Campus Alive

വിപ്ലവാത്മകമായ പ്രണയത്തിന്റെ പുതിയ ആകാശങ്ങള്‍

ബ്ലാക്ക് റിയലിസ്റ്റ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന സുസന്നെ സെസായിര്‍ രണ്ടാം ലോകയുദ്ധക്കാലത്ത് മാര്‍ട്ടിനിക് (ഫ്രാന്‍സ്) ഭരിച്ചിരുന്ന മാര്‍ഷല്‍ ഫിലിപ്പ് പെറ്റെയ്‌നോട് പേപ്പറിന് റേഷന്‍ ആവശ്യപ്പെടുകയുണ്ടായി. കരീബിയനിലെ സര്‍റിയലിസത്തെയും കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്ന Tropiques എന്ന ജേര്‍ണലിന്റെ പ്രസിദ്ധീകരണത്തിന് വേണ്ടിയായിരുന്നു അവര്‍ പേപ്പര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭരണകൂടം അവരുടെ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. സെസായിറിന്റെ ജേര്‍ണല്‍ വംശീയവും ഫ്രഞ്ച് സംസ്‌കാരത്തിന് വിരുദ്ധവുമാണെന്നായിരുന്നു നാസി ഭരണകൂടത്തിന്റെ ആരോപണം. സമാനമായ സംഭവവികാസങ്ങളാണ് ഹൂറിയ ബൂത്‌ലെജയുടെ പുതിയ പുസ്തകവുമായി (Whites, Jews, and US: Toward a Politics of Revelutionary Love) ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. 2016 ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ അതിനെതിരെ മാധ്യമ ആക്രമണമുണ്ടായതാണ്. ഫ്രാന്‍സിലെ ഇടത്-വലത് ബുദ്ധിജീവികളെല്ലാം പുസ്തകത്തെ വിമര്‍ശിക്കുകയുണ്ടായി. വംശീയത ഉള്ളിലൊളിപ്പിച്ച വംശീയവിരുദ്ധയും നവ നാസിയുമാണ് ഹൂറിയയെന്ന് അവര്‍ ആരോപിച്ചു. സെസയിര്‍ സംഭവത്തിന് ശേഷം ഫ്രാന്‍സിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണിത് കാണിക്കുന്നത്.

സെസായിറിന്റെ സര്‍റിയലിസ്റ്റ് എഴുത്തിന്റെ പാരമ്പര്യം തന്നെയാണ് ഹൂറിയയും പിന്തുടരുന്നത്. ഇംപീരിയല്‍ ലോകക്രമത്തെയും അതിന്റെ നിഷ്‌കളങ്കതയെക്കുറിച്ച വാദങ്ങളെയുമാണ് ഹൂറിയ ആക്രമിക്കുന്നത്. വിമോചനാത്മകമായ ഒരു ഡീകൊളോണിയല്‍ രാഷ്ട്രീയ ഭാവനയെക്കുറിച്ചാണ് ബൂത്‌ലെജ സംസാരിക്കുന്നത്.

ആദ്യത്തെ അധ്യായം സാര്‍ത്രിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെയാണ് പരിശോധിക്കുന്നത്. അള്‍ജീരിയയിലെയും മിഡിലീസ്റ്റിലെയും കൊളോണിയല്‍ വിരുദ്ധ മിലിറ്റന്‍സിയെ പിന്തുണച്ച അതേ സാര്‍ത്ര് തന്നെയാണ് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തെ പിന്തുണച്ചത്. സാര്‍ത്രിന്റെ whiteness ആണ് അദ്ദേഹത്തെ ഒരേസമയം കൊളോണിയല്‍ വിരുദ്ധനും സയണിസ്റ്റ് അനുകൂലിയുമാക്കുന്നത് എന്നാണ് ഹൂറിയ പറയുന്നത്. whiteness ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ന്യൂനത എന്നാണ് അവരുടെ വാദം. സവിശേഷമായ ഒരു ദേശരാഷ്ട്രത്തെ ജൂതര്‍ക്കായി മുന്നോട്ടുവെച്ചതിലൂടെ യൂറോപ്പിലെ ജൂതരുടെ ഭാവിയെയാണ് അദ്ദേഹം ഇല്ലാതാക്കിയതെന്ന് ഹൂറിയ പറയുന്നുണ്ട്. ദേശരാഷ്ട്രം എന്ന ആശയത്തെ നെഞ്ചിലേറ്റുന്ന വെളുത്ത ഇടതുപക്ഷ സമീപനം തന്നെയാണ് സാര്‍ത്രും സ്വീകരിക്കുന്നത് എന്നവര്‍ ആരോപിക്കുന്നു.

തദ്ദേശീയനായ ഒരുത്തന്‍ വെളുത്തവന്റെ ആധിപത്യത്തിനെതിരെ നിലകൊള്ളുമ്പോള്‍ അതിലൂടെ അവന്‍ വെളുത്തവനെ സഹായിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഹൂറിയ പറയുന്നത്. അപ്പോഴാണ് വിപ്ലവാത്മകമായ പ്രണയം (Revolutionary Love) സാധ്യമാകുന്നത്. സി.എല്‍.ആര്‍ ജെയിംസിനെ ഉദ്ധരിച്ച് കൊണ്ട് ഹൂറിയ പറയുന്നു:’ വെളുത്ത യൂറോപ്യന്‍മാര്‍ക്ക് ജെയിംസ് വാഗ്ദാനം ചെയ്യുന്നത് അവര്‍ക്കെതിരെ പടപൊരുതിയ തന്റെ പൂര്‍വ്വികരായ നീഗ്രോകളുടെ ഓര്‍മ്മകളാണ്. അവര്‍ സ്വയം സ്വാതന്ത്ര്യം കരസ്ഥമാക്കിയതിലൂടെ നിങ്ങളെ കൂടിയാണ് സ്വതന്ത്രരാക്കിയത്.’ ബൂത്‌ലെജ പുസ്തകത്തിലുടനീളം ചെയ്യുന്നത് അമേരിക്കന്‍ വംശീയതയും ഫ്രഞ്ച് കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെ തുറന്നു കാണിക്കാനാണ്.

അള്‍ജീരിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരാണ് ബൂത്‌ലെജയുടെ കുടുംബം. ഫ്രാന്‍സിലെ അവരുടെ രാഷ്ട്രീയ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹിജാബുമായി ബന്ധപ്പെട്ട സംവാദങ്ങള്‍. അത്തരം സംവാദങ്ങളെ മുന്‍നിര്‍ത്തി വെളുത്ത ഫെമിനിസ്റ്റ് പാരമ്പര്യത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് പുസ്തകത്തിലൂടെ ഹൂറിയ അഴിച്ചുവിടുന്നത്. തദ്ദേശീയരായ സ്ത്രീകള്‍ ഒരേസമയം തന്നെ വെളുത്ത പുരുഷാധിപത്യത്തിന്റെയും തദ്ദേശീയ പുരുഷാധിപത്യത്തിന്റെയും ഇരകളാണ് എന്നാണ് ഹൂറിയ വാദിക്കുന്നത്. വെളുത്ത പുരുഷന്‍ തദ്ദേശീയ സത്രീയെ മനസ്സിലാക്കുന്നത് തദ്ദേശീയ പുരുഷന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായവള്‍ എന്നാണ്.

വളരെ റൊമാന്റിക്കായ തദ്ദേശീയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും ഹൂറിയ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. മാസ്‌കുലിന്‍ വയലന്‍സിനെ പാശ്ചാത്യ പുരുഷാധിപത്യത്തിന് കീഴില്‍ മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ട് എന്നാണ് ഹൂറിയ പറയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഫെമിനിസം ഒരു ആഢംബരമാണ്. വെളുത്തവനും യൂറോപ്യനും ക്രിസ്ത്യാനിക്കും മാത്രം സാധ്യമായ ആഢംബരമാണത്. അതിനാല്‍ തന്നെ തദ്ദേശീയമായ ചെറുത്തുനില്‍പ്പുകള്‍ ഈ അധികാര ഫെമിനിസത്തെയും തദ്ദേശീയ പുരുഷനും സ്ത്രീയും ഒരുപോലെ നേരിടുന്ന പാശ്ചാത്യ വയലന്‍സിനെയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം കറുത്ത സ്ത്രീകള്‍ നേരിടുന്ന പുരുഷാധിപത്യപരമായ വയലന്‍സിനെ കറുത്ത പുരുഷന്‍മാരുടെ പ്രശ്‌നമായി അവതരിപ്പിക്കുക എന്നതാണ് അധികാര ഫെമിനിസത്തിന്റെ രീതി എന്ന് ഹൂറിയ ആരോപിക്കുന്നു. അതേസമയം കറുത്ത സ്ത്രീകള്‍ വെളുത്ത ഫെമിനിസത്തിന്റെയും കറുത്ത പുരുഷന്റെയും അധികാര പ്രവണതകളെ ഒരുപോലെ കാലങ്ങളായി വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്ലാക്ക് ലിബറേഷന്‍ ആര്‍മ്മിയുടെ അസ്സാത്ത ശാക്കൂറിനെ ഹൂറിയ ഉദ്ധരിക്കുന്നുണ്ട്: ‘ഞങ്ങളുടെ പുരുഷന്‍മാര്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഞങ്ങള്‍ക്കൊരിക്കലും സ്വതന്ത്രരാവാന്‍ കഴിയില്ല.’ വളരെ ശക്തമായ ഒരു ബ്ലാക്ക് വിമന്‍ മൂവ്‌മെന്റിന് തുടക്കമിടേണ്ടതുണ്ടെന്നാണ് ഹൂറിയ പറയുന്നത്. ഡീകൊളോണിയല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ സാധ്യതകളെക്കുറിച്ചാണ് ഇവിടെ ഹൂറിയ സംസാരിക്കുന്നത്.

അതേസമയം അത്തരത്തിലുള്ള ഒരു ഡീകൊളോണിയല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ വളരെ അകലെയാണെന്നാണ് ഹൂറിയ പറയുന്നത്. തദ്ദേശീയരായ ജനവിഭാഗങ്ങളുടെ കളക്ടീവായ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തെ തടയാനാണ് കുടിയേറ്റക്കാരോടൊക്കെയുള്ള വംശീയ സമീപനത്തിലൂടെ ഫ്രഞ്ച് ഭരണകൂടം ശ്രമിക്കുന്നത്. രണ്ട് വഴികളാണ് ഫ്രഞ്ച് ഭരണകൂടം കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വെക്കുന്നത്: ഒന്നുകില്‍ അവര്‍ ഫ്രഞ്ച് സംസ്‌കാരത്തെ പുല്‍കണം. അല്ലെങ്കില്‍ വളരെ പ്രിമിറ്റീവായ തദ്ദേശീയ സ്വത്വത്തെ മുറുകെപ്പിടിക്കണം. ഈ രണ്ട് വഴികള്‍ക്കപ്പുറത്തൊരു വഴി ഫ്രഞ്ച് ഭരണകൂടം തദ്ദേശീയര്‍ക്ക് നല്‍കുന്നില്ല. വെളുത്ത സംസ്‌കാരത്തെ പുല്‍കുന്നതിലൂടെ മാത്രമേ ഫ്രഞ്ച് ദേശീയതയുടെ ഭാഗമാകാന്‍ ഒരു കുടിയേറ്റക്കാരന് സാധ്യമാവുകയുള്ളൂ. ഹൂറിയ എഴുതുന്നു: ‘ ഞാനെന്തുകൊണ്ടാണ് ഈ പുസ്തകമെഴുതുന്നത്? കാരണം ഞാന്‍ നിഷ്‌കളങ്കയല്ല. ഞാന്‍ ഫ്രാന്‍സിലാണ് ജീവിക്കുന്നത്. പടിഞ്ഞാറിലാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ വെളുത്തവളാണ്.’ വെളുത്ത ശരീരമുണ്ടായിട്ടും തന്റെ കുടിയേറ്റ സ്വത്വത്തെ അംഗീകരിക്കാന്‍ കഴിയാത്ത ഫ്രഞ്ച് ദേശീയ അധികാരത്തെയാണ് ഇവിടെ ഹൂറിയ പരിഹസിക്കുന്നത്.

ജൂതരെയും ഈ പുസ്തകത്തില്‍ ഹൂറിയ അഭിസംബോധന ചെയ്യുന്നുണ്ട്. ഫ്രഞ്ച് അള്‍ജീരിയയിലെ സാമൂഹിക ഘടനയെ അവര്‍ അടയാളപ്പെടുത്തുന്നത് വെളുത്തവര്‍, തദ്ദേശിയ ജൂതര്‍, കോളനീകരിക്കപ്പെട്ട തദ്ദേശിയര്‍ എന്നിങ്ങനെയാണ്. ജൂതര്‍ക്കുള്ളത് താരതമ്യേന പ്രിവിലേജ്ഡ് ആയ സാമൂഹിക സ്ഥാനമാണ്. അതേസമയം ജൂതരും തദ്ദേശീയരും ഒരുപോലെ വെളുത്ത വംശീയാധിപത്യത്തിന്റെ ഇരകളാണ്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ദിമ്മികള്‍ എന്നാണ് ജൂതരെ ഹൂറിയ വിശേഷിപ്പിക്കുന്നത്.

വെളുത്ത വംശീയ അധികാരത്തിനെതിരെ കളക്ടീവായ ഒരു മൂവ്‌മെന്റിനെക്കുറിച്ചാണ് ഹൂറിയ സംസാരിക്കുന്നത്. അതുകൊണ്ടാണ് ജൂത സയണിസ്റ്റുകളോട് പോലും ഐക്യത്തിന്റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത്. വെളുത്ത വര്‍ക്കിംങ് ക്ലാസിനെയും ഹൂറിയ ഡീകൊളോണിയല്‍ ക്യാംപില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. എന്നാല്‍ അതുപക്ഷെ, റൊമാന്റിക് ഹ്യൂമനിസത്തിന്റെയോ യൂണിവേഴ്‌സലിസത്തിന്റെയോ ഭാഷയിലല്ല എന്നുമാത്രം. മറിച്ച് ദേശീയതയെയും വംശീയതയെയുമെല്ലാം റാഡിക്കലായ വിമര്‍ശനത്തിന് വിധേയമാക്കാന്‍ സാധിക്കുന്ന ഒരു പൊളിറ്റിക്കല്‍ കളക്ടിവിറ്റിയെക്കുറിച്ചാണ് ഹൂറിയ സംസാരിക്കുന്നത്.

ഫ്രഞ്ച് സെക്കുലരിസവും സ്റ്റേറ്റ് വംശീയതയും തമ്മിലുള്ള ബാന്ധവത്തിന് രൂക്ഷമായ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് ഹൂറിയ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്. മതേതര-ഇതര പാരമ്പര്യങ്ങളിലാണ് വിമോചന രാഷ്ട്രീയത്തിന്റെ പുതിയ ആകാശങ്ങളെ അവര്‍ സ്വപ്‌നം കാണുന്നത്. മതേതരത്വത്തിന് പുറത്ത് നില്‍ക്കുന്ന ഈ പാരമ്പര്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുസ്‌ലിംകള്‍. വെളുത്ത ഫ്രഞ്ച് പുരുഷന്‍മാര്‍ നല്‍കിയ യുക്തിയെയും ലിബറല്‍ ജനാധിപത്യത്തെയും ആധുനികതയെയുമൊന്നും അവര്‍ സ്വീകരിച്ചിട്ടില്ല. അവരിപ്പോഴും ആധുനിക-പൂര്‍വ്വ ഇസ് ലാമിക നിയമത്തെയും കെട്ടിപ്പിടിച്ചിരിപ്പാണ്. അതുകൊണ്ടുതന്നെ അവര്‍ ഭീഷണിയാണ്. കാരണം വെളുത്ത യുക്തിയെ മറികടക്കുന്ന ചിലതെല്ലാം അവര്‍ക്കറിയാം.

ദൈവത്തെക്കുറിച്ചും ദൈവത്തിന് മുമ്പിലുള്ള സമര്‍പ്പണത്തെക്കുറിച്ചുമുള്ള ഹൂറിയയുടെ എഴുത്തുകള്‍ ഒരുപക്ഷെ സെക്കുലര്‍ വായനക്കാരെ ചൊടിപ്പിച്ചേക്കാം. സെക്കുലര്‍ അധീശത്വത്തെ പുല്‍കിയതിന്റെ ഫലമായാണ് ദൈവം, മതം എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ പ്രതിസന്ധിയിലാകുന്നത് എന്നാണ് ഹൂറിയ പറയുന്നത്. മത വിമോചന ദൈവശാസ്ത്രങ്ങളെല്ലാം പുതിയൊരു രാഷ്ട്രീയ ഭാവനയാണ് ഗ്ലോബല്‍ സൗത്തിന് സമ്മാനിക്കുന്നത് എന്നാണ് അവരുടെ പക്ഷം.

ബെന്‍ റത്‌സ്‌കോഫ്