോദയ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഇസ്‌ലാമിന്റെ സൃഷ്ടിപ്പിന് അവരുമായി ചേര്‍ന്ന്‌നില്‍ക്കാന്‍ റിപ്പോര്‍ട്ട് അമേരിക്കന്‍ ഗവണ്‍മെന്റിനോട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ ഒരു ഏകാത്മക കാറ്റഗറിയല്ല എന്നതാണ്. മിഡിലീസ്റ്റിലെ അമേരിക്കന്‍ വിദേശനയത്തോട് അവരില്‍ പലര്‍ക്കും വിമര്‍ശനാത്മക സമീപനമാണുള്ളത്. ചിലര്‍ നവമാര്‍ക്‌സിസത്തെ പുണരുമ്പോള്‍ മറ്റ് ചിലര്‍ ഭരണഘടനാപരമായ ജനാധിപത്യത്തെയും നവലിബറല്‍ സാമ്പത്തികശാസ്ത്രത്തെയും പിന്തുണക്കുന്നു. എന്നാല്‍ ഈ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ഖുര്‍ആനെക്കുറിച്ചും ഖുര്‍ആന്‍ എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ചും ഈ ലിബറല്‍ ബുദ്ധിജീവികള്‍ക്ക് സമാനമായ വീക്ഷണമാണുള്ളത്.

 

ലിബറല്‍ മുസ്‌ലിം ചിന്തകരില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് നസ്ര്‍ ഹാമിദ് അബൂ സെയ്ദ്. തന്റെ മതവീക്ഷണത്തിന്റെ പേരില്‍ മതനിന്ദ ആരോപിക്കപ്പെട്ട അദ്ദേഹം കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോഴാണ് പ്രശസ്തനാകുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തപ്പെടുമെന്ന ഭീഷണി നേരിട്ടപ്പോള്‍ അദ്ദേഹം നെതര്‍ലാന്റിലേക്ക് പലായനം ചെയ്തു. ഇപ്പോഴദ്ദേഹം ലെയ്ഡന്‍ യൂണിവേഴ്‌സിറ്റിയിലാണുള്ളത്. മതവ്യവഹാരത്തിനൊരു വിമര്‍ശനം ( Naqd al-khitab al-dini) എന്ന പുസ്തകത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നത് ചരിത്രപരമായ അടിത്തറയുള്ള മതേതരവും ശാസ്ത്രീയവുമായ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം വികസിപ്പിക്കാനാണ്. മതത്തിന്റെ ശാസ്ത്രീയവും യഥാര്‍ത്ഥവുമായ വ്യാഖ്യാനമാണ് മതേതതരത്വം എന്നതിനാല്‍ തന്നെ ഹാമിദ് ആവശ്യപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം മതേതതരമാണ്. തന്റെ വ്യാഖ്യാനപരമായ ചട്ടക്കൂടിനെ ശാസ്ത്രീയവും മതേതരവുമായി കാണുന്ന ഹാമിദ് ഖുര്‍ആനിന്റെ ചരിത്രപരമായ ഉള്ളടക്കത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പരമ്പരാഗത മുസ്‌ലിം പണ്ഡിതരില്‍ നിന്നും സ്വയം അകലം പാലിക്കുന്നുണ്ട്. ഖുര്‍ആനൊരു ദൈവികഗ്രന്ഥമല്ല, മറിച്ച് മനുഷ്യഗ്രന്ഥമാണ് എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്ത ഏറ്റ്പിടിച്ച് കൊണ്ട് അബൂ സെയ്ദ് പറയുന്നത് മുഹമ്മദിന് അവതീര്‍ണ്ണമായതോട് കൂടി ഖുര്‍ആന്‍ ഒരു ചരിത്രപുസ്തകമായി മാറിയെന്നാണ്.

 

അബൂ സെയ്ദ് മാത്രമല്ല ഇത്തരത്തിലുള്ള ഒരു ഖുര്‍ആന്‍ സമീപനം സ്വീകരിച്ചിട്ടുള്ളത്. തന്റെ ലിബറല്‍ പരിഷ്‌കരണ ചിന്തകളാല്‍ പ്രശസ്തനും ഈജിപ്ഷ്യന്‍ എഴുത്തുകാരനുമായ ഹസന്‍ ഹനഫിയും സമാനമായ ചില ചിന്തകള്‍ ഖുര്‍ആനെക്കുറിച്ച് മുന്നോട്ട് വെക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിഭൗതികതയില്‍ നിന്നും ഇറങ്ങി വന്ന് മനുഷ്യന്റെ ചിന്തയോടും ഭാവനയോടും സംവദിക്കുമ്പോഴാണ് ഖുര്‍ആന്‍ നമുക്ക് പ്രാപ്യമാകുന്നത്. മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ഇറങ്ങിയ ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരു പ്രത്യേക ചരിത്രസന്ദര്‍ഭത്തില്‍ ഒരു പ്രത്യേത സമൂഹത്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. അഥവാ, മുഹമ്മദ് എന്ന മനുഷ്യന് അറബി ഭാഷയില്‍ അറേബ്യയില്‍ ഒരു പ്രത്യേക ചരിത്രസന്ദര്‍ഭത്തില്‍ ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍.

ലിബറല്‍ മുസ്‌ലിം വ്യാഖ്യാതാക്കളെ സംബന്ധിച്ചിടത്തോളം ഖുര്‍ആനിനെ അതിന്റെ ദൈവിക ഉള്ളടക്കത്തില്‍ നിന്ന് ‘മോചിപ്പിച്ച്’ ഒരു ചരിത്രപുസ്തകമാക്കുന്നതിലൂടെ ഇതര മതഗ്രന്ഥങ്ങളുമായുള്ള വളരെ ലളിതമായ താരതമ്യം സാധ്യമാകുന്നു. അതോട്കൂടി ഖുര്‍ആനെ പല രീതികളില്‍ ( സാഹിതീയവും ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ) വായിക്കാന്‍ അവര്‍ക്ക് കഴിയുന്നു. മാത്രമല്ല, മതേതരമായ വ്യാഖ്യാനങ്ങള്‍ ഖുര്‍ആന് മേല്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു.

ഈ ലിബറല്‍ പരിഷ്‌കര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഖുര്‍ആനെ ചരിത്രവല്‍ക്കരിക്കുക എന്നതിനര്‍ത്ഥം അതവതീര്‍ണ്ണമായ കാലത്തെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തില്‍ ഖുര്‍ആനെ വായിക്കുക എന്നതാണ്. അവരൊരിക്കലും ഖുര്‍ആനെ കൈയൊഴിയണമെന്നാവശ്യപ്പെടുന്നില്ല. മറിച്ച് സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഖുര്‍ആനെ പുനര്‍വായനക്ക് വിധേയമാക്കണമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ചോദ്യമിതാണ്: അതിഭൗതികമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതോട് കൂടി പിന്നെ എങ്ങനെയാണ് ഖുര്‍ആന്‍ വായിക്കപ്പെടുക? ഒരു മതേതര വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ പ്രാധാന്യമെന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ലിബറല്‍ പരിഷ്‌കര്‍ത്താക്കളുടെ കയ്യില്‍ ഉത്തരമുണ്ട്: ഒരു സാഹിത്യസൃഷ്ടി വായിക്കുന്ന പോലെയാണ് ഖുര്‍ആനെ സമീപിക്കേണ്ടത്. ഹസന്‍ ഹനഫി പറയുന്നത് നോക്കൂ: ‘ ഖുര്‍ആന്‍ വായിക്കുന്ന ഒരു വ്യാഖ്യാതാവ് പുതിയ ഭാഷയില്‍ ഖുര്‍ആനെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ചിലപ്പോള്‍ പുതിയൊരര്‍ത്ഥം ഖുര്‍ആന് നല്‍കിയേക്കാം. ഭൂതത്തെ വര്‍ത്തമാനത്തില്‍ കണ്ടെടുത്തേക്കാം. വര്‍ത്തമാനത്തിന്റെ വെളിച്ചത്തില്‍ ഭൂതത്തെ പുനര്‍നിര്‍മ്മിച്ചേക്കാം. എല്ലാ വ്യാഖ്യാനങ്ങളും വ്യാഖ്യാതാവിന്റെ മനശ്ശാസ്ത്രപരവും സാമൂഹ്യ-രാഷ്ട്രീയപരവുമായ സ്ഥാനത്തെയാണ് ആവിഷ്‌കരിക്കുന്നത്. ഒരു പ്രത്യേക സമയത്തും കാലത്തുമുള്ള സമുദായത്തെയാണ് ഓരോ വ്യാഖ്യാനവും ചുരുള്‍ നിവര്‍ത്തുന്നത്.’

ലിബറല്‍ ചിന്തകര്‍ വിഭാവനം ചെയ്യുന്ന സ്വതന്ത്രമായ കാഴ്ചപ്പാടുകളുള്ള വിശ്വാസി മതേതര രാഷ്ട്രീയ യുക്തിയിലെ ഒരു പ്രധാന കഥാപാത്രമാണ്. മതപരമായ അധികാരങ്ങളോട് കലഹിക്കുമെങ്കിലും ആ വിശ്വാസി ദേശരാഷ്ട്രത്തിന്റെ സഹചാരിയാണ്. അതേസമയം മതേതരഭാവനയില്‍ മതഗ്രന്ഥങ്ങള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. എന്നാല്‍ മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ പരമ്പരാഗതമായ രീതിശാസ്ത്രങ്ങളില്‍ നിന്നും മോചനം നേടണമെന്നാണ് ലിബറലുകള്‍ ആവശ്യപ്പെടുന്നത്. ഹനഫിയെയും അബൂസെയ്ദിനെയും പോലെയുള്ള മുസ്‌ലിം ലിബറലുകള്‍ ചെയ്യുന്നതും അത് തന്നെയാണ്. അതിനാല്‍ തന്നെ യു. എസ് ഭരണകൂടത്തിന്റെയും ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കളുടെയും താല്‍പര്യങ്ങള്‍ തമ്മില്‍ സാമ്യതകള്‍ കണ്ടെത്താന്‍ സാധിക്കും.

മതേതരമതം

നേരത്തെ സൂചിപ്പിച്ച വ്യാഖ്യാനശാസ്ത്ര പ്രൊജക്ടിന്റെ അടിസ്ഥാനമെന്നത് മതേതരവല്‍ക്കരിക്കപ്പെട്ട മതം എന്ന സങ്കല്‍പ്പമാണ്. അഥവാ മതം എന്നത് അമൂര്‍ത്തമായ ഒരു കാറ്റഗറിയാണ്. അതിന്റെ വ്യത്യസ്തങ്ങളായ ആവിഷ്‌കാര രൂപങ്ങളെ ഒരു വിശ്വാസി പരിശോധിക്കുകയും വിലയിരുത്തുകയും വേണം. മതം എന്നത് വ്യക്തിയുടെ സ്വകാര്യമായ തെരഞ്ഞെടുപ്പാണ്. യുക്തിയെയും ശാസ്ത്രത്തെയും വെല്ലുവിളിക്കാത്തിടത്തോളം കാലം മതം സാര്‍വ്വലൗകികമായ ഒരു സത്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ മതത്തിന്റെ ബാഹ്യമായ അടയാളങ്ങള്‍ക്ക് ( മതഗ്രന്ഥങ്ങള്‍, ആരാധനാ കര്‍മ്മങ്ങള്‍ തുടങ്ങിയവ) പ്രാധാന്യം നല്‍കുന്നില്ല. മതത്തിന്റെ സാര്‍വ്വലൗകികമായ സത്യത്തെയാണ് അവരന്വേഷിക്കുന്നത്. സാധാരണ വിശ്വാസികള്‍ മതത്തിന്റെ ബാഹ്യമായ ആവിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അപകടകരമാണെന്ന് ലിബറലുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിശ്വാസികളെ ഉപയോഗിക്കാന്‍ മതമേലാധികാരികള്‍ക്ക് അതിലൂടെ സാധ്യമാകും എന്നാണവര്‍ പറയുന്നത്. ഹസന്‍ ഹനഫിയെപ്പോലുള്ളവര്‍ ഈജിപ്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചക്ക് കാരണമായി ഇസ്‌ലാമിക കര്‍മ്മങ്ങളുടെ വര്‍ധനവിനെ ചൂണ്ടിക്കാട്ടുന്നത് അത് കൊണ്ടാണ്. പരമ്പരാഗത മുസ്‌ലിംകളുടെ ‘അടിമത്വ മനോഭാവത്തിനും’ മതമേലാധികാരികളെ ചോദ്യം ചെയ്യാനുള്ള കഴിവില്ലായ്മക്കും കാരണമായി യു.എസ് ഭരമകൂടം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന അതേ കാര്യം തന്നെയാണ് ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കളും ഉന്നയിക്കുന്നത് എന്നതാണ് ഏറെ രസകരം. അഥവാ, ഇസ്‌ലാമിലെ ആരാധനാ കര്‍മ്മങ്ങളിലുള്ള വിശ്വാസികളുടെ കണിശതയും സാര്‍വ്വലൗകിക സത്യത്തെ കണ്ടെത്താനുള്ള കഴിവില്ലായ്മയുമാണ് അവരെ പിന്തിരിപ്പന്‍മാരും പൂര്‍വ്വാധുനികരുമൊക്കെ ആക്കിത്തീര്‍ക്കുന്നത്. മതത്തിന്റെ ബാഹ്യരൂപങ്ങളെയും അതിന്റെ സാര്‍വ്വലൗകിക സത്യത്തെയും ഒരുപോലെ മനസ്സിലാക്കുന്ന മതവിശ്വാസിയെയാണ് യു.എസ് ഭരണകൂടവും ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കളും തേടുന്നത്.

 

മതം ചിഹ്നങ്ങളാല്‍ നിര്‍വ്വചിക്കപ്പെടേണ്ട വ്യവസ്ഥയാണെന്ന് നരവംശ ശാസ്ത്രജ്ഞനായ ക്ലിഫോര്‍ഡ് ഗീര്‍ട്‌സ് സൂചിപ്പിക്കുന്നുണ്ട്. അഥവാ വിശ്വാസി ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും നിലനില്‍പ്പും ഉറപ്പ് നല്‍കുന്ന ചിഹ്നവ്യവസ്ഥയാണ് മതം എന്നാണദ്ദേഹം പറയുന്നത്. ആധുനിക ലിബറലുകളെയും പുരോഗനമകാരികളെയും സംബന്ധിച്ചിടത്തോളം ലിബറല്‍ ജനാധിപത്യ വ്യവസ്ഥയുടെ നിലനില്‍പ്പിന് മതത്തെക്കുറിച്ച അത്തരം വ്യവഹാര നിര്‍മ്മിതികള്‍ അത്യാവശ്യമാണ്. ഇങ്ങനെ മതത്തെയും മതചിഹ്നങ്ങളെയും വെറും സിംബലുകളായി മനസ്സിലാക്കുന്നതിന്റെ ഏറ്റവും തീക്ഷ്ണമായ ആവിഷ്‌കാരം കാണാനാവുക മുഖമക്കനയെക്കുറിച്ച മതേതര വ്യവഹാരങ്ങളിലാണ്. അത്പ്രകാരം മുസ്‌ലിം സ്ത്രീകള്‍ മുഖമക്കന ധരിക്കുന്നത് ഒന്നുകില്‍ സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കില്‍ പുറത്ത് നിന്നുള്ള നിര്‍ബന്ധം കൊണ്ടോ ആണ്. ഇവിടെ മുഖമക്കന കേവലമൊരു മതചിഹ്നമായാണ് മനസ്സിലാക്കപ്പെടുന്നത്. മതപരമായ ഒരു കര്‍മ്മം അല്ലെങ്കില്‍ വിശ്വാസപരമായ ചുമതല നിര്‍വ്വഹിക്കല്‍ എന്ന തലത്തില്‍ മുഖമക്കന ധരിക്കുന്ന സ്ത്രീകളുടെ കര്‍തൃത്വമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ അടിമത്വബോധം പേറുന്നവരോ മതത്തെ യുക്തിരഹിതമായി മനസ്സിലാക്കുന്നവരോ ആണ്. പരിഷ്‌കരണത്തിന് വിധേയമാകേണ്ട പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നവരാണ് അത്തരം മുസ്‌ലിം സ്ത്രീകള്‍. അതിനാല്‍ തന്നെ ആ പാരമ്പര്യത്തെ തകര്‍ത്ത് യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ പുതിയൊരു മുസ്‌ലിം പാരമ്പര്യത്തെ സൃഷ്ടിക്കേണ്ടതുണ്ട് എന്നതാണ് ലിബറലുകളുടെ വാദം.

മതേതരത്വത്തെക്കുറിച്ച് പൊതുവായി നിലനില്‍ക്കുന്ന മതം\രാഷ്ട്രീയം എന്ന ദ്വന്ദമല്ല മതേതര വ്യവഹാരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മറിച്ച് ലിബറല്‍ ഭരണനിര്‍വ്വഹണത്തിനനുയോജ്യമായ ഒരു പ്രത്യേത തരത്തിലുള്ള മതവിഷയിയെയാണ് ( Religious Subject) മതേതതര്വം നിര്‍മ്മിക്കുന്നത് എന്നുമാണ് ഞാന്‍ ഇത് വരെ പറയാന്‍ ശ്രമിച്ചത്. ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ മതേതരത്വത്തിന്റെ ഈ വ്യവഹാരരൂപമാണ് ആവിഷ്‌കരിക്കപ്പെടുന്നത്. കൂടാതെ യു.എസ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സന്തതസഹചാരിയായി എങ്ങനെയാണ് ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ മാറുന്നതെന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. മതേതര-ലിബറല്‍ ലോകവീക്ഷണത്തിനനുസരിച്ച് മതത്തെയും മതഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കുന്ന മതവിശ്വാസികളെ സൃഷ്ടിക്കുകയാണ് പരിഷ്‌കര്‍ത്താക്കളും യു.എസ് ഭരണകൂടവും ചെയ്യുന്നത്. ഇങ്ങനെയുള്ള മതവിഷയികളെ ( Religious subjects) സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മതേതരത്വം ( Secularity) ചെയ്യുന്നത്. ഈ മതകീയ മതേതരത്വത്തെ വിമര്‍ശനാതീതമായി ലിബറലുകളും ഇടതരും ഒരുപോലെ സ്വീകരിക്കുന്നു എന്നതാണ് രസകരം. മുസ്‌ലിം നാടുകളിലെ അമേരിക്കന്‍ അധിനിവേശത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ലിബറലുകളും അമേരിക്കന്‍ ഭരണകൂടവും ഒരുപോലെ പങ്ക് വെക്കുന്ന ലോകബോധം വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ രസകരമായ ഒരു വസ്തുതയുണ്ട്. മുസ്‌ലിം നാടുകളെ അധീശപ്പെടുത്താനുള്ള അമേരിക്കന്‍ ശ്രമങ്ങളെ ലിബറലുകള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ യൂറോ-അമേരിക്കന്‍ നഗരങ്ങളിലും വ്യത്യസ്തങ്ങളായ മുസ്‌ലിം നാടുകളിലും ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയ മതകീയതയെ അവര്‍ ഭയപ്പാടോടെയാണ് കാണുന്നത്. ‘യാഥാസ്ഥികമായ’ ഇസ്‌ലാമിക ആവിഷ്‌കാരങ്ങള്‍ ( മുഖമക്കന ധരിക്കുക, പൊതുവായ ആരാധനാകര്‍മ്മങ്ങള്‍, ലിംഗ വേര്‍തിരിവ്) ലിബറല്‍ രാഷ്ട്രീയ വ്യവസ്ഥക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം. അതിനാല്‍ തന്നെ അമേരിക്കയുടെ അധിനിവേശങ്ങളെ എതിര്‍ക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതെങ്കിലും വിധത്തില്‍ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നാണ് അവരാവശ്യപ്പെടുന്നത്.

‘യാഥാസ്ഥികമായ’ സാമൂഹ്യമൂല്യങ്ങള്‍ ലിബറല്‍ രാഷ്ട്രീയ തത്വങ്ങളായ ജനാധിപത്യം, സഹിഷ്ണുത, സമത്വം എന്നിവക്ക് എങ്ങനെയാണ് ഭീഷണിയാകുന്നത്? സാമൂഹികതയെക്കുറിച്ച മതേതരഭാവനകളെ വെല്ല്‌വിളിക്കുന്നു എന്ന് പറയപ്പെടുന്ന യാഥാസ്ഥികമായ മതാശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലിബറല്‍ രാഷ്ട്രീയ വ്യവസ്ഥക്ക് ഭീഷണിയാണോ? ആണെങ്കില്‍ എങ്ങനെ? അല്ലെങ്കില്‍ ലിബറല്‍ രാഷ്ട്രീയ വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഭീഷണിക്ക് വേറെന്തിലും കാരണങ്ങള്‍ കണ്ടെത്തുക സാധ്യമാണോ? മതേതര ഭാവനകളിലുള്ള മതവിശ്വാസി ഒരു നല്ല ജനാധിപത്യവാദിയായിരിക്കുമോ? അമേരിക്കയുടെ ഭൗമരാഷ്ട്രീയ താല്‍പര്യങ്ങളോട് യോജിക്കുന്ന ജനാധിപത്യമായിരിക്കുമോ അത്?

 

പാരമ്പര്യത്തെ അക്ഷരംപ്രതി സ്വീകരിക്കുന്നവരെ പൈശാചികരാക്കുന്ന മതേതര വ്യവഹാരങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നതോടൊപ്പം ശാസ്ത്രയുക്തിയനുസരിച്ച് മതത്തെ വ്യാഖ്യാനിക്കുന്നവര്‍ സ്വീകരിക്കപ്പെടുന്ന പ്രവണതയും എതിര്‍ക്കപ്പെടേണ്ടതുണ്ട്. അത്‌പോലെ പരമ്പരാഗതമായ വ്യാഖ്യാന പാരമ്പര്യങ്ങളെ ഏകാത്മകമായി സമീപിക്കുന്ന സെക്കുലര്‍ രീതികളും തള്ളപ്പെടേണ്ടവയാണ്. മതേതര ഭാവനകളില്‍ നിര്‍വ്വചിക്കപ്പെടുന്നതിനേക്കാള്‍ വളരെ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ചരിത്രമാണ് അവക്കുള്ളത്. യഥാര്‍ത്ഥത്തില്‍ വൈവിധ്യപൂര്‍ണ്ണമായ ഈ ചരിത്രത്തെ നിരാകരിക്കുന്ന മതേതര വ്യവഹാരങ്ങളാണ് അക്ഷരവായന നടത്തുന്നത്. അബ്ദുല്‍ കരീം സൊറോഷും അബൂ സെയ്ദുമെല്ലാം മുന്നോട്ട് വെക്കുന്ന ചരിത്രപരത ( Historicity) എന്ന ആശയവും യഥാര്‍ത്ഥത്തില്‍ അക്ഷരവായന തന്നെയാണ് എന്നതാണ് രസകരം. കാരണം അവര്‍ ചെയ്യുന്നത് ഖുര്‍ആനെ അതിറങ്ങിയ കാലത്തെ സാമൂഹ്യ-രാഷ്ടീയ പശ്ചാത്തലത്തില്‍ വായിക്കുകയാണ്. മാത്രമല്ല, പരമ്പരാഗതമായ ഒരു വ്യാഖ്യാനശാസ്ത്ര സമീപനം വികസിപ്പിച്ച മുസ്‌ലിം കര്‍മശാസ്ത്രകാരന്‍മാരും പണ്ഡിതരുമെല്ലാം ഭൗതിക താല്‍പര്യങ്ങളാല്‍ പ്രചോദിതരായവരാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. അഥവാ, ലിബറല്‍ മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ ചില വായനകളെ മാത്രം അംഗീകരിക്കുകയും വേറെ ഒരുപാട് സാധ്യതകളെ അസന്നിഹിതമാക്കുകയും ചെയ്യുന്നു.

എന്നാല്‍ ജൂത-ക്രൈസ്തവ പാരമ്പര്യത്തെ ഒരു പുതിയ രാഷ്ട്രീയ സാധ്യതയായി അംഗീകരിക്കുന്ന പുരോഗമനകാരികളായ മതേതര ബുദ്ധിജീവികള്‍ തന്നെയാണ് മുസ്‌ലിം പാരമ്പര്യത്തെ പിന്തിരിപ്പനും യാഥാസ്ഥികവുമായി കാണുന്നത്. ഈ (മുന്‍)ധാരണ തീര്‍ച്ചയായും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. കാരണം അമേരിക്കയുടെ ഏകാത്മകമായ ലോകക്രമത്തിന്റെ വികാസം സാധ്യമാകുന്നത് മുസ്‌ലിം മതപാരമ്പര്യത്തെക്കുറിച്ച ഇത്തരം മതവ്യവഹാരങ്ങളിലൂടെയാണ്.

9\11 ന് ശേഷം അക്കാദമിയിലും പൊതുമാധ്യമങ്ങളിലുമെല്ലാം കേട്ട്‌കൊണ്ടിരിക്കുന്നത് മതേതരയുക്തിയുടെ പുനസ്ഥാപനത്തിന് വേണ്ടിയുള്ള ആക്രോശങ്ങളാണ്. മതരാഷ്ട്രീയം ഉണ്ടാക്കി വെച്ച ദുരന്തങ്ങളില്‍ നിന്ന് അപ്പോള്‍ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്നാണ് ഈ ആക്രോശക്കാര്‍ വാദിക്കുന്നത്. മതേതരത്വത്തിന്റെ അപ്രമാദിത്യമാണ് അവര്‍ ആവശ്യപ്പെടുന്നത്. യാഥാസ്ഥികമായ ആ ചിന്തയോടാണ് ഈ പഠനം കലഹിക്കുന്നത്. മതേതരത്വത്തിന്റെ പുനസ്ഥാപനമല്ല യഥാര്‍ത്ഥത്തില്‍ വേണ്ടത്. മറിച്ച് നിരാകരണമാണ്. മതത്തെക്കുറിച്ച, വിശേഷിച്ചും ഇസ്‌ലാമിനെക്കുറിച്ച, യാഥാസ്ഥികമായ മതേതര വ്യവഹാരങ്ങളെ പൊളിച്ചെഴുതിയേ മതിയാവൂ. മതേതര വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി അമേരിക്കന്‍ ഭരണകൂടം മുസ്‌ലിം ലോകത്ത് നടപ്പിലാക്കുന്ന വയലന്‍സിനെ ജ്ഞാനശാസ്ത്രപരമായി തന്നെ വെല്ലു വിളിക്കാന്‍ അപ്പോള്‍ മാത്രമേ നമുക്ക് സാധ്യമാകൂ.

 

സബ മഹ്മൂദ്

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നരവംശശാസ്ത്രത്തിലാണ് സബ മഹ്മൂദ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. ആര്‍ക്കിട്ടെക്ചറിലും അര്‍ബന്‍ പ്ലാനിംഗിലുമാണ് ഡിഗ്രി ചെയ്തിട്ടുള്ളത്. നരവംശശാസ്ത്രത്തില്‍ ശ്രദ്ധയൂന്നുന്നതിന് മുമ്പ് ഈ മേഖലകളില്‍ ഒരുപാട് സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. Religious differenece in a secular age: A minority report, Is critique secular? Blasphemy, Injury, and free speech, Politics of piety: The Islamic Revival and the Feminist Subject തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍.

സബ മഹ്മൂദ്‌