Campus Alive

മാപ്പിളസാഹിത്യത്തിനു മുഖ്യധാരയോട് പറയാനുള്ളത്

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-02-14 14:59:10Z | http://piczard.com | http://codecarvings.com

“കഴിഞ്ഞ കാലത്തെ മനസ്സിലാക്കലാണ് (Understanding past) ചരിത്രം” എന്ന് റൊമീല ഥാപ്പർ പറയുന്നുണ്ട്. ഒരു ജനത തങ്ങളുടെ സാംസ്കാരിക മൂലധനത്തെ അന്വേഷിക്കുമ്പോൾ അത് സവിശേഷമായി അടയാളപ്പെടുത്തപ്പെടുന്നു. എന്തുകൊണ്ട് അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ഒന്നായി ചരിത്രം മാറുന്നു, എന്നൊരു ചോദ്യമുണ്ട് നമുക്ക് മുമ്പിൽ. എഡ്വേർഡ് സെയ്ദിന്റെ വാക്കുകളിൽ അതിനുത്തരമുണ്ട് “വാഴുന്നോരും വിജയിച്ചവരുമാണ് ചരിത്രം രചിക്കുന്നത്” എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഒരു സമൂഹത്തിൽ ജ്ഞാനശാസ്ത്രപരമായും സംസ്കാരികമായും അധീശത്വം പുലർത്തുന്നവർ ചരിത്രത്തോടു നടത്തുന്ന നെറികേടിന്റെ സൂചനയുണ്ടതിൽ. അവിടം കേരളീയ സാഹിത്യ ചരിത്രം മാപ്പിള സാഹിത്യത്തെ എത്രമേൽ അഭിമുഖീകരിച്ചിട്ടുണ്ടെന്ന ചോദ്യമുന്നയിക്കുകയാണ് വി.ഹിക്മത്തുള്ളയുടെ ‘മാപ്പിള സാഹിത്യവും മലയാള ഭാവനയും’ എന്ന പുസ്തകം. പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം മാത്രമല്ലിത്, ഒരു ജനതയുടെ സാംസ്കാരിക മൂലധനത്തിന്റെ ചേർത്തുവെപ്പു കൂടിയാണ്. മലയാളീ ഭാവനയിൽ ഒരു നോവൽ ‘ലക്ഷണമൊത്തത് ‘ ആകുന്നതിന്റെ മാനദണ്ഡത്തെ അത് ചോദ്യം ചെയ്യുന്നു. അച്ചടി ആവശ്യാർത്ഥം രൂപപ്പെട്ട മാനക ഭാഷയോട് സ്വാഭാവികമായും ഉണ്ടാവുന്ന വിമുഖതയെ മലയാളത്തോടു തന്നെയുള്ള വിമുഖതയായി അടയാളപ്പെടുത്തിയതിനെ ചരിത്രപരമായി ഇത് നിഷേധിക്കുന്നു. മാനക ഭാഷയല്ല മാതൃഭാഷയെന്ന് പറഞ്ഞ് സാംസ്കാരികമായിത് ചെറുത്തുനിൽക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എഴുതപ്പെട്ട പടപ്പാട്ടുകൾ ഇന്ന് ബ്രിട്ടീഷ് ആർക്കൈവുകളിൽ മാത്രം കാണപ്പെടുന്നതിന്റെ കാരണമുണ്ട് ഈ പുസ്തകത്തിൽ, ബ്രിട്ടീഷുകാരനോട് കലാപം കൂട്ടാനുള്ള മാപ്പിളയുടെ സർഗാത്മക ആഹ്വാനങ്ങളായിരുന്നു അതെന്ന് നമുക്ക് പിടികിട്ടും. പലതും പിടിച്ചെടുക്കപ്പെട്ടതും നാടുകടത്തപ്പെട്ടതും പോരാട്ടങ്ങളുടെ ചരിത്രഗീതങ്ങളായിരുന്നു പടപ്പാട്ടുകൾ എന്നതുകൊണ്ടായിരുന്നു .

ദേശരാഷ്ട്രത്തിനു മുമ്പുള്ള ചരിത്രാനുഭവങ്ങളുണ്ടതിൽ, ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടു എന്നതിനാൽ ആധുനികപൂർവ്വമായ അതിജീവന ശ്രമങ്ങളൊക്കെയും ദേശ രാഷ്ട്രത്തെ സാധൂകരിക്കുന്നതാവണം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ? ആധുനികതയുടെ പദാവലികളിലും പരികൽപ്പനകളിലും നിർവചിക്കാവുന്നതല്ല നമ്മുടെ ചരിത്രാനുഭവങ്ങൾ എന്നും പുസ്തകം പറയുന്നുണ്ട്, മാത്രമല്ല മുഖ്യധാരാ ചരിത്ര വിശകലനങ്ങൾ അങ്ങനെയാണെന്നും ഇവിടം നിരീക്ഷിക്കപ്പെടുന്നു.

വാക്കുകൾ സൂക്ഷ്മമാവേണ്ടതിനെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. മതേതര ലിബറൽ വിഭാവനകൾ അർത്ഥം കൽപ്പിച്ച് വെള്ളപൂശി പുറത്തുവിടുന്ന ‘സഹിഷ്ണുത’യും ‘വർഗ്ഗീയത’യുമെല്ലാം അസൂക്ഷ്മമായി പ്രയോഗിക്കുന്നത് മുസ്‌ലിമിന് സ്വയം റദ്ദുചെയ്യുന്ന അനുഭവമായിരിക്കുമെന്നതാണത്. മോയിൻകുട്ടി വൈദ്യരും, കുഞ്ഞായിൻ മുസ്ലിയാരും, പൊൻകുന്നം സെയ്തുമുഹമ്മദും, അവസാനം കമലാ സുരയ്യയും ഇതിൽ വിഷയീഭവിക്കുന്നുണ്ട്. അവഗണിക്കപ്പെട്ടെന്ന വിലാപമായല്ല, ആത്മാഭിമാനത്തിന്റെ ഉണർത്തുപാട്ടായി മാപ്പിളക്ക് ഈ കൃതിയെ വിശേഷിപ്പിക്കാം. മുഖ്യധാരയായി സ്വയം പെരുമാറാൻ ഉപദേശിക്കുന്ന പുസ്തകം, ഉത്തരങ്ങൾ മാത്രം പറയേണ്ടവരല്ല നമ്മളെന്നും, ചോദ്യമുന്നയിക്കേണ്ടവരാണെന്നു കൂടി ഓർമിപ്പിക്കുന്നു. ” ചോദ്യങ്ങൾക്കൊരു കുഴപ്പമുണ്ട് ഉത്തരം ലഭിക്കുന്നത് വരെ അത് തുടർന്നുകൊണ്ടിരിക്കും” എന്ന് എം സുമിത്ര.

ഹാമിദ് മഞ്ചേരി