Campus Alive

മുസ്‌ലിംകളും മതേതര ബദലുകളും

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിടുന്ന വേളയില്‍ വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ(B.J.P) ആളുകള്‍ പടക്കം പൊട്ടിച്ചുകൊണ്ട് രാജ്യമൊട്ടുക്കും അത് ആഘോഷിച്ചു. എന്നാല്‍ ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളും സ്വാതന്ത്രത്തിന്റെയും മതേതരത്വത്തിന്റെയും അവകാശങ്ങളുടെയും സംരക്ഷകരെന്ന് വിളിക്കപ്പെടുന്ന കോണ്‍ഗ്രസ്സുകാരും ആ ദിവസത്തെ ആഘോഷമാക്കി എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. മേല്‍പറഞ്ഞ ആശയങ്ങളുടെ സംരക്ഷകരെന്ന കോണ്‍ഗ്രസിന്റെ വാദം, അക്ഷരാര്‍ഥത്തില്‍ തന്നെ മുസ്‌ലിംകളുടെ ശവശരീരങ്ങള്‍ക്കുമേല്‍ കെട്ടിപ്പടുക്കുന്ന ക്ഷേത്രനിര്‍മാണത്തെ പിന്തുണക്കുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അയോധ്യയില്‍ തറക്കല്ലിടുന്നതിന് ഒരു ദിവസം മുമ്പ് കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവായ പ്രിയങ്കാ ഗാന്ധി, തറക്കല്ലിടല്‍ ഇന്ത്യയുടെ ദേശീയ സാംസ്‌കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് പ്രഖ്യാപിച്ച് ഒരു കത്ത് എഴുതുകയുണ്ടായി. മറ്റൊരു കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ് പതിനൊന്ന് വെള്ളി ഇഷ്ടികകള്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാനായി കൊടുത്തയച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ആദ്യമായി ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അവകാശപ്പെട്ടു. അയോധ്യ ക്ഷേത്രനിര്‍മാണത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നത് ന്യായീകരിക്കാനായി ശശി തരൂര്‍ ഖുര്‍ആനിക വചനങ്ങളെ പോലും ഉദ്ധരിക്കുകയുണ്ടായി.

ചുരുക്കത്തില്‍, ഇന്ത്യയില്‍ സ്വാധീനമുള്ള ഒരേയൊരു വോട്ട് ബാങ്കായ ഹിന്ദു വോട്ടുകളെ പ്രകടമായി പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതിനായി, അവര്‍ തങ്ങളുടെ മതേതര മുഖം മൂടി അഴിച്ചു വെക്കുകയും തങ്ങളുടെ ഹിന്ദു ഭാവത്തെ, യാതൊരു കുറ്റബോധവുമില്ലാതെ പുറത്തു കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അവരുടെ പ്രവൃത്തി ഇന്ത്യയിലെ ലിബറല്‍, ജനാധിപത്യ സര്‍ക്കിളുകളില്‍ പ്രതിലോമകരമായാണ് പ്രതിഫലിച്ചത്. കോണ്‍ഗ്രസിന്റെ ഈ നീക്കത്തെ ആശ്ചര്യത്തോടെയും പലപ്പോഴും മരവിപ്പോടെയും നോക്കിക്കണ്ട ധാരാളം മുസ്‌ലിംകളുണ്ട്. എങ്കിലും ചിലയാളുകൾ ബി.ജെ.പിയെയും അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കുക എന്ന ആഖ്യാനത്തെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസ് നീക്കത്തെ ന്യായീകരിക്കാന്‍ പോലും ശ്രമിക്കുന്നു. എന്നാല്‍, നമ്മുടെ പോരാട്ടം ബി.ജെ.പിക്ക് എതിരെ മാത്രമല്ല, മറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം ഇസ്‌ലാമോഫോബിയക്കുമെതിരാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

മതേതര ഇന്ത്യക്കാര്‍ ബി.ജെ.പിയെ എതിർക്കുന്ന ഒരു ബദൽ രാഷ്ട്രീയ പാർട്ടിയായി കോണ്‍ഗ്രസിനെ ഇനി കാണുകയില്ല. കൃത്യമായ തത്വങ്ങളിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമല്ല കോണ്‍ഗ്രസിന്റേത് എന്ന് പലരും ആരോപിക്കുന്നു. കോണ്‍ഗ്രസ് തീവ്ര-വലതുപക്ഷ ഫാഷിസത്തിന് മുന്നില്‍ മുട്ടുമടക്കി എന്നതാണ് അടിസ്ഥാന യാഥാര്‍ഥ്യം. യഥാര്‍ഥത്തില്‍ സ്വാതന്ത്രാനന്തര കാലം മുതല്‍ക്കേ അത് സംഭവിച്ചു കഴിഞ്ഞതാണ്. മതേതരത്വത്തെ സംരക്ഷിക്കാന്‍ അത് ഒരിക്കലും ശ്രമിച്ചിട്ടില്ല. ആഗസ്റ്റ് അഞ്ചിന് സംഭവിച്ചതെന്തെന്നാല്‍ വലതുപക്ഷ ഫാഷിസത്തോടുള്ള അവരുടെ സമീപനം എല്ലാവര്‍ക്കും വ്യക്തമായി എന്നുള്ളതാണ്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തില്‍ വന്ന മാറ്റമൊന്നുമല്ല, അത് തന്നെയാണ് അവരുടെ ഏക ഗെയിം പ്ലാന്‍.

സ്വാതന്ത്രത്തിന് മുമ്പു തന്നെ, കോണ്‍ഗ്രസിലെ പലരും ‘ഹിന്ദു’ സ്വത്വത്തെ പ്രകടമാക്കുകയും ‘ഹിന്ദു’ ഇന്ത്യക്കായി വാദിക്കുകയും ചെയ്തിട്ടുണ്ട്. 1925ല്‍ R.S.S സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്ത കേശവ ബൽറാം ഹെഡ്ഗവാറിനെ പോലുള്ളവരെ വളര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ് എന്നതു തന്നെ അതിനകത്തെ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ തെളിവാണ്. സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ജയപ്രകാശ് സംഘ്, പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്ദ് തുടങ്ങിയ സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് നേതാക്കളെയും ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വാധീനിച്ചതായി കാണാം. കോണ്‍ഗ്രസിലെ ഇത്തരം ഹിന്ദുത്വ ശക്തികളുടെ സ്വാധീനം മതേതരനായ നെഹ്‌റുവിനെ ഹിന്ദു ദേശീയതയെ നിലനിര്‍ത്തുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതനാക്കി.

ഇന്ത്യന്‍ സ്‌റ്റേറ്റിന്റെ ഏജെന്റായിരുന്ന സര്‍ദാര്‍ പട്ടേല്‍ ജുനഘഢിലുള്ള സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കല്‍പ്പിക്കുകയും, ക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കുകയും കേന്ദ്രമന്ത്രി കെ.എം മുന്‍ഷിയടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുകയുമുണ്ടായി. എന്നാല്‍ നേതാക്കള്‍ പങ്കെടുത്തതിനെ നെഹ്‌റു പ്രതികൂലിച്ചു. കാരണം, പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ സ്റ്റേറ്റിനെ ഏതെങ്കിലും മതാശയവുമായി ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ മതം.

ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപം ആസൂത്രണം ചെയ്തതിന് തെളിവുകളോടെ കുറ്റം ചുമത്തപ്പെട്ട ആര്‍.എസ്.എസ് നേതാവ് ഗുരു ഗോള്‍വാള്‍ക്കറിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ യു.പി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പന്ദിന്റെ പ്രവൃത്തിയെ നെഹ്‌റു അവഗണിക്കുകയുമുണ്ടായി. ഉത്തരേന്ത്യയില്‍ ബലി പെരുന്നാളിന് കാലികളെ അറുക്കുന്ന സ്ഥലത്തുനിന്നും ‘കലാപത്തിന് പ്രേരിപ്പിച്ചു’ എന്ന കാരണം പറഞ്ഞുകൊണ്ട് നൂറുകണക്കിന് മുസ്‌ലിംകളെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന അതേ സമയത്താണ് ഇതു സംഭവിച്ചത്.

കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത് കൊണ്ടുള്ള കരാറിന് ഒരു പതിറ്റാണ്ട് കഴിഞ്ഞ്, ഹിന്ദു ദേശീയതയുടെ പിതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തോടെ, കശ്മീരിലെ സര്‍ദാരെ-രിയാസത്ത്, പ്രധാനമന്ത്രി പദവികള്‍ എടുത്തുകളയാന്‍ നെഹ്‌റു നിര്‍ബന്ധിതനായി. കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേകാവകാശം എടുത്തുകളഞ്ഞ മോദി സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ആദ്യപടിയായി ഈ സംഭവത്തെ മനസ്സിലാക്കാം. RSS കാരെ ദേശസ്‌നേഹികളായ ഇന്ത്യക്കാര്‍ എന്നു വിളിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെ നാട്ടുരാജ്യങ്ങളുടെ ഏകോപനത്തിന്റെയും ദേശരൂപീകരണത്തിന്റെയും ചുമതലകള്‍ ഏല്‍പ്പിച്ചു എന്നതാണ് നെഹ്‌റുവിന് സംഭവിച്ച ഏറ്റവും വലിയ മറ്റൊരബദ്ധം.

ഇന്ത്യയില്‍ ഹിന്ദു ദേശീയതയെ പരിചയപ്പെടുത്തിയത് RSS ആണെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലെ അതിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് കൈയൊഴിയാന്‍ കഴിയില്ല. നെഹ്‌റു മുതല്‍ തുടങ്ങിയതല്ല ഇത്. യഥാര്‍ഥത്തില്‍ മതേതരത്വത്തോടുള്ള തന്റെ പ്രതിബദ്ധത പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള കത്തുകള്‍ മുതല്‍ സോമനാഥ ക്ഷേത്രനിര്‍മാണം എതിര്‍ത്തതടക്കം അദ്ദേഹവും കൂടെയുള്ള ചില കോണ്‍ഗ്രസുകാരും മതേതരത്വത്തെ സംരക്ഷിക്കാനായി പോരാടിയിട്ടുണ്ട്.

എന്നാല്‍, 1963ലെ നെഹ്‌റുവിന്റെ മരണത്തോടെ നെഹ്‌റുവിയന്‍ മതേതരത്വവും ഇല്ലാതായി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യം വര്‍ഗീയ കലാപങ്ങളിലേക്ക് വഴുതി വീണു. 1970കളില്‍, തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി കാശ്മീരിലും പഞ്ചാബിലും വര്‍ഗീയ രാഷ്ട്രീയം കളിച്ച ഇന്ദിര, ഇടതുപക്ഷവുമായുള്ള തിരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍ വിജയത്തിനായി സംഘപരിവാറിനോട് സഹായമഭ്യർത്ഥിക്കാന്‍ കെ കരുണാകരനെ നിയോഗിച്ചു.

തന്റെ ‘Ethnic Conflict and Civic Life: Hindus and Muslims in India’ എന്ന പുസ്തകത്തില്‍ പ്രൊഫസര്‍ അശുതോഷ് വാശ്‌നി എഴുതുന്നു; “1970കളുടെ അവസാനത്തില്‍, സിഖ് മതമൗലികവാദിയായ ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെയെ അംഗീകരിക്കുകയും അയാളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ഇന്ദിരാ ഗാന്ധി നെഹ്‌റുവിയന്‍ മതേതരത്വവുമായി വഴിപിരിഞ്ഞു. അയാളുടെ ‘മതപരമായ’ ആവശ്യങ്ങളെ അംഗീകരിക്കുക മാത്രമല്ല അവര്‍ ചെയ്തത്, മറിച്ച് ഗവണ്‍മെന്റില്‍ അയാള്‍ ആഗ്രഹിച്ചിരുന്ന പദവിയും അനുവദിച്ചു നല്‍കി”.

ഇന്ദിരാ ഗാന്ധിയും കരൺ സിങും

കശ്മീരിലെ തന്റെ സ്വാധീനം വര്‍ധിപ്പിക്കാനായി ഹിന്ദു ദേശീയ പാര്‍ട്ടുകളുമായി സഖ്യമുണ്ടാക്കിയ ഇന്ദിര, ഹിന്ദു വോട്ടര്‍മാരുടെ സാമുദായിക വികാരത്തെ പ്രകടമായി ഉയര്‍ത്തിപ്പിടിക്കുകയും എതിരാളികളെ ‘ദേശദ്രോഹികളെന്നും’ ‘പാകിസ്താൻ അനുകൂലികളെന്നും’ മുദ്രകുത്തുകയുമുണ്ടായി. ഇന്ന്, ബി.ജെ.പി തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ‘ദേശദ്രോഹികള്‍’ എന്ന പദത്തെ കണ്ടെത്തുകയും സ്വാഭാവികവത്കരിക്കുകയും ചെയ്ത ആദ്യത്തെയാൾ ഒരുപക്ഷേ അവരായിരിക്കും. നെഹ്‌റുവിന്റെ പാരമ്പര്യത്തെ പ്രതിനിധീകരിച്ച ഇന്ദിരയുടെ ഹിന്ദു ദേശീയതയോടുള്ള പിന്തുണ വലതുപക്ഷ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കുന്നത് വഴിയൊരുക്കി. കോണ്‍ഗ്രസ് അംഗവും ഇന്ദിരയുടെ അടുത്ത സുഹൃത്തും കാശ്മീരിലെ മുന്‍ മഹാരാജാവിന്റെ മകനുമായ ഡോക്ടര്‍ കരണ്‍ സിങ് 1981ല്‍ സ്ഥാപിച്ച വിരാട് ഹിന്ദു സമാജ്(VHS) ആണ് അവയില്‍ പ്രധാനപ്പെട്ടത്.

തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് 150ഓളം ദലിതുകള്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പ്രതികരണമെന്നോണമാണ് VHS സ്ഥാപിതമായത്. ഈ മതപരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ‘ഹിന്ദുക്കള്‍ അപകടാവസ്ഥയിലാണ്’ എന്ന സിദ്ധാന്തം ഇന്ദിരക്കുമുമ്പില്‍ കരണ്‍ അവതരിപ്പിച്ചത്. ഇന്ദിര സമ്മതം മൂളുകയും അതിന് ഫലമായി VHS ന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടുക്കും വിരാട് ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കരണ്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യ സമ്മേളനത്തില്‍ രാജ്യമെമ്പാടുമുള്ള നാലു ലക്ഷം ഹിന്ദുക്കളാണ് പങ്കെടുത്തത്.

1982ല്‍ പാറ്റ്‌നയില്‍ രണ്ടാം സമ്മേളനം നടന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള പാര്‍ലമെന്റേറിയനും ബീഹാറിലെ കാബിനറ്റ് മന്ത്രിയുമായ ശങ്കര്‍ ദയാല്‍ സിംഗ് ആണ് ഇപ്രാവശ്യം സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ഹിന്ദുക്കള്‍ക്കിടയിലെ ഇത്തരം ഭയ-ഉൽപാദനം മഥുരയിലും പാറ്റ്‌നയിലും ജോധ്പൂരിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടതിലൂടെ കൂടുതല്‍ ശക്തമായി. കോണ്‍ഗ്രസിലെയും VHS ലെയും നോതാക്കളാണ് ഈ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതും അതില്‍ പങ്കെടുത്തതും. വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ്സ് പോലുള്ള വ്യത്യസ്ത ഹിന്ദു സംഘങ്ങളില്‍ നിന്നുള്ളവരായിരുന്നു VHS ലെ അംഗങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ ഇന്ന് കോണ്‍ഗ്രസ് എതിര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തോട് കോണ്‍ഗ്രസ് സ്വമേധയാ ഇടകലര്‍ന്നിരുന്നു എന്നർത്ഥം. മാത്രവുമല്ല, ഇത്തരം തീവ്രഹിന്ദു പ്രത്യയശാസ്ത്രങ്ങളോടുള്ള സംവേദനത്തിലൂടെയാണ് കോണ്‍ഗ്രസ് ഇന്ത്യന്‍ സ്‌റ്റേറ്റ് നിര്‍മിതിയിലെ പ്രധാനിയായി മാറിയതും.

ഇതുവരെയും തിരഞ്ഞെടുപ്പ് താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് അത്തരം കാര്യങ്ങള്‍ ചെയ്തതെന്ന് ന്യായീകരിച്ചാലും, 1983ല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഹിന്ദു വോട്ടുകളുടെ തുടര്‍ച്ചക്കു വേണ്ടി പ്രത്യക്ഷമായി തന്നെ രാമജന്മ ഭൂമിയില്‍ ക്ഷേത്രം പണിയുക എന്ന ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ദൗ ദയാല്‍ ഖന്ന എന്ന കോണ്‍ഗ്രസുകാരനാണ് ആദ്യമായി അതിനായി ചുവടുവെച്ചത്. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുക എന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെച്ചത് അദ്ദേഹമാണ്. മുസഫര്‍പൂര്‍, മുസഫര്‍നഗര്‍, ഡല്‍ഹി, സീതാമാര്‍ഹി, അയോധ്യ എന്നിവിടങ്ങളില്‍ 1983ലും 1984ലും ദയാല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളിലെല്ലാം തന്നെ അയോധ്യയിലും കാശിയിലും മഥുരയിലും ഉള്ള ക്ഷേത്രങ്ങളെ വിമോചിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ബാബരിയുടെ പൂട്ടുകള്‍ തുറന്ന് അകത്തെ വിഗ്രഹങ്ങളെ പൂജിക്കാനായി ദയാല്‍ തുടങ്ങിവെച്ച മൂവ്‌മെന്റിനെ ഇന്ദിര എതിര്‍ത്തില്ല.

1984ല്‍ ഇന്ദിര മരണപ്പെട്ടു. അവരുടെ മകന്‍ രാജീവ് ഗാന്ധി അമ്മയുടെ രാഷ്ട്രീയ വഴിയിലൂടെ തന്നെ സഞ്ചരിക്കുകയും രാജ്യത്തിന്റെ മതേതരത്വത്തെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ തുടരുകയും ചെയ്തു. ഷാഹ് ബാനു കേസ് കോണ്‍ഗ്രസിന്റെ, അല്ലെങ്കില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ തന്നെ സാമുദായിക ദേശീയതയിലേക്കുള്ള നേരിട്ടുള്ള പ്രവേശനമായിരുന്നു. ശാഹ് ബാനു കേസിലൂടെ മുസ്‌ലിം വോട്ടുകളെ സ്വാധീനിക്കാന്‍ രാജീവ് ശ്രമിച്ചപ്പോള്‍ ഹിന്ദു വോട്ടുകള്‍ അകന്നുവെങ്കിലും അവരെ പ്രീണിപ്പെടുത്തുവാൻ വേണ്ടി ബാബരിയുടെ ലോക്കുകള്‍ അദ്ദേഹം തുറന്നു.

ബാബരി മസ്ജിദിൽ ഹിന്ദു ആരാധനകൾ നടത്തുന്നതിനുള്ള വിലക്ക് നീക്കണമെന്നുള്ള അപ്പീല്‍ വന്നതോടെ അതിന് ചില തിരഞ്ഞെടുപ്പ് രാഷ്ട്രീയ മാനങ്ങള്‍ കൈവന്നു. രാജീവ് ഗാന്ധി സര്‍ക്കാര്‍ ബാബരിയിലെ വിലക്കുകൾ നീക്കി. നിയമപരമായ സാധുതയോടുകൂടി ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം പാണ്ഡെയുടെ സാന്നിധ്യത്തിലാണ് ബാബരിയുടെ കവാടങ്ങൾ തുറന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ തിരഞ്ഞെടുപ്പ് ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിനായി ബ്യൂറോക്രസിയെ ഉപയോഗപ്പെടുത്തിയ ആദ്യ സംഭവമായിരുന്നു ഇത്. 2019 ആഗസ്റ്റ് 5ന് നരേന്ദ്ര മോദി ആര്‍ട്ടിക്കിൾ 370 എടുത്തു കളഞ്ഞത് രാജീവിന്റെ ഈ പ്രവൃത്തിയുടെ വികാസം പ്രാപിച്ച രൂപമാണ്. അന്നുമുതല്‍ എല്ലാ വര്‍ഷവും 1949ല്‍ സ്ഥാപിതമായ വിഗ്രഹത്തിന് മുന്നില്‍ പൂജാ കര്‍മങ്ങള്‍ നടക്കുന്നു. പള്ളി അമ്പലമായി പ്രവൃത്തിക്കുകയും വര്‍ഗീയതയുടെയും ഹിംസയുടെയും കേന്ദ്രമായി അത് മാറുകയും ചെയ്തു.

1987നും 1989നും ഇടക്ക് സര്‍ക്കാര്‍ നടത്തുന്ന ദൂരദര്‍ശനില്‍ രാമായണ പരമ്പര പ്രദര്‍ശിപ്പിക്കപ്പെട്ടു. അതുവരെ ദൂരദര്‍ശനില്‍ മതേതരമായ പരിപാടികളായിരുന്നു സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ‘ഹിന്ദി-ഹിന്ദു-ഹിന്ദുത്വ’ എന്ന ഹിന്ദുരാഷ്ട്രരൂപം ഇതിലൂടെ ജനപ്രിയമായി. രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേക്ഷണം ചെയ്യപ്പെട്ട സീരിയല്‍ ഈയിടെ മോദി വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട്, അതില്‍ അഭിനയിച്ച ആളുകള്‍ പിന്നീട് ബി.ജെ.പിയില്‍ ചേരുകയും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയുമുണ്ടായി.

1989ലെ തിരഞ്ഞെടുപ്പ് കാലത്ത്, അയോധ്യയിലെ സരയു നദിക്കരയിലെ രാമന്റെ ജന്മസ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച രാജീവ് ഗാന്ധി നെഹ്‌റുവിന്റെ സെക്കുലര്‍ ഇന്ത്യക്കുമേല്‍ ‘രാമരാജ്യം’ സ്ഥാപിക്കുമെന്ന് പറയുകയും അവിടെ ഒരു ‘ശിലാന്യാസം’ നടത്തുകയും ചെയ്തു. ബാബരി പൊളിക്കുമ്പോളും അതിന് ശേഷമുണ്ടായ വര്‍ഗീയകലാപ കാലത്തും രാജീവ് കൈകൊണ്ട മൗനം അയാളുടെ ഹിന്ദുരാഷ്ട്രത്തോടുള്ള പ്രതിബദ്ധതക്ക് തെളിവാണ്.

ബാബരി മസ്ജിദിന്റെ സ്ഥലം ഹിന്ദുക്കള്‍ക്ക് മാത്രമായി തുറന്നുകൊടുത്തതും, മന്ദിറിന്റെ രാഷ്ട്രീയവത്കരണവും രാമരാജ്യം എന്ന ആശയത്തിന്റെ വരവും ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിലേക്ക് സുപ്രധാനമായ വര്‍ഗീയ രാഷ്ട്രീയപാര്‍ട്ടിയുടെ, ബി.ജെ.പിയുടെ,  കടന്നുവരവിന് വഴിവെച്ചു. അങ്ങനെ 1989 ലെ ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപിയുടെയും മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയോടെ ദുർബലമായ ഒരു ഗവൺമെന്റ് നിലവിൽ വരികയും, തുടർന്ന് 1991ലെ ഹൈക്കോടതി വിധിയെ വകവെക്കാതെ അയോദ്ധ്യയിലെ തർക്കഭൂമി നിരപ്പാക്കുകയും ചെയ്തു.

1949ല്‍ ആദ്യമായി വിഗ്രഹം ബാബരി മസ്ജിദില്‍ സ്ഥാപിച്ചതും രാമക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിടാന്‍ ആദ്യമായി അനുവാദം നല്‍കിയതും കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരമാണെന്നുള്ള കാര്യം മുസ്‌ലിംകള്‍ മറന്നിട്ടില്ല. പിന്നീടും, 1992 ഡിസംബര്‍ 6ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഹിന്ദു വര്‍ഗീയവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. പള്ളി തകര്‍ക്കപ്പെട്ട് പത്ത് ദിവസം കഴിഞ്ഞ് കോണ്‍ഗ്രസ് ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പൊതുജനങ്ങളിലെത്തിയിട്ടില്ല.

ഇന്ത്യന്‍ മുസ്‌ലിംകളുടെ കഴിഞ്ഞുപോയ തലമുറ തീവ്ര വലതുപക്ഷത്തെ പരാജയപ്പെടുത്തി എന്ന കാരണത്താല്‍ കോണ്‍ഗ്രസിന് മാപ്പുനല്‍കിയാലും വരും തലമുറ കത്‌വ സംഭവത്തിലെ കോണ്‍ഗ്രസിന്റെ മൗനത്തെ എല്ലായ്‌പ്പോഴും ഓര്‍ത്തുകൊണ്ടിരിക്കും. കത്‌വക്കു മുമ്പ്, 2011ലെ ഗോപാല്‍പൂര്‍ സംഭവം നടന്നുകഴിഞ്ഞപ്പോഴും രാഹുല്‍ ഗാന്ധിയോ അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരമോ സംഭവത്തെ അപലപിക്കുന്നതിനപ്പുറം ഡല്‍ഹിയില്‍ നിന്നും സംഭവസ്ഥലത്തേക്ക് ഒരുമണിക്കൂര്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചില്ല. ഇന്ത്യയില്‍ മുസ്‌ലിം പള്ളിക്കകത്തേക്ക് പോലീസ് വെടിവെച്ച് പത്ത് മുസ്‌ലിംകള്‍ കൊല്ലപ്പെട്ട രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സംഭവമായിരുന്നു ഇത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും മതേതരത്വത്തെ സംരക്ഷിക്കാനും കോണ്‍ഗ്രസ് വ്യത്യസ്ത കമ്മീഷനുകളും കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആ കമ്മീഷനുകളെല്ലാം തന്നെ രാഷ്ട്രീയ കലഹങ്ങളിലും പൊള്ളയായ വാഗ്ദാനങ്ങളിലും അവസാനിക്കുകയാണ് പതിവ്. മുസ്‌ലിം നെയ്ത്തുകാര്‍ക്കായുള്ള രാമസഹായ കമ്മീഷന്‍, മുംബൈ കലാപത്തെ കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷന്‍, ബാബരിയെ കുറിച്ചുള്ള ലിബര്‍ഹാന്‍ കമ്മീഷന്‍ 1983ലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഗോപാല്‍ സിംഗ് കമ്മിറ്റി മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള രംഗനാഥ് കമ്മീഷന്‍ എന്നിവക്കെല്ലാം സംഭവിച്ചതുപോലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും എവിടെയുമെത്താതെ പോയി. സച്ചാര്‍ കമ്മിറ്റിയില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും പിറകോട്ട് പോയി. ഈയടുത്ത് നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിലെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിയില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‌ലിം എന്ന പദം ഉപയോഗിക്കുന്നതില്‍ ഇന്ന് വളരെയധികം സൂക്ഷ്മത പുലര്‍ത്തുന്നു. ഹിന്ദു വോട്ടര്‍മാരെ പ്രീതിപ്പെടുത്താനായി ഇന്ത്യന്‍ മുസ്‌ലിംകളെ ഒഴിവാക്കുന്നതിലൂടെ കോണ്‍ഗ്രസ് മതേതര ഇന്ത്യയെ അനാഥമാക്കുകയാണ് ചെയ്യുന്നത്. ഈ ചരിത്രപശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, പ്രിയങ്കയുടെ കത്ത് ഇന്ത്യക്കാരെ അന്ധാളിപ്പിക്കുകയോ ഇന്ത്യന്‍ മതേതരത്വത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല. യഥാര്‍ഥത്തില്‍, വര്‍ഗീയതയോടുള്ള കോണ്‍ഗ്രസിന്റെ കൂടിച്ചേരലിനെ പൂര്‍ത്തീകരിക്കുന്ന ഒന്നാണ് ആ കത്ത്. അത് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര സമീപനത്തെ പിന്തുണക്കുന്ന എല്ലാത്തരം മുസ്‌ലിം കാഴ്ച്ചപ്പാടുകളും അവസാനിപ്പിക്കേണ്ടതാണ് എന്ന് പഠിപ്പിക്കുന്നു.

 


വിവർത്തനം: അസ്ഹർ അലി

കടപ്പാട്: മക്തൂബ് മീഡിയ

തസീൻ ജുനൈദ്

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി