Campus Alive

‘രാഷ്ട്രീയ യജമാനന്മാരുടെ തിരക്കഥയിലാണ് ഡൽഹി പോലീസ് പ്രവർത്തിക്കുന്നത്’

(ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദി പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ് അപൂർവാനന്ദ്. നരേന്ദ്ര മോഡിയുടെ ഭരണത്തിനു കീഴിൽ ‘ഹിന്ദുത്വ’ ആശയങ്ങളുടെ ഉയിർപ്പുകളെ എഴുതിയും പറഞ്ഞും പ്രതിരോധിക്കുന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികക്കും എതിരെയുള്ള സമരങ്ങളിൽ അദ്ദേഹവും പങ്കുകൊണ്ടിട്ടുണ്ട്. അക്കാദമിക ഇടങ്ങളിൽ ഭരണകൂടം ചെലുത്തുന്ന സമ്മർദ്ദങ്ങളെ കുറിച്ചും, വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ, ഡൽഹി കലാപം, പൗര സ്വാതന്ത്ര്യം, പോലീസ് ക്രമ രാഹിത്യം, വിദ്യാർഥി-അധ്യാപക വേട്ട, ജുഡീഷ്യറിയുടെ പ്രതിലോമകരമായ ഇടപെടൽ എന്നീ വിഷയങ്ങളെ കുറിച്ച് അപൂർവാനന്ദ് കാരവാൻ റിപ്പോർട്ടർ തുഷാർ ദരായുമായി ജൂൺ 22-ന് നടത്തിയ സംഭാഷണം)


 

തുഷാർ ദരാ: പൗരത്വ ഭേദഗതി നിയമത്തിന്റെ സ്ഥാപനത്തിനും ഡൽഹി പോലീസ് അക്രമങ്ങൾക്കുമിടയിൽ നടന്ന സംഭവങ്ങളെ അൽപം വിവരിക്കാമോ?

അപൂർവാനന്ദ്: പൗരത്വ ഭേദഗതി നിയമത്തിന്റെ സ്ഥാപന ഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളുടെ അമ്പരപ്പിക്കുന്ന മൗനം നമുക്കു ദർശിക്കാനാവും. എന്നാൽ ഉത്തർപ്രദേശിലെയും ഡൽഹിയിലെയും തെരുവുകൾ പ്രക്ഷുബ്ധമായി. ജാമിഅ മില്ലിയയിലെയും അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥികളുൾപ്പെടെ അനേകം ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാൽ, അവയെല്ലാം നിഷ്ഠൂരം അടിച്ചമർത്തപ്പെടുകയാണുണ്ടായത്. സുപ്രീം കോടതി ഇതിനെ പരിഗണനക്കെടുത്തില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിക്കരുതെന്നും, പ്രക്ഷോഭകരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണമെങ്കിൽ തെരുവുകളിൽ നിന്നു പിന്മാറണം എന്നും കേവലമായ പ്രസ്താവനകൾ ഇറക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്.

ഈ സംഭവങ്ങളെല്ലാം ‘ഷഹീൻ ബാഗ്’ എന്ന പുത്തൻ സമര രീതിയുടെ വികാസത്തിലേക്കു വഴി തെളിച്ചു. ഡൽഹി ചുറ്റു പ്രദേശങ്ങളിലുള്ള മുസ്‌ലിം സ്ത്രീകൾ നൂറിലധികം ദിവസം സിഎഎ വിരുദ്ധ സമരവുമായി ഷഹീൻ ബാഗിൽ ഇരിക്കുകയുണ്ടായി. വനിതകൾ തങ്ങളുടെ കുടുബത്തിന്റെ പിന്തുണയോടെ നടത്തിയ ജൈവിക സമര രീതിയായിരുന്നു ഷഹീൻ ബാഗ്. പൗരത്വ പരിഗണനകളിൽ തുല്യത ലഭിക്കുന്നതിനു വേണ്ടിയുള്ള സമര മുദ്രാവാക്യമായി ഇൻഡ്യൻ ഭരണഘടനയുടെ ആമുഖത്തെ മാറ്റി എന്നതാണ് ഷഹീൻ ബാഗ് ചെയ്ത ശ്രദ്ധേയമായ കാര്യം. പൗരത്വ ഭേദഗതി നിയമം തികച്ചും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായി ഒരു പ്രത്യേക മതസമൂഹത്തെ ഒഴിച്ചു നിർത്തിക്കൊണ്ടും മറ്റെല്ലാവർക്കും പൗരത്വം വ്യവസ്ഥ ചെയ്തുകൊണ്ടും ഉണ്ടായതാണ്. ഇക്കാര്യമാണ് ഷഹീൻ ബാഗ് ഊന്നിപ്പറയാൻ ശ്രമിച്ചത്. സമാധാനപരമായ മാർഗമാണ് അവിടെ അവലംബിക്കപ്പെട്ടത്. ഇപ്രകാരം മുസ്‌ലിംകൾക്ക് ആദ്യമായി പൗരത്വത്തിനു വേണ്ടി വാദിക്കേണ്ടി വന്നു.

തുഷാർ ദരാ: ഷഹീൻ ബാഗ് സമരങ്ങളുടെ ഗുണഫലങ്ങൾ എന്തൊക്കെയായിരുന്നു?

അപൂർവാനന്ദ്: രാജ്യത്തുടനീളം സമാനമായ സമര മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കാൻ ഷഹീൻ ബാഗിനായി. ഏകദേശം ഇരുന്നൂറോളം ഷഹീൻ ബാഗുകൾ രാജ്യത്തെങ്ങുമുണ്ടായി. അനേകം മിഥ്യാ ധാരണകളെ ഷഹീൻ ബാഗ് പൊളിച്ചെഴുതി. അവയിലൊന്ന് മുസ്‌ലിം സ്ത്രീകൾ അധികവും ബുർഖയിൽ തളച്ചിടപ്പെട്ടവരും, പിന്നോക്കവും വിദ്യാഹീനരുമാണെന്ന ധാരണയാണ്. എന്നാൽ ഷഹീൻ ബാഗിൽ നാം കണ്ടത് പൗരോഹിത്യ നിയന്ത്രണങ്ങൾക്ക് പഴുതു നൽകാതെ സ്വതന്ത്രമായി സമര പ്രസ്ഥാനത്തെ ചലിപ്പിക്കുന്ന മുസ്‌ലിം സ്ത്രീകളെയാണ്. ഈ പ്രസ്ഥാനത്തെ തകർക്കുക എളുപ്പമല്ലെന്ന് ഗവണ്മെന്റിനു മനസ്സിലായി. അന്താരാഷ്ട്ര നിരീക്ഷകർ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കണ്ടത്. ഷഹീൻ ബാഗ് സമരം ഏതാണ്ട് ഒരു മുസ്‌ലിം സമരമായിരുന്നുവെന്ന (പൂർണമായും അല്ല) വസ്തുത നാം അംഗീകരിക്കേണ്ടി വരും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇവരോടു ചേരാൻ മടിച്ചു നിന്നപ്പോൾ, പൊതു ഹിന്ദു സമൂഹം സമരത്തോട് തീരെ അടുത്തു കണ്ടില്ല. വ്യക്തി എന്ന നിലക്ക് മുസ്‌ലിംകൾ നല്ലവരാണെങ്കിലും, സംഘം ചേരുമ്പോൾ മുസ്‌ലിംകൾ ഗൂഢ മനസ്ഥിതിയുള്ളവരാണെന്നും അപകടകരമാണെന്നുമുള്ള അറുപഴഞ്ചൻ മുൻവിധിയാണ് ഇതിൽ നിന്നവരെ തടഞ്ഞത്.

തുഷാർ ദരാ: സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ ഡൽഹി തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളെ സ്വാധീനിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?

അപൂർവാനന്ദ്: പ്രതിലോമകരമായ ചിത്രമാണ് ഇവിടെ കാണാൻ സാധിക്കുക. തെരഞ്ഞെടുപ്പ് ക്യാമ്പയിനുകൾക്ക് വളരെ മുൻപ് സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ കുറിച്ച് പ്രധാന മന്ത്രി പറഞ്ഞത്, തീവ്രവാദികളെ അവരുടെ വേഷവിധാനങ്ങൾ നോക്കി തിരിച്ചറിയാം എന്നാണ്. മുസ്‌ലിം സമരക്കാരെ സൂചിപ്പിക്കുന്ന പരോക്ഷ പ്രയോഗമായിരുന്നു ഇത്. ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതാകട്ടെ ഷഹീൻ ബാഗ് സമരപ്പന്തലിൽ എത്തുമാറ് ഉച്ചത്തിൽ വോട്ടിങ് മെഷീനിൽ വിരലമർത്തണം എന്നും. ഇവയെല്ലാം സംഘടിത ഹിംസക്കു വേണ്ടിയുള്ള ഗുപ്തമായ ആഹ്വാനങ്ങളായിരുന്നു. മറ്റൊരു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ‘രാജ്യദ്രോഹികളെ’ പരസ്യമായി വെടിവെക്കണം എന്നാണ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടത്. മറ്റൊരു ബിജെപി എം.പി പറഞ്ഞത്, തങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാത്സംഗം ചെയ്യാൻ സാധ്യതയുള്ള കിരാതരെ മറച്ചുപിടിക്കുന്നതാണ് ഈ സമരമെന്നാണ്. പ്രക്ഷോഭകാരികളെ അപകീർത്തിപ്പെടുത്തുകയും ഹിന്ദുക്കളുടെ കണ്ണിൽ നിയമ വിരുദ്ധരായി ചിത്രീകരിക്കുകയാണ് ഈ പ്രസ്താവനകൾ ചെയ്യുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രക്ഷോഭത്തിൽ നിന്നു വിട്ടു നിന്നു. പിന്നീട് സമരക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് തോക്കുധാരികളായ ആളുകൾ ജാമിഅഃ മില്ലിയയിലും ഷഹീൻ ബാഗിലും പ്രത്യക്ഷപ്പെടുകയുണ്ടായി.

തുഷാർ ദരാ: ഷഹീൻ ബാഗ് സമരങ്ങളിൽ താങ്കളുടെ പങ്കെന്തായിരുന്നു?

അപൂർവാനന്ദ്: ജനാധിപത്യപരവും പൗരാവകാശ സംബന്ധിയുമായ പ്രശ്നങ്ങളിൽ ഞാൻ നിരന്തരം ഇടപെടാറുണ്ട്. അത്തരം പരിപാടികളിൽ സംസാരിക്കാൻ ആളുകൾ എന്നെ ക്ഷണിക്കാറുമുണ്ട്. ഞാൻ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നതിൽ ഭാഗഭാക്കായിട്ടില്ല. എന്നാൽ അവർ മുന്നോട്ടു വെക്കുന്ന ആശയവുമായി ഞാൻ യോജിക്കുന്നു. ഞാൻ അവരെ പിന്തുണച്ചുകൊണ്ട് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തോട് വിവേചനപരമായി ഇടപെടുന്നു എന്നതിനാൽ ഞാൻ സിഎഎ വിരുദ്ധനാണ്. ഒരുതരത്തിൽ അത് ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കില്ല എന്നു വാദിക്കാൻ സാധിച്ചേക്കും. എന്നാൽ പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ പട്ടികയും (എൻ.ആർ.സി) ഒരുമിച്ചു നടപ്പാക്കും എന്ന് ആഭ്യന്തര മന്ത്രിയും ഭരണത്തിലിരിക്കുന്ന ബിജെപിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ആസാമിൽ എൻ.ആർ.സി ഉൽപാദിപ്പിച്ച വിനാശകരമായ ഫലങ്ങൾ നമ്മൾ കണ്ടതാണ്. അന്തിമ ലിസ്റ്റിൽ നിന്ന് അനേകം മുസ്‌ലിംകളും ഹിന്ദുക്കളും പുറത്താക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ അപകടത്തിലാക്കിക്കൊണ്ട് അവരെ ഡിറ്റെൻഷൻ ക്യാമ്പുകളിലേക്ക് തള്ളിവിട്ടു. പിന്നീടാണ് ജാമിഅഃ മില്ലിയയിലെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. അതെന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. ഞാനൊരു അധ്യാപകനാണ്. വിദ്യാർഥികൾ അടിച്ചമർത്തപ്പെടുമ്പോൾ നിർവികാരനായി നോക്കിനിൽക്കാനാവില്ല. പിന്നീട് ഷഹീൻ ബാഗ് സമരങ്ങൾ സംഭവിച്ചു. കഴിഞ്ഞ ഡിസംബർ അവസാനത്തിൽ ആദ്യമായി ഞാൻ അവരെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു. പിന്നീട് ഡൽഹിയിലെങ്ങും സമാനമായ സമരങ്ങൾ അരങ്ങേറുകയും വിദ്യാർഥികളുടെയും മറ്റു പൗരന്മാരുടെയും ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഷഹീൻ ബാഗ് സമരങ്ങളിലുള്ള എന്റെ പങ്കാളിത്തം സമരത്തിനനുകൂലമായി എഴുതുന്നതിലും, ക്ഷണിക്കപ്പെട്ട ഇടങ്ങളിലെല്ലാം സംസാരിക്കുന്നതിലും, ഷഹീൻ ബാഗ് വിമർശനങ്ങളോട് പ്രതികരിക്കുന്നതിലും മാത്രം പരിമിതപ്പെടുകയാണുണ്ടായത്.

തുഷാർ ദരാ: പിന്നീടു നടന്ന ഡൽഹി ഹിംസയെ കുറിച്ച്?

അപൂർവാനന്ദ്: ഫെബ്രുവരി 24ന് ജഫാറാബാദിലും മറ്റും കലാപത്തിനു കോപ്പുകൂട്ടുന്നുണ്ടെന്നറിഞ്ഞ ഞങ്ങളിൽ ചിലർ, പ്രക്ഷോഭകാരികളായ സ്ത്രീകളെ അനുനയിപ്പിച്ചു റോഡിൽ നിന്നു മാറ്റാൻ ശ്രമിക്കുകയുണ്ടായി. കപിൽ മിശ്രക്കും അനുയായികൾക്കും കലാപമാരംഭിക്കാൻ മുന്നവസരം നൽകേണ്ട എന്ന ചിന്തയിൽ നിന്നായിരുന്നു ഈ ശ്രമം. യോഗേന്ദ്ര യാദവ് (രാഷ്ട്രീയ പ്രവർത്തകൻ), രാഹുൽ റോയ്, സബ ദേവൻ (സിനിമാ പ്രവർത്തകർ), കവിത ശ്രീവാസ്തവ, ഖാലിദ് സൈഫി (ആക്ടിവിസ്റ്റുകൾ) എന്നിവർക്കൊപ്പം ഞാനും ജാഫറാബാദിലേക്കു പോവുകയും സമരക്കാരായ സ്ത്രീകളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർ വിസമ്മതിച്ചു. പിന്നീടു ഞങ്ങൾ സീലംപൂരിലേക്കു പോവുകയും റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുന്ന വനിതകളെ അനുനയിപ്പിച്ചുകൊണ്ട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. കലാപകാരികളുടെ ഹിംസ മൂലം സമരം അലസിപ്പോവരുത് എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പിന്നീട് ഖാലിദ് സൈഫിയും ഞാനും ഖുറേജി സമരപന്തലിലേക്ക് (വടക്കു കിഴക്കൻ ഡൽഹി) പോവുകയും, അവിടുത്തെ സമരക്കാരായ സ്ത്രീകളെ പിന്തിരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അവിടെ നിന്നു മടങ്ങുന്ന വഴിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതായി ഞങ്ങൾ അറിയുന്നത്.

ഫെബ്രുവരി 25ന് പൗരാവകാശ പ്രവർത്തകരെയും അധ്യാപകർ-ബുദ്ധിജീവികളെയും വിളിച്ചു ചേർക്കുകയും, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ആലോചനകൾ നടത്തുകയും ചെയ്തു. കലാപ ബാധിതർക്കു വേണ്ടി മതം പരിഗണിക്കാതെ ദുരന്ത നിവാരണ സംഘങ്ങൾ രൂപീകരിച്ചു. ആക്രമ സംഭവങ്ങളുടെ വിശദാംശങ്ങൾ നേരിട്ടറിയുന്നതിനു വേണ്ടി ഫെബ്രുവരി 29ന് ഞാൻ കലാപ ബാധിത പ്രദേശം സന്ദർശിക്കുകയുണ്ടായി. തുടർന്നുള്ള മൂന്നു-നാലു ദിവസം പ്രദേശം പുനസന്ദർശിക്കുകയുമുണ്ടായി. ഡൽഹി ഗവൺമെന്റിനോട് ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അവയിൽ ആദ്യത്തേതാണ് മുസ്തഫാബാദിൽ സ്ഥാപിക്കപ്പെട്ടത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും, ഹിന്ദു-മുസ്‌ലിം സംവേദനം സാധ്യമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടർന്നുവന്ന ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ രണ്ടു മൂന്നാഴ്ചകൾക്കു ശേഷം തുടർ പ്രവർത്തനങ്ങൾ നടത്താനാവാതെ വന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുകയും ഡൽഹിയുടെ വിവിധ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്.

തുഷാർ ദരാ: വടക്കു കിഴക്കൻ ഡൽഹിയിൽ എങ്ങനെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് എന്നു പറയാമോ?

അപൂർവാനന്ദ്: ഡൽഹി തെരഞ്ഞെടുപ്പിനു ശേഷം ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് രാവൺ ‘ഭാരത്‌ ബന്ദിന്’ ആഹ്വാനം ചെയ്തിരുന്നു. സീലാംപൂരിലെ വനിതാ സമരക്കാർ ജാഫറാബാദ് മെട്രോ സ്റ്റേഷനടുത്തെത്തുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ ചെയ്തത് ശരിയോ തെറ്റോ എന്ന ചർച്ച തൽക്കാലത്തേക്കു മാറ്റിവെക്കാം. എന്തു തന്നെയായാലും റോഡ് ബ്ലോക്ക് ചെയ്യുന്നത് ഹിംസാത്മകമല്ലല്ലോ. യു.എസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം അവസാനിക്കുന്നതു വരെ ഞങ്ങൾ കാത്തുനിൽക്കും, എന്നിട്ടും ഡൽഹി പോലീസ് റോഡ് ഒഴിപ്പിക്കുന്നില്ലെങ്കിൽ ഞങ്ങളതു ചെയ്യും എന്ന് ബിജെപി നേതാവ് കപിൽ മിശ്ര (മുൻപ് ആം ആദ്മി പാർട്ടിക്കാരനായിരുന്ന) പ്രസ്താവനയിറക്കി. അതിനു ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപ ശ്രമങ്ങളുടെ ഒരു ശൃംഖല തന്നെയുണ്ടായി.

കപിൽ മിശ്ര

ഫെബ്രുവരി 29ന് ഡൽഹി സന്ദർശിച്ച ഞങ്ങൾ ആളുകളോട് സംസാരിക്കുകയും കത്തിക്കരിഞ്ഞ വീടുകളും കടകളും കാണുകയുമുണ്ടായി. ഹിന്ദുക്കളെയും കലാപം ബാധിക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാപത്തിനിരയായി കൊല്ലപ്പെടുകയും വസ്തുവകകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്‌ലിംകളുടെ എണ്ണം അവരെയപേക്ഷിച്ച് വളരെ കൂടുതലാണ്. കലാപത്തിന്റെ മറ്റൊരു സവിശേഷത മസ്ജിദുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മനപൂർവമായ അക്രമങ്ങളാണ്. അനേകം പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ തകർക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മുസ്‌ലിം വീടുകളും പള്ളികളും സ്ഫോടനത്തിനിരയാക്കാൻ ഉപയോഗിക്കപ്പെട്ട ഗ്യാസ് സിലിണ്ടറുകൾ ഞങ്ങൾ കാണുകയുണ്ടായി. ഡൽഹിയിൽ അരങ്ങേറിയ ഹിംസക്ക് വ്യക്തമായ മുസ്‌ലിം വിരുദ്ധ പരിവേഷമുണ്ട്. കലാപം അവസാനത്തോടടുക്കവേ ആഭ്യന്തര മന്ത്രി പറഞ്ഞത് കലാപം തികച്ചും യാദൃശ്ചികമാണെന്നാണ്. ഗുജറാത്ത് കലാപം പോലെ ഡൽഹി കലാപവും മുൻപുണ്ടായ കലാപത്തിന്റെ (സബർമതി എക്സ്പ്രസ്സ്‌ സ്ഫോടനം) പ്രതി പ്രവർത്തനമാണെന്ന് അതിന്റെ ഘടകങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗോദ്രയിൽ ട്രെയിൻ കത്തിക്കലിനെ കുറിച്ച് അന്വേഷണം നടക്കുന്നതിനു മുന്നേ, അതു ചെയ്തത് മുസ്‌ലിംകളാണെന്ന് നിരൂപിക്കപ്പെടുകയാണുണ്ടായത്! ഗോദ്ര സംഭവത്തിനു ശേഷം അരങ്ങേറിയ ഹിംസ (ഗുജറാത്ത് കലാപം) ഹിന്ദുക്കളുടെ സ്വാഭാവിക പ്രതിപ്രവർത്തനം എന്നു പറഞ്ഞുകൊണ്ട് നീതികരിക്കുകയാണ് അവർ ചെയ്തത്.

സിഎഎ വിരുദ്ധ പ്രക്ഷോഭം ഹിംസാത്മകമാണെന്നും, അതിനെതിരെയുള്ള ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമാണ് ഡൽഹി കലാപമെന്നുമാണ് ആഭ്യന്തര മന്ത്രി പറയാൻ ശ്രമിച്ചത്. എന്നാൽ, തൊട്ടുടനെ അദ്ദേഹം മറ്റൊരു നയം സ്വീകരിച്ചു. പാർലിമെന്റിൽ അമിത് ഷാ പറഞ്ഞത് ഏതാനും വ്യക്തികളും അവരുടെ വിദ്വേഷ പ്രസംഗങ്ങളുമാണ് കലാപത്തിനു കാരണമായത് എന്നാണ്. ‘ഉമർ ഖാലിദിനെയും’ (ഗവേഷകനും ആക്ടിവിസ്റ്റും) ‘യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റിനെ’ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. (UAHന്റെ സഹസ്ഥാപകനായ ഉമർ ഖാലിദിനെതിരെ കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തുകയുണ്ടായി)

ഗുൽഫിഷ

ആ പ്രസംഗത്തിനു ശേഷം അന്വേഷണം ഒരു പ്രത്യേക സ്വഭാവത്തിലാണു മുന്നേറിയത്. സിഎഎ വിരുദ്ധ സമരക്കാരുടെ ഗൂഢാലോചനയാണ് ഡൽഹി കലാപം, ഹിന്ദുക്കൾക്കും ഇന്ത്യൻ സ്റ്റേറ്റിനുമെതിരെ കളം മെനഞ്ഞിരുന്ന അവർ, ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയെ നാണം കെടുത്താനാണ് ഡൽഹി കലാപം ആസൂത്രണം ചെയ്തത്, എന്നിങ്ങനെ പോകുന്നു ആ അന്വേഷണങ്ങൾ. ആരൊക്കെയാണ് പുറത്തു നിന്നു വന്ന് കലാപം നടത്തിയത്, ‘ജയ് ശ്രീരാം’ മുഴക്കിക്കൊണ്ട് കലാപം നടത്തിയ ഹെൽമെറ്റ് ധാരികൾ ആരാണ്, ആരാണ് കലാപം ആസൂത്രണം ചെയ്യുന്നതിൽ പങ്കുകൊണ്ടത്, എന്നിവയെല്ലാം അന്വേഷിക്കുന്നതിനു പകരം, സിഎഎ വിരുദ്ധ സമരക്കാർ കലാപത്തിനു കോപ്പു കൂട്ടുകയും, ഫെബ്രുവരി അവസാനത്തോടെ അത് ലക്ഷ്യം കണ്ടെന്നുമുള്ള ഭാഷ്യം നിർമിച്ചെടുക്കുകയായിരുന്നു ഡൽഹി പോലീസ്. അവസാനം ആരൊക്കെയാണ് അറസ്റ്റു ചെയ്യപ്പെട്ടത്? ജാമിഅ മില്ലിയയിലെ വിദ്യാർഥികളും, സമാധാനപരമായി സമരത്തിന് നേതൃത്വം നൽകിയ ജാമിഅ കോർഡിനേഷൻ കമ്മറ്റിയിലെ അംഗംങ്ങളും, ഗുൽഫിഷയെ പോലുള്ള വിദ്യാർഥികളും. (25 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനി, യുഎപിഎ ചുമത്തുകയും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു).

തുഷാർ ദരാ: ഡൽഹി കാലാപത്തോടനുബന്ധിച്ച് 751 കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്നത്. മരണപ്പെട്ട 53 പേരിൽ 38ഉം മുസ്‌ലിംകളാണ്. എന്നാൽ പോലീസ് ആരോപണങ്ങൾ നീളുന്നത് ജാമിഅ കോർഡിനേഷൻ കമ്മറ്റി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, പിൻജരാ തോഡ്, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് എന്നീ സംഘടനകൾക്കും, ഹർഷ് മന്ദറിനെയും താങ്കളെയും പോലെയുള്ള ചിന്തകർക്കും നേരെയാണ്. അതേസമയം, കപിൽ മിശ്രയെ പോലുള്ളവർ സ്വതന്ത്രരായി വിട്ടയക്കപ്പെടുകയും ചെയ്യുന്നു. ഇത് എത്രത്തോളം ശരിയാണ്?

അപൂർവാനന്ദ്: ശാരീരികമായ ആക്രമണങ്ങൾക്കു മുന്നേ, മനഃശാസ്ത്രപരവും വാചികവുമായ (verbal) ഹിംസ നടന്നു കഴിഞ്ഞിരുന്നു. സിഎഎ വിരുദ്ധ സമരങ്ങളെ കൃത്യമായി ലക്ഷ്യം വെക്കുന്നതായിരുന്നു അവ. സമരക്കാരിൽ അധികവും മുസ്‌ലിംകളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായിരുന്നു. അതിനാൽ തന്നെ വാചികവും മനഃശാസ്ത്രപരവുമായ ഹിംസകളെല്ലാം ലക്ഷ്യം വെച്ചിരുന്നത് മുസ്‌ലിംകളെയും, യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്, നോട്ട് ഇൻ മൈ നെയിം, പിൻജറാ തോഡ് തുടങ്ങിയ സംഘടനകളെയും, പ്രൊഫസർമാരെയും അധ്യാപകരെയുമായിരുന്നു.

ഹിംസക്കു കാരണക്കാരായ യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിൽ ഡൽഹി പോലീസ് തൽപരരായിരുന്നില്ല. മറിച്ച് രാഷ്ട്രീയ മേലാളന്മാർ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പ്രവർത്തിക്കുകയായിരുന്നു അവർ.

അപൂർവാനന്ദ്

തുഷാർ ദരാ: ഡൽഹി പോലീസിന്റെ അന്വേഷണം താങ്കളിലേക്കു നീങ്ങുന്നു എന്നതിനെകുറിച്ച ഔദ്യോഗിക ഭാഷ്യം താങ്കൾക്കു ലഭിച്ചിരുന്നില്ല. എന്നാൽ താങ്കളുടെ പേരും അത്തരത്തിൽ ഉയർന്നു വരികയുണ്ടായി. ഔദ്യോഗിക വിവരം ലഭിച്ചിരുന്നില്ല എന്നു പറഞ്ഞു, എങ്ങനെയാണ് യഥാർഥത്തിൽ താങ്കൾ അതിനെക്കുറിച്ചറിയുന്നത്?

അപൂർവാനന്ദ്: എനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതൊരു അനുമാനം മാത്രമായിരുന്നു. ടൈംസ് നൗ ചാനലിൽ മെയ്‌ 22ന് പ്രക്ഷേപണം ചെയ്ത ചർച്ചയിൽ എന്റെയും, മനോജ്‌ ജാ (രാഷ്ട്രീയ ജനതാ ദൾ എം.പി), ടീസ്റ്റാ സെറ്റിൽവാദ് (അഭിഭാഷക), സലീം എൻജിനീയർ (ജമാഅത്തെ ഇസ്‌ലാമി) എന്നിവരുടെ ഫോട്ടോകൾ കാണിച്ചതോടു കൂടിയാണ് ഈ അനുമാനത്തിലേക്കെത്തുന്നത്. അതിനു തൊട്ടു മുൻപത്തെ ദിവസം ഒരു മീറ്റിംഗിൽ ഒരുമിച്ചു കൂടിയിരുന്നു. അവിടെ വെച്ചാണ് ആ ചിത്രങ്ങൾ എടുക്കപ്പെട്ടത്. ടൈംസ് നൗ വാദിച്ചു കൊണ്ടിരുന്നത്, കലാപ ശ്രമം പോലീസ് കണ്ടെത്തിയെന്നും, ആഭ്യന്തര മന്ത്രിയുടെ താക്കീതു മുഖേന കലാപകാരികളെ അടക്കിനിർത്താൻ സാധിച്ചെന്നുമാണ്. അഥവാ, ഞങ്ങളടങ്ങുന്ന കലാപകാരികൾ കൃത്യമായ ഇടപെടൽ മുഖേന നിശ്ശബ്ദരാക്കപ്പെട്ടു എന്ന്! ചാനലിന്റെ വാദങ്ങൾ പോലീസ് രേഖകൾക്കു പോലും അവ്യക്തമായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കൃത്യത്തിലുൾപ്പെട്ടിട്ടുണ്ടെന്നും ഞങ്ങൾക്കതിന്റെ തെളിവുകളുണ്ടെന്നും അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സും പോലീസ് റഡാറുകൾ കണ്ടെത്തിയ ഒരു ‘പ്രൊഫസറെ’ കുറിച്ച് റിപ്പോർട്ടു നൽകിയിരുന്നു.

അനേകം മുസ്‌ലിംകളും ഹിന്ദുക്കളും കൊല്ലപ്പെട്ട, വസ്തുവകകൾ നശിപ്പിക്കപ്പെട്ട കലാപ ശ്രമം നടന്നിട്ടുണ്ടെന്നും, അതു തെളിയിക്കപ്പെടേണ്ടതുണ്ടെന്നുമാണ് ഞങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ സിഎഎ വിരുദ്ധ പോരാളികളും ജാമിഅ വിദ്യാർഥികളും അറസ്റ്റു ചെയ്യപ്പെടുന്ന വിചിത്രമായ അന്വേഷണ ശൃംഖലയിലാണ് ഡൽഹി പോലീസ് പരതിയിരുന്നത്.

തുഷാർ ദരാ: ഡൽഹി അക്രമങ്ങൾക്കു ശേഷം കൊറോണ മഹാമാരി രംഗം കയ്യടക്കി. ഇതിനെ തുടർന്ന് രണ്ടു മാസത്തോളം രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇതെങ്ങനെയാണ് രാജ്യത്തെ പൗര സ്വാതന്ത്രത്തെ ബാധിച്ചിരിക്കുന്നത്?

അപൂർവാനന്ദ്: കലാപത്തിനു ശേഷം അനേകം മുസ്‌ലിംകൾക്കു കിടപ്പാടം നഷ്ട്ടപെടുകയുണ്ടായി. ഞങ്ങൾ പുനരധിവാസ ക്യാമ്പുകൾക്കു വേണ്ടി ആവശ്യമുന്നയിച്ചിരുന്നു. ഒരുപാട് പണിപ്പെട്ടതിനു ശേഷം മുസ്‌തഫാബാദിൽ ഒന്ന് സ്ഥാപിക്കപ്പെട്ടു. എന്നാൽ തൊട്ടുടനെ പകർച്ച വ്യാധി ഭീഷണി ഉയർന്നു. ക്യാമ്പുകളിലെ ആളുകൾക്ക് പകർച്ച വ്യാധി പിടിപെടുമെന്ന് ഞങ്ങൾ ഭയന്നു. ക്യാമ്പുകളിലുള്ള ആളുകളെ പിരിച്ചുവിടേണ്ടിയിരുന്നു. പക്ഷേ എങ്ങോട്ടാണവർ പോവുക? അതേസമയം, കലാപ ബാധിതരുടെ പുനരധിവാസത്തിനു വേണ്ട സഹായ സഹകരണങ്ങൾ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. അധികം ആളുകൾക്കും പോകാൻ ഇടവും, കയ്യിൽ പണവുമില്ലായിരുന്നു. രണ്ടാമതായി, സംഘടിത സമരത്തിന് യാതൊരു വഴികളുമുണ്ടായില്ല. ലോക്ക്ഡൗൺ ആയതോടെ ജോലി നഷ്ട്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിലേക്ക് പൊതു സമൂഹം കൂടുതലായി കേന്ദ്രീകരിക്കുകയും ചെയ്തു.

എന്നാൽ, മറുവശത്ത് ഡൽഹി പോലീസ് തങ്ങൾക്കു ലഭിച്ച തിരക്കഥയുടെ അടിസ്ഥാനത്തിൽ വേട്ട തുടർന്നു. സിഎഎ വിരുദ്ധ സമരങ്ങൾ സംഘടിപ്പിക്കുകയും, അതിൽ ഭാഗഭാക്കാവുകയും ചെയ്ത യുവജനങ്ങളെ പോലീസ് തെരഞ്ഞു പിടിച്ച് അറസ്റ്റു ചെയ്തുകൊണ്ടിരുന്നു. ഇന്ത്യൻ സ്റ്റേറ്റിനെതിരെ കലാപം ആസൂത്രണം ചെയ്യുന്ന ബുദ്ധികേന്ദ്രങ്ങൾ യൂണിവേഴ്സിറ്റികളിലും മറ്റും കുടിയിരിക്കുന്നുണ്ടെന്നും, അവരാണ് ‘അർബൻ നക്സലുകൾ’ എന്നും അവർ വരുത്തിത്തീർത്തു. ഇതിനൊരു ചരിത്രമുണ്ട്. ജെ.എൻ.യു, ജാദവ്പൂർ യൂണിവേഴ്സിറ്റി, എച്ച്.സി.യു പോലുള്ള യൂണിവേഴ്സിറ്റികളിൽ ‘ടുക്ഡേ ടുക്ഡേ’ ഗ്യാങ്ങുകൾ (ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘങ്ങൾ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പ്രയോഗം) ഉണ്ടെന്ന് ബിജെപി നേതാവ് മുൻപ് പ്രസ്താവിച്ചിരുന്നു. അവരിൽ നിന്നും രാജ്യം അഭിമുഖീകരിക്കുന്നത് വൻ വിപത്താണെന്നും അവർ വാദിക്കുന്നു. ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ ചെയർമാനും രാഷ്ട്രീയ പ്രവർത്തകനുമായ കനയ്യ കുമാർ അറസ്റ്റിലായപ്പോൾ, അപ്പോഴത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കനയ്യക്ക് അന്താരാഷ്ട്ര ഭീകരവാദ ബന്ധങ്ങളുണ്ടെന്ന ഗൗരവതരമായ ആരോപണമുന്നയിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ കനയ്യയെയും ഉമർ ഖാലിദിനെയും പോലെയുള്ള ആക്ടിവിസ്റ്റുകളുടെ സ്വൈര്യ ജീവിതത്തെ ഒട്ടൊന്നുമല്ല പ്രയാസത്തിലാക്കുന്നത്. ഹരിയാനയിലെ ദാദ്രിയിൽ ഗോ മാംസം കയ്യിൽ വെച്ചു എന്നാരോപിച്ചു കൊണ്ട് ഹിന്ദുത്വ ഭീകരർ അടിച്ചു കൊന്ന മുഹമ്മദ്‌ അഖ്‌ലാഖിന്റെ സംഭവത്തോട് പ്രതിഷേധിച്ച ചിന്തകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുതൽ, അഥവാ 2015 മുതൽക്കു തന്നെ ഇത്തരം ആരോപണങ്ങൾ ആരംഭിച്ചിട്ടുണ്ട്. പണ്ഡിതർക്കും ബൗദ്ധികരായവർക്കുമെതിരെ കേന്ദ്ര മന്ത്രിമാർ ‘അനുഭവഹീനരായ പണ്ഡിതരെന്നും’, ‘ദേശ വിരുദ്ധരെന്നുമുള്ള’ ആരോപണങ്ങൾ ചൊരിഞ്ഞു. കഴിഞ്ഞ ആറു വർഷങ്ങളായി ഈ പ്രവണത തുടർന്നു പോരുന്നു. ജെ.എൻ.യുവിനെ കുറിച്ചും പ്രതികരിക്കുന്ന അധ്യാപക-ബുദ്ധിജീവികളെ കുറിച്ചും പ്രതിലോമകരമായ ‘പൊതുബോധ’ നിർമിതി ഇതിലൂടെ സാധ്യമായി.

തുഷാർ ദരാ: ഡൽഹി കലാപവും ഭീമാ കൊറേഗാവ് കേസന്വേഷണങ്ങളും തമ്മിലെ സാദൃശ്യമെന്താണ്?

അപൂർവാനന്ദ്: ഭീമാ കൊറേഗാവിൽ ദലിതുകൾ സമ്മേളിച്ചിരുന്നു. മഹർ റെജിമെന്റിനു മേൽ പെശവാ സമൂഹം വിജയം നേടിയത് ദലിത്‌ അഭിമാനത്തിന്റെ പ്രദർശനമെന്ന നിലക്ക് ആഘോഷിക്കാൻ ഒരുമിച്ചു കൂടിയതായിരുന്നു അവർ. ‘എൽഗാർ പരിഷത്തിൽ’ (പൂനെയിലെ പരിപാടി നടന്ന സ്ഥലം) നിന്നു മടങ്ങുന്ന വഴി അവർ ആക്രമിക്കപ്പെട്ടു. അതു തികച്ചും ഹിംസാത്മകമായിരുന്നു. രണ്ട് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ നേതാക്കളിൽ കുറ്റം ആരോപിക്കപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ടുകൊണ്ടും  കുറ്റവാളികളെ ശിക്ഷിക്കാനാവശ്യപ്പെട്ടുകൊണ്ടും ദലിതർ പ്രതിഷേധം നയിച്ചു. ഇത് ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്‌ടിച്ചു. ഇതിനു ശേഷം പൂനെ പോലീസ് മനുഷ്യാവകാശ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും ഓഫീസുകളും വീടുകൾ റെയ്ഡ് നടത്തുകയും ഒരു കഥ മെനഞ്ഞുണ്ടാക്കുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുകയും നോട്ടത്തിൽ ബഹുമാന്യരെന്നു തോന്നുകയും ചെയ്യുന്ന, എന്നാൽ രാഷ്ട്ര വിരുദ്ധ ഗൂഢാലോചന നടത്തുന്നവരുടെ വലിയ ശൃംഖലയിലാണ് ഈ കഥ ചെന്നു നിന്നത്. പ്രധാന മന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്ന വെളിപ്പെടുത്തലോടെ ഒരു കത്തും പോലീസ് പുറത്തു കൊണ്ടുവന്നു. ഫലത്തിൽ പോലീസ് ഭീമാ കൊറേഗാവ് കേസിനെ കീഴ്മേൽ മറിച്ചിടുകയായിരുന്നു.

ഇതേ രീതി തന്നെയാണ് ഡൽഹി കലാപത്തിന്റെ അന്വേഷണത്തിലും പോലീസ് പിന്തുടരുന്നത്. യഥാർത്ഥ സംഭവങ്ങളെ അദൃശ്യമാക്കുകയും ‘ഇംഗ്ലീഷ് സംസാരിക്കുന്ന’ മുസ്‌ലിംകളെയും, മറ്റു മതേതര അഭ്യുദയകാംക്ഷികളെയും ഭീകരരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്.

ഭീമാ കൊറേഗാവി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫസർ ഹാനി ബാബു

തുഷാർ ദരാ: കോടതികളും ജുഡീഷ്യറിയും പൗര സ്വതന്ത്ര സംരക്ഷണത്തിൽ എത്രത്തോളമാണ് പങ്കുവഹിച്ചിട്ടുള്ളത്?

അപൂർവാനന്ദ്: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മദൻ ലോക്കുർ ‘ദി വയറിൽ’ എഴുതിയ ലേഖനത്തിൽ കുടിയേറ്റ തൊഴിലാളികളുമായി (കൊറോണ വൈറസ് പശ്ചാത്തലത്തിൽ മതിയായ മുൻകരുതലില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച പ്രതിസന്ധി) ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിന് ‘എഫ്’ ഗ്രേഡാണ് നൽകിയിരിക്കുന്നത്. ഇൻഡ്യൻ സമൂഹത്തിലെ മർദിത ന്യൂനപക്ഷങ്ങളോടുള്ള സുപ്രീം കോടതിയുടെ സമീപനത്തിന് ഞാൻ ‘എഫ്’ ഗ്രേഡ് പോലും നൽകാൻ ഒരുക്കമല്ല. ഉത്തർപ്രദേശിൽ സിഎഎ വിരുദ്ധ സമരക്കാർക്കതിരെയുള്ള പോലീസ് ഹിംസയെക്കുറിച്ചു ചോദിക്കപ്പെട്ടപ്പോൾ, സമരക്കാർ പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കോടതി പ്രതിവചിച്ചത്.

സുപ്രീം കോടതിയുടെ ഇടപെടൽ നിരാശാജനകമാണ്. ഭൂരിപക്ഷ പ്രീണനത്തിനു വേണ്ടി നിലകൊള്ളുക വഴി ജന വിരുദ്ധമായ നിലപാടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയിലും മറ്റു കീഴ് കോടതികളിലും പ്രതീക്ഷക്കു വകയുണ്ട്. അതുകൊണ്ടാണല്ലോ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയിൽ ശബ്‌ദിച്ചത്. പിന്നീടു ഗുജറാത്ത് ഹൈക്കോടതിയിലും മറ്റു ഹൈക്കോടതികളിലും ജോലി സമയപ്പട്ടികയിൽ മാറ്റം വരുന്നതും, ഗവൺമെന്റിനെതിരെ നിലപാടു സ്വീകരിക്കുന്നതും നാം കണ്ടു. അൽ-ഹിന്ദ് കേസിലെ പോലീസിനെതിരെ വിധി പുറപ്പെടുവിച്ചതിന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതു നമ്മൾ കണ്ടതാണല്ലോ. (വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിനിടയിൽ അൽ-ഹിന്ദ് ഹോസ്പിറ്റലിലേക്കുള്ള ആംബുലൻസുകളുടെ സഞ്ചാരം തടസ്സപ്പെടുന്നു എന്ന വിഷയത്തിൽ അടിയന്തര ഹിയറിങ് നടത്തുകയും, പോലീസിനോട് സുരക്ഷിതമായ ഗമനം ഉറപ്പു വരുത്താൻ ആവശ്യപ്പെടുകയുമുണ്ടായി. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനമിറങ്ങി).

തുഷാർ ദരാ: പോലീസ് കേസ് ചാർജ് ചെയ്തിട്ടുള്ളവരുടെ സമാധാനപരവും നൈതികവുമായ പ്രതികരണങ്ങളെ നിർണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

അപൂർവാനന്ദ്: ഗാന്ധിയുടെ മാർഗം നമ്മുടെ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് ഗാന്ധി കൊല്ലപ്പെടുന്നത്. സുതാര്യവും ജനാധിപത്യപരവുമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നതിനും വേണ്ട വേദിയൊരുക്കുക എന്നതാണ് മുന്നേറാനുള്ള വഴി. അപ്പോൾ മാത്രമാണ് ഇന്ത്യയെ സംസ്കാരമുള്ള രാജ്യമെന്നു വിശേഷിപ്പിക്കാനാവൂ. ന്യൂനപക്ഷങ്ങൾ ഭീതിയിലും, ക്യാമ്പസുകൾ നിശബ്ദമാക്കപ്പെടുകയും ബുദ്ധിജീവികൾ തങ്ങളുടെ അഭിപ്രായ പ്രകടനം തടസ്സപ്പെട്ട നിലയിലും ജീവിക്കേണ്ടി വരുന്നത് തീർച്ചയായും വശംകെട്ട രാജ്യത്തിലായിരിക്കും. നമ്മൾ ജീവിക്കുന്നത് സ്റ്റാലിനിസ്റ്റ് റഷ്യയിലോ ചൈനയിലോ തുർക്കിയിലോ അല്ല. നമ്മൾ ഷഹീൻ ബാഗ് ഊന്നിപ്പറഞ്ഞ ഭരണഘടനയുടെ ആമുഖത്തെ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.

 


വിവർത്തനം: അഫ്സൽ ഹുസൈൻ

Credit: The Caravan

അപൂർവാനന്ദ്