Campus Alive

കശ്മീർ: വിധേയപ്പെടാത്ത ശരീരങ്ങളും മരണത്തിന്റെ രാഷ്ട്രീയവും

1992 ല്‍ എന്റെ നാട്ടിലൊരിടത്ത് പട്ടാളക്കാര്‍ താവളമടിക്കുകയും എന്റെ സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു കൗമാരക്കാരനെ വെടിവെച്ച് കൊല്ലുകയുമുണ്ടായി. ഞാന്‍ ആ സംഭവം കണ്ടിട്ടില്ല. എന്നാല്‍ അവന്റെ മരണം എങ്ങനെയാണ് വായിക്കപ്പെട്ടത് എന്ന് എനിക്ക് നന്നായി ഓര്‍മ്മയുണ്ട്. എന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സ് അധികമുണ്ടായിരുന്ന ബിലാല്‍ ചെറിയ തരത്തില്‍ മാനസിക വൈകല്യമുള്ള ആളായിരുന്നു. ചില സമയങ്ങള്‍ കാഴ്ച്ചാ മിഥ്യയും(Visual Hallucination) മറ്റു തരത്തിലുള്ള ഇന്ദ്രിയ മിഥ്യകളും(Sensory misperception) വേദനയോടൊപ്പം തന്നെ അവന്‍ അനുഭവിച്ചു കൊണ്ടിരുന്നു . വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ വീട്ടില്‍ നിന്നും അവന്‍ ഇറങ്ങി ഓടുകയും തെരുവുകളില്‍ അലഞ്ഞു നടക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെടുന്ന ദിവസം  ബോധമില്ലാതെ അലഞ്ഞു നടക്കുകയും പട്ടാളക്കാര്‍ താവളമടിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തിക്കകത്ത് പ്രവേശിക്കുകയും ചെയ്തു. അന്നു രാത്രി ചില ആളുകള്‍ ഒരുമിച്ചുകൂടി അവന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുകയാണുണ്ടായത്. അടുത്ത ദിവസം സ്‌കൂളില്‍ അവന്റെ മരണത്തെ പറ്റി പല കഥകളും ഞങ്ങള്‍ കേട്ടു. ആളുകളെല്ലാം തന്നെ പട്ടാളക്കാരുടെ ക്രൂരകൃത്യത്തോട് ദേഷ്യത്തോടെ പ്രതികരിക്കുന്നുണ്ടായിരുന്നു, രഹസ്യമായി, അവരോടുള്ള രോഷം ആളുകളില്‍ തിളച്ചു മറിയുന്നുണ്ടായിരുന്നു, എന്തുചെയ്യണമെന്ന് ആര്‍ക്കുമൊരു ധാരണയുമുണ്ടായിരുന്നില്ല.. ബിലാലിനെ തടഞ്ഞു നിര്‍ത്താത്തതില്‍ പലരും അവന്റെ രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

സാംസ്‌കാരികമായിത്തന്നെ, ഭ്രാന്തനായ അല്ലെങ്കില്‍ മാനസികമായി ആരോഗ്യവാനല്ലാത്ത ഒരാള്‍ തെരുവിലൂടെ അലയുക എന്നത് അസ്വാഭാവികമോ ഭയപ്പാടോടെ കാണേണ്ടതോ ആയ ഒന്നല്ല. യഥാര്‍ഥത്തില്‍ ഭ്രാന്തന്‍ ഒരേസമയം സൗമ്യനായിരിക്കുകയും അതേസമയം തന്നെ ഉറക്കെ ചിരിക്കാറുമുണ്ട്, രണ്ടും അവന്റെ സ്വാഭാവിക സ്വഭാവമായാണ് കാണപ്പെടാറ്. എന്നാല്‍ തെരുവുകള്‍ ഭയപ്പെടുത്തുന്ന ഇടങ്ങളായി അപ്പോഴേക്കും മാറിയിരുന്നു. അതിനും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന കശ്മീരി സ്വാതന്ത്ര പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനായി ആയിരക്കണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ കശ്മീരിലേക്ക് വന്നിരുന്നു . പട്ടാളക്കാര്‍ ആശുപത്രികളില്‍ താമസമാക്കുകയും സ്‌കൂളുകളും വീടുകളും അടച്ചിടുകയും ചെയ്തു. അവര്‍ ആപ്പിള്‍ തോട്ടങ്ങളില്‍ വ്യാപിക്കുകയും കുന്നിന്‍ പ്രദേശങ്ങളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.  മണല്‍ ചാക്കുകള്‍ കൊണ്ട് തെരുവുകളിലേക്ക് തള്ളിനില്‍ക്കുന്ന ബങ്കറുകള്‍  ഉണ്ടാക്കാനും റോഡുകള്‍ ബ്ലോക്കു ചെയ്യാനും ചെക്ക് പോയിന്റുകളുണ്ടാക്കാനും ആള്‍ക്കൂട്ടങ്ങളെ ഇല്ലായ്മ ചെയ്യാനും അവര്‍ തുടങ്ങി.

Image result for kashmir killingsപൊതു ഇടങ്ങളിലെ ഇത്തരം സൈനിക നീക്കങ്ങള്‍ പൊതു വ്യവഹാരങ്ങ‌ളെയും കൂട്ടുകൂടലിനെയും  സാമൂഹികതയെയും നിത്യജീവിതത്തെയും ഹിംസാത്മകമായി നിയന്ത്രിക്കാന്‍ തുടങ്ങി. കൊളോണിയല്‍ കാലത്ത് കശ്മീരിനുമേലുള്ള ഇന്ത്യന്‍ പരമാധികാരത്തിന് ഭീഷണിയാണ് എന്ന് തോന്നുന്ന ഘട്ടത്തില്‍ കൊല്ലാനും അറസ്റ്റ് ചെയ്യാനും അഭിപ്രായങ്ങളെയും കാഴ്ച്ചപ്പാടിനെയും ഇല്ലാതാക്കാനും സമ്പത്ത് പിടിച്ചുകെട്ടാനും നശിപ്പിക്കാനും ഇന്ത്യ പ്രത്യേക അധികാരം പാസാക്കിയിട്ടുണ്ട്. ഭീഷണി എന്നത് ഇന്ത്യന്‍ വ്യവസ്ഥിതിയോടുള്ള സായുധ കലഹങ്ങള്‍ മുതല്‍ സൈനിക നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള തെരുവ് പ്രക്ഷോഭങ്ങള്‍ വരെയും, അനീതിയില്‍ നിന്നും സ്വാതന്ത്രത്തിനു വേണ്ടിയുള്ള സാഹിത്യങ്ങള്‍ മുതല്‍ ഇന്ത്യന്‍ മാപ്പില്‍ നിന്നും കശ്മീരിനെ മാറ്റിവരക്കുന്നത് വരെ ഉള്‍പ്പെടുന്നു. ബിലാല്‍ മരണപ്പെട്ട 1992 മുതല്‍ കശ്മീരികള്‍ പൂര്‍ണ്ണമായും ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയരാണ്. ബിലാലിന്റെ കൊലപാതകം പോലെ ആളുകള്‍ക്ക് എന്തിനാണ് തങ്ങളെ കൊല്ലുന്നത് എന്നു പോലും മനസ്സിലാകുന്നില്ല. കശ്മീരികള്‍ സ്വാതന്ത്രത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കും എന്നുപോലും ഇന്നും പലരും വിശ്വസിക്കുകയും ചെയ്യുന്നു.

Image result for kashmir killingsബിലാലിന്റെ തെരുവിലെ മരണം, അവിചാരിതമായി സംഭവിച്ചതോ തെറ്റായ സ്ഥലത്ത് എത്തിപ്പെട്ടത് മൂലം ഉണ്ടായ അപകടമോ അല്ല. അവന്റെ മരണം ആസന്നമായതും സൈനിക രേഖകളില്‍ എഴുതപ്പെട്ടതും ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ഈ സൈനിക കേന്ദ്രം യാതൊരുവിധ അടയാളങ്ങളും പ്രകടിപ്പിക്കാതെ നിയന്ത്രണത്തിലാണ്. സ്വാതന്ത്ര പ്രസ്ഥാനങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളെല്ലാം തന്നെ പെട്ടെന്ന് സൈനിക-രാഷ്ട്രീയ കേന്ദ്രങ്ങളായി മാറുകയാണുണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയ ഘടനയില്‍ നിന്നും പതിയെ സൈനിക നീക്കങ്ങള്‍ സ്വതന്ത്രമായി. ദേശിയതാ സംരക്ഷണം എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയം സൈനികനീക്കത്തെ നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തുകൊണ്ടിരുന്നു, അതേസമയം തന്നെ ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ നിന്നും അത്തരം ഇടപെടലുകള്‍ സ്വയം മാറിനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡല്‍ഹിയില്‍ കേന്ദ്രഭരണത്തിന്റെ രീതിയും സ്വഭാവവും മാറിക്കൊണ്ടിരുന്നപ്പോഴും കശ്മീരിലെ സൈനിക നീക്കങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല. സിവില്‍ ഭരണത്തിനും തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും കശ്മീരില്‍ മുടക്കങ്ങളൊന്നും വന്നിട്ടില്ലെങ്കിലും അവയെല്ലാം തന്നെ വെറും രാഷ്ട്രീയ കെട്ടിച്ചമക്കലുകളായി ബാക്കിനില്‍ക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കാനും തദ്ദേശീയമായി ആളുകളെ കൂടെ നിര്‍ത്താനുമുള്ള നാടകങ്ങളാണ്  തിരഞ്ഞെടുപ്പുകള്‍. പൊതുമണ്ഡലത്തിന് മേലുള്ള സ്ഥാനപരമായ ആധിപത്യം(Spatial Domination), നിത്യജീവിതത്തിന് മേലുള്ള സൈനിക നിയന്ത്രണം, ഹിംസയുടെ കൃത്യമായ നടത്തിപ്പ് എന്നീ മൂന്ന് ഘടകങ്ങള്‍ വ്യവസ്ഥാപിതമായി അവിടെ നടന്നു പോരുന്നു. ഇതിന് ഫലമായി ഇന്ത്യന്‍ പട്ടാളത്തിന്റെ ദയകൊണ്ടും ഭീഷണിയെ പറ്റിയുള്ള അവരുടെ കാഴ്ച്ചപ്പടുകളെ  കേന്ദ്രീകരിച്ചും മാത്രം ജീവിതം സാധ്യമാവുന്ന ഇടമായി യഥാര്‍ഥത്തില്‍ കശ്മീര്‍ മാറിയിരിക്കുന്നു.

ബിലാലിനെ കൊല്ലുന്നതിന് മുമ്പ് അവന് മുന്നറിയിപ്പ് നല്‍കാന്‍ പട്ടാളത്തിന് കഴിയുമായിരുന്നു, അങ്ങനെയാണെ് കശ്മീരില്‍ നടക്കുന്ന എതിര്‍ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്നതിനെയും കൊലപ്പെടുത്തുന്നതിനെയും പറ്റി അവര്‍ ഔദ്യോഗിക കുറിപ്പുകളില്‍ പരാമര്‍ശിക്കാറുള്ളത്. 2018 നവംബറില്‍ ദക്ഷിണ കശ്മീരിലെ ഷോപിയനിലുള്ള റഈസ് വാനി എന്ന മാനസികരോഗി പട്ടാള കാമ്പിലേക്ക് അറിയാതെ നടന്നുപോയപ്പോള്‍ അയാളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം അയാളുടെ ‘ഉദ്ധേശം’ വളരെ പെട്ടെന്ന് പട്ടാളക്കാരെ തെറ്റിദ്ധരിപ്പിച്ചിരിക്കാം എന്നാണ് ഔദ്യോഗിക വക്താവ് കൊലയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. 2018 ജനുവരിയില്‍ മാനസികമായി വൈകല്യമുള്ള ഹബീബുള്ള എന്ന അറുപത്തഞ്ചുകാരനായ, അര്‍ധനഗ്നനായും ചെരുപ്പിടാതെയും നടക്കുന്ന ആളെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനടുത്തേക്ക് നടന്നതിന്റെ പേരില്‍ കൊലപ്പെടുത്തിയപ്പോള്‍ ഹബീബുള്ളക്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നാണ് ആര്‍മി വാദിച്ചത്. അഥവാ ‘കറങ്ങി നടക്കുന്നു’ എന്ന പേരു പറഞ്ഞാണ് മാനസികമായി വൈകല്യമുള്ള ആളുകളെ ആര്‍മി നിരന്തരം വെടിവെച്ചു കൊല്ലുന്നത്.

എങ്ങനെയാണ് മാനസികമായി ആരോഗ്യമില്ലാത്ത ഒരാള്‍ മുന്നറിയിപ്പിനെ മനസ്സിലാക്കുന്നത് എന്നത് സങ്കീര്‍ണ്ണമായ കാര്യമാണ്. അവര്‍ക്ക് ഒരു മുന്നറിയിപ്പ് മനസ്സിലാക്കാന്‍ കഴിയുകയും കഴിയാതിരിക്കുകയും ചെയ്യും. പ്രത്യേകിച്ചും കശ്മീരികള്‍ക്ക് പരിചിതമല്ലാത്ത ഒരു ഭാഷ(ഹിന്ദി)യിലാണ് പട്ടാളക്കാര്‍ അവരോട് സംസാരിക്കാറുള്ളത്. കാശ്മീരില്‍ മരണവും ജീവിതവും തമ്മിലുള്ള വ്യത്യാസം അത്തരം മുന്നറിയിപ്പിലാണ് കിടക്കുന്നത്. ഇന്ത്യന്‍ പട്ടാളക്കാര്‍ യുദ്ധം ചെയ്യാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്, ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുദ്ധപ്രദേശത്ത് നില്‍ക്കുന്നതിന് സമമായ നിര്‍ദേശങ്ങളാണ് പട്ടാളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരികള്‍ എല്ലാസമയത്തും തങ്ങള്‍ക്ക് ഭീഷണിയാണ് എന്നാണ് അവര്‍ കരുതുന്നത്, അല്ലാത്ത പക്ഷം കശ്മീരികള്‍ അത് തെളിയിക്കേണ്ടിയിരിക്കുന്നു.

1990 മുതല്‍ പതിനഞ്ചോളം മാനസിക രോഗികളാണ് പട്ടാള ക്യാമ്പിനടുത്ത് കൊല്ലപ്പെട്ടത് എന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാലത്ത് കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത പതിനായിരക്കണക്കിന് കശ്മീരികളെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ സംഖ്യയാണ്. എന്നാല്‍ കശ്മീര്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്(2005) പ്രകാരം 1.8 മില്യന്‍ ആളുകള്‍-45%) കശ്മീര്‍ താഴ്‌വരകളില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്.’ കശ്മീരില്‍ താമസിക്കുന്ന ഒരാള്‍ ശരാശരി 7.7 ക്രൂര സംഭവങ്ങള്‍ തന്റെ ജീവിതകാലത്ത് അഭിമുഖീകരിക്കുന്നുണ്ട്’ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, ഇത്തരം ഹിംസാത്മക അനുഭവം തങ്ങളുടെ മാനസിക വൈകല്യവുമായി ചേര്‍ന്ന് നില്‍ക്കുകയാണുണ്ടാവുന്നത്. തെറ്റായ മനസ്സിലാക്കലിലൂടെയും തെറ്റായ കേള്‍വിയിലൂടെയും കാഴ്ച്ചയിലൂടെയും എത്ര പൗരന്മാര്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും എന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മാനസിക വൈകല്യമുള്ള ആളുകളെ കൊല്ലുന്നതിന് പൊള്ളയായ  ന്യായീകരണങ്ങള്‍ നല്‍കുന്നു എന്നതുപോലെ തന്നെ സാധാരണ കശ്മീരികളെ കൊല്ലുന്നതിനും അവര്‍ യാതൊരുവിധ തക്കതായ ന്യായീകരണങ്ങളും നല്‍കാറില്ലെന്ന് മാത്രമല്ല, കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവും കാണാനും കഴിയില്ല. പല കൊലപാതകങ്ങള്‍ക്കും അവര്‍ ന്യായീകരണങ്ങള്‍ പോലും നല്‍കാറില്ല- അത്തരം കൊല്ലപ്പെട്ട ആളുകളുടെ രാഷ്ട്രീയ അഭിപ്രായങ്ങളും പ്രവൃത്തികളും സ്വയം തന്നെ ‘പ്രത്യേകാധികാരത്തെ’ സാധൂകരിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

2014 മുതല്‍ 2016 വരെയുള്ള എന്റെ എത്‌നോഗ്രഫിക് പഠനങ്ങളില്‍ സിവിലിയന്മാരുടെ കൊലപാതകം അബദ്ധവശാല്‍ സംഭവിക്കുന്ന ഒന്നാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നില്ലെന്ന് കാണാന്‍ കഴിഞ്ഞു. സൈനിക നീക്കങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ സ്വേഛാപരവും യാന്ത്രികവും കാരണങ്ങള്‍ ആവശ്യമില്ലാത്തതുമാണെന്നാണ് അവര്‍ കരുതുന്നത്. എപ്പോള്‍ എങ്ങനെയെല്ലാം  ഒരുമിച്ചു കൂടണം, എപ്പോള്‍ എവിടെ പോകണം,ആരോടൊക്കെ കൂട്ടുകൂടണം തുടങ്ങിയതിനെ പറ്റിയുള്ള സൈനിക നിയന്ത്രണങ്ങള്‍ കശ്മീരികള്‍ ലംഘിക്കുന്നു എന്ന നിലക്ക് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടേ ഇരിക്കാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ഞാന്‍ സംസാരിച്ച പലരും സ്റ്റേറ്റ് വയലന്‍സിന് വിധേയരായിട്ടുണ്ട്. അടിയും മറ്റുതരത്തിലുള്ള ശാരീരിക ശിക്ഷകളുമാണ് അപ്പോള്‍ ലഭിക്കുക. പലരും തങ്ങളുടെ ജീവിതത്തില്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.

സൈന്യത്തിന്റെ കല്‍പ്പനകള്‍ പാലിക്കാതിരിക്കുകയും പാലിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നരോട് ക്രൂരതകള്‍ കാണിക്കുന്നു എന്ന് മാത്രമല്ല, നിരന്തരമായ ഹിംസയിലൂടെയും പൊതുഇടങ്ങളിലെ നിയമങ്ങള്‍ നിരന്തരം മാറ്റുന്നതിലൂടെയും സൈനിക കല്‍പ്പനകള്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തെ കൂടിയാണ് പട്ടാളക്കാര്‍ നിര്‍മ്മിച്ചെടുക്കുന്നത്. ആളുകളെ ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ‘പ്രാപ്തരാക്കുമ്പോള്‍’ സൈന്യവും അവരുടെ വിഷയികളും തമ്മിലുള്ള പ്രാഥമികമായ സംവേദനം ‘മൃതൃുരാഷ്ട്രീയം'(Necropolitical) എന്ന തലത്തില്‍ മാത്രമായിത്തീരുന്നു. അഥവാ സൈന്യത്തിന്റെ ഇരകളായിത്തീരുന്നവരുടെ ജീവിതം മരണമായിത്തീരുന്നു( രാഷ്ട്രീയ ചിന്തകന്‍ അഷില്‍ എംബംബെ(Achille Mbembe) നെക്രോപൊളിട്ടിക്‌സിനെ പറ്റി വിശദീകരിക്കുന്നുണ്ട്.). സൈന്യത്തിന്റെ ഭൗതിക ഘടന സ്വയം തന്നെ കശ്മീരികളുടെ ജീവനുമേലുള്ള അപകടത്തെ  വലിയ അളവില്‍ വര്‍ധിപ്പിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ബങ്കറുകള്‍ സ്ഥാപിച്ചും മൊബൈല്‍ മിലിറ്ററികളിലൂടെയും അവര്‍ ഹിംസ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊതു വ്യാവഹാരിക സ്ഥാപനങ്ങളും(Public Institutions) സൈന്യത്തിന്റെ പരിധിക്കകത്ത് വന്നു ചേര്‍ന്നു. ഹൈവേകളും പാലങ്ങളും റോഡുകളും ഡാമുകളും എയര്‍പോര്‍ട്ടുകളും രണ്ട് കാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി, അതില്‍ തന്നെ സൈനിക ആവശ്യങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കപ്പെട്ടത്.

സൈന്യത്തിന്റെ പിടിച്ചെടുക്കലുകളും കശ്മീരികളുടെ ഇടത്തെ പറ്റിയുള്ള ബോധ്യങ്ങളും തമ്മില്‍ പെട്ടെന്നു തന്നെ നേരിട്ടുള്ള കലഹത്തിലേര്‍പ്പെടാന്‍ തുടങ്ങി. കശ്മീരികള്‍ക്ക് കാലങ്ങളായി പരിചിതമായതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും വഴികളും, അവര്‍ പുണ്യസ്ഥലങ്ങളായി മനസ്സിലാക്കി ആരാധിക്കുന്ന കേന്ദ്രങ്ങളും, അവരുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും കേന്ദ്രങ്ങളായ താഴ്വരകളും തോട്ടങ്ങളും വളരെ പെട്ടെന്ന് സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായി.സൈന്യത്തിന്റെ ‘സുരക്ഷാ പ്രശനങ്ങള്‍’ കടക്കാന്‍ പറ്റാത്ത പ്രദേശങ്ങള്‍, നിയന്ത്രണങ്ങളോടെ കടക്കാവുന്ന ഇടങ്ങള്‍, സായുധ കലാപ ഭാഗങ്ങള്‍, പ്രത്യേക പോലീസ് പ്രദേശങ്ങള്‍ എന്നിവയുണ്ടാക്കി കാശ്മീരി സ്ഥല ഭാവനകളെ മാറ്റി. എങ്ങനെയാണ് കശ്മീരികള്‍ തങ്ങളുടെ മാതൃദേശത്തെ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. സ്വകാര്യ ഇടങ്ങള്‍ പോലും ആര്‍മിയുടെ രോഷത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. വീടുകളും കോളനികളും റിബലുകള്‍ ഒളിച്ചിരിക്കുന്നു എന്ന പേരില്‍ ആക്രമിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്യുന്നു. ‘സമാധാനം പുനഃസ്ഥാപിക്കുക’ എന്ന ന്യായത്തിന്‍മേലാണ് വലിയ തരത്തില്‍ വീടുകള്‍ നശിപ്പിക്കപ്പെടുന്നത്. മരണപ്പെട്ട കശ്മീരികളുടെ പേരിലുള്ള പൊതു ഇടത്തിലെ ശുദ്ധജല പൈപ്പുകള്‍ പോലുള്ള സ്മാരകങ്ങളും ഓര്‍മ്മകളും അവ നിര്‍മ്മിച്ച് നിമിഷങ്ങള്‍ക്കകം നശിപ്പിക്കുക എന്നതും അവരുടെ ക്രൂരതകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.

കശ്മീരിലെ സൈനിക നീക്കങ്ങള്‍ കശ്മീരികളെ മൊത്തം യാതൊരുവിധ പാളിച്ചകളുമില്ലാതെ നിയന്ത്രണവിധേയരാക്കേണ്ടുന്ന കലാപകാരികളായി ചിത്രീകരിക്കുന്നു. അവരെ നിയന്ത്രിക്കാനായി നിരന്തരമായ കലാപങ്ങള്‍ക്ക് പാത്രമാണ് കശ്മീരെന്ന് വരുത്തിത്തീര്‍ക്കുകയും കലാപം നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തുകൊണ്ട് അവിടെ സ്ഥിരമായി നില്‍ക്കാനുള്ള ആളുകളുടെ മനക്കരുത്തിനെ ഇല്ലാതാക്കുകയാണ് സൈന്യം ചെയ്യുന്നത്. ഒരേ സമയം വ്യവസ്ഥാപിതമായി ഹിംസ നടപ്പില്‍ വരുത്താനും  അതേ സമയം അന്താരാഷ്ട്ര കാഴ്ച്ചകളില്‍ നിന്നും അതിനെ മറച്ചുവെക്കാനും  സൈന്യത്തിന് കഴിയുന്നു . രാഷ്ട്രീയമായ പ്രശ്‌നപരിഹാരത്തിനുള്ള സൈനിക തന്ത്രമൊന്നുമല്ല യഥാര്‍ഥത്തില്‍ ഇത്തരം നീക്കങ്ങള്‍, മറിച്ച് ഒരു ദേശത്തെ മുഴുവന്‍  സൈനികമായി അടച്ചുപൂട്ടിയിടാനുള്ള രാഷ്ട്രീയ തന്ത്രമാണത്. കശ്മീരിന് മേല്‍ രാജ്യത്തിന് നിയമസാധുത നഷ്ടപ്പെടുമ്പോള്‍ സൈനിക നീക്കം മാത്രമാണ് കശ്മീരിനെ കൈവിടാതിരിക്കാനുള്ള ഇന്ത്യയുടെ മുന്നിലുള്ള ഏക വഴി. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം എന്നു പറയുന്നത് ഇന്ത്യ തങ്ങളെ ഭരിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകളോട് സംഘര്‍ഷത്തിലേര്‍പ്പെടുന്നതിലൂടെ മാത്രമേ സാധ്യമാവൂ. സൈനിക നീക്കങ്ങള്‍ക്കിടയില്‍ ചെറിയ തരത്തിലുളള രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും സൈന്യത്തിന്റെ നിയന്ത്രണ പരിധിക്കകത്ത് പരിമിതമാണ് രാഷ്ട്രീയ വ്യവസ്ഥ. സൈന്യത്തിന്റെ കൊല്ലാനുള്ള അവകാശത്തില്‍ അമര്‍ന്ന് ജീവിക്കുന്ന കശ്മീരികളെ പോലെ തന്നെ എല്ലാ രാഷ്ട്രീയ ഇടങ്ങളും സൈന്യം രൂപപ്പെടുത്തിയെടുത്ത ഹിംസാത്മക ഭാവനകള്‍ക്കകത്ത് ഞെരുങ്ങി നില്‍ക്കുകയാണവിടെ.

സൈനിക അതിക്രമങ്ങള്‍ സ്വയം മറഞ്ഞുകിടക്കുന്ന ഒന്നൊന്നും അല്ല കശ്മീരില്‍. കശ്മീരികള്‍ അതെന്താണെന്ന് കൃത്യമായി കണ്ടവരാണ്. സൈനിക നീക്കത്തെ പറ്റി ഞാന്‍ കണ്ടവര്‍ക്കും അഭിമുഖം നടത്തിയവര്‍ക്കും കൃത്യമായ ചിത്രങ്ങളുണ്ട്. ഒരു പ്രത്യേക സമയത്തേക്ക് ആളുകളെ  പ്രതിരോധിച്ചു നിര്‍ത്തുക എന്നതിലുപരി സൈന്യത്തിന്റെ അതിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളും അവര്‍ അനുഭവിച്ചിട്ടുണ്ട്. 1947 ല്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ വിഭജനവുമായി ബന്ധപ്പെട്ടു കിടക്കുന്നതല്ല കശ്മീരികളുടെ രാഷ്ട്രീയ കര്‍തൃത്വങ്ങള്‍. സ്വയം നിര്‍ണിതാവകാശത്തിനുള്ള അന്താരാഷ്ട്ര തത്വങ്ങളെ പിന്തുടരാന്‍ ശ്രമിക്കുന്ന അവര്‍ ഒരിക്കലും ഇന്ത്യാ-പാകിസ്താന്‍ തര്‍ക്കവുമായോ യുദ്ധവുമായോ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തങ്ങള്‍ക്കവകാശമുള്ള തര്‍ക്കസ്ഥലമായി കശ്മീരിനെ മനസ്സിലാക്കുമ്പോള്‍ അത്തരം വാദങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും കശ്മീരി പൊതുവ്യവഹാരങ്ങളില്‍ കാണാന്‍ കഴിയില്ല.

പരസ്പരം സംസാരിച്ചുതീര്‍ത്താല്‍ അവസാനിക്കും എന്ന് കരുതുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദേശീയവും അതിര്‍ത്തിപരവുമായ തര്‍ക്കം അല്ല കശ്മീര്‍ എന്നും, സൈനിക നീക്കങ്ങള്‍ എല്ലാത്തിനുമുപരിയായി ഹിംസാത്മകമായ യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു എന്നും മനസ്സിലാക്കാന്‍ കുറച്ചധികം സമയം ആവശ്യമായി വരുന്നു. സമരങ്ങളുടെ രീതികള്‍ അവിടെ മാറിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് സൈനിക കേന്ദ്രങ്ങളോടുള്ള സമരങ്ങളായിത്തീര്‍ന്നിട്ടുണ്ട്. സായുധമായി മേഘലകള്‍ പിടിച്ചെടുക്കുക എന്നതിലുപരി സൂചകങ്ങളുപയോഗിച്ച് ആളുകളുടെ പ്രതിരോധത്തെ കുറിച്ചുള്ള ഭാവനകള്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് അവര്‍ കൂടുതലായും ചെയ്യുന്നത്. കശ്മീരിലെ റിബലുകള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും കൂടുതല്‍ യുദ്ധമുറകളുപയോഗിച്ച് സൈന്യത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമല്ല ഉള്ളത്, അഥവാ അതൊരിക്കലും നടക്കാത്ത ഒന്നാണ്. അവര്‍ക്ക് ധാര്‍മ്മികമായി സൈനികനീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. പൂര്‍ണ്ണമായും സായുധമായി സജ്ജരായ പട്ടാളക്കാരെ തെരുവില്‍ കല്ലുകള്‍ കൊണ്ട് നേരിടുന്ന കാഴ്ച്ചകള്‍ വര്‍ധിച്ചിട്ടുണ്ട്. അത്തരം പ്രതിരോധങ്ങളുടെ ചിത്രങ്ങള്‍ ആഗോളതലത്തില്‍ തന്നെ വ്യാപിക്കുകയും സൈനിക ഹിംസയുടെ അടയാളങ്ങളായി വായിക്കപ്പെടുകയും ചെയ്യുന്നു.

1990 കളുടെ അവസാനം മുതല്‍ നിശബ്ദമായിക്കിടക്കുന്ന സായുധ വിഭാഗങ്ങളും മാറ്റങ്ങള്‍ക്ക് വിധേയരായിരിക്കുന്നു. കശ്മീരി റിബലുകള്‍ തങ്ങളുടെ മിലിറ്ററി കഴിവുകളേക്കാള്‍-അങ്ങനെയാന്ന് അവര്‍ക്ക് ഉണ്ടോ എന്ന് പോലും ഉറപ്പില്ല, അവര്‍ക്ക് ഒരുതരത്തിലുമുള്ള ആയുധ പരിശീലനവും ലഭിച്ചിട്ടുമില്ല- തങ്ങളുടെ സൂചകങ്ങളെയാണ്(Symbolic Appeal) ഉപയോഗപ്പെടുത്തുന്നത്. എല്ലാ ആയുധധാരികളും അറിയപ്പെട്ടവരും ജനങ്ങളുടെ വലിയ പിന്തുണയുള്ളവരുമാണ്. അവര്‍ക്ക് ചുറ്റുമുള്ള ജനസാഗരത്തെ അവര്‍ രക്ഷിക്കുന്നു. യുദ്ധത്തില്‍ റിബല്‍ കൊല്ലപ്പെട്ടാല്‍ (പലരും ചേര്‍ന്ന ഉടനെ കൊല്ലപ്പെടുന്നു) വളരെ പെട്ടെന്ന് തന്നെ പുതിയ ആളുകള്‍ അതില്‍ ചേരുന്നു. അവരുടെ ചിത്രങ്ങളെ കശ്മീരി യുവാക്കള്‍ ആദരവോടെ നോക്കിക്കാണുന്നു. കശ്മീരി റിബലുകളും ഇന്ത്യന്‍ പട്ടാളക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സങ്കീര്‍ണ്ണമായ ഒന്നായാണ് വായിക്കപ്പെടാറ്. അംഗസംഖ്യയില്‍ വലിയ വ്യത്യാസം റിബലുകളും ഇന്ത്യന്‍ പട്ടാളക്കാരും തമ്മില്‍ ഉണ്ടാവാറുണ്ട് , അഥവാ ഒന്നോ രണ്ടോ റിബലുകളെ കീഴടക്കാന്‍ നൂറുകണക്കിന് പട്ടാളക്കാരാണുണ്ടാവുക, എങ്കിലും അത്തരം ഇടങ്ങള്‍ പ്രതിരോധത്തിന്റെ തിളങ്ങുന്ന പ്രതീകങ്ങളായാണ് കശ്മീരികള്‍ കണക്കാക്കുക. മരണപ്പെട്ട റിബലുകളുടെ ശരീരം കശ്മീരി പതാകകൊണ്ട് മൂടുകയും സ്വാതന്ത്ര ഗാനങ്ങള്‍ പാടിക്കൊണ്ട് അവരുടെ വിലാപയാത്ര നടത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ അവരെ മധുരം കൊണ്ട് വരവേല്‍ക്കുകയും താരാട്ടുപാട്ടും ആഘോഷഘാനങ്ങളും പാടുകയും ചെയ്യുന്നു. സായുധ സംഘങ്ങള്‍ വളരെ കുറവാണവിടെ. കുറഞ്ഞ ആളുകള്‍ മാത്രമേ അവിടെ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഗവണ്‍മെന്റ് കണക്കുകള്‍ തന്നെ പറയുന്നു.ഒരാള്‍ സായുധ കലാപകാരി ആവുക എന്നത്  അയാള്‍ തന്റെ ജീവിതത്തില്‍ ചെയ്ത മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കാളും പ്രാധാന്യമുള്ള ഒന്നായാണ് കശ്മീരികള്‍ മനസ്സിലാക്കുന്നത്.

സൈനിക നീക്കങ്ങള്‍ അഹിംസാപരമായ ശാരീരിക, രാഷ്ട്രീയ ഇടങ്ങളിലേക്ക് ഉൾവലിഞ്ഞപ്പോൾ പുതിയ കശ്മീരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമരത്തിനും, രാഷ്ട്രീയത്തിനും , ഭാവനകള്‍ക്കും വലിയ തരത്തില്‍ ഇടം നല്‍കിത്തുടങ്ങി. ഗവണ്‍മെന്റിന്റെ നിര്‍ബന്ധത്തിനാല്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പുകള്‍ വ്യവസ്ഥാപിതമായി കശ്മീരികള്‍ ബഹിഷ്‌കരിച്ചു. വ്യക്തികളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ പ്രശ്‌നങ്ങളുള്ളത് കൊണ്ടല്ല, മറിച്ച് സൈനികര്‍ക്കെതിരെയാണ് അവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന വംശീയ ജനാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ വെല്ലുവിളികളായിരുന്നു ഓരോ ബഹിഷ്‌കരണങ്ങളും. സൈനിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിജയകരമായ അത്തരം ബഹിഷ്‌കരണങ്ങള്‍ സൈനിക നീക്കങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ജനാധിപത്യം സാധ്യമാകില്ല എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു.

Image result for kashmir killingsഎല്ലാത്തിനുമുപരി,ജനങ്ങള്‍ എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്നാണ് ഉറപ്പ് വരുത്തുന്നത്. സൈന്യം ഏതെങ്കിലും കശ്മീരിയെ കൊല്ലുന്ന സമയം അത് കാട്ടുതീ പോലെ താഴ്‌വരയില്‍ പരക്കുന്നു. പ്രതിഷേധിക്കാനായി ആളുകളെല്ലാം അവരുടെ കച്ചവടവും ഗതാഗതവും നിര്‍ത്തി വെക്കുകയും ഹർത്താൽ ആചരിക്കുകയും തെരുവിലിറങ്ങുകയും ചെയ്യുന്നു. ഇത്തരം ഒത്തുചേരലുകളില്‍ നിന്നും കശ്മീരികളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സൈന്യത്തിന്റെ തേട്ടത്തെ(Desire) തങ്ങള്‍ കൂട്ടമായി എതിര്‍ക്കുന്നു എന്ന കാര്യത്തില്‍ ആളുകള്‍ സന്തോഷം കണ്ടെത്തുന്നു. ഇത്തരം പ്രതിഷേധങ്ങളെ പിടിച്ചു കെട്ടുന്നതിനേക്കാള്‍ എളുപ്പത്തില്‍ പട്ടാളത്തിന് ഇതിന് ശിക്ഷയെന്നോണം ജനജീവിതം സതംഭിപ്പിക്കാനാണ് സാധിക്കുക. തങ്ങളുടെ ഇത്തരം ബഹിഷ്കരണത്തെ പറ്റി കഴിഞ്ഞ വേനല്‍ക്കാലത്ത് ഞാന്‍ സംസാരിച്ച ഒരു കടക്കാരന്‍ എന്നോട് പറഞ്ഞു:’ എന്റെ ജീവിതം എങ്ങനെ നീങ്ങണം എന്ന് അവര്‍ക്ക് എന്നോട് നിര്‍ബന്ധം പിടിക്കാം. പക്ഷേ ഞാന്‍ എന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ക്ക് എന്നെ നിര്‍ബന്ധിക്കാന്‍ കഴിയില്ല’

എങ്ങനെയാണ് ഇത്തരം സ്വയം-അടിച്ചേല്‍പ്പിക്കുന്ന വേദനയെ മനസ്സിലാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്- അടച്ചിടലുകള്‍ക്കെതിരെ ചില കശ്മീരികള്‍ അത് സ്വന്തത്തെ തകര്‍ക്കുന്നത് പോലെയാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്- എന്നാല്‍ സൈന്യത്തിനെതിരെയുള്ള എതിര്‍പ്പുകള്‍ അപ്രതീക്ഷിതമായും മൗലികമായും ഉണ്ടായിത്തീരുന്നവയാണ്. ‘പ്രതിരോധം’ വിജയത്തെ കുറിച്ചുള്ളതല്ല എന്ന് ചില കശ്മീരികള്‍ അഭിപ്രായപ്പെടുന്നു, കുറഞ്ഞത് അത് ചെറിയൊരു സമയത്തേക്ക് മാത്രമുള്ളതല്ല. പ്രതിരോധത്തെ പറ്റിയുള്ള ആധികാരിക രൂപകം ‘വിജയം’ അല്ല, ത്യാഗമാണ്. ത്യാഗം അര്‍ഥമില്ലാത്ത തോല്‍വിയല്ല , പ്രതീക്ഷയറ്റവരെ ഒരുമിച്ചുകൂട്ടുന്ന പരാജയമാണത്. കശ്മീരി യുവാക്കള്‍ തെരുവില്‍ നിന്നും സ്റ്റേറ്റ് സംവിധാനങ്ങളുമായി ഏറ്റുമുട്ടുകയും തങ്ങളെ കൊല്ലാനും ആക്രമിക്കാനും അവരെ ക്ഷണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. അത് മരണത്തെ ആഗ്രഹിക്കുന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചേക്കാം, എന്നാല്‍ നെക്രോപൊളിറ്റിക്‌സിനെതിരെയുള്ള അവസാന ആയുധമായി ജീവനെ തന്നെ മുന്നില്‍ വെച്ച് വെല്ലുവിളിക്കുകയാണിവിടെ.

കശ്മീരില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ ദേശീയത ശക്തമായി പിന്തുണക്കുന്നതും   അവസാനിക്കാത്തതും  ആണെന് കശ്മീരിലെ യുവ ആക്റ്റിവിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമ ഇടങ്ങളിലും സൈന്യത്തെ പിന്തുണക്കുന്ന ആളുകള്‍ കശ്മീരികളോട് ‘പാക്കിസ്താനിലേക്ക് പോകാനോ’ അല്ലെങ്കില്‍ ‘ഇന്ത്യക്ക് വിധേയരാവാനോ’ അല്ലെങ്കില്‍ മരിക്കാനോ ആവശ്യപ്പെടാറുണ്ട്. ഇതിന് ഫലമായി ചില കശ്മീരി യുവാക്കള്‍ ആശയറ്റവരായി മാറുന്നു. കശ്മീരില്‍ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നതിനെ പറ്റി ദേശീയവും കെട്ടിച്ചമച്ചതുമായ കഥകള്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ പൗരന്മാര്‍ സൈന്യത്തില്‍ നിന്നും കശ്മീരികള്‍ അനുഭവിക്കുന്നത് പോലുള്ള ക്രൂരതകള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ സൈനിക നിയന്ത്രണം അവസാനിക്കൂ എന്ന് മറ്റു ചില കശ്മീരികള്‍  വിശ്വസിക്കുന്നു. സൈന്യത്തിന്റെ ഹിംസകള്‍ അധികകാലം കശ്മീരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന് ആക്റ്റിവിസ്റ്റുകള്‍ വാദിക്കുന്നു. അവര്‍ അവസരം വരുമ്പോള്‍ വ്യാപിക്കുകയും ഇന്ത്യയുടെ മൊത്തം പൊതുമണ്ഡലത്തിലും ആധിപത്യമുറപ്പിക്കുകയും ചെയ്യും എന്നും സൈന്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആന്തരികമായ മുറിവുകള്‍ ഏല്‍പ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. സായുധമായി കശ്മീരികള്‍ സൈന്യത്തെ തകര്‍ത്തില്ലെങ്കില്‍ ഇന്ത്യയുടെ സ്വന്തം പൗരന്മാര്‍ക്കു മേലും അവര്‍ തങ്ങളുടെ അധികാരം ബലപ്രയോഗത്തിലൂടെ സാധ്യമാക്കും.

Image result for kashmir issueകശ്മീരിനകത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കശ്മീരി എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും അവിടെ നടക്കുന്ന അനീതികളെ ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ മണ്ഡലങ്ങള്‍ക്ക്  കാണാന്‍ സാധിക്കും വിധം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കശ്മീര്‍ നീതിക്കുവേണ്ടിയുള്ള ആഗോള യുദ്ധത്തിന്റെ സവിശേഷമായ കണ്ണിയാണെന്ന് അവര്‍ വാദിക്കുന്നു. ഫലസ്തീന്‍ ജനതയുമായി ഐക്യപ്പെടാത്ത ഒരാള്‍ക്ക് കശ്മീരിലെ ഇന്ത്യന്‍ സൈനിക നീക്കത്തെ അനുകൂലിക്കാം; അല്ലെങ്കില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥക്കെതിരെ സംസാരിക്കുന്ന ആള്‍ക്ക് കശ്മീരികള്‍ക്കെതിരെയുള്ള സ്‌റ്റേറ്റ് ഹിംസക്കെതിരെ മിണ്ടാതിരിക്കാം. സാമൂഹിക മാധ്യമ ഇടങ്ങളില്‍ ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ വെല്ലുവിളിക്കും വിധം കശ്മീരി ആക്റ്റിവിസ്റ്റുകള്‍ തങ്ങളുടെ അനുഭവങ്ങളെ വരച്ചുകാണിക്കാറുണ്ട്. 2008 മുതല്‍ കശ്മീരി എഴുത്തുകള്‍ക്ക് ഇന്ത്യക്കകത്തും പുറത്തും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കഥ, ഓര്‍മ്മ, കവിത, ആഖ്യാനം തുടങ്ങിയ ജോനറുകളിലുള്ള ഇംഗ്ലീഷ് എഴുത്തുകള്‍ക്ക് വലിയ അളവില്‍ പ്രസാധകരെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. സാഹിത്യത്തിലെ പുതിയ എഴുത്തുകള്‍, പ്രത്യേകിച്ചും ഫിറോസ് റാത്തറിന്റെ  The Night of Broken Glass(2008)  പോലുള്ള എഴുത്തുകള്‍ ഇന്ത്യന്‍ ദേശീയതയുടെ സങ്കുചിതമായ ഭാവനകളില്‍ വിള്ളലുകള്‍ വീഴത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭാവനകളിലെ കശ്മീരി വാര്‍പ്പുമാതൃകള്‍ക്ക് എതിരെ- കശ്മീരിന്റെ ശാന്തമായ സുന്ദര താഴ്‌വരകളെ പറ്റിയുള്ള സിനിമാ കാഴ്ച്ചകള്‍ മുതല്‍ ഇന്ത്യയുടെ ശരീര-രാഷ്ട്രീയത്തിന്(Body-Politics) വലിയ ഭീഷണിയായ നശിപ്പിക്കപ്പെടേണ്ടുന്ന ദേശദ്രോഹിയായ കശ്മീരി വരെ-  പൂര്‍ണ്ണ വ്യക്തിത്വങ്ങളായ, കശ്മീരിനോട് അടങ്ങാത്ത സ്‌നേഹമുള്ള, സ്വന്തം ചരിത്രം നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്രതിരോധ ശബ്ദങ്ങള്‍ അവിടെ നിന്നും ഉയര്‍ന്നു വരുന്നു.

Image result for kashmir issueഎന്നാല്‍, ഇതില്‍ എതെങ്കിലും ഒന്നിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുണ്ടോ?ലോകത്താകമാനം ചെറിയ രാജ്യങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്രൂരമായ ഒരു ചരിത്രഘട്ടം ഉണ്ടെന്നും അതിന്റെ ഭാഗമാണ് ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം എന്നും കശ്മീരി ആക്റ്റിവിസ്റ്റുകള്‍ ഭയപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ സ്ഥിരമായി സ്ഥാപനവത്കരിക്കപ്പെട്ട ക്രൂരതകളുടെ ഫലമായിരിക്കാം കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, സോഷ്യോളജിസ്റ്റ് ആയ സസ്‌കിയ സാസന്‍(Saskia Sassen) ‘തോറ്റവര്‍’ എന്ന് വിളിക്കപ്പെടുന്നവരോടുള്ള നിത്യജീവിതത്തിലെ ക്രൂരതകളും ഹിംസാത്മക സ്വഭാവവും വിവരിക്കുന്നുണ്ട്.  ജനങ്ങളുടെ ഭാഗദേയം(Fate) പരസ്പര ബന്ധിതമാണെന്ന് ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കുന്നുണ്ട്, പ്രത്യേകിച്ചും ഇക്കാലത്ത്.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇന്ത്യന്‍ രാഷ്ട്രീയ വിദഗ്ധന്‍ ‘ഇന്ത്യയുടെ ഉയര്‍ച്ച കശ്മീരികള്‍ ഇല്ലാതാക്കുമോ?’ എന്ന് ചോദിക്കുന്നുണ്ട്. ഫോറിന്‍ അഫയര്‍ മാഗസിനില്‍ അതേ തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ കശ്മീരികള്‍ ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ കഴിയില്ലെന്ന് അയാള്‍ എഴുതുന്നുണ്ട്(സുമിത് ഗാംഗുലി,2006). എന്തുണ്ടായാലും അതെല്ലാം തന്നെ ചെറിയ കുഴപ്പങ്ങള്‍ മാത്രമായിരിക്കും എന്ന അദ്ദേഹം കരുതുന്നു. അത്തരം വിജയ വാദങ്ങളെല്ലാം തന്നെ പക്വതയില്ലാത്തതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ശക്തരായ രാജ്യങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റുകള്‍ കൂടുതല്‍ ഏകാധിപത്യ സ്വഭാവമുള്ളതായി വരികയും, അതിര്‍ത്തിയെ പറ്റി കൂടുതല്‍ ബോധവാന്മാരാവുകയും മനുഷ്യാവകാശങ്ങളെ അവഗണിക്കുകയും ചെയ്യുന്നതായി കാണാം. ദേശീയതാവാദികള്‍ യഥാര്‍ഥത്തിലുള്ളതും ഭാവനാത്മകവുമായതുമായ ‘ഭീഷണികളെ’ രൂപപ്പെടുത്തിയെടുത്ത് കൊണ്ട് തങ്ങളുടെ സ്വന്തം പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായി പുതിയ കാലത്ത് ധാരാളമായി കണ്ടുവരുന്നുണ്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയിലെ ഹിന്ദു ദേശീയതാ പ്രസ്ഥാനം ‘ഭീഷണി’ എന്ന പ്രയോഗം ഉപയോഗിച്ച് കശ്മീരി-മുസ്‌ലിം-പാകിസ്താന്‍ അനുകൂലികള്‍ എന്ന വിഭാഗത്തെ ഭാവനാത്മകമായി രൂപീകരിക്കുകയും ഇന്ത്യയുടെ മൊത്തം രാഷ്ട്രീയ ഘടനയിലും ഭയം ഉല്‍പാദിപ്പിക്കുകയും ചെയ്തിട്ടാണ് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ തീവ്ര-വലത്പക്ഷ കൂട്ടാളികളാണ് ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ ഘടന കൈകാര്യം ചെയ്യുന്നത്(മാധ്യമങ്ങള്‍,സര്‍വ്വകലാശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍).ന്യൂനപക്ഷ വിരുദ്ധതയും ജാതീയതയും ഇന്ത്യയില്‍ ധാരാളമായുണ്ട്, കോടിക്കണക്കിനാളുകള്‍ പട്ടിണിയിലുമാണ്. മതഭ്രാന്തന്മാര്‍ തെരുവിലിറങ്ങുകയും രാഷ്ട്രം എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

ഫാഷിസത്തിലേക്ക് പതിയ നടന്നടുക്കുന്ന ഒരു രാഷ്ട്രത്തില്‍ പൗരവ്യവഹാരങ്ങളിലേക്ക് മടങ്ങുക എന്നത് വളരെ കുറച്ചു മാത്രം സാധ്യമാകുന്ന ഒന്നാണ്. മതേതരവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ രാഷ്ട്രീയം ഇന്ത്യയില്‍ സാധ്യമാവണമെങ്കില്‍ കാശ്മീര്‍ പ്രശ്‌നം ഇന്ത്യ രാഷ്ട്രീയമായി അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് പല ഇന്ത്യക്കാരും മനസ്സിലാക്കി തുടങ്ങി. ജാതി-ഹിന്ദുക്കളില്‍ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്രം സൈനിക നീക്കത്തില്‍ നിന്നുള്ള കശ്മീരിന്റെ സ്വാതന്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയി എഴുതുന്നു:’ കശ്മീരിന് ഇന്ത്യയില്‍ നിന്നും ആസാദി(സ്വാതന്ത്രം) ലഭിക്കുന്നത് പോലെതന്നെ ഇന്ത്യക്ക് കശ്മീരില്‍ നിന്നും സ്വാതന്ത്രം ലഭിക്കേണ്ടതുണ്ട്’.

യു.എസിലെ നോര്‍ത്ത് ആദംസിലെ മസാച്ചുസെറ്റ്‌സ് കോളേജ് ഓഫ് ലിബറല്‍ ആര്‍ട്‌സിലെ ആന്ത്രോപ്പോളജി വിഭാഗം അധ്യാപകനാണ് മുഹമ്മദ് ജുനൈദ്‌

 

കടപ്പാട്: The Funambulist 21 (January-February 2019) Space & Activism

 

മുഹമ്മദ് ജുനൈദ്