Campus Alive

ഇസ്‌ലാമോഫോബിയ; പ്രയോഗത്തിന്റെ സാധ്യതയും പരിമിതിയും

‘ടെക്നോളജിയേക്കാൾ അപകടകരമാണ് ടെർമിനോളജി’ എന്ന് നിരീക്ഷിച്ചത് വിഖ്യാത പോസ്റ്റ് കൊളോണിയൽ ചിന്തകൻ എഡ്വേർഡ് സെയ്ദ് ആണ്.ഇസ്‌ലാമിക ചരിത്ര രചനയിൽ അലസമായി പ്രയോഗിക്കപ്പെട്ടിട്ടുള്ള ‘യുദ്ധം’ പോലുള്ള പദങ്ങൾ മുതൽ നമ്മുടെ ‘പൊതു’മണ്ഡലത്തിലെ ‘ലവ് ജിഹാദ്’ വരെ ടെർമിനോളജിയുടെ ഈ പ്രഹരശേഷിയെ വല്ലാതെ ബോധ്യപ്പെടുത്തുന്നുണ്ട്. 9/11ന് ശേഷമുള്ള ലോകരാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഇത്തരത്തിൽ വലിയ വിശകലനങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭയത്തോടെ സമീപിക്കുന്ന ഒരു പ്രത്യേക മാനസികാവസ്ഥയെയും അതിൽ നിന്നുണ്ടാകുന്ന വ്യത്യസ്ത പ്രവർത്തനങ്ങളെയും വിശകലനം ചെയ്യുന്ന ഒരു സാമൂഹികശാസ്ത്ര പരികൽപ്പനയെയാണ് ലളിതമായി നാം ഇസ്‌ലാമോഫോബിയ എന്നു വിളിക്കുന്നത്. ഈ പ്രയോഗത്തെ ഒരേസമയം ഒരു സാധ്യതയായും പരിമിതിയായും വിശദീകരിക്കുന്ന പഠനങ്ങൾ ഇന്ന് ലോകത്ത് ലഭ്യമാണ്. അതിൽ ഇസ്‌ലാമോഫോബിയയെ കുറിച്ച് പുതിയ ചില ബോധ്യങ്ങൾ പങ്കുവെക്കുന്ന രണ്ട് നിരീക്ഷണങ്ങളെ വിശകലന വിധേയമാക്കുകയാണിവിടെ:

എന്തു കൊണ്ട് ഇസ്‌ലാം?

എഡ്വേർഡ് സെയ്ദ്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഇസ്‌ലാമോഫോബിയ എന്ന പദത്തെ വളരെ പോസിറ്റീവായി സമീപിക്കാനുള്ള ശ്രമങ്ങൾ അക്കാദമിക ലോകത്ത് നടന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ സമഗ്ര സ്വഭാവവും അതിന്റെ സൈദ്ധാന്തികമായ ശേഷിയുമാണ് ഭീതി ജനിപ്പിച്ച്, പുറത്താക്കി, കീഴടക്കുക എന്ന തന്ത്രത്തിലേക്ക് നയിച്ചതെന്ന് ഇക്കൂട്ടർ നിരീക്ഷിക്കുന്നു. അതിനാൽ ഇസ്‌ലാമിനെക്കുറിച്ച് ഭീതി ജനിപ്പിക്കപ്പെടുന്നത് ഒരു അംഗീകാരമായിട്ടാണ് ഇവർ അവതരിപ്പിക്കുന്നത്. അത്തരം പ്രചാരണങ്ങൾ ‘എന്തു കൊണ്ട് ഇസ്‌ലാം’ എന്ന മൗലികപ്രധാനമായ അന്വേഷണത്തിന് നിദാനമായിത്തീരുമെന്നും യഥാർത്ഥ ഇസ്‌ലാം തിരിച്ചറിയപ്പെടുകയാണതിന്റെ ആത്യന്തിക ഫലമെന്നും ഉപരിസൂചിത പഠനങ്ങൾ സ്ഥാപിക്കുന്നുണ്ട്. ഒരുകാലത്ത് ആഗോളതലത്തിൽ ശീതയുദ്ധം വരെ സാധ്യമാക്കിയ കമ്യൂണിസത്തെ കുറിച്ച് പോലും അത്തരമൊരു ഫോബിയ നിർമ്മിക്കപ്പെട്ടിട്ടില്ല എന്നതും, വർത്തമാന കാലത്ത് യൂറോപ്പിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമാശ്ലേഷണസംഭവങ്ങളും വ്യത്യസ്തമായ ഈ നിരീക്ഷണത്തെ പല അർത്ഥത്തിൽ ബലപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ വ്യത്യസ്തതയെയും അതിന്റെ യഥാർത്ഥ നാഗരികത എന്ന പ്രതിനിധാനത്തെയുമാണ് ഇസ്‌ലാമോഫോബിയ കുറിക്കുന്നതെന്ന എം.ടി അൻസാരിയെ പോലുള്ളവരുടെ വിലയിരുത്തലുകളും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ്.

മുഹമ്മദ് നബി (സ) യുടെ പ്രബോധന ചരിത്രം വിശദീകരിക്കുന്നിടത്ത് സമാനമായ ഒരു ആശയം വിശുദ്ധ ഖുർആനും പങ്കുവെക്കുന്നുണ്ട്. പ്രവാചക മതത്തിന്റെ അസാധാരണമായ സ്വീകാര്യതയിൽ പരിഭ്രാന്തരായ ഖുറൈശികൾ പൊതുജനങ്ങൾക്കിടയിൽ ഇസ്‌ലാം വിരുദ്ധ ക്യാമ്പയിനുകൾ നടത്തുക പതിവായിരുന്നു. എന്നാൽ ‘പുതിയ’ മതത്തിന്റെ നിഷ്കാസനാർത്ഥം സംഘടിപ്പിക്കപ്പെട്ട ഇത്തരം ദുഷ്പ്രചരണങ്ങൾ ഫലത്തിൽ അതിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുകയായിരുന്നു. തീർത്ഥാടനത്തിനായി മദീനയിലെത്തിയ അബൂദർറുൽ ഗിഫാരി (റ), തന്റെ ഗോത്രത്തോടൊപ്പം ഇസ്‌ലാം സ്വീകരിക്കുന്നത് അതിന്റെ കൂടി ഫലമായിട്ടാണെന്നത് സവിശേഷ പരാമർശമർഹിക്കുന്ന വസ്തുതയാണ്. വിസ്മയകരമായ ഈ പരിവർത്തന പ്രക്രിയയെ മഹത്തായ ദൈവാനുഗ്രഹമായി എടുത്തുപറയുന്നുണ്ട് വിശുദ്ധ ഖുർആൻ (94:4).

ഫോബിയയല്ല ; വംശീയത

എം.ടി അൻസാരി

ഇസ്‌ലാമോഫോബിയ എന്ന പദപ്രയോഗത്തിന്റെ പരിമിതികളെയും അതിലടങ്ങിയിരിക്കുന്ന അപകടങ്ങളെയും പ്രശ്നവൽക്കരിക്കുന്ന പഠനങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഇസ്‌ലാമിനെ കുറിച്ച ചില തെറ്റിദ്ധാരണകളിൽ നിന്നും മുൻവിധികളിൽ നിന്നുമാണ് ഇസ്‌ലാമോഫോബിയ രൂപപ്പെടുന്നതെന്നും, അതിനാൽ ഇത്തരം തെറ്റിദ്ധാരണകൾ നീക്കി ഇസ്‌ലാമിനെ മറ്റെല്ലാ മതങ്ങളെയും പോലെ ‘പൊതു’വാക്കലാണ് അതിന്റെ പരിഹാരമെന്നുമുള്ള ഒരാശയം ഈ സങ്കൽപ്പം പങ്കുവെക്കുന്നുണ്ട് എന്ന നിരീക്ഷണം ഇതിൽ ഏറെ ശ്രദ്ധേയമാണ്. അങ്ങനെ വരുമ്പോൾ ആസൂത്രിതമായ ഒരുപാട് ഗൂഢാലോചനകൾ ഈ പ്രയോഗത്തിൽ കണ്ടെത്താൻ കഴിയും. ഒന്നാമതായി, ഈ പ്രക്രിയയിലൂടെ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ ശേഷി നിർവീര്യമാക്കപ്പെടുകയും ഇതര മതങ്ങളെപ്പോലെ ഒരു മതമെന്ന കേവലതയിലേക്ക് അത് ന്യൂനീകരിക്കുകപ്പെടുകയും ചെയ്യുമെന്നതാണ്‌ അതിന്റെ ഫലം. അതോടൊപ്പം ഒരു സംഗതിയെ കുറിച്ച് ഭീതി ഉണ്ടാവുന്നത് അതിനെന്തോ കുഴപ്പമുണ്ടാവുമ്പോഴാണ് എന്ന ലളിതയുക്തി കൂടി പ്രയോഗിക്കുക വഴി ഇരകൾ തന്നെ പ്രതികളാക്കപ്പെടുന്ന വിരോധാഭാസവും ഇതിന് പിന്നിലുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള വിമർശനങ്ങൾ തടയാൻ മുസ്‌ലിങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത ആശയമാണ് ഇസ്‌ലാമോഫോബിയ എന്നതു പോലുള്ള വായനകൾ ഇതിന്റെ തന്നെ മറ്റൊരു രൂപമാണ്. ഇങ്ങനെ, ഒരു വിഭാഗത്തിനെതിരെ വളരെ ആസൂത്രിത സ്വഭാവത്തിൽ പ്രവർത്തിക്കുന്ന വംശീയതയെ യഥാവിധി അടയാളപ്പെടുത്താൻ ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം അപര്യാപ്തമാണെന്ന് ഉപരിസൂചിത വിശകലനങ്ങൾ തെളിവുസഹിതം സമർത്ഥിക്കുന്നുണ്ട്. കേവല മുൻവിധി- തെറ്റിദ്ധാരണ ഫോർമുലകൾക്കപ്പുറം വളരെ ഘടനാപരമായി പ്രവർത്തിക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ എന്ന ജെനി റൊവീനയുടെ നിരീക്ഷണവും ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമാണ്.

ഇസ്‌ലാമോഫോബിയയെ കുറിച്ച സംവാദങ്ങളെല്ലാം ഊന്നിപ്പറയുന്ന ഒരു പൊതുവസ്തുത ഇസ്‌ലാമിന്റെ കീഴടങ്ങാനൊരുക്കമല്ലാത്ത ദാർശനിക സ്വഭാവമാണ്.അതിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന പാശ്ചാത്യരുടെ പ്രത്യയശാസ്ത്ര ദാരിദ്ര്യത്തെയാണത് തുറന്നുകാട്ടുന്നത്. ‘അവരുടെ കയ്യിൽ ഖുർആൻ ഉള്ളിടത്തോളം കാലം നമുക്കൊന്നും ചെയ്യാൻ കഴിയുകയില്ലെ’ന്ന ഇവാർട്ട് ഗ്ലാഡ്സ്റ്റണിന്റെ (1809 – 1898) നിസ്സഹായതയെയാണത് പരിഹസിക്കുന്നത്.

നിയാസ് വേളം