Campus Alive

രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകം സംബന്ധിച്ച പോലീസ് റിപ്പോർട്ടിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന

രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകവും അതേ തുടർന്ന് രാജ്യമൊട്ടുക്കും ഉയർന്നു വന്ന നീതിക്കായുള്ള മുന്നേറ്റങ്ങളും പിന്നിട്ട് എട്ടു വർഷത്തിലേറെയാകുന്ന ഈയവസരത്തിൽ രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ അന്തിമ പോലീസ് റിപ്പോർട്ട് കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. നാമേവരിലും ഞെട്ടലും നിരാശയുമുളവാക്കി കൊണ്ട്, അന്നത്തെ വൈസ് ചാൻസലറായ അപ്പ റാവു, ബിജെപി നേതാക്കളായ ബണ്ഡാരു ദത്താത്രേയ, സ്മൃതി ഇറാനി, എൻ രാമചന്ദ്ര റാവു, എബിവിപി നേതാവായ സുശീൽ കുമാർ എന്നിവരെ രോഹിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പൂർണമായി കുറ്റവിമുക്തരായി പ്രഖ്യാപിച്ചു കൊണ്ട് ബിജെപിയും എബിവിപിയും പടച്ചുവിടുന്ന ആഖ്യാനങ്ങളെ പുനരാവർത്തിച്ചിരിക്കുകയാണ് പ്രസ്തുത പോലീസ് റിപ്പോർട്ട്. പോരാത്തതിന് ഇരകളെ കുറിച്ച് ഗുരുതര കുത്തുവാക്കുകളുപയോഗിക്കുകയും ചെയ്തിരിക്കുന്നു ഈ പോലീസ് റിപ്പോർട്ട്.

രോഹിത് വെമുല

ദലിതനല്ലാത്ത രോഹിത് വെമുല ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായി വ്യാജ രേഖകൾ കെട്ടിച്ചമക്കുകയായിരുന്നു എന്ന് ആരോപിക്കാൻ വരെ റിപ്പോർട്ട് മുതിർന്നിരിക്കുന്നു. ഇത് പുറത്താകുമെന്ന ഭയമാണ് രോഹിത് വെമുലയിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കാൻ കാരണമെന്ന ഊഹാപോഹവും യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ റിപ്പോർട്ട് പങ്കുവെക്കുന്നു. രോഹിതിനെ വ്യക്തിഹത്യ നടത്താൻ വേണ്ടി പഠനത്തേക്കാൾ രാഷ്ട്രീയത്തിൽ തൽപരനായ ഒരാളായിരുന്നു അവനെന്ന വരുത്തീർക്കാൻ ശ്രമിക്കുന്ന പോലീസ് റിപ്പോർട്ട് അദ്ദേഹത്തിന്റെ അക്കാദമിക പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്ന ദുഃഖവും നിരാശയും പ്രകടനാതീതമാണെങ്കിലും, രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിനെതിരെ നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള എട്ട് വർഷത്തെ സമരപോരാട്ടങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്ന റിപ്പോർട്ടിലെ സുപ്രധാനമായ ചില കള്ളങ്ങളെയും കൃത്യതയില്ലായ്മകളെയും ബോധപൂർവ്വമുള്ള അവഗണനകളെയും അഭിമുഖീകരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.

രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകം: വസ്തുതകളുടെ സംഗ്രഹം

പോലീസ് റിപ്പോർട്ടിൽ ഉടനീളമുള്ള വ്യാജങ്ങൾ തുറന്നുകാണിക്കുന്നതിന് മുന്നോടിയായി, രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിലേക്ക് നയിച്ച ചില സംഭവങ്ങളെ ചുരുക്കി വിവരിക്കൽ പ്രധാനമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ, സയൻസിലും സോഷ്യൽ സയൻസിലും ജെ.ആർ.എഫ്ഫുള്ള (അദ്ദേഹത്തിന്റെ ബൗദ്ധിക ശേഷിയും അക്കാദമിക വൈദഗ്ദ്ധ്യവും വിളിച്ചോതുന്ന അപൂർവ്വമായ ഒരു അക്കാദമിക നേട്ടമാണിത്) ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സമർത്ഥനായ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. പക്ഷേ, ‘മെറിറ്റോറിയസായ’ ഇത്തരം നേട്ടങ്ങളൊന്നും ജാതീയ സമൂഹം ദലിതർക്ക് മേൽ സ്ഥിരപ്പെടുത്തിയിരിക്കുന്ന അപരാധപരമായ നോട്ടത്തിൽ നിന്നവരെ മുക്തരാക്കില്ല. ഈ അപരാധപരമായ ജാതീയ നോട്ടത്തിന്റെ ആവർത്തനമായിരുന്നു അന്നത്തെ എബിവിപി പ്രസിഡന്റായിരുന്ന എൻ. സുശീൽ കുമാർ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ) അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് ഫെയ്സ്ബുക്കിലൂടെ നടത്തിയ “ASA GOONS ARE TALKING ABOUT HOOLIGANISM – FEELING FUNNY” എന്ന ക്രൂരമായ പ്രസ്താവന. 2015 ആഗസ്റ്റ് മൂന്നാം തിയ്യതി, പ്രസ്തുത ഫെയ്സ്ബുക്ക് പോസ്റ്റ് ആക്ഷേപകരവും പ്രകോപനപരവും പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ പൊതു മധ്യത്തിൽ അവഹേളിക്കലുമാണെന്ന അടിസ്ഥാനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അത് നീക്കം ചെയ്യണമെന്ന് യൂണിവേഴ്സിറ്റിക്കകത്ത് നിന്നു തന്നെയുള്ള എ.എസ്.എ അംഗങ്ങളായ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ അദ്ദേഹം പോസ്റ്റ് സ്വയം സന്നദ്ധനായി നീക്കം ചെയ്യുകയും ഒരു മാപ്പപേക്ഷ എഴുതുകയും ചെയ്തു. സുശീലിന് തന്നെ നന്നായറിയാവുന്ന ചില കാരണങ്ങളുടെ പുറത്ത് അയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാവുകയും തനിക്ക് ആക്രമണത്തിൽ കാര്യമായ പരിക്കേറ്റതായി വാദിക്കുകയും ചെയ്തു. എന്നാൽ മുമ്പേ നിശ്ചയിക്കപ്പെട്ട അപ്പൻഡിക്സ് സർജറിക്ക് വിധേയനാവാനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിന്നീട് പുറത്തുവന്നു. അഞ്ച് ഗവേഷകർക്കെതിരെ ഗച്ചിബൗളി പോലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടു. പ്രസ്തുത ദലിത് ഗവേഷകർക്കെതിരെ യൂണിവേഴ്സിറ്റി അധികാരികൾ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവും അന്നത്തെ എം.എൽ.സിയുമായിരുന്ന രാമചന്ദർ റാവു യൂണിവേഴ്സിറ്റിക്കകത്തേക്ക് അതിക്രമിച്ചുകടക്കുകയും ഒരു ധർണ സംഘടിപ്പിക്കുകയും ചെയ്തു.

നേരത്തെ പറഞ്ഞ ചർച്ചയിൽ സന്നിഹിതനായിരുന്ന അന്നത്തെ ഡ്യൂട്ടി സെക്യൂരിറ്റി ഓഫീസർ (DSO) ആയിരുന്ന ദിലീപ് സിംഗിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസറായിരുന്ന (CMO) ഡോ. അനുപമ റോയിൽ നിന്നും സുശീൽ കുമാറിനെതിരെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘ആക്രമണത്തെ’ കുറിച്ച് യൂണിവേഴ്സിറ്റി അധികാരികൾ ഒരു റിപ്പോർട്ട് ആവശ്യപ്പെടുകയുണ്ടായി. സംഭവത്തെ കുറിച്ചുള്ള എബിവിപി വാദത്തെ സ്ഥിരീകരിക്കാൻ ഡിഎസ്ഓയും സിഎംഓയും സന്നദ്ധരായില്ലെന്ന് മാത്രമല്ല, സുശീൽ കുമാറിനെതിരെ ശാരീരിക ആക്രമണം നടന്നുവെന്നതിന്  യാതൊരു തെളിവുകളുമില്ലെന്ന് അവർ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹം അഡ്മിറ്റായിരുന്ന അർച്ചന ഹോസ്പിറ്റലിന്റെയും യൂണിവേഴ്സിറ്റിയുടെയും ചീഫ് മെഡിക്കൽ ഓഫീസർമാർ ആഗസ്റ്റ് 3-ാം തിയ്യതി നടന്ന സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അപ്പൻഡിസൈറ്റിസുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് സുശീൽ കുമാർ അഡ്മിറ്റായതെന്നു റിപ്പോർട്ട് ചെയ്തു.

സർവ്വകലാശാലയിൽ “ദേശവിരുദ്ധവും ജാതീയവുമായ ഘടകങ്ങൾ” നിലനിൽക്കുന്നുവെന്ന് പരാതിപ്പെട്ടു കൊണ്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന് പരാതി കൊടുക്കാൻ അന്നത്തെ കേന്ദ്ര ലേബർ ആൻഡ് എംബ്ലോയിമെന്റ് മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രേയയെ പിൻവാതിൽ വഴികളുപയോഗിച്ച് എബിവിപി തരപ്പെടുത്തി. തന്റെ ജാതിവാദ പ്രവർത്തനങ്ങൾക്കെതിരെ മുമ്പ് എ.എസ്.എയുടെ പ്രക്ഷോഭങ്ങൾ നേരിട്ട അപ്പാ റാവു യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു. സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള എച്ച്.ആർ.ഡി മന്ത്രാലയം നേരിട്ട് ഇടപെടുകയും രോഹിതിനും മറ്റ് എ.എസ്.എ വിദ്യാർത്ഥികൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂണിവേഴ്സിറ്റി വൈസ്ചാൻസലർക്കും രജിസ്റ്റ്രാർക്കും നിരന്തരം കത്തുകളയക്കുകയും ചെയ്തു.

അപ്പാ റാവു

വൈസ് ചാൻസലർ അപ്പാ റാവു എല്ലാ ചട്ടങ്ങളെയും പ്രമാണങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് ഇവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുകയും ഹോസ്റ്റലുകളിൽ നിന്ന് ബഹിഷ്കരിക്കുകയും “ചില പൊതുയിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ സംഘം ചേർന്നുള്ള പ്രവേശനത്തെ” നിരോധിക്കുകയും ചെയ്തു. അവരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കുന്നതിനപ്പുറം സാമൂഹിക ബഹിഷ്കരണത്തിന് വിട്ടു കൊടുക്കുന്ന നടപടിയായിരുന്നു അത്. “ദലിത് സ്വാഭിമാന പ്രസ്ഥാനത്തിന്റെ അംഗങ്ങളായ വിദ്യാർത്ഥികൾ പുറത്തുകടക്കാനാവാത്ത വിധമായിരിക്കുന്നുവെന്നും, വിദ്യാർത്ഥികളുടെ ദയാവധത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും” ആവശ്യപ്പെട്ടുകൊണ്ട് രോഹിത് വൈസ് ചാൻസലർക്ക് കത്തെഴുതി. സ്വയം ജീവനൊടുക്കുന്നതിന്റെ വക്കത്തായിരുന്നു രോഹിത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. രോഹിത് സ്വയം അപായപ്പെടുത്തുന്നത് തടയുന്നതിനാവശ്യമായ അടിയന്തര നടപടികൾ യൂണിവേഴ്സിറ്റി കൈക്കൊള്ളണമായിരുന്നു. പക്ഷേ ഈ കത്തിനെ വി.സി മനഃപൂവ്വം അവഗണിക്കുകയായിരുന്നു. എബിവിപിയും അധികാരികളും മൊത്തം ഭരണകൂട സംവിധാനങ്ങളുമടങ്ങുന്ന ജാതീയ ശക്തിയെ ചെറുത്തുകൊണ്ട് രോഹിതും എ.എസ്.എയുടെ സഹ വിദ്യാർത്ഥികളും ധീരമായി പോരാടി. പക്ഷേ അപാരമായ ഈ ഇച്ഛാശക്തിയെ പോലും ജാതി അവനിൽ നിന്ന് എടുത്തു കളഞ്ഞു. അത്യുജ്ജ്വലമായ ഒരു അന്തിമക്കുറിപ്പ് എഴുതി വെച്ചതിന് ശേഷം രോഹിത് സ്വയം ജീവനെടുത്ത 2016 ജനുവരി 17-ാം തിയ്യതി ഈ കാമ്പസിൽ രോഹിത് വെമുല സ്ഥാപനവൽകൃതമായി കൊല ചെയ്യപ്പെടുകയായിരുന്നു. പ്രസ്തുത കുറിപ്പിൽ അദ്ദേഹം ഇപ്രകാരം വിലപിക്കുന്നു: “പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്.  ഒരു വോട്ടിലേക്ക്. ഒരു അക്കത്തിലേക്ക്. അല്ലെങ്കിൽ, ഒരു വസ്‌തുവിലേക്ക്. എന്നാൽ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയിൽ ഒരിക്കലും പരിഗണിക്കുന്നേയില്ല. നക്ഷത്രധൂളികളിൽ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിർമ്മിക്കപ്പെടുന്നത്. പഠനങ്ങളിലും, തെരുവുകളിലും, രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.” ജാതിവാദിയായ വൈസ്ചാൻസലർ കാരണം രോഹിതിന് കടന്നു പോകേണ്ടി വന്ന അന്യായമായ കൊടുംയാതനകൾ അദ്ദേഹത്തിന്റെ പരിധിക്കപ്പുറം പോവുകയും സ്വയം ജീവനെടുക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഈ കുറിപ്പും വിസിക്കുള്ള കത്തും സുവ്യക്തമാക്കുന്നു.

രോഹിതിന്റെ സ്ഥാപനവൽകൃത കൊലപാതകവും അദ്ദേഹത്തിന്റെ ഉജ്ജ്വലമായ കുറിപ്പും രാജ്യത്താകമാനം പ്രചരിക്കുകയും മനസ്സാക്ഷിക്കുത്തുള്ള പൗരന്മാർ സ്ഥാപനവൽകൃത കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് നീതിക്കു വേണ്ടി തെരുവുകൾ കീഴടക്കുകയും ചെയ്തു. ബിജെപിയും എബിവിപിയും യാതൊരു തരം പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെ മരണമടഞ്ഞ രോഹിത്തിനെതിരെയുള്ള ആക്രമണവും അവന്റെ ദലിതത്വത്തിനെതിരെയുള്ള അധിക്ഷേപവും തുടരുകയാണ് ചെയ്തത്. ഈ ജീവിതത്തിലുടനീളവും ഈ ലോകത്തിനു പുറത്തും തങ്ങൾ വേട്ടയാടപ്പെടാൻ കാരണമാവുന്ന അതേ സ്വത്വം തെളിയിക്കാൻ രോഹിത്തിനെയും അമ്മയെയും നിർബന്ധിക്കുക വഴി രോഹിത് വെമുലയുടെ ജീവിതത്തെയും പോരാട്ടത്തെയും റദ്ദാക്കുവാനാണ് അവർ ശ്രമിച്ചത്.

വിമതത്വത്തിന്റെ കുറ്റവൽക്കരണവും പടച്ചുണ്ടാക്കുന്ന ഹിംസയും

രോഹിതിന്റെ സ്ഥാപനവൽകൃത കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള ബിജെപി – എബിവിപി ആഖ്യാനങ്ങളുടെ അതേപടിയുള്ള ആവർത്തനം മാത്രമാണ് നിർഭാഗ്യവശാൽ ഈ പോലീസ് റിപ്പോർട്ട്. രോഹിതിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും അക്രമ വാസനയുള്ള അച്ചടക്കമില്ലാത്ത ആൾക്കൂട്ടങ്ങളായി ചിത്രീകരിക്കാൻ പണിപ്പെടുന്നതാണ് ഒന്നാം പേജ് മുതൽ പ്രസ്തുത റിപ്പോർട്ട്. സുശീൽ കുമാറിനെതിരെയുള്ള സാങ്കല്പികമായ ആക്രമണത്തെ പറ്റിയുള്ള എബിവിപിയുടെ ആഖ്യാനം വ്യാജമാണെന്ന് തെളിയിക്കുന്ന സർവ്വ തെളിവുകളും അവഗണിച്ചു കൊണ്ട് ആ ആഖ്യാനത്തെ പദാനുപാദം ആവർത്തിക്കുകയാണ് ഈ റിപ്പോർട്ട്. സുശീൽ ആരോപിക്കുന്ന പ്രകാരം അദ്ദേഹത്തിനെതിരെ ശാരീരികാതിക്രമം നടന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് വ്യക്തമാക്കുന്ന, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരേയൊരു യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായിരുന്ന ഡ്യൂട്ടി സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിനെ പൂർണമായി അവഗണിക്കുന്നു. രണ്ടാമതായി, സർവ്വകലാശാലയുടെ അന്നത്തെ രജിസ്ട്രാർ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച “സുശീൽ കുമാറിനെ ആക്രമിച്ചുവെന്ന ആരോപണം അൽപ്പം അതിരുകടന്നതാണെന്നും ഹരജിക്കാരൻ ബഹുമാനപ്പെട്ട കോടതിയുടെ സഹതാപം പിടിച്ചുപറ്റാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും” വാദിക്കുന്ന എതിർ സത്യവാങ്മൂലത്തെയും ഇത് അവഗണിക്കുന്നു. അപ്പെൻഡിസൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഇത് ആക്രമണത്തിന്റെ ഫലമല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന അർച്ചന ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ. ചെന്ന റെഡ്ഡി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും റിപ്പോർട്ട് അവഗണിക്കുന്നു. ഇത് ശരിവെക്കുന്ന ഹൈദരാബാദ് സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ മൊഴിയും റിപ്പോർട്ട് അവഗണിക്കുന്നു. സുശീൽ കുമാറിന്റെ ആഖ്യാനം മാത്രം റിപ്പോർട്ട് ചെയ്യാനും മറിച്ചുള്ള എല്ലാ തെളിവുകളും അവഗണിക്കാനുമാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതും രാജ്യത്ത് വധശിക്ഷ‌ നടപ്പിലാക്കുന്നതിനെതിരെ നടത്തിയതുമായ ഒരു പ്രതിഷേധ യോഗത്തെ കുറിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ദളിത് പണ്ഡിതർ നൽകുന്ന പിന്തുണയെന്ന രൂപേണ റിപ്പോർട്ട് ആവർത്തിച്ച് പരാമർശിക്കുന്നുണ്ട്. എഎസ്എ അംഗങ്ങളുടെ പേരിൽ ഒരുവശത്ത് അക്രമ സംഭവങ്ങൾ പടച്ചുണ്ടാക്കുന്ന പോലീസ്, അന്നത്തെ ബിജെപി എംഎൽസിയായ എൻ. രാമചന്ദ്ര റാവു കാമ്പസിൽ അതിക്രമിച്ച് കയറി ദലിത് ഗവേഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധർണ നടത്തിയ സംഭവത്തെ റിപ്പോർട്ടിൽ ഒന്നു പരാമർശിക്കുക പോലും ചെയ്യുന്നില്ല. ഇത്തരത്തിൽ, എബിവിപിയുടെ ആഖ്യാനത്തെ പിന്തുണക്കുന്നതിനു വേണ്ടി രോഹിതിനെയും സുഹൃത്തുക്കളെയും അക്രമാസക്തരും അനിയന്ത്രിതരുമായ ദേശവിരുദ്ധ ആൾക്കൂട്ടം എന്ന നിലയിൽ അപകീർത്തിപ്പെടുത്താനുള്ള റിപ്പോർട്ടിന്റെ ഉദ്ദേശ്യം സ്പഷ്ടവും വ്യക്തവുമാണ്.

അപ്പറാവുവിനെയും ബണ്ഡാര ദത്താത്രേയയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ

അന്നത്തെ തൊഴിൽ മന്ത്രി ബണ്ഡാര ദത്താത്രേയയെ അദ്ദേഹത്തിന്റെ ഇടപെടലുകളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷിക്കാൻ ഈ പോലീസ് റിപ്പോർട്ട് തീവ്രമായി ശ്രമിക്കുന്നുണ്ട്. ഹൈദരാബാദ് സർവ്വകലാശാലയിലെ ദലിത് ഗവേഷകർക്കെതിരെ ‘ദേശവിരുദ്ധ’മെന്നു വിളിക്കപ്പെട്ട പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുക്കാൻ ദത്താത്രേയ എംഎച്ച്ആർഡിയിലും വൈസ് ചാൻസലറുടെ മേലിലും തുടർച്ചയായി സമ്മർദ്ദം ചെലുത്തിയിരുന്നതായി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സർവ്വകലാശാലയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. ബണ്ഡാര ദത്താത്രേയ അയച്ച കത്തിലെ കാര്യങ്ങൾ വൈസ് ചാൻസലർ സ്വയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോയിന്റ് സെക്രട്ടറി (Central Universities and Language) സുഖ്ബീർ സിംഗ് സന്ധു 20-10-2015 ന് അപ്പറാവുവിന് ഒരു ഡി.ഒ കത്ത് (DO letter) അയക്കുകയുണ്ടായി. “ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, പി.എച്ച്.ഡി വിദ്യാർത്ഥിയും എബിവിപി പ്രസിഡന്റുമായ ശ്രീ. നന്ദനം സുശീൽ കുമാറിന് നേരെയുണ്ടായ ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട്” എന്ന വിഷയ ശീർഷകത്തോടെ 20-10-2015-ന് സുഖ്ബീർ സിംഗ് സന്ധു അപ്പറാവുവിന് അയച്ച ഡി.ഒ കത്തിനെ പരാമർശിച്ചു കൊണ്ട് 19-11-2015-ന് MHRD-യുടെ അണ്ടർ സെക്രട്ടറിയായ റാംജി പാണ്ഡെ വി.സി അപ്പറാവുവിന് ഒരു കത്തുകൂടെ അയക്കുകയുണ്ടായി. എച്ച്ആർഡി മന്ത്രാലയവുമായുള്ള ഈ സംഭാഷണങ്ങളെത്തുടർന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അപ്പറാവു വിഷയം വ്യക്തിപരമായി പരിഗണിക്കുകയും, എച്ച്ആർഡി മന്ത്രാലയവുമായുള്ള ഈ സംഭാഷണങ്ങൾക്ക് മറുപടിയായി, 27-11-2015-ന് ചേർന്ന 167-ാം എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ യോഗത്തിൽ വെച്ച് (അപ്പറാവുവാണ് എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ എക്സ്-ഓഫീഷ്യോ ചെയർമാൻ) 2015 ആഗസ്ത് 3, 4 തീയതികളിൽ നടന്ന രാത്രി സംഭവങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

നിലവിൽ ഹരിയാന ഗവർണറായ ബണ്ഡാര ദത്താത്രേയ

എന്നാൽ, കേന്ദ്രമന്ത്രിയുടെ ഈ കത്തിടപാടുകൾ യൂണിവേഴ്സിറ്റി അധികാരികളെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വാദിക്കുന്നത്. പ്രസ്തുത കത്തിടപാടുകൾ രജിസ്ട്രിയിലേക്ക് അയക്കുക മാത്രമാണുണ്ടായതെന്നും, അവ പിന്നീടെങ്ങനെയാണ് പരസ്യമായതെന്ന് അഡ്മിനിസ്ട്രേഷന് അറിയില്ലെന്നും റിപ്പോർട്ട് പറയുന്നു. 27-11-2015 ന് നടന്ന 167-ാം എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ മിനിറ്റ്സുകൾ പരിശോധിച്ചാൽ ഒറ്റനോട്ടത്തിൽ തന്നെ തുറന്നുകാട്ടാവുന്ന പച്ച കള്ളമാണിത്. “2015 ഓഗസ്റ്റ് 3, 4 തിയ്യതികളിൽ അർദ്ധരാത്രിയിൽ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന സംഭവത്തെക്കുറിച്ച് വൈസ് ചാൻസലർ കൗൺസിലിനു മുമ്പാകെ വിശദീകരിച്ചു. എച്ച്ആർഡി മന്ത്രാലയത്തിൽ നിന്നുള്ള കത്തിടപാടുകൾക്ക് സർവകലാശാല നൽകേണ്ട മറുപടിയും കൗൺസിലിനെ അറിയിച്ചു,” എന്ന് യോഗത്തിന്റെ മിനുറ്റ്സ് വ്യക്തമായി രേഖപ്പെടുത്തുന്നു. അതിനാൽ, രോഹിത് വെമുലക്കും മറ്റ് ദലിത് ഗവേഷകർക്കുമെതിരെ നടപ്പാക്കിയ നിയമവിരുദ്ധമായ ശിക്ഷാ നടപടിയിൽ ബണ്ഡാരു ദത്താത്രേയ എഴുതുകയും സ്മൃതി ഇറാനി ശക്തമായി സമ്മർദ്ദം ചെലുത്തുകയും ചെയ്ത കത്തിന് കൃത്യമായ പങ്കുണ്ടെന്ന് എളുപ്പത്തിൽ ഉറപ്പിക്കാനാവും. പക്ഷേ ശക്തമായ ഈ തെളിവുകളെ രേഖപ്പെടുത്താൻ റിപ്പോർട്ട് വിസമ്മതിക്കുന്നു.

രോഹിത് വെമുലയുടെയും മറ്റ് ദലിത് ഗവേഷകരുടെയും കാര്യത്തിൽ വി.സി അപ്പറാവു കൈക്കൊണ്ട സൗമ്യമായ വീക്ഷണത്തിന്റെ പേരിൽ അദ്ദേഹത്തെ പ്രശംസിക്കാൻ പോലും റിപ്പോർട്ട് മിനക്കെടുന്നുണ്ട്. ‘ഒരു സെമസ്റ്റർ കാലയളവിൽ ഹോസ്റ്റലിൽ നിന്ന് പുറത്തുപോവുക’ എന്നതിലേക്ക് ശിക്ഷാ നടപടിയിൽ അപ്പാറാവുവിന്റെ മേൽനോട്ടത്തിൽ ഇളവു നൽകിയതായും റിപ്പോർട്ട് തെറ്റായി രേഖപ്പെടുത്തുന്നു. പേജ് 49-ൽ പറയുന്ന ഈ നുണ അതേ റിപ്പോർട്ടിന്റെ 48-ാം പേജിലെ, അപ്പറാവുവിൻ്റെ അധ്യക്ഷതയിൽ ഗവേഷകരെ “യൂണിവഴ്സിറ്റിയിലെ അവരുടെ കോഴ്സുകൾ/പ്രോഗ്രാമുകൾ പൂർത്തിയാകുന്നതുവരെ ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്ന്” വ്യക്തമായി പറയുന്ന വസ്തുതക്ക് മുന്നിൽ നിലനിൽക്കുകയില്ല. പോലീസ് റിപ്പോർട്ടിൽ പറയുന്നതു പോലെ ശിക്ഷാ നടപടിയിൽ ഇളവ് നൽകലായിരുന്നില്ല ഇത്, മറിച്ച് വർദ്ധിപ്പിക്കലായിരുന്നു. പ്രോക്ടോറിയൽ ബോർഡിന്റെ റിപ്പോർട്ടിലെ പൊരുത്തക്കേടുകളെ വ്യത്യസ്ത വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മുൻ വിസി ആർ.പി. ശർമ സസ്‌പെൻഷൻ പിൻവലിക്കുകയും പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെങ്കിലും പിന്നീട് പുതിയ വിസിയായി വന്ന അപ്പ റാവു രൂപീകരിച്ച എക്സിക്യൂട്ടീവ് സബ്കമ്മിറ്റി പുതിയൊരന്വേഷണം നടത്തിയില്ല. പകരം, വിവാദമായ പ്രോക്‌ടോറിയൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് ദലിത് ഗവേഷക വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാനും സാമൂഹികമായി ബഹിഷ്‌കരിക്കാനുമാണ് എക്സിക്യൂട്ടീവ് സബ്കമ്മിറ്റി ശുപാർശ ചെയ്തത്. സർവ്വകലാശാലാ ചരിത്രത്തിൽ ഇതാദ്യമായാണ് എല്ലാ ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് സാമൂഹ്യ ബഹിഷ്കരണം ശിക്ഷയായി വിധിക്കുന്നത്. എന്നാൽ, ഇതിനെ അപ്പറാവു കാണിച്ച സൗമ്യതയുടെ സാക്ഷ്യമായാണ് റിപ്പോർട്ട് കണക്കാക്കുന്നത്. അപ്പറാവുവിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി അധികൃതർ തെറ്റായ രീതിയിലാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും വിദ്യാർത്ഥികളെ നിയമപരമായ നടപടികൾ പിന്തുടരാതെയാണ് സസ്പെൻഡ് ചെയ്തതെന്നുമുള്ള, രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്തിയ എംഎച്ച്ആർഡി രൂപീകരിച്ച രണ്ടംഗ സമിതിയുടെ നിഗമനങ്ങളെയും ഈ പോലീസ് റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ല. അപ്പറാവു ഗവേഷകരെ കൈകാര്യം ചെയ്തതിൽ ജാതിക്ക് ഒരു പങ്കുമില്ലെന്ന് എളുപ്പത്തിൽ പറഞ്ഞുപോവുകയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2001-ൽ 10 ദലിത് വിദ്യാർത്ഥികൾക്കെതിരെ നടത്തിയ ബഹിഷ്കരണവും ദലിത് അദ്ധ്യാപകനെതിരെ നടത്തിയ ഉപദ്രവവും ഉൾപ്പെടെയുള്ള അപ്പറാവുവിന്റെ മുൻകാല ചരിത്രത്തെ പൂർണമായും കുഴിച്ചുമൂടുകയാണ് ഈ റിപ്പോർട്ട്.

രോഹിതിന്റെ ദലിതത്വത്തിനെ അപകീർത്തിപ്പെടുത്തൽ

രോഹിത് വെമുലയുടെ ജാതി സ്വത്വത്തെ അപകീർത്തിപ്പെടുത്തുന്നേടം വരെ അസാധാരണമാം വിധം ചെന്നെത്തുന്നുണ്ട് ഈ റിപ്പോർട്ട്. രോഹിത് ഒരു ദലിതനല്ലെന്ന ആഖ്യാനത്തെ സ്ഥാപിക്കാനാണ് റിപ്പോർട്ടിന്റെ പകുതിയിലേറെ ഭാഗവും ശ്രമിക്കുന്നത്. രോഹിതിന്റെ എസ്.സി പദവിയെ സാക്ഷ്യപ്പെടുത്തുന്ന ധാരാളം തെളിവുകളെ അവഗണിക്കുകയും അതേസമയം വിശ്വാസ്യയോഗ്യതയെയോ സവിശേഷതാൽപര്യങ്ങളെയോ പരിഗണിക്കാതെ ചില പ്രത്യേക മൊഴികളെ മാത്രം തിരഞ്ഞെടുക്കുകയുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 10.02.2017-ന് ഗുണ്ടൂർ കളക്ടർ നൽകിയ ജാതി റിപ്പോർട്ട് മാത്രമാണ് പോലീസ് റിപ്പോർട്ട് അലംബമാക്കുന്നതെന്ന് മാത്രമല്ല, പ്രസ്തുത ജാതി റിപ്പോർട്ടിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാണിച്ച രോഹിതിന്റെ കുടുംബത്തെ അവഗണിക്കുകയും ചെയ്യുന്നു.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് പ്രതിമ

ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ എതിർപ്പുകളൊന്നും രേഖപ്പെടുത്തപ്പെടാത്തതിനാൽ അത് അന്തിമമാണെന്ന് പോലീസ് റിപ്പോർട്ട് അവകാശപ്പെടുന്നു. എന്തൊക്കെയായാലും, കൃത്യമായ സാക്ഷിമൊഴികളോടെ രോഹിതിന്റെ അമ്മ രാധിക വെമുല സമർപ്പിച്ച അപ്പീലിൽ പറയുന്നത് പോലെ തീർത്തും വസ്തുതാവിരുദ്ധമാണ് ആ ജാതി റിപ്പോർട്ട്. കോടതിയിലെ മുതിർന്ന അഭിഭാഷകൻ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുകയും കളക്ടറുടെ ഉത്തരവ് ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ എത്തിച്ചേർന്ന നിഗമനം തികച്ചും അന്യായവും നിയമവിരുദ്ധവുമാണെന്ന് വാദിക്കുകയും ചെയ്തു. രോഹിതിന്റെ ജാതി പദവി സംബന്ധിച്ച നിഗമനങ്ങളോടുള്ള ഇത്തരം എതിർപ്പുകളൊന്നും അന്തിമ പോലീസ് റിപ്പോർട്ട് പ്രതിപാദിക്കുന്നില്ല.

രാധിക വെമുലയുടെ സാക്ഷ്യവും തന്റെ ദലിത് അനുഭവങ്ങളെ കുറിച്ചുള്ള രോഹിതിന്റെ തന്നെ വിവരണങ്ങളും രേഖപ്പെടുത്തുന്ന കാര്യത്തിലും റിപ്പോർട്ട് പരാജയപ്പെടുന്നു. റിപ്പോർട്ടിന്റെ നിർവികാരതയും, ഒരമ്മയുടെയും മകന്റെയും ജീവിതാനുഭവങ്ങളെ റദ്ദ് ചെയ്യുന്ന നികൃഷ്ട ക്രൂരതയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രോഹിതിന്റെ ദലിതത്വത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി പോലീസ് റിപ്പോർട്ട് വിനിയോഗിച്ചത്രയും ശ്രമങ്ങൾ അന്വേഷണത്തിന്റെ മറ്റൊരു വശത്തിനു വേണ്ടിയും വിനിയോഗിച്ചിട്ടില്ല എന്ന വസ്തുത ഈ അന്വേഷണത്തിന്റെ ഉദ്ദേശശുദ്ധിയെയാണ് കാണിക്കുന്നത്.

റിപ്പോർട്ടിലെ കുത്തുവാക്കുകൾ: രോഹിതിന്റെ ജീവിതത്തിനും പാരമ്പര്യത്തിനുമെതിരെയുള്ള അധിക്ഷേപം

രോഹിതിന്റെ ആത്മഹത്യയുടെ കാരണങ്ങളെ സംബന്ധിച്ച് ഊഹപോഹങ്ങളുന്നയിക്കാൻ ശ്രമിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ ഏറ്റവും ക്രൂരമായ ഭാഗം. ബിജെപി നേതാക്കളെയും വൈസ്ചാൻസലറെയും പൂർണമായും കുറ്റവിമുക്തമാക്കുകയും രോഹിതിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായി രോഹിതിനെ തന്നെ പഴി ചാരുകയും ചെയ്യുന്നു പോലീസ് റിപോർട്ട്. രോഹിത് നിരവധി പ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്നും, അതവനെ കഠിനമായ വിഷാദത്തിലും നിരാശയിലും കൊണ്ടെത്തിച്ചുവെന്നും റിപ്പോർട്ട് വാദിക്കുന്നു. ഒരു വിഷയത്തിലുള്ള പി.എച്ച്.ഡി രോഹിത് ഉപേക്ഷിക്കുകയും മറ്റൊരു പി.എച്ച്.ഡിക്ക് ചേരുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ‘അക്കാദമിക ബാഹ്യ പ്രവർത്തനങ്ങൾ’ കാരണം മികവ് പുലർത്താനായില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇവിടെ, രണ്ട് വ്യത്യസ്ത വിജ്ഞാന ശാഖകളിലെ അതികഠിനമായ മത്സരപരീക്ഷകളിൽ രോഹിത് വിജയിച്ചു എന്ന വസ്തുതയെ പോലും അവന്റെ അക്കാദമിക വൈദഗ്ദ്യമില്ലായ്മയുടെ തെളിവെന്ന നിലയിലാണ് ഉപയോഗിച്ചിരിക്കുന്നത്. കാമ്പസിലെ സ്വാഭിമാനമുള്ള ദലിതർക്ക് മുമ്പാകെ മരണമല്ലാത്ത മറ്റൊരു മാർഗ്ഗവും താങ്കൾ അവശേഷിപ്പിച്ചില്ല എന്ന് പറഞ്ഞ് കൊണ്ട് രോഹിത് വെമുല അപ്പാറാവുവിവിനയച്ച കത്ത് വൈസ് ചാൻസലർക്ക് മേൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനുള്ള ഏറ്റവും വലിയ തെളിവാണ്. എന്നാൽ, അപ്പാറാവുവിനെ കുറിച്ച് അത്തരമൊരു അതൃപ്തി രോഹിതിന്റെ അവസാന കുറിപ്പിൽ കാണുന്നില്ലെന്ന് താരതമ്യം ചെയ്ത് കാണിക്കുന്നതിന് മാത്രമാണ് ഈ കത്തിനെ റിപ്പോർട്ട് പ്രതിപാദിക്കുന്നത്. അക്കാരണത്താൽ അദ്ദേഹത്തിന്റെ നിരാശയും കോപവും ‘കാലക്രമേണ നശിച്ചിരിക്കാം’ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാലക്രമേണ എന്ന ഘട്ടം സമൂഹിക ബഹിഷ്കരണം നേരിട്ട് കൊടിയ തണുപ്പിൽ തുറസ്സായ സ്ഥലത്ത് കിടന്നുറങ്ങാൻ രോഹിത് നിർബന്ധിതനാവുകയും ചെയ്ത സമയമായിരുന്നുവെന്ന് സൂചിപ്പിക്കാനും റിപ്പോർട്ടിന് സാധിക്കുന്നില്ല. ഒടുവിൽ റിപ്പോർട്ട് ഇപ്രകാരമൊരു വാദം മുന്നോട്ടു വെക്കുന്നു:

“താൻ പട്ടികജാതി വിഭാഗത്തിൽ പെട്ടവനല്ലെന്നും തന്റെ അമ്മയാണ് തനിക്ക് എസ്.സി സർട്ടിഫിക്കറ്റ് വാങ്ങി തന്നതെന്നും മരണപ്പെട്ട വ്യക്തിക്ക് തന്നെ ധാരണയുണ്ട്. ഇത് പുറത്തായാൽ വർഷങ്ങൾ കൊണ്ട് താൻ നേടിയെടുത്ത അക്കാദമിക ബിരുദങ്ങൾ തനിക്ക് നഷ്ടപ്പെടുമെന്നും തുടർന്നുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുമുള്ള ഭയം അദ്ദേഹം നിരന്തരം അനുഭവിച്ചിരുന്നേക്കാം”.

രാധികാ വെമുല ഭാരത് ജോഡോ യാത്രയിൽ

ഈ പ്രസ്താവനയേക്കാൾ വലിയൊരു അധിക്ഷേപം രോഹിത് വെമുലയുടെ ജീവിതത്തിനും പാരമ്പര്യത്തിനും നേരെ ഇനി നടത്താനില്ല. അക്കാദമികമായ ഗുണങ്ങൾ നൽകുന്ന ഒരു പ്രിവിലേജ് മാത്രമായാണ് അന്വേഷണ സംഘം ദലിതത്വത്തെ കാണുന്നതെന്ന വസ്തുതയും ഇത് വെളിവാക്കുന്നു. ജസ്റ്റിസ് ഫോർ രോഹിത് വെമുല മൂവ്മെന്റ് ഇത്രയും കാലം കൊണ്ട് ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജാതിയുടെ ഭീകരതയെക്കുറിച്ചുള്ള പാഠങ്ങൾ ബധിരകർണങ്ങളിലാണ് വീണുകൊണ്ടിരുന്നതെന്നും ഇത് വ്യക്തമാക്കുന്നു.

കോൺഗ്രസ് ഭരണകൂടത്തോടും നേതൃത്വത്തോടും ഒരു അഭ്യർത്ഥന

നീതി നിർവ്വഹണത്തിൽ സംഭവിച്ചിരിക്കുന്ന ദുരന്ത പൂർണമായ ഈ പരാജയം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ഭരണകൂടത്തിന് കീഴിലാണ് സംഭവിച്ചിരിക്കുന്നത് എന്നതാണ് കൂടുതൽ നിരാശാജനകം. പ്രസിഡന്റ് മല്ലികാർജ്ജുനാ ഖാർകെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം ജസ്റ്റിസ് ഫോർ രോഹിത് മൂവ്മെന്റിനെ അതിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ പിന്തുണക്കുന്നുണ്ട്. നിലവിലെ പാർലമെന്റ് ഇലക്ഷനിലെ കോൺഗ്രസിന്റെ പ്രകടന പത്രികയുടെ പ്രധാനപ്പെട്ട ഒരു വാഗ്ദാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥാപനവൽകൃതമായ വിവേചനങ്ങൾ തടയാൻ രോഹിത് ആക്ട് നടപ്പിലാക്കും എന്നതാണ്. ഭരണകൂടം മാറിയാൽ ഇന്ത്യയിലെ ദലിതരുടെ നീതിക്ക് വേണ്ടിയുള്ള പ്രത്യാശ കൂടുതൽ മുന്നോട്ടുപോവും എന്ന പ്രതീക്ഷയിലാണ് രോഹിതിന്റെ അമ്മ രാധികാ വെമുല രോഗാവസ്ഥയിൽ ആയിരിക്കെ പോലും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. എന്നിട്ടു പോലും, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ഭരണകൂടത്തിന് കീഴിലാണ് തെലങ്കാന പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലൂടെ ഇങ്ങനെയൊരു വലിയ അനീതി നടന്നിരിക്കുന്നത്. റിപ്പോർട്ടിലെ അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് എസിപിമാരിൽ മിസ്റ്റർ രമണ റാവു, മിസ്റ്റർ എൻ. ശ്യാം പ്രസാദ് റാവു എന്നീ രണ്ടു പേരായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയ പ്രധാന ഐഒമാരെന്നും മൂന്നാമത്തെ ആളായ എസിപി സി.എച്ച് ശ്രീകാന്ത് എൻ.ശ്യാം പ്രസാദ് റാവു നൽകിയ അന്തിമ റിപ്പോർട്ട്  കോടതിയിൽ സമർപ്പിക്കുകയായിരുന്നുവെന്നും ഞങ്ങൾക്ക് വ്യക്തമായി പറയാനാവും. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ഭരണത്തിന് വേണ്ടി പ്രവർത്തിച്ചവരും, അതേസമയം എബിവിപിയും ബിജെപിയും പ്രചരിപ്പിക്കുന്ന തെറ്റായ ആഖ്യാനങ്ങളുമായി അടുത്ത ബന്ധമുള്ളവരുമായിരുന്നു ശ്രീ രമണ റാവുവും ശ്രീ എൻ. ശ്യാം പ്രസാദ് റാവുവും. പോലീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ, വസ്തുതകൾക്കൊപ്പം നിൽക്കുന്നതിനു പകരം വ്യാജവും സാങ്കൽപ്പികവുമായ ആഖ്യാനങ്ങളെ പ്രചരിപ്പിച്ചു കൊണ്ട് പ്രതികൾക്കൊപ്പം നിൽക്കുകയും ദലിതരുടെ നീതിയെ വഴിതെറ്റിക്കുകയുമാണ് അവർ ചെയ്തത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകുക പോലും ചെയ്യാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞയുടൻ തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതാണ്. രോഹിത് ഹൃദയത്തോട് ചേർത്തു നിർത്തിയിരുന്നതും തന്റെ അവസാന കുറിപ്പിൽ എടുത്തുപറഞ്ഞിരുന്നതുമായ മനുഷ്യ വ്യക്തിത്വം എന്ന സങ്കല്പത്തെ അന്വേഷണ ഉദ്യോഗസ്ഥർ തേജോവധം ചെയ്തിരിക്കുകയാണ്. SC/ST പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള അതിക്രമത്തിന് തുല്യമായ രീതിയിൽ പരാതിക്കാരന്റെ മൊഴിയെ വളച്ചൊടിച്ചു കൊണ്ട് കൃത്യനിർവഹണ ലംഘനം നടത്തിയിരിക്കുകയാണ് ഈ അന്വേഷണ ഉദ്യോഗസ്ഥർ.

നമ്മെ സംബന്ധിച്ചിടത്തോളം ബാബാ സാഹേബ് അംബേദ്കറും അദ്ദേഹത്തിന്റെ വഴിയുമാണ് മുന്നോട്ടുള്ള പ്രതീക്ഷ. കാരണം നമ്മുടെ പോരാട്ടം അധികാരത്തിനും ധനത്തിനും വേണ്ടിയുള്ളതല്ല, മറിച്ച് അംബേദ്കറെ പിന്തുടർന്ന് രോഹിത് സ്വപ്നം കണ്ട സ്വാതന്ത്ര്യത്തിനും നീതിക്കും മാനവ വ്യക്തിത്വത്തെ തിരിച്ചു പിടിക്കാനുമുള്ള പോരാട്ടമാണ് നമ്മുടേത്.

നീതി പുലർന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തെലങ്കാന കോൺഗ്രസ് ഗവണ്മെന്റിനോട് ഈയവസരത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു. പ്രത്യേകമായ എന്തെങ്കിലും ആനുകൂല്യമല്ല ഞങ്ങൾ ചോദിക്കുന്നത്.  ന്യായവും നിഷ്പക്ഷവുമായ ഒരന്വേഷണം മാത്രമാണ് ആവശ്യം. അതേസമയം തന്നെ ജാതിവിരുദ്ധ ബോധമുള്ള, പൗരാവകാശത്തിനായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളോടും ഈ പോരാട്ടത്തിൽ ഒപ്പം നിൽക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതി നേടും വരെ നാം പോരാടും. രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു.

ജയ് ഭീം! ജോഹർ രോഹിത് വെമുല!


രോഹിത് വെമുലയുടെ കുടുംബത്തോടൊപ്പം AIOBCA | AISA | ASA | BSF | DSU | FRATERNITY | MSF | NSUI | SFI | SIO | TSF | UOHSU