Campus Alive

അപകോളനീകരണവും മതപഠനവും: ഒരു ആമുഖം

 (2019 ൽ കണ്ടെന്റിങ് മോഡേണിറ്റീസ് ‘ഡീകൊളോണിയാലിറ്റി ആൻഡ് ദി സ്റ്റഡി ഓഫ് റിലീജ്യൻ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ആർട്ടിക്ക്ൾ സീരീസിലെ രണ്ടാമത്തെ ലേഖനമാണിത്. ലേഖന പരമ്പര മുന്നോട്ടു വെക്കുന്ന ആശയത്തെയും അതിലെ ലേഖനങ്ങളെയും പരിചയപ്പെടുത്തുകയാണ് ലേഖകൻ)


(അപ)കോളനീകരണ സിദ്ധാന്തങ്ങള്‍ മത പഠനങ്ങളിൽ[*] കൃത്യമായ ചോദ്യങ്ങളും സാധ്യതകളും മുന്നോട്ടു വെക്കുന്നുണ്ട്. നേരിട്ടുള്ള കൊളോണിയല്‍ അധിനിവേശം അവസാനിച്ച് കഴിഞ്ഞിട്ടും തുടര്‍ന്നു പോരുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, വൈജ്ഞാനിക യൂറോ കേന്ദ്രീകരണത്തെ അപകോളനീകരണ സിദ്ധാന്തം തിരിച്ചറിയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. അപകോളനീകരണ കാഴ്ച്ചകളിലൂടെ ആധുനികതയുമായി ഏറ്റുമുട്ടുന്നത്, വ്യത്യസ്തങ്ങളായ പുതിയ വിശകലന മണ്ഡലങ്ങള്‍ തുറന്നു തരുന്നു. മതത്തെ കുറിച്ചുള്ള അക്കാദമിക പഠനങ്ങളെ പരിഗണിക്കുകയാണെങ്കില്‍ -മതം എന്ന സങ്കല്‍പ്പനത്തെ സ്വയം തന്നെ എടുത്തുനോക്കിയാല്‍- അത് ആധുനികതയുടെ ഹിംസകളെ സാധ്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതായി കാണാം. അതിനാല്‍ തന്നെ മതത്തെ വിശകലനം ചെയ്യാനായി പുതിയ രീതിശാസ്ത്രം രൂപപ്പെടുത്തുന്നത് അപകോളനീകരണ ചിന്തകള്‍ക്ക് പുതിയ ദിശ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ‘ഡീകൊളോണിയാലിറ്റി ആൻഡ് ദി സ്റ്റഡി ഓഫ് റിലീജ്യൻ’ എന്ന ലേഖനപരമ്പര അപകോളനീകരണ സിദ്ധാന്തവും മതത്തിന്റെ അക്കാദമിക പഠനങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള വിവിധ ചിന്തകരുടെ പ്രാഥമിക ആലോചനകളാണ്. ഭാവിയില്‍, മത ധാര്‍മികതയുടെ താരതമ്യം(Comparative religious ethics), മതത്തിന്റെ തത്വശാസ്ത്രം(Philosophy of Religion), മതപഠനത്തിനായുള്ള സിദ്ധാന്തവും രീതിശാസ്ത്രവും തുടങ്ങി വ്യത്യസ്ത ഉപവിഷയങ്ങളായി ഈ ചിന്തകളെ മാറ്റാനും ഈ പദ്ധതി ഉദ്ദേശിക്കുന്നു.

വംശ-മത വ്യത്യാസങ്ങളുടെ സഹ-സ്ഥാപനം

ഈ സീരീസിലെ ലേഖനങ്ങള്‍ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമതായി, എങ്ങനെയാണ് മതത്തെ കുറിച്ചുള്ള ആധുനിക പാശ്ചാത്യ സങ്കല്‍പ്പനങ്ങള്‍, അപകോളനീകരണ ചിന്തകര്‍ ആധുനികത/കൊളോണിയാലിറ്റി എന്ന് വിളിക്കുന്ന ആഗോള അധികാര ഘടനയെ സ്ഥാപിച്ചെടുക്കുന്നതില്‍ നിർണായകമായത് എന്ന് അവ കാണിച്ചു തരുന്നു. ഇന്നും തുടര്‍ന്നു പോരുന്ന വ്യവസ്ഥാപിതമായ വൈജ്ഞാനിക ഹിംസക്കകത്ത് മതത്തെ പഠിക്കുന്നതിലുള്ള സങ്കീര്‍ണതകള്‍ അവര്‍ തുറന്നു കാട്ടുന്നു. മതം എന്ന സംവർഗ്ഗം രൂപപ്പെടുന്നതിന് സമാന്തരമായി വംശീയ-ഭൂമിശാസ്ത്ര (യൂറോപ്പ്-യൂറോപ്പേതരം) വ്യത്യാസങ്ങളും എങ്ങനെയാണ് രൂപം പ്രാപിച്ചത് എന്ന് അപകോളനീകരണ ചിന്തകര്‍ വരച്ചുകാട്ടുന്നതായി ആന്‍ യാന്‍ടെയുടെ (An Yountae) ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ചും, 1492ലെ ഗ്രാനഡ (സ്പെയ്ൻ) അധിനിവേശത്തിലേക്കും ഐബീരിയന്‍ ഉപദ്വീപിലെ വ്യവസ്ഥാപിത കൊളോണിയല്‍ ക്രൈസ്തവ അധിനിവേശത്തിലേക്കും അവിടെയുള്ള ജൂത-മുസ്‌ലിം പ്രദേശവാസികളെ ബലപ്രയോഗത്തിലൂടെ മതം മാറ്റിയതിലേക്കുമെല്ലാം അപകോളനീകരണ ചിന്തകൾ വിരല്‍ചൂണ്ടുന്നു.

ഗ്രാനഡ

ഗ്രാനഡ പിടിച്ചടക്കിയതിന് ശേഷം കത്തോലിക്കാമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ജൂതന്മാരെയും മുസ്‌ലിംകളെയും ‘മറാനോസ്’ (നീചവർഗ്ഗം) എന്ന് കണക്കാക്കി വധശിക്ഷകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരുന്നു, അവര്‍ രഹസ്യമായി ജൂത-ഇസ്‌ലാമിക ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. രക്തശുദ്ധിയെ കുറിച്ചുള്ള തങ്ങളുടെ(വെള്ള/ക്രിസ്ത്യന്‍/യൂറോപ്യന്‍) വംശീയ യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അപര സങ്കല്‍പനങ്ങള്‍ക്ക് വിരുദ്ധമായി വംശ-മത വൈവിധ്യങ്ങള്‍ ഒരുമിച്ചു ചേരുന്നതിനെ ഇല്ലാതാക്കാനാണ് അവര്‍ ഇത്തരം കൂട്ടക്കൊലകള്‍ നടത്തിയത്. ഐബീരിയയില്‍ നടത്തിയ ഇത്തരം മത-വംശ വിഭജനത്തെ, തങ്ങളുടെ കൊളോണിയല്‍ അധിനിവേശങ്ങളിലൂടെ അവര്‍ ആഗോളവത്കരിക്കുകയും, അമേരിക്കയിലെ തദ്ദേശീയരുമായി ഏറ്റുമുട്ടി അവരെ കീഴ്പ്പെടുത്തുകയും ആഫ്രിക്കയില്‍ നിന്നും അടിമകളെ എത്തിക്കുകയും ചെയ്യുക വഴി സാർവലൗകികമാക്കുകയും ചെയ്തു.

വംശ, ലിംഗ, ഭൂമിശാസ്ത്ര വ്യത്യാസങ്ങളിലൂടെ കൊളോണിയലസത്തിന്റെ ഉപാധികളായ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അധീശത്വം രൂപപ്പെട്ട അതേ നൂറ്റാണ്ടിൽ തന്നെ നിർമ്മിക്കപ്പെട്ട മതപരമായ വ്യത്യാസങ്ങളും, യൂറോ കേന്ദ്രീകൃത ആധുനികതയുടെ പാർശ്വവൽകൃത വിഭാഗങ്ങളുടെ മേലുള്ള ആധിപത്യത്തെ ദൃഢീകരിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ക്വോക് പ്വി ലാന്‍ തന്റെ ലേഖനത്തില്‍ വരച്ചുകാട്ടുന്നത് പോലെ യൂറോ കേന്ദ്രീകൃത ആധുനികതക്കനുയോജ്യമായ മതത്തിന്റെ കൊളോണിയല്‍ രൂപീകരണവും ആധുനിക ‘മതേതര മിഥ്യ’യുടെ ചട്ടക്കൂടിനകത്തേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടു. പടിഞ്ഞാറിന് പുറത്തുള്ള മതാനുഭവങ്ങളെ പിന്തിരിപ്പനെന്നും, യുക്തിരഹിതമെന്നും, ആധുനികവും യുക്ത്യാധിഷ്ഠിതവും സമാധാന പൂർണവുമായ പടിഞ്ഞാറിന് വിരുദ്ധമായി ഹിംസാത്മകമാണെന്നും ഇത് കണക്കാക്കി.

ഈയൊരു ചരിത്ര പശ്ചാത്തലത്തിനെതിരായി, ആധുനികത/കൊളോണിയാലിറ്റിയുടെ യൂറോകേന്ദ്രീകൃത ജ്ഞാനോൽപാദനത്തിലെ ശക്തമായ സാന്നിധ്യമായി മതപഠനങ്ങൾ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മതത്തെ പറ്റി തന്നെയുള്ള ഡീകൊളോണിയൽ പഠനങ്ങള്‍ കാണിച്ചു തരുന്നു. നേരിട്ടുള്ള യൂറോപ്യന്‍ കോളനിവത്കരണ കാലത്തും അതിന് ശേഷവും, പടിഞ്ഞാറേതര ജ്ഞാനത്തെയും ജീവിതത്തെയും അദൃശ്യവത്കരിച്ചുകൊണ്ട് പാശ്ചാത്യ സങ്കല്‍പ്പനങ്ങളെ ആഗോളതലത്തില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ യൂറോപിലെ മതത്തെ കുറിച്ച് പഠിച്ച പണ്ഡിതന്മാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തദ്ഫലമായി, പടിഞ്ഞാറേതര ജനവിഭാഗങ്ങളുടെ ജ്ഞാനശാസ്ത്രങ്ങളെയും സത്താപരതയെയും(Ontology) ഇല്ലാതാക്കിക്കൊണ്ട് ആധുനികതയുടെ ആന്തരാഖ്യാനത്തെ(Self-narration) സാര്‍വലൗകിക അനുഭവമാക്കി യാഥാർഥ്യവത്കരിക്കുകയാണ് ഉണ്ടായത്. ‘സംസ്‌കാരത്തെ’ മതത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട് പഠിക്കണമെന്ന കൊളോണിയല്‍ രീതിശാസ്ത്രം, ലോകത്തെ അറിയാനും ലോകത്ത് ജീവിക്കാനുമുള്ള പടിഞ്ഞാറേതര ജ്ഞാനപദ്ധതികളെയും ധിഷണകളെയും വെറും ആചാരങ്ങളും, മിത്തുകളും, അന്ധവിശ്വാസങ്ങളും മാത്രമായ ‘പിന്തിരിപ്പന്‍’, ‘പ്രാകൃതം’ തുടങ്ങിയ ഗണങ്ങളായി കണക്കാക്കി.

photo credit: Contending Modernities

നെല്‍സൺ മള്‍ഡൊണാഡോ ടോറസിന്റെ ലേഖനം പടിഞ്ഞാറേതര ‘ലോകമതങ്ങളി’ല്‍ പ്രവര്‍ത്തിക്കുന്ന സമാനമായ മറ്റൊരു യൂറോകേന്ദ്രീകൃത യുക്തിയെ കുറിച്ച് സംസാരിക്കുന്നു. അഥവാ, ക്രിസ്തുമതമല്ലാത്ത മറ്റെല്ലാം പടിഞ്ഞാറിന് പുറത്ത് സ്ഥാപിക്കപ്പെട്ടതാണെന്ന യുക്തിയെ അടയാളപ്പെടുത്തുന്ന വംശ, ഭൂമിശാസ്ത്ര, സമയ (‘പൂര്‍ണമായും ആധുനികം’ അല്ലാത്ത) വ്യത്യാസങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘ലോക മതങ്ങള്‍’ എന്ന പരികല്‍പ്പന. തന്റെ The Invention of World Religions: Or, How European Universalism Was Preserved in the Language of Pluralism (മള്‍ഡൊണാഡോ ടോറസ് ഉദ്ധരിച്ചത്) എന്ന ഗ്രന്ഥത്തില്‍ തൊമോകോ മസുസാവ (Tomoko Masuzawa) വ്യക്തമാക്കുന്നത് പോലെ, ‘ലോക മതങ്ങള്‍’ എന്ന കാറ്റഗറി മുന്നോട്ടു വെക്കുന്നതിലൂടെ ക്രിസ്തുമതത്തെ കേന്ദ്രീകരിച്ചുകൊണ്ട് മറ്റുമതങ്ങളെ അതുമായി തുലനം ചെയ്യുകയും അങ്ങനെ ശ്രേണീബന്ധമായ സ്ഥാനങ്ങള്‍ മതങ്ങള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്യുന്നു. ഈ ശ്രേണിയുടെ ഏറ്റവും മുകളില്‍ ക്രൈസ്തവതയെ പ്രതിഷ്ഠിച്ചുകൊണ്ട് (ആധുനിക, പാശ്ചാത്യ) ക്രൈസ്തവ ആധിപത്യത്തെ അത് നിലനിര്‍ത്തുന്നു. ഈ രണ്ടു വിശകലന പദ്ധതികളിലൂടെയാണ് -ലോകമതവും സംസ്‌കാരവും- 1492ലെ അധിനിവേശം മുതല്‍ക്കേയുള്ള വംശീയ മത വ്യത്യാസങ്ങളെ പറ്റിയുള്ള ആഖ്യാനങ്ങളെ പാശ്ചാത്യ ചിന്തകര്‍ മുന്നോട്ടു കൊണ്ടു പോവുന്നത്. അത് യൂറോപ്യരല്ലാത്ത ആളുകളെ തെറ്റായ മതത്തിലുള്ളവര്‍ (ഐബീരിയയിലെ ജൂതന്മാരും മുസ്‌ലിംകളും പ്രത്യേകിച്ചും, അതോടൊപ്പം ‘ലോകമതങ്ങളില്‍’ പെട്ട ഏതൊന്നിനെയും പിന്തുടരുന്നവരും), ‘മതം’ ആയി തിരിച്ചറിയാന്‍ കഴിയാത്ത വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ (അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍) എന്നിങ്ങനെ വിഭജിക്കുന്നു.

മതത്തെ ആധുനികത/കൊളോണിയാലിറ്റിയില്‍ നിന്നും വേര്‍പെടുത്തുന്നു

ആധുനികത/കൊളോണിയാലിറ്റിയുടെ ആഗോള യുക്തിയില്‍ നിന്നും ഭിന്നമായ മതഭാവനകളുടെ സാധ്യതകളെ അന്വേഷിക്കുക എന്നതാണ് രണ്ടാമതായി ഈ ലേഖനങ്ങളുടെ ലക്ഷ്യം. മനുഷ്യന്റെ മറ്റു അനുഭവങ്ങളില്‍ നിന്നും തീര്‍ത്തും വേര്‍തിരിക്കപ്പെട്ട ഏകശിലാത്മകമായ ഒന്ന് എന്ന മതത്തെ കുറിച്ചുള്ള ആധുനിക പാശ്ചാത്യ സങ്കല്‍പ്പനത്തെ അത് നിരാകരിക്കുന്നു. ക്വോക് പ്വി ലാന്‍ അതിനെ ‘മറ്റു സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്നെല്ലാം വേര്‍തിരിക്കപ്പെട്ട സവിശേഷമായ ഒന്നായി മതത്തെ കാണുന്നു’ എന്നാണ് വിശദീകരിക്കുന്നത്. മതത്തെ കുറിച്ചുള്ള നിലനില്‍ക്കുന്ന സങ്കല്‍പ്പനങ്ങളെ അപനിര്‍മാണം നടത്താതെ മതത്തെ മനസ്സിലാക്കുന്നതിലെ പോരായ്മകളെ ഊന്നിപ്പറയുന്ന ഈ ലേഖനങ്ങള്‍, പാശ്ചാത്യ ആധുനികതയുടെ ജ്ഞാനശാസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിക്കൊണ്ടുള്ള പുതിയൊരു ആഖ്യാനം കൂടി മതത്തിന് നല്‍കുന്നു. അതിന് വേണ്ടി, ഈ സീരീസിലുള്ള ലേഖനങ്ങള്‍ മതം എന്ന പാശ്ചാത്യ, ആധുനിക കാറ്റഗറി സ്വയം ഇല്ലാതാക്കിയ വ്യത്യസ്ത തരത്തിലുള്ള ലോകവീക്ഷണങ്ങളുടെയും ജൈവികതയുടെയും പ്രാധാന്യത്തെ എടുത്തുപറയുന്നു.

photo credit: Contending Modernities

പാശ്ചാത്യൻ വിശകലന രീതിയുടെ ഒരു സംവർഗ്ഗം എന്ന നിലക്കുള്ള ‘മത’ത്തിന്റെ പ്രശ്‌നകരമായ വംശാവലി അന്വേഷിക്കുന്നതിനോടൊപ്പം തന്നെ മതത്തെ പറ്റിയുള്ള അപകോളനീകരണ ആഖ്യാനങ്ങള്‍ക്ക് രൂപപ്പെടുത്താന്‍ കഴിയുന്ന, അപകോളനീകരണ ചിന്തകര്‍ ‘loci of enunciation’ എന്ന് വിളിക്കുന്ന (ആഗോള കൊളോണിയല്‍ അധികാര ഘടനയില്‍ ഒരാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിർണ്ണയിക്കുന്ന ഒരു തരം സ്ഥാനബോധം (posotionality)) ആധുനികത/കൊളോണിയാലിറ്റിക്ക് ബദലായുള്ള, രാഷ്ട്രീയവും, നൈതികവുമായ മറ്റ് ഭാവനകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചും ലേഖനങ്ങള്‍ സംസാരിക്കുന്നു. അബ്ദുല്‍ ഖാദര്‍ തയൂബിന്റെ ലേഖനം ഇസ്‌ലാമിക പഠനങ്ങള്‍ക്കായി (അതോടൊപ്പം മതം എന്ന വിശാല കാറ്റഗറിക്കു തന്നെ) ഒരു അപകോളനീകരണ ചട്ടക്കൂട് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അത് കൊളോണിയല്‍ ശക്തികള്‍ മുന്നോട്ടുവെക്കുന്ന ആഗോള മതതാരതമ്യ രീതിശാസ്ത്രത്തെ അപനിര്‍മിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തിന്റെ വിമര്‍ശനാത്മകമായ ജ്ഞാനോൽപാദനത്തിന് ഊന്നല്‍ നല്‍കുന്നു. അത്തരം ഒരു സമീപനം, തയൂബിന്റെ വാക്കുകളെ കടമെടുത്താല്‍, മതത്തെ കുറിച്ചുള്ള പാശ്ചാത്യ ആധുനിക പഠനങ്ങളെ മറികടന്നുകൊണ്ട് -അതിനെ സവിശേഷമായ ഒന്നായി കണക്കാക്കാതെ തന്നെ- പ്രാദേശികമായ മതഭാവനകളെ ആഖ്യാനിക്കാന്‍ കഴിയും. വ്യത്യസ്തങ്ങളായ മറ്റ് ചിന്താ പദ്ധതികളിലൂടെ മതത്തെയും മതപരതയെയും നോക്കിക്കാണാനും അതിലൂടെ കഴിയും.

ജ്ഞാനത്തിന്റെ ഉൽപാദകരും സംരക്ഷകരും തങ്ങളാണെന്ന യൂറോപ്പിന്റെ സ്വയം രക്ഷാകര്‍തൃത്വത്തില്‍ അടങ്ങിയിരിക്കുന്ന ഹിംസയുടെ ചരിത്രങ്ങളെ അപകോളനീകരണ ചിന്തകള്‍ വെളിച്ചത്തുകൊണ്ടു വരുന്നു. ഈ ചരിത്രങ്ങളുമായും അതിന്റെ ഘടനാ രൂപങ്ങളുമായും സംഘര്‍ഷപ്പെടുക എന്നുള്ളത് പാശ്ചാത്യൻ വൈജ്ഞാനിക ലോകത്തിനകത്തെ കൊളോണിയല്‍ ജ്ഞാനശാസ്ത്ര അധീശത്വത്തോടുള്ള ഏറ്റുമുട്ടല്‍ കൂടിയാണ്. യൂറോപ്പിന്റെ കൊളോണിയല്‍ പദ്ധതികള്‍ക്കകത്തെ ചരിത്രപരമായ ഹിംസകളെ ന്യായീകരിക്കാനായി മതപഠനരംഗത്ത് രൂപപ്പെടുത്തപ്പെട്ട യൂറോകേന്ദ്രീകൃത സങ്കല്‍പ്പനങ്ങളോടും സംവർഗ്ഗങ്ങളോടും ഈ ലേഖനങ്ങള്‍ സംഘര്‍ഷപ്പെടുന്നു. ഇത്തരത്തില്‍, ആധുനിക/കൊളോണിയല്‍ ലോകക്രമത്തിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ജ്ഞാന ശ്രേണികളെ നിര്‍ണയിക്കുന്നതിലും മുന്നോട്ടു കൊണ്ടുപോവുന്നതിലും മതപഠനങ്ങള്‍ എങ്ങനെയാണ് പങ്കാളികളായതെന്ന് ഈ ലേഖനങ്ങള്‍ കാണിച്ചു തരുന്നു. ഒപ്പം, മതത്തെ കുറിച്ചുള്ള അപകോളനീകരണ പാഠങ്ങളുടെ സാധ്യതകളും അവ മുന്നോട്ടു വെക്കുന്നു.

 

[*] മതപഠനം, മതപണ്ഡിതന്മാർ തുടങ്ങിയ പദങ്ങൾ മതത്തെ കുറിച്ചുള്ള പഠനങ്ങൾ, മതത്തെ കുറിച്ചു പഠിക്കുന്നവർ എന്ന അർത്ഥത്തിലാണ് ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. (വിവർത്തകൻ)


വിവർത്തനം: അസ്ഹർ അലി

Courtesy: Contending Modernities

ഗാരെറ്റ് ഫിറ്റ്സ്ജെറാൾഡ്