Campus Alive

ഇവിടെ ഹിംസ അനുഷ്ഠാനമായി മാറുന്നു

നരേന്ദ്ര മോഡി ഗവൺമെന്റ് അതിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെ ഏകകണ്ഠമായി പാസാക്കിയെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയാണ്. പ്രതിപക്ഷ ശബ്ദങ്ങളെയൊക്കെയും അതിന് നിർവീര്യമാക്കാനും സാധിച്ചു. ‘ദേശസുരക്ഷ’ എന്ന വാക്ക് ആധുനിക കാലത്ത് ഒരു പഴയ ‘ദൈവിക’ സാമ്രാജ്യത്തിന്റെ പദവി നേടിയിട്ടുള്ള കാഴ്ചയാണ് നാമിവിടെ കാണുന്നത്. ആഗോളവൽക്കരണം പോലുള്ള വലിയ മാറ്റങ്ങളുടെ സന്ദർഭത്തിൽ, ദേശം എന്നു പറയുന്ന സങ്കൽപ്പം സ്വാഭാവികമായും ദുർബലപ്പെടും എന്ന ലിബറൽ പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നവരായിരുന്നു പലപ്പോഴും നമ്മൾ. എന്നാൽ അതിനെയൊക്കെ റദ്ദു ചെയ്യുന്ന അനുഭവങ്ങളാണ് ദേശരാഷ്ട്രങ്ങൾ നമുക്ക് നൽകുന്നത്. ദേശം അതീവശക്തമായ ഒരു സംവിധാനമായി മാറിയിരിക്കുന്നു. ദേശരാഷ്ട്രത്തിന്റെ അധിപന്മാരൊക്കെയും ഒരു തരത്തിൽ ഹിറ്റ്ലേറിയൻ ആയ  രാഷ്ട്രതന്ത്രം പയറ്റാൻ ശ്രമിക്കുകയാണ്. ജനാധിപത്യം നിർവചിക്കപ്പെടുന്നിടത്ത്, അതൊരു ജീവിതരീതി എന്നതിനു പകരം, ദേശത്തിന്റെ പരമാധികാരത്തിലൂടെ എല്ലാം നിർവഹിക്കപ്പെടും, എന്ന ഒരു കാഴ്ചപ്പാടായി വികസിച്ചു വന്നിരിക്കുന്നു. അതു കൊണ്ട് ദേശവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിമർശനമുണ്ടാകുമ്പോൾ തന്നെ അവരെ തീവ്രവാദിയായും ഭികരവാദിയായും പ്രഖ്യാപിക്കുന്ന അവസ്ഥ സംജാതമാവുന്നു. പിന്നീട്, അവർക്ക് ശബ്ദമുയർത്താൻ കഴിയാതെ വരുന്നു.

ഹോളോകോസ്റ്റിനെക്കുറിച്ച് പഠിച്ച സാൻഡർ എൽ ഗിൽമാൻ എന്ന സാമൂഹിക ചിന്തകൻ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്: ‘അപരരുടെ വാക്കുകൾ ചിതറിപ്പോവുന്നു, പിന്നെ ഹിംസ ഒരു അനുഷ്ഠാനമായി മാറുന്നു’ എന്നതാണത്. യഥാർത്ഥത്തിൽ ഇതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ദേശവുമായി ബന്ധപ്പെട്ട് ഭരണവർഗം ഏകകണ്ഠമായി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നീട് അതിനെതിരെയുള്ള ശബ്ദങ്ങൾ ചിതറിപ്പോവുന്നു.

Sander L Gilman

ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാർ അന്യായമായി തടവിലാക്കപ്പെട്ടതിന്റെ റിപ്പോർട്ടുകള്‍ പുറത്തു വന്നു കഴിഞ്ഞു. അനേകം അന്വേഷണ കമ്മീഷനുകൾ ഭീകരനിയമങ്ങളുടെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നു. ഇതിനെയൊക്കെയും ദേശസുരക്ഷ എന്ന് വാക്ക് മറികടക്കുകയാണ്, അല്ലെങ്കിൽ ചിതറിപ്പിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും റദ്ദ് ചെയ്തുകൊണ്ട്, ഒരു ‘ദൈവിക’ സാമ്രാജ്യത്തിന്റെ നിലയിലേക്ക് ദേശം മാറ്റപ്പെടുകയാണിതിലൂടെ സംഭവിക്കുന്നത്. തങ്ങളുടെ എല്ലാ പരാജയങ്ങളും ഭരണവർഗം മറച്ചു പിടിക്കുന്നത്, അക്രമ ദേശീയതയിലധിഷ്ഠിതമായ ഇത്തരം വ്യവഹാരങ്ങളിലൂടെയാണ്. ദേശത്തിന്റെ ശത്രുക്കളെ ഞങ്ങൾ നേരിട്ടു, പാകിസ്ഥാനെ ഞങ്ങൾ തിരിച്ചടിച്ചു എന്നെല്ലാം ഭരണകൂടം പ്രചരിപ്പിക്കുകയാണ്. പാകിസ്ഥാനെതിരെ ഒരു മിസൈലാക്രമണം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ രണ്ടാമതായി നരേന്ദ്രമോഡി സർക്കാർ നിലവിൽ വരുമായിരുന്നില്ല എന്നതാണ് ശരി. ഹിറ്റ്ലറിന്റെയും പ്രവർത്തനങ്ങൾ ഈ നിലയിൽ തന്നെയായിരുന്നു. ശത്രു രാജ്യങ്ങളെ അക്രമിച്ചു എന്ന പ്രചരണം നടത്തിക്കൊണ്ടാണ് ന്യൂനപക്ഷമായിരുന്ന ഹിറ്റ്ലറിന്റെ പാർട്ടി അധികാരം നിലനിർത്തിയത്. അങ്ങനെ അയാൾ എല്ലാ വിഭാഗം ജനങ്ങളെയും എകീകരിച്ചെടുത്തു. ഇതേ രീതിയിൽ യുദ്ധോത്സുകമായ ഒരന്തരീക്ഷത്തെയും അക്രമപരമായ ദേശീയതയെയും നിലനിർത്തിക്കൊണ്ടാണ് നരേന്ദ്രമോദിയും ആർ. എസ്. എസും മുന്നോട്ട് പോവുന്നത്. എല്ലാ പ്രശ്നങ്ങളെയും ഇതിലൂടെ അവർ അതിജയിക്കുകയും ചെയ്യുന്നു. ഇവിടെ മാധ്യമങ്ങൾ കേവലം നുണയന്ത്രങ്ങൾ പോലെ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഭീകര നിയമങ്ങൾ ഒരു നിശ്ചിത വിഭാഗത്തിനു നേരെ മാത്രം പ്രവർത്തിക്കുന്നു എന്ന് നമുക്ക് പറയേണ്ടി വരുന്നത്. ഇന്ത്യയിൽ തീവ്രവാദപരമായി പ്രവർത്തിക്കുന്നതിൽ മുസ്ലിം സമുദായമോ സംഘടനകളോ ഇല്ലെങ്കിലും, കരിനിയമങ്ങൾ കൂടുതലും ബാധിക്കുന്നത് മുസ്ലിം സമുദായത്തെ തന്നെയാണ്. ചില ലെഫ്റ്റ് റെവല്യൂഷണറി ഗ്രൂപ്പുകളും, ഹിന്ദുത്വവുമൊക്കെയാണ് ഇവിടുത്തെ തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘങ്ങൾ. മുസ്ലിം സമൂഹത്തിൽ നിന്ന് അങ്ങനെയൊന്നിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങളും ലിബറൽ സമൂഹവും മറുചിന്തയില്ലാത്തവരായി മാറിയിരിക്കുന്നു. ഇത് രാഷ്ട്രത്തോടുള്ള ഒരു ഭയത്തിൽ നിന്ന് രൂപപ്പെടുന്നതാണ്. മാത്രമല്ല ചില ജനവിഭാഗങ്ങളോടുള്ള വെറുപ്പും അതിൽ വർത്തിക്കുന്നുണ്ട്. ‘നാനാത്വത്തിൽ ഏകത്വം’ എന്നതിൽ നിന്ന് ഒരേയൊരിന്ത്യ, ഒരൊറ്റ ജനത, അഖണ്ഡത, തുടങ്ങിയ മുദ്രാവാക്യങ്ങൾ രൂപപ്പെടുന്നത് ഇവിടെയാണ്. എണ്‍പതുകളിലൊക്കെ ഇന്ത്യയിൽ പുതുതായി രൂപം കൊണ്ട സാമൂഹിക മുന്നേറ്റങ്ങളയൊക്കെ, ജനാധിപത്യത്തിന്റെ ഭാഗം എന്നതിനു പകരം, രാഷ്ട്രത്തെ ശിഥിലീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അക്കാലത്തെ ഒട്ടുമിക്ക ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും രാഷ്ട്ര ശിഥിലീകരണമാണ് ഇത്തരം മുന്നേറ്റങ്ങളിലൂടെ ഉണ്ടാവുന്നത് എന്ന ഭയമാണ് പ്രചരിപ്പിച്ചിരുന്നത്. ഇതു പോലെയുള്ള ഭയപ്പാടുകൾ തന്നെയാണ് ഇന്ന് മുസ്ലിം തീവ്രവാദം എന്ന പേരിലും പ്രചരിപ്പിക്കുന്നതും. മാർക്സിസവുമായി ബന്ധപ്പെട്ട തീവ്രവാദ ആരോപണങ്ങളെ ഇഴപിരിച്ച് ചർച്ച ചെയ്യുന്നവർ, അവർക്ക് മനുഷ്യാവകാശം ലഭ്യമാവണമെന്ന് വാദിക്കുന്നവർ, മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലപ്പോഴും നിസ്സംഗരാണ്. ഇവിടെയാണ് ദേശം എപ്പോഴും ഒരു ശത്രുവിനെ ഉണ്ടാക്കാൻ താൽപ്പര്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. അതായത് തീവ്രവാദികൾ, വിമതർ എന്നിങ്ങനെ ചിലരെ നിലനിർത്തുമ്പോഴാണ് ദേശം സാധ്യമാവുന്നത്.

ഐക്യത്തെക്കുറിച്ചും ഏകീകരണത്തെക്കുറിച്ചുമുളള ഭാവനകളാണ് ദേശം എപ്പോഴും രൂപപ്പെടുത്താറുള്ളത്. പലപ്പോഴും ‘ഐക്യം’ എന്നതൊക്കെ ഒരു ഭരണവർഗ സങ്കൽപ്പമായാണ് കടന്നു വരാറുള്ളത്. കീഴാള വിഭാഗങ്ങളാണ് സമത്വം, സാഹോദര്യം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളെ മുന്നോട്ടു വെക്കാറുള്ളത്. ‘ഐക്യം’ പലപ്പോഴും ബലപ്രയോഗവുമായി ബന്ധപ്പെടുന്ന കാര്യമാണ്. അതു കൊണ്ടു തന്നെ ഇന്ത്യയിലെ അധികാരി വർഗ്ഗങ്ങളൊന്നും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും അധികം സംസാരിക്കാറില്ല. ഐക്യത്തെക്കുറിച്ചാണവർ സംസാരിക്കുക. അതാകട്ടെ, അധികാരത്തിന്റെ മറ്റൊരു രൂപമാണുതാനും. ഈയർത്ഥത്തിൽ എൺപതുകൾക്കു ശേഷം ഇന്ത്യയെക്കുറിച്ച ചർച്ചകളെല്ലാം ഐക്യത്തെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു എന്ന് കാണാൻ കഴിയും. അത്കൊണ്ട് തന്നെ ആ ഐക്യം മുസ്ലിമിനെതിരായിരുന്നു എന്നാണ് അനുഭവം. മുസ്ലിംകൾ കഴിഞ്ഞാൽ പിന്നെ ക്രിസ്ത്യാനികളാണ് ശത്രുക്കളായി വരാറുള്ളത്. അതുകൊണ്ടാണ് അതിനനുസരിച്ചുള്ള നിയമനിർമ്മാണങ്ങൾ നടത്തേണ്ടി വരുന്നത്. ഇന്ത്യയിൽ ദലിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ സാഹോദര്യവുമായി ബന്ധപ്പെട്ട് എൺപത് – തൊണ്ണൂറുകളിൽ ചില സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണകേന്ദ്രീകൃതമായ സമൂഹത്തിനെതിരായുള്ള ഒരു നിർമിതി കൂടിയായിരുന്നു അത്. പക്ഷേ ഇത്തരം കാര്യങ്ങൾ രണ്ടായിരമൊക്കെ ആയപ്പോൾ ദുർബലപ്പെടുകയാണുണ്ടായത്. കാരണം മുസ്ലിം സംഘടനകളെ കേന്ദ്രീകരിച്ചാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. മുസ്ലിംകൾ ഗൾഫിൽ പോയി കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കിയാലും, ബിസിനസ് നടത്തി ജീവിതം മെച്ചപ്പെടുത്തിയാലും, അവരുടെ കുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടിയാലും അവരൊക്കെ ദേശവിരുദ്ധ പ്രവർത്തകരാണ് എന്നുള്ള സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുകയാണുണ്ടായത്. ന്യൂനപക്ഷങ്ങളുടെ  മുന്നേറ്റങ്ങളും അവരുടെ രാഷ്ട്രീയ ഇടപെടലുകളും മതേതരത്വത്തെ ദുഷിപ്പിക്കുന്ന കാര്യങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. മത രാഷ്ട്രവാദം പോലെയുള്ള വ്യവഹാരങ്ങളിലേക്ക് അവരെ നിർണയിക്കുന്ന അവസ്ഥയുണ്ടായി.

Muslim men who were acquitted in the 1996 Samleti blast case after they spent 23 years in prison.

ഫാസിസ്റ്റ് ഭരണവർഗ്ഗത്തിന് അവരുടെ പിടിപ്പുകേടുകൾ മറച്ചുവെക്കാൻ രാഷ്ട്രത്തെ മിലിട്ടറൈസ് ചെയ്യേണ്ടി വരുന്നു. നോട്ടു നിരോധത്തിന്റെ സന്ദർഭത്തിൽ നാമത് കണ്ടതാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളുമായി നയതന്ത്ര പ്രശ്നങ്ങളല്ലാതെ മറ്റൊന്നും സംഭവിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും യുദ്ധോത്സുകമായ അന്തരീക്ഷം നിലനിർത്താൻ ഭരണകൂടം നിർബന്ധിക്കപ്പെടുന്നതിവിടെയാണ്. ചരിത്രപരമായി കാലഹരണപ്പെട്ട യുദ്ധപരതയെപ്പറ്റിയുള്ള ഒരാശയമാണ് നമ്മെ ഭരിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണിത്. ദേശത്തിന്റെ യൂണിറ്റി സങ്കൽപ്പത്തിനപ്പുറം സാഹോദര്യത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയം നാം രൂപപ്പെടുത്തുകയുമാണ് വേണ്ടത്. അതിൽ നാം പരസ്പരം പൂരകങ്ങളാവുന്ന അവസ്ഥയുണ്ടാവണം.

(എറണാകുളം, ആലുവ IMA ഹാളിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
സംഘടിപ്പിച്ച ‘യു.എ.പി.എ, എൻ.ഐ.എ നിയമ ഭേദഗതി ബില്ലുകളുടെ രാഷ്ട്രീയം’ എന്ന പരിപാടിയിൽ   കെ.കെ ബാബുരാജ് നിർവ്വഹിച്ച പ്രഭാഷണത്തിന്റെ സംഗ്രഹം)

കെ കെ ബാബുരാജ്