Campus Alive

ജാഗ: അരികുകളിലെ ഓർമ്മകൾ

”ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് . ഭൂത കാലം തന്നെ അസന്നിഹിതമാക്കപ്പെടുന്നു. അല്ലെങ്കില്‍ കാല്പനികവല്‍ക്കരിക്കപ്പെടുന്നു. ഭൂതകാലത്തിന്റെ സത്യങ്ങളെ അന്വേഷിക്കുന്നത് അധീശ സംസ്‌കാരം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ എക്കാലത്തെക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ് .”
ടോണി മോറിസന്‍ (ലിവിംഗ് മെമ്മറി)

മറവികള്‍ക്കെതിരെ ഓര്‍മകളുടെ സമരമാണ് രാഷ്ട്രീയമെന്ന് പറഞ്ഞത് മിലന്‍ കുന്ദേരയാണ്. പശുവിനെ കുളിപ്പിക്കുന്നത് മുതല്‍ കറക്കുന്നത് വരെയുള്ളത് മുഴുവന്‍ കാര്യങ്ങള്‍ പശുവിന്റെ പുറത്ത് എഴുതി വെച്ചില്ലെങ്കില്‍ നാം മറന്ന് പോകുമെന്ന് ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ മാര്‍കേസ് പറയുന്നുണ്ട്. തങ്ങള്‍ക്ക് ‘നഷ്ട്ടപ്പെട്ട’/ തങ്ങളില്‍ നിന്ന്  ‘കവര്‍ന്നെടുക്കപ്പെട്ട’ സുവര്‍ണ ഭൂതകാലത്തെ തിരികെ കൊണ്ട് വരാനും ഉപഭൂഖണ്ഡത്തെ ഒരു ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാനും, ഐതിഹ്യങ്ങളും കെട്ടുകഥകളും നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞു കൃത്രിമമായ ഓര്‍മ്മകള്‍ ഉത്പാദിപ്പിക്കുകയും അത് സത്യമാണെന്ന് ബ്രാഹ്മണികവാദികള്‍ പറഞ്ഞു നടക്കുകയും ചെയ്യുന്ന രാജ്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക മണ്ഡലങ്ങളെയൊന്നാകെ ചൂഴ്‌ന്നിറങ്ങിയിരിക്കുന്ന ബ്രാഹ്മണിസത്തിനു ബദല്‍ ഈ രാജ്യത്തിലെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളായ ദളിത് – മുസ്‌ലിം- ആദിവാസി – പിന്നോക്ക വിഭാഗങ്ങളുടെ സഹോദര്യത്തിലധിഷ്ടിതമായ ഐക്യമാണെന്നും, അതല്ല കേവല ലാല്‍സലാം- നീല്‍സലാം മുദ്രാവാക്യങ്ങളുയര്‍ത്തി ബി .ജെ .പിയെയോ അതിന്റെ പോഷക സംഘടനകളെയോ ഇലക്ഷനുകളില്‍ തോല്‍പ്പിച്ചാല്‍ ഫാസിസം ഇല്ലാതാവും എന്ന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും ക്യാമ്പസുകളിലുമുള്ളവര്‍ കരുതുന്ന ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലയാള കേരള പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറും കവിയുമായ എം.ബി മനോജിന്റെ നോവല്‍ -ജാഗയെ മുന്‍നിര്‍ത്തി വായിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.

പലപ്പോഴും പലയിടത്തും കേട്ടതും വായിച്ചതുമായ അനുഭവക്കുറിപ്പുകളുടെ നോവല്‍ ഭാഷ്യമാണ് ‘ജാഗ’. ജാഗ എന്നാല്‍ സ്ഥലം ഇടം, താല്‍കാലിക സ്ഥലം എന്നൊക്കെയാണ് അര്‍ഥം. നോവലില്‍ നേരിട്ട് പേര് പറയുന്നില്ലെങ്കില്‍ പോലും തങ്ങളുടെ ചെങ്കോട്ട എന്ന് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്. എഫ്. ഐ ആവര്‍ത്തിച്ചാവര്‍ത്തിച്ചു മേനി നടിക്കാറുള്ള എറണാകുളം മഹാരാജാസ് കോളേജാണ് നോവലിന്റെ പ്രമേയ പരിസരമെന്ന് വായനക്കാരന് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും വിധമാണ് നോവലിലെ വിവരണം. പ്രസ്തുത കോളേജ് പരിസരത്ത് ആറു വര്‍ഷത്തിലധികം താമസിക്കുകയും എറണാകുളം മഹാരാജാസ് കോളേജിലെ രാഷ്ട്രീയത്തെ തൊട്ടപ്പുറത്തെ എറണാകുളം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്ന് നോക്കി കാണുകയും ഒരവസരത്തില്‍ ‘അനുഭവിച്ചറിയുകയും’ ചെയ്ത ആളെന്ന നിലയില്‍ ജാഗയുടെ വായന തികച്ചും വ്യക്തിനിഷ്ട്ടം കൂടിയായിരുന്നു. പോസ്റ്റ് 9/11 -ലവ് ജിഹാദ് വിവാദാനന്തര ക്യാമ്പസില്‍ തീവ്രവാദി -മത മൗലികവാദി വിളികള്‍ ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കാന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ഥി ജീവിത പരിസരത്ത് നിന്ന് കൊണ്ട് തൊണ്ണൂറുകളിലേക്ക്/ രണ്ടര പതിറ്റാണ്ടിനപ്പുറത്തെ അനുഭവലോകത്തേക്ക് ഒരു മുസ്‌ലിം വിദ്യാര്‍ഥിയെന്ന നിലയിലുള്ള സ്വാഭാവികമായ, പലയര്‍ത്ഥത്തിലുള്ള പരകായ പ്രവേശനം കൂടിയായിരുന്നു ജാഗയുടെ വായന. മണ്ഡല്‍- മസ്ജിദ് കാലഘട്ടത്തിലെ കേരളീയ ക്യാമ്പസുകളിലെ രാഷ്ട്രീയ ചലനം എന്തായിരുന്നുവെന്ന് അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ നോവലാണ് ഇതെന്ന് നിസ്സംശയം പറയാം.

എം. ബി മനോജ്

ഇടുക്കിയിലെ മലയോര മേഖലയില്‍ നിന്നും തൊണ്ണൂറുകളുടെ തുടക്കത്തില്‍ മഹാരാജാസില്‍ പഠിക്കാനെത്തുന്ന വിനയദാസ് എന്ന ദളിത് വിദ്യാര്‍ഥിയുടെ കാഴ്ചപ്പാടിലൂടെയാണ്, ഓര്‍മകളിലൂടെയുമാണ് നോവല്‍ മുന്നോട്ട് പോകുന്നത്. കാക്ക ബോംബിംഗ്, ഡബിള്‍ ഒമ്ലെറ്റ് താറാവ് തുടങ്ങി രസകരമായ തലക്കെട്ടുകളുള്ള അധ്യായങ്ങള്‍ നഗരത്തിന്റെയും രാത്രിയുടെയും പോലീസ് സര്‍വൈലന്‍സിന്റെയും അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ കാണിക്കുമ്പോള്‍ മനുവും കൌടില്യനും, ചട്ടുകങ്ങള്‍, സംഘാടനം, ആര്‍. സി. യു ബിനോയിയോട് ഞെളിഞ്ഞത് തുടങ്ങി അവസാന അദ്ധ്യായങ്ങള്‍ വരെ അക്കാലത്ത് (ഇക്കാലത്തെയും) കീഴാള വിദ്യാര്‍ഥികളെ ക്യാമ്പസിലെ പ്രബല വിദ്യാര്‍ഥി പ്രസ്ഥാനം എങ്ങനെയാണ് കീഴാള വിഭാഗത്തിലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉപയോഗിക്കാനുള്ള ചട്ടുകങ്ങളാക്കിയിരുന്നത് എന്നതും നമുക്ക് കാണിച്ചു തരുന്നു. ഹ്രസ്വവും ദീര്‍ഘവുമായ അധ്യായങ്ങളും പലയാളുകളുടെ പല കാലങ്ങളിലെ ഓര്‍മകളും എഴുത്തും കത്തുകള്‍, ഡയറി കുറിപ്പ് തുടങ്ങി പല ഫോര്‍മാറ്റിലാണ് നോവലിന്റെ അവതരണ ശൈലിയെങ്കിലും വിനയദാസിന്റെ ഓര്‍മകളിലാണ് പല അധ്യായങ്ങളും തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത്.

വിനയദാസ് ഇടയ്ക്കിടെ തന്റെ വീടിനെ കുറിച്ചും താന്‍ കോളേജിലേക്ക് കടന്നു വരാന്‍ കാരണക്കാരായ പലയാളുകളെ കുറിച്ചും ഓര്‍ക്കുന്നുണ്ട്. നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രത്തിനും അവര്‍ കടന്നു വന്ന ദുരിതപൂര്‍ണമായ ജീവിത പരിസരമുണ്ട്. ആ ജീവിതത്തെ ക്യാമ്പസ് ജീവിതത്തില്‍ മറി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘ക്യാമ്പസ് രാഷ്ട്രീയത്തിലെ പ്രബലര്‍’ മാനസികമായും ശാരീരികമായും തീര്‍ക്കുന്ന വെല്ലുവിളികളും അതിനെ ഒരു പറ്റം കീഴാള വിദ്യാര്‍ഥികള്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചും രാഷ്ട്രീയമായി ചെറുത്തു തോല്‍പ്പിക്കുന്നതെങ്ങനെയെന്നതും ഇപ്പോള്‍ ദളിത് -ഇടതു ഐക്യത്തെ കുറിച്ച് വാചാലാകുന്നവരും രോഹിതാനന്തര വിദ്യാര്‍ഥി രാഷ്ട്രീയ പരിസരത്ത് ഇടപെടുന്ന ഓരോ വിദ്യാര്‍ഥിയും വായിച്ചിരിക്കേണ്ടതാണ്.

കെ .കെ ബാബുരാജ് മഹാരാജാസ് കോളേജിലെ തന്റെ ബിരുദ പഠന കാലത്തെ കുറിച്ചുള്ള ആത്മകഥാപരമായ ”അപരമഹാരാജസുകള്‍ ഇതര എണ്‍പതുകള്‍’ എന്ന തലക്കെട്ടിലുള്ള എഴുത്തില്‍ പ്രശസ്ത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരനായ ലിറോയ് ജോണ്‍സ് (അമിരി ബറാക്ക) അമേരിക്കയിലെ പ്രമുഖമായൊരു കലാലയത്തിലെത്തിയപ്പോള്‍ അവിടുത്തെ അന്തരീക്ഷം തന്നെ ‘അദൃശ്യനാക്കുന്ന’തായും ‘അസഹ്യമായ എന്തിന്റെയോ അവശിഷ്ടമാണ്’ താനെന്ന തോന്നലുളവാക്കിയതിനെ കുറിച്ചും എഴുതിയിട്ടുണ്ട്. 1980-90 കളിലും ഇന്നും കേരളത്തിലെ പ്രധാന കലാലയങ്ങളിലെത്തുന്ന കീഴാള വിദ്യാര്‍ത്ഥികളുടെ ബോധ്യവും സമാനമായ വിധത്തിലാകാനാണ് സാധ്യതയെന്നും അദ്ദേഹം പ്രസ്തുത കുറിപ്പില്‍ ചൂണ്ടി കാണിക്കുകയുണ്ടായിട്ടുണ്ട്. ‘രാജകീയ കലാലയം’ എന്ന വരേണ്യ കാല്പനികതയിലും അതിന് അനുബന്ധമായിട്ടുള്ള ജനപ്രിയ ഇടതുപക്ഷ ഭാഷ്യങ്ങളിലൂടെയുമാണ് മഹാരാജാസിനെകുറിച്ചുള്ള വിഭാവനകള്‍ രൂപപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. പ്രസ്തുത നിരീക്ഷണത്തെ ശരിവെക്കും വിധം മെക്‌സിക്കന്‍ അപാരതയും, പൂമരവും പോലുള്ള ക്യാമ്പസ് നൊസ്റ്റാല്‍ജിയകള്‍ പകരുന്ന സിനിമകള്‍ മുന്നോട്ട് വെക്കുന്ന, ഇടതു ഗൃഹാതുരത്വത്തിന്റെ നിറവും മണത്തിനുമപ്പുറമുള്ള ഒരു മഹാരാജാസിനെ കുറിച്ചുള്ള വിവരണം ജാഗയില്‍ നമുക്ക് കാണാം. അങ്ങനെയൊരു മഹാരാജാസിനെ അനുഭവിച്ചറിഞ്ഞ ഒരു പറ്റം വിദ്യാര്‍ഥികളുടെ അതിജീവനത്തിന്റെ കഥയാണ് എം. ബി മനോജിന്റെ ‘ജാഗ’. അവരുടെ ഇടപെടലുകള്‍ ഒരു വന്‍ ചലനമൊന്നും ആയിരുന്നില്ല എന്ന് നോവലിസ്റ്റ് പുസ്തകത്തിന്റെ പുറം ചട്ടയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അവരുടെ ഇടപെടലുകള്‍ അടയാളപ്പെടുത്തപ്പെടെണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.

കെ കെ ബാബുരാജ്

നോവലിന്റെ രണ്ടാം അധ്യായത്തില്‍ കോളേജില്‍ അഡ്മിഷനെടുത്ത് തനിക്കനുവദിച്ച ഹോസ്റ്റല്‍ മുറിയിലെത്തുന്ന വിനയദാസിനോട് വാസു എന്ന കഥാപാത്രം പറയുന്ന വാക്കുകള്‍ ‘ഒന്നും അറിയാതെ, ഒരു മരിച്ച മനുഷ്യനായി ഇവിടെ ജീവിക്കാം. ആര്‍ക്കും കേറി മെനയാന്‍ പാകത്തിന്. ഇനി, എന്തെങ്കിലും ചില തിരിച്ചറിവോടെയും ജീവിക്കാം. അതു മാത്രമാണിത്. അത്ര മാത്രം. പുറത്തറിയുന്നതല്ല രാജകീയ കലാലയത്തിന്റെ നിഗൂഢ ലോകം. അതില്‍ പെട്ട് നശിക്കാന്‍ പാടില്ല. ഇത് നശിക്കാന്‍ വേണ്ടിയല്ല. ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാന്‍ ശ്രമിച്ച ചില വിദ്യാര്‍ഥികളുടെ, നിലനില്‍പ്പിനായുള്ള അവസാനത്തെ വഴികള്‍ മാത്രം’. ഇത് കെ കെ ബാബുരാജ് സൂചിപ്പിച്ച മഹാരാജാസിന്റെ അപര മുഖം വെളിപ്പെടുത്തുന്നുണ്ട്

ജാഗയില്‍ രാഷ്ട്രീയമുണ്ട്, പ്രണയമുണ്ട്, വേദനയും രോഷവുമൊക്കെയുണ്ട്. അടിത്തട്ടില്‍ നിന്നും തങ്ങളുടെ ജനതയുടെ ഉയര്‍ച്ചക്കായി നഗരങ്ങളില്‍ എത്തുന്നവര്‍ അഭിമുഖീകരിക്കുന്ന ദുരിതങ്ങളുണ്ട്. ഇടക്ക് വെച്ച് പഠനം നിര്‍ത്തി പോകുന്നവരുടെ ജീവിത ചിത്രങ്ങള്‍, അവര്‍ മടങ്ങി പോകുമ്പോള്‍ നഗരത്തിന്റെതായ എല്ലാ മുഷിപ്പുകളും മണങ്ങളുമുള്ള തങ്ങളുടെ നാഗരിക വേഷങ്ങള്‍ കൂടി ഉപേക്ഷിച്ചു പോകുന്നത്, ആധുനികത ഒരാള്‍ ആര്‍ജിച്ചെടുത്ത അറിവിനെ അംഗീകരിക്കുമ്പോള്‍ ആധുനികാനന്തരം അറിവ് പകര്‍ന്നു തരുന്ന വ്യക്തി ആര് എന്നതിനെയും പരിഗണിക്കപ്പെടും വിധം മാറിയതിനെ കുറിച്ച്, ഇന്ത്യയില്‍ വ്യക്തിത്വം എന്നത് മതവും വംശവും ജനിച്ച സമുദായവുമായി മാറുന്നതിനെ കുറിച്ചുമൊക്കെ ജാഗ വിവരിക്കുന്നു.

നോവലിലെ കഥാപാത്രമായ അനിരുദ്ധനെ സഹായിക്കാന്‍ എല്‍സ തന്റെ മൊട്ടു കമ്മലുകള്‍ ഊരികൊടുക്കവേ അവര്‍ തമ്മിലുള്ള പ്രണയ സംഭാഷണം നടക്കുന്നത് ഒരു ബുക്ക് ഷോപ്പിലാണ്. മുല്‍ക്ക് രാജ് ആനന്ദിന്റെ Two Leaves and a Bud എന്ന പുസ്തകം നല്‍കി ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നും Untouchables എന്ന നോവലിലൂടെ നമ്മളെ കുറിച്ചൊക്കെ ഇംഗ്ലീഷില്‍ എഴുതിയ ആളാണ് മുല്‍ക്ക് രാജ് ആനന്ദ് എന്ന് എല്‍സയോട് അനിരുദ്ധന്‍ പറയുന്നു. ഡോ. അംബേദ്കര്‍ മുല്‍ക്ക് രാജ് ആനന്ദിനെ അഭിമുഖം നടത്തിയത് ഓര്‍ത്തെടുത്ത് എല്‍സ നല്‍കുന്ന മറുപടിയും അവരുടെ സംഭാഷണവും തൊണ്ണൂറുകളിലെ ക്യാമ്പസിലെ പ്രണയങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ ഏറെ പ്രധാനമാണ്. സോവിയറ്റ് റഷ്യയെന്ന ചിതറിതെറിച്ച സ്വപ്നത്തെ കുറിച്ചോര്‍ത്ത് പരസ്പരം കണ്ണുകളില്‍ നോക്കി മഹാരാജാസിന്റെ സമരമരത്തണലില്‍ ഖിന്നരായിയിരിക്കുന്ന തൊണ്ണൂറുകളിലെ കാല്‍പനിക കാമുകീ കാമുകന്മാരെന്ന ഇടതു നൊസ്റ്റാല്‍ജിയകളിലെ ക്യാമ്പസ് പ്രണയങ്ങളുടെ ഫ്രെയ്മിനെ പൊളിക്കുന്നുണ്ട് അനിരുദ്ധനും എല്‍സയും തമ്മിലുള്ള സംഭാഷണം. (അത്തരമൊരു ഇടതു കാല്‍പനിക പ്രണയത്തെ കുറിച്ച് ക്ലാസ്സില്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന നിയമകലാലയത്തിലെ എന്റെ പൊളിറ്റിക്‌സ് അദ്ധ്യാപകന്‍ പുളിക്കന്‍ മാഷിനോട് സ്‌നേഹം)

മുല്‍ക് രാജ് ആനന്ദ്

നോവലില്‍ ഇടയ്ക്ക് ഒരിടത്ത് ചിന്തകനും എഴുത്തുക്കാരനുമായ കെ.കെ കൊച്ച് കഥാപാത്രമായി കേറി വരുന്നുണ്ട്. മറ്റു പല പരിചിത നാമങ്ങള്‍ ഉണ്ട്. ചിലരെ നാമരഹിതരായി നിര്‍ത്തിയിട്ടുണ്ട്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി ബില്‍, കൊലചെയ്യപ്പെട്ട സത്യസന്ധനായ എഫിഷ്യന്‍സിയുണ്ടായിരുന്ന ഐ. എ. എസ് ഓഫീസറെ കുറിച്ചുള്ള ഓര്‍മ്മകള്‍, മെറിറ്റോക്രസി എന്ന തട്ടിപ്പും സംവരണത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍, ഉടഞ്ഞു വീണ മസ്ജിദ് തുടങ്ങിയ തൊണ്ണൂറുകളില്‍ വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങളൊക്കെ പല സന്ദര്‍ഭങ്ങളില്‍ നോവലില്‍ കടന്നു വരുന്നു.

ലോകമെമ്പാടും മാര്‍ക്സിസത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുന്ന സമയമാണിതെന്നും അക്കാദമിക്ക് പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല, മുഖ്യധാര മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ് മുതല്‍ മാതൃഭൂമി ആഴ്ചപതിപ്പ് വരെ മാര്‍ക്സിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എന്നാലും എന്തുകൊണ്ടാവും ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തവിധം, കേരളത്തിലെ ചില ദളിത് ചിന്തകര്‍ മാര്‍ക്സിസമെന്ന് കേള്‍ക്കുമ്പോഴെ രോഷാകുലരാക്കുന്നത്? എന്നൊക്കെ അപകടകരമായ രാഷ്ട്രീയ നിഷ്‌കളങ്കതയോടെ എഴുതുന്നവരും, ഇടതുപക്ഷത്തിന്റെ ദളിത് വിരുദ്ധതയെ കുറിച്ചെഴുതുന്ന ദളിത് ചിന്തകരോട് ദളിത് വിമോചനത്തിന്റെ നിറം കാവിയല്ല, നീലയുമല്ല അത് ചുവപ്പ് തന്നെയാണ് എന്നാവര്‍ത്തിച്ച് പറയുന്ന ഇടതുപക്ഷ വിദ്യാര്‍ഥി നേതാക്കളും ‘ജാഗ’ ഒരു തവണ മനസ്സിരുത്തി വായിക്കേണ്ടതുണ്ട്. ഓര്‍മ എക്കാലത്തെക്കാളും കൂടുതല്‍ അപകടത്തിലായ ഈ കാലത്ത് ‘ജാഗ’ വരും തലമുറകള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ദിശ കൃത്യമാക്കുന്നതിന് ഓര്‍മ്മകള്‍ കൊണ്ടുള്ള ഒരു പ്രതിരാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്.

അഡ്വ സി അഹ്മദ് ഫായിസ്‌