Campus Alive

മാപ്പിള ശുഹദാക്കളും പ്രോലിറ്റേറിയനും:1921 എന്ന മൊമെന്റ്

അതൊരു സാധാരണ പ്രഭാതം തന്നെയായിരുന്നു. എല്ലാം അതിന്റെ ചിട്ടവട്ടങ്ങളില്‍ തന്നെ നടന്നു പോയി. കുടിയാന്മാര്‍ പതിവു പോലെ അവരുടെ പണി തുടങ്ങി. അവരെ ശകാരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നല്ലാതെ കാപ്രാട്ട് പണിക്കര്‍ക്ക് മറ്റൊരു പണിയും ചെയ്യാനുണ്ടായിരുന്നില്ല. പണിക്കരെ സംബന്ധിച്ചിടത്തോളം അതൊരു പണിയേ അല്ലായിരുന്നു. നാള്‍ക്കു നാള്‍ ‘തുടരുന്ന’ ഒരു ശീലം! അതു സംഭവിച്ചത് ആ ദിവസമായിരുന്നു. സൂര്യന്‍ ഒരാള്‍ പൊക്കത്തില്‍ മാത്രമെത്തിയ സമയം, കൊടുങ്കാറ്റിനോടോ മറ്റു പ്രകൃതി വിപത്തുക്കളോടോ താരതമ്യം ചെയ്യാന്‍ അതിലെന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, പണിക്കര്‍ തുടര്‍ന്നു കൊണ്ടിരുന്ന ‘ആവര്‍ത്തനത്തെ’ തടയാന്‍ അതു ധാരാളമായിരുന്നു. ബാന്റുമേളങ്ങളും കുരവയുമില്ലാടെ അതു സംഭവിച്ചു. പണിക്കര്‍ക്ക് സമചിത്തത തന്നെ നഷ്ടപ്പെട്ടു. ‘കണ്ടാല്‍ തന്നെ തന്റേടിയും ആരേയും കൂസാത്ത പ്രകൃതക്കാരിയുമായ ആ പെണ്ണ്, തന്റെ പുതിയ അവസ്ഥയെ നന്നായി മുതലെടുത്തു. അവര്‍ തിയ്യ ആയിരുന്ന ദിവസങ്ങളില്‍ സാധാരണ 12 അടി അകലം പാലിച്ച് വളരേ ബഹുമാന പുരസരം മാത്രമേ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നുളളൂ. എന്നാല്‍ മുസ്ലിമായതിനു ശേഷം അവള്‍ അയാളുടെ അരികു വരെ പോകുകയും അദ്ദേഹത്തിന്റെ പേരെടുത്തു വിളിക്കുകയും ചെയ്തു. രാജ്യത്തു വച്ചു തന്നെ ഏറ്റവും വലിയ അപമാനം…അതും ഒരു താഴെക്കിടയിലുളളവള്‍ ഒരു മേല്‍ജാതിക്കാരനെ! സ്വാഭാവികമായും കോപം വന്ന അധികാരി അവളെ തെറി വിളിക്കുകയും അവളുടെ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു'(അന്‍സാരി 82)

അവരുടെ പഴയ പേര് ചക്കി എന്നായിരുന്നെന്നും പുതിയത് ആയിശ എന്നായിരുന്നെന്നും ചില രേഖകള്‍ പറയുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം പേര് അത്ര പ്രധാനമാണെന്നു തോന്നുന്നില്ല. ഒന്നും മാറാതെ തുടര്‍ന്നിടത്തേക്ക് അവള്‍ പുതിയ പേരിനെ കൊണ്ടു വന്നു, ഒപ്പം പുതിയ സ്റ്റാറ്റസും. എം.ടി അന്‍സാരിയുടെ വാക്കുകളെ കടമെടുത്തു പറയുകയാണെങ്കില്‍, പണിക്കര്‍ പരിപാലിച്ചു കൊണ്ടിരുന്ന ജാതീയതയുടെ സാമൂഹികതയിലേക്ക് അവള്‍ വലിയ അപമാനത്തെ തന്നെ കൊണ്ടു വന്നു. എങ്ങനെയാണ് ആ സംഭവത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക? ഒരു കീഴ്ജാതിയില്‍ പെട്ട സ്ത്രീ ഇസ്ലാം സ്വീകരിക്കുന്നു. മറ്റുളള കീഴ്ജാതി സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി അവള്‍ ബ്ലൗസ് ധരിക്കുന്നു. സാധാരണ ദിവസത്തലെന്ന പോലെ അവള്‍ പണിക്കു വരുന്നു. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പണിക്കര്‍ക്ക് തന്റെ മേല്‍ തന്നെയുളള കണ്‍ട്രോള്‍ നഷ്ടപ്പെടുന്നു. താന്‍ പരിപാലിച്ചു കൊണ്ടിരുന്ന തന്റെ സാമ്രാജ്യത്വത്തിന്റെ തന്നെ സമാധാനം ആ ഒറ്റ ബ്ലൗസ് നശിപ്പിച്ചിരിക്കുന്നു എന്ന് അയാള്‍ വിശ്വസിക്കുന്നു. അയാള്‍ അത് കീറിപ്പറിക്കുന്നു.

നമുക്ക് പണിക്കരുടെ പ്രവര്‍ത്തിയെ ഒന്നു വീക്ഷിക്കേണ്ടിയിരിക്കുന്നു. പണിക്കരെ സംബന്ധിച്ചിടത്തോളം ഈ ബ്ലൗസും പുതിയ ഐഡന്റിറ്റിയും ചില അപകടങ്ങളെ കുറിക്കുന്നു. പതിവു പോലെത്തന്നെ അന്നും അവള്‍ പണിക്കു വന്നിട്ടുണ്ട്. എന്നാല്‍ അവളുടെ ചെയ്തി ചിലതിനെ കുറിക്കുന്നു. ‘തിരസ്‌ക്കാരം'(refusal) എന്നാണതിനെ ഗില്ലസ് ദെല്യൂസ് വിളിക്കുക. മനുഷ്യനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന സാമൂഹികതകള്‍ക്കെതിരെയാണ്(societies of control) അദ്ദേഹം അത് പ്രയോഗിച്ചത്. ഫൂക്കോയുടെ disciplinary socitey കളുടെ തുടര്‍ച്ചയെന്നോണം, സാമൂഹികതകള്‍ക്കകത്തുളള സൂക്ഷ്മമായ അധികാര ബന്ധങ്ങളെ അദ്ദേഹം societies of control എന്നു വിളിച്ചു. ഉദാഹരണത്തിന്, ഫാക്ടറികളേയും കോര്‍പ്പറേഷനുകളെയും തന്നെ എടുക്കുക. വേതനത്തിന്റേയും മറ്റു അവകാശങ്ങളുടേയും കാര്യത്തില്‍ ഫാക്ടറികളെ അപേക്ഷിച്ച് കോര്‍പ്പറേഷനുകള്‍ കൂടുതല്‍ സുതാര്യമായവയാണെന്നാണ് പൊതുവെ മനസ്സിലാക്കപ്പെടാറ്. ഇവ വ്യകതികള്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുന്നു. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ വ്യകതികളെ അതിന്റെ ‘സ്ബ്‌ജെക്ടുകള്‍’ എന്ന തരത്തില്‍ ഇവ നിയന്ത്രണത്തിനു വിധേയമാക്കുന്നു. ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുളള മാറ്റത്തേയും ഇത്തരത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏതായാലും, ഇത്തരം പുതിയ തരത്തിലുളള അധികാരങ്ങളോടുളള ഏതൊരു തരത്തിലുമുളള പ്രതിരോധങ്ങളെ ദെല്യൂസ് ‘തിരസ്‌ക്കാരം'(refusal) എന്നു വിളിക്കുന്നു.

‘അതിനു മുമ്പ്, അവള്‍ 12 അടി ദൂരെ വരെ വരുമായിരുന്നുളളൂ’, എന്നാല്‍ ഇന്നവള്‍ ജന്മിയുടെ അരികിലെത്തി. അവളുടെ ചലനം ജന്മിയുടെ അടുത്തേക്കായിരുന്നെങ്കില്‍ കൂടിയും ജന്മിയുടെ അധികാര പരിസരത്തിനു പുറത്തേക്കുളള ചലനത്തിന്റെ സൂചനയായിരുന്നു അത്. ജന്മി പരിപാലിച്ചു കൊണ്ടിരുന്ന ജാതീയതയുടെ ആവര്‍ത്തനത്തിനു പുറത്തേക്കുളള ഒരു ചലനമായിരുന്നു അത്. ഈയൊരു തിരസ്‌ക്കാരത്തില്‍ ഒരു തുളളി രക്തം പോലും ചിന്തിയില്ല. ആയിശയുടെ ആംഗിളിലൂടെ നോക്കുകയാണെങ്കില്‍ തികച്ചും അഹിംസാപരമായ(non violent) ഒരു പ്രവര്‍ത്തിയായിരുന്നു അത്.

എന്നാല്‍ പണിക്കര്‍ അതിനോട് മോശമായി പ്രതികരിച്ചു. ഇനിമേല്‍ അവര്‍ തന്റെ ‘സബ്‌ജെക്ടല്ല’ എന്നു തിരിച്ചറിഞ്ഞ പണിക്കര്‍ അവരെ ബലാല്‍ക്കാരം ചെയ്തു. അവര്‍ മമ്പുറം തങ്ങളെ സമീപിച്ചു. മുസ്ലിംകൾ സംഘടിക്കുകയും ജാതീയമായ ആ ജന്മി വ്യവസ്ഥയെ തന്നെ നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ‘ചേറൂര്‍ ചിന്ത്’ എന്ന പേരില്‍ പ്രസിദ്ധമായ ഈ സംഭവം നടക്കുന്നത് 1843 ലാണ്. 1921ല്‍ പരിസമാപ്തി കുറിച്ചു എന്നു പറയപ്പെടുന്ന മാപ്പിള ലഹളയിലെ 21 ഓളം കലാപങ്ങളിലെ പ്രധാനപ്പെട്ട കലാപങ്ങളിലൊന്നായി ഇതിനെ ചരിത്രം രേഖപ്പെടുത്തുന്നു. ജന്മിമാരോടൊപ്പം മാപ്പിളമാരും കൊല്ലപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അഥവാ ആരും തന്നെ ഈ കലാപത്തെ അനന്തരമെടുത്തില്ല. സാമൂഹികമായി ജാതീയതയെ അതു തുരത്തി. എന്നാല്‍, അതിനു വേണ്ടി ഹിംസ(violence) നടത്തിയവര്‍ ആരും തന്നെ ശേഷിച്ചില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ (ജാതീയമായ)ഹിംസയുടെ തുടര്‍ച്ചയെ ഇതു തടഞ്ഞു. ഇത്തരം വയലന്‍സുകളെ വാള്‍ട്ടര്‍ ബെഞ്ചമിന്‍ വിളിക്കുന്നത് ഡിവൈന്‍ വയലന്‍സെന്നാണ്. ‘ക്രിട്ടിക് ഓഫ് വയലന്‍സ്’ എന്ന 1921 ലെഴുതപ്പെട്ട തന്റെ കൃതിയില്‍ വയലന്‍സിനെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നു. അദ്ദേഹത്തെ സംബന്ധ്ച്ചിടത്തോളം വയലന്‍സിലെ ഏറ്റവും വലിയ പ്രശ്‌നം ഓരോ വയലന്‍സും മറ്റൊരു വയലന്‍സിന് കാരണമാകുന്നു എന്നുളളതാണ്. അഥവാ വയലന്‍സുകള്‍ തുടര്‍ച്ചകളെ(continuities) സൃഷ്ടിക്കുന്നു. അതിനാലാണ് വിപ്ലവത്തെ പോലും അദ്ദേഹം പ്രശ്‌നവല്‍ക്കരിച്ചത്. വിപ്ലവം ഒരു പഴയ ‘നിയമ’ത്തിനു പകരം പുതിയ ‘നിയമ’ത്തെ സൃഷ്ടിക്കുന്നു. ‘നിയമം’ ഉല്‍പ്പാദിപ്പിക്കുന്ന വയലന്‍സില്‍ നിന്നും അതിന്റെ സബ്‌ജെക്ടുകള്‍ രക്ഷപ്പെടുന്നില്ല. നിയമവും അതിന്റെ സബ്‌ജെക്ടുകളും എന്ന വിശാല കാറ്റഗറിയെ മനസ്സിലാക്കിയെങ്കില്‍ മാത്രമേ ബെഞ്ചമിന്റെ ഈ വിമര്‍ശനത്തെ നമുക്ക് മനസ്സിലാക്കാനാകൂ. അദ്ദേഹം ഉപയോഗിക്കുന്ന നിയമം(law) എന്ന പദം നാം സാധാരണയായി മനസ്സിലാക്കാറുളള നിയമം, സ്റ്റേറ്റ്, പരമാധികാരം, പവര്‍ തുടങ്ങി വിശാലമായ അര്‍ത്ഥത്തില്‍ വിവര്‍ത്തനം ചെയ്യാവുന്ന ഒന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വയലന്‍സിനുമേല്‍ കുത്തക അവകാശപ്പെട്ടാണ് നിയമം നിലവില്‍ വരുന്നത്. മറ്റുളള എല്ലാത്തരം ലക്ഷ്യങ്ങളേയും അതിന്റെ ലക്ഷ്യത്തോട് വിലയിപ്പിച്ചാണ് അത് രൂപീകരിക്കപ്പെടുന്നത്. അതിന്റെ ലക്ഷ്യത്തില്‍(ends) നിന്നും കുതറി മാറുന്നവരെ അത് ക്രിമിനല്‍ എന്നു വിളിക്കുന്നു. നിയമത്തിന്റെ വയലന്‍സിലുളള കുത്തകയെ ചോദ്യം ചെയ്ത് സ്വന്തമായി വയലന്‍സ് ഉപയോഗിക്കുന്ന ഇത്തരം ക്രിമിനലുകളെ വരുതിയില്‍ നിര്‍ത്താന്‍ law ശിക്ഷാ നടപടികള്‍(punitive measures through retributive means) സ്വീകരിക്കുന്നു. അഥവാ, lawക്ക് നിലനില്‍ക്കാന്‍ അത് രണ്ടുതരം വയലന്‍സിനെ ഉപയോഗിക്കുന്നു. lawയെ നിര്‍മിക്കാനുളള വയലന്‍സും(law making violence) അതിനെ നിലനിര്‍ത്താനുളള വയലന്‍സും(law preserving violence). നാമിന്നു മനസ്സിലാക്കുന്ന നിയമം(Acts and Rules) എന്നത് lawയെ നിലനിര്‍ത്താനുളള ഈ രണ്ടാമത്തെ തരത്തില്‍പെട്ട വയലന്‍സാണ്. ചുരുക്കിപ്പറഞ്ഞാല്‍, വയലന്‍സിന്റെ കുത്തകവല്‍ക്കരണത്തിലൂടെ law നിര്‍മ്മിക്കപ്പെടുന്നു. മറ്റുളള എല്ലാ ലക്ഷ്യങ്ങളേയും(ends) law യുടെ ലക്ഷ്യങ്ങളുമായി വിലയം ചെയ്യപ്പെടുന്നു. സ്വന്തമായ ലക്ഷ്യത്തിനായി വയലന്‍സ് ഉപയോഗിക്കുന്നവര്‍ ക്രിമിനലായിത്തീരുന്നു. അഥവാ തന്റെ ലക്ഷ്യത്തിനു കീഴില്‍ എല്ലാത്തിനേയും law തന്റെ സബ്‌ജെക്ടാക്കിത്തീര്‍ക്കുന്നു. lawയുടെ നിര്‍മാണത്തിലൂടെ സബ്‌ജെക്ട് നിര്‍മ്മിക്കപ്പെടുന്നു. ഈ സബ്‌ജെക്ടിനെ നിലനിര്‍ത്താന്‍ law നിയമത്തെ നിര്‍മ്മിക്കുന്നു. എന്നാല്‍ ദെറീദയെ സംബന്ധിച്ചിടത്തോളം വയലന്‍സിന്റെ കുത്തകവല്‍ക്കരണം നടക്കുന്നത് നീതി എന്ന വാഗ്ദാനത്തിലാണ്. നീതി ഉറപ്പാക്കാം എന്ന വ്യവസ്ഥയില്‍ വയലന്‍സിനെ law സ്വംശീകരിച്ചു. . നീതിക്ക് പകരമായി law സ്വന്തമാക്കിയതാണ് ഈ വയലന്‍സെന്നു ചുരുക്കം. ഈ പ്രക്രിയയെ നമുക്ക് legitimization of violence എന്നു വിളിക്കാം. അഥവാ ഈ law ഉളളിടത്തോളം കാലം വയലന്‍സ് തുടര്‍ന്നു കൊണ്ടിരിക്കുന്നു(for Benjamin,violence is continued through law.. for derrida, violence is immanent to law ) എന്നു സാരം.

വാള്‍ട്ടര്‍ ബെഞ്ചമിന്‍

ഇവിടെ,വയലന്‍സ് lawയും law വയലന്‍സുമായിത്തീരുന്നു. ദെറീദയിലൂടെ ബെഞ്ചമിനെ വായിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് വ്യക്തമാവുന്നു. നീതി എന്ന ഒറ്റ ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് law സ്വയം സാധൂകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നീതി കരസ്ഥമാക്കാന്‍ നിയമം ആവശ്യമുണ്ടോ?. ‘ക്രിട്ടിക് ഓഫ് വയലന്‍സ്’ അത്തരമൊരു അന്വേഷണമാണ്. ‘ഡിവൈന്‍ വയലന്‍സ്’ അത്തരത്തിലുളള ഒരു പ്രതിഭാസമാണ്. അത് ഒരു തുളളി രക്തം പോലും ചിന്താതെ law യെ(വയലന്‍സിനെ ആവര്‍ത്തിച്ചുപയോഗിച്ചു കൊണ്ടിരിക്കുന്ന law യുടെ സ്വഭാവത്തെ) തകര്‍ത്തു കളയുന്നു. മറ്റുളള വിപ്ലവങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വയലന്‍സിനെ ഇതു അനന്തരമെടുക്കുന്നില്ല എന്നിടത്താണ്. ഒരുപക്ഷേ, നിലവിലെ വയലന്‍സിനെതിരെ ഇതും വയലന്‍സ് ഉപയോഗിച്ചേക്കാം. എന്നാല്‍ നിലവിലുളള വയലന്‍സ് അപ്രത്യക്ഷമാവുമ്പോള്‍ ഇതും സ്വയം ഇല്ലാതായിത്തീരുന്നു. വിപ്ലവങ്ങള്‍ ‘പുതിയ നിയമങ്ങള്‍ക്ക്’ രൂപം കൊടുക്കുന്നതു പൊലെ ഇവ നിയമത്തെ നിര്‍മ്മിക്കുന്നില്ല. മൂസാ നബിയുടെ ചരിത്രത്തിലും ഇത്തരത്തിലൊന്ന് നമുക്ക് കാണാവുന്നതാണ്. അദ്ദേഹം വടി കൊണ്ട് നൈലിനെ പിളര്‍ത്തി. തന്നെ പിന്തുടര്‍ന്നു വന്ന ഫറോവയും അനുയായികളും അതില്‍ ചത്തൊടുങ്ങി. ഫറോവയുടെ കൂടെ അദ്ദേഹത്തിന്റെ വയലന്‍സും ചത്തൊടുങ്ങി. ഫറോവക്കെതിരെ മൂസ പോരാടുകയായിരുന്നെങ്കില്‍ ഒരു പക്ഷേ, വയലന്‍സിലൂടെ ഫറോവയുടെ വയലന്‍സിനെ മൂസ അനന്തരമെടുത്തേനെ. അങ്ങനെ വരികയായിരുന്നുവെങ്കില്‍ കേവലമായ ‘വിപ്ലവമായി’ അതു മാറിയേനെ. ഇസ്ലാമിലെ രക്തസാക്ഷിത്വത്തെ കൂടി ഈ വെളിച്ചത്തില്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ വയലന്‍സ് ഉപയോഗിക്കുന്നു. എന്നാല്‍ അതിനെ അനന്തരമെടുക്കാന്‍ അവര്‍ ജീവിക്കുന്നില്ല. സ്വന്തത്തെ തന്നെ ആ വയലന്‍സോടു കൂടി ഉന്മൂലനം ചെയ്ത് അവര്‍ യാത്രയാകുന്നു. ചേറൂര്‍ ചിന്ത് അതിനെ നമുക്ക് വ്യക്തമാക്കിത്തരുന്നു.

മാര്‍ക്‌സിസ്‌റ്റോ-മെസ്സിയാനിക് എന്നാണ് വാള്‍ട്ടര്‍ ബെഞ്ചമിനെ ദെറീദ വിളിക്കുന്നത്. ഭൗതിക ചിന്തകളേയും ദൈവിക ചിന്തകളേയും ഏകോപിപ്പിച്ചതിനാലാണ് അങ്ങനെ വിളിച്ചിരിക്കുക. അദ്ദേഹത്തെ മുസ്ലിം എന്നു വിളിക്കണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഭൗതികതയുടേയും ആത്മീയതയുടേയും സമന്വയം നിങ്ങള്‍ക്ക് കണ്ടെടുക്കാനാവുക ഇസ്ലാമിലാണ്. ഈയെഴുത്ത് അത്തരത്തിലുളള ഒന്നിനെയാണ് അന്വേഷിക്കുന്നത്. അതിനെ practical philosophy എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത്തരം practical philosophy ആണ് മൂസാ നബിയുടെ ചരിത്രവും ചേറൂര്‍ ചിന്തും. ബെഞ്ചമിനിലെ ‘ഭൗതിക വാദി’ ഡിവൈന്‍ വയലന്‍സിനെ അന്വേഷിക്കുന്ന ഒരു ഭാഗം ‘ക്രിട്ടിക് ഓഫ് വയലന്‍സിലുണ്ട്’. ആ practical philosophy യെ അദ്ദേഹം പ്രോലിട്ടേറിയന്‍ സമരമെന്നു വിളിച്ചു. 1843ല്‍ മാപ്പിള ശുഹദാക്കള്‍ സാര്‍ഥകമാക്കിയ ആ practical philosophy യായിരിക്കണം ബെഞ്ചമിനില്‍ ദെറീദ കണ്ടെത്തിയ ഈ ‘മെസ്സിയാനിസിസം’. 1921 ല്‍ അദ്ദേഹം ക്രിട്ടിക് ഓഫ് വയലന്‍സിലൂടെ വയലന്‍സിന്റെ ഫിലോസഫി എഴുതുമ്പോള്‍ ഇവിടെ മലബാര്‍ അതിനെ practice ചെയ്ത ആഘോഷത്തിലായിരിക്കാം. 1843 ലെ മാപ്പിള ശുഹദാക്കളെ മെസ്സിയാനിക് സമയത്തിലിരുന്നു കൊണ്ട് അദ്ദേഹം പ്രോലിട്ടേറിയനെന്നെഴുതിയിരിക്കാം. പ്രോലിട്ടേറിയനേയും മാപ്പിള ശുഹദാവിനേയും താരതമ്യം ചെയ്തു കൊണ്ട് ഈയെഴുത്ത് ചുരുക്കുന്നു.

ദറീദ

വയലന്‍സിന്റെ തുടര്‍ച്ചയെ വിമര്‍ശിച്ചു കൊണ്ട് ഡിവൈന്‍ വയലന്‍സിലെത്തുന്നതിനു മുമ്പേ അദ്ദേഹം പ്രോലിട്ടേറിയന്‍ സമരത്തെക്കുറിച്ച് പറയുന്നുണ്ട്. നേരത്തെ നാം സൂചിപ്പിച്ചതു പോലെ law വയലന്‍സിനുമേലുളള കുത്തക സ്ഥാപിക്കുന്നു. അദ്ദേഹം അതിനെ യൂറോപ്പിന്റെ സാഹചര്യത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. സ്റ്റേറ്റില്‍ നിന്നും വ്യത്യസ്തമായി ഈ വയലന്‍സിനെ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത് സംഘടിത തൊഴിലാളികള്‍ക്കു മാത്രമായിരുന്നു. മുതലാളിമാര്‍ തൊഴിലാളികള്‍ക്കെതിരെ നടത്തിയിരുന്ന വയലന്‍സിനെ പ്രതിരോധിക്കാനുളള അനുവാദം മാത്രമേ തൊഴിലാളികള്‍ക്കുണ്ടായിരുന്നുളളു. അതിനെ അദ്ദേഹം ജനറല്‍ സ്‌ട്രേക്ക്(strike) എന്നു വിളിച്ചു. സ്‌റ്റേറ്റിന്റെ ലക്ഷ്യങ്ങളുടെ പരിധിയില്‍ മാത്രമായിരുന്നു ഇത്തരം സമരങ്ങള്‍ അനുവദിച്ചിരുന്നത്. എപ്പോള്‍ ഇത് സ്‌റ്റേറ്റിന്റെ പരിധികളെ ലംഘിക്കുന്നുവോ അപ്പോള്‍ സ്‌റ്റേറ്റ് ഇതിനെ അടിച്ചമര്‍ത്തുന്നു. ഇന്നു നമ്മുടെ നാട്ടില്‍ കാണുന്ന ‘ജനാധിപത്യപരമായ’ സമരങ്ങളെ ഇത്തരത്തില്‍ മനസ്സിലാക്കാമെന്നു തോന്നുന്നു. ‘ജനാധിപത്യ’പരം നിര്‍ണയിക്കപ്പെടുന്നത് സ്റ്റേറ്റിന്റെ ലക്ഷ്യങ്ങളെ സ്ഥാപിക്കുമ്പോഴാണ്. വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കുന്നുവെന്ന തരത്തില്‍ ഇവ വ്യക്തികളെ സബ്‌ജെക്ടാക്കുന്നുവെന്ന് നേരത്തെ നാം ചര്‍ച്ച ചെയ്തല്ലോ. ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം ഈ ജനറല്‍ സ്‌ട്രെയ്ക്ക് രണ്ടുതരം സാധ്യതകളെ നിര്‍മ്മിക്കുന്നു. ഒന്ന്, സ്റ്റേറ്റിനു വിധേയപ്പെട്ട് സാധ്യമായ തരത്തില്‍ മുതലാളിത്ത വയലന്‍സുകളെ ചെറുത്തു കൊണ്ടു നില്‍ക്കുക. രണ്ടാമത്തേത്, വിപ്ലവത്തിന്റെ(revolution) സാധ്യതയാണ്. സ്റ്റേറ്റിന്റെ വയലന്‍സിനെതിരെ പോരാടുകയും അതിനെ നശിപ്പിക്കുകയും ചെയ്യുക. എന്നാല്‍ ഇതില്‍ വയലന്‍സിന്റെ തുടര്‍ച്ചയെ അദ്ദേഹം കാണുന്നു. പുതിയൊരു നിയമത്തിന്റെ നിര്‍മ്മാണത്തിലേക്കല്ലാതെ ഇവ വയലന്‍സിന്റെ ചരിത്രത്തില്‍ മാറ്റത്തെ കൊ്ണ്ടുവരുന്നില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിനെതിരില്‍ അദ്ദേഹം പരിചയപ്പെടുത്തുന്ന സമരമാണ് പ്രോലിട്ടേറിയന്‍ സമരം. പൊളിറ്റിക്കല്‍ ഫിലോസഫറായ സോറലില്‍ നിന്നാണ് അദ്ദേഹം ഇതു കടം കൊളളുന്നത്.പ്രോലിട്ടേറിയന്‍ സമരം നടക്കുന്നത് രണ്ട് രീതിയിലാണ്. ആദ്യമായി, തൊഴില്‍ പരമായ പ്രശ്‌നങ്ങളെ വയലന്‍സ് ഉപയോഗിച്ചു കൊണ്ട് അത് പരിഹരിക്കുന്നു. രണ്ടാമത്തെ ഘട്ടത്തില്‍, അത് അനാര്‍ക്കിക്(അരാചകത്വം) അവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. ബെഞ്ചമിന്റെ മാര്‍കസിയന്‍ ജനിതക പാര്മ്പര്യത്തിലായാണ് പൊതുവെ ആളുകള്‍ ഇതിനെ മനസ്സിലാക്കുന്നത്. ബെഞ്ചമീനിയന്‍ അരാജകത്വം സംഭവിക്കുന്നത് വയലന്‍സിനെ അനന്തരമെടുക്കാതിരിക്കുന്നിടത്താണ്. വിപ്ലവം നടന്ന് പുതിയ സ്റ്റേറ്റ് രൂപീകരിക്കപ്പെടാതിരിക്കുമ്പോഴാണ്. നിലവിലെ വയലന്‍സ് നിര്‍ത്തലാക്കപ്പെടുകയും അതിനു തുടര്‍ച്ചയില്ലാതിരിക്കുമ്പോഴുമാണ്. ചേറൂര്‍ചിന്ത് ജാതീയതയുടെ വയലന്‍സിനെ നിര്‍ത്തല്‍ ചെയ്തു. അതിനെതിരില്‍ വയലന്‍സിനെ ഉപയോഗിച്ചു. അതിലേര്‍പ്പെട്ടവര്‍ സ്വയം നിര്‍മൂലനം ചെയ്യപ്പെട്ടു. അവര്‍ രക്തസാക്ഷിത്യം വരിച്ചു. അനാര്‍ക്കിയുടെ ഏറ്റവും മൂര്‍ത്തമായ ഭാവത്തില്‍ അവര്‍ അലിഞ്ഞു ചേര്‍ന്നു. മാപ്പിള ശുഹദാക്കളുടെ പ്രോലിട്ടേറിയന്‍ സമരം practical philosophy ലേക്ക് ഇനിയും വികസിക്കപ്പെടേണ്ട ഒന്നാണ്. practical philosophyയുടെ ‘മൊമെന്റ് ‘ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈയെഴുത്ത്. വഴിയിലെവിടെയോ ഫൂക്കോയുടെ geneologyയുമായി ഇതിന് സാദൃശ്യമുണ്ടെങ്കിലും ‘മൊമെന്റ്’ എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മൊമെന്റ് ഇസ്ലാമിക സൂഫി ചിന്തകളിലെ, പ്രത്യേകിച്ചും ഇബ്‌നു അറബിയുടെ നെഗറ്റീവ് തിയോളജിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആവര്‍ത്തനങ്ങളേയും തുടര്‍ച്ചകളേയും പ്രശ്‌നവല്‍ക്കരിക്കുക എന്നതാണ് അതിന്റെ അകക്കാമ്പ്.

Works Cited:
Benjamin, Walter. 1986. Critique of Violence. Reflections: Essays Aphorisms Autobiographical Writings (edited by Peter Demetz). New York: Schocken Books.
Derrida, Jacques. ‘Force of Law : The ‘mystical Foundation of Authority’. Deconstruction and the possibility of justice.Ed.Drucilla Cornell.New York:Routledge, 1992. 11.

 

 

 

അഡ്വ: അബ്ദുല്‍ അഹദ്