Campus Alive

യുക്തിയുടെ യുക്തിരാഹിത്യങ്ങള്‍: മൂസാ നബിയെ വായിക്കുമ്പോള്‍

മനുഷ്യന്റെ സ്ഥല കാല ആഖ്യാന സങ്കല്‍പ്പങ്ങളുടെ പരിമിതികളെയും യുക്തിയുടെയും ചരിത്രത്തിന്റെയും അന്തക്കേടുകളെയും മറികടക്കുന്ന ഒരു വ്യാഖ്യാന രീതിശാസ്ത്രവും ആഖ്യാനവുമാണ് ഖുര്‍ആനിനുള്ളത്. ഖുര്‍ആനില്‍ സ്ഥല കാലങ്ങളെ കൃത്യമായി അടയാളപ്പെടുത്തികൊണ്ട് സംഭവങ്ങളെ വിവരിക്കുന്നത് കാണാന്‍ സാധിക്കുകയില്ല. സ്ഥലത്തിന്റെയും സമയത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ടുള്ള ബിബ്ളിക്കലായിട്ടുള്ള ഒരു വ്യാഖ്യാന രീതിയല്ല ഖുര്‍ആനിനുള്ളത്. ഖുര്‍ആന്‍ അതിന്റെ സംഭവ വിവരണങ്ങളെ ഭൂതം-ഭാവി-വര്‍ത്തമാന സങ്കല്‍പ്പങ്ങളില്‍ തളച്ചിടാതെ അനന്തവും സ്ഥായിയുമായ ഒരു ആയിത്തീരലിലേക്ക് എത്തിക്കുന്നു. അത് കൊണ്ടായിരിക്കാം ഖുര്‍ആന്‍ എല്ലാ കാലത്തേക്കും എല്ലാ സ്ഥലത്തേക്കും (എല്ലാ സമുദായത്തിലേക്കും) എല്ലാ സാഹചര്യത്തിലേക്കും ഉതകുന്നതായി മാറുന്നത്.

അതുപോലെ ഖുര്‍ആനിക ആഖ്യാനത്തിന്റെ മറ്റൊരു സവിശേഷതയാണ് അമൂര്‍ത്തമാക്കുക എന്നത്. ഖുര്‍ആനിക സംഭവ വിവരങ്ങളുടെ ഈയൊരു സവിശേഷതയാണ് അതിന്റെ വായനക്കാരന് അനന്തമായ വായനാനുഭവങ്ങള്‍ നല്‍കുന്നത്. വായനക്കാരനും വാക്കും തമ്മിലുള്ള ഒരു പരസ്പരബന്ധം സാഹചര്യങ്ങള്‍ക്കും വായനക്കാരനും ആപേക്ഷികമായിരിക്കാം. ഖുര്‍ആന്റെ ഇത്തരത്തിലുള്ള സവിശേഷതകളാണ് എല്ലാ കാലഘട്ടങ്ങളിലുള്ള സാഹചര്യങ്ങള്‍ക്കുതകുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ക്കും സാധ്യത നല്‍കുന്നത്. ഖുര്‍ആനിനെ സംബന്ധിച്ചുള്ള ഈ ഒരു ബോധത്തില്‍ നിന്നുകൊണ്ട് ഒരു ഖുര്‍ആനിക സംഭവവിവരണത്തെ വായിക്കുമ്പോഴുണ്ടായേക്കാവുന്ന വ്യത്യസ്ഥ വായനാനുഭവങ്ങളെ അടയാളപ്പെടുത്തി കൊണ്ടാണ് ഈ എഴുത്ത് മുന്നോട്ട് പോവുന്നത്.

മൂസ നബി (അ) മദ്യനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ രാത്രിയില്‍ മരുഭൂമിയില്‍ വെച്ച് ‘തീ’ കാണുന്ന നുബുവ്വത്തിന്റെ സംഭവത്തെയാണ് ഇവിടെ വായിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ സംഭവം മൂസ നബിയുടെ നുബുവ്വത്തിന്റെ വേളയെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം മൂസ നബി (അ) ദര്‍ശിച്ച ‘തീ’ മനുഷ്യന്റെ, അതായത് യുക്തി ആരാധ്യനായ മനുഷ്യന്റെ യുക്തിക്കും അപ്പുറം നില്‍ക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജ്ഞാന നിര്‍മ്മിതി എന്ന മണ്ടത്തരത്തെ അത് മറികടക്കുന്നു. ജ്ഞാന നിര്‍മ്മിതി നിര്‍മ്മിച്ചെടുക്കുന്ന ഒന്നാണ് അവന്റെ യുക്തി എന്നത്. മനുഷ്യന്‍ ഇടപഴകുന്ന എല്ലാ ഭൗതിക വസ്തുക്കളുമായും അവന്‍ ചില ജ്ഞാന നിര്‍മ്മിതി ചെയ്ത് വെക്കുന്നുണ്ട്. ഇത് ഒരുതരത്തില്‍ ആ വസ്തുവിന്റെ മുകളില്‍ അവന്‍ ആധിപത്യം സ്ഥാപിക്കലാണ്. ‘അഗ്‌നി ‘ എന്ന വസ്തുവുമായി മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത ജ്ഞാനത്തെ തകര്‍ക്കുന്ന ഒന്നായി മൂസ നബി (അ) കണ്ട തീ മാറുകയാണിവിടെ. ഇത്തരത്തില്‍ ജ്ഞാന നിര്‍മ്മിതിയെ മറികടക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ സാധിക്കും.

ഇവിടെ മൂസാ നബിക്ക് തീ നുബുവ്വത്തിലേക്കുള്ള, അല്ലെങ്കില്‍ പരമാര്‍ത്ഥിക സത്യത്തിലേക്കുള്ള വഴികാട്ടിയായി മാറുന്നു. മരുഭൂമിയുടെ അന്ധകാരത്തില്‍ വഴിതിരിയാതെ അലയുന്ന മൂസ നബി (അ)ക്ക് തീ വഴി കാണിക്കുന്നു. മനുഷ്യന്റെ കേവല യുക്തിയെ ആരാധിക്കുന്നവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത മറ്റൊരു സവിശേഷതയാണ് മൂസ നബിയുമായി ‘തീ ‘ സംസാരിക്കുന്നു എന്ന വസ്തുത. ഇവിടെയും മനുഷ്യന്‍ തീയിനോട് നിര്‍മ്മിച്ചെടുത്ത ധര്‍മ്മത്തിന് പുറമേ മനുഷ്യന് തന്റെ എല്ലാ അന്തക്കേടുകള്‍ക്കും ഉള്ളില്‍ നിന്ന് കൊണ്ട് ഉള്‍കൊള്ളാന്‍ കഴിയാത്ത മറ്റൊരു ധര്‍മ്മം കൂടി പുതുതായി ചേരുകയാണ്.

ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്, അല്ലാഹു മനുഷ്യനുമായി സംസാരിക്കുകയാണെങ്കില്‍ അതൊരു മറക്കയ്ക്ക് പിന്നില്‍ നിന്നുകൊണ്ടോ അല്ലെങ്കില്‍ വഹ്‌യ് മുഖേനെയോ മാത്രമായിരിക്കും. ഇത് പോലെ ഉപാസനനും ഉപാസിക്കപ്പെടുന്നവനും ഇടയിലുള്ള സംഭാഷണത്തിലെ in-betweenness ആയി ഇവിടെ തീ വര്‍ത്തിക്കുന്നു. ദൈവത്തിന്റെയും അവന്റെ സൃഷ്ടിയുടെയും ഇടയിലുള്ള മദ്ധ്യവര്‍ത്തിയായ ഈ തീ ഏതവസ്ഥയിലായിരിക്കും? ഭൗതികമോ? അതോ അഭൗതികമോ? ഈ സന്ദര്‍ഭത്തില്‍ ഇതിനെ ഇബ്നു അറബിയുടെ ബര്‍സഖ് എന്ന ആശയവുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. ഖുര്‍ആനില്‍ കൂടിക്കലരാതെ ചേര്‍ന്ന് കിടക്കുന്ന രണ്ട് മഹാസമുദ്രങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഈ രണ്ട് കടലുകളെയും കൂടിക്കലരാതെ വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഒരു ഇടനിലക്കാരനാണ് ബര്‍സഖ്. കൂടാതെ ഇഹലോക ജീവിതത്തിനും പരലോക ജീവിതത്തിനും ഇടയിലുള്ള ലോകമായ ഖബര്‍ ജീവിതത്തെയും ബര്‍സഖ് എന്ന് വിളിച്ചതായി കാണാം. ചുരുക്കത്തില്‍ ഇതാണ് ഇബ്നു അറബിയുടെ ബര്‍സഖ് എന്ന ആശയം. അഥവാ, ഉണ്മയുടെയും ഉണ്മയില്ലായ്മയുടെയും ഇടയിലുള്ള അവസ്ഥ. അപ്പോള്‍ ഇവിടെ ബര്‍സഖിന്റെ അവസ്ഥ ഏതാണ്. ഭൗതികമോ ? അഭൗതികമോ? ഏതായാലും ഇത് രണ്ടുമല്ല. അങ്ങനെയെങ്കില്‍ ഇതിന് രണ്ടിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഒരു അവസ്ഥയിലേക്ക് മൂസ നബി(അ)യുടെ തീ മാറുന്നു.

മൂസ നബി(അ) തീയുടെ അടുത്തെത്തിയപ്പോള്‍ അല്ലാഹു മൂസ(അ)യോട് പറയുകയാണ്: ‘ ഓ മൂസ, ഞാനാണ് നിന്റെ റബ്ബ്. ചെരുപ്പുകള്‍ ഊരിവെക്കൂ.’ ഇവിടെ അല്ലാഹു മൂസയോട് അഴിച്ചുവെക്കാനായ് ആവശ്യപ്പെടുന്ന രണ്ട് ചെരുപ്പുകളെ ഭൗതിക ലോകത്തിന്റെയും അഭൗതിക ലോകത്തിന്റെയും പ്രതീകങ്ങളായി മുഫസ്സിറുകള്‍ വ്യാഖ്യാനിച്ചതായി കാണാന്‍ കഴിയും. അങ്ങനെയെങ്കില്‍ സൃഷ്ടാവുമായി സൃഷ്ടിക്ക് നേരിട്ടുള്ള സംസാരത്തിനായി ഭൗതികവും അഭൗതികവുമല്ലാത്ത ഒരു അവസ്ഥയിലേക്ക് മൂസ നബി(അ) മാറിയിട്ടില്ലേ? അപ്പോള്‍ ഏതാണ് ഭൗതികവും അഭൗതികവും അല്ലാത്ത ഒരു അവസ്ഥ? ഇതിനെയും നമുക്ക് ഇബ്നു അറബിയുടെ ബര്‍സഖുമായി ചേര്‍ത്ത് വെക്കാവുന്നതല്ലേ?

അങ്ങനെയെങ്കില്‍ എല്ലാ പ്രവാചകരും നുബുവ്വത്തിന്റെ വേളയില്‍ ഈയൊരു അവസ്ഥയിലേക്ക് മാറിയിട്ടുണ്ടാവുമോ? അതായത് ഉണ്മയില്ലായ്മയ്ക്കും ഉണ്മയ്ക്കും ഇടയിലെ മധ്യാവസ്ഥയായ ബര്‍സഖിലേക്ക് അവര്‍ എത്തിയിട്ടുണ്ടാകുമോ? അല്ലെങ്കില്‍ പ്രവാചകന്മാരെല്ലാം ആ അവസ്ഥയിലുള്ളവരാണോ?

തീ, ചക്രം, ഇരുമ്പ് തുടങ്ങിയ ഭൗതിക വസ്തുക്കളെല്ലാം മനുഷ്യന് ഉപയോഗിക്കാനുള്ളതാണ്. എന്നാല്‍ മൂസാ നബിയുടെ കഥയില്‍ ഇതിന് തീര്‍ത്തും വിരുദ്ധമായി കൊണ്ട് തീയിനെ മനുഷ്യന്‍ ഉപയോഗിക്കുന്നതിന് പകരം തീ മനുഷ്യനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഫറോവ എന്ന അഹങ്കാരിയുടെ അടിച്ചമര്‍ത്തലുകളില്‍പെട്ട് ജീവിക്കുന്ന ഇസ്രാഈലി ജനതയുടെ വിമോചകനായി തീ മൂസയെ ഉപയോഗിക്കുന്നു. അല്ലെങ്കില്‍ വിമോചനത്തിന് വേണ്ടിയുള്ള ഉപകരണമായി മൂസയെ തീ ഉപയോഗിക്കുന്നു.

ചുരുക്കത്തില്‍ മൂസ(അ) കണ്ട തീ എല്ലാ അര്‍ത്ഥത്തിലും സാധാരണ മനുഷ്യന്റെ യുക്തിയില്‍ നിര്‍മ്മിച്ച് വെച്ച ഒരു തീയുടെ എല്ലാ സവിശേഷതകളെയും തകര്‍ത്ത് മറ്റൊരു തീയായി മാറിയിരിക്കുന്നു. അതായത് മൂസ നബി(അ)ക്ക് അനുഭവേദ്യമായ തീ അതിന്റെ സത്തയെ തന്നെ മാറ്റിയിരിക്കുന്നു. അപ്പോള്‍ ഇവിടെ തീയുടെ സത്ത മാറാന്‍ കാരണം മൂസ നബി(അ)ക്ക് അങ്ങനെ അനുഭവപ്പെട്ടത് കൊണ്ടല്ലേ? അപ്പോള്‍ ഒരു വസ്തുവിന്റെ സത്ത എന്നത് അതുമായി ഇടപഴകുന്ന ഒന്നില്‍ ആപേക്ഷിതമല്ലേ? ഒരു വസ്തുവിന് അനന്തമായ ഒരു സത്ത ഉണ്ടായിക്കൂടെ?

മൂസ നബി(അ)ക്ക് നുബുവ്വത്ത് ലഭിക്കുന്ന ഈ സന്ദര്‍ഭത്തിലെ വ്യത്യസ്ഥ ഘടകങ്ങളെ അതിന്റെ ആശയലോകത്തില്‍ ഗസ്സാലി(റ) അടക്കമുള്ള പണ്ഡിതര്‍ വിശകലനം ചെയ്തതായി കാണാന്‍ സാധിക്കും.

അല്ലാഹുവിനെയും പ്രവാചകനെയും ജ്ഞാനത്തിനെയും പ്രകീതാത്മകമായി പ്രകാശവും തീയുമായി ബന്ധപ്പെടുത്തി നോക്കാം. അന്ധകാരത്തില്‍ കാഴ്ചയെ സഹായിക്കുന്ന പ്രകാശം എവിടെ നിന്ന് ലഭിക്കുന്നുവോ അതിനെയാണ് പ്രകാശിക്കപ്പെടുന്ന വിളക്ക് എന്ന് പറയുന്നത്. ഇത്തരത്തില്‍ പ്രകാശിക്കപ്പെടുന്ന ഒരു വിളക്കാണ് പ്രവാചകന്‍. പ്രവാചകനിലെ ‘ജ്ഞാന’ മെന്ന തീനാളത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉത്ഭവിക്കപ്പെടുന്നത്. അത് ഇരുട്ടില്‍ കാഴ്ചയെ സഹായിക്കുന്നു. അനേകം പേര്‍ക്ക് വിളക്കായി അത് വര്‍ത്തിക്കുന്നു. പ്രവചകനിലെ പ്രകാശം ചൊരിയുന്ന ജ്ഞാനമെന്ന തീനാളത്തിന്റെ പ്രത്യേകത എന്താണ്? ആ തീനാളത്തില്‍ നിന്നും അനന്തമായ അനേകം തീനാളങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും എന്നതാണത്. എന്നാല്‍ അത് അതിന്റെ അളവിന് വല്ല വ്യതിയാനവും വരുത്തുന്നുണ്ടോ? ഇല്ല, എത്രതന്നെ തീനാളങ്ങളെ ഉണ്ടാക്കിയാലും ജ്ഞാനമെന്ന തീനാളത്തിന്റെ അളവില്‍ യാതൊരു വ്യതിയാനവും ഉണ്ടാക്കുന്നില്ല. പ്രവാചകനെന്ന പ്രകാശിക്കുന്ന വിളക്കിലെ തീനാളത്തെ എവിടെനിന്നാണ് കൊളുത്തിയത്? അത് ‘അല്ലാഹു’ എന്ന അഗ്‌നിയുടെ അനന്തതയില്‍ നിന്നും കൊളുത്തപ്പെട്ടതാണ്. ഈ അഗ്‌നിയാണ് പ്രവാചകനില്‍ രൂപപ്പെടുന്നത്. പ്രവാചകനിലെ ഈ തീ ജനങ്ങള്‍ക്ക് അന്ധതയില്‍ കാഴ്ച നല്‍കുന്നു, ഇരുട്ടില്‍ പ്രകാശം നല്‍കുന്നു. പ്രവാചകനില്‍ അര്‍പ്പിതമായ ദൗത്യവും അതുതന്നെയാകുന്നു.

മൂസ നബി(അ) ‘തീ ‘ കാണാനിടയായ പര്‍വ്വതത്തെ ആത്മീയ ലോകത്ത് ഉറപ്പോടെ വലുതായി നിലകൊള്ളുന്ന ഒന്നായി ഇമാം ഗസ്സാലി വിശകലനം ചെയ്യുന്നുണ്ട്. ഈ പര്‍വ്വതത്തിന്റെ ഉച്ചിയില്‍ നിന്ന് അനേകം നീര്‍ച്ചാലുകള്‍ ഒരു താഴ്വാരത്തേക്ക് ഒഴുകുന്നുണ്ട്. ആത്മീയ ലോകത്തെ പര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ജ്ഞാനത്തിന്റെ നീര്‍ച്ചാലുകളെയും മുത്തുകളെയും രത്നങ്ങളെയുമെല്ലാം ഏറ്റുവാങ്ങാന്‍ വെച്ചിരിക്കുന്ന പ്രവാചക ഹൃദയമാണ് പരിശുദ്ധതാഴ്വാരം. ഈ പരിശുദ്ധ താഴ്വാരത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ചെരുപ്പുകള്‍ അഴിച്ച് വെക്കേണ്ടതായുണ്ട്. അതായത് ഭൗതികലോകവും അഭൗതികലോകവും ഉപേക്ഷിക്കേണ്ടതായുണ്ട്. അഥവാ, ആത്മീയതയുടെ മുത്തുകളും രത്നങ്ങളും സ്വന്തമാക്കാന്‍ ഭൗതികവും അഭൗതികവുമല്ലാത്ത ഒരു അവസ്ഥയിലേക്ക് (ബര്‍സഖ്) ഉയരേണ്ടതുണ്ട്.

മൻഷാദ് മനാസ്

കുറ്റ്യാടി ഇബ്നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി