Campus Alive

ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നം; ചില ആലോചനകൾ

തലാൽ അസദിന്റെ ‘Reflections on the Israeli-Palestinian Conflict’ എന്ന ലേഖനത്തിന്റെ വിവർത്തനം ഒന്നാം ഭാഗം


ഫലസ്തീനിനു നേരെ ഇസ്രായേൽ അഴിച്ചു വിടുന്ന ആക്രമണങ്ങളെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ചില ഭാഷ ശൈലികളെ കുറിച്ചുള്ള ആലോചനകളാണ് ഈ കുറിപ്പ്. ഭാഷ പ്രവർത്തിയുമായി അതി സങ്കീർണമാം വിധം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് നമുക്കറിയാം; യാഥാർത്ഥ്യത്തെ വിശദീകരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ മാത്രമല്ല, മറിച്ച് വാക്കുകളെ അനുഭവിക്കുന്നതിലും പ്രവൃത്തികളെ പ്രചോദിപ്പിക്കുന്നതിലും ഈ ബന്ധം കാണാൻ കഴിയും. നിലവിലെ ഗസ്സൻ കൂട്ടക്കുരുതിയെ കുറിച്ച് ബ്രയാൻ ക്ലൂഗ് എഴുതിയ ഒരു ലേഖനത്തിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് ആരംഭിക്കാം; “ചില സമയത്ത് വാക്കുകൾ കിട്ടാതാവുന്നതാണ് നല്ലത്. ഒരുപക്ഷേ നാം മിക്കപ്പോഴും ഓർത്തിരിക്കേണ്ട കാര്യമായിരിക്കാം ഇത്. ഒരു പക്ഷെ യാഥാർത്ഥ്യത്തോട് – യാതനയുടെയും സങ്കടത്തിന്റെയും നഷ്ടത്തിന്റെയും കഷ്ടപ്പാടിന്റെയും ക്രൂരമായ മനുഷ്യ യാഥാർത്ഥ്യം – ഏറെക്കുറെ അടുത്തു നിൽക്കുന്ന വാക്കുകൾ കിട്ടുന്നതു വരെ നാം നാവിനെ അടക്കി നിർത്തേണ്ടിവരും. വസ്തുതകളെ നമ്മുടെ അജണ്ടകൾക്ക് വേണ്ടി ഉപയോഗിക്കാനുള്ള ത്വരയെ അടക്കി നിർത്തുകയോ, അല്ലെങ്കിൽ ആ വസ്തുതകളുടെ ആഘാതത്തെയും സമ്മർദ്ദത്തെയും വാക്കുകളും മൃദുഭാഷയുമുപയോഗിച്ച് മയപ്പെടുത്താനുള്ള ഉൾപ്രേരണയെ പിടിച്ചു കെട്ടുകയോ ചെയ്യണമെന്നാണു ഇതിൻ്റെ അർഥം. ചിലപ്പോഴൊക്കെ നമ്മുടെ ചുണ്ടുകളിൽ ഉരുവം കൊള്ളുന്ന രാഷ്ട്രീയ വിശകലനങ്ങൾ പിടിച്ച് വെച്ച് വായും തുറന്നങ്ങനെ നിൽക്കുകയാണ് നാം ചെയ്യേണ്ടത്. ചിന്തിച്ചു തുടങ്ങുന്നതിനായി – രാഷ്ട്രീയമായി ചിന്തിക്കുന്നതിനായി – നാം സംസാരം നിർത്തി വെക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. ഇത്, അത്തരമൊരു സമയമാണ്.”[1] ശരിയാണ്. പക്ഷേ മനഃപൂർവ്വം ക്രൂരത പ്രവർത്തിച്ചു കൊണ്ടിരിക്കുകയും നാണമില്ലാതെ അതിനെ നിഷേധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സമകാലിക സന്ദർഭത്തിൽ ഒരുപക്ഷേ ചിന്തയോടൊപ്പം തന്നെ അനിവാര്യമായ കാര്യങ്ങളാണ് സംസാരിക്കലും ധാർമ്മികമായി പ്രവർത്തിക്കലും. രാഷ്ട്രീയ ഭാഷയെ ശുദ്ധീകരിക്കണമെന്നു മാത്രം നിനക്കുന്ന നമ്മെ പോലുള്ളവർ കാണുന്നതിനേക്കാൾ വിഷമം പിടിച്ച പണിയാണ് അത് പ്രാവർത്തികമാക്കൽ.

ബ്രയാൻ ക്ലൂഗ്

ഉദാഹരണത്തിന്, ‘ഇസ്രായേൽ-ഹമാസ് യുദ്ധം’ എന്ന പ്രയോഗത്തെ ഒരാളെങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഗസ്സയിൽ നടക്കുന്നതിനെ ആ പ്രയോഗം തെറ്റായി വിശദീകരിക്കുന്നു എന്നു മാത്രമല്ല ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം മുതൽ പൗരന്മാർക്ക് നേരെയുള്ള ഇസ്രായേലിന്റെ നിഷ്ഠൂരമായ കൂട്ടക്കുരുതിയെ പ്രോത്സാഹിപ്പിക്കാൻ അത് സഹായിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ പറയും. സ്വതന്ത്ര രാഷ്ട്രങ്ങൾ തമ്മിലുള്ള സുസ്ഥിരവും പ്രവചനാതീതവുമായ സംഘർഷത്തെയാണ് സാധാരണയായി ‘യുദ്ധം’ എന്നു വിശേഷിപ്പിക്കാറുള്ളത്. ‘നിയമയുദ്ധങ്ങളും’ അസ്തിത്വ പ്രതിസന്ധിയുടെ ഘട്ടത്തിലുള്ള ‘രാഷ്ട്രങ്ങളുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശവും’ ഒക്കെയും ഈ പശ്ചാത്തലത്തിലാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗസ്സക്കു മേലുള്ള ഐ.ഡി.എഫിന്റെ ബോംബു മഴയെ കുറിച്ച് “ഹമാസിന്റെ ആക്രമത്തോടുള്ള പ്രതികരണം” എന്ന നിലക്ക് ചില പാശ്ചാത്യൻ നിരീക്ഷകർ സംസാരിക്കുന്നത് നാം കേൾക്കുന്നത്. ഒക്ടോബർ ഏഴിലെ ഭയാനകവും നിഷ്ഠൂരവുമായ പാതകം ചെയ്ത സംഘടനയായ ഹമാസിൻ്റെ പൂർണ തകർച്ചയാണ് ഇസ്രായേല്യരുടെ ആവശ്യം. ഒറ്റപ്പെട്ട ചെയ്തിയെന്ന് കണക്കാക്കപ്പെടുന്ന ഇതിന്റെ പ്രേരണയിലേക്ക് തിരിയുകയാണോ നാം ചെയ്യേണ്ടത്? അതല്ല, പ്രേരണയേതുമില്ലാതെയുള്ള ‘ശത്രുതയുടെ’ ആരംഭം എന്ന് മനസ്സിലാക്കാവുന്ന എന്തോ ഒന്നിനുവേണ്ടി പരതുകയാണോ വേണ്ടത്?

ഇവിടെ ‘പ്രതികരണം’ എന്ന വാക്ക് സുപ്രധാനമാണ്. എന്തുകൊണ്ടെന്നാൽ, ഗസ്സക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ അനന്തരഫലമാണെന്നും അത് കൊണ്ട് തന്നെ ഇസ്രായേൽ ആക്രമണം ന്യായവും യുക്തിസഹവുമാണെന്നും സ്ഥാപിക്കാൻ  ‘പ്രതികരണം’ എന്ന വാക്ക് ശ്രമിക്കുന്നുണ്ട്. അന്നേ ദിവസം എന്തു തന്നെയാണ് സംഭവിച്ചതെങ്കിലും, ഇസ്രായേലിന്റെ ദണ്ഡനനടപടി (punishment – പ്രതികരണം എന്ന വാക്കിന് പകരം ഞാൻ ഉപയോഗിക്കുന്ന വാക്ക്) അവരുടെ സൈനികനടപടികളുടെ ചരിത്രത്തിന്റെ ഭാഗമാണ്. അവ ദീർഘകാലമായി നീണ്ടുനിൽക്കുന്നതാണെന്ന് മാത്രമല്ല ഈ സംഭവത്തിൽ അങ്ങേയറ്റം അനുപാതരഹിതവുമാണ്. ഒക്ടോബർ ഏഴിൽ സംഭവിച്ചതിനേക്കാൾ അധികം യുദ്ധക്കുറ്റങ്ങൾ അതിന് ശേഷം ഇസ്രായേൽ മനഃപൂർവ്വം നടപ്പിലാക്കിയിരിക്കുന്നു. ഇങ്ങനെ പറയാൻ കാരണമെന്തെന്നാൽ ഹാനികരമായ യാതൊരു ആഘാതങ്ങളും ഇസ്രായേലിന് ഉണ്ടായിട്ടില്ല – ഇനിയൊട്ട് ഉണ്ടാവുകയുമില്ല.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം എത്രതന്നെ നിഷ്ഠൂരമായിരുന്നെങ്കിലും (അന്നേ ദിവസം ശരിക്കും എന്താണ് ഹമാസ് നടപ്പിലാക്കിയത് എന്ന് ഒരു തേർഡ് പാർട്ടി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്)[2] സ്വയം പ്രതിരോധാർത്ഥം പ്രതികരിക്കാനുള്ള അവകാശം ഇസ്രായേലിന് നൽകും വിധമുള്ള ഒരു അസ്തിത്വ ഭീഷണി അത് ഇസ്രായേലിന് ശരിക്കും ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ് ചോദ്യം. അതിനൂതനമായ സമ്പദ് വ്യവസ്ഥയും, മേഖലയിലെ ഏറ്റവും സമർത്ഥമായ സൈന്യവും വ്യോമസേനയും, അതിശക്തമായ ഒരു രാഷ്ട്രവും, ലോകത്തെ തന്നെ ഏറ്റവും വലിയ ശക്തികളിലൊന്നുമാണ് ഇസ്രായേൽ. അണുവായുധങ്ങൾ വരെ അവർക്കുണ്ട്. അതേസമയം, ചെറുതും, താരതമ്യേനെ ആയുധശേഷി കുറഞ്ഞതും, ദരിദ്ര അധിനിവിഷ്ഠ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും, ഒരു സാധാരണ പൗരജനതയിൽ നിലനിൽക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളുമുള്ളതുമായ ഒരു പ്രതിരോധ സംഘമാണ് ഹമാസ്. ചുരുക്കത്തിൽ, ഒക്ടോബർ ഏഴിലെ ആക്രമണം ഇസ്രായേലിന് ഒരു അസ്തിത്വ ഭീഷണി ആയിരുന്നുവെന്ന് പറയുന്നത്, ഇസ്രായേല്യർ അങ്ങനെ സങ്കല്പിക്കുന്നുണ്ടെങ്കിലും, തികച്ചും അസംബന്ധമായിരിക്കും. (പ്രസ്തുത ആക്രമണം ശരിക്കുമെന്തായിരുന്നു എന്ന് ഞാൻ പിന്നീട് ചർച്ച ചെയ്യുന്നുണ്ട്). ശക്തിയുടെ കാര്യത്തിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള അന്തരം സുസ്പഷ്ടമാണ്: ഗസ്സയിൽ ഇസ്രായേൽ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത് പോലെ ഇസ്രായേലീ നഗരങ്ങൾക്ക് മുകളിൽ ബോംബ് വർഷിക്കാൻ ഹമാസിന് സാധിക്കില്ല; ഇസ്രായേലിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും മരുന്നിന്റെയും വൈദ്യുതിയുടെയും ലഭ്യതയില്ലാതാക്കാൻ ഹമാസിന് കഴിയില്ല (രണ്ട് പതിറ്റാണ്ടായി ഭാഗികമായും നിലവിൽ പൂർണമായും ഇസ്രായേൽ ചെയ്യുന്ന പോലെ). കൂടാതെ സാമ്പത്തിക-സൈനിക സഹായങ്ങൾക്കും രാഷ്ട്രീയ പിന്തുണക്കുമായി ലോക സമ്പന്നരും പ്രബലരുമായ യൂറോ അമേരിക്കൻ രാഷ്ട്രങ്ങളെ ആശ്രയിക്കാനും (ഇസ്രായേൽ ചെയ്യുന്നതു പോലെ) ഹമാസിനാവുകയില്ല.

ഇസ്രായേൽ-ഹമാസ് യുദ്ധം എന്ന വിശകലനങ്ങൾ നൽകുന്ന അസോസിയേറ്റഡ് പ്രസ്സിന്റെ വെബ് പേജ്

നിലവിൽ ന്യായമായി കണക്കാക്കുന്നതും യഥാർത്ഥത്തിൽ അസ്തിത്വ സംഘർഷങ്ങളായിരുന്നതുമായ രണ്ടാം ലോക യുദ്ധം പോലുള്ള മാതൃകകളോട് സമീകരിക്കാൻ ‘ഇസ്രായേൽ-ഹമാസ് യുദ്ധം’ എന്ന പ്രയോഗം സഹായിക്കുന്നു. നിരായുധരായ ഗസ്സൻ പൗരന്മാരിൽ ഇസ്രായേലുണ്ടാക്കിയ ഭീകരമായ മനുഷ്യ നഷ്ടം (പക്ഷേ “ദുഃഖകരാമാം വിധം അനിവാര്യമായിരുന്ന”) ജർമ്മൻ ജാപ്പനീസ് നഗരങ്ങൾക്ക് നേരെയുണ്ടായ ഇരട്ട ബോംബിങ്ങിന് തുല്യമാണെന്ന ഇസ്രായേലീ അവകാശ വാദങ്ങൾ ഇത്തരത്തിലൊന്നാണ്. (ഈ ഇരട്ട ബോംബ് വർഷം ബ്രിട്ടീഷ് നഗരങ്ങളിലെ ജർമ്മൻ ബോംബിങ്ങിനും ചൈനയിലെ ജാപ്പനീസ് ബോംബിങ്ങിനും ശേഷമാണ് സംഭവിച്ചത് എന്ന കാര്യം പലപ്പോഴും മറക്കാറുണ്ട്. യുദ്ധത്തിലെ വിജയികൾ പിന്നീട് നടത്തിയ രചനകളിൽ പൗരജീവനും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരിലുള്ള ജർമ്മൻ, ജാപ്പനീസ് നശീകരണങ്ങൾ ‘അപരിഷ്കൃതം’ എന്ന നിലയിൽ അപലപിക്കപ്പെട്ടപ്പോൾ, ‘പ്രതികരണമായുള്ള’ ഇരട്ട ബോംബിങ്ങിനെ അങ്ങനെയല്ല അടയാളപ്പെടുത്തിയിട്ടുള്ളത്). ഈ തരം ഭാഷ (“ഇത് യുദ്ധമാണ്”) സ്പഷ്ടമായ ഒരു ഉത്ഭവ ദശയും (രണ്ടാം ലോക യുദ്ധം 1939 സെപ്തംബർ മൂന്നിന് തുടങ്ങി; ഇസ്രായേൽ – ഹമാസ് യുദ്ധം 2023 ഒക്ടോബർ ഏഴിന് തുടങ്ങി) അതേപോലെ ഒരു തരം ധാർമ്മിക താരതമ്യവും (നാസി ജർമ്മനിയും സായുധ ജപ്പാനും സഖ്യചേരിക്ക് എങ്ങനെയായിരുന്നോ അങ്ങനെയാണ് ഹമാസ് ഇസ്രായേലിന് എന്ന താരതമ്യം) അവതരിപ്പിക്കുന്നതായി കാണാം. പ്രതിരോധാത്മകമെന്നതിനേക്കാൾ കൂടുതൽ ദണ്ഡനാത്മകമെന്ന് വിളിക്കാനാവുന്ന ഇസ്രായേലിന്റെ ക്രൂരനടപടികളെ ന്യായീകരിക്കാനും ഇത് ഉപയോഗിക്കാം. ഇവിടെ നടക്കുന്നത് ഒരു “യുദ്ധമല്ല”, മറിച്ച് സജീവമായ വംശഹത്യ എന്ന് വിളിക്കാവുന്ന കൂട്ടക്കൊലയാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനി ജനതക്കെതിരെ ഇടക്കിടെയുള്ള ദണ്ഡന  നടപടികൾ (“കളപറിക്കൽ” എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന) ഇസ്രായേലിൻ്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് അവർ കരുതുന്നത്. അഥവാ അനാവശ്യ ശല്യങ്ങൾ ഇല്ലാതിരിക്കാൻ അനിവാര്യം ആണെന്നർത്ഥം. നേരിട്ട് വിധേയരാവുന്നവരെ അവഹേളിക്കുകയും അവർക്കിടയിൽ ഭീതി ഉണ്ടാക്കുകയും ചെയ്യുന്നതോടൊപ്പം സ്ഥാപിത ക്രമത്തെ വെല്ലുവിളിക്കാൻ സാധ്യതയുള്ളവരിലെല്ലാം ഭീതി ഉണ്ടാക്കുക എന്നതാണ് ഈ ദണ്ഡന നടപടികളുടെ പ്രധാന ലക്ഷ്യം. “ഹോളോകോസ്റ്റിന് ശേഷം സുരക്ഷിതം ആയിരിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഫലസ്തീനികൾ ഞങ്ങളെ പേടിച്ചാൽ മാത്രമേ ഞങ്ങൾക്ക് സുരക്ഷിതമായി ഇരിക്കാൻ കഴിയുകയുള്ളൂ” എന്നാണ് ഇസ്രായേല്യർ പറയുന്നത്. നിലവിലെ സംഘർഷത്തിനോടുള്ള ഒരേയൊരു പ്രതികരണമായി ദണ്ഡന നടപടിയെ ആണ് മിക്ക ഇസ്രായേല്യരും കാണുന്നത്: അവരുടെ വീക്ഷണത്തിൽ പരിഹാരമുണ്ട് എന്ന് പറയാൻ കഴിയുന്ന ഒറ്റ പ്രശ്നവും ഇല്ല; പ്രശ്നത്തെ സ്ഥിരമായി പിടിച്ചുനിർത്തുക മാത്രമാണ് വഴി.

ഇസ്രായേൽ-ഹമാസ് യുദ്ധമെന്ന് വിളിക്കപ്പെടുന്ന ഈ സംഘർഷത്തിന് ഒക്ടോബർ ഏഴല്ലാത്ത മറ്റൊരു തുടക്കം (‘തുടക്കം’ എന്നത് ‘പശ്ചാത്തലം’ എന്നതിന് തുല്യമല്ല) ആഖ്യാനിച്ചെടുക്കാൻ ആരെങ്കിലും ശ്രമിക്കുമ്പോൾ ലിബറൽ സയണിസ്റ്റുകളുടെ “ഇസ്രായേലീ—ഫലസ്തീൻ സംഘർഷം ഏറെ സങ്കീർണമാണ്” എന്ന അവകാശവാദത്തെ പലപ്പോഴും നേരിടേണ്ടി വരുന്നതായി കാണാം. അല്പം വൈദഗ്ധ്യമുണ്ടെങ്കിൽ ഏതൊരു സംഘർഷത്തെയും ‘അതിസങ്കീർണമായി’ അവതരിപ്പിക്കാൻ തീർച്ചയായും സാധിക്കും. പക്ഷേ ഒരു നിസ്സാരമായ ചരിത്രവസ്തുത ഈ സങ്കീർണതക്ക് പിന്നിലുണ്ടെന്ന കാര്യം ഇസ്രായേൽ-ഫലസ്തീൻ സംഘർഷവുമായി പരിചയമുള്ള ഏതൊരാൾക്കും അറിയാവുന്നതാണ്- അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളുടെ സജീവ പിന്തുണയില്ലായിരുന്നെങ്കിൽ ഒരു വിഭാഗം ജനത പാർക്കുന്ന ഭൂമിയിൽ പുതിയ ജൂത ഭൂരിപക്ഷ രാഷ്ട്രം സ്ഥാപിക്കാനും അത് നിലനിർത്തി കൊണ്ടു പോവാനും സയണിസ്റ്റ് പ്രസ്ഥാനത്തിന് സാധിക്കുമായിരുന്നില്ല.

തിയോഡോർ ഹെർസൽ

ജൂതന്മാർക്ക് കൃസ്ത്യൻ/കൃസ്ത്യാനന്തര ജനതയുടെ കൈകളാൽ വിവേചനവും മർദ്ദനവും ഒടുവിൽ വംശഹത്യയും നേരിടേണ്ടി വന്ന യൂറോപ്യൻ രാജ്യങ്ങളാണ് രാഷ്ട്രീയ സയണിസത്തിന്റെ ഉത്ഭവം എന്ന വസ്തുതയെ ഇനിയും ഊന്നിപ്പറയാൻ ഒരാൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. യൂറോപ്യൻ സെമിറ്റിക് വിരുദ്ധരെയും യൂറോപ്യൻ സയണിസ്റ്റുകളെയും തങ്ങളുടെ അനുയായികളിൽ ഉൾപ്പെടുത്തി കൊണ്ട് രാഷ്ട്രീയ സയണിസം കൃസ്ത്യൻ സെമിറ്റിക് വിരുദ്ധതയുമായി ഒത്തു ചേർന്നിരിക്കുകയാണ്. ജൂത ജനത ശരിയായ യൂറോപ്യരല്ലെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. സയണിസത്തിന്റെ സ്ഥാപകനായ തിയോഡോർ ഹെർസൽ ഈ ഒത്തുചേരലിനെ സ്വാഗതം ചെയ്യുകയും അതിനെ ആന്തരികവൽക്കരിക്കുകയും ചെയ്തുവെന്ന കാര്യം എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടാറില്ല. ഹെർസൽ എഴുതുന്നു; “നമ്മുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളായി സെമിറ്റിക് വിരുദ്ധരും, നമ്മുടെ സഖ്യകക്ഷികളായി സെമിറ്റിക് വിരുദ്ധ രാഷ്ട്രങ്ങളും മാറുന്നതായിരിക്കും. ആദരിക്കപ്പെടുന്ന ജനതയായി കുടിയേറുകയാണ് നാം വേണ്ടത്.”[3] പലരും ചൂണ്ടിക്കാണിച്ച പോലെ ജൂതന്മാരെ യൂറോപ്പിന്റെ അന്യരായി കാണുന്ന സെമിറ്റിക് വിരുദ്ധ വീക്ഷണത്തെ ആന്തരികവൽക്കരിക്കുകയും ശേഷം ഫലസ്തീനിൽ “പുത്തൻ ജൂത ജനങ്ങളുടെ” ഒരു രാഷ്ട്രം സ്ഥാപിച്ചു കൊണ്ട് യൂറോപ്യൻ സെമിറ്റിക് വിരുദ്ധ “ജൂതപ്രശ്നത്തിന്” ഒരു പരിഹാരം അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് സയണിസം ചെയ്തത്. ഈ യൂറോപ്യൻ പരിപ്രേക്ഷ്യത്തിന്റെ ശ്രദ്ധേയമായൊരു ഉദാഹരണം (ചെറുതെങ്കിലും അത്ര നിസ്സാരമല്ലാത്ത) 1961-ൽ ജറുസലേമിൽ നടന്ന എയ്ക്മാൻ വിചാരണയിൽ (Eichmann trial) വെച്ച് ഒരു സംഘം ജർമ്മൻ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിഫലിച്ചതായി കാണാം. “മുമ്പ് ജൂതന്മാരുടെ സവിശേഷതകളായി കണക്കാക്കാതിരുന്ന, സ്വർണ്ണ നിറമുള്ള തലമുടിയും നീലക്കണ്ണുകളും സ്വതന്ത്രവും സ്വയം നിശ്ചിത ശരീര ചലനവും വടിവൊത്ത മുഖവുമുള്ള പ്രയോജനപ്രദരായ പുത്തൻ യുവാക്കൾ” എന്നാണ് പ്രസ്തുത റിപ്പോർട്ട് “പുത്തൻ ജൂതരെ” വിശദീകരിക്കുന്നത്.[4] യൂറോപ്യൻ ജൂതർ യൂറോപ്യൻ അജൂതരിൽ നിന്ന് “വംശീയമായി” വ്യത്യസ്തരാണ് എന്ന വീക്ഷണം മാനസാന്തരം സംഭവിക്കുകയും അനുയോജ്യമായ വംശീയ വാക്കുകളിലൂടെ തങ്ങളുടെ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്ത യുദ്ധാനന്തര ജർമ്മനിക്കാർ തള്ളിക്കളഞ്ഞതായാണ് കാണാൻ സാധിക്കുന്നത്. (ഹിറ്റ്ലറും അദ്ദേഹത്തിന്റെ കൂട്ടാളികളും അവരുടെ കല്ലറയിൽ നൃത്തം ചെയ്യുന്നുണ്ടാകണം: “യുദ്ധത്തിൽ നമ്മൾ പരാജയപ്പെട്ടെങ്കിലും ജർമ്മനിയെ ജൂത മുക്ത ഇടമാക്കി (Judenrein) മാറ്റുകയെന്ന നമ്മുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് നാം നേടിയിരിക്കുന്നു.”

ഹന്നാ ആരൻഡ്

ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം വരെയും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് തദ്ദേശീയരായ കൃസ്ത്യൻ–മുസ്‌ലിം ജനതയ്ക്കൊപ്പം ഒരേ ഭാഷയും സംസ്കാരവും പങ്കുവെച്ച് കഴിഞ്ഞ ഫലസ്തീനിയൻ ജൂതർക്കിടയിൽ (ഓറിയന്റൽ ജൂതന്മാർ) എന്തുകൊണ്ട് സയണിസം ഉടലെടുത്തില്ല എന്ന് ഒരാൾക്ക് അത്ഭുതം തോന്നാവുന്നതാണ്? ഒരു കുടിയേറ്റ രാഷ്ട്രമെന്ന നിലയിൽ സയണിസം ഫലസ്തീനിലേക്ക് കൊണ്ടു വന്ന രാഷ്ട്രീയത്തെയും സംസ്കാരത്തെയും സ്വന്തത്തെയും കുറിച്ചുള്ള സങ്കല്പങ്ങളുടെ കാര്യത്തിൽ സയണിസം മൗലികമായി യൂറോപ്യനായിരുന്നു എന്നാണ് അതിന്റെ ഉത്തരം. യൂറോപ്യൻ സാംസ്കാരിക ആധിപത്യത്തിന്റെ അനന്തര ഫലമെന്ന നിലയിൽ ഫലസ്തീനിൽ പുതിയൊരു ‘അറബ്’ ദേശീയത ഉയർന്നു വരുന്ന സമയത്താണ് ജൂത ദേശീയവാദികൾ ഫലസ്തീനിലെത്തുന്നത്. അതിനാൽ, ആദ്യകാലത്ത് അറബികളുമായി സഹകരിക്കണമെന്ന വാദമുണ്ടായിരുന്ന ചുരുക്കം ചിലരെ മാറ്റിനിർത്തിയാൽ, തദ്ദേശീയരായ മുസ്‌ലിംകളെയും കൃസ്ത്യാനികളെയും മുഖ്യധാരാ സയണിസം എല്ലാ കാലത്തും ഏഷ്യയിൽ ഒരു യൂറോപ്യൻ രാഷ്ട്രം നിർമ്മിക്കുന്നതിനുള്ള തടസ്സങ്ങളായാണ് പരിഗണിച്ചിട്ടുള്ളത്. തുടക്ക കാലത്ത് സമ്പൂർണമായി സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകണമെങ്കിലും പിന്നീട് 1948-ന് ശേഷം ഇസ്രായേലെന്ന “പരിഷ്കൃത” യൂറോപ്യൻ രാഷ്ട്രത്തിന്റെ പൂർണ പൗരന്മാരാകണമെങ്കിലും അറബികളായ ജൂതർ അവരിലെ അറബിത്വത്തെ ഇല്ലാതെയാക്കണം എന്ന വ്യവസ്ഥ പോലുമുണ്ടായിരുന്നു. ജൂത രാഷ്ട്രത്തിന് വേണ്ടി ഫലസ്തീനിനെ സമ്പൂർണമായി കയ്യടക്കണമെന്ന ജൂത ആഗ്രഹം ഇസ്രായേലിന്റെ ചരിത്രത്തിൽ പിൽക്കാലത്തുണ്ടായ മാറ്റമാണെന്ന് ചിലപ്പോഴെങ്കിലും പറയപ്പെടാറുണ്ടെങ്കിലും അതത്ര കൃത്യമല്ല. 1944-ന്റെ അവസാനത്തിൽ ഹന്നാ ആരൻഡ് എഴുതുന്നു:

“ലോക സയണിസ്റ്റ് സംഘടനയുടെ ഏറ്റവും വലുതും സ്വാധീനവുമുള്ള വിഭാഗം അടുത്തിടെ പുറത്തിറക്കിയ പ്രമേയം 50 വർഷത്തെ സയണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്തിമ ഫലത്തെ ഉൾവഹിക്കുന്ന ഒന്നാണ്. 1944 ഒക്ടോബർ മാസത്തിൽ അറ്റ്ലാന്റിക സിറ്റിയിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ അക്ഷതവും അഖണ്ഢവുമായ ഫലസ്തീനിനെ പൂർണമായും അധീനപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര ജനാധിപത്യ ജൂത രാഷ്ട്രം എന്ന ആവശ്യത്തെ വലതുപക്ഷത്തു നിന്നും ഇടതുപക്ഷത്തു നിന്നുമുള്ള അമേരിക്കൻ സയണിസ്റ്റുകൾ ഐക്യഖണ്ഡേന അംഗീകരിച്ചിട്ടുണ്ട്. സയണിസ്റ്റ് ചരിത്രത്തിലെ ഒരു വഴിത്തിരിവാണിത്: ഇത്രയും കാലം നിഷിതമായി നിരാകരിക്കപ്പെട്ടിരുന്ന ഈ പദ്ധതി ഒടുവിൽ വിജയം വരിച്ചിരിക്കുന്നു. ജൂത ന്യൂനപക്ഷം അറബ് ഭൂരിപക്ഷത്തിന് ന്യൂനപക്ഷാവകാശങ്ങൾ അനുവദിച്ചു നൽകിയിരുന്ന ബിൽട്ട്മോർ പരിപാടിയേക്കാളും (1942) ഒരു പടി കൂടി മുന്നോട്ട് അറ്റ്ലാന്റിക് സിറ്റി പ്രമേയം പോകുന്നുണ്ട്. ഇത്തവണ അറബികളെ കുറിച്ച് പ്രമേയം പ്രതിപാദിക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല, ഒന്നുകിൽ സ്വയം കുടിയേറുകയോ അല്ലെങ്കിൽ രണ്ടാം കിട പൗരത്വം സ്വീകരിക്കുകയോ ചെയ്യേണ്ടുന്ന അവസ്ഥയിൽ അവരെ കൊണ്ടെത്തിക്കുകയും ചെയ്തു. തങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങളെ പ്രഖ്യാപിക്കുന്നതിൽ നിന്ന് സയണിസ്റ്റ് പ്രസ്ഥാനത്തെ ഇത്രയും കാലം തടഞ്ഞത് ചില അവസരവാദ കാരണങ്ങൾ മാത്രമാണെന്ന് സമ്മതിക്കുകയാണ് ഇത്.”[5]

ഇപ്രകാരം ജൂത മേൽക്കോയ്മ (ഫലസ്തീനിന്റെ സമ്പൂർണതയിൽ മാത്രം ജൂത ദേശം പ്രതിനിധാനം ചെയ്യപ്പെടുന്ന അവസ്ഥ) സയണിസ്റ്റ് രാഷ്ട്രീയ പദ്ധതിയുടെ തുടക്കം മുതൽ തന്നെ നിലനിൽക്കുന്നുണ്ട്. “ഫ്രം ദ റിവർ ടു ദ സീ” എന്ന പ്രയോഗം മുഖ്യധാരാ സയണിസത്തിന്റെ ഭൂമിശാസ്ത്രപരമായ അഭിലാഷത്തെയാണ് (എല്ലായ്പ്പോഴും ഒരു പ്രഖ്യാപിത നയമായിട്ടല്ലെങ്കിലും) എല്ലാ കാലത്തും പ്രകടിപ്പിച്ചത്. വലതുപക്ഷ ലിക്കുദ് പാർട്ടിയുടെ പ്രമാണത്തിൽ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നതിന്[6] പുറമെയാണിത്. ഫലസ്തീനികൾക്കും ഇസ്രായേലീ പൗരന്മാർക്കും തുല്യ പൗരത്വവും തുല്യ സ്വാതന്ത്ര്യവും നൽകുന്ന ഒരു ഏക ജനാധിപത്യ രാഷ്ട്രം അഖണ്ഡ ഫലസ്തീനിൽ  സ്ഥാപിക്കപ്പെടണമെന്ന നിർദേശം മുന്നോട്ട് വെക്കുന്ന ഫലസ്തീൻ അനുകൂലികളും തീർച്ചയായും “ഫ്രം ദ റിവർ ടു ദ സീ” എന്ന ഇതേ മുദ്രാവാക്യം ഉപയോഗിക്കുന്നുണ്ട്.

ബെൻ ഗുര്യോൺ

അപമാനവീകരണത്തിന്റെയും പൈശാചികവൽക്കരണത്തിന്റെയും ഭാഷയുടെ പിന്തുണയോടെ തദ്ദേശീയ ജനതയെ നിഷ്കാസനം ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പദ്ധതിയായ വംശീയ ഉന്മൂലനത്തെ സൂചിപ്പിക്കുന്ന മൃദുപ്രയോഗമാണ് ആരൻഡിന്റെ “സ്വയം കുടിയേറ്റം” (voluntary emigration) എന്ന പ്രയോഗം (പീന്നീട് സയണിസ്റ്റുകൾ ഈ പ്രയോഗം ഉപയോഗിച്ചു വരുന്നു). മർദ്ദക വ്യവസ്ഥകൾക്ക് കീഴിൽ ജീവിക്കേണ്ട സാഹചര്യം വരാതിരിക്കാനോ അല്ലെങ്കിൽ സ്വന്തം ജീവനിൽ പേടിയുള്ളതു കൊണ്ടോ ആളുകൾ അവരുടെ ജീവിതസ്ഥലങ്ങൾ ഉപേക്ഷിച്ചെന്നു വരാം. 1947-48 കാലഘട്ടത്തിൽ ഇസ്രായേൽ രാഷ്ട്രത്തിന് ഐക്യരാഷ്ട്ര സഭ അനുവദിച്ച പ്രദേശത്തും അതേപോലെ ഫലസ്തീനിന് വേണ്ടി അനുവദിക്കുകയും പിന്നീട് ആക്രമണത്തിലൂടെ ഇസ്രായേൽ അധീനതയിലാക്കുകയും ചെയ്ത പ്രദേശത്തും ഉള്ള ഒരു മില്ല്യൺ ഫലസ്തീനികളുടെ നാലിൽ മൂന്ന് ഭാഗവും ക്രമേണ പുറന്തള്ളപ്പെടുകയുണ്ടായി.[7] തീർച്ചയായും, ഇസ്രായേൽ നടത്തിയ ഒരേയൊരു വംശീയ ഉന്മൂലനമല്ല 1948-ലേത്. ഒന്നുകിൽ കൂടുതൽ ഭൂമി കയ്യേറുക, അല്ലെങ്കിൽ ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുക എന്നീ ലക്ഷ്യങ്ങളിൽ ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ രണ്ടുമോ പിന്നീടുണ്ടായ ഓരോ യുദ്ധത്തിന്റെയും (1956, 1967, 1973) ഭാഗമായിരുന്നു. ഈ പ്രക്രിയ ഇപ്പോഴും തുടരുന്നു.

ലോകത്താകമാനമുള്ള ജൂതരുടെ മാതൃഭൂമിയാണ് ഇസ്രായേലെന്ന് സയണിസ്റ്റുകൾ അവകാശപ്പെടുന്നു. (അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും പൗരന്മാരായി കഴിയുന്ന ജൂതന്മാർ സെമിറ്റിക്ക് വിരുദ്ധതക്ക് ഇരയായി  രാഷ്ട്രീയമായി ദുർബ്ബലരാക്കുവാൻ ഈ വാദം കാരണമാകില്ലേ?). പ്രസ്തുത വാദം കാരണം “ജൂതൻ” എന്നതിന് തൃപ്തികരമായ നിർവ്വചനവും അനിവാര്യമാവുന്നു. സ്വയം ജൂതരായി തിരിച്ചറിയുന്നവർ വ്യത്യസ്ത സ്ഥല കാലങ്ങളിൽ ഭാഷ, സംസ്കാരം, ജീവിത രീതി എന്നിവയുടെ കാര്യത്തിൽ വ്യത്യസ്തരാണ് എന്നതു കൊണ്ട് തന്നെ മതപാരമ്പര്യത്തെ അവലംബമാക്കാതെ ഒരാൾക്ക് ജൂതന്മാരെ നിർവ്വചിക്കാൻ സാധിക്കില്ലെന്നാണ് മതകീയ ജൂതന്മാരുടെ പക്ഷം. മറുവശത്ത് രാഷ്ട്രീയ സയണിസ്റ്റുകൾ തങ്ങളുടെ ദേശീയ വാദങ്ങളെ ന്യായീകരിക്കാനുള്ള ചരിത്രാഖ്യാനത്തിന് വേണ്ടി ബൈബിളിനെ എടുക്കുമെങ്കിലും, ആരാണ് ജൂതനെന്ന് നിർണയിക്കാൻ അവർക്ക് ജൂതമതം ഒരു മൗലിക മാനദണ്ഡമല്ല. (ജൂതനായ ഒരു സുഹൃത്ത് ബെൻ-ഗുര്യോണിനോട് പങ്കുവെച്ച വിരോധാഭാസമായ പ്രസ്താവന ഇങ്ങനെയായിരുന്നു: “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, പക്ഷേ അവൻ ഞങ്ങൾക്ക് ഫലസ്തീൻ തന്നു”). ശരിയെന്ന് അഭിപ്രായമുള്ള ഒരു ജൂത പാരമ്പര്യത്തിൽ വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നയാളെയല്ല രാഷ്ട്രീയ സയണിസം ജൂതനെന്ന് നിർവ്വചിക്കുന്നത്. മറിച്ച് വളരെ ലളിതമായി, സ്വരാജ്യം (home) എന്ന നിലയിൽ ഇസ്രായേലിലേക്ക് “തിരിച്ചുപോകാൻ” അർഹതയുള്ള അവനോ അവളോ ആണ് അവരുടെ നിർവചന പ്രകാരം ജൂതൻ. ജൂതനെന്ന് സ്വയം തോന്നുന്ന എല്ലാവർക്കും ഇസ്രായേലിലേക്ക് വരാനുള്ള ഈ അർഹത ഉള്ളതായി അംഗീകരിക്കപ്പെടില്ല. ജൂത രാഷ്ട്രത്തിലേക്ക് കുടിയേറാനുള്ള എത്യോപ്യൻ ജൂതരുടെ ആഗ്രഹത്തോട് തുടക്കത്തിൽ ഇസ്രായേല്യർ കാണിച്ച നിഷേധാത്മകമായ പ്രതികരണം ഇതാണ് കാണിക്കുന്നത്. അതിനാൽ, “ജൂതൻ” എന്ന സംവർഗ്ഗം ഒരു സാമൂഹ്യ നിർമ്മിതിയാണ്. ജൂതമത ചര്യ പാലിക്കേണ്ടതില്ലാത്ത, ‘അവന്റെയോ അവളുടെയോ അമ്മ ജൂത ആയതിനാൽ അവൻ/ൾ ജൂത ആണ്’ എന്ന ജൂത പിന്തുടർച്ചാ നിയമത്തെ മാത്രം അവലംബമാക്കിയാൽ മതിയാകുന്ന ഒരു സാമൂഹ്യ നിർമ്മിതി. ഇവിടെ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആർക്കൊക്കെയാണ് കുടിയേറി പാർക്കാൻ അർഹതയുള്ളത് എന്ന കാര്യം ദേശ രാഷ്ട്രം നിർണയിക്കുന്നത്, കേവല ആത്മനിഷ്ഠ തോന്നലുകൾ മതിയാവുകയില്ല.

ഒരു ജൂതനെ – അഥവാ, മതനിയമ പ്രകാരം ജൂത രാഷ്ട്രത്തിലേക്ക് കുടിയേറാൻ അർഹതയുള്ളയാൾ – നിർവ്വചിക്കാനുള്ള ഇസ്രായേലിന്റെ ബ്യൂറോക്രാറ്റിക്കലായ ആവശ്യത്തെ താൽക്കാലികമായി മാറ്റിവെച്ചാൽ മറ്റൊരു രസകരമായ സംഗതി കാണാനാവും.

ഒന്നാം ലോക യുദ്ധത്തിന്റെ സമയത്ത് ദേശരാഷ്ട്രം നടത്തിയ പാതകങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരെ തിരിച്ചറിയുന്ന പ്രക്രിയയുടെ ധാർമ്മിക ച്യുതിയെ കുറിച്ച് പറയുമ്പോൾ സിഗ്മണ്ട് ഫ്രോയിഡ് സംസാരിച്ചത് യഥാർത്ഥ പൗരന്മാരെ കുറിച്ചാണ്, അല്ലാതെ ആവാൻ സാധ്യതയുള്ളവരെ കുറിച്ചല്ല.[8] എങ്കിലും, ഒരു സയണിസ്റ്റോ ജൂത രാഷ്ട്ര പദ്ധതിയെ പിന്തുണച്ച ആളോ അല്ലാതിരുന്നിട്ടു കൂടി 1930-ൽ (Totem and Taboo എന്ന പുസ്തകത്തിന്റെ ഹീബ്രൂ വിവർത്തന പതിപ്പിന്റെ മുഖവുരയിൽ) താൻ ജൂതനാണെന്ന “തോന്നൽ” ഫ്രോയിഡ് പ്രകടിപ്പിക്കുന്നുണ്ട്; “പരിശുദ്ധ വേദ ഭാഷയെ തൊട്ട് അജ്ഞനും, തന്റെ പിതാക്കളുടെ മത പാരമ്പര്യത്തിൽ നിന്ന് (അതേപോലെ മറ്റെല്ലാ മത പാരമ്പര്യത്തിൽ നിന്നും) അന്യനും, അതിന്റെ ദേശീയ ആദർശങ്ങളിൽ ഭാഗഭാക്കാകാൻ കഴിയാത്തവനും, എന്നാൽ അതേ സമയം തന്റെ ജനതയെ ഒരിക്കലും കയ്യൊഴിഞ്ഞിട്ടില്ലാത്ത, മൗലിക പ്രകൃതത്തിൽ താനൊരു ജൂതനാണെന്ന് തോന്നുന്ന, ആ പ്രകൃതത്തെ മാറ്റാൻ യാതൊരു ആഗ്രഹവുമില്ലാത്ത ഒരു എഴുത്തുകാരന്റെ വൈകാരിക അവസ്ഥയിൽ സ്വയം പ്രതിഷ്ഠിക്കാൻ ഈ പുസ്തകത്തിന്റെ ഒരു വായനക്കാരനും എളുപ്പമായിരിക്കില്ല. ‘നിന്റെ ജനതയുടെ ഈ പറഞ്ഞ എല്ലാ സവിശേഷതകളെയും നീ ഉപേക്ഷിച്ച സ്ഥിതിക്ക്, നിന്നെ ജൂതനാക്കുന്ന എന്താണ് നിന്നിൽ ബാക്കിയുള്ളത്?’ എന്ന ചോദ്യം അവനോട് ചോദിച്ചാൽ അവന്റെ മറുപടി ഇപ്രകാരമായിരിക്കും; ‘ഒരു വലിയൊരു ഭാഗം, ഒരു പക്ഷേ അതിന്റെ സത്താപരമായ ഭാഗം തന്നെ.’ അത് വാക്കുകളിലൂടെ അവന് പറയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല, പക്ഷേ ഏതെങ്കിലുമൊരു ദിവസം ശാസ്ത്രീയ മനസ്സിന് അത് നിസ്സംശയമായും ലഭ്യമാവും.”[9] ഒരാൾ ജൂതനെന്ന നിലയിൽ ആക്രമിക്കപ്പെടുകയാണെങ്കിൽ ജൂതനെന്ന നിലയിൽ തന്നെ സ്വയം പ്രതിരോധിക്കണമെന്ന ഹന്നാ ആരൻഡിന്റെ തത്വത്തെയും മറികടന്നു പോകുന്നതാണ് ഫ്രോയിഡ് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്ന രസകരമായ വാദം.

സിഗ്മണ്ട് ഫ്രോയിഡ്

ഒന്നാം ലോക യുദ്ധത്തിന്റെ സമയത്ത് യൂറോപ്യൻ ദേശീയതയോടുള്ള ഫ്രോയിഡിന്റെ വിമർശനത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ചില കാര്യങ്ങൾക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ ഈ ചിന്താ രീതിയെന്ന് ഒറ്റനോട്ടത്തിൽ ഒരുപക്ഷേ തോന്നിയേക്കാം. പക്ഷേ “ഒരു ജൂതനാണെന്ന തോന്നൽ” എന്ന പ്രയോഗത്തെ അദ്ദേഹം തന്നെ വ്യക്തമായി നിഷേധിച്ച ഒരുതരം ദേശീയ വികാരത്തിന്റെ (Nationalist feeling) ഭാഗമായാണ് (അഥവാ രാഷ്ട്രീയ സയണിസത്തിന്റെ) നാം മനസ്സിലാക്കുന്നത് എങ്കിൽ മാത്രമേ അങ്ങനെ തോന്നുകയുള്ളൂ. ഒരു കൂട്ടം മനുഷ്യരെ നിയമപരമായും ചിഹ്നപരമായും പ്രതിനിധീകരിക്കുന്ന ഒരു പ്രത്യേക ദേശരാഷ്ട്രത്തിന്റെ ഭാഗമായി സ്വയം തിരിച്ചറിയാതെയോ അതിന് ആഗ്രഹിക്കാതെയോ തന്നെ മറ്റു പല കാരണങ്ങൾ കൊണ്ടും അവരുമായി അടുപ്പമോ ചേർച്ചയോ ഒരാൾക്ക് അനുഭവിക്കാൻ കഴിയും എന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുകയാണ് അദ്ദേഹം എന്നാണ് തോന്നുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മറ്റിതര വ്യക്തികളുമായും അല്ലെങ്കിൽ പ്രദേശങ്ങളുമായും ഗുണാത്മകമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്നുള്ള ഒരാളുടെ അനുഭൂതിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു ഉത്തരം ദേശീയതയല്ല.

തങ്ങളുടെ അംഗങ്ങൾ താമസിക്കുന്ന ലോകത്തിൻ്റെ എല്ലാഭാഗങ്ങളിലും ഞങ്ങൾ ഒരു പ്രത്യേക ദേശത്തെ (അതായത്, ജൂത) പ്രതിനിധീകരിക്കുന്നുവെന്നും, സ്വന്തം ഭൂപ്രദേശത്ത് വസിക്കുന്ന ആ ദേശത്തിൽ പെടാത്ത പൗരന്മാരെ (അഥവാ, ജൂതരല്ലാത്തവർ) പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള അനന്യമായ വാദം മുന്നോട്ട് വെക്കുന്ന ഒരേയൊരു രാഷ്ട്രം ഇസ്രായേലാണ്. ‘ആരാണ്, എന്താണ് ജൂതന്മാർ?’ എന്ന ആ പഴയ ചോദ്യത്തിന് വേണ്ട കൃത്യമായ ഉത്തരം ഉൽപാദിപ്പിക്കേണ്ടതിനെ കുറിച്ച് ഇസ്രായേൽ ഗൗരവമായി ആലോചിക്കുന്നു എന്നതാണ് ഈ വാദത്തിന്റെ സുപ്രധാനമായ അനന്തരഫലം. സയണിസ്റ്റ് രാഷ്ട്രം നൽകിയിട്ടുള്ള ഉത്തരം ഭാഗികമായി നിഷേധാത്മകമാണ്; “ജൂതർ അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്നുണ്ടെങ്കിലും അവർ ശരിക്കും അവിടത്തുകാരല്ല. അവർ ശരിക്കും അവരുടെ സ്വരാജ്യത്തുള്ളവരാണ്, അത് പൂർണമായും ഇസ്രായേൽ മാത്രമാണ്.” ഭാഗികമായി ആ ഉത്തരം അനാവശ്യമായ ആവർത്തനവുമാണ്; “ജൂതർ ജൂത ദേശത്തു നിന്നുള്ളവരും, ആ നിലക്ക് ഫലസ്തീനിലെ ചരിത്രപരമായ ജൂത ദേശീയ ഭവനത്തിലേക്ക് തിരിച്ചുവരാൻ അർഹതപ്പെട്ടവരുമാണ്.” ഇവിടെ ‘ഭവനം’ എന്ന പ്രയോഗം ഭവനം എന്ന സങ്കല്പം സാധാരണ പ്രദാനം ചെയ്യുന്ന സുരക്ഷിതത്വ ബോധത്തിൽ നിന്ന് ഉത്ഭവിക്കുന്നതല്ല, മറിച്ച് ഒരു രാഷ്ട്രത്തോടൊപ്പം ഒരു അടഞ്ഞ സ്വത്വത്തെ ന്യായീകരിക്കുന്ന അധികാരത്തിന്റെ ആകർഷണീയതയിൽ (attractiveness of power) നിന്നുമാണ് അത് ഉത്ഭവിക്കുന്നത് എന്നാണ് ഇവിടെ എനിക്ക് പറയാനുള്ളത്. അതായത്, ഒരാളുടെ ഭവനത്തിന് പുറത്തുള്ള, പുറത്തുള്ളവരാണെന്ന ഒറ്റ കാരണത്താൽ അപകടകാരികളായി കണക്കാക്കപ്പെടുന്ന, ആളുകളെ ശിക്ഷിക്കാനും റദ്ദ് ചെയ്യാനുമുള്ള അതിന്റെ ശേഷി കൊണ്ട് സ്വയം ഊട്ടിയുറപ്പിക്കുന്ന അധികാര രൂപം.

(തുടരും )

വിവർത്തനം: മൻഷാദ് മനാസ്


[1] Brian Klug, “George Orwell, Gaza, and “The Debasement of language,” Contending Modernities, December 15, 2023. (Italics added.) See also his thought-provoking book Offencethe Jewish case, New York: Seagull Books, 2009

[2] ഒക്ടോബർ ഏഴിന് ലൈംഗിക പീഠനത്തെ ആയുധമായുപയോഗിച്ചു എന്നതുമായി ബന്ധപ്പെട്ട് പ്രമീല പാറ്റൻ തയ്യാറാക്കിയ ഒരു ഐക്യരാഷ്ട്ര സഭാ റിപ്പോർട്ടിനെ (ഇസ്രായേലീ ഭരണകൂടവും അതിനെ പിനന്തുണക്കുന്നവരും സ്വാഗതം ചെയ്ത) Feminist Solidarity Network for Palestine-ന്റെ ലേഖനം വളരെ വിശദമായി ചർച്ച ചെയ്യുകയും വിമർശനം മുന്നോട്ടു വെക്കുകയും ചെയ്യുന്നുണ്ട്. “Here’s What Pramila Patten’s UN Report on October 7 Sexual Violence Actually Said,” Mondoweiss, March 11, 2024. പ്രസ്തുത റിപ്പോർട്ട് ഒരു അന്വേഷണമല്ലെന്നും, അങ്ങനെ ആണെന്ന് സ്വയം അവകാശപ്പെടുന്നില്ലെന്നുമാണ് പ്രഥമികമായ വിമർശനം.

[3] The Complete Diaries of Theodor Herzl, New York: Herzl Press, 1960, Vol. 1, p. 84.

[4] Quotations cited from Jewish Currents Podcast, On the Nose, February 8, 2024

[5] Hannah Arendt, “Zionism Reconsidered,” in The Jewish Writings, ed. By Jerome Kohn and Ron Feldman, New York: Schocken Books, 2007, p. 343. (Italics added.)

[6] കടലിനും ജോർദാനുമിടയ്ക്ക് ഇസ്രായേലിന്റെ പരമാധികാരം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ലിക്കുദ് പാർട്ടിയുടെ പ്രമാണം തുറന്നു പ്രഖ്യാപിക്കുന്നു.

[7] ഈ വംശീയ ഉന്മൂലനങ്ങളിൽ മിക്കതും നടന്നത് സമീപത്തുള്ള അറബ് രാഷ്ട്രങ്ങൾ എന്തെങ്കിലും സൈനിക നടപടി സ്വീകരിക്കുന്നതിന് മുമ്പാണ്. അതു കൊണ്ട് തന്നെ സ്വയം രക്ഷാർത്ഥം നടന്നതായിരുന്നില്ല അവ, മറിച്ച് ശുദ്ധമാക്കപ്പെട്ട ഭൂപ്രദേശത്ത് ഒരു ജൂത ഭൂരിപക്ഷം നിർമ്മിക്കാൻ വേണ്ടി നടന്നതായിരുന്നു. See Ilan Pappe, The Ethnic Cleansing of Palestine, London: One World Publications, 2006.

[8] Sigmund Freud, “Thoughts for the Times on War and Death,” in Sigmund Freud, Standard Edition, ed. By James Strachey, vol. XIV, London: Hogarth Press. 1957.

[9] Sigmund Freud, Totem and Taboo, p. xi; authorized English translation, 1950. (Italics added.)

 

 

തലാൽ അസദ്