Campus Alive

ഇസ്‌ലാമോഫോബിയ വംശീയ സിദ്ധാന്തമോ?

ഇസ്‌ലാമോഫോബിയ പൗരത്വത്തെ അസാധുവാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സല്‍മാന്‍ സയ്യിദ് ആരംഭിക്കുന്നത്. അഥവാ, ഈ വ്യവഹാരം ഒരു തരത്തിലുള്ള മുസ്‌ലിം വിരുദ്ധ വംശീയത ഉത്പാദിപ്പിക്കുന്നുണ്ട്.

ഇസ്‍ലാമോഫോബിയയുടെ നിലവിലെ നിര്‍വചനം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിത്തറ ഇളക്കുന്നതാണെന്ന് ദി നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ (NPCC) പ്രസ്താവിക്കുന്നു. പ്രതികരണം?

ഇസ്‍ലാമോഫോബിയയുടെ നിര്‍വചനങ്ങള്‍ക്കെതിരെ പ്രതിസ്വരങ്ങള്‍ ഉണ്ടാവുന്നതില്‍ അത്ഭുതപ്പെടാനില്ല. വംശീയ വിരുദ്ധ വിവേചനങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളായിരുന്നിട്ടു കൂടി, സമത്വത്തിനും ഉള്‍പ്പെടുത്തലിനും(Inclusion) വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പോലീസ് സംവിധാനം മുന്‍പന്തിയിലുണ്ടായിട്ടില്ല. എങ്കിലും പിന്നീട്, അനവധി പോലീസ് ഉദ്യോഗസ്ഥന്മാരും പോലീസ് സേനയും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നിട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇസ്‍ലാമോഫോബിയയുടെ നിലവിലെ നിര്‍വചനങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ പഴയ അവസ്ഥയിലേക്കുള്ള മടങ്ങിപ്പോക്കിനെയാണ് പ്രകാശിപ്പിക്കുന്നത്.

നല്ല പൊലീസായി പ്രവര്‍ത്തിക്കുക എന്നാല്‍ വംശീയതയെ നിലനിര്‍ത്തുക എന്ന നിഗമനത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ഈ പ്രക്രിയ ഈ മാനസികാവസ്ഥയിലുള്ള വീഴ്ചകളെ വ്യക്തമാക്കുന്നുണ്ട്. കാരണം, ധാര്‍മികമായി മാത്രമല്ല, പ്രായോഗികമായും നല്ല പോലീസ് വര്‍ക്കില്‍ വംശീയതയുടെ പ്രഭാവമുണ്ടാകാവതല്ല. അതിനാല്‍ തന്നെ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ കര്‍തവ്യ നിര്‍വഹണത്തിന് ഇസ്‍ലാമോഫോബിയയുമായി എന്‍ഗേജ് ചെയ്യേണ്ടി വരുമെന്ന വസ്തുത നിരാശാജനകമാണ്.

ഈ വിമര്‍ശനത്തിലെ മറ്റൊരു പോയിന്‍റ് ഇസ്‌ലാമോഫോബിയയുടെ നിര്‍വചനങ്ങള്‍ വളരെ വിശാലവും, അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ വിലക്കുന്നതുമാണ് എന്നതാണ്?

ഇസ്‍ലാമോഫോബിയ വിശാലമാണ് എന്നവാദം അടിസ്ഥാന രഹിതമാണ്‌. ഇസ്‌ലാമോഫോബിയയെ ഒരു വംശീയഘടനയായി നിര്‍വചിക്കുന്നതാണ് അവര്‍ക്ക് പ്രശ്‌നമായി അനുഭവപ്പെടുന്നത്. വംശീയവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 50 വര്‍ഷത്തെ പാരമ്പര്യം നമുക്കുണ്ടെന്ന കാര്യമാണ് ഇക്കൂട്ടര്‍ മറന്നുകളയുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടികൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും മനസ്സിലാവുന്ന വിധത്തില്‍ വംശീയതയെ പറ്റിയുള്ള സാംസ്‌കാരിക ധാരണ (cultural understanding) നമ്മള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു വംശീയ ഘടന എന്ന നിലയില്‍ ഇസ്‌ലാമോഫോബിയ വളരെ സവിശേഷമാണ്. അത് ലക്ഷ്യംവെക്കുന്നത് ഇസ്‌ലാമിനെ അല്ല മറിച്ച് ഇസ്‌ലാമാകുന്നതിനെയാണ് (muslimness). ഹിജാബിനെതിരെയുള്ള ആക്രോശങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമാനമായി വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകള്‍ ഈ ആക്രോശങ്ങളില്‍ നിന്ന് സുരക്ഷിതരാണ്. ചുരുക്കത്തില്‍ വംശീയതയെ കുറിച്ച് ശുഷ്‌കിച്ച ധാരണ മാത്രമാണ് നമുക്കുള്ളത് എന്നത് ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളില്‍ തുടര്‍ന്നുപോവാന്‍ അനുകൂലമായ മണ്ണൊരുക്കുന്നു. ഈ വീക്ഷണത്തെ നിരാകരിച്ചുകൊണ്ട് വിഭാഗീയവും (sectarianism) ദൈവശാസ്ത്രപരവുമായ (theological) സമസ്യകളുടെ ചരിത്രത്തിലാണ് തെരഞ്ഞുകൊണ്ടിരിക്കുന്നതെങ്കില്‍ ചര്‍ച്ചയുടെ മര്‍മ്മപ്രധാനമായ പോയിന്റ് നമുക്ക് നഷ്ടപ്പെടുന്നു. അത് ഇസ്‌ലാമോഫോബിയ എങ്ങനെ അനുഭവപ്പെടുന്നു അല്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെ കുറിച്ചല്ല. മറിച്ച്, ഇസ്‌ലാമോഫോബിയയിലെ വംശീയമായ ഉള്ളടക്കത്തെ കുറിച്ചാണ്.

ഈ നിരീക്ഷണത്തിലെ മറ്റൊരു വിമര്‍ശനം വിഭാഗീയതയുമായി (secterianism) ഇസ്‌ലാമിഫോബിയ ഇടപെടുന്നില്ല എന്നതാണ്. ഇസ്‌ലാമോഫോബിയയുടെ നിര്‍വചനം വിഭാഗീയ-വേര്‍തിരിവുകളെകുറിച്ചോ വിരക്തിയെ കുറിച്ചോ(auterity) കാലാവസ്ഥ വ്യതിയാനങ്ങളെകുറിച്ചോ ഒന്നും തന്നെ പറയുന്നില്ല. ആത്യന്തികമായി ഇസ്‌ലാമോഫോബിയ ബന്ധപ്പെടുന്നുന്നത് ഇസ്‌ലാമോഫോബിയയുമായി മാത്രമാണ്.
എന്തുകൊണ്ടാണ് മുസ്‌ലിങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കുന്ന സമസ്യകളെ അഡ്രസ് ചെയ്യാത്ത ഇസ്‌ലാമോഫോബിയയില്‍ അവര്‍ താത്പര്യപ്പെടുന്നത് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ(ethinical minotities) ഇടയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ മനസ്സിലാകാതെ വംശീയതക്ക് നിര്‍വചനം കണ്ടെടുക്കാന്‍ സാധിക്കാത്ത പോലെ തന്നെയാണിതും. ഇസ്‌ലാമോഫോബിയ സമൂഹത്തിലെ എല്ലാ വ്യാധികളെയും അഭിമുഖീകരിക്കുന്നില്ല. ഈ വിമര്‍ശനം ഇസ്‌ലാമോഫോബിയ വിശാലമാണ് എന്ന ആദ്യത്തെ വിമര്‍ശനത്തിന് വിരുദ്ധവുമാണ്. ഇപ്പോള്‍ അവര്‍ അതിനേക്കാള്‍ വിശാലമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്‌ലാമോഫോബിയയുടെ നിര്‍വചനത്തിന്‍റെ സാക്ഷാല്‍ ഉദ്ദേശ്യം, മുസ്‌ലിം സ്വത്വത്തിന്‍റെ (muslimself) അവിഷ്‌കാരങ്ങളെ ഉന്നം വെക്കുന്ന വംശീയവ്യവസ്ഥയെക്കുറിച്ച് വിശദീകരിക്കുക എന്നതാണ്. ഇതല്ലാതെ മറ്റു അനീതികളെയും അസമത്വങ്ങളെയും ഇസ്‍ലാമോഫോബിയയുടെ നിര്‍വചനം ഉള്‍ക്കൊള്ളുന്നില്ല. ഇതിനര്‍ത്ഥം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതില്ല എന്നല്ല. മറിച്ച് സമകാലിക സാഹചര്യങ്ങളില്‍ ഇസ്‌ലാമോഫോബിയ എങ്ങനെ വര്‍ക് ചെയുന്നു എന്നതിനെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഇസ്‌ലാം ഒരു വംശമല്ല എന്നിരിക്കെ, എങ്ങനെയാണ് ഇസ്‌ലാമോഫോബിയ വംശീയ സിദ്ധാന്തമാകുന്നത് എന്നതാണ് പ്രചുരപ്രചാരമായ മറ്റൊരു വിമര്‍ശനം. അഥവാ മുസ്‌ലീങ്ങള്‍ ഒരു വംശമല്ല എന്ന വിമര്‍ശനത്തെ എങ്ങനെയാണ് നേരിടുന്നത്?

ഈ വംശീയഘടന മു‍സ്‍ലിം സ്വത്വത്തിനെ എങ്ങനെ ലക്ഷ്യം വെക്കുന്നു എന്നതാണ് ചര്‍ച്ചയുടെ മര്‍മ്മം. സാക്ഷാല്‍ വംശം എന്ന കാര്യം ദൈവശാസ്ത്രപരമായി നിലനില്‍ക്കുന്നില്ല. എന്നാല്‍ ഒരുപാട് നാളുകളായി ഒരേ സ്വഭാവത്തിലും മൂല്യവ്യവസ്ഥയിലും മുന്നോട്ട് പോകുന്ന ആള്‍ക്കൂട്ടങ്ങളെ വംശീയവത്കരിക്കുന്ന(racialization) പ്രവണത നിലവിലുണ്ട്. വംശീയതയാണ് വംശങ്ങള്‍ നിലനില്‍ക്കുന്നതിനാധാരം. മുസ്‌ലീങ്ങള്‍ അത്തരത്തില്‍ വംശീയവല്‍ക്കരിക്കപെട്ടിട്ടുണ്ട്. പൊതുബോധത്തിന്‍റെ ഭാഗമായി നിര്‍മിക്കപ്പെടുന്ന അടയാളങ്ങളുടെ പേരില്‍ തിരിച്ചറിയപ്പെടുന്ന ഒരു വിഭാഗം എന്ന നിലയിലാണ് മുസ്‌ലിങ്ങള്‍ പരിഗണിക്കപ്പെടുന്നത്. ഉദാഹരണത്തിന് FBIയുടെ പക്കല്‍ മുസ്‌ലിങ്ങള്‍-തീവ്രമുസ്‌ലിങ്ങള്‍ എന്ന് വേര്‍തിരിച് പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളുണ്ട്. ‘ഇന്ഷാ അല്ലാഹ്’ പറയുന്ന മുസ്‌ലിങ്ങളെല്ലാം റാഡിക്കല്‍ മുസ്‌ലിങ്ങളാണ് എന്നാണ് അവരുടെ നിരീക്ഷണം. അറബികളായ ക്രിസ്ത്യാനികള്‍ ‘ഇന്‍ഷാ അല്ലാഹ്’ പറയാറുണ്ടന്നെ വസ്തുത പല കാരണങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വ്വം അവഗണിക്കുകയും ചെയ്യുന്നു. ഇത് യൂറോപ്യന്‍ വംശീയ വല്‍ക്കരണത്തിന്റെ (European racialization) ഉദാഹരണമാണ് .

മുസ്‌ലിങ്ങള്‍ പ്രത്യുല്‍പാദനം നടത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല, അതിനാല്‍ അവര്‍ വന്ധ്യംകരിക്കപ്പെടണം, എന്ന സാമാന്യവല്‍കൃത ധാരണയോട് ഒരാള്‍ സമരസപ്പെടുന്നത് ഉപരിസൂചിത വംശീയ ശൈലിയുടെ മറ്റൊരു ഉദാഹരണമാണ്. മുസ്‌ലീങ്ങള്‍ ഒരു വംശമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തിരിച്ചറിയുക? ശാസ്ത്രീയ വംശീയതയുടെ(scientific racism) ഇത്തരം രൂപങ്ങളെ ഏത് ഭാഷ ഉപയോഗിച്ചാണ് മനസ്സിലാക്കുക? ഇവിടെ ദൈവശാസ്ത്രപരമായ ചര്‍ച്ചയല്ല ഉദ്ദേശിക്കുന്നത്. മേല്‍സൂചിപ്പിച്ച പ്രകാരം മുസ്‌ലീങ്ങള്‍ ഒരു വംശമായി രൂപാന്തരപ്പെടുന്നുണ്ട് എന്നതിലേക്കാണ് സൂചന.

മുസ്‌ലിങ്ങള്‍ ഒരു വംശം അല്ലെന്ന അനുമാനം, വംശീയതയെക്കുറിച്ചും വംശീയമായ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള അറിവില്ലായ്മയില്‍ നിന്നും വരുന്നതാണ്. എങ്ങനെയാണ് വംശീയമായ നോട്ടപാടുകള്‍ സമൂഹത്തില്‍ സ്ഥാപിക്കപ്പെടുന്നത് എന്നതിന് തെളിവാണിത്.
മുസ്‌ലിങ്ങള്‍ വംശീയവല്‍ക്കരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ആളുകള്‍ക്ക് കേവലം ദൃശ്യ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ അനുമാനങ്ങളില്‍ എത്താന്‍ സാധിക്കുമായിരുന്നില്ല.

അങ്ങനെയെങ്കില്‍ ഒരാള്‍ക്ക് ഹിജാബ് ഒരു ഇസ്‌ലാമിക വസ്ത്രധാരണ രീതിയാണ് എന്നും അതൊരു മതകീയ (religious) സൂചകമല്ലെന്നും വാദിക്കാന്‍ സാധിക്കുമോ?

താടി മുസ്‌ലിമിന്‍റെയോ ഹിപ്സ്റ്ററിന്‍റെയോ അടയാളമാണ്. ഒരു പക്ഷേ ഒരേസമയം രണ്ടിന്റെതുമാകാം. എന്നാല്‍ ഈ രണ്ട് സൂചകങ്ങളും അവ വ്യാഖ്യാനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് സ്വതന്ത്രമായി നിലനില്‍ക്കുന്നില്ല. അതുകൊണ്ടാണ് ചര്‍ച്ച മുസ്‌ലിം സ്വത്വത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നത്. ഫ്രാന്‍സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഉദാഹരണമായി എടുക്കാം. വര്‍ഷങ്ങളായി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ക്യാമ്പയിന്‍ നടത്തുകയും നിരോധിക്കുകയും ചെയ്തു. ഇപ്പോള്‍ അവരുടെ പ്രശ്‌നം മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ സ്‌കെര്‍ട്ടിന് ഇറക്കം കൂടുതലാണ് എന്നതാണ്. ഇവിടെ നീളം കൂടിയ സ്‌കെര്‍ട്ട് പോലും മുസ്‌ലിമാവലിന്‍റെ അടയാളമായിത്തീരുന്നു. അതുകൊണ്ടാണ് സൂചകങ്ങള്‍ സന്ദര്‍ഭവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത്. 9/11ന് ശേഷമുളള ആദ്യ ഇര ഒരു സിഖുകാരനായിരുന്നു . കാരണം അയാള്‍ തലപ്പാവ് ധരിച്ചിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സിഖുകള്‍ മുസ്‌ലിങ്ങളുമായുള്ള സാദൃശ്യത്തിന്‍റെ പേരില്‍ (വേഷവിധാനത്തില്‍) മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

ഇസ്‌ലാമോഫോബിയ, മുസ്‌ലിങ്ങളുടെ രാഷ്ട്രീയ കര്‍തൃത്ത്വത്തെ അസാധുവാക്കാനുള്ള ശ്രമമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. താങ്കള്‍ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

മുസലീങ്ങളുടെ രാഷ്ട്രീയ കര്‍തൃത്തത്തെ (political agency) അസാധുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് പല രാഷ്ട്രീയ മാനങ്ങളുണ്ട്. സ്ഥലാനുഗതമായി മാറി വരുന്നതാണ് അവ. നമുക്ക് പാശ്ചാത്യന്‍ സന്ദര്‍ഭങ്ങളില്‍ നിന്നു കൊണ്ട് വായിക്കാം. ചില പുരോഗമന സംഘടനകള്‍ (neocon organisation) മുസ്‌ലിം വ്യക്തിത്വങ്ങള്‍ക്കെതിരെ ആക്രമണമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെ അവര്‍ ന്യായീകരിക്കുന്നത് നിശ്ചിത തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരായ ‘ശരിയായ’ മുസ്‌ലീങ്ങളല്ല അവര്‍ എന്ന വാദം നിരത്തിയാണ്. മുസ്‌ലിം താത്പര്യങ്ങള്‍ പൊതു ഇടങ്ങളില്‍ പരാമര്‍ശിക്കരുതെന്നും അവയ്ക്ക് നിയമസാധുതയില്ലെന്നുമുള്ള അബോധവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. NCBയുടെ ഇസ്‌ലാമോഫോബിയയെക്കുറിച്ച അന്വേഷണം ഒരുദാഹരണമാണ്. അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, ഒരു മുസ്‌ലിമിന് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമോ എന്നതാണ്. അഥവാ, മറ്റു വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള വിശേഷാവകാശങ്ങള്‍ക്ക് (privileges) മുസ്‌ലിം സമൂഹവും അര്‍ഹമാണോ എന്ന ചോദ്യം.

ഒരുപാട് കാലങ്ങളായി മുസ്‌ലിം സ്‌കൂളുകള്‍ക്ക് ജൂത-ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് ലഭിച്ചിരുന്ന പദവികള്‍ ലഭ്യമായിരുന്നില്ല. നിരന്തരമായ കാമ്പയിനുകള്‍ക്ക് ശേഷമാണ് ഈയവസ്ഥയ്ക്ക് മാറ്റം വരുന്നത്. മുസ്‌ലിം സമൂഹത്തെ പൊതുവര്‍ത്തമാനങ്ങളില്‍ നിയമസാധുതയുള്ള കൂട്ടരായി പരിവര്‍ത്തിപ്പിക്കുന്നതിന് നിരന്തരമായ പോരാട്ടങ്ങള്‍ വേണ്ടി വരുന്നു. അതേയവസരത്തില്‍ ഇസ്‌ലാമോഫോബിയ മുസ്‌ലിം കര്‍തൃത്വത്തെ നിരാകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നു. ഈ വസ്തുതയെ മുന്‍നിര്‍ത്തി, ഇസ്‌ലാമോഫോബിയയെ ഒരു വംശീയ ഘടനയായി നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. വംശീയത, നിരന്തരമായി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ്. വംശീയമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ട വിഭാഗത്തെ തുടച്ചു നീക്കുക എന്നതാണ് അത് ലക്ഷ്യം വെക്കുന്നത്. വംശീയത, എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരെ പൊതു ഇടങ്ങളില്‍ നിന്ന് ബഹിഷ്‌ക്കരിക്കുകയോ ഏതെങ്കിലും തരത്തില്‍ അന്യവല്‍ക്കരിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ഈ അന്യാധീനപ്പെടുത്തല്‍, വംശഹത്യയോ ഹോളകോസ്റ്റോ പോലെ ഭീകരവും പൂര്‍ണവുമായ തുടച്ചുനീക്കലിന്റെ രൂപം പ്രാപിക്കാറുണ്ട്. ചിലയിടത്ത് അത് വര്‍ണവിവേചനത്തിന്‍റെ (aparthied) രൂപത്തിലാണുള്ളത്. ആധുനിക സാഹചര്യങ്ങളില്‍ വംശീയമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ട വിഭാഗങ്ങളെ, ജനാധിപത്യ പദ്ധതിയുടെ ഭാഗമായുള്ള പൗരത്വത്തില്‍ നിന്നും പുറത്ത് നിര്‍ത്തുക എന്ന നയമാണ് അനുവര്‍ത്തിച്ചു വരുന്നത്.

വിവര്‍ത്തനം- അഫ്‌സല്‍ ഹുസൈന്‍

സൽമാൻ സയ്യിദ്