Campus Alive

“ഭയപ്പെടുത്തലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ കരുത്തോടെ ഞങ്ങൾ എഴുന്നേറ്റ് നിൽക്കും”

കഫീൽ ഖാനെ അറസ്റ്റ് ചെയ്തു ഏഴുമാസം തടവിലിടാൻ കാരണമായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. കഴിഞ്ഞ ചൊവ്വാഴ്ച ഡോക്ടറെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി, പ്രസംഗം യഥാർത്ഥത്തിൽ ‘ദേശീയ സമഗ്രതയ്ക്കും ഐക്യത്തിനുമാണ്’ ആഹ്വാനം ചെയ്തതെന്ന് വിലയിരുത്തിയിരുന്നു.  2019 ഡിസംബർ 10 ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പരാമർശം നടത്തി എന്നാരോപിച്ചാണ് യോഗി സർക്കാർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ജനുവരി 29 മുതൽ ജയിലിൽ ആയിരുന്ന കഫീൽ ഖാനെ ഉടൻ മോചിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമത്തിലെ (NSA) കുറ്റങ്ങൾ കോടതി ഒഴിവാക്കി. അദ്ദേഹത്തെ തടങ്കലിൽ വെക്കുന്നത് തന്നെ മോശമാണ് എന്നും ആ തടങ്കൽ നീണ്ടു പോകുന്നത് പ്രഖ്യാപിതമായ നിയമവിരുദ്ധത ആണെന്നും കോടതി നിരീക്ഷിച്ചു. വിധിപ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “പ്രഥമദൃഷ്ട്യാ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. അലിഗഢ് നഗരത്തിന്റെ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാകുന്നുമില്ല. പൗരന്മാർക്കിടയിൽ ദേശീയ സമഗ്രതയ്ക്കും ഐക്യത്തിനും ഈ പ്രസംഗം ആഹ്വാനം ചെയ്യുന്നു. ഏത് തരത്തിലുള്ള അക്രമത്തെയും പ്രസംഗം നിരാകരിക്കുന്നുമുണ്ട്. പ്രസംഗത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ അവഗണിച്ച് കഫീൽ ഖാനെ തടങ്കലിൽ വെക്കാൻ ഉത്തരവിട്ട ജില്ലാ മജിസ്‌ട്രേറ്റ് ചില ഭാഗങ്ങളും പരാമർശങ്ങളും മാത്രം തിരഞ്ഞെടുത്തത് കൊണ്ടാണ് അത്തരം ഒരു വിധിയിൽ എത്തിച്ചേർന്നത്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ,


“എല്ലാവർക്കും വളരെ നല്ല സായാഹ്നം നേരുന്നു. അല്ലാമാ ഇഖ്ബാലിന്റെ പ്രസിദ്ധമായ ഒരു കവിത ആലപിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം; ‘കുച്ച് ബാത്ത് ഹേ കി ഹസ്തി മിട്ടി നഹി ഹമാരി സദിയോ രഹാ ഹെ ദുഷ്മൻ ദൗർ-എ-സമാ ഹമാര’. (ലോകം മുഴുവൻ നമുക്കെതിരായിട്ടും നാം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ആർക്കുമില്ലാത്ത ഒരു പ്രത്യേകത നമുക്ക് ഉണ്ടെന്നതാണ്).

ഗേറ്റിലേക്ക് കടക്കുന്നതിനുമുമ്പ്, എനിക്ക് സിറ്റി പോലീസ് കമ്മീഷണറുടെ ഒരു കോൾ വന്നു. അലിഗഢിൽ പോകരുതെന്നും പോയാൽ ഞാൻ ജയിലിലാകുമെന്നും പറഞ്ഞു. ഞാൻ ഇവിടെ വരുമെന്ന് പറഞ്ഞ് യോഗി നിങ്ങളെ വിളിച്ചോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

നമ്മൾ ഹിന്ദുക്കളോ മുസ്‌ലിങ്ങളോ അല്ലെന്നും അതിനപ്പുറം നാം മനുഷ്യർ ആണെന്നും നാം ചെറുപ്പം മുതൽക്കേ പഠിച്ചതാണ്. എന്നാൽ ‘മോട്ടാ ഭായ്’ ഇപ്പോൾ പഠിപ്പിക്കുന്നത് മനുഷ്യൻ എന്നതിലപ്പുറം നാം ഹിന്ദുക്കളും മുസ്‌ലിങ്ങളും ആകുമെന്നാണ്. എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. കൊലപാതകികൾക്ക് ഇതൊക്കെ എങ്ങനെ അറിയാനാണ്. ചരിത്രത്തിൽ അവർ നടത്തിയ കൊലപാതങ്ങളുടെ രക്തക്കറ അവരുടെ വസ്ത്രങ്ങളിൽ ഉണ്ട്. അതൊക്കെ അവരെങ്ങനെയാണ് മായ്ച്ചു കളയുക. ഭരണഘടനയുടെ അർത്ഥം അവർക്ക് എങ്ങനെ അറിയാൻ കഴിയും. 1928 ൽ ആർ‌എസ്‌എസ് നിലവിൽ വന്ന കാലം മുതൽ അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല.

ഡോ കഫീൽ ഖാൻ

ആഭ്യന്തരമന്ത്രി അമിത് ഷാ കൊണ്ടുവന്ന ഈ നിയമം [CAA] ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഇന്ത്യയുടെ ബഹുസ്വരത, സാമുദായിക ഐക്യം, മാനവികത, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നും ഞാൻ ആവർത്തിച്ചു പറയുന്നു. നമ്മൾ ആരോടാണ് സംസാരിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ബാബാ സാഹിബ് അംബേദ്കറിന്റെ ഭരണഘടനയെ ഒരിക്കലും വിശ്വസിക്കാത്തവരോടും ഒരിക്കലും വായിക്കാത്തവരോടുമാണ് നമ്മൾ സംസാരിക്കുന്നത്. 90 വർഷം മുമ്പ്, അവർ വന്ന കാലം മുതൽ ഈ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഒന്നാമതായി, നിങ്ങൾ എല്ലാവരും വളരെ ചെറുപ്പമാണ്. ഈ സന്നിഗ്ദഘട്ടത്തിൽ നിങ്ങൾ തന്നെയാണ് സമരത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കേണ്ടതും പോരാടേണ്ടതും. അലിഗഢ് എല്ലായ്പ്പോഴും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ ഇവിടെ എനിക്ക് വേണ്ടി ഒരു വലിയ പ്രതിഷേധ മാർച്ച് ഉണ്ടായിരുന്നു. ജയിലിൽ മോചിതനായ ശേഷം, ഞാൻ രണ്ടോ മൂന്നോ തവണ ഇവിടെ വന്നിട്ടുണ്ട്. എനിക്ക് ഇവിടെ നിന്ന് ലഭിച്ച സ്നേഹം പൂർണമായും തിരിച്ചു തരാൻ കഴിയില്ലെങ്കിലും, രാത്രി എനിക്ക് ഫോൺവിളി വന്നപ്പോൾ തന്നെ ഉറപ്പിച്ചു, യോഗി എത്ര ശ്രമിച്ചാലും ഞാൻ തീർച്ചയായും ഇവിടെ വരുമെന്ന്.

CAB യഥാർത്ഥത്തിൽ എന്താണെന്നതിനെക്കുറിച്ച് ആദ്യം സംസാരിക്കാം. CABയെ കുറിച്ച് യഥാർത്ഥത്തിൽ എത്ര പേർക്ക് അറിയാം? എല്ലാവർക്കും അതേക്കുറിച്ച് അറിയാമോ? എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്? 2015 ലും ഒരു ശ്രമം നടന്നിരുന്നു. ആസാമിൽ അവർ നടപ്പാക്കിയ എൻ‌ആർ‌സിയിൽ 19 ലക്ഷം പേരെ വിട്ടുപോയതാണ് ഇപ്പോൾ അത് വീണ്ടും കൊണ്ടുവരാൻ കാരണം. അതിൽ 90% പേരെയും എൻ‌ആർ‌സിയിൽ ഉൾപ്പെടുത്താൻ അവർ ആഗ്രഹിച്ചതാണ്. പക്ഷെ, അത് അവർക്ക് തന്നെ തിരിച്ചടിയായി. ആദ്യം എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, കാശ്മീർ പ്രശ്നത്തിനുശേഷം അവർ നിശബ്ദരായിരിക്കാം. അതുകൊണ്ട് അവർ CAB കൊണ്ടുവന്നു. CAB അനുസരിച്ചു മുസ്‌ലിങ്ങളും റോഹിംഗ്യകളും നിരീശ്വരവാദികളും ഒക്കെ അടങ്ങിയ നിരവധി വിഭാഗങ്ങളെ ഒഴിവാക്കികൊണ്ട് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപരമായ പീഢനങ്ങൾ നേരിടുന്ന അഞ്ചോ ആറോ മതങ്ങൾക്ക് മാത്രം പൗരത്വം നൽകുമെന്ന് അവർ ജനങ്ങളോട് പറഞ്ഞു. പക്ഷെ, അതിൽ മുസ്‌ലിംകൾ ഉൾപ്പെടില്ല എന്നും.

അമിത് ഷാ പറഞ്ഞു, ഞങ്ങൾ പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് പറയുന്നത്, മുസ്‌ലിംകളിൽ നിന്ന് പൗരത്വം എടുക്കുന്നതിനെക്കുറിച്ചല്ല, പിന്നെന്തിനാണ് നിങ്ങളെല്ലാവരും പ്രതിഷേധിക്കുന്നത്. നിങ്ങളെന്തിനാണ് സമരം ചെയ്യുന്നത്. നിങ്ങൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന്. എൻ‌ആർ‌സി പ്ലസ് സി‌എബി ആണ് മാരകമായ പദം. ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ അവർ ഒരു ചെറിയ മതിലാണ് പണിതത്, ഇനി അവർ അതിൽ ഒരു പൂർണ്ണ ഘടന തന്നെ നിർമ്മിക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ യുവാക്കളുടെ മനസ്സിൽ കഴിഞ്ഞ 90 വർഷമായി അവർ വിതച്ച വിദ്വേഷത്തിന്റെ ഫലമാണിത്.

കാറിൽ യോഗേന്ദ്ര ജിയുമായുള്ള ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞത്, സാധാരണ ഗ്രാമീണരായ ഞങ്ങൾക്ക് ഭരണഘടനയെന്നാൽ എസ്എച്ച്ഒ (പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസ്) മാത്രമാണെന്നാണ്. അയാൾ പറയുന്നതെന്തോ, അതാണവരുടെ ഭരണഘടന. 2014 മുതലുള്ള എസ്എച്ച്ഒയ്ക്ക് സാധാരണക്കാരോട് എങ്ങനെ പെരുമാറണമെന്ന് അറിയാം, അവർ രണ്ടാംകിട പൗരന്മാരാണ്, ഇത് അവരുടെ രാജ്യമല്ലെന്ന് നിരന്തരം അവരെ ഓർമ്മപ്പെടുത്തണം. നിങ്ങൾക്ക് അവരുടെയടുത്ത് എന്തെങ്കിലും ആവശ്യത്തിനായി പോകേണ്ടി വരുമ്പോൾ, അവരുടെ യഥാർത്ഥ സ്വഭാവം അവർ നിങ്ങളെ കാണിക്കും. ഇതാണ് ഞങ്ങൾ പ്രതിഷേധിക്കുകയും എതിർക്കുകയും ചെയ്യുന്നതിന്റെ കാരണം. അത് ഇപ്പോൾ പാർലമെന്റിൽ പാസ്സാക്കുകയും ചെയ്തു. എൻ‌ആർ‌സി പ്രാബല്യത്തിൽ വരുമ്പോഴാണ് കൂടുതൽ പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഇനി എന്താണ് എൻ‌ആർ‌സി? ആസാമിനായി നിർമ്മിച്ചതാണ് എൻ‌ആർ‌സി. അതേ നിയമം ഇന്ത്യൻ രജിസ്റ്ററിനായി ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്, 2019 ൽ പൂർത്തിയായ പട്ടിക ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പട്ടിക പൂർത്തിയായിരിക്കുന്നു. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുന്നു. കൂടാതെ, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. നിങ്ങൾക്ക് ഒരു ജനന സർട്ടിഫിക്കറ്റാണ് ആവശ്യം. 1950 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ജനിച്ചയാളാണ് നിങ്ങളെങ്കിൽ നിങ്ങൾ ഒരു പൗരനാണ്. മറ്റൊരു ഉപാധി പറയുന്നത്, നിങ്ങളുടെ മാതാപിതാക്കളിൽ ആരെങ്കിലും 1987-2004 കാലഘട്ടത്തിൽ ജനിച്ചവരാണെങ്കിൽ നിങ്ങൾ ഒരു പൗരനാണെന്നാണ്. 2004 ന് ശേഷമാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ മാത്രമാണ് നിങ്ങൾ ഒരു പൗരൻ ആകുന്നത്…

അപ്പോൾ നാം കുഴപ്പത്തിലാണോ? എന്തുകൊണ്ടാണ് നാം പ്രതിഷേധിക്കുന്നത്? കാരണം അവരുടെ ഉദ്ദേശ്യമെന്താണെന്ന് നമുക്കറിയാം. വെളുത്ത വസ്ത്രം ധരിച്ച അവർ ഉള്ളിൽ എത്ര ഇരുണ്ടവരാണെന്ന് നമുക്കറിയാം. അവരുടെ ചിന്ത എന്താണെന്നും അവരുടെ മനസ്സിൽ എന്താണെന്നും നമുക്കറിയാം. വിദ്വേഷം മാത്രമാണ് അവരുടെ ഉള്ളിൽ. നമ്മളുടെ സർട്ടിഫിക്കറ്റുകൾ, പിതാവിന്റെ സർട്ടിഫിക്കറ്റുകൾ, അമ്മയുടെ സർട്ടിഫിക്കറ്റുകൾ, നിയമപരമായ രേഖകൾ എന്നിവ നേടുന്നതിന് അവർ മനഃപൂർവ്വം നമ്മളെ വട്ടംകറക്കും. അങ്ങനെ അവർ കോടിക്കണക്കിന് ആളുകൾക്ക് പ്രശ്നങ്ങളുണ്ടാക്കും.

ആസാമിലെ 6 ലക്ഷം പേരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ 23,000 കോടി രൂപയുടെ ബജറ്റ് ആവശ്യമാണ്. 1,500 കോടി രൂപ അസമിലെ എൻ‌ആർ‌സിക്ക് വേണ്ടി ചിലവഴിച്ചു. 1600 എന്നും പറയപ്പെടുന്നു. ഇന്ത്യ മുഴുവൻ NRC നടപ്പിലാക്കാൻ ഏകദേശം 30,000 കോടി രൂപ ആവശ്യമാണ്. നാം സൗജന്യ വിദ്യാഭ്യാസം ആവശ്യപ്പെടുമ്പോൾ, അവർ പണമില്ലെന്ന് പറയുന്നു, ജെഎൻയുവിലെ ഫീസ് വർദ്ധിപ്പിക്കുന്നു. ബി‌ആർ‌ഡിയിൽ (ഗോരഖ്പൂരിലെ മെഡിക്കൽ കോളേജ്) 70 കുട്ടികൾ മരിച്ച ആ വർഷം ഇന്ത്യയിൽ 8 ലക്ഷം കുട്ടികൾ മരിച്ചു. ഞാൻ ഹെൽത്ത് ഫോർ ഓൾ എന്ന ക്യാമ്പയിൻ നടത്തുന്നുണ്ട്. അതിനായി പ്രവർത്തിച്ചു കൊണ്ട് ഞാൻ ഇതിനകം 13 മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് അദ്ദേഹത്തിന് ഞാൻ പ്രൊപോസൽ നൽകിയിട്ടുമുണ്ട്.

25 രാഷ്ട്രീയേതര ആരോഗ്യ പ്രവർത്തകർ, സുപ്രീം കോടതി അഭിഭാഷകർ, സിഇഒമാർ, ഐഐടി ബിരുദധാരികൾ എന്നിവരടങ്ങിയ ഞങ്ങളുടെ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. യുഎൻ, യുണിസെഫ്, ലോക ബാങ്ക്, ലോകാരോഗ്യ സംഘടന എന്നിവയിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. ലഭിച്ച കണക്കുകൾ വളരെ ദാരുണമായിരുന്നു. നമ്മുടെ ജനസംഖ്യയുടെ അമ്പത് ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്. എയ്ഡ്‌സ്, എച്ച്ഐവി രോഗികൾ ഉള്ള മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. പ്രമേഹത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ വലിയ രാജ്യം. ഇവിടെ 72% ജനങ്ങൾക്ക് മതിയായ ആരോഗ്യ സൗകര്യങ്ങളില്ല. അവർക്ക് ഒരു ഹൃദയാഘാതം വന്നാൽ ഡോക്ടറെ കാണണമെങ്കിൽ കുറഞ്ഞത് 40 കിലോമീറ്റർ എങ്കിലും സഞ്ചരിക്കേണ്ടിവരും.

ഞങ്ങൾ നടത്തിയ ഗവേഷണങ്ങൾ പ്രകാരം, വ്യാജ ഡോക്ടർമാർ എന്ന് വിളിക്കപ്പെടുന്ന ബംഗാളി ഡോക്ടർമാർ തന്നെയാണ് യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത്. അവർ കൂടി ഇല്ലെങ്കിൽ സത്യത്തിൽ ആരുമില്ലാത്ത അവസ്ഥയാണ്. ലോകത്തിലെ ഏതൊരു ആരോഗ്യഘടനയുടെയും നട്ടെല്ലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അവിടെ ഇല്ല. ആരോഗ്യമേഖല തന്നെ താറുമാറാണ്. അതുകൊണ്ട് നമ്മൾ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നു, എല്ലാവരോടും ആരോഗ്യമേഖലയെക്കുറിച്ച് ചോദിക്കുന്നു. അവരോടൊക്കെയും ഞാൻ ഇത് തന്നെ വീണ്ടും ആവർത്തിക്കുന്നു. എന്റെ പ്രസംഗത്തിൽ അവർക്ക് വിരസത തോന്നുന്നുണ്ടാകാം. പക്ഷെ, ഇതാണ് സത്യം.

ഞാൻ ജനങ്ങളോട് ചോദിച്ചു, നിങ്ങൾക്ക് എന്താണ് വേണ്ടത്? അവർ പറഞ്ഞത് ദിവസവും രണ്ട് നേരമെങ്കിലും മാന്യമായ ഭക്ഷണം, കുട്ടികൾക്ക് സുഖമില്ലാതായാൽ നല്ല മെഡിക്കൽ സൗകര്യങ്ങൾ, അവരുടെ വിദ്യാഭ്യാസത്തിനായി നല്ല കോളേജുകൾ, സർവ്വകലാശാലകൾ, അലിഗഢ്, ജെഎൻയു, ഐഐടി, എയിംസ് പോലെയുള്ളവ, അവർ വിദ്യാഭ്യാസം നേടിയതിനുശേഷം ഒരു നല്ല ജോലി, ഇതൊക്കെയാണ്. കഴിഞ്ഞ 70 വർഷമായി നമ്മൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണ്. ഈ ആവശ്യം നമ്മുടേത് മാത്രമല്ല, എല്ലാവരുടെയും, ഈ രാജ്യത്തെ മുഴുവൻ ദരിദ്രരുടെയുമാണ്. പക്ഷെ, രാജ്യം ഭരിക്കുന്നവർ ശ്മശാനങ്ങളെയും-ഖബർസ്ഥാനെയും അലി ബജ്രംഗ് ബലിയെയും കശ്മീരിനെയും രാം മന്ദിറിനെയും CABയെയും NRCയെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പ്രതിവർഷം 2 കോടി തൊഴിൽ നൽകുമെന്ന് അവർ നൽകിയ വാഗ്ദാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഓരോരുത്തർക്കും 15 ലക്ഷം രൂപ നൽകുന്നതിനെക്കുറിച്ച് അവർ സംസാരിക്കില്ല. സമ്പദ്‌വ്യവസ്ഥ നശിച്ചു, ചെറുകിട വ്യവസായങ്ങൾ നശിച്ചു. നിങ്ങൾ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നാൽ മനസ്സിലാകും നിങ്ങൾ മാത്രമല്ല ബുദ്ധിമുട്ടുന്നതെന്ന്. പക്ഷെ, ഭരണാധികാരികൾ വൈകാരിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ അവർ സമ്പദ്‌വ്യവസ്ഥ, തൊഴിൽ, റോഡുകൾ, പാർപ്പിടം എന്നിവയുടെ പ്രശ്നങ്ങൾ മറച്ചു വെക്കുകയാണ്. അപ്പോൾ നിങ്ങൾ ചോദിക്കുക പോലും ചെയ്യില്ലല്ലോ.

എന്തുകൊണ്ടാണ് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നത്? ആൾക്കൂട്ട കൊലപാതകം സംഘടിതമായ കുറ്റമാണ്. എങ്ങനെ ആക്രമിക്കണമെന്ന് നന്നായി പരിശീലനം ലഭിച്ച ഒരു ജനക്കൂട്ടം വരുന്നു. എന്തുകൊണ്ടാണ് ഒരു കൊലപാതകി സ്വയം ഒരു വീഡിയോ പിടിക്കുന്നത്? അവർ തന്നെ വീഡിയോ റെക്കോർഡുചെയ്യുന്നു, ഫേസ്ബുക്കിൽ അപ്‌ലോഡുചെയ്യുന്നു, ദില്ലിയിൽ ഇരിക്കുന്ന തങ്ങളുടെ തലതൊട്ടപ്പന്മാരെ അറിയിക്കുകയും ചെയ്യുന്നു. കാരണം, ഇതിൽ അവർ സന്തുഷ്ടരാകുകയും അവർ കൊലപാതകികളെ രക്ഷിക്കുകയും ചെയ്യും. ഒരു സമുദായത്തിന് ഭയത്തിന്റെ മനഃശാസ്ത്രം സൃഷ്ടിക്കാനും മറ്റൊരു സമൂഹത്തിന് കപട ഉന്മാദം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ആൾക്കൂട്ട കൊലപാതകങ്ങൾ വീണ്ടും വീണ്ടും നടത്തുന്നത്.

ദേശീയതയെക്കുറിച്ചുള്ള സംസാരം യഥാർത്ഥത്തിൽ കപട-ഹിന്ദുമതത്തിൽ അധിഷ്ഠിതമായ കപട-ദേശീയതയെ കുറിച്ചാണ്. നമ്മുടെ മുഴുവൻ പ്രതിപക്ഷവും മൃദുഹിന്ദുത്വത്തിന് പിന്നിലാണ്. നമ്മൾ തന്നെയാണ് സംസാരിക്കേണ്ടതും പോരാടേണ്ടതും. രണ്ട് മാസം മുമ്പ് എനിക്ക് ഒരു ക്ലീൻ ചിറ്റ് ലഭിച്ചത് നിങ്ങൾ കേട്ടിരിക്കണം. യോഗി സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച്, ഡോ. കഫീൽ ഒരു കൊലപാതകിയാണ്, അഴിമതിയിൽ പങ്കാളിയാണ്, എല്ലാ കുട്ടികളും അദ്ദേഹം കാരണം മരിച്ചു, എന്നൊക്കെ ആരോപിച്ചിരുന്നു. എന്നാൽ ഇതേ കമ്മിറ്റി തന്നെ ഡോ. കഫീൽ ഏറ്റവും ജൂനിയറായ ഡോക്ടറാണെന്നും സ്വന്തം പോക്കറ്റിൽ നിന്ന് സിലിണ്ടറുകൾ വാങ്ങി നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചുവെന്നും വിലയിരുത്തി.

ശേഷം ഇനി എന്തു ചെയ്യാൻ കഴിയുമെന്നും അവനെ എങ്ങനെ കുടുക്കാമെന്നും യോഗി ചിന്തിച്ചു. അതിനാൽ, അവർ എന്നെ വീണ്ടും സസ്പെൻഡ് ചെയ്തു. ഇപ്പോൾ അവർ പറയുന്നത് ഞാൻ സർക്കാരിനെതിരെ സംസാരിക്കുന്നു എന്നാണ്. എന്നാൽ ഞാൻ പറയുന്നു, “ഇസ് സുല്മ് കെ ദൗർ മെ സുബാൻ ഖോലേഗ കോൻ, അഗർ ഹം ഭി ചുപ് രഹെങ്കെ തോ ബൊലേഗാ കോൻ.” (ഈ ക്രൂരതയുടെ സമയത്ത് ആരാണ് സംസാരിക്കുക, നമ്മളും നിശബ്ദരായാൽ പിന്നെ ആര് സംസാരിക്കും). അധികാരത്തിൽ ഇരിക്കുന്നവർ വെറും മുഖങ്ങളാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്നും അത് ശാഖകളിൽ പ്രചരിക്കുന്നുണ്ടെന്നും ഞാൻ നിങ്ങളോട് പറഞ്ഞു കൊള്ളട്ടെ. ഇത് മനസ്സിലാക്കാൻ കഴിയാത്തവരാണ് നമ്മൾ. നാം ഇത് മനസ്സിലാക്കേണ്ടതുണ്ട്. സമൃദ്ധിയും ഐക്യവും ഉള്ള ഇന്ത്യയിൽ വിശ്വസിക്കുന്ന എന്റെ എല്ലാ സഹോദരങ്ങളും ഈ ക്രൂരമായ നിയമത്തെ എതിർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മൾ മുസ്‌ലിംകൾ മാത്രമല്ല, എല്ലാവരും മുന്നോട്ട് വരണം. എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയുക. നമ്മുടെ ഭരണഘടനയിൽ എവിടെയാണ് ഇത് എഴുതി വെച്ചിട്ടുള്ളത്?

നമ്മൾ വിശ്വപൗരന്മാരാണ്, ഈ അതിരുകൾ രാഷ്ട്രീയക്കാർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ചതാണ്. അതുകൊണ്ട് നിങ്ങൾ പോരാടാൻ തയ്യാറാകണം.

ഫീസ് വിഷയമോ മറ്റേതെങ്കിലും വിഷയമോ ആകട്ടെ ഇന്ത്യയിലെ ഏക നേതൃപദത്തിലേക്ക് JNU വരുന്നത് പോലെ തന്നെ അലിഗഢും രാജ്യത്തിന്റെ നേതൃപദത്തിലേക്ക് എത്തണം. അലിഗഢ് ഉറങ്ങുകയാണെന്ന് വർഷങ്ങളായി ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ ഇപ്പോൾ ചെറുപ്പക്കാരായ ഈ മുഖങ്ങൾ കണ്ട ശേഷം, ഇനി ഞാൻ ഉണരേണ്ടതുണ്ടെന്ന് തോന്നുന്നു, കാരണം അവർ എന്നേ ഉണർന്നു കഴിഞ്ഞിരിക്കുന്നു.

ഇത് നമ്മുടെ സ്വത്വത്തിനായുള്ള പോരാട്ടമാണ്. നമുക്ക് പോരാടേണ്ടതുണ്ട്. പോരാട്ടം എന്നാൽ ശാരീരിക അതിക്രമങ്ങൾ സൃഷ്ടിക്കുക എന്നത് മാത്രമല്ല, ജനാധിപത്യപരമായ രീതിയിൽ പോരാടേണ്ടതുണ്ട്. അവരുടെ ചിന്ത ലോക്സഭയിലും രാജ്യസഭയിലും മാത്രമായി പരിമിതമായതാണ്. ഈ നിയമം കൊണ്ടുവന്നതിന് ഇന്ത്യയെ ലോകമെമ്പാടും എത്രമാത്രം അപലപിക്കുന്നുവെന്ന് അവർക്കറിയില്ല. നിങ്ങളുടെ അയൽക്കാരന്റെ വീട്ടിലെ മര്യാദകെട്ട ജോലിക്കാരൻ എന്തെങ്കിലും മോഷ്ടിച്ചുവെന്ന് കരുതുക, അവൻ നിങ്ങളുടെ വീട്ടിൽ വന്നാൽ നിങ്ങൾ അവന് ജോലി നൽകിയാൽ പിന്നെ നിങ്ങളുടെ അയൽക്കാരനുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ ആയിരിക്കും? മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക?

എന്റെ സഹോദരനും എന്നോടൊപ്പം ഇവിടെയുണ്ട്, ഒരുപക്ഷേ അവൻ ഇപ്പോൾ ഇവിടെ ഉണ്ടാകേണ്ടവനല്ല. കാരണം, യോഗി ആദിത്യനാഥ് ഉണ്ടായിരുന്നതിന് അര കിലോമീറ്റർ ദൂരത്തു വെച്ചാണ് എന്റെ സഹോദരന് വെടിയേറ്റത്. അതിനുശേഷം, വെടിയുണ്ട പുറത്തെടുക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്കായി കാറിൽ കൊണ്ടുപോയപ്പോൾ, അനാവശ്യമായി നാല് മണിക്കൂറോളം കാലതാമസം ഉണ്ടായി. എന്തുകൊണ്ടാണ് ദൈവം തന്റെ ക്ഷമ പരീക്ഷിക്കുന്നതെന്ന് വരെ ഞങ്ങൾ ഒരിക്കൽ ചിന്തിച്ചുപോയി. ഞാൻ കുട്ടികളെ രക്ഷിക്കാൻ മാത്രമാണ് പോയത്. അതിനോട് ഒരിക്കലും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. എന്നാൽ ചില സമയത്തു ദൈവത്തിന് ചില തീരുമാനങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. അവൻ എന്നെ പരീക്ഷിക്കുന്നുണ്ടാകണം. അവന് ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതുകൊണ്ടായിരിക്കും ഒരുപക്ഷെ സുഹൃത്തുക്കളെ ഞാൻ നിങ്ങളോടൊപ്പം ഇവിടെ നിൽക്കുന്നത്.

അതുകൊണ്ട് ഒന്നിക്കുക എന്ന എന്റെ സന്ദേശമാണ് നിങ്ങൾ നൽകേണ്ടത്. ദയവായി എല്ലാവരും ഒന്നിക്കുക, ഈ ചെറിയ കാര്യങ്ങളെക്കുറിച്ചും വഴക്കുകളെക്കുറിച്ചും ആരും ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾക്കറിയുമോ, ഇന്നലെ ഒരു ചർച്ചയിൽ ഞാൻ കേട്ടതാണ്. ആരോ പറഞ്ഞു, പാകിസ്ഥാനിലെ അഹ്മദിയകളെയും ഷിയകളെയും കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. കാരണം, പിന്നെ ഇവിടത്തെ മുസ്‌ലിംകൾ തമ്മിൽ തന്നെ പോരാടുമല്ലോ. എല്ലാവരും ഷിയകളെ ഇങ്ങനെയാണ് കണക്കാക്കിയത്. അത് കൊണ്ടാണ് അവർ CAB ന്റെ പരിധിയിൽ വന്നത്. ഇങ്ങനെയാണ് അവർ വിഭജിക്കാൻ ആഗ്രഹിക്കുന്നത്. അത്കൊണ്ട് നമ്മൾ ഒന്നിക്കുക. അത് മതത്തിന്റെ പേരിൽ മാത്രമല്ല, എല്ലാത്തിലുമുപരി നമ്മൾ മനുഷ്യരാണ്. നമ്മുടെ പ്രവൃത്തികൾ ശരിയായിരിക്കണമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മളുടെ ഉദ്ദേശ്യങ്ങളും ശരിയായിരിക്കണം. നിങ്ങൾ പാത തിരഞ്ഞെടുക്കുക, ദൈവം നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടെത്തിക്കും, ഇൻഷാ അല്ലാഹ്.

അതിനാൽ, നിങ്ങളുടെ അമുസ്‌ലിം ചങ്ങാതിമാരുമായി ബന്ധപ്പെടുകയും അവരോട് സംസാരിക്കുകയും ചെയ്യുക. ഞങ്ങൾ വെറും സൈക്കിൾ പഞ്ചറൊട്ടിക്കുന്നവരും ഫ്രിഡ്ജും മൊബൈലും നന്നാക്കുന്നവരും നാല് തവണ വിവാഹം കഴിക്കുന്നവരും ജിഹാദികളും പാകിസ്ഥാനികളും അല്ലെന്ന് അവരോട് പറയുക. ഞങ്ങളിൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ട്. വരൂ, നമുക്കിടയിൽ സൃഷ്ടിക്കപ്പെട്ട ദൂരത്തെയില്ലാതാക്കാൻ ഒരു ദിവസം ഞങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കൂ.

സ്കൂളുകളിൽ ആർ‌എസ്‌എസ് ചെയ്തത് എന്താണെന്ന് നമുക്കറിയാം. നിങ്ങൾക്ക് ആ സ്കൂളിന്റെ പേര് അറിയാം, അത്കൊണ്ട് ആ പേര് ഞാനിവിടെ പറയുന്നില്ല. താടിയുള്ള ആളുകളെല്ലാം വളരെ മോശക്കാരാണെന്ന് അവർ പഠിപ്പിക്കുന്ന സ്കൂളുകളിലൂടെ പ്രചരിപ്പിച്ചു. അവർ വെറും സൈക്കിൾ പഞ്ചറൊട്ടിക്കുന്നവരും റഫ്രിജറേറ്ററുകളും നന്നാക്കുന്നവരും നാല് തവണ വിവാഹം കഴിക്കുന്നവരും വൃത്തികെട്ട ജീവിതം നയിക്കുന്നവരും പാകിസ്ഥാനെ പിന്തുണക്കുന്നവരും തീവ്രവാദികളും ആണെന്ന് അവിടെ പഠിപ്പിച്ചു. അതുകൊണ്ടാണ് ടൈ കെട്ടിയ ഒരു ഡോക്ടർ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് കണ്ടപ്പോൾ, ഈ മൃഗം ആരാണെന്ന് അവർക്ക് തോന്നിയത്. കാരണം, അവർക്കതു പരിചയമില്ല. നിങ്ങൾ അവരോട് എങ്ങനെ സംസാരിക്കും? അവരെ ഒരുമിച്ചുകൂട്ടുക, നമ്മൾ മനുഷ്യരാണെന്നും നമ്മേക്കാൾ കൂടുതൽ മതവിശ്വാസികളാകാൻ ആർക്കും കഴിയില്ലെന്നും അവരെ മനസ്സിലാക്കുക. നമ്മുടെ മതം മാനവികതയെക്കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നത്, നമ്മുടെ മതം ബഹുസ്വരതയെക്കുറിച്ച് മാത്രമാണ് പഠിപ്പിക്കുന്നത്. വളരെ നന്ദി. എനിക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും ചില കാര്യങ്ങൾ കൂടി പറഞ്ഞ് ഞാൻ ഉപസംഹരിക്കുകയാണ്.

ഒന്നാമതായി, CAB നെ ഭയപ്പെടേണ്ട ആവശ്യമില്ല. അതിന് നമ്മളെ ഒന്നും ചെയ്യാനാവില്ല. പക്ഷെ, ഇത് ഒരു തുടക്കമാണ്. കാരണം, ഈ രാജ്യം നിങ്ങളുടേതല്ലെന്നും നിങ്ങൾ വെറും കുടിയാന്മാരാണെന്നും അത് കാണിക്കാൻ ശ്രമിക്കുന്നു. ഇതൊരു സൂചനയാണ്. വളരെ വലിയ സൂചന. അതിന്റെ പരിഷ്ക്കരണമെന്നത് നമ്മുടെ ഭരണഘടനയായി നിലവിലുള്ള  എസ്എച്ച്ഒയിലേക്ക് വ്യാപിപ്പിക്കലാണ്…

അടുത്തതായി ഏറ്റവും പ്രധാനമായും, ഈ രാജ്യം നമ്മുടേതാണ്. ഈ ഹിന്ദുസ്ഥാൻ നമ്മുടേതാണ്, ആരുടെയും സ്വത്തല്ല. ഈ ഭൂമി നിങ്ങളുടേത് പോലെ, അത് ഞങ്ങളുടേതുമാണ്. ഞങ്ങളിൽ നിന്ന് അത് എടുത്തുകളയുക എന്നത് നിങ്ങൾക്ക് കഴിയുന്ന സംഗതിയല്ല. ഞങ്ങളെ ഭയപ്പെടുത്തുക എന്നതും നിങ്ങൾക്ക് കഴിയുന്ന സംഗതിയല്ല. ഞങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കുക എന്നതും നിങ്ങൾക്ക് കഴിയുന്ന സംഗതിയല്ല. ഞങ്ങൾ 25 കോടിയുള്ള ജനതയാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ കൊണ്ടോ ഇത്തരം നിസ്സാര നിയമങ്ങളാലോ നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. ഞങ്ങൾ ഒരുമിച്ചുനിൽക്കും, ഞങ്ങൾ ഒരുമിച്ചുതന്നെനിൽക്കും, ഞങ്ങൾ ഐക്യപ്പെടും. ഞങ്ങൾ ഒരു മതിൽ പോലെ ഒരുമിച്ചുനിൽക്കും. അതാണ് ഞങ്ങളുടെ ഹിന്ദുസ്ഥാൻ, ഇത് എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞ് തരും. “ഡർനാ ആതാ നഹി ഹെ ഹമെ, ജിത് നാ ഭി ഡറാ ലോ. ഹർ ബാർ ഏക് നയി താഖത് സെ ഉടേങ്കെ, ചാഹെ ജിത് നാ ഭി ദബാ ലോ”. (ഞങ്ങളെ എത്രമാത്രം ഭയപ്പെടുത്തിയാലും ഞങ്ങൾ ഭയപ്പെടില്ല. നിങ്ങൾ ഞങ്ങളെ എത്രമാത്രം അടിച്ചമർത്തിയാലും ഞങ്ങൾ കരുത്തോടെ എഴുന്നേറ്റ് നിൽക്കും).

അല്ലാഹ് ഹാഫിസ്”. (അല്ലാഹു നിങ്ങളോടൊപ്പം ഉണ്ടാകട്ടെ)


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

ഡോ. കഫീൽ ഖാൻ