Campus Alive

രോഹിത് വെമുല: ഒരു അപൂർണ ചിത്രം

രോഹിത് ദളിതനായിരുന്നില്ല എന്ന് വാദിക്കുന്ന പ്രാദേശിക തെലുങ്ക് മാധ്യമത്തെ പഴിച്ചുകൊണ്ട് രോഹിത്തിൻ്റെ അമ്മയെ ദത്തെടുത്ത അഞ്ജനി ദേവി ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രസ്തുത കഥ പിഴവില്ലാത്ത ഇംഗ്ലീഷിൽ വിവരിക്കുന്നു.

രോഹിത് വെമുലയുടെ കഥയാരംഭിക്കുന്നത് ജനനത്തിനും പതിനെട്ടു വർഷങ്ങൾക്കു മുമ്പാണ്. ഗുണ്ടൂരിലെ അഞ്ജനി ദേവി തന്റെ വീടിനടുത്ത് റയിൽവേ ട്രാക്കിന്റെ പണിക്കുവന്ന ദമ്പതികളുടെ മകളായ രാധികയെ കാണുന്നു. രാധികയെ കണ്ടപ്പോൾ അഞ്ജനി തന്റെ മരിച്ചുപോയ മകളെയോർക്കുകയും അവൾക്കു പകരമായി രാധികയെ ദത്തെടുക്കുകയും ചെയ്തു. അഞ്ജനിക്ക്‌ രാധിക സ്വന്തം മകളെപ്പോലെയായിരുന്നു. ഒ.ബി.സിയിൽ പെട്ട വദ്ദേരയായിരുന്നു അഞ്ജനി ദേവിയുടെ ജാതി.  രാധികയുടേത് പട്ടികജാതിയിലെ മാളയുമായിരുന്നു. അഞ്ജനിക്ക് രാധികയുടെ ജാതി പ്രശ്നമായിരുന്നില്ല. മാത്രമല്ല, അവളെ സ്വന്തം ജാതിയിൽ പെട്ട മണികുമാറിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. വദ്ദേര സമുദായത്തിലെ ബഹുമാന്യനായ വ്യക്തിയായിരുന്നു മണികുമാറിന്റെ മുത്തച്ഛൻ. അദ്ദേഹവും അഞ്ജനിയും സംസാരിക്കുകയും മണികുമാറിൽ നിന്നും രാധികയുടെ ജാതി രഹസ്യമാക്കി വെക്കാമെന്നും തീരുമാനിച്ചു.

കല്യാണം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രോഹിത് അടക്കം മൂന്ന് മക്കളവർക്ക് ജനിച്ചു. മണി നിരുത്തരവാദിയും മദ്യപിച്ചാൽ രാധികയെ അടിക്കുന്നതും പതിവായിരുന്നു. അഞ്ചാം വർഷം രാധികയുടെ ജാതിരഹസ്യം പ്രശാന്ത് നഗറിലെ വദ്ദേര സമുദായത്തിൽപെട്ട ആരോ മണികുമാറിനോട് വെളിപ്പെടുത്തി. അതിനുശേഷം മണികുമാർ രാധികയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. രാധിക പറയുന്നു: “മണി എപ്പോഴുമെന്നെ നിന്ദിക്കുമായിരുന്നു. എന്റെ ജാതിയറിഞ്ഞ ശേഷം അയാളുടെ മർദ്ദനം വർധിച്ചു. അധിക ദിവസങ്ങളിലും എന്നെ അടിക്കുകയും ഒരു ‘അയിത്തക്കാരിയെ’ വിവാഹം കഴിക്കേണ്ടിവന്നതിന് തന്റെ ഭാഗ്യത്തെ പഴിക്കുകയും ചെയ്യും”. അഞ്ജനി മണിയിൽ നിന്നും രാധികയെയും മക്കളെയും രക്ഷിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.

ഗുണ്ടൂരിലെ രോഹിത്തിന്റെ ജനനസ്ഥലത്തെത്തി ഉറ്റ സുഹൃത്തും ബി.എസ്.സി. സഹപാഠിയുമായ റിയാസ് ശെയ്ക്കിനെ കണ്ടപ്പോൾ ഹിന്ദുസ്ഥാൻ ടൈംസിന്റെ മുന്നിൽ പുതിയൊരു ചിത്രം തെളിഞ്ഞു. രാധികയും രാജയും (രോഹിത്തിന്റെ അനിയൻ) പറയുന്നത് രോഹിത്തിനെ കുറിച്ച് തങ്ങളെക്കാൾ കൂടുതലറിയുക റിയാസിനായിരിക്കുമെന്നാണ്.

കുട്ടിക്കാലത്ത് രോഹിത് തീർത്തും ഒറ്റപ്പെട്ടിരുന്നുവെന്ന് റിയാസ് പറയുന്നു. അതുകൊണ്ടായിരിക്കാം തന്റെ ആത്മഹത്യാകുറിപ്പിൽ ‘ലോകം, സ്നേഹം, ദുഃഖം, ജീവിതം, മരണം എന്നിവയെ മനസിലാക്കുന്നതിൽ എന്റെ ഭാഗത്ത് തെറ്റു സംഭവിച്ചു’ എന്നവനെഴുതിയത്. റിയാസ് തുടരുന്നു, “രാധികാമ്മയും മക്കളും അവരുടെ അമ്മയുടെ വീട്ടിൽ വേലക്കാരെ പോലെയാണ് കഴിഞ്ഞത്. അവരെല്ലാ പണിയുമെടുക്കണം, ബാക്കിയുള്ളോർ സുഖിച്ചിരിക്കും. രാധികാമ്മ അവരുടെ കുട്ടിക്കാലത്തു തന്നെ അവിടത്തെ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിതയായിരുന്നു”. 1970ൽ ബാലവേല നിയമം നിലവിലുണ്ടായിരുന്നെങ്കിൽ രാധികയുടെ അമ്മയെന്ന് വിളിക്കപ്പെടുന്ന അഞ്ജനി ഒരു ബാലികയെ വീട്ടുജോലിക്കായി ഉപയോഗിച്ചതിന് പിടിക്കപ്പെടുമായിരുന്നു.

തന്നെ ദത്തെടുത്താണെന്നും താൻ മാള സമുദായത്തിൽ പെട്ടവളാണെന്നുമറിഞ്ഞപ്പോൾ രാധികയുടെ വയസ്സ് പന്ത്രണ്ടോ പതിമൂന്നോ ആയിരുന്നു. ബാലവിവാഹം നിയമവിരുദ്ധമായിരുന്ന കാലമായിരുന്നെങ്കിലും 1985ൽ മണിക്ക് കല്യാണം കഴിച്ചുനൽകുമ്പോൾ അവരുടെ പ്രായം വെറും പതിനാല് മാത്രമായിരുന്നു.

“അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അഞ്ജനിയുടെ അമ്മ രാധികയെ ക്രൂരമായി മർദ്ദിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്നു. എന്റെ വീടിന്റെ അടുത്ത് വന്നു കരയുന്ന അവളോട് കാര്യമന്വേഷിക്കുമ്പോൾ വീട്ടുജോലി ചെയ്യാത്തതിന് അമ്മമ്മ എന്നെ മാളക്കൊടുച്ചിയെന്ന് വിളിച്ചുവെന്ന് പറയും. അവളെ വീട്ടിൽ കയറ്റിയതിന് അഞ്ജനിയെയും അവർ പഴിച്ചിരുന്നു” ഉപ്പലപ്പാട്ടി ധനാമ്മ പറയുന്നു.

രാധികയെ കുട്ടിക്കാലം മുതൽ കാണുന്ന ആ ചുറ്റുവട്ടത്തെ പഴക്കം ചെന്ന താമസക്കാരിയാണ് ധനാമ്മ. അവർ ദളിത്‌ നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്നു. രാധികയെ അഞ്ജനി വീട്ടുവേലക്കാരിയാക്കിയെന്നത് പ്രശാന്ത് നഗറിലെ വദ്ദേര കോളനിയിലെ പൊതുസംസാരമാണ്.

“എപ്പോഴുമൊരു വേലക്കാരിയെപ്പോലെ അമ്മക്ക് പണിയെടുക്കേണ്ടി വരുന്നതിനാൽ രോഹിത്തിന് അമ്മമ്മയുടെ വീട്ടിൽ പോകുന്നത് തന്നെ വെറുപ്പായിരുന്നു. “റിയാസ് തുടരുന്നു, “രാധികാമ്മ ഇല്ലെങ്കിൽ ആ പണികളെല്ലാം മക്കൾ ചെയ്യണമായിരുന്നു. അവർ വീടുമാറി ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഒറ്റമുറിയിൽ താമസമാരംഭിച്ചപ്പോഴും ഈ ശീലം തുടരേണ്ടി വന്നു. ഗുണ്ടൂരിൽ ബി.എസ്.സിക്ക്‌ പഠിക്കുന്ന സന്ദർഭത്തിലും രോഹിത് അപൂർവമായി മാത്രമേ വീട്ടിൽ പോയിരുന്നുള്ളൂ. അമ്മമ്മയുടെ വീട്ടിൽ പോകുന്നതിലെ ഇഷ്ടക്കേട് കൊണ്ട് റിയാസിന്റെയും മറ്റു രണ്ട് സഹപാഠികളുടെയും കൂടെ അവരുടെ മുറിയിലായിരുന്നു അവന്റെ താമസം. കൽപണിയും കാറ്ററിംഗും ചെയ്താണവൻ അക്കാലത്ത് ചിലവിനുള്ള കാശ് കണ്ടെത്തിയത്.

രണ്ടാണും രണ്ട് പെണ്ണുമടക്കം അഞ്ജനിക്ക് നാല് മക്കളാണ്. നാല് പേരും വിദ്യാസമ്പന്നരും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമാണ്. ഗുണ്ടൂരിലെ പ്രശസ്തനായ ഒരു ക്രിമിനൽ വക്കീലടക്കം മരുമക്കളും ഉന്നത നിലയിലുള്ളവർ. എന്നാൽ ഇവരെക്കാളെല്ലാം വിദ്യാഭ്യാസയോഗ്യത അഞ്ജനി ദേവിക്കാണ്. എം.എയും എം.എഡുമുള്ള അവർ ഗുണ്ടൂരിലെ കോർപ്പറേറ്റിന്റെ കീഴിലുള്ള ഹൈസ്കൂളിലെ ഹെഡ് മിസ്ട്രെസ്സായിരുന്നു. ഭർത്താവാവട്ടെ ഗവണ്മെന്റിലെ ചീഫ് എഞ്ചിനീയറും. അതുകൊണ്ടാണവർ പിഴവില്ലാത്ത ഇംഗ്ലീഷിൽ സംസാരിക്കുന്നത്. ഹൈസ്കൂളിൽ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന അഞ്ജനിക്ക് പതിനാലാം വയസ്സിൽ രാധികയെ കല്യാണം കഴിപ്പിക്കുമ്പോൾ നിയമപരമായുള്ള വിവാഹപ്രായം അറിയാതിരിക്കില്ലല്ലോ. മാത്രമല്ല, തന്റെ എല്ലാ മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം ഉറപ്പുവരുത്തിയ അവർ സ്വന്തം മകളെന്ന് വിശേഷിപ്പിക്കുന്നവൾക്ക് അത് തടഞ്ഞു.

അഞ്ജനി ഒരു ദളിത് പെൺകുട്ടിക്ക്‌ തന്റെ വീട്ടിൽ താമസിക്കാനും തന്നെ ‘അമ്മ’ എന്ന് വിളിക്കാനുമുള്ള സമ്മതം നൽകിയെന്ന് പറയാം. പക്ഷെ, വാത്സല്യമുള്ള ഒരു അമ്മയ്ക്ക് പകരം അവർ രാധികയുടെ തൊഴിലുടമയായിരുന്നു എന്നതാണ് വാസ്തവം.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എം.എസ്.സി, പി.എച്ച്.ഡി പഠനകാലത്ത് തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം രോഹിത് രഹസ്യമാക്കി വെച്ചിരുന്നു. രോഹിത്തിന്റെ പൂർണ കടുംബചരിത്രമോ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങളോ ആരുമറിഞ്ഞിരുന്നില്ല. അതവൻ തന്റെ ആത്മഹത്യാ കുറിപ്പിൽ പോലും വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. യൂണിവേഴ്സിറ്റിയിലെ ഏറ്റവുമടുത്ത സുഹൃത്തും എ.എസ്.എ സഹപ്രവർത്തകനുമായ രാംജിക്ക്‌, രോഹിത് ചിലവിനാവശ്യമായ തുകക്കായി പലപണിയുമെടുത്തിട്ടുണ്ടെന്നറിയുമെങ്കിലും അവന്റെ മുത്തശ്ശി സാമ്പത്തികശേഷിയുള്ളവരായിരുന്നു എന്നറിവുണ്ടായിരുന്നില്ല.

രോഹിത്തിന്റെ ജീവിതം ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിക്കുന്നത് അനിയൻ രാജയോട് അനുവാദം ചോദിച്ചപ്പോൾ അവനൊന്ന് പരുങ്ങി. ഞങ്ങളെങ്ങനെ ഇതെല്ലാം അറിഞ്ഞെന്നവൻ ചോദിച്ചു. ഞങ്ങൾ സംസാരിച്ചു വിവരങ്ങൾ ശേഖരിച്ച ഗുണ്ടൂരിലെ വ്യക്തികളുടെ ലിസ്റ്റ് കാണിച്ചപ്പോൾ അവൻ പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു: “ഞാനും എന്റെ ജ്യേഷ്ഠനും മറച്ചുവെക്കാൻ ഏറെ ആഗ്രഹിച്ച സത്യമാണിത്. ഞങ്ങൾ അമ്മമ്മ എന്ന് വിളിച്ചിരുന്നവർ യഥാർഥത്തിൽ ഞങ്ങളുടെ ഉടമ മാത്രമായിരുന്നു എന്ന് പറയാൻ ഞങ്ങൾക്ക് ലജ്ജയുണ്ടായിരുന്നു”. രോഹിത്തിന്റേതിന് സമാനമായ രാജയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾകൂടി അവൻ കൂട്ടിച്ചേർത്തു.

രാജക്ക് ആന്ദ്ര യൂണിവേഴ്സിറ്റിയിൽ എം.എസ്.സിക്ക്‌ പതിനൊന്നാം റാങ്ക് ലഭിച്ചിരുന്നു. അഡ്മിഷൻ എടുത്തശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലും അഡ്മിഷൻ ലഭിച്ചു. ആന്ദ്ര യൂണിവേഴ്സിറ്റി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തിരിച്ചു നൽകാൻ 6000 രൂപ ആവശ്യപ്പെട്ടു. സുഹൃത്തുക്കളിൽ നിന്നും അഞ്ചും പത്തുമൊക്കെ വാങ്ങി താനൊരു യാചകനെപ്പോലെ അലഞ്ഞാണത് കണ്ടെത്തിയതെന്ന് രാജ പറയുന്നു. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഇരുപത് ദിവസത്തോളം രാജ എയ്ഡ്‌സ് രോഗികൾക്കുള്ള ആശ്രമത്തിലാണ് കിടന്നത്. അഞ്ച് ദിവസത്തോളം അവന് മുഴുപട്ടിണിയിലും കഴിയേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും തന്നെ രക്ഷിക്കാൻ അമ്മമ്മ വന്നില്ല. ഇത് നിങ്ങളവരോട് ചോദിക്കണമെന്ന് രാജ ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാൻ ടൈംസ് അഞ്ജനിയെ രണ്ടാമത്തെ തവണ കാണാൻ പോകുമ്പോൾ അവർ രാധികയുടെയും രാജയുടെയും കൂടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലായിരുന്നു. ‘എന്തുകൊണ്ടാണ് നിങ്ങൾ മകളെക്കാൾ ഇംഗ്ലീഷ് സംസാരിക്കുന്നത്?’ എന്ന് ചോദിച്ചപ്പോൾ ‘അവളത്ര ബുദ്ധിയുള്ളവളല്ല’ എന്നതായിരുന്നു അഞ്ജനിയുടെ മറുപടി. ‘നിങ്ങളുടെ മറ്റുമക്കളെല്ലാം ബിരുദധാരികളായപ്പോൾ എന്തുകൊണ്ട് രാധികയെ മാത്രം പതിനാലാം വയസ്സിൽ കല്യാണം കഴിപ്പിച്ചു?’ എന്ന ചോദ്യത്തിന് മറുപടിയായി അഞ്ജനി പറഞ്ഞു: “അത് ഞങ്ങൾ നല്ലൊരു കുടുംബത്തിലെ സമ്പന്നനായ ഒരു പയ്യനെ കണ്ടപ്പോൾ കല്യാണം നടത്തിയതാണ്”. രാധികക്ക്‌ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലായിരുന്നു എന്നുമവർ കൂട്ടിച്ചേർത്തു. എന്നാൽ റിയാസ് ഈ വാദം പൊളിക്കുന്നുണ്ട്. രാധികാമ്മ മക്കളിലൂടെ പഠനത്തിലേക്ക് തിരിച്ചു വന്ന് അവരോടൊപ്പം ഡിഗ്രി പഠിച്ചു. ആദ്യം രോഹിത്തും പിന്നാലെ രാധികയും ശേഷം രാജയും ഡിഗ്രി പൂർത്തിയാക്കി.

അക്കാദമികമായി സാമാർഥ്യമുള്ള ‘പേരക്കുട്ടികളുടെ’ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അഞ്ജനിയോ കുടുംബമോ എന്തുകൊണ്ട് സഹായിച്ചില്ല എന്ന് ചോദിച്ചപ്പോൾ ഏറെ നേരം തുറിച്ചുനോക്കിയ ശേഷം തനിക്കറിയില്ല എന്നുമാത്രമാണവർ പറഞ്ഞത്. “രോഹിത് വെമുലയുടെ കുടുംബത്തെ നിങ്ങൾ വേലക്കാരെ പോലെയാണോ പരിഗണിച്ചത്?”

“എനിക്കറിയില്ല” അവർ തട്ടിക്കയറി, “ആരാണ് നിങ്ങളോടിതെല്ലാം പറഞ്ഞത്? എന്നെ കുഴപ്പിക്കാനാണോ നിങ്ങൾ വന്നത്?”

ഹിന്ദുസ്ഥാൻ ടൈംസ് ഗുണ്ടൂരിൽ ചെന്ന് വിവരശേഖരണം നടത്തിയത് അഞ്ജനിക്കറിയില്ലായിരുന്നു. അൽപം കഴിഞ്ഞപ്പോൾ റിപ്പോർട്ടർമാരോടവർ പോകാൻ നിർദേശം നൽകി.

രോഹിത്

ഉറ്റസുഹൃത്തായ റിയാസിനോടൊത്തുള്ള ദിവസങ്ങളിലാണ് രോഹിത് ഏറെ സന്തോഷിച്ചിട്ടുള്ളത്. ഗുണ്ടൂരിലെ സകല തെരുവുകൾക്കും രോഹിത്തിന്റെയും റിയാസിന്റെയും കഥ പറയാനുണ്ടാവും. പാർട്ടികൾ, പ്രണയം, പരാജയപ്പെട്ട വാലൻ്റൈൻസ് ഡേ പ്രൊപോസലുകൾ, പെൺകുട്ടികളെ ചൊല്ലിയുള്ള വഴക്കുകൾ, സിനിമകൾ, സംഗീതം, ഗ്യാങ് പാർട്ടികൾ തുടങ്ങി അനേകം കഥകൾ. രോഹിത്തിന്റെ ജ്ഞാനത്തെയും ബുദ്ധികൂർമതയെയും കുറിച്ച് റിയാസ് വാചാലനായി. നിരന്തരം സംശയങ്ങൾ ഉന്നയിക്കുന്നതിനാൽ രോഹിത്തിന്റെ ചോദ്യങ്ങളെ പേടിച്ച് അധ്യാപകർ നന്നായി തയ്യാറായി വരാൻ തുടങ്ങി. ഇന്റർനെറ്റിനെ കുറിച്ചും അതിൽ അധ്യാപകർക്കുപോലുമറിയാത്ത ചില വെബ്സൈറ്റുകളെക്കുറിച്ചും രോഹിത്തിന് ധാരണയുണ്ടായിരുന്നു. രണ്ട് കാര്യങ്ങൾക്കാണ് രോഹിത് ഏറെ സമയം ചിലവയിച്ചത്, പാർട്ട്‌ ടൈം ജോലികൾക്കും ഇന്റർനെറ്റ് ഉപയോഗത്തിനും. ജൂലിയൻ അസ്സാഞ്ചിന്റെ കടുത്താരാധകനായ രോഹിത്ത് ‘വിക്കിലീക്സ് ഫയൽസ്’ കാണുന്നത് പതിവായിരുന്നു.

രോഹിത്തിന് പി.എച്ച്.ഡി. സർട്ടിഫിക്കറ്റിന് വേണ്ടി മാത്രമായിരുന്നില്ല. സാമൂഹ്യശാസ്ത്രത്തെയും ടെക്നോളജിയെയും സമന്വയിപ്പിക്കുന്നതായിരുന്നു അവന്റെ റിസർച്ച്. സാമൂഹ്യശാസ്ത്രത്തിലെ രോഹിത്തിന്റെ അറിവ് വിദ്യാർഥി സംഘടനകളോടുള്ള ബന്ധം മൂലം ഉരുത്തിരിഞ്ഞുവന്നതാണ്.

ആത്മഹത്യക്ക് ഒരാഴ്ച മുന്നെ രോഹിത്ത് റിയാസിനെ വിളിച്ചിരുന്നു. “പി.എച്ച്.ഡി. അവന് പൂർത്തിയാക്കാനാവുമോ എന്നവൻ ഭയന്നിരുന്നു. അവന്റെ എതിരാളികളായ എ.ബി.വി.പിക്കാർക്ക് എം.പി, എം.എൽ.എ, മന്ത്രിമാർ, യൂണിവേഴ്സിറ്റി മാനേജ്‍മെന്റ് എന്നിവരുടെയെല്ലാം പിന്തുണയുണ്ടായിരുന്നു”.  തങ്ങൾ മുമ്പാലോചിച്ച ബിസിനസ്‌ പ്ലാനിനെക്കുറിച്ചവരുടെ സംസാരം നീണ്ടപ്പോൾ രോഹിത്തിന്റെ ശബ്ദത്തിൽ പ്രതീക്ഷ വന്നു. “നമ്മൾ ബിസിനസ് തുടങ്ങി ഗുണ്ടൂർ ഭരിക്കും”.

“അവന്റെ കുടുംബ ചരിത്രം അവനെ നിരന്തരം വേട്ടയാടി. അവൻ വളർന്ന വീട്ടിൽ തന്നെ ജാതിവിവേചനമവനനുഭവിച്ചു. എന്നാൽ കീഴടങ്ങുന്നതിനു പകരം ഒരുപാട് പ്രതിബന്ധങ്ങൾ മറികടന്നവൻ പി.എച്ച്.ഡി. വരെയെത്തി. ഇനിയും മുന്നോട്ട് പോവാനാവില്ല എന്ന് കണ്ടപ്പോൾ അവൻ കീഴടുങ്ങുകയായിരുന്നു.”

രോഹിത് തന്റെ തന്നെ വാക്കുകൾ തിരിച്ചറിഞ്ഞപ്പോഴാണ് പ്രതീക്ഷകൾ അവസാനിപ്പിച്ചത്. “ഒരു മനുഷ്യന്റെ മൂല്യം അവനെക്കൊണ്ട് എന്ത് ഉപകാരം എന്നതിൽ മാത്രം ചുരുങ്ങുന്നു. ഒരു വോട്ടിലേക്കോ, ഒരു സംഖ്യയിലേക്കോ, ഒരു വസ്തുവിലേക്കോ മാത്രം. ഉള്ളിലെ മഹത്വംകൊണ്ട് ആരെയും അളക്കുന്നില്ല. പഠനത്തിലും, തെരുവിലും, രാഷ്ട്രീയത്തിലും, മരണത്തിലും, ജീവിതത്തിലുമെല്ലാം അങ്ങനെത്തന്നെ.”

വിവർത്തനം: ഷമീം എ.പി.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്

സുദിപ്തോ മോണ്ടൽ