Campus Alive

ഇഫ്ത്താര്‍ സംഗമങ്ങളുടെ ‘രാഷ്ട്രീയം’

പ്രമുഖരുടെ ഇഫ്ത്താര്‍ പാര്‍ട്ടികള്‍ റമദാനില്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. രാഷ്ട്രീയ പ്രമുഖരുടെ ഇഫ്ത്താറുകള്‍ രാഷ്ട്രീയ ഉപജാപങ്ങളുടേയും മറ്റും ഇടങ്ങളായതുകൊണ്ടു തന്നെ പത്രമാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഇത്തരം ഇഫ്ത്താറുകളെ കാണാറ്. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന ഇഫ്ത്താറും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുമാണ് ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ പൊതുവേ ഇഫ്ത്താര്‍ നടത്താറുള്ളത് സൗഹൃദസംഗമങ്ങളായാണ്. എല്ലാ സാമൂഹിക രാഷ്ട്രീയ സംഘടനകളേയും സാംസ്‌കാരിക രംഗത്തേയും ബിസിനസ് രംഗത്തേയും പ്രമുഖരെയും സംഘടിപ്പിച്ചാണ് പൊതുവേ ഇഫ്ത്താര്‍ സംഘടിപ്പിക്കാറ്. മുസ് ലിം സാമൂഹിക സംഘടനകള്‍ നടത്തുന്ന ഇഫ്ത്താറുകളെ സൂക്ഷ്മ വിധേയമാക്കുമ്പോള്‍ മൈനോറിറ്റി എന്ന നിലക്കുള്ള സമ്മര്‍ദ്ദം ഇത്തരം സൗഹൃദസംഗമങ്ങള്‍ സംഘടിപ്പക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാണെന്നു കാണാം.കേവല സുരക്ഷിതത്വ പ്രശ്നം മുന്‍നിര്‍ത്തി, അതായത് ഇസ്‌ലാമോഫോബിക് ആയുള്ള സമൂഹത്തില്‍ തങ്ങള്‍ പ്രശ്നക്കാരല്ല എന്നു കാണിക്കാനും പ്രബോധനാവശ്യാര്‍ത്ഥവുമാണ് മുസ്‌ലിം സംഘടനകള്‍ ഇഫ്ത്താറുകള്‍ നടത്താറുള്ളത്. എന്നാല്‍ ഈ സൗഹൃദ സദസ്സുകളിലെ സംഘ്പരിവാര്‍ സാന്നിധ്യം പലപ്പോഴും വിവാദ വിഷയമാകാറുണ്ട് .കേരളത്തിലൈ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും സംഘ്പരിവാറിനെ മാറ്റി നിര്‍ത്തുമ്പോള്‍ ഹിന്ദുത്വ ഭീകരതയുടെ തന്നെ ഇരകളായ മുസ്‌ലിം സമൂഹത്തിലെ സംഘടനകള്‍ അവരെ ഉള്‍പ്പെടുത്തി സൗഹൃദസംഗമങ്ങള്‍ നടത്തുകയും പ്രവാചക ചരിത്രത്തില്‍ നിന്നു അതിന് തെളിവു കണ്ടെത്തുകയും ചെയ്യുന്നതിലെ അപകടം പലപ്പോഴും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പലപ്പോഴും വര്‍ത്തമാനത്തെയും ചരിത്രത്തെയും പരസ്പരം ബന്ധിപ്പിക്കാനറിയാതെ പ്രവാചക ചരിത്രത്തെ അസ്ഥാനത്ത് പ്രയോഗിച്ചായിരുന്നു ഇത്തരം ഇഫ്ത്താറുകള്‍ക്ക് ന്യായീകരണം അവര്‍ കണ്ടെത്തിയിരുന്നത്. വര്‍ത്തമാന രാഷ്ട്രീയത്തില്‍ സംഘ്പരിവാര്‍ എങ്ങനെയാണ് ഇടപെടുന്നതെന്നും പൊതുസമ്മതി നേടാന്‍ അവര്‍ എന്തൊക്കെ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും അത് എങ്ങനെയാണ് സമൂഹത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതെന്നും മനസ്സിലാക്കാതെ, പ്രവാചക ചരിത്രത്തെ അതിന്റെ സമഗ്രതയിലും വര്‍ത്തമാനത്തെ അതിന്റെ സങ്കീര്‍ണ്ണതയിലും കാണാതെ പ്രമാണങ്ങളുടെ അക്ഷരവായന നടത്തുകയായാണ് അവര്‍ ചെയ്യുന്നത്. രസകരമായ സംഗതി പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നിടത്തും ന്യൂനപക്ഷാവസ്ഥയുടെ സമ്മര്‍ദ്ദം അവരെ നന്നായി ബാധിക്കാറുണ്ട് എന്നതാണ്. പ്രവാചകചരിത്രത്തേയും ഖുര്‍ആനേയും വ്യാഖ്യാനിക്കുമ്പോള്‍ നമ്മുടെ സാമൂഹിക ക്രമത്തിലെ അധീശ ധാരകളെ എതിര്‍ക്കേണ്ടി വരുന്നിടത്ത് അതിനു കഴിയാതെ കീഴ്പ്പെടുക എന്ന ബൗദ്ധികഭീരുത്വമാണ് പലരും ചെയ്യാറുള്ളത്. അതായത് ഹെര്‍മണ്യൂട്ടിക്സിന്റെ ഡിറ്റര്‍മിനന്റ് ഫാക്റ്റര്‍ ആയിട്ട് വരുന്നത് മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരമോ അല്ലെങ്കില്‍ അസമത്വം നിറഞ്ഞ നമ്മുടെ സാമൂഹികവ്യവസ്ഥിതിയോടുള്ള വിയോജിപ്പുകളോ സമരങ്ങളോ അല്ല എന്നു കാണാം. മറിച്ച് ക്ഷമാപണത്വമോ ഭീതിയോ ആണ് ഇങ്ങനൈ ചെരിപ്പിനനുസരിച്ചു കാലുമുറിക്കുന്നതില്‍ മുസ്‌ലിം സംഘടനകളെ കൊണ്ടെത്തിച്ചത്.

19388491_1391797787565294_206490349322204505_oപലപ്പോഴും ബഹുസ്വരതയെക്കുറിച്ചുള്ള തെറ്റായ സങ്കല്‍പ്പമാണ് മുസ്‌ലിം സംഘടനകള്‍ക്കുള്ളത്. അത്‌കൊണ്ടാണ് ഹിന്ദുത്വ ശക്തികളെ വിളിച്ച് ഇഫ്ത്താറുകള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത്. ഇന്ത്യന്‍ സാമൂഹികവ്യവസ്ഥ എന്നത് ശ്രേണീ ബദ്ധവും അസമത്വം നിറഞ്ഞതുമായ ഒന്നാണ്. അതൊരിക്കലും മനോഹരമായ വൈവിധ്യങ്ങള്‍ നിറഞ്ഞതല്ല. അതിനാല്‍ അസമത്വങ്ങളെ ജാഹിലിയ്യത്തായി കാണുന്ന ഇസ്‌ലാമിനു ജാതിവ്യവസ്ഥയിലധിഷഠിതമായ ശിര്‍ക്കന്‍ സാമൂഹിക ക്രമത്തെ കേവല വൈവിധ്യങ്ങളായി കാണാന്‍ കഴിയില്ല. അപ്പോള്‍ ബഹുസ്വരതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും ആരുടെ ബഹുസ്വരതയെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. തീര്‍ച്ചയായും അടിച്ചമര്‍ത്തപ്പെട്ടവരുടെ നീതിക്കായുള്ള ബഹുസ്വരത, അതായത് കൃത്യമായ പക്ഷം ചേര്‍ന്നുള്ള ബഹുസ്വരതയെ പ്രതിനിധാനം ചെയ്യാന്‍ മാത്രമേ ഒരു ഇസ്‌ലാമിക സമൂഹത്തിനു കഴിയൂ. ദക്ഷിണാഫ്രിക്കയിലെ ഇസ്‌ലാമിക പണ്ഡിതനായ ഫരീദ് ഇസാക്ക് സൗത്ത് ആഫ്രിക്കയിലെ ഇന്റര്‍ ഫെയ്ത്ത് ഡയലോഗുകാരേയും കേവലമായ ബഹുസ്വരവാദികളേയും കൈകാര്യം ചെയ്യുന്നുണ്ട്. വെള്ളക്കാരല്ലാത്തവരെ വംശവെറിയോടെ കാണുന്ന അപ്പാര്‍തീഡ് വ്യവസ്ഥയില്‍ കേവല കമ്മ്യൂണല്‍ ഹാര്‍മ്മണിയുടെ, തങ്ങളുടെ സുരക്ഷിതത്വം മാത്രം കണ്‍സേണാക്കി കൊണ്ടുള്ള അരാഷ്ട്രീയമായ ബഹുസ്വരതയല്ല; (അത്തരം അരാഷ്ട്രീയമായ ബഹുസ്വരത ഒരിക്കലും സുരക്ഷിതത്വമോ സമാധാനമോ തരില്ലെന്നത് ഇന്ത്യന്‍ മുസ്‌ലിംകളുടെ തന്നെ അനുഭവമാണല്ലോ) മറിച്ച് നീതിക്കു വേണ്ടിയുള്ള മര്‍ദ്ദിതരുടെ രാഷ്ട്രീയമായ ബഹുസ്വരതയാണ് വേണ്ടതെന്ന് ഫരീദ് ചൂണ്ടിക്കാണിക്കുന്നു. ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം തങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ബഹുസ്വരത എന്ന കാര്യം കൂടി മുസ്‌ലിം സാമൂഹിക സംഘടനകള്‍ മനസ്സിലാക്കണം എന്നുള്ളതാണ്. തങ്ങളുടെ സംസ്‌കാരത്തെ ഗോപ്യമാക്കിക്കൊണ്ടോ അമര്‍ത്തിപ്പിടിച്ചോ അല്ല ബഹുസ്വരത ഉണ്ടാകുന്നത്. മറിച്ച് അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കാനുള്ള അവസരമുണ്ടാകുമ്പോഴാണ്. തങ്ങളുടെ സംസ്‌കാരങ്ങളും രീതികളും പൊതുസമൂഹത്തിന് പരിചിതമാകുമ്പോഴാണ് ഒരു ന്യൂനപക്ഷസമൂഹത്തിന് അല്‍പ്പമെങ്കിലും അസ്തിത്വമുള്ളത് എന്നു മനസ്സിലാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അരികുവത്കരണത്തിന് ആക്കം കൂട്ടുകയേ ഇത്തരം സമീപനങ്ങള്‍ ചെയ്യുകയുള്ളൂ.

18920472_1378015832276823_6347581939791249970_nസംഘ് പരിവാര്‍ നേതാക്കളേയും സഹയാത്രികരേയും വേദിയിലിരുത്തി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ കാരണം തിരയുമ്പോള്‍ അതിനുള്ള കാരണം മനസ്സിലാകുന്നത് ഹിന്ദുത്വത്തെ സാമൂഹ്യശാസ്ത്രപരമായി മനസ്സിലാക്കുന്നതില്‍ അബദ്ധം പിണഞ്ഞു എന്നാണ്. അത്തരക്കാരെ വിളിച്ചു സൗഹൃദസംഗമം നടത്തിയാലോ വിരുന്നൂട്ടിയാലോ സംഘ്പരിവാറിന്റെ അടിത്തറയായ സെനോഫോബിക് പൊളിറ്റിക്സ് ഇല്ലാതായിത്തീരുമെന്ന് വിശ്വസിക്കുന്നത് കാര്യങ്ങളെ ലളിതയുക്തിയില്‍ കാണുന്നതുകൊണ്ടു കൂടിയാണ്. അരാഷ്ട്രീയമായ എന്തെങ്കിലും പരിപാടികള്‍ കൊണ്ടോ അത്തരക്കാരെ വിളിച്ചു വിരുന്നൂട്ടിയാലോ തീരാവുന്നത്ര ലളിതമല്ല സംഘ്പരിവാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധതയും അപരമത വിദ്വേഷവും എന്നു നാം മനസ്സിലാക്കണം. ഇന്ത്യയില്‍ നടന്ന മുസ്‌ലിം വംശഹത്യകളില്‍ അപരിചിതര്‍ മാത്രമല്ല, അടുത്തിടപഴകുന്നവര്‍ വരെ സജീവമായി മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞതായി കാണാം. ബലി പെരുന്നാളിന് അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് മട്ടണ്‍ബിരിയാണി കഴിച്ച അയല്‍വാസികള്‍ തന്നെയാണ് അദ്ദേഹത്തെ തല്ലിക്കൊല്ലാനും മുന്നിലുണ്ടായിരുന്നത്. ഹിന്ദുത്വത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തെക്കുറിച്ചും അവര്‍ എങ്ങനെയാണ് തങ്ങളുടെ തന്ത്രങ്ങള്‍ സമൂഹത്തില്‍ സൂക്ഷ്മമായി നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ചും വളരെ സൂക്ഷ്മതയോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. സര്‍വ്വവ്യാപിയും സൂക്ഷ്മവുമായ ഹിന്ദുത്വ തന്ത്രങ്ങളെ നേരിടാന്‍ ഇത്തരം ഉപരിപ്ലവമായ സൗഹൃദ സംഗമങ്ങള്‍ കൊണ്ടു കഴിയില്ല എന്നു നാം മനസ്സിലാക്കണം. മറിച്ച് ഹിന്ദുത്വത്തിന് പൊതുസമ്മതി നേടിക്കൊടുക്കാനും രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കാനും അവസരം നല്‍കുക എന്ന നേട്ടമാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ അവര്‍ക്കു ലഭിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിലെ അരാഷ്ട്രീയരായ ഹിന്ദു മധ്യവര്‍ഗ്ഗം അതിവേഗം ഹിന്ദുത്വവത്കരിച്ചു കൊണ്ടിരിക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ ഇത്തരം പരിപാടികള്‍ ആത്മഹത്യാപരമാണ് .

നിലനില്‍പ്പിനെക്കുറിച്ചുള്ള ഭീതിയും ഇത്തരം സംഗമങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നാണ്. ഭീതിയും വിശപ്പും വലിയ വിപത്തായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഭയത്തില്‍ നിന്ന് നിര്‍ഭയത്വവും വിശപ്പില്‍ നിന്നു സുഭിക്ഷതയും ഖുറൈശികള്‍ക്കു നല്‍കിയതും വലിയൊരു അനുഗ്രഹമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ നിലനില്‍പ്പു ഭീതിയുണ്ടാകുക എന്നതു വലിയൊരു ദുരന്തമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്നത് ഇതില്‍ നിന്ന് മനസ്സിലാക്കാം. അതിനാല്‍ ഒരു വിമോചന പ്രസ്ഥാനത്തിനുണ്ടാവേണ്ട അടിസ്ഥാനപരമായ ഗുണം എന്തെന്നാല്‍ അതൊരിക്കലും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ഭീതി കീഴ്പ്പെടുത്താന്‍ അനുവദിക്കില്ല എന്നതാണ്. ഫറോവയും കിങ്കരന്‍മാരും മൂസയേയും ഇസ്രയേല്‍ സമൂഹത്തേയും പിന്തുടര്‍ന്നപ്പോഴും അല്ലാഹുവിലുള്ള അചഞ്ചലമായ പ്രതീക്ഷ മൂസാ നബിക്കുണ്ടായിരുന്നു. ഒരിക്കല്‍ പോലും ആത്മവിശ്വാസക്കുറവിന്റേതായ ലാഞ്ചന മൂസാ പ്രവാചകനില്‍ കാണാന്‍ നമുക്കു കഴിയില്ല. മക്കാ കാലഘട്ടത്തില്‍ കൊടിയ പീഢനങ്ങള്‍ നേരിടുമ്പോഴും പ്രതീക്ഷ കൊടുക്കുന്നതില്‍ പ്രവാചകന്‍ ശ്രദ്ധാലുവായിരുന്നതായി കാണാം. ഖബ്ബാബിനോടും ബിലാലിനോടും മറ്റു സ്വഹാബാക്കള്‍ക്കും അവിടുന്ന് പ്രതീക്ഷ നല്‍കിയിരുന്നു.

19237814_1391795980898808_5660570670720902924_o

ഉപരിപ്ലവമായ ബഹുസ്വരതക്ക് വേണ്ടി വാദിക്കുന്ന സുഹൃത്തുക്കള്‍ പറയുന്നത് തങ്ങളൊരു പ്രബോധന സംഘമാണെന്നാണ്. എന്നാല്‍ ശഹാദത്ത് എന്ന സത്യസാക്ഷ്യത്തിന്റെ സമഗ്രതയെ കേവലമായ ദഅ്‌വത്ത് ആയി ചുരുക്കുകയാണ് അവര്‍ ചെയ്യുന്നത്. സൈദ്ധാന്തിക തലത്തില്‍ ഇസ്‌ലാമിന്റെ സമഗ്രത ഊന്നിപ്പറയുമ്പോഴും പ്രായോഗികമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖതയാണ് ശഹാദത്തിനെ കേവലം ദഅവത്ത് ആയി ചുരുക്കുന്നതിലൂടെ വെളിവാക്കപ്പെടുന്നത്. മറ്റൊന്ന് ദഅവാ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്നു ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പലയിടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കാനെന്ന പേരില്‍ നിയമങ്ങള്‍ പാസ്സായിട്ടുണ്ട്. മതം മാറ്റം പ്രായോഗികമായി അസാധ്യമാക്കുന്ന പല നിയമപരമായ നിബന്ധനകളും ഇതില്‍ കാണാന്‍ കഴിയും. മാത്രമല്ല പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് കേസുകളില്‍ കുടുക്കുന്ന സംവിധാനം ഇന്നു കേരളത്തില്‍ പോലുമുണ്ട്. ഹാദിയ കേസില്‍ ഹൈക്കോടതി മതം മാറ്റത്തെ ഭീതിയോടെ കാണുന്നത് ജഡ്ജ്മെന്റ് വായിച്ചാല്‍ നമുക്ക് കാണാം. മാത്രമല്ല ആ കേസില്‍ പെണ്‍കുട്ടിക്ക് ശഹാദത്ത് ചൊല്ലിക്കൊടുത്ത സഹപാഠികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്തിരുന്നു .നിലവില്‍ ഹാദിയയുടെ വിഷയം തന്നെയെടുക്കുക. വീട്ടു തടങ്കലിനു സമാനമായ അവസ്ഥയിലൂടെയാണ് ആ കുട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പറഞ്ഞു വരുന്നത് ഇന്ന് പ്രബോധന സ്വാതന്ത്ര്യം പോലും ഇന്ത്യയില്‍ പലയിടത്തും ഇല്ല എന്നതാണ്. രാഷ്ട്രീയ കാലാവസ്ഥയാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്. പ്രബോധനം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണെന്നിരിക്കെ ഹിന്ദുത്വ ശക്തികള്‍ക്ക് കൂടുതല്‍ മൈലേജ് നല്‍കുന്നതിലൂടെ തങ്ങള്‍ പറയുന്ന ദഅവത്ത് അസാധ്യമാക്കുന്ന രാഷ്ട്രീയത്തെയാണ് ഈ സംഘടനകള്‍ തന്നെ അറിഞ്ഞോ അറിയാതെയോ പ്രമോട്ട് ചെയ്യുന്നത്. സവര്‍ണ്ണപൊതുബോധത്തിനടിമപ്പെട്ട ഇടതുപാര്‍ട്ടികളും മറ്റുള്ളവരും വില്ലനായി ചിത്രീകരിച്ചു മാറ്റി നിര്‍ത്തുന്ന തങ്ങളുടെ തന്നെ സഹോദര പ്രസ്ഥാനങ്ങളെ അവര്‍ സാധാരണയായി വിളിക്കാറുണ്ടായിരുന്നില്ല എന്നതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതായുണ്ട്.

19401938_1391798327565240_5458734781269138465_o

ഇതില്‍ നിന്നു ഭിന്നമായ ചില സമീപനങ്ങള്‍ ഇടക്കാലത്തുണ്ടയാത് ആശാവഹമാണ്. ഇഫ്ത്താര്‍ സൗഹൃദസംഗമങ്ങളില്‍ സംഘ്പരിവാര്‍ നേതാക്കളേയും സഹയാത്രികരേയും വിളിക്കേണ്ടതില്ല എന്നു ചില മുസ്‌ലിം സംഘടനകള്‍ തീരുമാനമെടുത്തതായി കേള്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഈ മാറ്റം വളരെ നല്ല ദിശയിലേക്കുള്ള സൂചന തന്നെയാണ്. ഈ വര്‍ഷം ഡല്‍ഹിയിലും മലപ്പുറത്തും പാലക്കാടും എസ്.ഐ.ഒ നടത്തിയ ഇഫ്താറുകള്‍ ശ്രദ്ധേയമായിരുന്നു.പശുദേശീയത രാജ്യത്ത് സംഹാരതാണ്ഠവമാടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ വേട്ടയായലിനു വിധേയമാക്കപ്പെട്ട് കൊല്ലപ്പെട്ട ശഹീദ് പെഹ്ലുഖാന്റെ കുടുംബവും ജെഎന്‍യുവില്‍ എബിവിപിക്കാരുടെ മര്‍ദ്ദനമേല്‍ക്കുകയും പിന്നീട് തിരോഭവിക്കുകയും ചെയ്ത നജീബിന്റെ കുടുംബവുമായിരുന്നു അവരുടെ അതിഥികളായിട്ടുണ്ടായിരുന്നത്. സമാനമായ ഇഫ്ത്താറായിരുന്നു മലപ്പുറത്തും കാസര്‍ഗോഡും അവര്‍ നടത്തിയത്. മലപ്പുറത്ത് ആര്‍എസ്എസ് ഭീകരവാദികളാല്‍ കൊല്ലപ്പെട്ട യാസിറും കുടുംബവും കൊടിഞ്ഞി ഫൈസലിന്റെ നിയമസഹായ സമിതിയുടെ പ്രതിനിധിയും ഹാദിയയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സത്യസരണിയുടെ ലീഗല്‍ അഡൈ്വസറും വ്യക്തിയും പങ്കെടുത്തിരുന്നു. പതിവു ഇഫ്ത്താര്‍ സദസ്സുകളില്‍ നിന്നും ഇവ വ്യത്യസ്തമാകുന്നുണ്ട്. പലപ്പോഴും മുകളില്‍ സൂചിപ്പിച്ച പോലുള്ള ഇഫ്ത്താറുകളില്‍ പരസ്പരമുള്ള പുകഴ്ത്തലുകളും പൊള്ളയായ ഭാഷണങ്ങള്‍ കൊണ്ടും റമദാനിലെ പുണ്യരാവുകളെ മടുപ്പിക്കാറാാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയമായൊരു ഐക്യദാര്‍ഢ്യത്തിന്റെ, നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒന്നായി മാറി ഇത്തരത്തിലുള്ള ഇഫ്ത്താറുകള്‍. കൂടാതെ ഗോവിന്ദപുരത്ത് അയിത്തത്തിനെതിരെ പോരാടുന്ന ചക്ലിയ സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടു നടന്ന ഇഫ്ത്താറും വേറിട്ടൊരു അനുഭവമായിരുന്നു. ഭയത്തിന്റെയും ആത്മവിശ്വാസമില്ലായ്മയുടേയും ഫലമായി നടത്തിയിരുന്ന സൗഹൃദസംഗമങ്ങളില്‍ നിന്നും വ്യത്യസ്തമായി ആത്മവിശ്വാസത്തിന്റേയും പ്രതിഷേധത്തിന്റേയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലൂന്നിയ ബഹുസ്വരതയുടേയും ഒരു രാഷ്ട്രീയമാണ് ഇത്തരം ഇഫ്ത്താറുകള്‍ മുന്നോട്ടു വെക്കുന്നത്.

അഡ്വ. അബ്ദുല്‍ കബീര്‍