Campus Alive

ഭാഷ എന്ന രാഷ്ട്രീയതന്ത്രം

ഒരാൾക്ക് മറ്റൊരാളെ ഭാഷയിലൂടെ എന്തെങ്കിലും ഗ്രഹിപ്പിക്കാനാവുമോ?
വ്യക്തികൾ പരസ്പരം പങ്കിടുന്ന  സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അർഥമുണ്ടായിവരുന്നത് എന്നാണ് പറയാറ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ,ഭാഷയിലൂടെയാണ് പൊതുബോധം പ്രവർത്തനക്ഷമമാകുന്നത്‌ എന്നർഥം.നാം നിത്യേന അനുഭവിച്ചുപോരുന്ന ഭാഷ നമ്മളോട് ചെയ്യുന്നതെന്താണെന്ന ആലോചന ഇവിടെ പ്രസക്തമായിത്തീരുന്നു.

സർവ്വർക്കും സ്വീകാര്യമായ ഭാഷക്കു പിറകിൽ ഒളിച്ചിരിക്കുന്നത് അധീശവിഭാഗത്തിന്റെ പ്രത്യയശാസ്തമാണെന്നത് നമുക്കിന്ന് ഏറെക്കുറെ തിരിച്ചറിയാനായിട്ടുണ്ട്. ഉദാഹരണത്തിന് മേത്തൻ, ചെറ്റ, പുലയൻ, ആണും പെണ്ണും കെട്ടവൻ തുടങ്ങിയവ മലയാളികൾക്ക് തെറിവാക്കുകളായി മാറിയത് എങ്ങനെയായിരിക്കും എന്നാലോചിച്ചാൽ മതി. കാക്ക കുളിച്ചാൽ കൊക്കാകുമോ? ജാത്യാലുള്ളത് തൂത്താൽ പോകുമോ? തുടങ്ങിയ ശൈലികൾ രൂപം കൊണ്ടത് എന്തിനുവേണ്ടിയാണ്? നമ്മുടെ നിത്യവ്യവഹാരത്തിലെ ഭാഷ ചില മനുഷ്യർക്ക് മേൽ അക്രമമായിത്തീരുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ ആലോചിക്കുമ്പോഴാണ്‌  ആരുടേതാണീ ഭാഷ എന്ന ചോദ്യത്തിലേക്ക്  നാം എത്തിച്ചേരുക. സമൂഹത്തിൽ ആധിപത്യമുള്ളവർ ചേർന്നാണ് പൊതുബോധത്തിനു വേണ്ടുന്ന ഭാഷ രൂപീകരിക്കുന്നത്. ഒരു പ്രത്യേക ഭാഷണസമൂഹം ഒരു പ്രത്യേക കാലഘട്ടത്തിൽ നിശ്ചയിക്കുന്നതാണ് വാക്കുകളുടെ അർഥമെന്ന്  ഘടനാവാദ ഭാഷാസിദ്ധാന്തവുമുണ്ട്. നാമുപയോഗിക്കുന്ന വാക്കുകൾ കേവലം വാക്കുകളായല്ല സ്വീകരിക്കപ്പെടുന്നത്. ഓരോ വാക്കിനെച്ചുറ്റിയും ഓരോ ആശയപ്രപഞ്ചം നിലനിൽക്കുന്നുണ്ട്. ഭാഷക്ക് സ്വതവേയുള്ള ഈ അധീശശേഷിയിൽ സാമൂഹ്യാധികാരമുള്ള വിഭാഗങ്ങൾ സുരക്ഷിതരായിരിക്കും. പ്രാന്തവൽക്കരിക്കപ്പെട്ട  വിഭാഗങ്ങൾക്ക് തങ്ങളുടേതായ അനുഭവങ്ങളെയും ആശയങ്ങളെയും അതേ തീവ്രതയോടെ ആവിഷ്കരിക്കാൻ നിലവിലുള്ള അധീശഭാഷ അപര്യാപ്തമാണ്.  ഭാഷ നഷ്ടപ്പെട്ട ജനതയെപ്പോലെയാണ് അവരുടെ നില. അത്തരം വിഭാഗങ്ങൾക്ക്  ഭാഷയുടെ  ഹിംസാത്മകമായ പൊതുധാരണകളെ പൊളിച്ചെഴുതാതെ തങ്ങളുടെ ആശയങ്ങൾ സമൂഹത്തിൽ വിനിമയം ചെയ്യുക സാധ്യമല്ല. മുസ്ലിങ്ങളുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെ വളരെപ്പെട്ടെന്ന് പിശാചുവൽക്കരിക്കാൻ മതേതര പൊതുമണ്ഡലത്തിന് സാധിക്കുന്നത് ഭാഷയുടെ ഈ അധീശത്വം കാരണമായാണ്. അതിനെച്ചെറുക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങൾ മതമൗലികവാദി, തീവ്രവാദി, ഭീകരവാദി, മത-രാഷ്ട്രവാദി എന്നിങ്ങനെ എളുപ്പത്തിൽ മുദ്രകുത്തപ്പെടുന്നതിനും ഇതു തന്നെയാണ് കാരണം. അധീശഭാഷയിൽ  ആപാദചൂഡം മുങ്ങിയ കീഴാള-മുസ്ലിം സമൂഹങ്ങളും തങ്ങളെ പരസ്പരം വിശേഷിപ്പിക്കാൻ ലിബറൽ അധീശപൊതുബോധം നിർമിച്ചുതന്ന ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്  എന്നതാണ് ശ്രദ്ധേയമായ  മറ്റൊരു വൈരുധ്യം. ഭാഷയുടെ അധീശസ്വഭാവത്തെ വൈജ്ഞാനികമായി ചെറുക്കുന്ന പുതിയൊരു രീതിശാസ്ത്രം വികസിപ്പിച്ചുകൊണ്ടു മാത്രമേ അടിത്തട്ടിലെ മനുഷ്യർക്ക് അതിജീവനത്തിന്റേതായ രാഷ്ട്രീയം മുന്നോട്ടുവെക്കാൻ സാധിക്കൂ. ഇസ്ലാമികമായ ആശയ പരിസരത്തു നിന്നുകൊണ്ട് ഇത്തരത്തിലൊരു പുനരാലോചന സാധ്യമാണോ എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

പൊതുബോധത്തിന്റെ ഭാഷയെ ഇസ്ലാം കാണുന്നതെങ്ങനെ?

നിലനിൽക്കുന്ന ഭാഷ മറ്റൊരു വിഭാഗത്തിനു മേലുള്ള അക്രമമായിത്തീരുന്നുവെങ്കിൽ ആ ഭാഷയെ നിരാകരിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.     . പൊതുബോധത്തിനനുസരിച്ചുള്ള ഒഴുക്കും അത്തരം പ്രയോഗങ്ങളും  വിശ്വാസികളിൽ ഉണ്ടാകരുതെന്ന് ഒരു നബിവചനത്തിന്റെ ആശയത്തിൽ കാണുന്നുണ്ട്1.”ജനങ്ങൾ നൻമ ചെയ്യുന്നവരായാൽ ഞങ്ങളും നൻമ ചെയ്യും, ജനങ്ങൾ അക്രമം കാണിക്കുന്നവരായാൽ ഞങ്ങളും അക്രമം കാണിക്കും എന്ന് പറഞ്ഞ്, (ജനങ്ങളുടെ) കൂടെക്കൂടികളായി നിങ്ങൾ മാറരുത്. എന്നാൽ,ഒരു കാര്യം നീ സ്വയം ഉറപ്പിച്ചോളൂ. ജനങ്ങൾ നൻമ ചെയ്താൽ നീ നൻമ ചെയ്യുക. അവർ ചീത്ത ചെയ്താൽ നീ അക്രമം ചെയ്യാതിരിക്കുക “ഇവിടെ ‘ജനങ്ങൾ നിനക്ക് നൻമ ചെയ്താൽ അവരോട് നൻമ ചെയ്യുക, ജനങ്ങൾ നിനക്ക് തിൻമ ചെയ്താലും അവരോട് നൻമ ചെയ്യുക ‘ എന്ന അർഥത്തിലല്ല ഈ വാക്യങ്ങളെ പൂർവ്വപണ്ഡിതൻമാർ വിശദീകരിച്ചിട്ടുള്ളത്.
കൂടെക്കൂടൽ എന്ന അർഥത്തിൽ ഇവിടെ ഉപയോഗിച്ച ‘ ഇമ്മഅൻ’ എന്ന വാക്കിന് വിപുലമായ ധ്വനികളുണ്ട്.  ഒരു വിഷയത്തിൽ ഭൂരിപക്ഷം ജനങ്ങളും (പൊതുബോധം) പറയുന്നതെന്തോ അത് ശരി എന്ന നിലപാടെടുത്ത് അതിനോട് ചേർന്നു നിൽക്കുന്ന പൊതുപ്രവണതയാണ് ഇമ്മഅൻ. നീതിക്കുവിരുദ്ധമായാണ് പൊതുബോധം പ്രവർത്തിക്കുന്നതെങ്കിലും അതിനെ പിന്തുണക്കുന്ന നിലപാടുകൾ നമുക്ക് കാണാം. എന്നാൽ ഒരു വിഷയത്തിൽ ഇസ്ലാമിന്റെ വീക്ഷണം നോക്കിയിട്ടാണ് നിലപാടെടുക്കേണ്ടത് എന്നാണ് പ്രവാചകാധ്യാപനം.

വൈജ്ഞാനികമായ സംവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന മുസ്ലിം സംഘടനകളെ അത്തരത്തിൽ നേരിടാൻ ശേഷിയില്ലാത്തതുകൊണ്ടാവാം തീവ്രവാദത്തിന്റെ ‘മാസ്റ്റർ ബ്രെയിൻ’, മതരാഷ്ട്രവാദികൾ എന്നെല്ലാം വിശേഷിപ്പിക്കാൻ മതേതര പൊതുബോധം താല്പര്യപ്പെടുന്നത്. നമ്മുടെ സവർണ സാമൂഹ്യഘടനയിൽ അതിന് എളുപ്പത്തിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. മറ്റു മുസ്ലിം സംഘടനകൾ ഇതേ മതേതര ഭാഷയിൽ   ഈ പ്രസ്ഥാനങ്ങളെ വിശേഷിപ്പിക്കുന്നു. സമുദായ രാഷ്ട്രീയ സംഘടനയെ ‘സാമുദായികവാദികൾ’ എന്ന് അസ്വബിയത്തിന് തുല്യമായ ശകാരവാക്കായി മുസ്ലിം സംഘടനകളിൽ ചിലർ വിളിക്കുന്നു. അതുപോലെത്തന്നെ മതയാഥാസ്ഥിതികർ, മതക്കച്ചവടക്കാർ, ഭീകരവാദികൾ, തീവ്രവാദികൾ എന്നീ അധീശ-ലിബറൽ ശകാരങ്ങളെല്ലാം അതേ മട്ടിൽ പരസ്പരം ഉപയോഗിക്കുകയും ചെയ്യുന്നു.

ഇടത് സവർണപൊതുബോധവും സംഘ്പരിവാറും ഏതെങ്കിലും മുസ്ലിം സംഘടനയെ വേട്ടയാടുമ്പോൾ പലപ്പോഴും മറ്റു മുസ്ലിം സംഘടനകളും കൂടെച്ചേർന്ന് അവരെ വേട്ടയാടി തങ്ങളുടെ ‘മതേതരത്വം’ തെളിയിക്കുന്നു. കേരളത്തിലെ മുസ്ലിങ്ങളിലെ തൊണ്ണൂറു ശതമാനവും ഏതെങ്കിലും മുസ്ലിം സംഘടനയുമായോ അവരുടെ  മഹല്ല് സംവിധാനവുമായോ ബന്ധപ്പെടുന്നവരായതുകൊണ്ട് ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ മുസ്ലിം ബഹുജനങ്ങളുടെ നിത്യജീവിതത്തെത്തന്നെ സംഘർഷഭരിതമാക്കുന്നു. ഏതു സന്ദർഭത്തിൽ ഏതിനെ ചർച്ചയാക്കണമെന്ന് ‘മതേതര പൊതുബോധമാണ്’ തീരുമാനിക്കുന്നത്‌ എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഇതര മുസ്ലിം സംഘടനകൾ തങ്ങളുടെ സഹോദര പ്രസ്ഥാനങ്ങളെ തള്ളിപ്പറയുമെന്നും, അല്ലെങ്കിൽ അവരുടെ മതേതര അവകാശവാദങ്ങളെക്കൂടി തങ്ങൾക്ക് എളുപ്പത്തിൽ  റദ്ദ് ചെയ്യാമെന്നുമുള്ള ആത്മവിശ്വാസം (ഹിന്ദുത്വ )  സെക്കുലറുകൾക്കുണ്ട്. അതിനാൽ   പരസ്പരം വിളിക്കേണ്ട ഭാഷയെക്കുറിച്ച്  മേൽ സൂചിപ്പിച്ച പ്രവാചകാധ്യാപനത്തെ മുൻനിർത്തിയുള്ള  പുനരാലോചനകൾ മുസ്ലിം സംഘടനകൾ നടത്തേണ്ടതുണ്ട് .

അസ്വബിയ്യത്തും വംശീയതയും

അസ്വബിയ്യത്ത് എന്നതിന് സ്വജനപക്ഷപാതം, വംശീയത, വർഗീയത, സാമുദായികത, എന്നിങ്ങനെയുള്ള വാക്കുകൾ പലരും  പര്യായങ്ങളെപ്പോലെ വ്യവഹരിക്കാറുണ്ട്. എന്നിട്ട് (ഈ മലയാളവാക്കുകളുടെ വർത്തമാനകാല വിവക്ഷകളെ ഉപയോഗപ്പെടുത്തി) ഇന്ന് ആരിലൊക്കെയാണോ നമ്മുടെ പൊതുബോധം ഇവയൊക്കെ ആരോപിക്കുന്നത് അവരെയെല്ലാം അസബിയ്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.

Ibn Khaldun

ഇസ്ലാം എതിർത്തുപോന്നിട്ടുള്ള ജാഹിലിയ്യാ കാലത്തെ ഗോത്രപക്ഷപാതിത്വവും അത്തരത്തിൽ അപരവിദ്വേഷത്താൽ രൂപപ്പെട്ട വംശീയപ്രവണതകളുമാണ് യഥാർഥത്തിൽ അസബിയ്യത്ത്. .സംഘബോധമെന്നോ വർഗബോധമെന്നോ വിളിക്കാവുന്ന പദമാണ് ‘ഉസ്ബത്ത്’. അസബിയ്യത്ത് എന്നതിലേക്ക് സാങ്കേതികപദമായി വികസിക്കുമ്പോൾ മാത്രമേ അത് വംശീയതയുടെ മാനങ്ങളിലേക്ക് മാറുന്നുള്ളൂ. ഉസ്ബത്ത് എന്ന ആശയത്തെ സമൂഹനിർമിതിയുടെ അടിസ്ഥാനമായാണ് ഇബ്‌നു ഖല്‍ദൂന്‍ കണക്കാക്കുന്നത്‌. സമൂഹഘടനക്ക് ആവശ്യം വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധമാണ്.ഇത് ഒരു സമൂഹത്തിൽ പ്രകടമാവുമ്പോൾ അതിനെ ‘സംഘബോധം ‘ എന്ന്  വിളിക്കാം.  കുടുംബം, ഗോത്രം, ഭാഷ,ദേശം, മതം എന്നിങ്ങനെയുള്ള അടിസ്ഥാനങ്ങളിൽ സംഘബോധം രൂപപ്പെടാം. ഏതൊരാശയത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തി സമൂഹഘടനയുമായി ബന്ധപ്പെട്ടുനിൽക്കുന്നുവോ, ആ ആശയത്തിനുവേണ്ടി അവൻ
നിലകൊള്ളുന്നു2’. മൂഹത്തിന്റെയും രാഷ്ട്രത്തിന്റേയും വളർച്ചക്ക് അനിവാര്യമായ ഒന്നായി  അദ്ദേഹം അത് തുടർന്ന് വിശദീകരിക്കുന്നുണ്ട്‌. സൂറത്തു യൂസുഫിലെ 14ാം സൂക്തത്തിൽ ‘ഞങ്ങൾ സംഘബോധമുള്ളവരായിരിക്കെ യൂസുഫി (അ)നെ ചെന്നായ തിന്നാൽ ഞങ്ങൾ നഷ്ടത്തിലായിരിക്കും.’ എന്നു സഹോദരങ്ങൾ പിതാവിനോടു പറയുന്നുണ്ടല്ലോ. ഇവിടെയെല്ലാം ‘ഉസ്ബത്ത് ‘നിർമാണാത്മക സ്വഭാ‌വത്തിലാണ് പ്രയോഗിച്ചിട്ടുള്ളത് എന്ന് കാണാം.

ഇന്ത്യൻ സമൂഹത്തെ ആധുനികബോധ്യങ്ങളോടെ ജനാധിപത്യവൽക്കരിക്കുന്നതിൽ ‘സമുദായങ്ങളെ മുൻനിർത്തി വികസിച്ച രാഷ്ട്രീയ’ ത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്ട്രീയാധികാരത്തിലും ജനസംഖ്യാനുപാതിക പങ്കാളിത്തം എല്ലാ സാമൂഹ്യവിഭാഗങ്ങൾക്കും ലഭ്യമാകേണ്ടത് ജനാധിപത്യപ്രക്രിയ നീതിയുക്തമാകാൻ അനിവാര്യമാണ്. ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി രാഷ്ട്രീയമായി സംഘടിക്കുക എന്നത് മറ്റു വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയായല്ല വ്യാഖ്യാനിക്കേണ്ടത്. സവർണാധികാരം ആഴത്തിൽ വേരൂന്നിയ ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയിൽ ദലിത് – ആദിവാസി- മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായാണ് ഈ ‘സമുദായ രാഷ്ട്രീയ’ത്തെ കാണേണ്ടത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവരെ അവഗണനയോടെ കാണുന്നതിനാൽ വിശേഷിച്ചും ഇത് പ്രധാനമാണ്. മുസ്ലിങ്ങളുടേതടക്കമുള്ള  സാമുദായിക സംഘാടനങ്ങളെ ‘അസ്വബിയ്യത്തായി ‘ വ്യവഹരിക്കുമ്പോൾ ഇസ്ലാമിന്റെ നീതിബോധത്തിനു വിരുദ്ധമായ വ്യാഖ്യാനമായി അത് മാറുന്നു എന്ന് ചുരുക്കം.

സ്റ്റേറ്റ് , ദേശസ്നേഹം, ദേശീയത

ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന ഒരു മൊഴി മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്.   ഈ വാക്യത്തെക്കുറിച്ചൊന്നാലോചിക്കാം. ദേശം എന്ന സങ്കല്പം ഉണ്ടാവുന്നതിന്റെ 13 നൂറ്റാണ്ടെങ്കിലും മുമ്പുണ്ടായ ഈ മൊഴി 19ാം നൂറ്റാണ്ടിലുണ്ടായ ‘ദേശസ്നേഹം’ എന്ന സാങ്കേതികപദത്തോട്  ചേർത്തുകെട്ടുന്നത്  യുക്തിപരമായിരിക്കില്ല. വത്വൻ (പ്രദേശം) എന്ന പദത്തിൽ നിന്ന് രൂപപ്പെടുത്തിയ വത്വനിയത്ത് ( ദേശീയത ) എന്ന പരികല്പന അറബ് ലോകത്തും പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഉയർന്നുകേൾക്കുന്നത്. ദേശാതിർത്തികളാൽ ബന്ധിതമായ ഒരു ലോകബോധമല്ല, മറിച്ച്, അതിരുകളില്ലാത്ത  വിശ്വമാനവികതയുടെ തലമാണ് യഥാർഥത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്നത്. ജീവിക്കുന്ന പ്രദേശത്തോടുള്ള വൈകാരികബന്ധം മനുഷ്യസഹജമായി ഉണ്ടാവും എന്നത് ശരിയാണ്. ആ അളവിൽ അത് ആവശ്യവുമാണ്. എന്നല്ലാതെ അത് ‘സങ്കുചിത ദേശീയത’യായി വികസിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല.  ഒരു രാഷ്ട്രത്തിൽ ജീവിക്കുന്ന പൗരൻ ആ രാഷ്ട്രത്തിന്റെ ഭരണഘടനക്കു വിധേയമായി  എല്ലാവരേയും തുല്യമായി അംഗീകരിച്ച് സഹവസിക്കേണ്ടത് ജനാധിപത്യാവബോധത്തിന്റെ ഭാഗമാണ്. അതിനപ്പുറം, ദേശീയതകൾ ചെയ്തുപോരുന്ന  ശത്രുവിനെ സൃഷ്ടിക്കലും ‘അപര’രെ പിശാചുവൽക്കരിക്കലും കുടിയേറ്റക്കാരെയും അഭയാർഥികളെയും തുടച്ചുനീക്കലുമെല്ലാം മാനുഷികമൂല്യങ്ങളെയൊന്നാകെ വെല്ലുവിളിക്കുന്നവയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ആധുനിക ദേശരാഷ്ട്രങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സങ്കുചിതദേശീയതയും  ദേശസ്നേഹവും വളരെ ഗുണപരമാണെന്ന രീതിയിൽ ,വിശ്വാസത്തിന്റെ ഭാഗമായി മുന്നോട്ടു വെക്കുന്നത് ശരിയല്ല. ഒരു അപരനെ മുൻനിർത്തി വികസിച്ച ദേശീയതയുടെ ചരിത്രത്തെ നാം വിശകലനവിധേയമാക്കേണ്ടതുണ്ട്‌.. ഓരോ ദേശരാഷ്ട്രവും സൗകര്യാർഥം ഓരോ  ശത്രുവിനെ നിർമിക്കുകയും ആ അപരനോടുള്ള ഭീതി വളർത്തി, ‘ദേശസ്നേഹം’ ജ്വലിപ്പിച്ച് ഭരണകൂടഭീകരതയും ആൾക്കൂട്ടവംശഹത്യകളും പടർത്തുകയും ചെയ്യുന്നുണ്ട്. ഇത് ഹിംസയിൽ ഊട്ടപ്പെട്ട ആധുനിക ദേശരാഷ്ട്രങ്ങളുടെ സഹജമായ പരിമിതിയാണ്. ഇതുപോലെ, സ്റ്റേറ്റ് എന്ന വാക്കും ഇസ്ലാമിനോട് ചേർത്തു പ്രയോഗിക്കുമ്പോൾ നാം ഭാഷയുടെ ഇത്തരം വ്യാവഹാരിക തലങ്ങൾ ശ്രദ്ധിക്കാറില്ല. ആധുനിക സ്റ്റേറ്റിന്റെ ഹിംസാത്മകമവും നിഷേധാത്മകവുമായ രീതിശാസ്ത്രത്തോട് ഒരിക്കലും ഒത്തുപോവാത്ത ആശയമായാണ് ‘ഇസ്ലാമിക ഭരണ’സങ്കല്പത്തെ വാഇൽ

 

സല്‍മാന്‍ സയ്യിദ്‌

ഹല്ലാഖ് വിശദീകരിക്കുന്നത്‌. ഇസ്‌ലാമികരാഷ്ട്രം എന്നതിന് പകരം ഇസ്‌ലാമികഭരണക്രമം എന്ന പദമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ശരീഅത്തിനെയും ഇസ്‌ലാമിക ഭരണത്തെയും പുന:ക്രമീകരിക്കുക എന്നതാണ് ആധുനികതയുടെ വെല്ലുവിളികളെയും തടസ്സങ്ങളെയും മറികടക്കാനുള്ള വഴി എന്നും ഹല്ലാഖ് പറയുന്നു. ആധുനിക ദേശരാഷ്ട്രത്തിൽ നിന്നും  ഭിന്നമായ  രാഷ്ട്രീയഭാവനയാണ്  ഇസ്ലാമിന്റേതെന്ന് മുസ്‌ലിം പണ്ഡിതന്‍മാരില്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും അവരുപയോഗിച്ച സ്‌റ്റേറ്റ് എന്ന പദം തെറ്റിദ്ധാരണാ ജനകമാണെന്ന് തലാല്‍ അസദ് വിമർശിക്കുന്നുണ്ട്. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ജ്ഞാനശാസ്ത്രപരമായ അധീശത്വത്തെ വെല്ലുവിളിക്കാതെ   മുസ്ലീങ്ങൾക്ക് തങ്ങളുടേതായ   ജ്ഞാനനിർമാണം സാധ്യമാവില്ലെന്ന് സൽമാൻ സയ്യിദും ചൂണ്ടിക്കാട്ടുന്നു. കൊളോണിയാലിറ്റിയും

 

ആധുനികതയും ചേര്‍ന്ന് സാധ്യമാക്കുന്ന അധീശപരമായ സെക്കുലർ -ലിബറൽ വ്യവഹാരങ്ങൾ ഇസ്ലാമികരാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെ തടഞ്ഞു നിർത്തുകയാണ് ചെയ്തത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ വംശവെറിയെ തളളിക്കളയുന്ന   ലോകബോധത്തിനു മാത്രമേ     ഇസ്ലാമികമായ രാഷ്ട്രീയാലോചനകളെ ഉൾക്കൊള്ളാനാവൂ എന്നും സയ്യിദ് വിലയിരുത്തുന്നു.

വർഗീയത: വാക്കിന്റെ വംശാവലി

മതേതരത്വം എന്ന പദത്തിന്റെ എതിരെ നിർത്താവുന്ന  പദമായാണ് വർഗീയത വ്യവഹരിക്കപ്പെടുന്നത്. ഇസ്ലാം മതേതരത്വത്തെ അംഗീകരിക്കുന്നു, ഇസ്ലാം വർഗീയതയെ എതിർക്കുന്നു എന്നൊക്കെ  പറയുമ്പോൾ ,  ഇന്ന് ആ  വാക്കുകൾ വഹിക്കുന്ന ഭാരം നാം വിശകലനം ചെയ്യാറില്ല. മതത്തിന്റെ സാമൂഹിക-രാഷ്ടീയ ആവിഷ്കാരങ്ങളെ നിരാകരിക്കുന്ന ഒരു ആശയമായാണ്  അത് ഇന്ന് വിശദീകരിക്കപ്പെടുന്നത്.
മതേതരത്വം-വര്‍ഗീയത, മതം-ആധുനികത എന്നീ ആശയങ്ങളെ ദ്വന്ദ്വങ്ങളാക്കി നിർത്തിക്കൊണ്ടാണ്  ഇന്ന് മനസ്സിലാക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയില്‍  ഈ  സങ്കല്പനങ്ങൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന്  ചരിത്രപരമായി മനസ്സിലാക്കാൻ  ശബ്‌നം തേജാനിയുടെ Indian Secularism: A Social and Intellectual History, 1890-1950 എന്ന പഠനം ശ്രമിക്കുന്നുണ്ട്.  സവർണാധീശപരമായ ദേശ നിർമിതിക്കെതിരെയുള്ള കീഴാള -മുസ്‌ലിം ചെറുത്തുനില്പുകളെയും പ്രാദേശിക-ഭാഷാ ആവശ്യങ്ങളെയും നിശബ്ദമാക്കാൻ  ഹൈന്ദവ ദേശീയവാദികൾ  ഉപയോഗപ്പെടുത്തിയത് ‘മതേതരത്വം’ എന്ന വ്യവഹാരത്തെയാണ്.

Indian Secularism: A Social and Intellectual History, 1890-1950

പ്രാന്തവൽകൃതരുടെ രാഷ്ട്രീയ ആവശ്യങ്ങളെല്ലാം തന്നെ വർഗീയമോ ദേശവിരുദ്ധമോ ആയി മതേതരത്വത്തിന്റെ മറുപക്ഷത്തായി വ്യാഖ്യാനിക്കപ്പെട്ടു. ഇങ്ങനെ നിർമിക്കപ്പെട്ട പൊതുബോധത്തെ കൂട്ടുപിടിച്ചാണ്  ലിബറലുകൾ ഇന്നും മുസ്ലിംവിരുദ്ധ നിലപാടുകളെ  ‘വർഗീയവിരുദ്ധത ‘ എന്ന വാചാടോപത്തിലൂടെ നിലനിർത്തുന്നത്. കൊളോണിയൽ ചരിത്രകാരൻമാർ  മലബാറിലെ മാപ്പിളമാരെ മതഭ്രാന്തർ (fanatic) എന്നാണ് വിശേഷിപ്പിച്ചിരുന്നത് . വില്യം ലോഗനെപ്പോലുള്ളവർ ഒരുപടികൂടി കടന്ന് കാട്ടുമാപ്പിള (Jungle Mappila ) എന്നാണ് വിളിക്കുന്നത്. നമ്മുടെ ദേശീയ ചരിത്രകാരൻമാരും ഇതേ പദാവലികളിലൂടെയാണ് മാപ്പിളമാരെ നോക്കിക്കണ്ടത്. ബ്രിട്ടീഷുകാർ , തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന   മാപ്പിളമാരെ അടിച്ചൊതുക്കാനുള്ള പ്രധാന വഴിയായാണ് ആ വാക്കുകൾ നിലനിർത്തിയത്. ദേശീയവാദികൾക്കാകട്ടെ, മുസ്ലിങ്ങളുടെ  രാഷ്ട്രീയാവകാശങ്ങളെ നിരാകരിക്കാനുള്ള പദ്ധതിയായി ഈ വാക്കുകൾ മാറി. അപ്പോൾ അത്ര നിഷ്കളങ്കമായി ഇന്ത്യയിലെ ഭീകരവാദം, വർഗീയത എന്നീ  വ്യവഹാരങ്ങളെ മനസ്സിലാക്കാനാവില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ മുസ്ലിം സാന്നിധ്യങ്ങളെ  വ്യവഹരിക്കാൻ മതമൗലികവാദി, തീവ്രവാദി, ഭീകരവാദി എന്നിങ്ങനെ  വാക്കുകൾ മാറ്റി ഉപയോഗിക്കുന്നത് പഠിതാക്കളിൽ കൗതുകമുണ്ടാക്കിയിട്ടുണ്ട്. 1970 കാലത്ത് മതമൗലികവാദി എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. പിന്നിട്1992 നു ശേഷം അത് തീവ്രവാദി എന്നായി. സെപ്തംബർ 2001നു ശേഷമാണ് ഭീകരവാദി എന്ന വിളിപ്പേരിലേക്ക് അത് മാറുന്നത്. ദേശ രാഷ്ട്രവും സംഘ്പരിവാറും അമേരിക്കൻ സാമ്രാജ്യത്വവും തങ്ങളുടെ അധീശത്വത്തിനു വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വാക്കുകൾ അതാത് കാലങ്ങളിൽ  ‘സാമാന്യബോധ’മായിത്തീരുകയാണുണ്ടായത്. ഫാഷിസം പ്രവർത്തിക്കുന്നത് സാമാന്യബോധത്തിനുള്ളിലൂടെയാണെന്ന് അന്റോണിയോ ഗ്രാംഷി പറയുന്നത് ഇത്തരുണത്തിൽ പ്രസക്തമാവുന്നുണ്ട്.

ഇസ്ലാമും സാമൂഹികസങ്കല്പനങ്ങളും

ഇസ്‌ലാമിൽ തങ്ങൾക്ക് മോചനമുണ്ടെന്ന് മനസ്സിലാക്കുന്ന അമേരിക്കയിലെ കറുത്തവരെക്കുറിച്ച്   അവിടത്തെ കറുത്തവർഗക്കാരനായ മുസ്ലിം ബുദ്ധിജീവി ഷെർമൻ ജാക്സൺ എഴുതുന്നുണ്ട്. വെള്ളക്കാരായ മുസ്ലിം ബുദ്ധിജീവികൾ  ഇസ്ലാമിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള പഠനങ്ങളിലാണ്  കൂടുതൽ മുഴുകിയിട്ടുള്ളത്. കറുത്ത മുസ്ലിങ്ങൾ നേരിടുന്ന വംശ-വർണവിവേചനങ്ങൾ വെളുത്തവരെ സംബന്ധിച്ചിടത്തോളം
അനുഭവമല്ലാത്തതിനാലാവാം ഇതെന്ന് ജാക്സൻ കരുതുന്നു. കറുത്തവരുടെ സാമൂഹിക അനുഭവത്തെ  ഇസ്ലാമികവിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കുകയും ഒരു രാഷ്ട്രീയപ്രശ്നമായി അഭിസംബോധന ചെയ്യുകയും ചെയ്യണമെന്നാണ്‌  അദ്ദേഹം പറയുന്നത്.

ഷെര്‍മന്‍ ജാക്‌സണ്‍

സാമൂഹികശാസ്ത്രത്തിലെ ഒരു പ്രതിഭാസത്തെക്കുറിച്ച് വിധി പറയാൻ ആ വിഷയം സാമൂഹികശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് പഠനം നടത്തണം. ഇസ്ലാമികമായ വീക്ഷണത്തിൽ നിന്നുകൊണ്ട് ആ പ്രതിഭാസത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അതു പ്രധാനമാണ്. ജാതി, വംശം, ലിംഗം, പ്രദേശം, തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം പറയണമെങ്കിൽ അവയുടെ സ്രോതസ്സുകളിൽ നിന്നു തന്നെ അവയെ മനസ്സിലാക്കേണ്ടതുണ്ട്. സംഗീതം, അഭിനയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവയുടേതായ വൈജ്ഞാനിക നിർവചനങ്ങൾ അറിയുന്ന ഒരു ഇസ്ലാമിക പണ്ഡിതനു മാത്രമേ ശരിയായ വിധി പ്രസ്താവങ്ങൾ നടത്താനാവൂ. ഇത്തരത്തിലുള്ള വിശകലനങ്ങളുടെ അപര്യാപ്തത നമ്മുടെ കാലത്ത് ധാരാളമായി അനുഭവപ്പെടുന്നത് കൂട്ടത്തിലോർക്കുക.

കുറിപ്പുകൾ:
1. عن حذيفة قال : قال رسول الله صلى الله عليه وسلم ولا تكونوا إمعة ، تقولون : إن أحسن الناس أحسنّا ، و إن ظلموا ظلمنا ، و لكن وطنوا أنفسكم إن أحسن الناس أن تحسنوا ، و إن أساؤوا فلا تظلمو (സുനനുത്തിർമുദി )
  کتاب _ البر وصلةعن رسول الله ص
باب _ ما جاء في الإحسان والعف

തുഹ്ഫതുൽ അഹ് വദിയ്യ എന്ന സുനനുത്തിർമുദിയുടെ വ്യാഖ്യാനഗ്രന്ഥത്തിൽ ‘സ്വന്തമായി ഒരു അഭിപ്രായമില്ലാത്തവൻ, ആർപ്പുവിളിക്കുന്നവരെയൊക്കെ പിന്തുടരുന്നവൻ, ഞാൻ നിന്റെ കൂടെയാണെന്ന് എല്ലാവരോടും പറയുന്നവൻ’ എന്നൊക്കെയാണ് ‘ഇമ്മഅൻ’ എന്നതിനെ വിശദീകരിക്കുന്നത്.ഒരാൾ മറ്റൊരാളുടെ ദീനിനെ തെളിവില്ലാതെയോ, സ്വന്തം ഒരു കാഴ്ചപ്പാടുമില്ലാതെയോ പിന്തുടരുന്നത് ഇതിൽപ്പെടുമെന്നും അദ്ദേഹം പറയുന്നുണ്ട്. സാഹിബുൽ ഫാഇഖി(ഫാഇഖ്  എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഇബ്നുൽ ഖാളി അൽ ജബലിനെ)യെ ഉദ്ധരിച്ചാണ് തുഹ്ഫതുൽ അഹ് വദിയ്യ എന്ന ഗ്രന്ഥത്തിൽ അബ്ദുറഹ്മാൻ അൽ മുബാറക് ഫൂരി ഇത് പറയുന്നത്.
2.  മുഖദ്ദിമ – മലയാള വിവർത്തനം, DC Books 2008 ,പേജ് 15-18,

ഡോ. വി ഹിക്മത്തുള്ള