Campus Alive

വിജ്ഞാനം, ആവര്‍ത്തനം, അധികാരം: ഇബ്‌നു അറബിയുടെ രീതിശാസ്ത്രം

മുഹ്യുദ്ദീന്‍ ഇബ്‌നു അറബിയുടെ ചിന്താലോകത്തെ മുന്‍നിര്‍ത്തി പാശ്ചാത്യ ഇതര ഇസ്‌ലാമിക പശ്ചാത്തലങ്ങളില്‍ നിലനിന്ന അധികാരബന്ധങ്ങളെക്കുറിച്ച അന്വേഷണങ്ങളെ പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇബ്‌നു അറബിയെ വായിക്കുമ്പോഴെല്ലാം പുതിയ ചോദ്യങ്ങളാണ് എന്റെ മുമ്പില്‍ ഉയര്‍ന്നു വരുന്നത്. എന്താണ് വിജ്ഞാനത്തിന്റെ നിര്‍ണ്ണയത്തിന്റെയും (fixation) ആവര്‍ത്തനത്തിന്റെയും കാരണം? ഈ ആവര്‍ത്തനങ്ങള്‍ നമ്മോടെന്തെങ്കിലും പറയുന്നുണ്ടോ? ഇബ്‌നു അറബിയെ വായിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് വിജ്ഞാനമല്ല, അതിന്റെ ആവര്‍ത്തനമാണ് അധികാരത്തെ നിര്‍മ്മിക്കുന്നത് എന്നാണ്. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം നിയമത്തെയും നിര്‍ണ്ണയങ്ങളെയും സൃഷ്ടിക്കുന്ന വിജ്ഞാനത്തിന്റെ ആവര്‍ത്തനം ഒരു പ്രത്യേക തരത്തിലുള്ള അധികാരമാണ് നിര്‍മ്മിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമം തന്നെ ഒരു കാര്യവും ആവര്‍ത്തിക്കാതിരിക്കുക എന്നതാണ്. എന്നാല്‍ വ്യാഖ്യാനത്തിലൂടെ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിര്‍ണ്ണിതവും ആവര്‍ത്തിക്കപ്പെടുന്നതുമായി മാറുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് അധികാരം നിര്‍മ്മിക്കപ്പെടുന്നത്.

ഇബ്‌നു അറബിയെ മുന്‍നിര്‍ത്തി അധികാരത്തെക്കുറിച്ച് പഠിക്കാനാണ് ഞാന്‍ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. അതിനായി വില്യം ചിറ്റിക്കിന്റെയും എക്രം ഡെമിര്‍ലിന്റെയും ഫുതുഹാത്തുല്‍ മക്കിയ്യയുടെ വിവര്‍ത്തനത്തെയാണ് ഞാന്‍ ആശ്രയിക്കുന്നത്. ഈ പഠനമെഴുതുമ്പോള്‍ മൂന്ന് ലക്ഷ്യങ്ങളാണ് എനിക്കുള്ളത്. ഒന്ന്, അല്ലാഹുവിനെയും സൃഷ്ടിലോകത്തെയും കുറിച്ച ഇബ്‌നു അറബിയുടെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി ആവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക. രണ്ട്, ആവര്‍ത്തനം നിര്‍ണ്ണയത്തെ (fixation) സൃഷ്ടിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുക. മൂന്ന്, വ്യാഖ്യാതാവും (interpreter) അധികാരവും (power) തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി വ്യാഖ്യാനം അധികാരത്തെ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കുക.

ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം സൃഷ്ടിലോകം എന്നത് അല്ലാഹുവിന്റെ തജല്ലിയാത്തുകളാണ് (self-manifestation). അഥവാ, അല്ലാഹുവിന്റെ 99 വിശിഷ്ട നാമങ്ങളുടെ (അസ്മാഉല്‍ ഹുസ്‌നാ) പ്രകാശനമാണ് സൃഷ്ടിലോകം എന്നു പറയുന്നത്. സൃഷ്ടിപ്പിന്റെ ലക്ഷ്യം എന്നത് അല്ലാഹുവിനെ അറിയുക, അവനെ അനുഭവിക്കുക (ഇബാദത്ത്) എന്നതാണ്. അതേസമയം ഇബ്‌നുഅറബി പറയുന്നത് ഒരിക്കലും യുക്തിയിലൂടെ അല്ലാഹുവിനെ അറിയാന്‍ കഴിയില്ല എന്നാണ്.

സൃഷ്ടിലോകം അല്ലാഹുവിന്റെ തജല്ലിയാത്തുകളാണ് എന്നതിനാല്‍ തന്നെ അതിന്റെ ആവര്‍ത്തനത്തെ ഇബ്‌നു അറബി നിഷേധിക്കുന്നു. സൃഷ്ടിലോകത്തെ ഒരു വസ്തു പോലും രണ്ട് നിമിഷം നിലനില്‍ക്കുന്നില്ല. അതിന് കാരണമായി ഇബ്‌നു അറബി പറയുന്നത് അല്ലാഹു ഒരൊറ്റ രൂപത്തില്‍ രണ്ട് തവണ മാനിഫെസ്റ്റ് ചെയ്യപ്പെടുന്നില്ല എന്നതാണ്. മാത്രമല്ല, തന്റെ സൃഷ്ടികളെയും അവന്‍ സമാനസ്വഭാവത്തിലല്ല സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വ്യക്തികളുടെ സൃഷ്ടിപ്പില്‍ തന്നെ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അല്ലാഹുവിന്റെ വിശാലതയായാണ് അതിനെ മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് സൃഷ്ടിലോകം ആവര്‍ത്തിക്കപ്പെടാത്തത്. കാരണം സൃഷ്ടിലോകത്തിന്റെ സൃഷ്ടിപ്പ് ഒരിക്കലും അവസാനിച്ചിട്ടില്ല. അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷത്തിലും (മൊമന്റ്) അല്ലാഹു പുതിയ സൃഷ്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ സൃഷ്ടിലോകത്തുള്ള ഒരു വസ്തു രണ്ട് നിമിഷം ഒരേ അവസ്ഥയില്‍ തന്നെ നിലനില്‍ക്കുകയാണെങ്കില്‍ അത് തൗഹീദിന് വിരുദ്ധമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് യുക്തിയിലൂടെ അല്ലാഹുവെ അറിയാന്‍ സാധ്യമല്ല എന്നുപറയുന്നത്. കാരണം യുക്തി ആവര്‍ത്തനത്തെയും ആവര്‍ത്തനം അധികാരത്തെയുമാണ് സൃഷ്ടിക്കുന്നത്. ദൈവികത സ്വയം തന്നെ ആവര്‍ത്തന വിരുദ്ധമായതിനാല്‍ ആവര്‍ത്തനത്തെയും അധികാരത്തെയും നിര്‍മ്മിക്കുന്ന യുക്തിയിലൂടെ ദൈവികജ്ഞാനം ആര്‍ജ്ജിക്കുക സാധ്യമല്ല.

ആവര്‍ത്തനം ഇല്ലാതിരിക്കുക എന്നതിനര്‍ത്ഥം അല്ലാഹു രണ്ടു പ്രാവശ്യം ഒരുപോലെ മാനിഫെസ്റ്റ് ചെയ്യപ്പെടില്ല എന്നതാണ്. അല്ലാഹുവിന്റെ വിശാലത (Divine vastness) എന്നത് ആവര്‍ത്തനത്തിന് എതിരായത് പോലെ സൃഷ്ടിലോകവും അടിസ്ഥാനപരമായി ആവര്‍ത്തനത്തെ നിഷേധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആവര്‍ത്തനം യുക്തി നിര്‍മ്മിച്ച ഒരു മായയാണ് (illusion) എന്നു പറയാവുന്നതാണ്. കാരണം യുക്തിയാണ് സൃഷ്ടിലോകത്തെ ആവര്‍ത്തനത്തിലും നിര്‍ണ്ണയത്തിലും (fixation) പിടിച്ചുകെട്ടുന്നത്. അതിലൂടെ അല്ലാഹുവും സൃഷ്ടിലോകവും ഒരൊറ്റ ഇമേജിലൂടെ മാത്രം മനസ്സിലാക്കപ്പെടുകയാണ് ചെയ്യുന്നത്.

ഇനി നമുക്ക് അധികാരം എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്ന് പരിശോധിക്കാം. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം പ്രവചനാതീതവും അനന്തവുമായ ദൈവിക പ്രകാശനങ്ങളെ യുക്തിചിന്തയിലൂടെയാണ് മനുഷ്യന്‍ നിര്‍ണ്ണിതവും ആവര്‍ത്തന സ്വഭാവമുള്ളതുമായി വ്യാഖ്യാനിക്കുന്നത്. ഇങ്ങനെ ഒരു പ്രത്യേക തരത്തിലുള്ള ജ്ഞാനാധികാര നിര്‍മ്മിതിയിലൂടെ cause, affect; subject,object; before, after; good, bad എന്നിങ്ങനെയുള്ള വിഭജനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അപ്പോള്‍ യുക്തിക്ക് പ്രാധാന്യമുള്ള ജ്ഞാനോല്‍പ്പാദനങ്ങളോടുള്ള നിരാസത്തിലൂടെ മാത്രമേ ഇത്തരം വിഭജനങ്ങളെ മറികടക്കാന്‍ കഴിയുകയുള്ളൂ.

വളരെയധികം നിയമബന്ധിതമായ പോസിറ്റീവിസത്തിന് ബദലായ ഒരു ജ്ഞാനാന്വേഷണത്തെ ഇബ്‌നു അറബിയില്‍ നമുക്ക് കണ്ടെടുക്കാന്‍ സാധിക്കു. ആവര്‍ത്തന വിരുദ്ധതയും അനന്തമായ അര്‍ത്ഥോല്‍പ്പാദനവുമാണ് ഇബ്‌നു അറബിയുടെ ഒരു പ്രധാനപ്പെട്ട ലോകവീക്ഷണം എന്നതുകൊണ്ടുതന്നെ നിര്‍ണ്ണിതമായ ലോകക്രമത്തെ ഉല്‍പ്പാദിപ്പിക്കുന്ന പോസിറ്റീവിസം അതുമായി ഒരിക്കലും ഒത്തുപോവുകയില്ല. അധികാരത്തെയും ആധിപത്യത്തെയും ചെറുക്കുന്ന പ്രപഞ്ചവീക്ഷണമാണ് ഇബ്‌നു അറബിയുടേതെങ്കില്‍ അധികാരത്തെ നിര്‍മ്മിക്കുകയാണ് പോസിറ്റീവിസം ചെയ്യുന്നത്.

ആവര്‍ത്തനം ദ്വൈതങ്ങളെയാണ് (duality) സൃഷ്ടിക്കുന്നത്. അതാകട്ടെ, വ്യാഖ്യാനത്തിനുള്ള (തഅ്‌വീല്‍) അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് വളരെ നിര്‍ണ്ണിതമായ ജ്ഞാനോല്‍പ്പാദനം അല്ലാഹുവെയും സൃഷ്ടിലോകത്തെയും കുറിച്ച് ഉണ്ടാവുന്നത്? ഇബ്‌നു അറബി പറയുന്നത് നിയമജ്ഞനും (jurist) അധികാരവും (power) തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് തഅ്‌വീല്‍ ഉണ്ടാകുന്നത് എന്നാണ്. അഥവാ Exoteric ആയ (ളാഹിര്‍) ആയ ജ്ഞാനത്തെ മാത്രം അന്വേഷിക്കുന്ന, വിവിധങ്ങളായ അധികാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഫുഖഹാക്കള്‍ (കര്‍മ്മശാസ്ത്ര വിദഗ്ധര്‍) വളരെ നിര്‍ണ്ണിതവും ആവര്‍ത്തന സ്വഭാവത്തോടും കൂടിയ ജ്ഞാനനിര്‍മ്മിതിയില്‍ ഏര്‍പ്പെടുന്നതോടെ അടിസ്ഥാനപരമായി അത് അധികാരത്തെയാണ് സൃഷ്ടിക്കുന്നത്. അധികാരത്തിലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ ദൈവിക വചനങ്ങള്‍ വ്യാഖ്യാനിക്കുന്നത്. പുറം വിജ്ഞാനത്തെ തേടുന്നവര്‍ എന്നാണ് ഇബ്‌നു അറബി അവരെ വിശേഷിപ്പിക്കുന്നത്. വളരെ ഗാഢമായ ലൗകിക ബന്ധമാണ് ഇത്തരം ഫുഖഹാക്കളും അധികാരവും തമ്മില്‍ നിലനില്‍ക്കുന്നത്.

വ്യാഖ്യാനത്തെയും യുക്തിയെയും കുറിച്ച് ഇബ്‌നു അറബി പറയുന്നത് അവ അധികാരത്തെ നിര്‍മ്മിക്കുന്നു എന്നാണ്. കാരണം, ദൈവിക വചനങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുക എന്നത് ഒരു പ്രത്യേക തരത്തിലുള്ള ജ്ഞാനഭൂപടത്തെ നിര്‍മ്മിക്കലാണ്. അതോടുകൂടി ജ്ഞാനം നിര്‍ണ്ണയിക്കപ്പെടുകയും അനന്തമായ അര്‍ത്ഥോല്‍പാദനം തടയപ്പെടുകയും ചെയ്യുന്നു. അല്ലാഹുവെക്കുറിച്ച് തന്നെ വളരെ fixed ആയ ഇമേജാണ് യുക്തി സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് യുക്തിയും വ്യാഖ്യാനവും അല്ലാഹുവെക്കുറിച്ച അറിവിനെ (Gnosis) പരിമിതപ്പെടുത്തുമെന്ന് ഇബ്‌നു അറബി പറയുന്നത്. അറിവിനെ പരിമിതപ്പെടുത്തുക എന്നുപറഞ്ഞാല്‍ അനന്തതയെ (infinity) നിഷേധിക്കലാണ്.

ഇനി കുറച്ചുകൂടി അധികാരത്തെക്കുറിച്ച് തന്നെ സംസാരിക്കാമെന്നു തോന്നുന്നു. ഉത്തര ഘടനാവാദത്തിന്റെ (post-structuralism) വെസ്‌റ്റേണ്‍ പശ്ചാത്തലത്തിന് പുറത്ത് അധികാരത്തെയും അധികാര ബന്ധങ്ങളെയും സൂക്ഷമമായി വിശകലനം ചെയ്ത പാരമ്പര്യങ്ങളെ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ ഇബ്‌നു അറബിയിലേക്ക് തിരിഞ്ഞത്. അതൊരു വെല്ലുവിളി തന്നെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാരണം അധികാരത്തെ വിശകലനം ചെയ്യാന്‍ ഒരു പ്രത്യേക രീതിയൊന്നും ഇബ്‌നു അറബി വികസിപ്പിച്ചിട്ടില്ല. മറിച്ച് ദൈവത്തെക്കുറിച്ചും സൃഷ്ടിലോകത്തെക്കുറിച്ചും മിസ്റ്റിക്കലായ ചില കാര്യങ്ങള്‍ പറയുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അത് വളരെ ലളിതവുമാണ്: നിരന്തരമായ മാറ്റമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമമെങ്കില്‍ അധികാരത്തെ നിര്‍മ്മിക്കുന്ന നിര്‍ണ്ണയവും (fixation) ആവര്‍ത്തനവും (repetition) പ്രാപഞ്ചിക സൗന്ദര്യത്തെയാണ് വെല്ലുവിളിക്കുന്നത്. അനന്തതയുടെ സാധ്യതകളെ ഇല്ലാതാക്കിക്കൊണ്ട് നമ്മള്‍ നിര്‍മ്മിക്കുന്ന അര്‍ത്ഥങ്ങളിലൂടെയാണ് അത് സാധ്യമാകുന്നത്. അതുകൊണ്ടാണ് അര്‍ത്ഥങ്ങളും അധികാരവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇബ്‌നു അറബി പറയുന്നത്. അഥവാ, നിര്‍ണ്ണിതമായ അര്‍ത്ഥങ്ങളെ പ്രതിനിധീകരിക്കുന്നതും സംരക്ഷിക്കുന്നതും ആവര്‍ത്തിക്കുന്നതും അധികാരമാണ്. വളരെ സൂക്ഷമമായി നിലനില്‍ക്കുന്ന ഈ അധികാരത്തെ തടയാനുള്ള രീതിശാസ്ത്രമാണ് ഇബ്‌നു അറബി നല്‍കുന്നത്.

അലി ബല്‍സി