രാജ്യം മുഴുവൻ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് രാജ്യത്തെ പ്രമുഖ സർവകലാശാലകളായ ജെ.എൻ.യു വിലും ഇഫ്‌ലുവിലും വിദ്യാർഥി യൂണിയൻ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. രണ്ടു കാമ്പസുകളിലും കോവിഡിനു മുൻപായിരുന്നു അവസാന ഇലക്ഷൻ നടന്നത്, അഥവാ നാല് വർഷത്തിന് ശേഷമായിരുന്നു ഇരു കാമ്പസുകളും വിദ്യാർഥി യൂണിയൻ ഇലക്ഷനെ നേരിടാൻ ഒരുങ്ങുന്നത്. ഈ നാലുവർഷ കാലയളവ് എന്നുള്ളത് കാമ്പസുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മഹാമാരിക്ക് ശേഷം അടച്ചുപൂട്ടിയ കാമ്പസുകൾ കോവിഡാനന്തരം അമിതമായ നിരീക്ഷണങ്ങൾക്കും അനാവശ്യ നിയന്ത്രണങ്ങൾക്കും വിധേയമായി. കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വിദ്യഭ്യാസ പോളിസി (എൻ.ഇ.പി), സി.യു.ഇ.ടി എൻട്രൻസ് രീതി തുടങ്ങിയ സമൂലമായ മാറ്റങ്ങൾക്ക് അക്കാദമിക രംഗം സാക്ഷ്യം വഹിച്ചു. ഇത് അക്കാദമിക രംഗത്ത് കൂടുതൽ കാവിവൽക്കരണതിനുള്ള വഴി തെളിയിച്ചു. ഹിന്ദുത്വ അജണ്ടകൾ സർക്കാർ സ്പോൺസേഡ് പരിപാടികളിലൂടെ തടസ്സങ്ങൾ ഏതുമില്ലാതെ ഓദ്യോഗികമായി തന്നെ നടന്നു. രാജ്യത്തിൻ്റെ തെരുവുകളിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾ സർവകലാശാലാ ഇടങ്ങളിലും വർധിച്ച തോതിൽ പ്രതിഫലിച്ചു. എബിവിപി അക്രമാസക്തമായ രീതിയിൽ ശക്തി പ്രാപിച്ചു. എങ്കിലും മുസ്‌ലിം, ദലിത് സംഘടനകളും ഇടത് സംഘടനകളും ഈ അധീശ വ്യവഹാരങ്ങൾക്ക് നേരെ വിമതസ്വരങ്ങൾ കൊണ്ട് ചെറുത്ത്നിന്നുകൊണ്ടേയിരുന്നു.
ഇഫ്‌ലുവിലെ സ്ഥിതി വിശേഷങ്ങളും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ഗുജറാത്ത് വംശഹത്യയുടെ 20ആം വർഷത്തിൽ കേന്ദ്ര മന്ത്രി ജയ്ശങ്കർ മുഖ്യ അതിഥിയായി മോദി @ 20 എന്ന പുസ്തകചർച്ച യൂണിവേഴ്സിറ്റി നടത്തി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അന്ന് ആ പരിപാടിക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തി. പിന്നീട് പി.എച്ച്.ഡി അഡ്മിഷനിൽ പ്രകടമായ സംവരണഅട്ടിമറിയും നടന്നു. ഇത് പുറത്ത് കൊണ്ട് വരുന്നതിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാര്യമായ പങ്ക് വഹിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി അധികൃതർ സ്പെഷ്യൽ അഡ്മിഷൻ ഡ്രൈവ് നടത്താൻ നിർബന്ധിതരായി. ദളിത് വിദ്യാർഥികളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സർക്കാർ സംരംഭമായ DACE നിർത്തലാക്കിയതിനെതിരെയും ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള ഗവേഷക വിദ്യാർഥികൾക്കുള്ള MANF സ്കോളർഷിപ് നിർത്തലാക്കിയതിനെതിരെയും കാമ്പസിലെ പ്രധാന വിദ്യാർഥി സംഘടനകളും കൂട്ടായ്മകളും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിരുന്നു. കോവിഡാനന്തരം നിശബ്ദമായിരുന്ന കാമ്പസ് ഇത്തരം പ്രതിഷേധങ്ങളിലൂടെ ഹിന്ദുത്വക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി പൊതു ഇടങ്ങൾ അവകാശപ്പെട്ട് തുടങ്ങി. ഒരേ സമയം വിദ്യാർഥികൾ അധികൃതരുടെ അമിതനിയന്ത്രണങ്ങൾക്കും ഹിന്ദുത്വ അജണ്ടകൾക്കെതിരെയും പോരാടി. തങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാർഥി യൂണിയൻ, ഫലപ്രദമായി തങ്ങളുടെ പരാതികൾ പരിഹരിക്കുന്ന വിദ്യാർഥി പ്രാതിനിധ്യമുള്ള ഒരു Internal Complaint Committee (ICC) തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പോലും യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർഥികൾക്ക് കാലങ്ങളായി തടഞ്ഞ് വെച്ചു. ഈയൊരു പശ്ചാത്തലത്തിൽ വലിയ രീതിയിലുളള ഒരു വിദ്യാർഥി പ്രക്ഷോഭത്തിലേക്ക് ക്യാമ്പസ് പ്രവേശിച്ചു. സമരങ്ങളും മറ്റ് പ്രതിഷേധ മാർഗങ്ങളും നിറഞ്ഞ ആറുമാസത്തിന് ശേഷമാണ് ഇഫ്‌ലു അഡ്മിനിസ്ട്രേഷൻ മാർച്ച് 18 ന് വിദ്യാർഥി യൂണിയൻ ഇലക്ഷൻ പ്രഖ്യാപിക്കുന്നത്. കോവിഡിന് ശേഷം ഒരു സ്റ്റുഡൻസ് യൂണിയൻ്റെ അഭാവത്തിൽ എങ്ങനെയൊക്കെയാണോ കാമ്പസിനെ അരാഷ്ട്രീയവൽക്കരിക്കാൻ കഴിയുക അങ്ങനെയൊക്കെ അഡ്മിനിസ്ട്രേഷൻ വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടും അവരുടെ പ്രശ്നങ്ങളെ നിസ്സാരവൽക്കരിച്ചുകൊണ്ടും കാമ്പസിനെ സാധാരണവൽക്കരിക്കുവാൻ ശ്രമിച്ചു. ഇതിനോട് കൂടെ തന്നെ എബിവിപി തങ്ങളുടെ വിധ്വംസക രാഷ്ട്രീയത്തെ അഡ്മിനെ കൂട്ട് പിടിച്ച് കൊണ്ട് ശക്തിപ്പെടുത്തി. വിദ്യാർഥികൾക്കിടയിൽ വ്യക്തമായ വടക്ക് – തെക്ക് വിഭജനം സൃഷ്ടിച്ചു. ഹിന്ദി ഭാഷയെ ആയുധമാക്കി ധ്രുവീകരണവും ഇതര ഭാഷകളുടെ അരികുവൽക്കരണവും നടത്തി. അതേസമയം ഇരവാദവും ഉന്നയിച്ചു. ഹിന്ദു ആഘോഷ വേളകളെ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനും അപരവിദ്വേഷത്തിനുമുള്ള സന്ദർഭങ്ങളാക്കി മാറ്റി. അഡ്മിനിസ്ട്രേഷൻ മറ്റു ആഘോഷങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഹിന്ദു ആഘോഷങ്ങൾക്ക് സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആനുകൂല്യം നൽകി മൗനസമ്മതം മൂളി. ദീപാവലി പോലെയുള്ള ആഘോഷങ്ങൾ പരമാവധി പ്രകോപനങ്ങൾ അഴിച്ചുവിടാനുള്ള വേളകളാക്കി കാമ്പസിലെ ഹിന്ദുത്വ സംഘങ്ങൾ മാറ്റി. സമാന്തരമായി കാമ്പസിൽ സമരം നടക്കുമ്പോൾ അതിനെ അട്ടിമറിക്കാനും പിളർപ്പുണ്ടാക്കാനും എബിവിപി ശ്രമിച്ചു.
കാമ്പസിൽ വിദ്യാർഥികൾ സമാധാനപരമായി അക്കാദമിക ചർച്ചകളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുമ്പോൾ നിരീക്ഷണവും നിയന്ത്രണവുമായി വരുന്ന അധികൃതർ പക്ഷേ എബിവിപി അതിക്രമങ്ങൾക്ക് നേരെ തികഞ്ഞ നിസ്സംഗതയാണ് പുലർത്താറ്. കഴിഞ്ഞ ഒക്ടോബറിൽ ബാഫഖി സ്റ്റഡി സർക്കിൾ നടത്താനിരുന്ന പലസ്തീൻ സാഹിത്യ ചർച്ചയേയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ‘politics of demolition, ruins of violence ‘ എന്ന ചർച്ചയെയും അധികൃതർ നേരിട്ടത് തെലങ്കാന പോലീസിനെ കൊണ്ടാണ്. എന്നാൽ യൂണിവേഴ്സിറ്റി ജനറൽ ബോഡി മീറ്റിംഗിൽ അധ്യാപകർക്ക് നേരെയും വിദ്യാർഥികൾക്ക് നേരെയും അക്രമവും അസഭ്യവും കൊണ്ട് നിറഞ്ഞാടിയ എബിവിപി ഗുണ്ടകളെ നേരിടാൻ യൂണിവേഴ്സിറ്റി സെക്യൂരിറ്റികൾ പര്യാപ്തമായിരുന്നില്ല. ഇത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് ‘ജീവനക്കാരുടെ ക്ഷാമമാണ്’ എന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. തുടർന്ന് പാതിവഴിയെ അറിയിപ്പുകൾ ഏതുമില്ലാതെ ജനറൽ ബോഡി മീറ്റിംഗ് റദ്ദാക്കി. എബിവിപി അതിക്രമത്തിനെതിരെ വിദ്യാർഥികൾ ഒരുമിച്ച് അണിനിരന്നുകൊണ്ട് മനുഷ്യചങ്ങല തീർത്തു. ഈ പ്രതിഷേധ പരിപാടിയിൽ ഫ്രറ്റേണിറ്റി പ്രവർത്തകരെ എബിവിപിക്കാർ മർദ്ദിച്ചു. ഇത് കാമ്പസിൽ എബിവിപി യുടെ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെയുള്ള വികാരം കൂടുതൽ ശക്തമാക്കി. ഈ സന്ദർഭത്തിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഇലക്ഷൻ വിജ്ഞാപനത്തിനോട് വിദ്യാർഥികൾ ക്രിയാത്മകമായി പ്രതികരിച്ചത് എബിവിപി ക്കെതിരെ ഒരു യോജിച്ച സഖ്യം രൂപപ്പെടുത്തിക്കൊണ്ടാണ്. ഈ വിശാല സഖ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ്, തെലുഗു വിദ്യാർത്ഥി ഫോറം, എം എസ് എഫ്, എൻ എസ് യു ഐ എന്നീ സംഘടനകൾ ഉണ്ട്. പ്രിസം എന്ന ക്വീർ കൂട്ടായ്മ, സ്വത്രന്ത്ര സ്ഥാനാർഥികൾ എന്നിവർ കൂടി ഇതിൻ്റെ ഭാഗമാണ്. തമിഴ് കൂട്ടായ്മയും സഖ്യത്തിന് പിന്തുണ അറിയിച്ചിരുന്നു. സംഘപരിവാർ മുന്നോട്ട് വെക്കുന്ന കേന്ദ്രീകരണത്തിൻ്റെയും ഏകജാതീയവൽക്കരണത്തിൻ്റെയും അജണ്ടകൾക്കെതിരെയുള്ള വൈവിധ്യങ്ങളുടെ മാതൃകാ ബദലാണ് ഇഫ്‌ലുവിലെ ‘ഇൻസാഫ്’ സഖ്യം ഉയർത്തിപ്പിടിക്കുന്നത്. വ്യത്യസ്ത മത, സാമുദായിക, പ്രാദേശിക, ലിംഗ പ്രാതിനിധ്യം മുന്നണി ഉറപ്പ് വരുത്തി.
മുസ്‌ലിം, കീഴാള രാഷ്ട്രീയത്തിന് ചരിത്രപരമായ വേരുകൾ ഉള്ള മണ്ണാണ് ഇഫ്‌ലു. DABMSA, എസ് ഐ ഓ തുടങ്ങിയ സംഘടനകൾ ആ രാഷ്ട്രീയത്തിന് അടിത്തറ പാകിയവരാണ്. 2013 ൽ കശ്മീരി മുസ്‌ലിം വിദ്യാർത്ഥിയായ മുദസ്സിർ കമ്രാൻ്റെ സ്ഥാപനവൽകൃത കൊലപാതകത്തിൽ പ്രതിഷേധിച്ച് ദീർഘകാലം സമരം ചെയ്തത് കീഴാള – മുസ്‌ലിം വിദ്യാർഥികളും സംഘടനകളുമാണ്. സവർണ വിദ്യാർഥികൾ ഈ കൊലപാതകത്തോടും പാർശ്വവൽകൃത ജീവിതങ്ങളോടും പുലർത്തിയ അവജ്ഞാമനോഭാവം ചോദ്യം ചെയ്ത് കൊണ്ടുകൂടിയാണ് കീഴാള മുസ്‌ലിം രാഷ്ട്രീയം വികസിച്ചത്. ഈ രാഷ്ട്രീയ ചരിത്രത്തിൻ്റെ തുടർച്ചയിലാണ് 2019 ൽ ‘ഏക്ത’ പാനലിൻ്റെ ഭാഗമായി തട്ടമിട്ട ഒരു മുസ്‌ലിം പെണ്ണ്, സമർ അലി, വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് 2024 ൽ ആ ചരിത്രം എത്തി നിൽക്കുന്നത് റന ബഷീർ എന്ന ഒരു മുസ്‌ലിം പെൺകുട്ടി വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ്. മാത്രമല്ല നാല് വിദ്യാർഥിനികൾ ഉൾകൊള്ളുന്ന ആറു പേരുടെ കോർ പാനലിൽ മൊത്തം രണ്ട് മുസ്‌ലിം വിദ്യാർഥിനികളും ഒരു ദളിത് വിദ്യാർഥിനിയും ഉണ്ട് എന്നുള്ളത് കൂടി അഭിമാനകരമാണ്. എല്ലാത്തിലുമുപരി ഈ യൂണിയനെ നയിക്കുന്ന പ്രസിഡൻ്റ് ഒരു ട്രൈബൽ വിദ്യാർഥി നേതാവാണ് എന്നുള്ളതും വിപ്ലവകരമാണ്. സംഘപരിവാർ മുസ്‌ലിം ദളിത് വിഭാഗങ്ങളെ പുറംതള്ളുമ്പോൾ കീഴാള മുസ്‌ലിം ഐക്യത്തിൻ്റെ ഈ ഉന്നത മാതൃക വരും നാളുകളിലെ രാഷ്ട്രീയത്തെ നിർണയിക്കുന്നതിൽ സുപ്രധാനമായിരിക്കും എന്നുള്ളത് തന്നെയാണ് പ്രതീക്ഷ. അപ്പോഴും നമ്മൾ ഇവിടെ പ്രത്യേകം ഓർത്തു വെക്കേണ്ടത് ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന എസ് എഫ് ഐ എടുത്ത ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ കാപട്യവും വിരോധാഭാസവുമാണ്. കാമ്പസ് ഒന്നായി ഹിന്ദുത്വക്കെതിരെ മുന്നണി രൂപപ്പെടുത്തിയപ്പോൾ മുന്നണിയിലെ ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ സാന്നിധ്യം പ്രശ്‌നവൽക്കരിച്ച് അവർ തങ്ങളുടെ മതമൗലികവാദ ചാപ്പകുത്തലുകളിൽ അഭിരമിച്ചു. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ പതിവ് പോലെ പൈശാചികവൽക്കരിച്ചു. എന്നാൽ മാർച്ച് 28 ൻ്റെ പുലരിയിൽ കാമ്പസ് ‘ഇൻസാഫിനെ’ നെഞ്ചേറ്റിയപ്പോൾ വിദ്യാർഥികൾ തള്ളിക്കളഞ്ഞത് എബിവിപി യുടെ വിദ്വേഷ രാഷ്ട്രീയത്തെ മാത്രമല്ല മറിച്ച് എസ് എഫ് ഐ യുടെ ഇസ്‌ലാമോഫോബിയയെ കൂടിയാണ്.