Campus Alive

ദേശദ്രോഹിയാകുന്നതിനെക്കുറിച്ച്

ഈയടുത്ത് ഒസാക്കയിൽ വെച്ചു നടന്ന ജി 20 ഉച്ചകോടിയും അനുബന്ധ സംഭവങ്ങളും വികസിച്ചു വരുന്ന പുതിയ ലോക ക്രമത്തെ കുറിച്ച വിഷമകരമായ ചിത്രമാണ് നൽകുന്നത് കിം- ജോങ് ഉന്നുമായി പ്രണയലേഖനങ്ങൾ കൈമാറുന്ന ട്രംപും, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചേർന്ന് ആഹ്ലാദത്തോടെ കൈകൊട്ടുന്ന പുടിനുമൊക്കെയായിരുന്നു അത്. ഇതേസമയം യൂറോപ്യൻ യുക്തിയുടെ മുൻകാല ശബ്ദങ്ങളായിരുന്നആഞ്‌ജെലാ മെർക്കലും ഡൊണാൾഡ് ടസ്‌ക്കും മാറ്റി നിർത്തപ്പെടുകയും ചെയ്തു .

‘ഈ പുതിയ ലോകക്രമം വളരെയധികം സഹിഷ്ണുതാപരമാണ് – അവർ പരസ്പരം ബഹുമാനിക്കുന്നു, സ്ത്രീകളുടെ അവകാശങ്ങൾ പോലെയുള്ള യൂറോകേന്ദ്രീകൃതമായ സാമ്രാജ്യത്വ താൽപര്യങ്ങൾ ആരുടെമേലും അടിച്ചേൽപിക്കുന്നില്ല’. ഒസാക്ക ഉച്ചകോടിയുടെ സന്ദർഭത്തിൽ ഫിനാൻഷ്യൽ ടൈംസിന് പുടിൻ നൽകിയ അഭിമുഖത്തിൽ ഈ പുതിയ വികാരത്തിന്റെ സാരാംശങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ അദ്ദേഹം പ്രയോഗ സാധുത നഷ്ടപ്പെട്ടെന്ന് വാദിച്ചു കൊണ്ട് ലിബറൽ ആശയങ്ങളെ ശക്തമായി പ്രഹരിക്കുന്നുണ്ട്. കുടിയേറ്റത്തെയും തുറന്ന അതിർത്തികളെയും ബഹുസ്വര സംസ്‌കാരത്തെയും എതിർക്കുന്നത് പൊതുജനങ്ങളാണെന്ന ധാരണ പരത്തിക്കൊണ്ട് പുടിൻ നടത്തുന്ന ലിബറലിസത്തിന്റെ അന്ത്യകൂദാശ സാമ്പ്രദായിക വിരുദ്ധരായ ഡൊണാൾഡ് ട്രംപിനും ഹംഗറിയുടെ വിക്ടോർ ഒർബാനും ഇറ്റലിയിലെ മറ്റിയോ സാൽവിനിക്കും യുകെയിലെ ബ്രെക്‌സിറ്റ് പ്രതിസന്ധിക്കുമൊക്കെയാണ് ഒത്താശ ചെയ്യുന്നത്.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ ശ്രമിച്ചതു പോലെ ഇനിയും ലിബറലുകൾക്ക് എന്തും ആരോടും കൽപ്പിക്കാനാവില്ലെന്നാണ് പുടിൻ പറഞ്ഞത്. യുദ്ധക്കെടുതി നേരിടുന്ന സിറിയയിൽ നിന്നും ജർമ്മനിയിലേക്ക് ഒരു ദശലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കാനുള്ള ചാൻസലർ ആഞ്‌ജെലാ മെർക്കലിന്റെ തീരുമാനത്തെ മൗലികമായ അബദ്ധമായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം മെക്‌സിക്കോയിൽ നിന്നുള്ള കുടിയേറ്റത്തിനും മയക്കുമരുന്നിനും തടയിടാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പുകഴ്ത്തുകയും ചെയ്തു. ‘ലിബറൽ ആശയം ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്ന് മുൻകൂട്ടി നിശ്ചയിക്കുന്നു. എന്നുവെച്ചാൽ കുടിയേറ്റക്കാർക്ക് അവരുടെ അവകാശ സംരക്ഷണത്തിന്റെ പേരിൽ ശിക്ഷാഭീതിയില്ലാതെ കൊല്ലാം, കൊള്ളയടിക്കാം, ബലാൽസംഗം ചെയ്യാം’ പുടിൻ പറയുന്നു.
‘എല്ലാ കുറ്റകൃത്യങ്ങൾക്കും അതിന്റേതായ ശിക്ഷ ഉണ്ടാവണം. ലിബറൽ ആശയം കാലഹരണപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടെ താൽപര്യങ്ങളുമായി അത് ഒത്തുപോവാതെ വന്നിരിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതെന്ന് ഞാൻ കരുതുന്നത് അധികാര കേന്ദ്രീകരണവും വ്യക്തിപൂജയും പ്രഭുജനാധിപത്യവുമൊക്കെയാണെന്നാണ് പുടിന്റെ നിരീക്ഷണത്തോട് യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഡൊണാൾഡ് ടസ്‌ക്ക് പ്രതികരിച്ചത്. എന്നാൽ ഇത് പ്രതിസന്ധിയുടെ വേരുകൾ മനസ്സിലാക്കാതെയുള്ള മൂർച്ചയില്ലാത്ത വെറും അവകാശവാദം മാത്രമാണ്. ലിബറൽ ഉൽപതിഷ്ണുക്കൾ അവിടെയുമിവിടെയും കണ്ടുവരുന്ന പ്രോത്സാഹജനകമായ സൂചനകളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി അമേരിക്കൻ യുവതയ്ക്കിടയിലെ ശക്തമായ ഇടതുപക്ഷ ചായ്‌വും, ക്ലിന്റണിനേക്കാൾ മൂന്ന് മില്യൺ വോട്ടുകൾ കുറവാണ് ട്രംപ് നേടിയതെന്ന വസ്തുതയും, തെരഞ്ഞെടുപ്പ് ജില്ലകളിലെ കൃത്രിമത്തിലൂടെയാണ് ട്രംപ് ജയിച്ചതെന്നതും, സ്ലോവാക്യ പോലുള്ള രാജ്യങ്ങളിലെ യൂറോപ്യൻ ലിബറൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവുമൊക്കെ അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒരിക്കലും ആഗോള പ്രവണതയെ ബാധിക്കാൻ പോന്നവയല്ല.

പുടിന്റെ അഭിമുഖത്തിലെ ആകെക്കൂടി താൽപര്യജനകമായിട്ടുള്ള ഘടകം തന്റെ രാജ്യത്തെ വഞ്ചിച്ച ചാരന്മാർക്കു നേരെയുള്ള പൂർണ്ണമായ സഹിഷ്ണുതാ രാഹിത്യം അദ്ദേഹം പ്രഖ്യാപിക്കുന്നതാണ്. ‘ ദേശദ്രോഹമാണ് സാധ്യമായതിൽ ഏറ്റവും ഗുരുതരമായ കുറ്റകൃത്യം. ദേശദ്രോഹികൾ ശിക്ഷിക്കപ്പെടണം. അത് നടപ്പാക്കേണ്ടത് സാലിസ്ബറി സംഭവം പോലെയാവണം എന്നല്ല ഞാൻ പറയുന്നത്, പക്ഷേ അവർ ശിക്ഷാർഹരാണ്.’ സ്നോഡനോടോ അസ്സാൻജിനോടോ പുടിന് യാതൊരു വ്യക്തിപരമായ സഹതാപവും ഇല്ലെന്ന് ഈ തുറന്നുപറച്ചിലിൽ നിന്നും വ്യക്തമാണ് – തന്റെ ശത്രുക്കളെ ചൊടിപ്പിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം അവരെ നിലനിർത്തുന്നത്.ഇവിടെ റഷ്യക്കാരനായ ഒരു സ്‌നോഡന്റെയോ അസ്സാൻജിന്റെയോ വിധി എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത്രയും യാഥാസ്ഥിതികമായ സാമൂഹിക കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന പുടിൻ ഇപ്പോഴും ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അമേരിക്കൻ മോഹങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നുണ്ടെന്നും അതിനാൽ, അദ്ദേഹത്തോട് സഹതാപം പുലർത്തണമെന്നുമുള്ള ചില പാശ്ചാത്യ ഇടതുപക്ഷക്കാരുടെ വാദഗതികളെ കണ്ട് അത്ഭുതംകൂറാനേ നിർവ്വാഹമുള്ളൂ.

ദേശദ്രോഹം അഥവാ സ്വന്തം ദേശരാഷ്ട്രത്തെ വഞ്ചിക്കുന്നതിനെ സാധ്യമായതിൽ ഏറ്റവും വലിയ കുറ്റകൃത്യമായി കണക്കാക്കുന്ന വാദത്തെ ഓരോ യഥാർഥ ഇടത്തുപക്ഷക്കാരനും നഖശിഖാന്തം എതിർത്തേ പറ്റൂ. ദേശദ്രോഹം എന്നത് നൈതികമായ ആത്മാർഥതയുടെ മഹത്തായ കൃത്യങ്ങളാകുന്ന സന്ദർഭങ്ങൾ തീർച്ചയായും ഉണ്ട്. അത്തരം കൃത്യങ്ങളുടെ മൂർത്തീഭാവമാണ് ഇന്ന് അസ്സാൻജും മാന്നിംഗും സ്‌നോഡനുമൊക്കെ. പരിസ്ഥിതി, വിവരസാങ്കേതിക നിയന്ത്രണം(Digital Control), കുടിയേറ്റം തുടങ്ങിയ ആഗോള വ്യവസ്ഥിതിയെ പ്രതിസന്ധിയിലാക്കാൻ ശേഷിയുള്ള ഭീഷണികളാണ് അതിന് കാരണം.

നാം ശൂന്യാകാശത്തിലെ ഭൂമിയിലാണ് ജീവിക്കുന്നതെന്ന് നാമെല്ലാവരും അംഗീകരിക്കുന്ന നിമിഷം, നിർബന്ധമായും നടപ്പിലാക്കപ്പെടേണ്ടുന്ന ചിലതുണ്ട് .നാഗരികതയുടെ സ്വയം പരിഷ്‌കരണവും, ആഗോള ഐക്യവും ,മനുഷ്യ സമുദായങ്ങളുടെ സഹകരണവുമൊക്കെയാണത് .വർധിച്ചു വരുന്ന വിഭാഗീയതയുടെയും മതപരവും വംശീയവുമായ ‘വീര’ അക്രമങ്ങളുടെയും ,ഒരാളുടെ താൽപ്പര്യത്തിന് സ്വന്തത്തെയും (ലോകത്തെ തന്നെയും ) ബലികൊടുക്കാനുള്ള സന്നദ്ധതയുടെയും പശ്ചാത്തലത്തിൽ വിശേഷിച്ചും ഇത് സാധ്യമാകേണ്ടതുണ്ട്.

അതിനാൽ ദേശദ്രോഹം പ്രവർത്തിക്കാനാണ് യുക്തി നമ്മളെ പ്രേരിപ്പിക്കുന്നത് – നമ്മുടെ ഉദ്ദേശ്യത്തെ വഞ്ചിക്കാനും, നടന്നുകൊണ്ടിരിക്കുന്ന യുദ്ധക്കളികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിയോജിക്കാനും. രാഷ്ട്രങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്ന ജനങ്ങളുടെ വിധിയെക്കുറിച്ച് നമുക്ക് ശരിയായ ഉത്കണ്ഠ ഉണ്ടെങ്കിൽ ‘അവസാനം അമേരിക്ക, അവസാനം ചൈന, അവസാനം റഷ്യ’ (America last, China last, Russia last) എന്നതാവണം നമ്മുടെ ആപ്തവാക്യം. ലിബറലിസത്തോടുള്ള പുടിന്റെ ആക്രമണം അപ്രതീക്ഷിതവും അന്ധമായ പകയും മാത്രമാണോ? നിർഭാഗ്യവശാൽ അല്ല. മറിച്ച്, അത് പുതിയ സ്വാഭാവികതയെയാണ് കുറിക്കുന്നത്. നമ്മുടെ ജീവിതങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഒരു വ്യതിയാനത്തെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, സ്വന്തം ദേശരാഷ്ട്ര താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന (X first) നയങ്ങളാണ് ഇന്ന് ചികിത്സിക്കപ്പെടേണ്ടത്.

മൊഴിമാറ്റം: ബാസിൽ

സ്ലാവോക് സിസെക്