Campus Alive

വിമർശനവും കോളനീകരണവും: ‘ഉത്തരവാദിത്തത്തെ’ കുറിച്ച് ചില ആലോചനകൾ

ജൂഢിത് ബട്ട്ലർ അടുത്തിടെ ഇങ്ങനെ എഴുതി,

“ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണങ്ങൾക്ക് ‘ഇസ്രായേൽ എന്ന അപ്പാർത്തീഡ് ഭരണകൂടത്തെ മാത്രമാണ് കുറ്റപ്പെടുത്തേണ്ടത്’ എന്ന നിലപാട് പുലർത്തുന്ന ഹാർവാർഡ് ഫലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയോട് എൽ.ആർ.ബിയിൽ (London Review of Books) എഴുതിയ ലേഖനത്തിലൂടെ എനിക്ക് വഴക്കിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഉത്തരവാദിത്തം ഏകപക്ഷീയമായി വിഭജിക്കുന്നത് തെറ്റാണെന്നും ഹമാസ് നടത്തിയ നികൃഷ്ടമായ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നും ഞാൻ കരുതിയിരുന്നു.” ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ ചെറുത്തുനിൽപ്പിനെ അനുകൂലിക്കുന്ന ഹാർവാർഡ് ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റിയുടെ നിലപാടിനെ പ്രതിരോധിച്ചുകൊണ്ട് ബട്ട്ലർ നടത്തിയ വിമർശനം, ആവിഷ്കാര സ്വാതന്ത്ര്യത്തെ മുൻനിർത്തി ഗസ്സയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് കളമൊരുക്കുകയായിരുന്നു.

ഈ ഇടപെടലിലൂടെ ബട്ട്ലർ വ്യക്തമാക്കിയത് അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണെന്നാണ്. അതാകട്ടെ ‘ഉത്തരവാദിത്തത്തെയും കുറ്റം ചെയ്യലിനെയും’ (Responsibility and Culpability) വെവ്വേറെ തിരിച്ചറിയാനുള്ള സ്വാതന്ത്ര്യമാണ്. ഇവിടെ ഉത്തരവാദിത്തമെന്നത് ഒരു ആഖ്യാനമാണെങ്കിൽ (ഞാൻ അതിനെ അങ്ങനെയാണ് കാണുന്നത്), ഉത്തരവാദിത്തത്തെ സംബന്ധിച്ച പ്രത്യേകമായ ഒരു ആഖ്യാനത്തെ പിൻപറ്റുക എന്നതാണ് ആവിഷ്കാര സ്വാതന്ത്ര്യം കൊണ്ട് അർഥമാക്കപ്പെടുന്നത്. അഥവാ അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ കേന്ദ്ര സ്ഥാനത്തുള്ള ‘വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തിലൂടെ’ ഒരാൾക്ക് അക്രമാസക്തമെന്ന് തോന്നുന്ന ഏതൊരു പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തത്തെ/ഉത്തരവാദിയെ മനസ്സിലാക്കാനുള്ള മാർഗമായി ആവിഷ്കാര സ്വാതന്ത്ര്യം – വിമർശന സ്വാതന്ത്ര്യം – ഉപയോഗിക്കപ്പെടുത്തപ്പെടുന്നു. ചുരുക്കത്തിൽ: വിമർശനം എന്നാൽ ഒരാളുടെ ഉത്തരവാദിത്തം ഉറക്കെ വിളിച്ചുപറയുക എന്നതായി മാറുന്നു.

ജൂഢിത് ബട്ട്ലർ

ഉത്തരവാദിത്തത്തിനോടുള്ള ഈ അഭിനിവേശം ബട്‌ലർ എഴുതിയ ഈ ലേഖനത്തിൽ മാത്രം പരിമിതമല്ല, മറിച്ച് ഫലസ്തീനികൾക്ക് നേരെ ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ച് നടത്തപ്പെട്ടിട്ടുള്ള നിരവധി പ്രതികരണങ്ങളിൽ അത് നമുക്ക് കാണാൻ സാധിക്കും. ഉദാഹരണത്തിന്, ഇസ്രായേലിൻ്റെ മുൻ നാഷണൽ സെക്യൂരിറ്റി ഡെപ്യൂട്ടി അഡ്വൈസറും സുരക്ഷാ നയവിദഗ്ധനുമായ ചക്ക് ഫ്രീലിച്ച് (Chuck Freilich) ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയെ അട്ടിമറിക്കുന്നതിനുള്ള ഉത്തരവാദിത്തം ഹമാസിനാണ്, അല്ലെങ്കിൽ ഹമാസ് നടത്തിയ ആക്രമണത്തിനാണെന്ന് അടുത്തിടെ വാദിച്ചിരുന്നു. ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ സാധ്യമായേക്കാവുന്ന ഏതൊരു പരിഹാരവും ഹമാസ് കാരണം ഇപ്പോൾ തടയപ്പെട്ടിരിക്കുകയാണ് എന്ന വാദം ഒക്‌ടോബർ 7 ന് ശേഷമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലെ പൊതുവികാരമായി മാറിയിരുന്നു. ഫലസ്തീൻ രാഷ്ട്രമെന്ന സങ്കല്പത്തിന്റെ സ്വയം പ്രഖ്യാപിത പിന്തുണക്കാരും സയണിസത്തെ ഏകപക്ഷീയമായി പിന്തുണക്കുന്നവരും ഈ വികാരം പങ്കുവെക്കുന്നുണ്ട്.

ചുരുക്കത്തിൽ, ‘ഉത്തരവാദിത്തത്തെക്കുറിച്ചുള്ള’ ചോദ്യങ്ങളാണ് ഫലസ്തീൻ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന കോളനിവൽക്കരണത്തെക്കുറിച്ചുള്ള നയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും തർക്കങ്ങളെയും വിശകലനം ചെയ്യുന്നതിന്റെ കേന്ദ്രബിന്ദുവായി ഇപ്പോൾ വർത്തിക്കുന്നത് എന്ന് സാരം. എന്റെ ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം ബട്ട്‌ലറുടെ ഇടപെടലിന് മറ്റൊരു പ്രതികരണം കൂടി സംഭാവന ചെയ്യുകയെന്നതല്ല. ഇസ്രായേലിന്റെ കോളനിവൽക്കരണത്തിനെതിരെയുള്ള ഫലസ്തീൻ പ്രതിരോധങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങളിൽ ആധിപത്യം പുലർത്തുന്ന ‘ഉത്തരവാദിത്തം’ എന്ന സങ്കല്പത്തെ ചോദ്യം ചെയ്യുക എന്നതാണ്. എൻ്റെ അഭിപ്രായത്തിൽ ഉത്തരവാദിത്തമെന്നത് പ്രവൃത്തിയും, പ്രവൃത്തി ചെയ്യുന്നവനും തമ്മിലുള്ള കാര്യകാരണ ബന്ധത്തിന്റെ എളുപ്പത്തിലുള്ള വിശദീകരണമല്ല. മറിച്ച് സവിശേഷമായ വ്യവഹാരങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന പ്രത്യേകമായ ആഖ്യാനമാണ് ഉത്തരവാദിത്തം എന്ന സങ്കല്പം. അതായത്, ഉത്തരവാദിത്തമെന്ന സങ്കല്പം ഏതൊരു പ്രവൃത്തിയെക്കുറിച്ചും തൽക്ഷണം സാധ്യമാവുന്ന  വിശദീകരണവും, കർത്താവും കർമവും തമ്മിലുള്ള ബന്ധവും കണ്ടെത്താൻ ഒരാളെ പെട്ടന്ന് സഹായിക്കുന്ന ഒന്നുമായുമാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ, നിയമപരമോ രാഷ്ട്രീയമോ ധാർമ്മികമോ ആയ ആവശ്യങ്ങൾക്കായി നയ വിദഗ്ധർ, നിരൂപകർ, നിയമഞ്ജർ തുടങ്ങിയവർ നിർമ്മിക്കുന്ന ഒരു ആഖ്യാനമാണ് ഉത്തരവാദിത്തം എന്ന സങ്കല്പം. ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഈ ആഖ്യാനം, ഇസ്രായേലിനും ഫലസ്തീനിനും ഇടയിലുള്ള കോളോണിയൽ ബന്ധത്തിനകത്താണ് നിലനിൽക്കുന്നത്. ഈ ലേഖനത്തിന്റെ അവസാന ഭാഗങ്ങളിൽ ഗസ്സയിലെ ഇസ്‌ലാമിക ചെറുത്തുനില്പിന്റെ പാരമ്പര്യത്തിനകത്ത് ഈ ആഖ്യാനം എങ്ങനെ വ്യത്യസ്തമായ മാനം നേടുന്നു എന്നു കൂടി ഞാൻ വിശദീകരിക്കുന്നുണ്ട്.

ഉത്തരവാദിത്തവും അപലപനവും

ഫലസ്തീൻ ചാവേർ ബോംബിംഗുകളെക്കുറിച്ചുള്ള (on suicide bombing) തൻ്റെ ഗ്രന്ഥത്തിൽ തലാൽ അസദ്‌ നടത്തുന്ന നിരീക്ഷണങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. അതിൽ അദ്ദേഹം ‘പ്രചോദനം’ (motive) എന്ന പ്രശ്നത്തെ കുറിച്ചുള്ള വ്യവഹാരങ്ങളെ തിരിച്ചറിയുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഫലസ്തീനിലെ ചാവേർ ബോംബാക്രമണങ്ങളെ കുറിച്ചുള്ള പാശ്ചാത്യ രാഷ്ട്രീയ ചിന്തകരുടെ വിശകലനങ്ങളിൽ സ്ഥിരമായി കടന്നുവരുന്ന ‘പ്രചോദനം’ എന്ന ആശയം തെറ്റായ അന്വേഷണ ലക്ഷ്യമാണെന്ന് അസദ് വാദിക്കുന്നു. കാരണം, ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രചോദനത്തെ മനസിലാക്കാൻ വിശകലന വിദഗ്‌ദ്ധർ സാധാരണയായി കല്പിത സങ്കല്പങ്ങൾ മെനയുകയാണ് ചെയ്യാറുള്ളത്. എന്നല്ല, ചില പ്രവൃത്തികൾ ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിമ്മിട്ടമാണ് പലപ്പോഴും പ്രചോദനത്തെക്കുറിച്ചുള്ള വിശകലന വിദഗ്‌ദ്ധരുടെ ഉത്കണ്‌ഠകൾ. അസദ്‌ ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, “ചെയ്യുന്ന എല്ലാത്തിനും ഒരു പ്രചോദനം ഉണ്ടാകണമെന്നില്ല, പ്രവൃത്തിയുടെ അർത്ഥമെന്താണ് എന്ന് സംശയമുള്ളതു കൊണ്ടാണ് ആളുകൾ പ്രചോദനത്തിനുള്ള വിശദീകരണം ചോദിക്കുന്നത്.” ഒരു പ്രവർത്തനത്തിന് പിന്നിലെ പ്രചോദനം വെളിപ്പെടുത്താൻ ശ്രമിക്കുന്നതിലെ പ്രശ്നം എന്തെന്നാൽ, പ്രചോദനം പലപ്പോഴും നിരീക്ഷകർ നിർമ്മിക്കുന്ന ഒന്നാണെന്നു വരുന്നു. “യഥാർഥത്തിൽ പ്രചോദനം എന്നത് പ്രവൃത്തി ചെയ്തവന് പോലും വ്യക്തമല്ലാത്ത വികാരങ്ങളാൽ നിർണ്ണിതമാണ്.”

തലാൽ അസദ്‌

പ്രചോദനത്തെ ഈ രീതിയിൽ ശാസ്ത്രീയമായി നിർമ്മിച്ചെടുക്കുന്നതിലുള്ള ഈ വിശകലന ദാഹം, ഉത്തരവാദിത്തത്തെയും കുറ്റക്കാരനെയും കണ്ടെത്താനുള്ള സമൂഹത്തിന്റെ പൊതുവായ ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നുകൂടിയാണ് (ജൂഢിത് ബട്ട്‌ലർ ചെയ്തതുപോലെ). അതായത് ‘ഒരു പ്രത്യേക തരം പ്രചോദനത്തിന്റെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിലൂടെ’ ചെയ്ത കുറ്റത്തെ തിരിച്ചറിയാൻ ആളുകൾ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രചോദനത്തെ സംബന്ധിച്ച് വ്യക്തത വരുത്തിയാൽ, ഉത്തരവാദികളെ തിരിച്ചറിയാൻ സാധിക്കുമെന്ന് സാരം. അങ്ങനെ, ഫലസ്തീനികൾ പരമ്പരാഗതമായി ഈ ആശയങ്ങൾ എങ്ങനെ നിർവഹിക്കുന്നു എന്നതിനെ കണക്കാക്കാതെ തന്നെ, കുറ്റം ചെയ്യലും – ഉത്തരവാദിത്തവും (Culpability and Responsibility) കണ്ടെത്താനുള്ള നിരന്തരമായ ആഗ്രഹത്താലുള്ള വ്യവഹാരങ്ങളുടെ ഒരു കളിയായി ഇത്‌ മാറുന്നു. ഈ വ്യവഹാരത്തിന്റെ പ്രശ്നമെന്തെന്നാൽ സമേറ എസ്മെയർ (Samera Esmeir) നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ അതിൽ ഫലസ്തീനികൾ “ജന്മസിദ്ധമായി തന്നെ കുറ്റപ്പെടുത്തപ്പെടേണ്ടവരായിത്തീരുന്നു“. ഈ കുറ്റപ്പെടുത്തൽ ഫലസ്തീനികൾ എന്തെങ്കിലും ചെയ്തതിനോടുള്ള റെസ്പോൺസായിട്ടല്ല, മറിച്ച് ഫലസ്തീനികളുടെ നിലനില്പിനോട് തന്നെയുള്ള റെസ്പോൺസായിട്ടാണ് മാറുന്നത്. എന്നാൽ ഫലസ്തീനികളെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഈ കുറ്റംചെയ്യലിന്റെയും ഉത്തരവാദിത്തത്തിൻ്റെയും വ്യവഹാരം എവിടെ നിന്നാണ് ഉയർന്നുവരുന്നത്? എല്ലായ്‌പ്പോഴും ഫലസ്തീനികൾ കുറ്റപ്പെടുത്തപ്പെടേണ്ടവരാണെന്ന ഒരു സാമാന്യബോധം കൊണ്ടുവരുന്നത് എന്തുകൊണ്ട്? എന്തിന് വേണ്ടിയാണ്?

‘പുനരധിവാസം’ (rehabilitation), ‘വൈകല്യപ്പെടുത്തൽ’ (debilitation) തുടങ്ങിയ സങ്കൽപ്പങ്ങൾ തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി ജസ്ബിർ പൊവർ തൻ്റെ ‘ദ റൈറ്റ് ടു മൈം’ (2017) എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ വിശകലനം ചെയ്‌താൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ മറ്റൊരു ഉൾകാഴ്ച ലഭിക്കും. ഫലസ്തീൻ ജനതയെ വൈകല്യപ്പെടുത്താനുള്ള സവിശേഷാധികാരം ഇസ്രായേൽ രാഷ്ട്രത്തിൻ്റെ പരമാധികാരത്തിന്റെ ഭാഗമായി മാറിയതെങ്ങനെയെന്ന് ജസ്‌ബിർ പൊവറിന്റെ പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഇസ്രായേൽ ജനതയുടെ പുനരധിവാസം ഫലസ്തീൻ ജനതയുടെ വൈകല്യവുമായി എങ്ങനെ അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൊവർ വിശകലനം ചെയ്യുന്നുണ്ട്. ജൂതരുടെ വൈകല്യങ്ങളെ അല്ലെങ്കിൽ ജൂത ചോദ്യങ്ങളെ ഫലസ്തീൻ മണ്ണിലേക്ക് പുനർരൂപകൽപ്പന ചെയ്തുകൊണ്ട് ജൂതന്മാരുടെ  ബലഹീനതയ്ക്ക് ഫലസ്തീനികളെ ഉത്തരവാദികളാക്കി മാറ്റുകയും അതിലൂടെ തങ്ങളുടെ പുനരധിവാസം സാധ്യമാക്കുകയും ചെയ്യുക. ഫലസ്തീൻ ഇസ്രായേൽ സംഘർഷങ്ങളുടെ മേഖലയിൽ ഈ രീതിയിലാണ് ‘പുനരധിവാസം-വൈകല്യപ്പെടുത്തൽ’ തുടങ്ങിയവകൾ തമ്മിലുള്ള ബന്ധം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അനന്തരഫലമായി തങ്ങളുടെ പുനരധിവാസത്തിന് വേണ്ടി ഫലസ്തീൻ ജനതയെ വികലമാക്കാൻ സാധിക്കുന്ന തരത്തിൽ പരമാധികാരവും തങ്ങളുടെ ജൈവരാഷ്ട്രീയ അധികാരങ്ങളുപയോഗിച്ച് യൂറോപ്പ്യൻ മോഡലിലുള്ള ഒരു ലിബറൽ രാഷ്ട്രമായി ഇസ്രായേൽ സ്വയം മാറിത്തീരുകയും ചെയ്യുന്നു. ചുരുക്കത്തിൽ പുനരധിവാസം-വൈകല്യപ്പെടുത്തൽ എന്നിവ തമ്മിലുള്ള പ്രത്യേകമായ ഈ ബന്ധത്തെ മുൻനിർത്തിയാണ് ഫലസ്തീനികൾ അധിനിവേശപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നതിനെ എസ്മെയറിൻ്റെയും പൊവറിന്റെയും വിശകലനങ്ങളെ മുൻനിർത്തി ആലോചിക്കുമ്പോൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. കൂടാതെ ജൂത പുനരധിവാസത്തിൻ്റെ സംരക്ഷണത്തിന് നേരെ ഏതെങ്കിലും കെടുതികൾ സൃഷ്ടിക്കുന്നതിന്റെ ‘ഉത്തരവാദികളായി’ ഫലസ്തീനികൾ കണക്കാക്കപ്പെടുന്നതിൻ്റെ യുക്തി എന്താണ് എന്നും ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.

ഒരു ഫലസ്തീൻ ഗ്രൂപ്പ് അവരുടെ വൈകല്യങ്ങളെ ചെറുക്കാൻ തീരുമാനിക്കുമ്പോഴെല്ലാം പടിഞ്ഞാറിൽ ആന്റി സെമറ്റിസത്തെക്കുറിച്ചുള്ള വ്യവഹാരങ്ങൾ ഉടനടി പൊട്ടിപ്പുറപ്പെടുകയും ഉത്തരവാദിത്തത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നതായി കാണാവുന്നതാണ്. ജൂത പുനരധിവാസവും ഫലസ്തീനിയൻ വൈകല്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പൗറിന്റെ വാദത്തിൻ്റെ വെളിച്ചത്തിൽ തന്നെ നമുക്കിത് മനസിലാക്കാൻ സാധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഫലസ്തീൻ ചെറുത്തുനിൽപ്പിൻ്റെ പശ്ചാത്തലത്തിൽ ജൂത വിരുദ്ധതയെക്കുറിച്ചുള്ള വ്യവഹാരങ്ങൾ സ്ഥിരമായ പുനർനിർമാണത്തിന് വിധേയമാകുന്നതിലൂടെ ജൂതരുടെ പുനരധിവാസം ഫലസ്തീനിന്റെ വൈകല്യവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനെ നമുക്ക് കാണിച്ചു തരുന്നുണ്ട്. ജൂത പുനരധിവാസത്തിൻ്റെ സംരക്ഷണ ഉത്തരവാദികളായി ഫലസ്തീനികൾ മാറുന്നത്തിന്റെ വ്യവഹാരിക ക്രമത്തെ മറികടക്കാൻ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ കേന്ദ്രമായ അപലപനത്തിൻ്റെയും വിമർശനത്തിൻ്റെയും പ്രവൃത്തികൾ, എന്ന ജൂഢിത് ബട്ട്ലറിന്റെ നിലപാട് കൊണ്ട് സാധ്യമാണോ എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. അക്രമത്തെ ധാർമ്മികമായി അപലപിക്കാൻ ഒരാൾക്ക് ഗ്രൗണ്ടിനെക്കുറിച്ചുള്ള അറിവ് ആവശ്യമുണ്ടോ ഇല്ലയോ എന്ന ബട്ട്‌ലറുടെ വേവലാതിക്ക് മുന്നിൽ ഈ ചോദ്യം പ്രസക്തമാണെന്ന് തോന്നുന്നു. അവർ എഴുതുന്നത് ഇങ്ങനെയാണ്. “നമ്മുടെ അപലപനങ്ങൾ എപ്പോൾ, എവിടെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും? ഭയങ്കരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന രീതിയിൽ ധാർമ്മിക പരാജയങ്ങളായി മാറുമെന്ന് ഭയപ്പെടാതെ തന്നെ, ധാർമ്മികവും രാഷ്ട്രീയവുമായ അപലപനത്തോടൊപ്പം സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായ ഒരു വിലയിരുത്തൽ നമുക്ക് ആവശ്യമുള്ളതല്ലേ?

ദ റൈറ്റ് ടു മൈം (2017), ജസ്ബിർ പൊവർ

ഈ ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ, ഏതൊരു അപലപനത്തിനും ഉത്തരവാദിത്തത്തെ കുറിച്ചുള്ള ആഖ്യാനം ആവശ്യമാണെന്ന വസ്തുതയെ ബട്ട്‌ലർ മറികടക്കുന്നതായി തോന്നുന്നു. മാത്രവുമല്ല കൂടാതെ മനുഷ്യ മനസ്സാക്ഷിയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് ധാർമ്മിക അപലപനമെന്ന് നിഗമനത്തിലെത്തുകയും ചെയ്യുന്നതായി കാണാം. കൂടാതെ, ബട്ട്‌ലർ പറയുന്നത്, അപലപിക്കുന്നത് പ്രാഥമികമായി “ഗ്രൗണ്ടിനെ കുറിച്ചുള്ള അറിവിനെ അടിസ്ഥാനമാക്കിയായിരിക്കണം, എന്നാണ്. ഗ്രൗണ്ടിലെ യഥാർഥ്യങ്ങൾ അതിൻ്റെ കൊളോണിയൽ അവസ്ഥയിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഒന്നാണോ എന്ന ചോദ്യം കൂടി ഇവിടെ ബാക്കിയാകുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായി ബട്ട്‌ലർ വാദിക്കുന്നത്, “എന്നിരുന്നാലും, ഹാർവാർഡ് ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി ഒരു പ്രസ്താവന പുറപ്പെടുവിക്കുമ്പോൾ, ഇസ്രായേലിനെതിരായ ഹമാസിൻ്റെ മാരകമായ ആക്രമണങ്ങൾക്ക് ‘അപ്പാർതീഡ് ഭരണകൂടത്തെ മാത്രമാണ് കുറ്റപ്പെടുത്തേണ്ടത്’ എന്ന് അവകാശപ്പെടുന്നത് തെറ്റാണ്. കാരണം ആ വിധത്തിൽ ഉത്തരവാദിത്തം വിഭജിക്കുന്നത് തെറ്റാണ്. ഹമാസിനെ അവർ നടത്തിയ ഹീനമായ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒന്നും ഒഴിവാക്കരുത്.” ഹാർവാർഡ് ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയെ ഈ രീതിയിൽ എതിർക്കുന്നതിലൂടെ, ബട്ട്‌ലർ വീണ്ടും അക്രമാസക്തമായ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തിന് ശെരിയായ വീതംവെപ്പ് നിർവഹിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ദി ബോസ്റ്റൺ റിവ്യൂ പ്രസിദ്ധീകരിച്ച അവരുടെ അടുത്ത ലേഖനത്തിൽ ഈ വാദത്തെ കൂടുതൽ ന്യായീകരിക്കുന്നതിലൂടെ, അവർ ഉത്തരവാദിത്തത്തെകുറിച്ച് കൂടുതൽ സ്ഥിരതയുള്ള മറ്റൊരു വാദം കൂടി മുന്നോട്ടു വെക്കുന്നുണ്ട്. അത് ഏജൻസിയെ കുറിച്ചാണ്. ബട്ട്ലർ എഴുതുന്നു, “ഹമാസിന് അതിൻ്റേതായ പദ്ധതി ഉള്ളതിനാൽ ഇസ്രായേലി അക്രമമാണ് ഹമാസിന്റെ അക്രമത്തിന്റെ കാരണമെന്ന് പറയുന്നതിൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല, സായുധ പോരാട്ടം ആരംഭിക്കാനുള്ള തീരുമാനത്തിലൂടെ അത് അവരുടെ ഉത്തരവാദിത്തമായി മാറുകയാണ് ചെയ്യുന്നത്. ഹമാസിൻ്റെ അക്രമം ഇസ്രായേൽ അക്രമത്തിന് മറുപടി മാത്രമാണെന്ന് അവകാശപ്പെടുന്നത്, ഇസ്രായേലികൾക്ക് നേരെ സായുധ പോരാട്ടത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഫലസ്തീനികളുടെ ഏജൻസിയെ തന്നെ തുരങ്കം വയ്ക്കുന്നുണ്ട്.” അതിനാൽ, ബട്ട്‌ലറുടെ അഭിപ്രായത്തിൽ, ഉത്തരവാദിത്തത്തിൻ്റെ ന്യായമായ വീതംവെപ്പിലൂടെയാണ്‌ കുറ്റകൃത്യത്തെയും, ഏജൻസിയും തുല്യമാകുന്നതും ബുദ്ധിപരമാകുന്നതുമെന്നുമാണ്. അഥവാ, ബട്ട്‌ലർ നമ്മോട് പറയുന്നതുപോലെ, ഒരു ധാർമ്മിക അപലപനത്തിനും, വിമർശനത്തിനും ആവശ്യമായി വരുന്നത് ഉത്തരവാദിത്തത്തിൻ്റ ബുദ്ധിപരമായ വീതംവെപ്പാണ് എന്നാണ്. എസ്മെയർ ചൂണ്ടിക്കാണിച്ച ഫലസ്തീനികൾ അധികാരത്തിൻ്റെയും സമയത്തിൻ്റെയും ഒരു പ്രത്യേക ബന്ധത്തിൽ ഇതിനോടകം തന്നെ നിലനിനിൽക്കുന്നവരാണ് എന്നതിനെ മുൻനിർത്തി പരിശോധിക്കുമ്പോൾ, ഏജൻസിയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഈ ലിബറൽ സങ്കൽപ്പം മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ, ബട്ട്‌ലർ അത് ഉപേക്ഷിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നതാണ്.

സായുധ ചെറുത്തുനിൽപ്പിന് ഹമാസിന് അതിൻ്റേതായ പദ്ധതിയുള്ളതിനാൽ, ഇസ്രായേൽ അക്രമത്തിൻ്റെ കാരണത്താലാണ് ഹമാസ് അക്രമമെന്ന് പറയുന്നതിൽ അർത്ഥമില്ല, എന്ന ബട്‌ലറുടെ അഭിപ്രായത്തിന്റെ യുക്തി അനുസരിച്ച് ഫലസ്തീനെ ദുർബലമാക്കുന്ന ആക്രമണങ്ങൾക്ക് ഐഡിഎഫ് മാത്രം ഉത്തരവാദിത്തമുള്ളവരാകുകയും, ഫലസ്തീനിലെ ഇസ്രായേൽ പുനരാധിവാസ പദ്ധതികളെ നിലനിർത്തുന്ന കോളോണിയൽ അധികാരബന്ധങ്ങൾ പ്രസക്തമല്ലാതാകുകയും ചെയ്യുന്ന ഒന്നാണ് എന്ന് പറയേണ്ടി വരും. അതിനാൽ, ‘ഉത്തരവാദിത്തം’ കണ്ടെത്തുക എന്നതിലെ പ്രശ്നം എന്തെന്നാൽ അത് പ്രവർത്തനവും പ്രവൃത്തി ചെയ്യുന്നവനും തമ്മിലുള്ള ബന്ധത്തെ ഒരു വിമർശനത്തിനായി എടുക്കുമ്പോൾ ശാസ്ത്രീയമായ സുതാര്യത ആവശ്യപെടുകയും, പ്രവർത്തനങ്ങൾ ചെയ്യുന്നവരെല്ലാം അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അവരവരുടെ മണ്ഡലങ്ങളിൽ തുല്യ ഉത്തരവാദികളാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു എന്നുള്ളതാണ്.

ഇവിടെ വിമർശനമെന്ന പ്രവർത്തി എത്തിച്ചേരുന്നത്, അത് ഒരു പ്രത്യേക ഏജന്റിന് മേൽ പൂർണ്ണമായി ആരോപിക്കപ്പെടുന്ന ഒരു പ്രത്യേക പ്രവൃത്തിയെ അപലപിക്കുന്നതിലേക്ക് വിമർശനത്തെ പരിമിതപ്പെടുത്തുന്നു എന്നത് മാത്രമല്ല, പ്രവർത്തനവും ഏജൻ്റും തമ്മിലുള്ള ബന്ധം പലപ്പോഴും നിശ്ചയിക്കുന്ന കൊളോണിയൽ ബന്ധങ്ങളുടെ സമകാലികതയെയും അതുണ്ടാക്കുന്ന വ്യവഹാരിക ക്രമങ്ങളെയും അവഗണിക്കുന്നുണ്ട് എന്നത് കൂടിയാണ്. ഹമാസ് നാൽപ്പത് കുട്ടികളെ കഴുത്തറുത്ത് കൊന്നുവെന്ന വ്യാപകമായ ആരോപണം, ഇത് ആദ്യം റിപ്പോർട്ട് ചെയ്ത അതേ മാധ്യമം തന്നെ തള്ളിപ്പറഞ്ഞിട്ടും അമേരിക്കൻ പ്രസിഡൻ്റിൻ്റെ വൈകാരിക പ്രസംഗത്തിൽ ആവർത്തിച്ചത് ഇതിന് ഉദാഹരണമാണ്. ഒക്‌ടോബർ 7-ന് ശിരഛേദം അല്ലെങ്കിൽ ‘ഹമാസ് നടത്തിയ ഭയാനകമായ അക്രമം’ എന്ന വാർത്തയിൽ ഒരു പ്രവർത്തനവും പ്രവർത്തി ചെയ്തവനും തമ്മിലുള്ള കാര്യകാരണബന്ധം പൊതുവെ അജ്ഞാതമായിരിക്കുമ്പോൾ തന്നെ അതിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്ന് മനസിലാക്കുന്നതിൽ മുൻനിശ്ചയിക്കപ്പെടുകയും ചെയ്തിരുന്നതായി കാണാൻ സാധിക്കും. ഇവിടെ ബട്‌ലറും ഫ്രീലിച്ചും മറ്റുള്ളവരുമെല്ലാം സ്ഥിരമായി നിർവഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഉത്തരവാദിത്തത്തെ അടിസ്ഥാനമാക്കിയ വിമർശന പദ്ധതി, കൊളോണിയൽ വ്യവഹാര ക്രമത്തിനക്കത്ത്‌ നേരത്തെ തന്നെ അന്യായമായി സ്ഥാപിതമായ വിഷയികളാണ് ഇവയെല്ലാം എന്ന യാഥാർഥ്യത്തെ അവഗണിക്കുകയാണ്‌ ചെയ്യുന്നത്.

വിവർത്തനം: ഷിയാസ് എച്ച്

മുഹമ്മദ് ഷാ ഷാജഹാൻ