Campus Alive

ഉയിഗൂർ: മരണം മണക്കുന്ന ഇടനാഴികൾ

“റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെ മോശമാണ് സ്ഥിതി. ഉയിഗൂർ ജനത അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മരണം മണക്കുന്ന ഇടനാഴികളാണ് ഇപ്പോഴെങ്ങും”

ഉയിഗൂർ പ്രോജക്ട്സ് ഫൗണ്ടേഷന്റെ പ്രസിഡന്റും ലോക ഉയിഗൂർ കോൺഗ്രസിന്റെ മുതിർന്ന ഉപദേശകനുമായ ഉയിഗൂർ അമേരിക്കൻ ഡോ. എർകിൻ സിഡിക്കിന്റെ (Erkin Sidick) വാക്കുകളാണിവ. ചൈനയിലെ ക്യാമ്പുകളിലെ ഉയിഗൂർ തടവുകാരുടെയും മരിച്ചവരുടെയും എണ്ണം ഹിറ്റ്ലറിന്റെ ഹോളോകോസ്റ്റിൽ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ മൊത്തം ജൂതന്മാരേക്കാൾ അധികമാണെന്ന് അദ്ദേഹം തെളിവുകൾ നിരത്തി അവകാശപ്പെടുന്നു. ഒരു കാലത്ത് കിഴക്കൻ തുർക്കിസ്താൻ എന്നറിയപ്പെട്ടിരുന്ന സിൻജ്യാങിലെ (Xinjiang) ചൈനയുടെ വംശഹത്യയെക്കുറിച്ചുള്ള മുൻ റിപ്പോർട്ടുകളെ മറികടക്കുന്നതാണ് നിലവിലെ വസ്തുതകൾ. “ഇതൊരു  നിർബന്ധിത പരിവർത്തനം അല്ല, ഉന്മൂലനം തന്നെയാണ്”. സിഡിക് പറയുന്നു. സിൻജ്യാങിന്റെ അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനപരമായി നിലവിലെ യാഥാർത്ഥ്യങ്ങൾക്ക് രണ്ട് വർഷം പിന്നിലാണെന്ന് സിഡിക് വിശ്വസിക്കുന്നു. “ഉദാഹരണത്തിന്, ഒട്ടേറെ മാധ്യമങ്ങൾ പറയുന്നത് ഒരു ദശലക്ഷത്തിലധികം ഉയ്ഗൂറുകൾ വരെ തടങ്കലിലാണെന്നാണ്, എന്നാൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് 2018 ജനുവരി 15 ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതുമുതൽ അവർ ഈ കണക്ക് ഉപയോഗിച്ചു വരുന്നുണ്ട്” അദ്ദേഹം പറയുന്നു. “ഇത് രണ്ടര വർഷം മുമ്പാണ്, പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോഴും അതേ കണക്ക് തന്നെയാണ് പറയുന്നത്.”

എർകിൻ സിഡിക്

“ചൈനീസ് സർക്കാർ ഉയ്ഗൂറുകൾക്കെതിരെ നാസി ജർമ്മനിയുടെ ജൂത ഉന്മൂലന നയത്തിനെ ഓർമിപ്പിക്കും വിധം ഒരു അന്തിമ നിലപാടിന് തുല്യമായ നടപടികളിലേക്ക് നീങ്ങി” സിഡിക് കൂട്ടിച്ചേർക്കുന്നു. സിൻജ്യാങിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അടുത്തിടെ സിഡിക്കിനോട് പറഞ്ഞത് പ്രകാരം, ഒരു കാലത്ത് 2016 ൽ 92,000 ഉയിഗൂർ ജനസംഖ്യ ഉണ്ടായിരുന്ന തന്റെ നാട്ടിൽ ഇന്ന് 20,000 പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ. നാലുവർഷത്തിനുള്ളിൽ ഒരു ജനവിഭാഗത്തിന്റെ 80 ശതമാനത്തിലധികം പേർ അപ്രത്യക്ഷരായി. “ഉയിഗൂർ ജനസംഖ്യ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കഷ്ഗർ, ഹോതാൻ, അക്സു പ്രദേശങ്ങളിലാണ്” അദ്ദേഹം പറയുന്നു. “ഈ പ്രദേശങ്ങളിലേക്കുള്ള സമീപകാല സന്ദർശകർ ഞങ്ങളോട് പറയുന്നത് നിങ്ങൾക്ക് ഉയിഗൂർ വംശജരെ കണ്ടെത്താൻ കഴിയില്ലെന്നാണ്. തെരുവിലോ, നഗരത്തിലോ, ഫാമുകളിലോ അവരെ കാണാൻ കഴിയില്ല. തെരുവിൽ ഒരു ഉയിഗൂർ ദമ്പതികളെ നിങ്ങൾ കാണുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ അത് പലപ്പോഴും ഒരു ഹാൻ ചൈനീസ് പുരുഷനെ (നിർബന്ധപൂർവ്വം) വിവാഹം കഴിക്കേണ്ടി വന്ന ഒരു ഉയിഗൂർ പെൺകുട്ടിയായിരിക്കും. ചിലപ്പോൾ അവർക്ക് ഒരു കുട്ടിയുമുണ്ടാകും.” ജെയിംസ്റ്റൗൺ ഫൗണ്ടേഷൻ കഴിഞ്ഞ മാസം പുറത്ത് വിട്ട പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത് സിൻജ്യാങിലെ പ്രസിദ്ധീകൃത പ്രകൃതിദത്ത ജനസംഖ്യാ വളർച്ചാ നിരക്ക് 2018 ൽ ഗണ്യമായി കുറഞ്ഞുവെന്നും 2015 നും 2018 നും ഇടയിൽ കാഷ്ഗറിലും ഹോതാനിലും 84% കുറവുണ്ടായെന്നുമാണ്. “സിൻജ്യാങിലെ ചൈനീസ് നടപടികൾ വംശഹത്യയുടെ എല്ലാ അളവുകോലുകളും ഒക്കുന്നതാണെന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന്, വംശഹത്യാ കുറ്റകൃത്യത്തെ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ ആർട്ടിക്കിൾ 2 സെക്ഷൻ ഡി യിൽ പറഞ്ഞിരിക്കുന്ന (ടാർഗെറ്റു ചെയ്‌ത്) ‘ജനതക്കുള്ളിൽ ജനനം തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ നടപ്പിലാക്കുന്നു’ എന്ന നിയമം പരാമർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർ നിരീക്ഷിക്കുന്നു.

ഉയിഗൂർ വംശത്തിലെ മൂന്നിലൊന്ന് പേരെ കൊല്ലാനും, മൂന്നിലൊന്നിനെ തടവറക്കുള്ളിലാക്കാനും മൂന്നിലൊന്നിനെ (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യയശാസ്ത്രത്തിലേക്ക്) നിർബന്ധിതമായി പരിവർത്തനം ചെയ്യാനും ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ് 2014 ൽ അതീവ രഹസ്യ തീരുമാനം എടുത്തിരുന്നുവെന്ന് സിഡിക് വാദിക്കുന്നു. മൊത്തം ഉയിഗൂർ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും കൊലപ്പെടുത്താനും തടവിലാക്കാനുമുള്ള ചൈനയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സിഡിക്കിന്റെ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കാനാവില്ലെങ്കിലും മൂന്നിലൊന്ന് പേരെ ബലമായി പീഡിപ്പിക്കപ്പെടാൻ ഇടയാകുന്നുവെന്ന് പുറത്തായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രഹസ്യരേഖകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. 2014 ൽ സിൻജ്യാങിലെ ഉയിഗൂർ ന്യൂനപക്ഷത്തിനെതിരെ സ്വേച്ഛാധിപത്യത്തിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിക്കാനും ഒട്ടും കരുണ കാണിക്കേണ്ടതില്ല എന്നും സിൻജിൻ പിങ് പറഞ്ഞിരുന്നു.

സിൻജിൻ പിങ്

ചൈനയുടെ കള്ളം പറച്ചിൽ

സിഡിക് തന്റെ കണ്ടെത്തലുകൾ നടത്തിയത് ഇന്റർനെറ്റിൽ നിന്നോ മറ്റേതെങ്കിലും സെക്കന്ററി സ്രോതസ്സുകളിൽ നിന്നോ അല്ല,  ബീജിംഗിലെയും സിൻജ്യാങിലെയും വിശ്വസ്തരായ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും, സിൻജ്യാങിന്റെ തലസ്ഥാനമായ ഉറുംകിയിൽ സർക്കാരിനെ സേവിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നും, അനുഭവങ്ങളുടെ നേർസാക്ഷ്യം പറയുന്നവരിൽ നിന്നുമാണ്. “എനിക്ക് നല്ല ബന്ധമുള്ള ഒരു ഇടനിലക്കാരനുമുണ്ട്, അവരും വിവരങ്ങൾ ലഭിക്കുകയും എന്നെ അറിയിക്കുകയും ചെയ്യുന്നുണ്ട്” അദ്ദേഹം പറയുന്നു. “എന്നെ വിവരങ്ങൾ അറിയിക്കാൻ അവർ പ്രോക്സി ഇന്റർനെറ്റ് ആണ് ഉപയോഗിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഞാൻ അവരുടെ പേരുവിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കും എന്നത് കൊണ്ട് എന്നെ വിശ്വാസമാണ്.” ഉയിഗൂർ ജനതക്കെതിരായ പീഡനത്തെക്കുറിച്ച് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഉള്ളടക്കമുള്ള പോസ്റ്റുകൾ പുറത്തെത്തുന്നത് സൂചിപ്പിക്കുന്നത്, അദ്ദേഹത്തിന് സർക്കാർ സംവിധാനത്തിനുള്ളിൽ തന്നെ നേരിട്ടുള്ള വിവരസ്രോതസ്സ് ഉണ്ടെന്നാണ്.

സിൻജ്യാങ് നഗരമായ അക്സുവിൽ ജനിച്ച സിഡിക് 1980 കളിൽ യുഎസിലേക്ക് കുടിയേറുന്നതിനുമുമ്പ് തന്നെ സിൻജ്യാങ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയിരുന്നു. അമേരിക്കയിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നോർത്ത്ബ്രിഡ്ജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1995 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഡേവിസിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡിയും നേടി. 2004 ൽ നാസയിൽ എത്തിയ സിഡിക്ക് ഇപ്പോൾ സീനിയർ ഒപ്റ്റിക്കൽ എഞ്ചിനീയറായി പ്രവർത്തിക്കുകയാണ്. തനിക്ക് ചോർന്ന വിവരങ്ങൾ പാശ്ചാത്യ മാധ്യമപ്രവർത്തകരെയും വാർത്താമാധ്യമങ്ങളെയും (ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതുപോലെ) ഒരു വ്യാജ വാർത്ത കെണിയിൽ പെടുത്തി പിടിക്കാനുള്ള ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുടെ മനഃപൂർവമായ തന്ത്രമായിരിക്കുമോ എന്ന ചോദ്യത്തിന് “ഞാൻ അതും ശ്രദ്ധിക്കുന്നുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ചൈനീസ് സർക്കാർ ചിലപ്പോൾ വിവരങ്ങൾ മനഃപ്പൂർവ്വം ചോർത്തുന്നുണ്ടെന്നുള്ളത് നേരാണ്. പക്ഷേ, എനിക്ക് വിവരങ്ങൾ ലഭിക്കുമ്പോൾ അതിന്റെ ഉറവിടത്തെക്കുറിച്ചും അത് എവിടെ നിന്നാണ് വരുന്നതെന്നും ഞാൻ ശ്രദ്ധിക്കാറുണ്ട്”, സിഡിക് കൂട്ടിച്ചേർക്കുന്നു. ഉദാഹരണത്തിന്, ഉയിഗൂർ നിർബന്ധിത തൊഴിലാളികളിൽ നിന്ന് അടുത്തിടെ പുറത്തുവന്ന, വളരെ സ്വതന്ത്രരായി പുറത്തുവരുന്ന തരത്തിലുള്ള വീഡിയോകൾ സംശയം ജനിപ്പിക്കുന്നവയാണ്. വംശീയ അരുംകൊലയെ മറച്ചു പിടിക്കാനും ഉയിഗൂർ ജനതക്ക് സ്വതന്ത്രരായി ജീവിക്കാൻ കഴിയുന്നുണ്ട് എന്ന തരത്തിൽ അന്താരാഷ്ട്ര ശ്രദ്ധ തിരിക്കുന്നതിനും വേണ്ടിയാണ് ചൈനീസ് സർക്കാർ ആ വീഡിയോ മനഃപ്പൂർവം പുറത്ത് വിട്ടത്.

കൊറോണ വൈറസ് പരിശോധനയും അവയവക്കൊള്ളയും

കൊല്ലപ്പെടാനോ പരിവർത്തനം ചെയ്യപ്പെടാനോ അല്ലാതെ ചൈന തടവറക്കുള്ളിൽ ഇടാൻ തീരുമാനിച്ച ഉയിഗൂർ വംശജരെ അഞ്ച് ഉദ്ദേശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്; നിർബന്ധിത തൊഴിൽ, COVID-19 വാക്സിൻ പരിശോധന, അവയവക്കൊള്ള, ജൈവ ആയുധങ്ങളുടെ പരിശോധന, ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി ഉപയോഗിക്കാൻ. സിഡികിനോട്‌ സംസാരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിൽ, ഉന്മൂലന പദ്ധതിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കാതിരിക്കാനാണ് ജീവിച്ചിരിക്കുന്നു എന്ന് തെളിവിനായി വിദേശത്ത് കുടുംബാംഗങ്ങളുള്ള ഉയിഗൂർ തടവുകാരെ ചൈന കൊല്ലാതിരിക്കുന്നത്. എന്നാൽ, ബാക്കിയുള്ളവർ പട്ടിണിയും രോഗവും മൂലം തടവറക്കുള്ളിൽ തന്നെ ദാരുണമായി മരണം വരിക്കുന്നു.

ഈ മാസം ആദ്യത്തിൽ, 2017-ൽ ഒരു ഉയിഗൂർ കോൺസെൻട്രേഷൻ ക്യാമ്പിൽ മൻഡാരിൻ (നോർത്തേൺ ചൈനീസ് ഭാഷ) പഠിപ്പിച്ചിരുന്ന ക്വെൽബിനൂർ സെഡിക് (Qelbinur Sedik) എന്നവർ തന്റെ വിദ്യാർത്ഥിനികളെ കാവൽക്കാർ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പറഞ്ഞിരുന്നു. “ചിലപ്പോൾ ലൈംഗികാവയവത്തിലും മലദ്വാരത്തിലും വരെ ഇലക്ട്രിക് ബാറ്റൺ കുത്തിക്കയറ്റിയിരുന്നു”. അവർ ഓർക്കുന്നു.

ഉയിഗൂർ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ സ്ത്രീകൾക്ക് നേരെ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും നടക്കുന്നതായി വിശ്വസനീയമായ തെളിവുകൾ ഇപ്പോൾ സിൻജ്യാങ്ങിൽ നിന്ന് പുറത്തുവരുന്ന നിരവധി റിപ്പോർട്ടുകളിലുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ചോർന്ന രേഖകളുടെയും 30 മുൻ തടവുകാരുമായി നടത്തിയ അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ ഉയിഗൂർ  സ്ത്രീകളെ നിർബന്ധിതമായ വന്ധ്യംകരണം, ഗർഭനിരോധന മാർഗ്ഗം, ഗർഭച്ഛിദ്രം എന്നിവയ്ക്ക് വിധേയരാക്കുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ് കണ്ടെത്തി. ഉയിഗൂർ ജനസംഖ്യയെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ ശ്രമം ഇപ്പോൾ എല്ലാവർക്കും അറിയാം, പക്ഷേ ദുരുപയോഗത്തിന്റെ വ്യാപ്തിയും കാഠിന്യവും മനസ്സിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും പരാജയപ്പെടുന്നു, “അന്താരാഷ്ട്ര സമൂഹം ഇത് ശ്രദ്ധിക്കുന്നില്ല” എന്ന് വിശ്വസിക്കുന്ന സിഡിക് അഭിപ്രായപ്പെടുന്നു.

ക്വെൽബിനൂർ സെഡിക്

സർക്കാർ അധികാരികൾ മുന്നൊരുക്കങ്ങളില്ലാതെ തടവുകാരിൽ COVID-19 വാക്സിനുകൾ പരീക്ഷിക്കുന്നത് മാത്രമല്ല, അത് നിർബന്ധിത പരിവർത്തനത്തിനായി തെരെഞ്ഞെടുത്ത ഉയ്ഗൂറുകൾ ആണെന്നുള്ളതും വളരെ ഭീകരമാണ്. “കൊറോണ വൈറസിന്റെ തുടക്കം മുതൽ ചൈനീസ് സർക്കാർ മുഴുവൻ ഉയിഗൂർ ജനതയ്ക്കും വാക്സിനുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്” സിഡിക് പറയുന്നു. “എല്ലായിടത്തും ലോക്ക്ഡൗൺ ആയിരിക്കുകയാണ്. ഉറുംകിയിൽ നിരവധി ആളുകൾ താമസിക്കുന്ന ഒരു ജനവാസ കേന്ദ്രമുണ്ട്. അവിടെ നിന്ന് ഓരോ കുടുംബത്തിൽ നിന്നും ഒരാളെ വീതം മൊത്തം 165 ഓളം പേരെയാണ് ദൂരെയുള്ള ഒരാശുപത്രിയിൽ ക്വാറന്റൈനിലിരുത്തി ദിവസവും അവരെ പരിശോധിച്ചത്. “പരിശോധനയ്ക്കായി അധികൃതർ പ്രതിദിനം രണ്ടുതവണ രക്തം എടുക്കുന്നുണ്ടെന്ന് ഈ ആശുപത്രിയിൽ നിന്നുള്ള ഒരാൾ എനിക്ക് വിവരങ്ങൾ നൽകുന്ന ഒരാളോട് പറഞ്ഞു. വാക്‌സിൻ നൽകിയതിന് ശേഷം ഓറൽ ലിക്വിഡ് ടെസ്റ്റും രക്തപരിശോധനയും നടത്തുന്നുണ്ട്. ചൈനീസ് അധികൃതർ വാക്സിനേഷൻ നൽകുന്നതിനുമുമ്പ് ഈ ആളുകൾക്ക് ആദ്യം കൊറോണ വൈറസ് കുത്തിവയ്ക്കുകയാണെന്ന് നിർബന്ധമായും സംശയിക്കേണ്ടിയിരിക്കുന്നു. ഈ ആളുകളെ വൈറസ് ബാധിച്ച ശേഷം, വാക്സിൻ പ്രവർത്തിച്ചോ ഇല്ലയോ എന്ന് അവർ പരിശോധിക്കുന്നു. അവരുടെ കുടുംബാംഗങ്ങളായ നിരവധി ആളുകളിൽ നിന്ന് ഞാൻ ഇത് നേരിട്ട് കേട്ടു. പരീക്ഷണത്തിന് വിധേയമായരെല്ലാം തന്നെ 18, 19, 20 വയസോ അതിൽ കൂടുതലോ പ്രായമുള്ള ചെറുപ്പക്കാരാണ്. അവർ വൃദ്ധരിൽ പരീക്ഷണം നടത്തിയിട്ടില്ല.”

ചൈനീസ് സർക്കാർ മുഴുവൻ സ്കൂളുകളും പൂട്ടിയിട്ടുകൊണ്ട് ഇത്തരം പരീക്ഷണങ്ങൾ നടത്തിയതായി സിഡിക് പറയുന്നു. ബൈനാവോ തടാകത്തിനടുത്തുള്ള വൊക്കേഷണൽ ട്രെയിനിങ് സെന്ററിലും അതിനടുത്തായി നിർമ്മിച്ച “ന്യൂ സൂപ്പർ ഹോസ്പിറ്റലിലും” രണ്ട് COVID-19 വാക്സിൻ ടെസ്റ്റിംഗ് ക്യാമ്പുകൾ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ അത് തിരഞ്ഞാൽ കണ്ടെത്താൻ സാധിക്കുന്നതാണ് (ലൊക്കേഷൻ യഥാക്രമം; N 43° 48′ 25/ E 87 °17′ 50, N 43° 49′ 19/ E 87 °18′ 0). ഉയ്ഗൂറുകളെ പാർപ്പിച്ചിരിക്കുന്ന തടങ്കൽപ്പാളയങ്ങൾക്ക് സമീപം ഇപ്പോൾ ഇത്തരം വാക്‌സിൻ പരീക്ഷണ കേന്ദ്രങ്ങൾ പലതും നിർമ്മിക്കുന്നുണ്ടെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി സിഡിക് പറയുന്നു.

ചൈനയുടെ മുസ്‌ലിം അവയവക്കൊള്ളയിലെ നരഭോജിത്വം അദ്ദേഹം വിശദീകരിച്ചു. “ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) ആദ്യം ഒരു ദശലക്ഷത്തിലധികം ഉയ്ഗൂറുകളെ വിവിധ ഹാൻ പ്രവിശ്യകളിലേക്ക് കൊണ്ടുപോയി ചിതറിച്ചു, തുടർന്ന് അവരെ വീണ്ടും വിവിധ വിഭാഗങ്ങളായി വിഭജിച്ചു. ഒരു വിഭാഗത്തെ അവയവക്കൊള്ളക്കും മറ്റൊരു വിഭാഗത്തെ ജൈവായുധങ്ങൾ പരീക്ഷിക്കാനും മറ്റു ചിലരെ അരുംകൊല ചെയ്തുകളയാനുമായി മാറ്റി. സി.‌സി.‌പി അവരുടെ വിശാലമായ തടങ്കൽപ്പാളയങ്ങൾ പണം മുടക്കി, ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്”. കഴിഞ്ഞ വർഷം, യുകെ അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഒരു പാനൽ അടങ്ങുന്ന ചൈന ട്രിബ്യൂണൽ വർഷങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പഠിച്ച ശേഷം ചൈനയുടെ നിയമവിരുദ്ധമായ അവയവക്കൊള്ളയെക്കുറിച്ച് സമാനമായ ഒരു നിഗമനത്തിൽ തന്നെയാണ് എത്തിച്ചേർന്നത്. ട്രിബ്യൂണൽ ചെയർമാൻ സർ ജെഫ്രി നൈസ് പറയുന്നു; “ധാരാളം ആളുകൾ ദുരൂഹമായ സാഹചര്യത്തിൽ മരിക്കാനിടയായി… ജീവിച്ചിരിക്കുമ്പോൾ തന്നെ പലരെയും വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ, ചർമ്മം എന്നിവ എടുത്തു വിൽപ്പന ചരക്കുകളാക്കി മാറ്റാൻ ശസ്ത്രക്രിയക്ക് വിധേയരാക്കി”.

ചൈനീസ് ഗവൺമെന്റിന്റെ സിൻജ്യാങ്ങ് പര്യടനങ്ങളെക്കുറിച്ചും ഈ പ്രദേശത്തെ സാധാരണ ഉയിഗൂർ ജീവിതത്തിന്റെ തെളിവുകൾ ഉണ്ടോ അതോ ഇല്ലാതായോ എന്നുമുള്ള ചോദ്യത്തിന് സിഡികിന്റെ മറുപടി ഉറച്ചതായിരുന്നു; “ഇല്ല, അത് പോയി… ഇപ്പോൾ ഉയിഗൂർ വംശത്തിന്റെ ഭാഷയും മതവും സംസ്കാരവും അപ്രത്യക്ഷമായി. അത് ഏതാനും വർഷങ്ങൾക്ക് മുമ്പ് അവർ ഇല്ലാതാക്കി”.

അടിച്ചമർത്തലിന്റെ യാഥാർത്ഥ്യത്തെ ഒളിച്ചുവെക്കുന്നു

സിഡിക് പറയുന്നതനുസരിച്ച്, ചൈനീസ് സർക്കാർ ഈ പ്രദേശത്തെ ഡിസ്നിലാൻഡിനെ പോലെ ഉയിഗൂർലാൻഡ് എന്ന തരത്തിൽ താറുമാറാക്കിയ ഒരു സാംസ്കാരിക പതിപ്പാക്കി മാറ്റി. അവിടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉയിഗൂർ സാംസ്കാരിക ജീവിതത്തിന്റെ രൂപവും സ്വാഭാവികതയും തോന്നിപ്പിക്കുന്ന തരത്തിൽ വേഷവിധാനങ്ങൾ അണിഞ്ഞവരുണ്ട്. എന്നാൽ അവർ ഹാൻ ചൈനീസ് വംശജരാണ്. യഥാർത്ഥ ഉയ്ഗൂറുകളല്ല. “സർക്കാർ ഉയിഗൂർ ജനതയെ അപ്രത്യക്ഷമാക്കി, പക്ഷേ കച്ചവടത്തിനായി അവരുടെ സംസ്കാരം നിലനിർത്തുകയും ചെയ്തു” അദ്ദേഹം പറയുന്നു. “ഗായകരും സംഗീതജ്ഞരും ഉൾപ്പെടെ ഉറുംകിയിലെ കലയിൽ വളരെ പ്രശസ്തരായ ബന്ധുക്കളുണ്ട് എനിക്ക്. ഏകദേശം രണ്ട് വർഷം മുമ്പ് എനിക്ക് അവരിൽ നിന്ന് വിവരങ്ങൾ ലഭിച്ചപ്പോൾ, അവർ എന്നോട് പറഞ്ഞു, ഓരോരുത്തർക്കും സർക്കാർ ഒരു ഹാൻ ചൈനീസ് വ്യക്തിയെ ഏൽപ്പിച്ചു കൊടുത്തു. അവർക്ക് അവരുടെ കഴിവുകൾ ഹാൻ ചൈനീസ് വ്യക്തിയെ പഠിപ്പിക്കേണ്ടിവന്നു. എന്നാൽ അവരെ പഠിപ്പിച്ച ശേഷം തടങ്കൽപ്പാളയങ്ങളിലേക്ക് പോകാനായിരുന്നു പ്രശസ്ത ഉയിഗൂർ കലാകാരന്മാരായ അവരുടെ വിധി… സിൻജ്യാങ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ‌ നിങ്ങൾ‌ കാണുന്ന‌ പാടുന്നതും നൃത്തം ചെയ്യുന്നതും വാദ്യോപകരണങ്ങൾ‌ വായിക്കുന്നവരുമായ ആളുകൾ‌ ഹാൻ‌ ചൈനക്കാരാണ്, പക്ഷേ അവരെല്ലാം ഉയിഗൂർ‌മാരെപ്പോലെ വസ്ത്രം ധരിക്കുന്നു. അവർ ലോകത്തെ തന്നെ വഞ്ചിക്കുകയാണ്”.

വർഷങ്ങളായി, സിൻജ്യാങ്ങിലെ മൊത്തം ഉയിഗൂർ ജനസംഖ്യ മറച്ചുവെക്കാൻ വേണ്ടി, ഉയിഗൂർ സർക്കാർ ജീവനക്കാർക്ക് സെൻസസ് ഡാറ്റയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ഉൾപ്പെടെ ചൈനീസ് സർക്കാർ അതിനിഷ്ഠൂരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മൊത്തം ഉയിഗൂർ ജനസംഖ്യയെ പരസ്യ പ്രസ്താവനകളിൽ കുറച്ച് കുറച്ചാണ് പറയുന്നത്. 2018 ലെ ഒരു അഭിമുഖത്തിൽ, ചൈനീസ് ഗവൺമെന്റിന്റെ ഒരു ബൗദ്ധികസംഘത്തിന്റെ (Think Tank) വൈസ് പ്രസിഡന്റ് വിക്ടർ ഗാവോ, മൊത്തം ഉയിഗൂർ ജനസംഖ്യ ആറ് മുതൽ ഏഴ് ദശലക്ഷം വരെ ആണെന്ന് അവകാശപ്പെട്ടു. അതായത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വംശീയ ന്യൂനപക്ഷ ജനസംഖ്യയെ രണ്ട് വർഷം കൊണ്ട് നാലോ അഞ്ചോ ദശലക്ഷം കുറച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ വാക്ക് അനുസരിച്ചാണെങ്കിൽ മാത്രമാണ് ഈ കണക്ക്. “11.65 ദശലക്ഷമാണ് ഉയ്ഗൂറുകളുടെ എണ്ണം എന്നത് ചൈനീസ് സർക്കാർ ലോകത്തിന് നൽകുന്ന സംഖ്യയാണ്. പക്ഷേ നിങ്ങൾ കഷ്ഗർ-ഹോതാനിലെ ആളുകളുമായി മാത്രം സംസാരിക്കുകയാണെങ്കിൽ, ഞാൻ ഉദ്ദേശിക്കുന്നത് സർക്കാരിലെ പ്രൊഫഷണലുകളാണെങ്കിൽ, ആ പ്രദേശങ്ങളിൽ മാത്രം ഏഴോ എട്ടോ ദശലക്ഷം പേരുണ്ടെന്ന് അവർ നിങ്ങളോട് പറയും.” സിഡിക് പറയുന്നു. “സത്യത്തിൽ മൊത്തം ജനസംഖ്യ അതിലും വളരെ വലുതാണ്.”

വിക്ടർ ഗാവോ

ഉയിഗൂർ മുസ്‌ലിം വംശജർക്കെതിരെ ചൈന ഉന്മൂലനപ്രക്രിയ ആരംഭിച്ച വർഷമായ 2016 ൽ മൊത്തം ഉയിഗൂർ ജനസംഖ്യ ഏകദേശം 18 ദശലക്ഷമായിരിക്കുമെന്ന് താനും മറ്റുള്ളവരും കണക്കാക്കിയതെങ്ങനെയെന്ന് സിഡിക് വിശദീകരിച്ചു. 1953 മുതൽ ഏറ്റവും പുതിയ സെൻസസ് ഡാറ്റയുടെ വർഷമായ 2010 വരെയുള്ള കാലയളവിൽ ചൈനീസ് ജനസംഖ്യാ വർദ്ധനവ് കണക്കാക്കി അതിൽ ഉയിഗൂർ ജനസംഖ്യാ വളർച്ച ഹാൻ ചൈനീസിനേക്കാൾ വളരെ കൂടുതലാണ് എന്ന വസ്തുത അംഗീകരിച്ചാണ് ഈ കണക്കിൽ എത്തിയത്. “ഉയിഗൂർ കുടുംബങ്ങൾ വളരെ വലിയ കുടുംബങ്ങളാണ്, എന്റേത് പോലെ. എനിക്ക് ആറ് സഹോദരങ്ങളുണ്ട്” സിഡിക് പറയുന്നു. “ഉയിഗൂർ ജനതയ്ക്ക് വളരെ വലിയ കുടുംബങ്ങളുണ്ട്. നിലവിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ഞങ്ങൾ നടത്തിയ പഠനത്തിൽ കുറഞ്ഞത് 18 ദശലക്ഷമെങ്കിലും ഉയിഗൂർ വംശജർ ഉണ്ടെന്ന നിഗമനത്തിലാണ് എത്തിയത്.” 18 ദശലക്ഷം എന്നുള്ളത് കൃത്യമാണെങ്കിൽ, 2010 ലെ സെൻസസ് പ്രകാരം 11.65 മില്ല്യണെന്നും നിലവിലെ കണക്ക് പ്രകാരം ഏഴ് ദശലക്ഷത്തിൽ കുറവാണെന്നുമാണ് ചൈനീസ് വാദം. ഇതിനർത്ഥം ആറ് മുതൽ 11 ദശലക്ഷം വരെ ഉയിഗൂർ ആളുകൾ നിലവിൽ സർക്കാർ കണക്കിൽ മനുഷ്യരായി ഉൾപ്പെട്ടിട്ടില്ല എന്നാണ്. ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കാൻ ഉതകും വിധമുള്ള ഒരു സംഖ്യയാണത്.

കൂട്ട ശവക്കല്ലറകൾ ഉപയോഗിക്കുന്നതിനു പകരം മൃതദേഹങ്ങൾ വിഘടിപ്പിക്കുന്നതിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ഇരകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കുന്നതിന് കമ്പ്യൂട്ടറുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയുൾപ്പെടെ ഇല്ലാതാക്കുന്നതടക്കം കാണാതായവരുടെ ഒരു സൂചനയും ബാക്കിയാവാതിരിക്കാൻ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥർ ബോധപൂർവമായ ഭീകര നടപടികൾ സ്വീകരിക്കുന്നുവെന്ന് സിഡിക് പറയുന്നു. സിഡിക് പറയുന്നത് ശരിയാണെങ്കിൽ, മൊത്തം ഉയിഗൂർ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേരെ കൊല്ലാൻ ചൈന ലക്ഷ്യമിടുന്നുവെങ്കിൽ, സിൻജ്യാങ്ങിൽ 10 ദശലക്ഷം ഉയിഗൂർമാരെ ദാരുണമായി കൊന്ന് തള്ളാൻ ചൈന തയ്യാറെടുത്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കണം. ഹോളോകോസ്റ്റിനെ പോലും മറികടക്കുന്ന ഒരു മത-വംശീയ ന്യൂനപക്ഷത്തിന്റെ ഏറ്റവും വലിയ ഉന്മൂലന പ്രക്രിയയായിരിക്കും അത്.

 


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

Courtesy: BylineTimes

സി.ജെ വെർലെമെൻ